ധന്യന്‍
- സിബിന്‍ ചെറിയാന്‍ കപ്പൂച്ചിൻ

- Mar 1
- 4 min read
Updated: Mar 15

Key Takeaways:
The article titled Dhanyan(Blessed) is about the life of 'Dhanyan' Theophinachan (Blessed Fr Theophine Capuchin).
The article details Theophinachan's early life, entry into the Capuchin order, priesthood, and service.
കപ്പൂച്ചിന്‍ സന്യാസസഭയിലെ ഇളമുറക്കാരനായ ഈയുള്ളവന്‍ ധന്യനായ തിയോഫിനച്ചനെ പറ്റി ആവര്‍ത്തിച്ച് കേട്ടിരിക്കുന്നത് രണ്ടു വാക്കുകളാണ്. 'മനുഷ്യസ്നേഹി' എന്നും 'കര്‍മ്മയോഗി' എന്നും. ഈ വാക്കുകളുടെ സവിശേഷത എന്തെന്നാല്‍, ഒന്നിനെ (വാക്കിനെ) സൂക്ഷ്മദര്‍ശിനിയിലൂടെ വീക്ഷിക്കുമ്പോള്‍ അതിന്‍റെ അടിസ്ഥാനഘടനയായി നിലകൊള്ളുന്നത് രണ്ടാമത്തെ വാക്കായിരിക്കും. ഒപ്പം ന്യൂക്ലിയസ് ക്രിസ്തുവും. സഭയിലെ മുതിര്‍ന്ന സന്യാസ സഹോദരന്മാരില്‍ നിന്ന് അച്ചന്‍റെ ജീവിതത്തെപ്പറ്റി കേട്ടറിഞ്ഞപ്പോഴേക്കും ഈ വാക്കുകള്‍ക്ക് തിയോഫിനച്ചന്‍റെ മുഖമായി മാറിയിരുന്നു.
അപ്പനും അമ്മയും സഹോദരങ്ങളും മൈക്കിളിനെ മിഖേലൂട്ടി എന്ന് ഓമനിച്ച് വിളിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് കൂടല്ലൂര്‍ കുടുംബത്തില്‍ 1913 ജൂലൈ 20-നാണ് തിയോഫിനച്ചന്‍റെ ജനനം. ഇട്ടിച്ചറിയ ജോര്‍ജ്-അന്ന ദമ്പതികളുടെ ഒന്‍പത് മക്കളില്‍ ആറാമന്‍. ജനിച്ച് ആറാംനാള്‍ ജ്ഞാനസ്നാനം നടത്തി, 'മൈക്കിള്‍' എന്നായിരുന്നു ജ്ഞാനസ്നാന പേര്. സ്വര്‍ഗ്ഗസൈന്യാധിപനായ വിശുദ്ധ മിഖായേല്‍ മാലാഖയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടതാണ് കോട്ടപ്പുറത്തെ ഇടവകപ്പള്ളി. ഇപ്പോള്‍ കോട്ടപ്പുറം രൂപതയുടെ കത്തീഡ്രലാണ് ഈ ദേവാലയം.
സെമിനാരിയില്‍ ചേരാനുള്ള മിഖേലുകുട്ടിയുടെ തീരുമാനത്തില്‍ കൂടല്ലൂര്‍ കുടുംബം ഏറെ സന്തോഷിച്ചു. ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ആഹ്ലാദം വികാരി ഡൊമിനിക് എട്ടുമാത്തുംപറമ്പില്‍ അച്ചനായിരുന്നു. മിഖേലുകുട്ടിയുടെ ദൈവവിളിയെക്കുറിച്ചും അതിനുള്ള യോഗ്യതകളെക്കുറിച്ചും വികാരിയച്ചനും തെല്ലും സംശയമുണ്ടായിരുന്നില്ല. റെക്ടറച്ചന് അദ്ദേഹം എഴുതിയ ശുപാര്‍ശ കത്തില്‍ അക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. വികാരിയച്ചന്‍റെ കത്തും വാങ്ങി അവന്‍ എറണാകുളത്ത് ഇന്‍റര്‍വ്യൂവിന് പോയി. അവസാനം ആ ദിനം വന്നെത്തി. കെ ജി മൈക്കിള്‍ എന്ന മിഖേലുകുട്ടി സെമിനാരിയിലേക്ക് യാത്രയായി. വര്‍ഷം 1929. എറണാകുളത്തെ പ്രഖ്യാതമായ സെന്‍റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ ര. നമ്പര്‍ 8123 ആയി ഒരു വിദ്യാര്‍ത്ഥി എത്തി, ബ്രദര്‍ കെ ജി മൈക്കിള്‍.
ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ കപ്പുച്ചിന്‍ മിഷനറിമാരുടെ ദീര്‍ഘവീക്ഷണത്തിന്‍റെയും ത്യാഗത്തിന്‍റെയും അശ്രാന്ത പരിശ്രമങ്ങളുടെയും ഫലമാണ് 1922-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ കപ്പൂച്ചിന്‍ പ്രോവിന്‍സ്, അഥവാ ഇന്ത്യക്കാരുടേത് മാത്രമായി തീര്‍ന്ന പ്രോവിന്‍സ്. കപ്പൂച്ചിന്‍ സഭയുടെ ഭാരത വല്‍ക്കരണം എന്ന് ഇതിനെ വിശേഷിപ്പിക്കാം. വിശുദ്ധരും വിവേകികളുമായ നിരവധി വിദേശ സന്യാസിവര്യന്മാര്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ യത്നിച്ചിട്ടുണ്ട്. അവരില്‍ ഏറ്റവും ശ്രദ്ധേയരായ രണ്ടു പുണ്യാത്മാക്കളാണ് ഫാദര്‍ ബീഡോയും ഫാദര്‍ ഏര്‍ബനും. കേരളത്തിലെ ആദ്യകാല കപ്പുച്ചിന്‍ ആശ്രമങ്ങളുടെ സ്ഥാപനത്തിന് പിന്നിലും ഈ മഹാരഥന്മാരുടെ ചോരയും നീരുമാണുള്ളത്. ഇന്ത്യയില്‍ നിന്ന് കപ്പുച്ചിന്‍ സഭയിലേക്കും മിഷനിലേക്കുമുള്ള ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കാന്‍ ഈ പേക്ഷിതവര്യന്മാര്‍ തീവ്രയത്നം നടത്തി.
ബ്രദര്‍ മൈക്കിള്‍ താമസിച്ചിരുന്ന സെമിനാരിയില്‍ അവര്‍ നടത്തിയ സന്ദര്‍ശനം ഈ തീവ്രയത്നത്തിന്‍റെ ഭാഗമായിരുന്നു എന്ന് വേണം കരുതാന്‍. ക്രിസ്തുനാഥന്‍റെ തിരുമുറിവുകള്‍ ശരീരത്തില്‍ പേറിയ പഞ്ചക്ഷതധാരിയായ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയെ പറ്റിയും കപ്പൂച്ചിന്‍ സഭയെ പറ്റിയും അവര്‍ സെമിനാരി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. പ്രത്യകമായ പദ്ധതികളോടൊപ്പം ദൈവം നോട്ടമിട്ട ഒരാള്‍ ശ്രോതാക്കളുടെ കുട്ടത്തില്‍ ഉണ്ടായിരുന്നു, ബ്രദര്‍ കെ ജി മൈക്കിള്‍. വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതകഥ ബ്രദര്‍ മൈക്കിളിന്‍റെ മനസ്സിലേക്ക് തേന്‍മഴയായി പെയ്തിറങ്ങുകയുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ കപ്പൂച്ചിന്‍ രൂപതകളെക്കുറിച്ച് ഫാദര്‍ ഗ്വീഡോയും ഫാദര്‍ ഏര്‍ബനും നല്‍കിയ വിവരണം അദ്ദേഹത്തിന്‍റെ വിശ്വാസത്തെയും മിഷന്‍ അരൂപിയെയും പ്രജ്ജ്വലിപ്പിച്ചു.
