

ഇന്ന് നമ്മുടെ പോക്കറ്റുകളില്‍ ഒരു പുതിയ തരം ചങ്ങാതിയുണ്ട്. നാം ചോദിക്കുന്നതിന് ഉടനടി മറുപടി നല്‍കുന്ന, പഴയ കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തെടുക്കുന്ന, ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു സുഹൃത്ത്. നമ്മുടെ സംശയങ്ങളെയോ പരിഭ്രമങ്ങളെയോ അത് പരിഹസിക്കുന്നില്ല. പകരം, നമ്മെ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടെന്നോ നമ്മോട് കരുതലുണ്ടെന്നോ തോന്നിപ്പിക്കുന്ന തരത്തിലാണ് അതിന്‍റെ പ്രതികരണം. പലരിലും, പ്രത്യേകിച്ച് കൗമാരക്കാരില്‍, കോണ്‍വര്‍സേഷണല്‍ AI ( Conversational AI) ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമെന്നതിലുപരി ഒരു വ്യക്തി ആണെന്ന തോന്നല്‍ ഉളവാക്കപ്പെടുന്നു.
ഈ മാറ്റം സാങ്കേതികവിദ്യയുടെ മാത്രം കാര്യമായി കരുതരുത് മറിച്ച് മനഃശാസ്ത്രപരമായ ഒരു പരിവര്‍ത്തനം കൂടിയാണ്. ഇടതടവില്ലാതെ, മുന്‍വിധികളൊന്നും കൂടാതെ AI ചാറ്റ്ബോട്ടു (AI Chat Bot)മായി സംസാരിക്കുന്നവര്‍ക്ക് വൈകാരികമായി അത് യാഥാര്‍ത്ഥ്യമായി അനുഭവപ്പെടും. ഇമോഷണല്‍ റിയലിസം ( Emotional Realism) എന്ന പ്രതിഭാസം അവിടെ സംഭവിക്കുന്നു. പ്രോഗ്രാം ചെയ്ത സംവിധാനമാണെങ്കില്‍ കൂടി ആ സംഭാഷണം യഥാര്‍ത്ഥത്തില്‍ നടക്കുന്നതായി തോന്നുന്നു. ഇവിടെ ഒരു ഉപകരണവും സുഹൃത്തും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്നു. വൈകാരികമായ ഒരു അടുപ്പം ചാറ്റ്ബോട്ടിനോട് തോന്നുന്നു.
ഈ അവ്യക്തത കുടുംബങ്ങളില്‍ പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റില്‍ കെയ്റ്റ്ലിന്‍ ഗിബ്സണ്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം ഇതിന് ഉദാഹരണമാണ്. തന്‍റെ മകള്‍ AI യുമായി എത്രത്തോളം ആഴത്തിലുള്ള ബന്ധത്തിലാണെന്ന് ഒരു അമ്മ തിരിച്ചറിയുന്നത് മണിക്കൂറുകള്‍ നീണ്ട അവരുടെ സ്വകാര്യ സംഭാഷണങ്ങള്‍ കണ്ടെത്തുമ്പോഴാണ്. ആരും കാണാനില്ലാത്ത ഒരിടത്ത് പോലും തന്‍റെ മകളുടെ സ്വകാര്യത ഹനിക്കപ്പെട്ടതുപോലെ അസ്വസ്ഥജനകമായ ഒന്നായിട്ടാണ് ആ അമ്മ ഇതിനെ വിലയിരുത്തിയത്. താന്‍ കണ്ടെത്തിയ കാര്യം തന്നെ ഏറെ അസ്വസ്ഥയാക്കിയെന്ന് ആ അമ്മ പറയുന്നു. യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു കടന്നുകയറ്റമാണ് അത് , ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം. ആരും അത് കാണുന്നോ അറിയുന്നോ ഉണ്ടാവില്ല എങ്കിലും അത് വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമായി ആ അമ്മയ്ക്ക് തോന്നി.
