top of page

കലയും കാഴ്ചയും

Apr 7

6 min read

ജെയിംസ് വാഴചാരിക്കല്‍  കപ്പുച്ചിന്‍
Abstract, monochrome scene with distorted human and animal figures in chaos. Light bulb above, expressions of anguish. Surreal, intense mood.
ഗോര്‍ണിക്ക(1937), പാബ്ലോ പിക്കാസോ

Key Takeways:

  • This article is a detailed critique on Tom Vattakudy's work, "Supper at the Nunnery."

  • Critique argues piece mocks sacred art, lacking depth beyond controversy.

  • Article discusses art's role, citing examples like Dürer, Picasso, and Holbein.


കൊച്ചി മുസിരിസ് ബിനാലെ 2025 - 2026ല്‍ പ്രദര്‍ശിക്കപ്പെടുകയും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കപ്പെടുകയും ചെയ്ത ടോം വട്ടക്കുഴിയുടെ Supper at the Nunnery എന്ന ചിത്രമാണ് ഈ എഴുത്തിനു പ്രേരകം.


ക്രിസ്തുമതത്തിന്‍റെ ആരംഭം മുതല്‍ പത്തൊന്‍പതാം ശതകത്തിന്‍റെ മധ്യകാലം വരെ പാശ്ചാത്യ ദൃശ്യ കലയ്ക്ക് പ്രധാന പ്രചോദന സ്രോതസ്സായിരുന്നത് ബൈബിളും ക്രൈസ്തവ ജീവിതവും ആയിരുന്നു. ഉദാഹരണത്തിന് ഡച്ചു കലാകാരനായിരുന്ന റെംബ്രാന്‍റിന്‍റെ ആദവും ഹവ്വയും എന്ന യാഥാര്‍ഥ്യപരമായ -(Realism) ശൈലിയില്‍ രചിക്കപ്പെട്ട ചിത്രം. പില്‍ക്കാലത്ത്, കലയില്‍ ബൈബിള്‍ ബന്ധിതമായ സ്രോതസ്സേ നിര്‍ബന്ധമില്ലാ പകരം എന്തെങ്കിലും ഒരു കഥാതന്തു മതി എന്ന അവസ്ഥ വന്നു. എന്നാല്‍ അതില്‍ ഋജുവായ ഒരു കഥയും ദൃശ്യസുഖവും രൂപ വര്‍ണ്ണങ്ങളുടെയും ചലനങ്ങളുടെയും ഐക്യവും സമ്മേളിച്ചിരിക്കണം എന്നത് നിര്‍ബന്ധമായിരുന്നു.


ഉദാഹരണത്തിന് സ്പാനിഷ് ചിത്രകാരനായ പാബ്ലോ പിക്കാസോ, സ്പാനിഷ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ രചിച്ച ഗോര്‍ണിക്ക (1937) എന്ന ചിത്രം. 'ഇത് ഭ്രാന്ത് പോലെ തോന്നുമെങ്കിലും, ഇതിനുള്ളില്‍ ഒരു രീതി'- ഉണ്ട് എന്ന് ഷേക്സ്പിയര്‍ ഹാംലെറ്റില്‍ പറയുന്നതുപോലെ, പിക്കാസോ, തന്‍റെ ഗോര്‍ണിക്ക എന്ന ആധുനിക കലാസൃഷ്ടിയില്‍, പരമ്പരാഗത ശൈലിയില്‍ നിന്നും പാടെ വ്യത്യസ്തമായി ദൃശ്യസുഖവും രൂപവും വര്‍ണ്ണവും ചലനവുമെല്ലാം ഐക്യത്തോടെ ഉള്‍ക്കൊള്ളിച്ച് ഒരു പുതിയ 'രീതി'അവതരിപ്പിക്കുന്നുണ്ട് (Modern Art) പില്‍ക്കാലത്ത്, കലയ്ക്ക്, 'നിയതമായ ഒരു കഥാതന്തു ആരോപിക്കാതിരിക്കുക'- എന്നത് തന്നെ അതിന്‍റെ കഥാതന്തു ആകുന്ന അവസ്ഥ വരികയും തത്ഫലമായി അമൂര്‍ത്ത ചിത്രങ്ങളുടെ (Abstract Art‑‑) കാലഘട്ടം കടന്നുവരികയും ചെയ്തു. അങ്ങനെ 'ലളിത' കല ഒട്ടും തന്നെ ലാളിത്യം ഇല്ലാതെ, 'സങ്കീര്‍ണ്ണത'യോടെ അവതരിച്ചു തുടങ്ങി.

