

ലഹരിവസ്തുക്കളോടുള്ള ഏതു തരം അടിമത്തവും രോഗമാണെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ അസോസിയേഷനും 1956 ല്‍ പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപനം കഴിഞ്ഞ് 69 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലഹരി ആസക്തി രോഗമാണെന്ന സത്യം സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെയാണ് ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ ഇത്രമാത്രം വളര്‍ന്നിരിക്കുന്നത്. ലഹരിക്കു അടിമയായ വ്യക്തിയുമായി ചികിത്സക്കു വേണ്ടി വരുമ്പോള്‍ കൊണ്ടു വരുന്നവരോട് ഞാന്‍ ചോദിക്കാറുണ്ട്. "എന്താ ഇയാള്‍ ഇങ്ങനെ ലഹരി ഉപയോഗിക്കാന്‍ കാരണം" എന്ന്. തന്റേടം, തോന്ന്യാസം, പേടിക്കാന്‍ ആരുമില്ലാത്തതുകൊണ്ട്, കൈയ്യില്‍ പണമുള്ളതുകൊണ്ട് ഇതൊക്കെയാണ് മറുപടി. അല്ല, തന്റേടമല്ല, തോന്ന്യാസമല്ല, പണം ഉള്ളതുകൊണ്ടല്ല, പേടിക്കാന്‍ ആളില്ലാഞ്ഞിട്ടല്ല - പിന്നെന്താ കാരണം - ലഹരി ആസക്തി രോഗമാണ്.
ലഹരി ആസക്തി അഞ്ചുതരത്തിലുള്ള രോഗമാണ്
ശാരീരിക രോഗമാണ്, മാനസിക രോഗമാണ്, കുടുംബത്തെ ബാധിക്കുന്ന രോഗമാണ്, സമൂഹത്തെ ബാധിക്കുന്ന രോഗമാണ്, മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുന്ന രോഗമാണ്.
ശാരീരിക രോഗം
ലഹരി വസ്തുക്കള്‍ ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കും? ആമാശയം, കരള്‍, തലച്ചോറ്, കിഡ്നി എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ ആരും പറയും. ഇവയൊക്കെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളായതുകൊണ്ടാണ് എല്ലാവരും അങ്ങിനെ പറയുന്നത്. ശരിയായ ഉത്തരം ദേഹമെല്ലാം ബാധിക്കും എന്നുള്ളതാണ്. ഒരു കോശത്തെപ്പോലും ലഹരിവസ്തുക്കള്‍ വെറുതെ വിടുകയില്ല എന്നതാണ് സത്യം. ആദ്യഘട്ടത്തില്‍ കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഓര്‍മ്മക്കുറവ്, കൈകാല്‍ വിറയല്‍, ഛര്‍ദ്ദില്‍, വിഭ്രാന്തികള്‍ (Hallucinations), സംശയ സ്വഭാവം എന്നിവയാണ്. ലഹരിയുടെ ഉപയോഗം കൂടുന്നതനുസരിച്ച് ബുദ്ധിമാന്ദ്യം, കരള്‍ വീക്കം, ആമാശയ സംബന്ധമായ അസുഖങ്ങള്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, മഞ്ഞപ്പിത്തം, ഞരമ്പുകളുടെ തളര്‍ച്ച, കിഡ്നിക്ക് തകരാറുകള്‍ എന്നിങ്ങനെയുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാം. ശാരീരികരോഗം എന്ന നിലയില്‍ മരുന്നുകള്‍ ആവശ്യവുമാണ്.
മാനസികരോഗം
ലഹരി ആസക്തി രോഗങ്ങളാണെന്ന് മനസ്സിലാകാത്തതുകൊണ്ട് ഇവരെ എല്ലാവരും വെറുക്കുന്നു. മറ്റുള്ളവരുടെ വെറുപ്പനുഭവിക്കുന്ന രോഗിയായിത്തീര്‍ന്ന് ലഹരിക്ക് അടിമയായ വ്യക്തി സ്വയം വെറുക്കുന്നു. അവരുടെ മനസ്സില്‍ നാലു ചിന്തകള്‍ രൂപപ്പെടുന്നു. എന്നെ സ്നേഹിക്കാന്‍ ആരുമില്ല. എന്നെ അംഗീകരിക്കാന്‍ ആരുമില്ല. എന്നെ എല്ലാവരും വെറുക്കുന്നു. ഈ ചിന്തകള്‍ പ്രബലമാകുന്നതോടെ ലഹരിക്ക് അടിമയായ വ്യക്തി സ്വയം വെറുക്കുന്നു. ഇതോടെ എന്തിനിങ്ങനെ ജീവിക്കണം എന്ന ചിന്ത രൂപപ്പെടുന്നു. ഇതില്‍ഭേദം ആത്മഹത്യ എന്ന ചിന്തയിലേക്കും വ്യക്തി എത്തുന്നു. മാനസികരോഗം എന ്ന നിലയില്‍ കൗണ്‍സിലിംഗിന് വിധേയനാകണം.