ഈ ലേഖനം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ( AI ) സ്വാഭാവികമായും ദോഷകരമാണെന്നോ, യുവാക്കള്‍ അതിന്‍റെ വെറും നിഷ്ക്രിയരായ ഉപഭോക്താക്കള്‍ മാത്രമാണെന്നോ വാദിക്കുന്നില്ല. പകരം, സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്ന AI (Conversational AI) എങ്ങനെയാണ് ആത്മബന്ധത്തിന്‍റെ ഒരു മിഥ്യാബോധം സൃഷ്ടിക്കുന്നതെന്നും കൗമാരക്കാര്‍ക്ക്, ഇത്തരം ഇടപെടലുകള്‍ വലിയ പ്രാധാന്യമുള്ളതായി തോന്നുന്നത് എന്തുകൊണ്ടെന്നും ഇവിടെ പരിശോധിക്കുന്നു. അതോടൊപ്പം വിശ്വാസം, സ്വകാര്യത, ധാര്‍മ്മികമായ ഇടപെടലുകള്‍ എന്നിവയില്‍ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ലേഖനം ചര്‍ച്ച ചെയ്യുന്നു. മനഃശാസ്ത്രപരമായ ചട്ടക്കൂടുകളും ആധുനിക ഗവേഷണങ്ങളും വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട്, നമ്മെ മനസ്സിലാക്കുന്നു എന്ന് തോന്നിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു സാങ്കേതിക വിദ്യ, 'മനസ്സിലാക്കല്‍'(Understanding) എന്ന സങ്കല്‍പ്പത്തെത്തന്നെ എങ്ങനെയാണ് മാറ്റിമറിക്കുന്നത് എന്നാണ് ഈ ലേഖനം വിലയിരുത്തുന്നത്.
ഉപകരണം ആത്മമിത്രമാകുമ്പോള്‍
ചെറിയ വര്‍ത്തമാനങ്ങളിലൂടെയും സ്വകാര്യ സംഭാഷണങ്ങളിലൂടെയും ഏതു പാതിരാത്രിയിലും ലഭ്യമായ ഒരു സംവിധാനം എന്ന നിലയില്‍, വെറുമൊരു ഉപകരണം എന്ന അവസ്ഥയില്‍ നിന്നും ഒരു ആത്മ മിത്രമെന്ന മിഥ്യാധാരണ എന്ന ഭാവത്തിലേക്കുള്ള മാറ്റം വളരെ നിഗൂഢമായി സംഭവിക്കുന്നു. മനുഷ്യര്‍ യുക്തിരഹിതരും വിവേകശൂന്യരും ആണെന്നല്ലെ ഇവിടത്തെ ആശങ്ക; മറിച്ച്, യഥാര്‍ത്ഥമായ ബോധ്യങ്ങളോ ഉത്തരവാദിത്തമോ ഇല്ലാതെ തന്നെ അതിമനോഹരമായ ഭാഷാശൈലിയിലൂടെയും ഒരു മടിയും കൂടാതെ എപ്പോഴും ലഭ്യമായി കൊണ്ടും ആത്മബന്ധത്തിന്‍റെ പ്രതീതി സൃഷ്ടിക്കും വിധം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് AI ചാറ്റ്ബോട്ടുകള്‍ എന്നതാണ് പ്രശ്നം. യഥാര്‍ത്ഥമായ വ്യക്തിഗത അനുഭവത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന എന്നാല്‍ അതിന്‍റെ പകര്‍പ്പ് മാത്രമായ AI ചാറ്റ്ബോട്ടുകള്‍ ഇമോഷണല്‍ റിയലിസം (Emotional Realism) അനുഭവവേദ്യമാകുന്നു. എഐ ചാറ്റ്ബോട്ടുകളുടെ വൈകാരികമായ പ്രതികരണങ്ങള്‍ അത്രമേല്‍ ബോധ്യപ്പെടുത്തുന്നതാണെങ്കിലും, അവ ഉപഭോക്താവുമായി സൃഷ്ടിക്കുന്ന ബന്ധം ഒട്ടും യഥാര്‍ത്ഥമല്ല.