Two figures stand in a forest with animals. A man holds a sign with text; a woman interacts with a snake on a branch. Detailed etching style.
Adam and Eve 1504, ആൽബ്രെഹ്റ്റ് ഡൂറെർ

കലാസൃഷ്ടികള്‍ മനുഷ്യവ്യക്തികളെപ്പോലെ തന്നെ സങ്കീര്‍ണ്ണങ്ങളാണ്. ഒരു വ്യക്തിയുടെ മൂല്യം മറ്റുള്ളവര്‍ അയാളെപ്പറ്റി പറയുന്നതിലും വളരെ വലുതായിരിക്കുന്നതുപോലെ, ഒരു കലാസൃഷ്ടിയുടെ മൂല്യം ഓരോരുത്തരുടെയും അഭിപ്രായം കൊണ്ട് നിര്‍ണ്ണയ്ക്കപ്പെടുന്നില്ല. ഓരോ കലാസൃഷ്ടിയിലും ഒരു സംഭാഷണം അഥവാ ഒത്തിരി സംഭാഷണങ്ങള്‍ സജീവമാകുന്നുണ്ട്. നമ്മള്‍ കാണാത്ത കാഴ്ചകളും അര്‍ത്ഥങ്ങളും മറ്റുള്ളവര്‍ അതില്‍ കാണുന്നു. മറ്റുള്ളവര്‍ കാണാത്തവ അതില്‍ നമ്മള്‍ കാണുന്നു. Art is a contested context എന്ന് പറഞ്ഞത് Andrew Brighton എന്ന ബ്രിട്ടീഷ് കലാനിരൂപകനാണ്. അതുകൊണ്ട്, ഏതൊരു കലാസൃഷ്ടിക്ക് മുന്‍പിലും നമ്മള്‍ അതിലെ സംഭാഷണങ്ങള്‍ ശ്രവിച്ചുകൊണ്ടും അതിന്‍റെ ജീവനില്‍ പങ്കെടുത്തുകൊണ്ടും ആയിരിക്കേണ്ടതുണ്ട്.


വിവാദമായിത്തീരുന്ന കലാസൃഷ്ടികള്‍ക്കു പിറകില്‍ മിക്കപ്പോഴും ബോധപൂര്‍വ്വമായ വ്യക്തിഹത്യയോമതനിന്ദയോ മറ്റു ദുരുദ്യേശങ്ങളോ ഉണ്ടാകണമെന്നില്ല. കലാകാരന്മാര്‍ സ്വതന്ത്ര മനോസോടെ ഭാവനയുടെ പിറകെപോകുന്നതിന്‍റെ ബാക്കി പത്രമാണവ. ഒരു സെക്കുലര്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങള്‍ ഏതെങ്കിലും വിശ്വാസിസമൂഹത്തിന്‍റെ പ്രതീക്ഷകള്‍ക്ക് വിധേയമായിരിക്കണമെന്നില്ല. കലാവിഷ്ക്കാരത്തില്‍ വിമര്‍ശനവും, ആക്ഷേപഹാസ്യവും പ്രതിഷേധവും ഒക്കെ ഉള്‍ച്ചേര്‍ക്കാവുന്നതാണ്. ഒന്നും വിമര്‍ശനാതീതമല്ലല്ലോ. സാധാരണ ഗതിയില്‍, യാഥാര്‍ഥ്യങ്ങളുടെ പുത്തന്‍ കാഴ്ചകള്‍ കാണാനുള്ള സൗഹൃദക്ഷണങ്ങളായി അവയെ കാണേണ്ടതാണ്. ഈ ഉദ്യമത്തില്‍ കലാകാരന് പ്രേക്ഷക മനസ്സില്‍ ആഘാതങ്ങള്‍ ഏല്‍പ്പിക്കാന്‍ അനുവാദമുണ്ട്.