കുടുംബത്തെ ബാധിക്കുന്ന രോഗം
ഏതു രോഗം ബാധിച്ചാലും രോഗത്തിന്റെ വേദന രോഗിക്കു മാത്രമാണ്. എന്നാല്‍ ലഹരി ആസക്തി രോഗം ബാധിച്ച വ്യക്തി തന്റെ രോഗത്തിന്റെ വേദന അറിയുന്നില്ല. പകരം കുടുംബാംഗങ്ങള്‍ രോഗികളായി മാറുന്നു. അതുകൊണ്ടാണ് കുടുംബത്തെ ബാധിക്കുന്ന രോഗം എന്നു പറയുന്നത്. കുടുംബത്തെ ബാധിക്കുന്ന രോഗം എന്ന നിലയില്‍ ഫാമിലി കൗണ്‍സിലിംഗാണ് ചികിത്സ.
സമൂഹത്തെ ബാധി ക്കുന്ന രോഗം
ലഹരിക്ക് അടിമയായ വ്യക്തി സമൂഹ മനസ്സാക്ഷിയില്‍ വരുത്തുന്ന ആഘാതം അതി ഭയങ്കരമാണ്.
പലരും ലഹരി ഉപയോഗിച്ചു തുടങ്ങുന്നത് അനുകരണം എന്ന നിലയിലാണ്. അപ്പന് ലഹരി ഉപയോഗിക്കുന്നു. അധ്യാപകന് ലഹരി ഉപയോഗിക്കുന്നു. സമൂഹത്തിലെ മാന്യന്മാര് പലരും ഉപയോഗിക്കുന്നു. സഹപാഠികള്‍ ഉപയോഗിക്കുന്നു. പിന്നെന്തേ എനിക്കായിക്കൂടാ എന്ന ചിന്തയില്‍ തുടങ്ങുന്നു. സാവധാനം രോഗാവസ്ഥയിലെത്തുന്നു. ഈയല് എന്ന ചെറുപ്രാണിക്ക് തീയോട് ആകര്‍ഷണമുണ്ട്. ചത്തു വീഴുന്നത് വരെയും ഈയലിന് തീയോട് ആകര്‍ഷണവുമാണ്. ഇതുപോലെ തന്നെയാണ് ലഹരിക്ക് അടിമയായ വ്യക്തിക്കും. ചത്തു വീഴുന്നത് വരെയും ലഹരിയോട് ആകര്‍ഷണമാണ്. ജീവിതത്തിലുണ്ടാകുന്ന തിക്താനുഭവങ്ങള്‍ മറ്റുള്ളവരുടെ ഉപദേശങ്ങള്‍ക്കോ, നല്ല വാക്കുകള്‍ക്കോ അവരെ പിന്തിരിപ്പിക്കാന് സാധിക്കുകയില്ല. സമൂഹത്തെ ബാധിക്കുന്ന രോഗമെന്ന നിലയില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.
മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുന്ന രോഗം
രോഗങ്ങളാണ് മനുഷ്യനെ ദൈവത്തിലേക്ക് ഏറ്റവുമധികം അടുപ്പിക്കുന്നത്. എന്നാല്‍ ലഹരി ആസക്തി രോഗം ബാധിച്ച വ്യക്തി രോഗം വളരുന്തോറും ദൈവത്തില്‍ നിന്നും അകലുന്നു. ദൈവത്തില്‍ നിന്നും അകലുന്നതോടെ ധാര്‍മ്മിക ചിന്തകളെല്ലാം നഷ്ടപ്പെടുന്നു. സദാചാരചിന്തകള്‍ വിട്ടുമാറുന്നു. അപ്പന്, അമ്മ, ഭാര്യ, മക്കള്‍, സ്വന്തം ബന്ധം ഈ ചിന്തകള്‍ അന്യമായി തീരുന്നു. വ്യക്തിക്ക് എല്ലാ തലത്തിലും ജീവിതത്തിന്റെ 'ട്രാക്ക്' തെറ്റുന്നു. ജീവിതത്തിന്റെ ശരിയായ ട്രാക്കിലേക്ക് തിരിച്ചുവരണമെങ്കില്‍ പ്രാര്‍ത്ഥന, യോഗ, ധ്യാനം എന്ന ിവയിലൂടെ വ്യക്തി ദൈവത്തിങ്കലേക്ക് അടുക്കണം.