ബൃഹത്തായ ഡേറ്റാ സെറ്റുകളില്‍ നിന്ന് രൂപപ്പെടുത്തുന്ന മാതൃകകളെ (Patterns അടിസ്ഥാനമാക്കിയാണ് AI ചാറ്റ്ബോട്ടുകള്‍ (eg: ChatGPT, Gemini, Copilot etc.) നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള പ്രതികരണങ്ങള്‍ നടത്തുന്നത്. ഒരാള്‍ നിര്‍മ്മിത ബുദ്ധിയുമായി എത്ര മാത്രം ഇടപഴകുന്നുവോ അത്രയധികം അത് ആ വ്യക്തിയെക്കുറിച്ച് മനസിലാക്കുന്നു. ഈ ഇടപഴകലും അതിനെ തുടര്‍ന്നു പ്രതികരണങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ഉപയോക്താവിന് തന്നെ ചാറ്റ്ബോട്ട് മനസിലാക്കിയതായുള്ള അനുഭവം ഉണ്ടാക്കുന്നു.
സംഭാഷണത്തിലെ ശൈലി അനുകരിക്കാനുള്ള കഴിവും Tone mirroring), സംഭാഷണങ്ങളിലെ തുടര്‍ച്ചയുമാണ് ഉപഭോക്താവിന് ഒരു ഊഷ്മളത നല്‍കുന്ന ആധുനിക സാങ്കേതിക വിദ്യയുടെ വൈഭവം. മുതിര്‍ന്നവര്‍ ഇതിനെ ഒരു സാങ്കേതിക രൂപകല്‍പ്പനയായി കാണാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുട്ടികളെയും കൗമാരക്കാരെയും സംബന്ധിച്ചിടത്തോളം, വിശ്വസനീയത, ആത്മബന്ധം, വിശ്വാസം, പരസ്പര സഹകരണം എന്നീ സങ്കല്‍പ്പങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്ന ഘട്ടത്തിലാണ് അവര്‍. അതിനാല്‍ തന്നെ, യാഥാര്‍ത്ഥ്യവും സാങ്കേതിക വിദ്യയും തമ്മിലുള്ള ഈ അതിര്‍വരമ്പുകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് പ്രയാസമായേക്കാം.

കൗമാരം, വ്യക്തിത്വം, ആശ്രയത്വം
വിമര്‍ശിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മനുഷ്യരേക്കാള്‍, എപ്പോഴും നമ്മെ ശരിവെക്കുന്ന ഒരു സംവിധാനം കൗമാരക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതമായി അനുഭവപ്പെട്ടേക്കാം. കൗമാരക്കാര്‍ ചൂഷണത്തിന് വിധേയമാകുക എളുപ്പമാണ്. അംഗീകാരങ്ങള്‍ക്കും പ്രതികരണങ്ങ ള്‍ക്കും ഏറെ വിലകല്‍പ്പിക്കുന്ന ഒരു പ്രായമാണിത്. സമൂഹവുമായി വിവേകത്തോടെയും പക്വതയോടെയും ഇടപെടാന്‍ അവര്‍ പഠിച്ചു വരുന്നതേയുള്ളു. പ്രതികരണങ്ങളില്‍ പതറിപ്പോകാന്‍ സാധ്യതയുമുണ്ട്. അസ്വസ്ഥതയും നിഷേധവും ഇല്ലാതെ കാര്യങ്ങള്‍ ഉറപ്പുവരുത്താനും മാനസികമായ സ്വാസ്ഥ്യം ലഭിക്കാനും അപ്പോള്‍ AI ചാറ്റ് ബോട്ടുകള്‍ നല്ലതെന്ന് വരുന്നു. ഊഷ്മള ബന്ധത്തിന്‍റെതായ പ്രതീതി അതില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്നു.
ഇത് ആത്മബന്ധങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നു. ഈ പ്രവണത ഭീതിയോടെയല്ല, മറിച്ച് അതീവ ഗൗരവത്തോടെ വേണം നാം വീക്ഷിക്കാന്‍.