കപ്പൂച്ചിന്‍ വൈദികരെ ആദ്യമായി കാണുന്നതിനും വളരെ മുമ്പേ തന്നെ ബ്രദര്‍ മൈക്കിള്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവചരിത്രം വായിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മൊണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ തോട്ടകത്ത് നിരീക്ഷിക്കുന്നു. തിയോഫിനച്ചന്‍റെ 'രണ്ടാം ദൈവവിളി'യുടെ തുടക്കം ഈ ജ്ഞാന വായനയില്‍ നിന്നുമാണെന്നാണ് മൊണ്‍സിഞ്ഞോറിന്‍റെ അഭിപ്രായം. ഇത് ശരിയായിരിക്കാനാണ് സാധ്യത. സെമിനാരിയിലെ ലൈബ്രറിയില്‍ വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു. വരാപ്പുഴ അതിരൂപതയുടെ കത്തീഡ്രല്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിക്ക് പ്രതിഷ്ഠിക്കപ്പെട്ടതാണ്. സെമിനാരിക്ക് തൊട്ടുമുന്നിലാണ് ഈ ദേവാലയം. ഈ സാമീപ്യവും വിശുദ്ധന്‍റെ തിരുനാള്‍ ആഘോഷവും മറ്റും വിശുദ്ധനെ കുറിച്ചുള്ള അറിവില്‍ ബ്രദര്‍ മൈക്കിളിനെ വളര്‍ത്തിയിരിക്കണം. വായന അദ്ദേഹത്തിന് എന്നും പ്രിയങ്കരവുമായിരുന്നു.
തനിക്ക് കപ്പൂച്ചിന്‍ സഭയില്‍ ചേരണമെന്ന ആഗ്രഹം ബ്രദര്‍ മൈക്കിള്‍ വെളിപ്പെടുത്തിയത് ഫാദര്‍ ജോസഫ് അട്ടിപ്പേറ്റിയോടാണ്. റോമില്‍ നിന്ന് ഉന്നത ബിരുദങ്ങള്‍ നേടിയെത്തിയ അദ്ദേഹം ഏയ്ഞ്ചല്‍ മേരി മെത്രാപ്പോലീത്തയുടെ സെക്രട്ടറിയും സെമിനാരി വിദ്യാര്‍ത്ഥികളുടെ കുമ്പസാരക്കാരനും ആയിരുന്നു. കൂടുതല്‍ പ്രാര്‍ത്ഥിക്കാനും ചിന്തിക്കാനുമാണ് ഫാദര്‍ ജോസഫ് അട്ടിപ്പേറ്റി ആദ്യം ഉപദേശിച്ചത്. മനസ്സിലെ സംഘര്‍ഷത്തെ പറ്റി വീട്ടുകാരെയോ സതീര്‍ത്ഥ്യരെയോ ആ ഘട്ടത്തില്‍ അദ്ദേഹം അറിയിക്കുകയുണ്ടായില്ല. അങ്ങനെ ഏതാനും മാസങ്ങള്‍ കടന്നുപോയി, കൂടുതല്‍ പഠിച്ചും ചിന്തിച്ചും പ്രാര്‍ത്ഥിച്ചും ദൈവഹിതം അറിയാന്‍ കാത്ത ബ്രദര്‍ മൈക്കിള്‍ ഒടുവില്‍ കപ്പൂച്ചിന്‍ സഭയില്‍ ചേരാന്‍ തന്നെ തീരുമാനിച്ചു.
ലോകമേ വിട എന്നമട്ടിലായിരുന്നു കപ്പൂച്ചിന്‍ സഭയില്‍ ചേരാനുള്ള ബ്രദര്‍ മൈക്കിളിന്‍റെ ഒരുക്കം. മംഗലാപുരം പട്ടണത്തില്‍ നിന്നും ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ പടിഞ്ഞാറ് ഫറങ്കി പോര്‍ട്ട് എന്ന സ്ഥലത്ത് വിശുദ്ധ ഫിദേലീസിന്‍റെ നാമത്തിലുള്ള ആശ്രമത്തിലായിരുന്നു ബ്രദര്‍ മൈക്കിളിന്‍റെ നൊവിഷമേറ്റ്. മോന്തെ മരിയാനോ അഥവാ മേരിഗിരി എന്ന കുന്നിന്മേലാണ് ഈ ആശ്രമവും ദേവാലയവും. 1933 ഒക്ടോബര്‍ 31-ന് ബ്രദര്‍ മൈക്കിള്‍ 'തിയോഫിന്‍' എന്ന പേരും കപ്പൂച്ചിന്‍ സന്യാസ വസ്ത്രവും സ്വീകരിച്ചു. 1934 നവംബര്‍ 1-ന് അദ്ദേഹം ദാരിദ്ര്യത്തിന്‍റെയും അനുസരണത്തിന്‍റെയും ബ്രഹ്മചര്യത്തിന്‍റെയും പ്രഥമ വ്രതവാഗ്ദാനം നടത്തി. വൈദിക പഠനവും സന്യാസ പരിശീലനവും തുടരവേ, 1937 നവംബര്‍ 1-ന് സകല വിശുദ്ധരുടെയും തിരുനാള്‍ ദിവസമായിരുന്നു അദ്ദേഹത്തിന്‍റെ നിത്യവ്രതവാഗ്ദാനം. കപ്പൂച്ചിന്‍ സഭയുടെ അവിഭക്ത ഇന്ത്യന്‍ പ്രൊവിന്‍സിലെ ഇരുപത്തി മൂന്നാമത്തെ അംഗമായിരുന്നു തിയോഫിനച്ചന്‍.
