top of page

സ്വത്വാന്യത്വം

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • May 8
  • 1 min read
Older couple with serious expressions think in blue tones about work. Younger couple in warm colors fantasize about leisure and fun.

നമ്മുടെ കാലത്ത് ന്യൂറോ സയൻ്റിസ്റ്റുകളും ആൻത്രൊപോളജിസ്റ്റുകളും സോഷ്യോളജിസ്റ്റുകളും മറ്റും ആവർത്തിച്ചു പറയുന്ന ഒരു കാര്യം - എല്ലാ നാടുകളിലും എല്ലാ മേഖലകളിലും മനുഷ്യർ എങ്ങനെയാണ് "നമ്മളും അവരും" (us & them) എന്ന തരത്തിൽ വിഭജനങ്ങൾ സൃഷ്‌ടിക്കുകയും അന്യത്വപരികല്പനകൾ നിർമ്മിക്കുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ചാണ്.

മനുഷ്യർ വിവിധ ഗോത്രക്കാരും ഭാഷക്കാരും ആചാരക്കാരുമൊക്കെയായി വിഭജിതമാകാൻ തുടങ്ങുന്ന കാലംതൊട്ടേ "നമ്മൾ-അവർ" എന്ന രീതിയിലുള്ള സ്വത്വവും അന്യത്വവും നിർമ്മിക്കാൻ തുടങ്ങി എന്നാണ് പറയപ്പെടുന്നത്.


'നമ്മൾ-അവർ' വേർതിരിവിനെ അതിതരണം ചെയ്യാൻ നമ്മെ ശീലിപ്പിക്കുന്നതിൽ ഒരു മതം എത്രകണ്ട് വിജയിക്കുന്നുവോ, അത്രത്തോളം മതം അതിൻ്റെ ധർമ്മം നിർവ്വഹിക്കുന്നു എന്ന് കഴിഞ്ഞൊരുദിനം കുറിച്ചിരുന്നത് ഇവിടെ വീണ്ടും ആവർത്തിക്കുകയാണ്.


അപ്പസ്തോലരുടെ നടപടി പുസ്തകമാണ് ഈ ദിവസങ്ങളിൽ വായിക്കപ്പെടുന്നത്. ക്രിസ്തു-വിശ്വാസത്തിലേക്കുള്ള വിജാതീയരുടെ കടന്നുവരവിനെ പ്രതിരോധിക്കാൻ അക്കാലത്തെ ജെറൂസലേമിലെ യഹൂദ-ക്രൈസ്തവർക്കിടയിലെ ഏതാനും ചിലർ എങ്ങനെ പരിശ്രമിച്ചുവെന്നും, സഭ ആദ്യത്തെ കൗൺസിൽ വിളിച്ചുചേർത്ത് എങ്ങനെ ആ പരിശ്രമത്തെ തടഞ്ഞുവെന്നും നാം 15-ാം അധ്യായത്തിൽ വായിക്കുന്നു. അതിൽ ഇന്ന് മനസ്സിൽ തറഞ്ഞ ഒരു വാക്യശകലം ഇങ്ങനെയാണ്. ആദ്യ കൗൺസിലിൽ പത്രോസ് നടത്തിയ പ്രസംഗത്തിൽ നിന്നാണത്. "He made no distinction between us and them..." "നമ്മളും അവരും തമ്മിൽ അവിടന്ന് വ്യത്യാസം കല്പിച്ചില്ല..." (9).

ദൈവം അങ്ങനെ വ്യത്യാസം കല്പിച്ചില്ല എന്നാണ് പത്രോസ് സമർത്ഥിക്കുന്നത്!

bottom of page