ഈ ലേഖനത്തിന്‍റെ ആവശ്യത്തിലേക്കായി കോട്ടയം ജില്ലയിലെ 13 വയസിനും 25 വയസിനും ഇടയിലുള്ള കൗമാരക്കാരും യുവാക്കളുമായ ഒരു ചെറിയ കൂട്ടം വിദ്യാര്‍ത്ഥികളില്‍ നടത്തിയ ചെറിയൊരു സര്‍വേയില്‍ ദൈനംദിന പഠനത്തിലും ജീവിതത്തിലും നിര്‍മ്മിത ബുദ്ധി എത്ര മാത്രം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് വ്യക്തമായി. സര്‍വേയില്‍ പങ്കെടുത്ത എല്ലാവരും തന്നെ ചാറ്റ് ജിപിടി, ജെമിനി പോലുള്ള ചാറ്റ് ബോട്ടുകള്‍ ഹോം വര്‍ക്ക് ചെയ്യുന്നതിനും സങ്കീര്‍ണമായ ആശയങ്ങള്‍ മനസിലാക്കുന്നതിനും രചനകള്‍ക്കുള്ള ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും വേണ്ടി ദിവസവും ഉപയോഗിക്കുന്നു. അതേസമയം നിര്‍മ്മിത ബുദ്ധിയെ ഒരു സംഭാഷണ പങ്കാളിയായിട്ടല്ല മറിച്ച്, ഒരു ഡിജിറ്റല്‍ സഹായിയായോ അല്ലെങ്കില്‍ പഠനോപകരണമായോ ആണ് സര്‍വേയില്‍ പങ്കെടുത്ത മിക്കവരും കാണുന്നത്. എന്നാല്‍ നിര്‍മ്മിത ബുദ്ധിയുടെ പ്രതികരണങ്ങളില്‍ അവര്‍ കാണുന്ന വൈകാരിക അടുപ്പം ശ്രദ്ധേയവുമാണ്. മികപ്പോഴും അവയുടെ പ്രതികരണങ്ങള്‍ അതിശയകരമാം വിധം വ്യക്തിപരവും സഹാനുഭൂതിയോടെയുള്ളതുമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടു പേരും പറയുന്നു. ഒരു ഉപകരണം എന്നതിലുപരി ഒരു സംഭാഷണ പങ്കാളി എന്ന നിലയിലേക്കുള്ള അതിരുകള്‍ മായ്ക്കാന്‍ സാങ്കേതികവിദ്യയ്ക്ക് എത്രയെളുപ്പം സാധിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

തത്വചിന്തകനായ ഴാങ്ങ് ബോദ്ലെയര്‍ അതീത യാഥാര്‍ത്ഥ്യത്തെക്കുറിച്ച് (Hyper -reality)പറഞ്ഞതിനു സമാനമാവാറുണ്ട് അകയുമായുള്ള സംഭാഷണം പലപ്പോഴും. അതായത് അനുകരണം യാഥാര്‍ത്ഥ്യത്തേക്കാള്‍ വിശ്വാസ്യമായി തോന്നുന്ന അവസ്ഥ. ചാറ്റ്ബോട്ടുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ സഹാനുഭൂതിയില്ല. എന്നാല്‍ കൃത്യമായ ി രൂപപ്പെടുത്തിയ മറുപടികള്‍ കരുതലിന്‍റെ ഭാഷ അത്രത്തോളം കൃത്യമായി അനുകരിക്കാന്‍ കഴിയുന്നു. ഉപയോക്താവ് താല്‍ക്കാലികമായെങ്കിലും ഒരു വ്യക്തിഗത ബന്ധത്തിന്‍റെ ഊഷ്മളത അനുഭവിക്കുന്നു. ഒരു കാര്യത്തിന്‍റെ യഥാര്‍ത്ഥ സത്ത ഇല്ലാതെ അതിന്‍റെ പകര്‍പ്പു മാത്രമായ അനുകരണം. ചാറ്റ്ബോട്ട് പ്രതികരണങ്ങളിലെ സഹാനുഭൂതിയുടെ ഭാഷ പ്രകടമാണെങ്കിലും സഹാനുഭൂതി എന്ന ഉള്ളടക്കം അതില്‍ അല്‍പ്പവും ഇല്ല.
