

ഒരു ദിവസം സ്കൂളില്‍ നിന്നും വരുമ്പോള്‍ പോലീസ് വണ്ടികള്‍ മൂന്നെണ്ണം പാഞ്ഞു പോകുന്നത് കണ്ടു. അക്കാലത്ത് പോലീസ് വണ്ടികള്‍ ഒക്കെ കണ്ടാല്‍ ഞങ്ങളും പുറകെ ഓടും. പണ്ട് ഏലക്കാടുകളില്‍ തടി കടത്തുന്ന ചേട്ടന്മാരെ പോലീസ് ഓടിച്ചു പിടിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഒരു കയറ്റം ഉണ്ട്. താഴെ നിന്നതേ കണ്ടു പോലീസ് ജീപ്പുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്, ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ സൈഡില്‍ ആണ്. ഒരു വലിയ ആള്‍ക്കൂട്ടവും അവിടെയുണ്ട്. എന്തൊക്കെയോ സ്വരവും കേള്‍ക്കാം. ഞങ്ങള്‍ പിള്ളേര് കൗതുകത്തോടെ ഇങ്ങനെ നോക്കി നില്‍ക്കുകയാണ്. അന്ന് ആദ്യമായിട്ടാണ് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കാണുന്നത്. സാബു ചേട്ടനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ വീടിന്‍റെ മുന്‍വശത്ത് കൂടിയുള്ള വഴി അവസാനിക്കുന്നത് പുള്ളിയുടെ വീട്ടിലാണ്. ആള് അല്പം തരികിടയാണെങ്കിലും കേസുകള്‍ ഒന്നുമില്ലായിരുന്നു. ആദ്യമായിട്ടാണ് പോലീസ് പിടിക്കുന്നത്.
വീട്ടില്‍ ചെന്നപ്പോള്‍ അമ്മയാണ് പറയുന്നത്, 'സാബു ചേട്ടന്‍റെ പേരില്‍ ഒരു മോഷണ കേസ് ഉണ്ട് എന്ന്'. പിന്നെ കുറെ നാള്‍ സാബു ചേട്ടനെ ഞങ്ങള്‍ കണ്ടിട്ടില്ല. അന്നുവരെ കുറ്റം പറയാത്ത ആള്‍ക്കാരെല്ലാം പുള്ളിയെ കുറ്റം പറഞ്ഞു തുടങ്ങി. നാട്ടില്‍ മറ്റെല്ലാവരെക്കാളും സാബു കൊള്ളരുതാത്തവന്‍ ആയിമാറി. അയാളുടെ ഭാര്യയോടും മക്കളോടും പോലും ആരും സംസാരിക്കാതായി. എല്ലാവരും വളരെ പുച്ഛത്തോടെ അവരെ നോക്കി. ഞങ്ങളുടെ ഇടയിലുള്ള വീട്ടു വര്‍ത്തമാനങ്ങളില്‍ പോലും പുള്ളിയുടെ മോഷണം സംസാരവിഷയമായി. അവസാനം കള്ളന്‍ സാബു എന്ന് ഒരു വിളിപ്പേരും ആ നാട്ടുകാര്‍ ഇട്ടു കൊടുത്തു. കുറേ ദിവസങ്ങള്‍ക്കുശേഷം സാബു ചേട്ടന്‍ തിരികെ വന്നു. അത് ഒരു കള്ളക്കേസ് ആയിരുന്നത്രെ. നിയമം വെറുതെ വിട്ടിട്ടും നാട്ടുകാര്‍ വെറുതെ വിടുന്ന ലക്ഷണമില്ല. കള്ളന്‍ സാബു എന്ന പേര് മാറിയില്ല. ഒരു ദിവസം ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ അയാള്‍ റോഡിലൂടെ നടന്നു പോവുകയാണ്. പെട്ടെന്ന് ഞങ്ങടെ കൂടെയുള്ള ഒരു ചേട്ടായി ഞങ്ങളുടെ കൂട്ടത്തില്‍ ഇരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു 'അയ്യോ പോലീസ് ഓടിക്കോ..' പാവം സാബു ചേട്ടന്‍. സങ്കടത്തോടെ നടന്നു പോകുമ്പോള്‍ ഞങ്ങളുടെ കൂട്ടച്ചിരി. ഇന്ന് തിരിച്ചറിയുന്നുണ്ട് അത് അത്രമേല്‍ അപകടം പിടിച്ച കളിയാക്കല്‍ ആയിരുന്നുവെന്ന്. സാബു ചേട്ടനോട് പിള്ളേര് മിണ്ടുന്നത് പോലും ഇഷ്ടമില്ലാത്ത വീടുകള്‍ ഉണ്ടായിരുന്നു. പാവം സാബു ചേട്ടന്‍ എത്രമാത്രം സങ്കടപ്പെട്ടിരിക്കണം. ചില കാര്യങ്ങള്‍ അങ്ങനെയല്ലേ; ആള്‍ക്കൂട്ടത്തിന്‍റെ തീരുമാനങ്ങള്‍ മാറ്റിയെടുക്കണമെങ്കില്‍ ദൈവം ഇറങ്ങി വരണം. അതിനുപോലും സാധിക്കുമെന്ന് തോന്നാറില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സാബു ചേട്ടന്‍ ഒക്കെ സ്ഥലം മാറിപ്പോയി. ഒരു കണക്കിന് അത് നല്ലതായിരുന്നു. ഒരു ജീവിതം മുഴുവന്‍ എങ്ങനെയാണ് വിങ്ങി വിങ്ങി ജീവിക്കുന്നത്. ഉള്ളില്‍ ആ മനുഷ്യന്‍ എന്തുമാത്രം കരഞ്ഞിരിക്കണം.