ക്രിസ്തു തന്നെയും സമകാലീന രാഷ്ട്രീയ മത നേതാക്കളുടെ മുന്‍പില്‍ നല്ലൊരു പ്രതിഷേധകനും വിമര്‍ശകനുമായിരുന്നിട്ടുണ്ട്.അതിനായി ഭാവനയൊടെ ബിംബങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്, യഹൂദ സമുദായ നേതാക്കളെ സാത്താന്‍റെ സന്തതികളെന്നു വിളിച്ചത് മുതല്‍ സാബത്ത് കളങ്കപ്പെടുത്തിയും, ഫരിസേയരെയും നിയമജ്ഞരെയും വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന് വിളിച്ചും, ജെറുസലേം ദേവാലയത്തിലെ കച്ചവട മതത്തിനെതിരെ ചാട്ടവാറെടുത്തും ഒക്കെ. ആ പ്രഹരങ്ങള്‍ക്കു പിറകില്‍ ദൈവരാജ്യത്തിന്‍റെ വ്യവസ്ഥകളിലേയ്ക്ക് തിരിച്ചെത്താനുള്ള അസഹിഷ്ണമായ ആഹ്വാനങ്ങളായിരുന്നു ഉണ്ടായിരുന്നത്; ദൈവഭയത്തിലേയ്ക്കും നീതിപൂര്‍വ്വകമായ ജീവിതത്തിലേയ്ക്കുമുള്ള മനസാന്തരാഹ്വാനങ്ങളായിരുന്നു ഉണ്ടായിരുന്നത്.


കാലാകാലങ്ങളായി ക്രിസ്തുവിനു നിരക്കാത്തതായി വളര്‍ന്നു വന്ന ജീര്‍ണ്ണ പ്രവണതകളെ ശുദ്ധീകരിക്കാന്‍ മാര്‍ട്ടിന്‍ ലൂഥറെ പോലുള്ളവരുടെ വിപ്ലവങ്ങളും, വിശുദ്ധീകരിക്കാന്‍ ഫ്രാന്‍സിസ് അസ്സീസിയെ പോലുള്ളവരുടെ ആത്മനവീകരണ പ്രസ്ഥാനങ്ങളും തിരുസഭയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. അതിലൊക്കെ ഓരോ തരം വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും അതിരൂക്ഷമായി ഉണ്ടായിരുന്നു. പാശ്ചാത്യ കലാചരിത്രത്തിലും സഭാവിമര്‍ശനപരമായ കലാവിഷ്കാരങ്ങള്‍ ഉണ്ടായിരുന്നിട്ടുണ്ട്.


പ്രഹരമേല്‍പ്പിക്കുക എന്നത് കലയിലെ ആശയവിനിമയത്തിന്‍റെ ഭാഗമാണ്. അതിലൂടെ അനുവാചകരുടെ ശ്രദ്ധ നേടുന്നു; കലാസൃഷ്ടി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുന്നു. അതുവരെ കാണാത്ത ഒരു ദര്‍ശനത്തിലേയ്ക്ക് അനുവാചകന്‍ ആനയിക്കപ്പെടുന്നു. കുറെ സത്യങ്ങള്‍ വെളിവാക്കപ്പെടുന്നു. അസ്വസ്ഥതകളും ചിന്താക്കുഴപ്പങ്ങളും സംവാദങ്ങളും അതിന്‍റെ ഭാഗമാകാം. പ്രതിഭയുള്ള കലാസൃഷ്ടികള്‍ വെറുതെ പ്രഹരമേല്‍പ്പിച്ചിട്ട് പെരുവഴിയില്‍ ഉപേക്ഷിക്കുന്നില്ല, മറിച്ച് ഒരു ഉയിര്‍പ്പിന്‍റെ വഴി കൂടി ആ പദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടാവും.


