top of page

വൈവിധ്യം

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jun 17
  • 2 min read
മാർബിൾ തറയിൽ നിരവധി പേരുടെ കൈകൾ നടുവിൽ കൂട്ടിയിട്ടുള്ള ടീംവർക്ക് ഹഡ്ൾ, സഹകരണവും ഐക്യവും.

ശീതയുദ്ധത്തിൻ്റെ കാലത്തിനും മുമ്പേ, വ്യാവസായിക വിപ്ലവത്തിൻ്റെ കാലംമുതൽ എന്നുതന്നെ പറയാം, ലോകം സാമ്പത്തിക വർഗ്ഗീകരണം എന്ന ഏകമാനകത്തിന്മേൽ തങ്ങളെത്തന്നെയും അന്യരെയും നിർണ്ണയിച്ചുകൊണ്ടിരുന്നു. പിന്നീട് തൻ്റെ ക്രിട്ടിക്കൽ വർഗ്ഗീകരണസിദ്ധാ ത്തിലൂടെ മാർക്സ് അതിന് മറ്റൊരു തലം നല്കി. എന്നാൽ, അതെല്ലാം എത്രകണ്ട് ആഴം കുറഞ്ഞ പരിഗണനകളാണെന്ന് തിരിച്ചറിയാൻ ലോകത്തിന് ഏറെക്കാലം വേണ്ടിവന്നില്ല. ഒന്നാം ലോകയുദ്ധവും, പതിറ്റാണ്ടുകൾക്കകം തന്നെ സംഭവിച്ച രണ്ടാംലോക യുദ്ധവും ലോകത്തിലെ ചിന്തിക്കുന്ന മനുഷ്യരെയാകെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതിനുശേഷം കുറേക്കാലമായി ലോകം സാമ്പത്തികത്തെക്കാളേറെ സാംസ്കാരിക ഘടകങ്ങൾക്കും സാംസ്കാരികാവകാശങ്ങൾക്കുമാണ് ഊന്നൽ നല്കിവരുന്നത്. തീർച്ചയായും മനുഷ്യാസ്തിത്വത്തിൽ സാമ്പത്തിക താല്പര്യങ്ങളെക്കാൾ സാംസ്കാരിക താല്പര്യങ്ങൾക്കാണ് പ്രാധാന്യവും പ്രസക്തിയും. സാമ്പത്തികവും രാഷ്‌ട്രീയവുമായ കരാറുകളിന്മേൽ മാത്രം അടിസ്ഥാനപ്പെട്ടുകൊണ്ട് മാനവകുലത്തിന് മുന്നോട്ടു പോകാനാവില്ല എന്നുറപ്പായി. അങ്ങനെയാണ് ഐക്യരാഷ്ട്ര സംഘടനയും അതോടൊപ്പംതന്നെ യുനെസ്കോയും രൂപീകൃതമാകുന്നത്.


എന്നിരിക്കിലും പൊതുവിൽ "സാംസ്കാരികമായ വഴിത്തിരിവ് " എന്നറിയപെടുന്ന ബൗദ്ധികവും സാമൂഹികവുമായ മാറ്റം സംഭവിക്കുന്നത് എതാണ്ട് രണ്ടുപതിറ്റാണ്ടുകൂടി കഴിഞ്ഞ് 1960-കൾ മുതലാണ്. ഭൗതികമായ സമ്പത്തുകളല്ല, പ്രത്യുത ഒരു സമൂഹത്തിൻ്റെ ചിഹ്നങ്ങളും പ്രതീകങ്ങളും മൂല്യങ്ങളും കഥകളും ഒക്കെയാണ് പ്രസ്തുത സമൂഹത്തിൻ്റെ ഏറ്റവും വിലപ്പെട്ട നിധികളെന്നും, അവയാണ് ഒരു സമൂഹത്തെ നിർണ്ണയിക്കുകയും നിലനിർത്തുകയും അതിജീവനത്തിന് പ്രാപ്തമാക്കുകയും ചെയ്യുന്ന "മൃദുശക്തി" എന്നുമുള്ള ചിന്ത അക്കാലത്താണ് പ്രബലപ്പെടുന്നത്.


അങ്ങനെയാണ് മനുഷ്യർ തങ്ങളുടെ സാംസ്കാരിക ഖനികളിലേക്ക് തിരികെപ്പോകുന്നത്. അതിൻഫലമായി ക്രമേണ സാംസ്കാരിക സ്വത്വപ്രകാശനങ്ങൾ സാമൂഹിക ജീവിതത്തിൻ്റെ ഭാഗമാവുകയായിരുന്നു. വ്യത്യസ്തതകളെ ആവിഷ്‌ക്കരിക്കാൻ തുടങ്ങിയ അത്തരമൊരു സാംസ്കാരിക പരിതോവസ്ഥയിൽ മനുഷ്യരിലെ പ്രാകൃതമായ അപരവിദ്വേഷവും ഭയവും പ്രത്യക്ഷപ്പെടാനും തുടങ്ങി. അതോടെ, മത-സാംസ്കാരിക സ്വത്വപ്രകാശനങ്ങളെ അധികരിച്ചുള്ള വിദ്വേഷ ശബ്‌ദങ്ങളും അക്രമങ്ങളും അങ്ങിങ്ങ് തലപൊക്കി. ഇന്നും അത്തരം കാര്യങ്ങൾക്ക് അറുതി വന്നിട്ടില്ല എന്നുമാത്രമല്ല, അവ അതിൻ്റെ പാരമ്യത്തിലേക്ക് കടക്കുകയാണോ എന്നുപോലും സംശയം ഉയരുകയുമാണ്.


