നല്ലഭൂമി


മനുഷ്യകുലത്തിൽപ്പെട്ട എല്ലാവരും ചില കാര്യങ്ങളിലെങ്കിലും ധാർമ്മികമായി ഉന്നത മൂല്യങ്ങൾ ഉള്ളവരാണ്. ചിലർ ധാർമ്മികതയുടെ ചില മേഖലകളിൽ അമ്പേ പരാജയമായിരിക്കും. 'ഈഗോ' എല്ലാവരിലും ഉണ്ട്; എല്ലാവരിലും സ്വാർത്ഥതയുണ്ട്; അലസതയുണ്ട്. ഇവ മൂന്നും ചേർന്നാണ് ഒരാളെ അയാളുടെ ആത്മീയ വളർച്ചയുടെ സാധ്യതയിലേക്ക് വളർത്താതെ മുരടിപ്പിച്ചുനിർത്തുന്നത്. ക്രൈസ്തവ ഭാഷയിൽ അതാണല്ലോ "പാപം". അത് നമ്മെ നമ്മുടെ സാധ്യതയിൽ നിന്ന് പിന്തിരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; നമ്മെ നമ്മുടെ സാധ്യത കാട്ടിത്തരാതിരിക്കുക കൂടിയാണ്.
"ഇപ്പോൾ നാം ഭാഗികമായേ കാണുന്നുള്ളൂ" എന്ന പൗലോസിൻ്റെ വാക്കുകളിൽ അതേക്കുറിച്ചുള്ള സൂചനകൂടിയുണ്ട്.
മങ്ങിയ കാഴ്ചകളാണ് എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്. വ്യക്തതയില്ല എന്നേയുള്ളൂ. കാണുന്നുണ്ട് എല്ലാവരും. അതുകൊണ്ടാണ് അവബോധത്തിൽ മഹാഭൂരിപക്ഷവും നന്മയെ സ്വപ്നം കാണുന്നത്. വാക്കുകളിലേക്ക് വരുമ്പോൾ നല്ലൊരു ശതമാനത്തിന് അവിടേക്ക് എത്താനാവുന്നില്ല. പ്രവൃത്തിയിലേക്ക് വരുമ്പോൾ വീണ്ടും എണ്ണം കുറഞ്ഞ് അതൊരു ന്യൂനപക്ഷം ആയിപ്പോകുകയാണ്!
വിതക്കാരൻ വിതച്ച വിത്തിൻ്റെ ഉപമയിൽ അതുണ്ടല്ലോ! നൂറുമേനിക്കാരും അറുപതുമേനിക്കാരും മുപ്പതുമേനിക്കാരും മാത്രമല്ല, വളർന്നിട്ടും ഞെരുക്കപ്പെട്ടുപോയവരും, മുളച്ചിട്ടും വളരാൻ കഴിയാതെ പോയവരും വീണിട്ടും മുളക്കാതെ പോയവരും എല്ലാം ചേരുന്നതാണല്ലോ നാമാകുന്ന ലോകം!
















































































