1941 ഏപ്രില്‍ 20, അജ്മീര്‍ രൂപതയുടെ മെത്രാന്‍ ഡോക്ടര്‍ ഗ്വീഡോ ലെഫ്ളോക്ക് തിയോഫിനച്ചനെ കര്‍ത്താവിന്‍റെ പുരോഹിതനായി അഭിഷേകം ചെയ്തു. കപ്പുച്ചിന്‍ സഭയില്‍ ചേരാന്‍ തന്നില്‍ താല്പര്യം ഉണര്‍ത്തുകയും നോവിസ് മാസ്റ്റര്‍ എന്ന നിലയില്‍ സന്യാസത്തില്‍ പരിശീലനം നല്‍കി ഉറപ്പിക്കുകയും തത്ത്വശാസ്ത്രം പഠിപ്പിക്കുകയും ചെയ്ത അതേ സന്യാസിവര്യനില്‍ നിന്ന് തന്നെ തിരുപ്പട്ടവും സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് പ്രതമ്യേക സന്തോഷമുണ്ടായിരുന്നു.
പൗരോഹിത്യ ശുശ്രൂഷ
ധ്യാനങ്ങളുടെ ശുശ്രൂഷയിലൂടെയായിരുന്നു അച്ചന്‍റെ തിരുപ്പട്ടത്തിനുശേഷം കപ്പുച്ചിന്‍ മിഷന്‍ സേവനങ്ങളുടെ ആരംഭം. മിഷന്‍ ധ്യാനങ്ങളുടെ ആരംഭകാലത്ത് തന്നെ അതില്‍ ഉള്‍പ്പെട്ട തിയോഫിനച്ചന്‍ ധ്യാന കൂട്ടായ്മയിലെ സുപ്രധാന അംഗമായി മാറി. ഭവന സന്ദര്‍ശനങ്ങളും, അനുരഞ്ജന ശുശ്രൂഷകളും, മരണത്തെയും നിത്യവിധിയെയും കുറിച്ചുള്ള ചിന്തകള്‍ ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്ന സെമിത്തേരി പ്രസംഗവും ഒക്കെ അതിന്‍റെ ഭാഗമായിരുന്നു. ലളിതവും അതേസമയം ആശയസമൃദ്ധവുമായ ഭാഷയും, ശാന്തഗംഭീരമായ ആ മുഖഭാവവും ജനങ്ങളെ ആകര്‍ഷിച്ചു. വ്യക്തിപരമായി അച്ചന്‍ തന്നോട് സംസാരിക്കുന്നുവെന്ന തോന്നല്‍ ഓരോ ശ്രോതാവിനും ഉണ്ടാക്കുന്ന സംവേദനക്ഷമത തിയോഫിനച്ചന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ അവരെ സ്പര്‍ശിച്ചു.