'കരയുന്ന മനുഷ്യനെ എപ്പോഴെങ്കിലും തൊട്ടിട്ടുണ്ടോ ?
തൊട്ടുനോക്കണം. അപ്പോള്‍ തീ പൊള്ളല്‍ ഏറ്റപോലെ അയാള്‍ കൂടുതല്‍ മുറിയും... സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവിന്‍റെ പൊള്ളലാണ് അത്. അല്ലെങ്കില്‍ തൊടുമ്പോള്‍ അയാള്‍ ഏങ്ങിയേങ്ങി കരയുന്നത് എന്തിനായിരിക്കും?'
നൗഫലിന്‍റെ ഈ വരികള്‍ എത്ര സത്യമാണ്. കൈവിട്ടു പോകുന്ന മനുഷ്യര്‍ നമ്മുക്ക് ചുറ്റുമുണ്ട്. ജീവിതം കൈവിട്ടു പോയ ചില പാവം മനുഷ്യര്‍. നമ്മുടെ ചില തൊടലുകള്‍, വാക്കുകള്‍ എത്ര അഗാധമായി അവരിലേക്ക് ഇറങ്ങുമെന്ന് ഇനിയെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? ചില മനുഷ്യരെ നമ്മള്‍ തിരിച്ചറിയുന്നത് അവരുടെ മരണത്തിന് ശേഷമാണ്. മരിച്ചു കഴിയുമ്പോള്‍ മാത്രം വിശുദ്ധരാകുന്ന ചില ജന്മങ്ങള്‍. ചിലരാണെങ്കില്‍ ഇവിടെ തുടരുന്നത് തന്നെ മരിച്ചുകൊണ്ടാണ് എന്നുള്ളതാണ് സത്യം.
മനോഹരമായ ഒരു പേര്‍ഷ്യന്‍ സിനിമയാണ് 'The Song of Sparrows'. ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മികച്ച ഒരു സിനിമ. സ്വന്തം ജീവിതത്തില്‍ നാമെല്ലാം കാത്തു സൂക്ഷിക്കുന്ന ചില മൂല്യങ്ങള്‍ ഉണ്ട്. ചിലപ്പോഴെങ്കിലും അത് നാമറിയാതെ നമ്മളില്‍ നിന്നും നഷ്ടപ്പെട്ടു പോയേക്കാം.

അത്തരത്തില്‍ ഇന്നോളം കാത്തു സൂക്ഷി ച്ചിരുന്ന മാനുഷിക മൂല്യങ്ങള്‍, അറിയാതെ നഷ്ടമാകുന്ന ഒരു ഗൃഹനാഥന്‍, അയാളാണ് ഈ സിനിമയിലെ നായകന്‍.
അയാളിലൂടെ പരസ്പര സ്നേഹത്തിന്‍റെയും, കരുതലിന്‍റെയും, സഹായമനസ്കതയുടെയും, സത്യസന്ധതയുടെയും മൂല്യം എന്താണെന്ന് നമുക്ക് കാണിച്ചു തരികയാണ് സംവിധായകന്‍ ഈ സിനിമയിലൂടെ.
