top of page

അടക്ക്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Apr 10
  • 2 min read

കാൽവരിക്ക് തൊട്ടടുത്തായി ഒരു തോട്ടവും അതിൽ ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ്റെ സാക്ഷ്യം. തോട്ടം എന്നതുകൊണ്ട് ഒലിവ് നട്ടിട്ടുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പ് എന്നാണ് മനസ്സിലാക്കേണ്ടത്. ജോസഫ് ഒരു ധനികനായിരുന്നു. സാൻഹെദ്രിൻ സംഘത്തിലെ അംഗവുമായിരുന്നു. ജറൂസലേം നഗരത്തിൻ്റെ കോട്ടമതിലിനു വെളിയിൽ പലയിടത്തും പാറയിൽ വെട്ടിയുണ്ടാക്കിയ കല്ലറകൾ അക്കാലത്തുണ്ടായിരുന്നു. എന്നിരുന്നാലും, തനിക്കായി ജോസഫ് ഒരു കല്ലറ വാങ്ങുകയോ പണിയിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽത്തന്നെ, ഇസ്രയേലിൻ്റെ പിതൃക്കൾ നിത്യവിശ്രമം കൊള്ളുന്ന ജോസഫാത്ത് താഴ്‌വരയിൽനിന്ന് വിട്ടുമാറി, അതും ഒരു കൊലക്കളത്തിനടുത്ത് അദ്ദേഹം അങ്ങനെ വാങ്ങും എന്നുകരുതാൻ ന്യായമില്ല. നല്ല വിലയ്ക്ക് ആർക്കെങ്കിലും വിൽക്കാമല്ലോ എന്ന് കരുതിയാകും തോട്ടത്തിന്റെ ഉടമസ്ഥൻ പാറയിൽ ഒരു കല്ലറ വെട്ടിയുണ്ടാക്കിച്ചു സൂക്ഷിച്ചത്.


അന്ന് വെള്ളിയാഴ്ചയായിരുന്നു. പിറ്റേന്നാകട്ടെ, വലിയ ഷബാത്ത് ആണ്. മൂന്നുമണിക്കാണ് യേശു മരിക്കുന്നത്. മൂന്നരക്ക് ജോസഫ് പിലാത്തോസിനെ കണ്ട് യേശുവിൻ്റെ ശരീരം ആവശ്യപ്പെട്ടു എന്ന് കരുതിയാൽ; ഉടൻതന്നെ യേശുവിൻ്റെ മരണം സ്ഥിരീകരിക്കുന്നതിനായി പിലാത്തോസ് ഒരു പടയാളിയെ കാൽവരിയിലേക്ക് അയച്ചെന്നാൽ, പതിനഞ്ചു മിനിറ്റുകൊണ്ട് അയാൾ കാൽവരിയിലെത്തി അവിടെ മേൽനോട്ടമുള്ള ശതാധിപനോട് പിലാത്തോസ് വിളിക്കുന്നു എന്നറിയിച്ചെന്നാൽ; അടുത്ത പതിനഞ്ചു മിനിറ്റുകൊണ്ട് ശതാധിപൻ പിലാത്തോസിനടുത്ത് പാഞ്ഞെത്തി യേശു മരിച്ചു എന്ന് സ്ഥിരീകരണം നല്കിയെന്നാൽ; ശതാധിപൻ മരണം സ്ഥിരീകരിക്കുമ്പോൾത്തന്നെ യേശുവിൻ്റെ ശരീരം കുരിശിൽ നിന്നിറക്കി വേണ്ടതു പോലെ ചെയ്യുന്നതിനാവശ്യമായ അനുമതിക്കത്ത് പിലാത്തോസ് ജോസഫിന് നല്കിയെന്നാൽ; ആവശ്യത്തിന് സുഗന്ധക്കൂട്ട് വാങ്ങി കഴുതപ്പുറത്ത് വച്ചുകെട്ടി റെഡിയായി നില്ക്കാൻ നിക്കൊദേമോസിനെ നേരത്തേതന്നെ ചട്ടം കെട്ടിയിരുന്നു എന്നുവരികിൽ; പരിചയ സമ്പന്നരായ വാല്യക്കാരും റെഡിയായി നില്ക്കുകയായിരുന്നു എന്നുവരികിൽ; അനുമതി ലഭിച്ചയുടൻ അവരെല്ലാം കൂടി കാൽവരിയിലേക്ക് തിരക്കിട്ട് എത്തിച്ചേർന്നെന്നാൽ: ഇതെല്ലാം യാതൊരു കാലതാമസവും കൂടാതെ ഝടുതിയിൽ നടന്നെന്നാൽ - ജോസഫും പരിവാരങ്ങളും കാൽവരിയിൽ എത്തുമ്പോഴേക്കും നാലര മണിയെങ്കിലും ആയിക്കാണണം. പിന്നെ, ഷബാത്ത് ആരംഭിക്കാൻ കഷ്ടിച്ച് ഒന്നര മണിക്കൂർ സമയമേ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം മുന്നിൽക്കണ്ട്, പിലാത്തോസിനെ കാണുംമുമ്പുതന്നെ ഉടമ പറഞ്ഞ വില മുഴുവനും നല്കി ജോസഫ് കല്ലറ വാങ്ങിയിരുന്നിരിക്കാം.