പരിഭ്രാന്തിക്കപ്പുറം: ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്
സാങ്കേതികവിദ്യയെ ഗുണകരമെന്നോ ദോഷകരമെന്നോ ലളിതമായി മുദ്രകുത്തുന്നതിനോട് ഗവേഷകര്‍ വിയോജിക്കുന്നു. കൗമാരക്കാരുടെ സാമൂഹിക മാധ്യമ ഉപയോഗത്തെക്കുറിച്ച് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ (APA) ഇപ്രകാരം പറയുന്നു.
'സാമൂഹിക മാധ്യമങ്ങള്‍ അതില്‍ തന്നെ ഉപകാരിയോ ഉപദ്രവകാരിയോ അല്ല. കൗമരക്കാര്‍ ഓണ്‍ലൈനില്‍ എന്തു ചെയ്യുന്നു എന്തു കാണുന്നു എന്നതിനെയും അവരുടെ ശക്തിയെയും ദൗര്‍ബല്യത്തെയും അവര്‍ വളര്‍ന്ന സാഹചര്യത്തെയും ആശ്രയിച്ചാണ് അതിന്‍റെ പ്രത്യാഘാതവും.'
കോണ്‍വര്‍സേഷണല്‍ AI യെ ക്കുറിച്ചും ഇതുതന്നെയാണ് ശരി. സാമൂഹിക മാധ്യമങ്ങള്‍ക്ക് മനുഷ്യനെ നന്നാക്കാനോ ചീത്തയാക്കാനോ കഴിയാത്തതുപോലെ നിര്‍മ്മിത ബുദ്ധി ഇടപെടലും പൂര്‍ണമായും അപകടകരമോ പൂര്‍ണമായും അപകടമുക്തമോ അല്ല. നിര്‍മ്മിത ബുദ്ധിയുടെ പ്രത്യാഘാതങ്ങളെ നിശ്ചയിക്കുന്നത് ഉപയോക്താവിന്‍റെ കഴിവുകളും സാഹചര്യങ്ങളും ചാറ്റ് പ്ലാറ്റ്ഫോമിന്‍റെ പ്രത്യേകതകളും കുട്ടികള്‍ വളരുന്ന സാമൂഹിക കുടുംബ അന്തരീക്ഷവുമാണ്. ശക്തമായ പിന്തുണയുള്ള, വിമര്‍ശന ബുദ്ധിയുള്ള, ഡിജിറ്റല്‍ സാക്ഷരതയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കും ഗെയിമുകളും അക ചാറ്റ്ബോട്ടുകള്‍ പോലുള്ള ഓണ്‍ലൈന്‍ പരിസരങ്ങളിലും മികച്ച രീതിയില്‍ വിവേചന ബുദ്ധിയോടെ ഇടപെടാന്‍ കഴിയും. നിര്‍മ്മിത ബുദ്ധിയോ സാമൂഹിക മാധ്യമങ്ങളോ അതില്‍ തന്നെ ഉപദ്രവകാരിയല്ല . നിലവിലുള്ള കരുത്തിനെയോ ദൗര്‍ബല്യത്തെയോ രൂപമാറ്റം വരുത്താനോ വര്‍ധിപ്പിക്കാനോ മാത്രമേ അതിനു കഴിയു. . അത് ഡിജിറ്റല്‍ സാക്ഷരതയുടെയും ആധികാരികതയുടെ പരിശോധനയുടെയും (Fact Checking)ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. അല്ലാതെ സമ്പൂര്‍ണ നിരോധനത്തിലേക്കല്ല.