ഗ്രാമത്തിന്‍റെ നിഷ്കളങ്കതയില്‍ നിന്നും നാഗരികതയുടെ കള്ളത്തരങ്ങള്‍ അയാളിലേക്ക് എത്തുന്നത് അയാള്‍ പോലും അറിയാതെയായിരുന്നു.
അയാള്‍ കരീം. ദൂരെയുള്ള ഗ്രാമത്തില്‍ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം അയാള്‍ താമസിക്കുന്നു. കുറച്ചു ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ ഉണ ്ടെങ്കിലും ഇന്നോളം ആരെയെങ്കിലും വിഷമിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചിട്ടില്ല.
ജീവിതത്തില്‍ സത്യസന്ധതയും സഹായ മനോഭാവവും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു കരീം. പ്രയാസങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ഒരു വിഷമം അയാളെ കൂടുതല്‍ അലട്ടിയിരുന്നു. ബധിരയായ മൂത്ത മകള്‍. ഒരുപക്ഷെ കൂട്ടത്തില്‍ അയാള്‍ കൂടുതല്‍ കരുതല്‍ കൊടുത്തിരുന്നതും അവള്‍ക്കായിരുന്നു.
സ്ഥിരവരുമാനം കുറവായിരുന്നെങ്കിലും ഒട്ടകപക്ഷി ഫാമിലെ ജോലിയിലും അയാള്‍ സന്തോഷം കണ്ടെത്തുന്നു.
മകളുടെ ശ്രവണ സഹായി വെള്ളത്തില്‍ വീണു കേടാകുന്നതോടെ പുതിയതൊന്നു വാങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നു. അതിനിടയില്‍ ഫാമില്‍ നിന്നും കരീമിന്‍റെ അശ്രദ്ധ മൂലം ഒരു ഒട്ടകപക്ഷി രക്ഷപ്പെടുകയും ജോലി നഷ്ടമാവുകയും ഉള്ള വരുമാനം നില്‍ക്കുകയും ചെയ്യുന്നു.
എങ്ങനെയും മകള്‍ക്കു പുതിയൊരു ശ്രവണ സഹായി വാങ്ങിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. കാരണം കുട്ടിക്ക് പരീക്ഷയ്ക്ക് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.
പുതിയതിനായി അപേക്ഷിച്ചു കാത്തിരുന്നാല്‍ മാസങ്ങള്‍ എടുക്കുമെന്ന് അറിയാവുന്നതു കൊണ്ട് പുതിയതൊന്നു പണം കൊടുത്തു വാങ്ങാന്‍ അയാള്‍ ശ്രമിക്കുന്നു. അതിനെ കുറിച്ച് അന്വേഷിക്കാന്‍ നഗരത്തിലേക്കു പോകുന്ന അയാളുടെ ജീവിതവും സ്വഭാവവും ആ തിരക്കേറിയ നഗരം മാറ്റാന്‍ തുടങ്ങുന്നു.
ഒന്നും ശ്രദ്ധിക്കാന്‍ നേരമില്ലാത്ത ജനങ്ങള്‍. ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയാറായി കുറെ ആളുകള്‍ ചുറ്റിലും.

ശ്രവണ സഹായി വാങ്ങുന്ന കാര്യത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ സങ്കടപ്പെട്ടു നില്‍ക്കുന്ന കരീമിന് ആ നഗരം പുതിയൊരു ജോലി നല്‍കുന്നു.
പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ടര്‍. അതായത് അയാളുടെ ഇരുചക്ര വാഹനത്തില്‍ ആളുകളെ അവര്‍ പറയുന്നിടത്തു എത്തിക്കുക.! അത്യാവശ്യം നല്ല കൂലി കിട്ടുന്ന ജോലി. അപ്രതീക്ഷിതമാ യി ധാരാളം പണം കിട്ടി തുടങ്ങിയതോടെ ആ ജോലിക്കായി അയാള്‍ എന്നും ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്കു പോയ്കൊണ്ടേയിരുന്നു.
ചിലപ്പോള്‍ ആളുകളെ, ചിലപ്പോള്‍ സാധനങ്ങള്‍.. അങ്ങനെ അത്യാവശ്യം നല്ല വരുമാനം കിട്ടിതുടങ്ങുന്നതോടെ പതിയെ അയാളിലെ നന്മയും സത്യസന്ധതയും മറഞ്ഞു തുടങ്ങുന്നു.