പൊന്നുരുന്നി എന്ന കര്‍മ്മഭൂമിയില്‍
എത്ര കാലം ജീവിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനമെന്ന് തിയോഫിനച്ചന്‍റെ ജീവിതം നമ്മെയും അനുസ്മരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അമ്പത്തഞ്ചു വര്‍ഷം മാത്രമേ അദ്ദേഹത്തിന്‍റെ ഇഹലോക ജീവിതം ദീര്‍ഘിച്ചുള്ളൂ. അതില്‍ ഇരുപത്തിയേഴു വര്‍ഷം മാത്രമായിരുന്നു പൗരോഹിത്യ ശുശ്രൂഷ. ഒരു വര്‍ഷത്തെ പാസ്റ്ററല്‍ കോഴ്സ് ഒഴിവാക്കിയാല്‍ ഇരുപത്തിയാറു വര്‍ഷം. പൊന്നുരുന്നിയിലെ സെന്‍റ് ബൊനവെഞ്ചര്‍ ആശ്രമം കേന്ദ്രീകരിച്ചായിരുന്നു ഇതില്‍ അവസാനത്തെ പത്തു വര്‍ഷത്തോളം അദ്ദേഹത്തിന്‍റെ സ്നേഹ ശുശ്രൂഷ. ഈ ആശ്രമവും വിശുദ്ധ പത്താം പീയൂസിന് പ്രതിഷ്ഠിക്കപ്പെട്ട ലളിത സുന്ദരമായ ദേവാലയവും പണിതുയര്‍ത്തിയത് അദ്ദേഹമാണ്. എല്ലാവര്‍ക്കും എല്ലാമായി ഇവിടെ വച്ചാണ് അദ്ദേഹം ജനങ്ങളുടെ 'വല്യച്ചന്‍' ആയി മാറിയത്. ഒരു ദശകം നീണ്ട സഹന വേള എന്ന് പൊന്നുരുന്നിയിലെ അദ്ദേഹത്തിന്‍റെ ജീവിതത്തെ വിശേഷിപ്പിക്കാം.
പൊന്നുരുന്നി ആശ്രമത്തിനും ദേവാലയത്തിനും തിയോഫിന്‍ അച്ചന്‍റെ കഥയില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. ഇന്ത്യന്‍ കപ്പൂച്ചിന്‍ സഭയുടെ പതിനേഴാമത്തെ ആശ്രമമാണിത്. പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും മൂശയില്‍ എരിഞ്ഞു നീറി രൂപപ്പെട്ട ജീവിതങ്ങള്‍ ക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെ പരിച്ഛേദമാകാതെ തരമില്ലല്ലോ. ക്രിസ്തുവിന്‍റെ നേര്‍ക്ക് തിരിച്ചുപിടിച്ച ഒരു കണ്ണാടി പോലെയായിരുന്നു തിയോഫിനച്ചന്‍റെ ജീവിതം. തിയോഫിനച്ചന്‍റെ ജീവിതത്തില്‍ തെളിഞ്ഞുനിന്ന ലാളിത്യവും പ്രശാന്തതയും കാരുണ്യവുമൊക്കെ യേശുവിന്‍റെ ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്തത് തന്നെയാണ്. 'എന്നെ വിശ്വസിക്കുന്നവര്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികളും ചെയ്യും.' ക്രിസ്തു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതേ ക്രിസ്തു ചെയ്ത പ്രവര്‍ത്തികള്‍ തിയോഫിനച്ചനും ചെയ്തു. കരയുന്നവര്‍ക്ക് സാന്ത്വനമായി, രോഗികള്‍ക്ക് സൗഖ്യമായി, വിശക്കുന്നവര്‍ക്ക് അപ്പമായി തിയോഫിനച്ചനും നമ്മോടൊപ്പം ജീവിച്ചു.
'അവന്‍ നാടു നീളെ നന്മ ചെയ്ത് ചുറ്റി സഞ്ചരിച്ചു.' ക്രിസ്തുവിനെ കുറിച്ച് അപ്പസ്തോല നടപടികളില്‍ പത്രോസ് നല്‍കുന്ന സാക്ഷ്യമാണിത്. തിയോഫിനച്ചനെക്കുറിച്ച് അദ്ദേഹത്തിന്‍റെ സമകാലികര്‍ നല്‍കുന്ന സാക്ഷ്യവും ഇതു തന്നെയാണ്. തിയോഫിനച്ചന്‍ നന്മ ചെയ്ത് നാടു നീളെ ചുറ്റി സഞ്ചരിച്ചു.