ഈയൊരു പശ്ചാത്തലത്തിൽ മതസാംസ്കാരിക സ്വത്വപ്രകാശനങ്ങളോട് സാമൂഹികമായി മൂന്നുവിധത്തിലെങ്കിലുമുള്ള സമീപനങ്ങൾ ലോകത്തിൽ കാണാനുണ്ട് എന്നാണ് തോന്നുന്നത്.


ഒരു നിശ്ചിത ദേശത്തോ സമൂഹത്തിലോ ഏതൊരു മത സാംസ്കാരിക വിഭാഗത്തിനാണോ ജനസംഖ്യാപരമായി മേൽക്കൈയുള്ളത് പ്രസ്തുത വിഭാഗം അന്നാട് തങ്ങളുടേതായി പതിച്ചെടുക്കുകയും മറ്റുള്ള മത-സാംസ്കാരിക വിഭാഗങ്ങൾ അവരുടെ സാമന്തന്മാരായി കഴിയുകയും ചെയ്യുക എന്ന തത്ത്വമാണ് ഏറ്റവും പ്രായോഗികമായത് എന്നാണ് ചിലരെങ്കിലും കരുതുന്നത്. അങ്ങനെയായാൽ ഭൂരിപക്ഷാധിപത്യം നിലനില്ക്കുമെങ്കിലും ഡെമോക്രസി എന്ന വിപുലമായ ആശയം തീരേ ഉണ്ടാവില്ല. സാഹോദര്യമോ തുല്യനീതിയോ തരിമ്പും ഉണ്ടാവില്ല.


ചില നാടുകളിലൊക്കെ ചെയ്തു കൊണ്ടിരിക്കുന്നതുപോലെ, എല്ലാ പൊതു ഇടങ്ങളിലും എല്ലാത്തരത്തിലുമുള്ള മത-സാംസ്കാരിക സ്വത്വപ്രകാശനങ്ങളും നിയമം മൂലം അപ്പാടെ ഒഴിവാക്കുക: സമൂഹം ബാഹ്യമായെങ്കിലും സെക്കുലർ ആവുക എന്നതാണ് മറ്റൊരു സമീപനം. അത്തരം സമൂഹത്തിൽ ബാഹ്യമായി അടിസ്ഥാനപരമായ തുല്യത പ്രകടമാകും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, അവിടെയും ജനാധിപത്യമൂല്യവും സാഹോദര്യ മൂല്യവും ബലികഴിക്കപ്പെടുന്നുണ്ട്.


മേല്പറഞ്ഞ രണ്ട് സമീപനങ്ങളും പ്രായോഗികമായി എളുപ്പമാണ്. എന്നാൽ, അവരണ്ടും മനുഷ്യരെ മെച്ചപ്പെട്ട മാനവരാക്കുകയോ മാനവകുലത്തെ മുന്നോട്ടുതള്ളുകയോ ചെയ്യുന്നില്ല. എന്നുമാത്രമല്ല, മാനവകുലം ഇന്നോളം നേടിയ സാമൂഹികവും സാംസ്‌കാരികവുമായ ആദർശങ്ങളെ റദ്ദുചെയ്യുകയും ചെയ്യും. മാനസികമായി നവീകരിക്കപ്പെടാൻ നാം പ്രതിജ്ഞാബദ്ധമാവുമ്പോഴേ മനുഷ്യരെന്ന നിലയിൽ നാം കൂടുതൽ സംസ്കൃതരാകൂ. അതിന് നമുക്കു മുന്നിലുള്ള വഴി സാംസ്കാരിക ബഹുത്വത്തെ അംഗീകരിക്കുകയും ഉൾകൊള്ളുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ്. ഓരോ ജനസമൂഹവും അതത് സമൂഹങ്ങൾ മുളയെടുത്ത് വളർന്നു വികസിച്ച ഭൂമികകളിൽ നിന്ന് സ്വീകരിച്ച വളവും വെള്ളവും അവയുടെ വ്യതിരിക്തമായ നിറരൂപസൗരഭ്യങ്ങൾക്ക് നിദാനമായിട്ടുണ്ട്. അവയോരോന്നും സൃഷ്ടപ്രപഞ്ചത്തിലെ വൈവിധ്യത്തിൻ്റെ പ്രകാശനങ്ങളാണ്. അമൂല്യങ്ങളായ സാംസ്കാരിക നിധികളാണ് അവയോരോന്നും. ഓരോന്നും ലോകത്തിൻ്റെ പൊതുനന്മയിലേക്കും സമൃദ്ധിയിലേക്കും അമൂല്യവും തനതായതുമായ സംഭാവനകൾ നല്കിക്കൊണ്ടാണിരിക്കുന്നത്. അവയെല്ലാം ചേർന്നാണ് ഭൂമിയെന്ന ഉദ്യാനത്തെ വൈവിധ്യമാർന്ന നിറങ്ങളാലും രൂപങ്ങളാലും സുന്ദരവും സമ്പുഷ്ടവുമാക്കുന്നത്!


വൈവിധ്യത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ആദരിക്കുകയും ചെയ്യുന്ന സമൂഹത്തിൽ ജനാധിപത്യ മൂല്യങ്ങൾ വികസിക്കുകയും സാഹോദര്യഭാവം സമ്പുഷ്ടമാകുന്നതിനനുസരിച്ച് തുല്യനീതി പുഷ്‌കലമാവുകയും ചെയ്യും എന്നാണ് ഞാൻ കരുതുന്നത്.

bottom of page