ചെറിയ കള്ളത്തരങ്ങളും അത്യാര്‍ത്തിയും പിന്നെ ദേഷ്യവും. സഹായിക്കാനുള്ള മനസ്സ് അയാളില്‍ നിന്നും അകന്നു തുടങ്ങുന്നു.
പണത്തിനോടുള്ള അത്യാര്‍ത്തി ഒരു മനുഷ്യനെ എങ്ങനെ കീഴടക്കുന്നു എന്ന് കരീമിലൂടെ പിന്നീട് നമുക്ക് കാണാം.
നമ്മള്‍ അറിയാതെ ആഗ്രഹിച്ചു പോകും ആ പഴയ കരീമിനെ. അയാളുടെ സത്യസന്ധതയെ, അയാളുടെ സഹായിക്കാനുള്ള മനസ് തിരികെ വരണേ എന്ന്.
പ്രതീക്ഷിച്ച പോലെ തന്നെ ദൈവം അയാള്‍ക്ക് തിരിച്ചറിവിനായി ഒരു അവസരം കൊടുക്കുന്നു. ഒരു വീഴ്ച ; ആ വീഴ്ചയില്‍ അയാള്‍ക്ക് തിരിച്ചറിയേണ്ടി വരുന്നു. ഇതുവരെ താന്‍ വേറെ ഏതോ ഒരാള്‍ ആയിരുന്നു എന്ന്. പതിയെ സ്വന്തം കണ്ണിനു മുന്നില്‍ മറ്റുള്ളവരിലൂടെ അയാള്‍ പഴയ അയാളെ തന്നെ കാണുന്നു. നൊമ്പരപ്പെടുന്നു.
ചിലപ്പോളെങ്കിലും നമ്മളും പ്രാര്‍ത്ഥിക്കാറുണ്ട് ആ പഴയ മനുഷ്യനെ തിരിച്ചു കിട്ടാന്‍. എവിടെയോ കൈവിട്ടുപോയ ആ പഴയ മനുഷ്യനെ നമ്മളെല്ലാം ഒത്തിരി കൊതിയോടെ ആഗ്രഹിക്കുന്നുണ്ട്. മരിച്ചു ജീവിക്കുന്ന നമ്മുടെ ജീവിതത്തെ വീണ്ടും ഒന്നെന്ന് തുടങ്ങാന്‍ ആഗ്രഹമില്ലാത്തത് ആര്‍ക്കാണ്. അത് നമ്മുടെ ഉള്ളിലെ സാധ്യതകളാണ്. നഷ്ടപ്പെട്ടു പോയത് ഞാനും നിങ്ങളും ആണ്. ജീവിതത്തിന്‍റെ ഏതോ ഒരു ഘട്ടത്തില്‍ വച്ച് പതറിപ്പോയ ആ നിമിഷത്തില്‍ വച്ച് ശൂന്യതയുടെ മറ്റൊരു തലത്തിലേക്ക് നമ്മള്‍ വഴുതി പോകുന്നു. തിരിച്ചുവരാന്‍ സാധ്യതകള്‍ ഏറെയുണ്ടെങ്കിലും നമ്മള്‍ അവിടെ തന്നെ നിലയുറപ്പിക്കുന്നു.
തിരിച്ചു വരിക എന്നുള്ളത് മാത്രമാണ് ജീവിതത്തിന്‍റെ പ്രത്യാശയിലേക്കുള്ള വാതില്‍. ആര്‍ക്കാണ് നമ്മളൊക്ക െ നന്നായി കാണേണ്ടത് ? മറ്റാരെക്കാളും അത് നമുക്ക് തന്നെയാണ്. എവിടെയെങ്കിലും എന്നെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍... ആര്‍ക്കെങ്കിലും ഞാന്‍ നഷ്ടം ആയിട്ടുണ്ടെങ്കില്‍ തിരിച്ചു വരാന്‍ സാധിക്കട്ടെ.
അത് കുടുംബത്തിലേക്കായിരിക്കാം, സൗഹൃദത്തിലെക്കായിരിക്കാം, എന്നിലേക്ക് തന്നെയായിരിക്കാം...
തിരിച്ചു വരണം തിരികെ..... കാരണം, എന്നെ വേണ്ടത് എനിക്കു മാത്രമാണ്.
തിരികെ...
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS
കവര്‍സ്റ്റോറി, നവംബർ 2025
