വലിയ കലോപാസകരായിരുന്ന മാര്‍പ്പാപ്പാമാര്‍ തിരുസഭയില്‍ ഉണ്ടായിരുന്നു. ജൂലിയസ് രണ്ടാമന്‍ (1503-1513) മൈക്കിള്‍ ആഞ്ചലോയുടെ പ്രതിഭയ്ക്ക് പ്രകാശിക്കാന്‍ അങ്ങേയറ്റം സാഹചര്യം ഒരുക്കിക്കൊടുത്ത മാര്‍പ്പാപ്പയാണ്. പരസ്യവേദികളില്‍ പ്രദര്‍ശിക്കപ്പെടുന്ന നഗ്നകലാരൂപങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രഹരമേകുന്നവയാണ്. വത്തിക്കാനിലും റോമിലും ഫ്ളോറന്‍സിലും ഉള്ള മ്യൂസിയങ്ങളില്‍ കാണുന്ന സ്ത്രീയുടെയും പുരുഷന്‍റെയും അനവധിയായ പൂര്‍ണ്ണ നഗ്നശില്പങ്ങളും ചിത്രങ്ങളും ഇന്നും അവ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും അശ്ലീലാനുഭവമല്ല സമ്മാനിക്കുന്നത്; മറിച്ച് സൃഷ്ടിയുടെ മകുടമായ മനുഷ്യ ശരീരത്തിന്‍റെ, പകരം വയ്ക്കാനാകാത്ത സൗന്ദര്യത്തിന്‍റെ ആഘോഷങ്ങളായിട്ടാണ്. അതോടൊപ്പം സ്രഷ്ടാവിന്‍റെ മഹത്വവും കലാകാരന്‍റെ പ്രതിഭയും അവയില്‍ പ്രതിഫലിക്കുന്നു. ആ കലാസൃഷ്ടികള്‍ ഒരുക്കപ്പെട്ടിരിക്കുന്നതു തന്നെ, അനുവാചക മനസ്സുകളെ ഈ വിധത്തില്‍ അഭൗമിക അനുഭവ തലത്തില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചുതന്നെയാണ്; അല്ലാതെ, തരം താണ ഏതെങ്കിലും സങ്കല്‍പ്പത്തിലേയ്ക്ക് അവരെ ഇറക്കിക്കൊണ്ടു പോകാനായിട്ടല്ല.

installation by mourisio cathalan
പേരിടാത്ത ഒരു കലാസൃഷ്ടി(2004), മൗറിസിയോ കാത്തലാൻ