കുടുംബാംഗങ്ങള്‍ സ്വീകരിക്കേണ്ട സമീപനം
ലഹരി ആസക്തി എന്ന രോഗം ആ വ്യക്തിയിലും കുടുംബാംഗങ്ങളിലും വളരെയധികം വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാക്കും. ലഹരി ആസക്തിയില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ കുടുംബാംഗങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. താഴെപ്പറയുന്ന കാര്യങ്ങള്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണം.
കുറ്റം പറയരുത്
ഉപദേശിക്കരുത്
നുണകള്‍ പറയും, വിശ്വസിക്കരുത്
ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കരുത്
ലഹരിക്ക് അടിമയാകുന്ന വ്യക്തിക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍
കുടുംബത്തില്‍ അംഗീകാരം നഷ്ടപ്പെടുന്നു.
സമൂഹത്തില്‍ അംഗീകാരം നഷ്ടപ്പെടുന്നു
ശാരീരിക മാനസിക ആരോഗ്യം നഷ്ടപ്പെടുന്നു
സാമ്പത്തികം നഷ്ടപ്പെടുന്നു,
ലഹരിയില്‍ നിന്നും എങ്ങനെ മോചനം നേടാം
ലഹരി ആസക്തി രോഗമാണെന്ന് വ്യക്തി സ്വയം പൂര്‍ണ്ണ മനസ്സ ാലെ സമ്മതിക്കണം. കുടുംബത്തെ സ്നേഹിക്കണം, ദൈവത്തിലേക്ക് അടുക്കണം. മരുന്നുകള്‍ കൗണ്‍സിലിംഗ്, ഫാമിലി കൗണ്‍സിലിംഗ്, യോഗ, ധ്യാനം എന്നിവയൊക്കെ ജീവിതത്തിന്റെ ഭാഗമാക്കണം.
എ എ മീറ്റിംഗ് (AA -Alcoholic Anonymous - മദ്യവിമുക്തരുടെ ലോക വ്യാപകമായ കൂട്ടായ്മ), എന്‍.എ. മീറ്റിംഗ് (രാസലഹരി വിമുക്തരുടെ ലോകവ്യാപകമായ കൂട്ടായ്മ), ചികിത്സ, കൗണ്‍സിലറുമായുള്ള നിരന്തര ബന്ധം ഇവയിലൂടെയൊക്കെ പുനപതനം ഒഴിവാക്കി ലഹരി വിമുക്ത ജീവിതം നിലനിറുത്താന്‍ സാധിക്കണം.
എന്താണ് പരിഹാര മാര്‍ഗ്ഗം?
ലഹരിവസ്തുക്കളുടെ വിപണനം വ്യ ാപകമായി മാറിയിരിക്കുന്ന സാഹചര്യം കൂടി ഈ വിഷയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ പരിഗണിക്കണം. മാതാപിതാക്കന്മാര്, അധ്യാപകര്‍, മത, രാഷ്ട്രീയ, സാമൂഹ്യസാംസ്കാരിക നേതൃത്വം, നിയമപാലകര്‍, നീതിന്യായക്കോടതി, ഭരണാധികാരികള്‍ സര്‍വ്വോപരി പൊതുജനങ്ങളും ലഹരിയുടെ ആധിപത്യം തിരിച്ചറിഞ്ഞ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ നല്ല നാളെയെ നമുക്കു കാണാന്‍ കഴിയും.
എന്‍.എം. സെബാസ്റ്റ്യന്‍
അഡാര്‍ട്ട്,
ലഹരി ആസക്തി രോഗ ചികിത്സാ പുനരധിവാസകേന്ദ്രം,
പാലാ