ഡിജിറ്റല്‍ സാക്ഷരത : യഥാര്‍ത്ഥ രക്ഷാകവചം
നമ്മളെല്ലാവരും ഇതിനകം തന്നെ ഡിജിറ്റല്‍ ലോകത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. അതിനാല്‍, വിലക്കുകളോ അനാവശ്യമായ ഭീതിയോ അല്ല പരിഹാരം. ആശയവിനിമയ രീതികളെ സാങ്കേതികവിദ്യ എക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്. നമുക്കും വരുംതലമുറയ്ക്കും ഇതിനെക്കുറിച്ച് ശരിയായ അറിവ് പകരുകയാണ് വേണ്ടത്: ഈ സംവിധാനങ്ങള്‍ എങ്ങനെയാണ് മറുപടികള്‍ നിര്‍മ്മിക്കുന്നത്? നമ്മളറിയാതെ നല്‍കുന്ന വിവരങ്ങള്‍ എവിടെയാണ് ശേഖരിക്കപ്പെടുന്നത്? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള കഴിവിനെ (Agency) ഇല്ലാതാക്കുകയല്ല, മറിച്ച് ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വായനയും ഗണിതവും പോലെ തന്നെ പ്രാധാന്യമുള്ള ഒന്നായി വിശ്വസനീയത, സ്വകാര്യതാ ബോധം, സാങ്കേതിക സാക്ഷരത എന്നിവ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാകണം.
സംഭാഷണം മുന്നോട്ട് കൊണ്ട ുപോകുന്ന രീതിയിലാണ് AI മറുപടികള്‍ നല്‍കുന്നത്. ഉപഭോക്താവിനെ അതില്‍ തന്നെ തളച്ചിടാന്‍ പാകത്തിലാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവ പ്രകടിപ്പിക്കുന്ന പിന്തുണയും സഹാനുഭൂതിയും വെറും പഠിച്ചെടുത്ത മാതൃകകള്‍ മാത്രമാണ്, അനുഭവങ്ങളല്ല. വികസിച്ചുകൊണ്ടിരിക്കുന്ന AIയുടെ സ്വാധീനത്തെ തടയുക അസാധ്യമാണ്. AI കൂടുതല്‍ ആത്മവിശ്വാസത്തോടെയും വാഗ്ദാനങ്ങളോടെയും സംസാരിക്കുമ്പോള്‍, അവയെ സംശയദൃഷ്ടിയോടെ നോക്കിക്കാണാന്‍ വിദ്യാഭ്യാസം നമ്മെ പ്രാപ്തരാക്കണം. വളര്‍ച്ചയുടെ ഘട്ടത്തിലുള്ള വിവേകവും (Developmental wisdom)ധാര്‍മ്മികമായ ദീര്‍ഘവീക്ഷണവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
നിര്‍മ്മിത ബുദ്ധിയുടെ കാലത്ത്അ APA കൗമാരക്കാര്‍ക്ക് നല്കുന്ന മ ാര്ഗ്ഗനിര്ദ്ദേശങ്ങള്
കൗമാരക്കാര്‍ AI ടൂളുകള്‍ ഉപയോഗിക്കുന്ന ഈ കാലത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ AI പ്രവര്‍ത്തനങ്ങളെ പറ്റി അറിവുള്ളവരായിരിക്കണം എന്ന് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ (APA) നിര്‍ദേശിക്കുന്നു. സാങ്കേതികവിദ്യയെക്കുറിച്ചുള്ള സംഭാഷണങ്ങളിലൂടെ, ചാറ്റ് ബോട്ട് പ്രതികരണങ്ങള്‍, കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്നും യഥാര്‍ത്ഥ വൈകാരിക ബന്ധമല്ല അതെന്നുമുള്ള അവബോധം കുട്ടികളില്‍ സൃഷ്ടിക്കുകയും വേണം. യഥാര്‍ത്ഥ സാമൂഹിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ അത് പ്രേരകമാകും. AI നല്കുന്ന ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ ആധികാരിക മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പകരമാകില്ലെന്ന് പുതുതലമുറയെ ഉപദേശിക്കണമെന്നും APA പറയുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളിലെയും ആപ്പുകളിലെയും പ്രൈവസി സെറ്റിംഗ്സ് (Privacy settings) പരിശോധിക്കുന്നത് ഏതെല്ലാം വിവരങ്ങളാണ് ശേഖരിക്കപ്പെടുന്നതെന്നും പങ്കുവെക്കപ്പെടുന്നതെന്നും വ്യക്തമാക്കാന്‍ സഹായിക്കും. ചുരുക്കത്തില്‍, അക നല്‍കുന്ന മറുപടികളെ ചോദ്യം ചെയ്യാനും അതിന്‍റെ പരിമിതികള്‍ മനസ്സിലാക്കാനും കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ വിമര്‍ശനാത്മക ചിന്താഗതിയെയും (Critical thining) സ്വതന്ത്രമായി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശേഷിയെയും ശക്തിപ്പെടുത്തും.