കലയിലെ പ്രഹരങ്ങള്‍ മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നതിന്‍റെ രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഒന്ന്, ഇറ്റാലിയന്‍ കലാകാരനായ, അതിയാഥാര്‍ത്ഥ്യവാദ (Hyper Realism-‑) ശൈലി അനുവര്‍ത്തിച്ചിരുന്ന മൗറിസിയോ കാത്തലാന്‍റെ (1960 -) പേരിടാത്ത ഒരു ശില്പമാണ്((Installation). 2004 ല്‍ മിലാന്‍ നഗരത്തിലെ XIVMaggio എന്ന ചത്വരത്തില്‍, പാതയോരത്തുള്ള ഒരു പടുകൂറ്റന്‍ ഓക്കുമരത്തിന്‍റെ ശിഖരങ്ങളില്‍, തൂക്കിലേറ്റപ്പെട്ട നിലയില്‍ മൂന്നു കുട്ടികളുടെ ശരീരങ്ങളുടെ ശില്‍പ്പങ്ങള്‍ അദ്ദേഹം കെട്ടിത്തൂക്കി. ആ ശരീരങ്ങള്‍ കണ്ടാല്‍ യാഥാര്‍ഥ്യം എന്നേ തോന്നുമായിരുന്നുള്ളു. വഴിപോക്കരുടെ മനസ്സുകളില്‍ അപ്രതീക്ഷിത പ്രഹരമേല്‍പ്പിച്ചുകൊണ്ട്, യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്ന പിഞ്ചുകുട്ടികളുടെ നിലവിളികളിലേയ്ക്ക് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി ചെയ്തതാണ്. സംവാദം പ്രതീക്ഷിച്ചുകൊണ്ട് ചെയ്ത ആ സൃഷ്ടിയെ പക്ഷെ ഏറെ നിസംഗതയോടെയാണ് വഴിപോക്കര്‍ എതിരേറ്റത്. കാരണം യഥാര്‍ത്ഥ ജീവിതത്തില്‍ മനുഷ്യര്‍ അതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് സാക്ഷ്യം വഹിക്കുന്നത് പതിവാകുന്ന ഒരു കാലത്ത്, ഒരു ദുരന്തകാഴ്ച്ചയോ ചിത്രീകരണമോ വാര്‍ത്തയോ പോലും അവരുടെ മനസ്സുകളെ ഒരു നിശ്ചിത പരിധിക്കപ്പുറം നൊമ്പരപ്പെടുത്താന്‍ പര്യാപ്തമല്ലാതായിരിക്കുന്നു. ചില ലോലഹൃദയര്‍ക്ക് പക്ഷെ അവ ഭാരപ്പെട്ടതായിരുന്നു. അവരിലൊരാള്‍ ആ മരത്തില്‍ കയറി അവയില്‍ ഒന്നു രണ്ടെണ്ണം മുറിച്ചു താഴെയിടുകയുണ്ടായി; എങ്കിലും നിയമം കലാകാരന്‍റെ ആവിഷ്കാരാവകാശങ്ങള്‍ക്കൊപ്പം നിലകൊണ്ടു.

Christ in the tomb
The Body of Christ in the Tomb(1522), By Hans Holbein the Younger between 1520 and 1522

രണ്ടാമത്, ജര്‍മന്‍ കലാകാരനായ ഹാന്‍സ് ഹോള്‍ബൈന്‍റെ The Body of Christ in the Tomb(1522) എന്ന ചിത്രമാണ്. ദുഖവെള്ളിയുടെ മുഴുവന്‍ നിലവിളികളും സാന്ദ്രരൂപം പ്രാപിച്ച, ശരീരത്തിലെ രക്തവും ജലവും മുഴുവന്‍ വാര്‍ന്നു പോയി വലിഞ്ഞ് മുറുകി മെല്ലിച്ചുണങ്ങിയ ക്രിസ്തുവിന്‍റെ മൃതശരീരം കല്ലറയില്‍ കിടത്തിയിരിക്കുന്നു. തുറന്നു പിടിച്ച കണ്ണുകള്‍ മരണത്തിനപ്പുറത്തേയ്ക്ക് കാണുന്നതുപോലെയും തുറന്ന ചുണ്ടുകള്‍ വീണ്ടുമെന്തോ പറഞ്ഞുകൊണ്ടിരിക്കുന്ന പോലെയും ഉണ്ട്. സ്വിറ്റ്സര്‍ലണ്ടിലെ ബാസല്‍പട്ടണത്തിലെ ചിത്രകലാ മ്യൂസിയത്തില്‍ ഈ ചിത്രം 1867 ല്‍ ഫെയദോര്‍ ഡോസ്റ്റോവ്സ്കി കണ്ട് ഒരു അപസ്മാരരോഗിയെപ്പോലെ നിലവിട്ട് പെരുമാറിയെന്നും അദ്ദേഹത്തിന്‍റെ ഭാര്യ ഏറെ പണിപ്പെട്ട് അദ്ദേഹത്തെ ഗാലറിക്ക് പുറത്തേയ്ക്ക് കൈയ്ക്ക് പിടിച്ചു കൊണ്ടുപോയെന്നും ചരിത്രം. ക്രിസ്തുവിന്‍റെ മരണവേദന ആവാഹിച്ചു ചിത്ര രചന നടത്തിയ കലാകാരന്‍റെ പ്രതിഭയും, നൂറ്റാണ്ടുകള്‍ക്കു ശേഷം ആ പ്രഹരമേറ്റെടുക്കാന്‍ പ്രാപ്തമായ മറ്റൊരു കലാകാരന്‍റെ ഹൃദയവും എത്ര പ്രതിഭാസമ്പന്നം!