ക്രിസ്തു ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അത്ഭുതങ്ങള്‍ ക്രിസ്തുവിന്‍റെ അനന്തമായ അധികാരത്തെ സൂചിപ്പിക്കുന്നവയാണ്. ഒന്നാമതായി, അത് ജീവന്‍റെ മേലുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. രണ്ടാമതായി, പിശാചിന്മേലുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. മൂന്നാമതായി, രോഗത്തിന്മേലുള്ള അധികാരത്തെയും, നാലാമതായി പ്രകൃതിയുടെ മേലുള്ള അധികാരത്തെയും സൂചിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യന്‍ അവിടുത്തെ ഈ അധികാരങ്ങളും കയ്യാളുന്നവനാണ്. ക്രിസ്തുവിന്‍റെ ഹൃദയത്തോട് ചേര്‍ന്നു നിന്ന് ഈ അധികാരങ്ങളിലും പങ്കു പറ്റിയ പുണ്യാത്മാവാണ് തിയോഫിനച്ചന്‍ എന്ന് അദ്ദേഹത്തിന്‍റെ ജീവിതത്തെയും മരണശേഷവും പ്രകടമായി കൊണ്ടിരിക്കുന്ന മധ്യസ്ഥ ശേഷിയെയും അപഗ്രഥിച്ചാല്‍ കാണാന്‍ കഴിയും. അനേകരുടെ ആശ്രയ സാന്നിധ്യമായി, വെളിച്ചമായി അച്ചന് മാറാന്‍ കഴിഞ്ഞത് അദ്ദേഹം യഥാര്‍ത്ഥ ക്രിസ്ത ശിഷ്യനായത് കൊണ്ടാണ്. പോകുന്നിടത്തെല്ലാം ക്രിസ്തുവിനെ ജനങ്ങള്‍ വിടാതെ പിന്തുടര്‍ന്നത് പോലെ തിയോഫിനച്ചന്‍റെറെ സമീപത്തേക്കും ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. തന്‍റെയടുത്ത് എത്തിയവരെയെല്ലാം അച്ചന്‍ സാന്ത്വനപ്പെടുത്തി. അടയാളങ്ങളും അത്ഭുതങ്ങളും ഒരു പെരുമഴ പോലെ അച്ചനിലൂടെ പെയ്തു കൊണ്ട് ദൈവം എപ്പോഴും അദ്ദേഹത്തിന്‍റെ വലതുഭാഗത്തുണ്ടായിരുന്നു. അച്ചന്‍ നമ്മെ പിരിഞ്ഞിട്ട് പല പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അച്ചനിലൂടെ ദൈവകൃപയുടെ പേമാരി അനവരതം പെയ്തു കൊണ്ടിരിക്കുകയാണ്.
1968 ഏപ്രില്‍ 4ന് ആ കര്‍മയോഗി കര്‍ത്താവിന്‍റെ സന്നിധിയിലേക്ക് യാത്രയായി. ഏപ്രില്‍ 5ന് നാലു മണിക്ക് ആ പൂജ്യശരീരം സംസ്കരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്ത്യചുംബനം അര്‍പ്പിക്കാനായി എത്തിയവരുടെ തിരക്കുകാരണം രാത്രി എട്ടു മണിക്കാണ് കബറടക്കം നടന്നത്.
2001 ഏപ്രില്‍ അഞ്ചിന് അച്ചനെ ദൈവദാസനായി വത്തിക്കാന്‍ തിരുസംഘം പ്രഖ്യാപിച്ചു.
2026 ഫെബ്രുവരി 21 ന് ധന്യന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
(തിയോഫിന്‍ ഗില്‍ഡ് പ്രസിദ്ധീകരിച്ച. ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് തയ്യാറാക്കിയ 'മനുഷ്യസ്നേഹി ദൈവദാസനായ തിയോഫിനച്ചന്‍റെ ജീവിതരേഖയും ദര്‍ശനവും' എന്ന പുസ്തകത്തിലെ വിവിധ ഭാഗങ്ങളാണ് ഈ കുറിപ്പിനായി ഉപയോഗിച്ചിരിക്കുന്നത്).
ധന്യന്‍
സിബിന്‍ ചെറിയാന്‍ കപ്പൂച്ചിന്‍
അസ്സീസി മാസിക മാർച്ച് 2026

























