മൃതസംസ്‌കാരം നടത്താനുള്ളവർ സ്ഥലത്തെത്തി ശരീരം ചോദിക്കുമ്പോൾ വധശിക്ഷക്ക് വിധിക്കപ്പെട്ട ആൾ മരിച്ചു എന്ന് ഉറപ്പാക്കേണ്ടത് അവിടെ അപ്പോൾ ഉത്തരവാദിത്തമുള്ള സൈനികനാണ്. അതുകൊണ്ടാണയാൾ യേശുവിൻ്റെ വിലാവിൽ കുന്തം കുത്തിയിറക്കി അവൻ്റെ ചങ്കും കരളും കുത്തിത്തുളച്ച്, യേശു മരിച്ചു എന്ന് ഉറപ്പാക്കുന്നത്.

ഇനി ജോസഫ് കൂട്ടിക്കൊണ്ടുവന്നിട്ടുള്ള അണ്ടർടേക്കേഴ്സ് യേശുവിൻ്റെ ശരീരം താഴെയിറക്കണം. ചെയ്ത് പരിചയമിയാത്തവർക്ക് അതൊന്നും അത്ര എളുപ്പമാവില്ല. അവരാകട്ടെ, അത് ആദരവോടെ ചെയ്യുകയും വേണം. പ്രത്യേകിച്ചും, കൊല്ലപ്പെട്ടയാളോട് ഇത്രയേറെ സ്‌നേഹബഹുമാനങ്ങളുള്ള ജോസഫ് -അതും സാൻഹെദ്രിൻ സംഘത്തിൽപ്പെട്ട ആൾ- ഇത്രയും റിസ്‌ക് എടുത്ത് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുമ്പോൾ! പോരാത്തതിന് മരിച്ചയാളുടെ കുടുംബക്കാരും സുഹൃത്തുക്കളും നോക്കിനില്ക്കുക കൂടി ചെയ്യുമ്പോൾ!

ശരീരം താഴെയിറക്കി അവൻ്റെ അമ്മക്കും ബന്ധുക്കൾക്കും ദർശനത്തിനും ആചാരം ചെയ്യാനും സമയം കൊടുക്കണം; അതുകഴിഞ്ഞാൽ ആദ്യം തുണി വീഞ്ഞിൽമുക്കിയും പിന്നീട് എണ്ണയിൽ മുക്കിയും ശരീരം തുടച്ച് വൃത്തിയാക്കണം. അടക്കത്തിനുള്ള ലിനൻ കച്ച കൊണ്ട് ശരീരം ചുറ്റുന്നമുറക്ക് അതിൽ സുഗന്ധക്കൂട്ട് തിരുകണം. അങ്ങനെ മൃതദേഹം സംസ്‌കാരത്തിന് തയ്യാറാക്കി പൊതിഞ്ഞെടുക്കാൻ സമയമെടുക്കും. മുതദേഹം കല്ലറയിൽ സംസ്കരിച്ച്, കല്ലുരുട്ടി കവാടം അടച്ചശേഷം മണ്ണുകുഴച്ചെടുത്ത് വിടവുകളും പഴുതുകളും അടച്ച് ഭദ്രമാക്കണം. പിന്നെ, കൊണ്ടുവന്ന സാധന സാമഗ്രികളുമായി വീടണയണം. ഇപ്പറഞ്ഞതെല്ലാം ഒന്നര-രണ്ടു മണിക്കൂറിനകം കഴിഞ്ഞിരിക്കയും വേണം! കാരണം, സൂര്യാസ്തമയത്തോടെ ഷബാത്ത് ആരംഭിക്കും. പിന്നെയാർക്കും സാധനങ്ങൾ ചുമന്നു കൊണ്ട് പോകാനാവില്ല.

മറ്റാരെങ്കിലുമായിരുന്നെങ്കിൽ അല്പം അമാന്തം സംഭവിച്ചാലും പ്രശ്‌നമില്ലായിരുന്നു. ജോസഫും നിക്കൊദേമോസും ഇസ്രയേലിൻ്റെ ഗുരുക്കന്മാരായിരുന്നു. അവരുടെ നേതൃത്വത്തിൽ ഒരു നിയമലംഘനം ഒരിക്കലും സംഭവിച്ചുകൂടാ.

അതുമാത്രമല്ല, ഇപ്പറഞ്ഞവർക്കെല്ലാവർക്കും വീട്ടിലെത്തി കുളിച്ച് ദേഹശുദ്ധിവരുത്തിയ ശേഷം പെസഹാ ഭക്ഷിക്കേണ്ടതുമാണ്.


ഇക്കാരണങ്ങളാൽ, ഒരുപക്ഷേ ഇത്രയും അസാധാരണവും തിരക്കിട്ട് ഉള്ളതുമായ ഒരു മൃതസംസ്കാരം അതിനുമുമ്പോ ശേഷമോ അവർ നടത്തിക്കാണാൻ ഇടയില്ല!

bottom of page