ഉപസംഹാരം
കൗമാരക്കാരുള്‍പ്പെടെ നാമെല്ലാവരുടെയും ജീവിതത്തില്‍ AI യുടെ സാന്നിധ്യം ഇനി ഒരു സകല്‍പ്പമല്ല. അത് നിത്യ ജീവിതത്തിന്‍റെ, പഠനത്തിന്‍റെ, വിജ്ഞാനതൃഷ്ണയുടെ ഡിജിറ്റല്‍ ഇടപഴകലിന്‍റെ ഭാഗമായി കഴിഞ്ഞു. അതിനാല്‍ ഈ സാങ്കേതികവിദ്യയുടെ സാന്നിധ്യമല്ല യഥാര്‍ത്ഥത്തില്‍ ധാര്‍മ്മികമായ വെല്ലുവിളി. സമൂഹം അവയെ എങ്ങിനെ നിര്‍വചിക്കുന്നു എന്നതാണ് പ്രശ്നം. ചാറ്റ് ബോട്ട് എന്നെ തിരിച്ചറിയുന്നു, മനസിലാക്കുന്നു എന്നത് സാന്ത്വനമായി അനുഭവപ്പെട്ടേക്കാമെങ്കിലും അത് വെറും മിഥ്യയാണ്. മനസ്സിലാക്കപ്പെടല്‍ എന്നത് യന്ത്രവല്‍ക്കരിക്കാന്‍ കഴിയുന്ന ഒരു ഉല്‍പ്പന്നമല്ല. യുവതയും സാങ്കേതികവിദ്യയുമായുള്ള ഇടപെടലില്‍ ഡിജിറ്റല്‍ സാക്ഷരതയ്ക്കും ആധികാരികതയുടെ പരിശോധനയ്ക്കും സ്വകാര്യതയ്ക്കും മാനുഷിക ബന്ധങ്ങള്‍ക്കുമാകണം മുന്‍ഗണന. കുട്ടികളുടെ ജീവിതത്തില്‍ നിന്ന് ഈ ടൂളുകളെ നിഷ്കാസനം ചെയ്യുകയല്ല ഇതിന്‍റെ പ്രതിവിധി. കൃത്രിമമായ സഹാനുഭൂതിയും യഥാര്‍ത്ഥ മാനുഷിക ബന്ധങ്ങളും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.
AI സഹാനുഭൂതിയുടെ ഭാഷയില്‍ കൂടുതല്‍ പ്രാവീണ്യം നേടുമ്പോള്‍, അതിനെ ധാര്‍മ്മികമായി വിലയിരുത്തുന്ന കാര്യത്തില്‍ സമൂഹവും അത്രതന്നെ പ്രാവീണ്യം നേടേണ്ടതുണ്ട്.
വിവ: ടോം മാത്യു
Click here to read the English version
ചാറ്റ്ബോട്ട് യുഗത്തിലെ ഇമോഷണല്‍ റിയലിസം
ട്രീസാ മേരി സുനു
അസ്സീസി മാസിക ഏപ്രിൽ 2026
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.