Supper at Nunnery, ടോം വട്ടക്കുഴി, കൊച്ചി മുസിരിസ് ബിനാലെ,2025-26
Supper at Nunnery, ടോം വട്ടക്കുഴി, കൊച്ചി മുസിരിസ് ബിനാലെ,2025-26

ഇനി, കൊച്ചി മുസിരിസ് ബിനാലെയിലെ Supper at the Nunneryഎന്ന ചിത്രത്തിലേക്ക് വരാം. നവോത്ഥാന കാലഘട്ടത്തിലെ വിശ്വവിഖ്യാത കലാപ്രതിഭയായ ലെയോനാര്‍ദോ ദാ വിഞ്ചി, യാഥാര്‍ഥ്യവാദ (Realism-) ശൈലിയിലും രൂപാത്മക (Figurative Art) ശൈലിയിലും രചിച്ച 'ക്രിസ്തുവിന്‍റെ അന്ത്യഅത്താഴം- എന്ന അതികുലീനമായ ദൃശ്യാവതരണത്തിന്‍റെ ഘടനയില്‍ വരച്ചതാണിതെന്നു വ്യക്തം. പൂര്‍ണ്ണമായും അനുവാചകരുടെ സ്വതന്ത്ര നിര്‍ണ്ണയങ്ങള്‍ക്ക് വിടാന്‍ ഇതൊരു അമൂര്‍ത്ത കലാസൃഷ്ടി (Abstract Art) അല്ല, മറിച്ച് രൂപാത്മക ശൈലിയിലും (Figurative Art) യാഥാര്‍ത്യവാദ ശൈലിയിലും (Realism) രചിക്കപ്പെട്ട ഒന്നാണ് ദാ വിഞ്ചിയുടെ അന്ത്യത്താഴം എന്ന സൃഷ്ടിയെയോ മറ്റേതെങ്കിലും വിശ്വ വിഖ്യാത കലാസൃഷ്ടിയെയോ അടിസ്ഥാനപ്പെടുത്തി അതിന്‍റെ സങ്കേതങ്ങള്‍ക്ക് നൂതന വ്യാഖ്യാനം (decode) ചെയ്യുക എന്നത് സൃഷ്ടിപരവും ഉദാത്തവുമാണ്. എന്നാല്‍ ഇവിടെ അതിനു വിപരീതമായി, ഉദാത്തീകരണത്തിനു പകരം വക്രീകരണമാണ് സംഭവിച്ചിരിക്കുന്നത് എന്ന് കാണാന്‍ കഴിയും.


വിശദമായി പറഞ്ഞാല്‍ ഈ ചിത്രത്തില്‍ ദാ വിഞ്ചിയുടെ അന്ത്യത്താഴ ചിത്രത്തിലെ പതിമൂന്നു പുരുഷപ്രജകളെയും നീക്കം ചെയ്ത്, പകരം ഭക്ഷണശാലയില്‍ സ്ത്രീപ്രജകളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതില്‍ പന്ത്രണ്ട് പേരെയും കത്തോലിക്കാ സന്യാസിനിമാരുടെ വേഷം ധരിപ്പിച്ചിരുന്നു. നടുവില്‍, ക്രിസ്തുസ്ഥാനത്ത് ചിത്രീകരിച്ചിരിക്കുന്ന സ്ത്രീയ്ക്ക് സന്യാസിനീ വേഷം ഇല്ല എന്ന് മാത്രമല്ല, മുന്‍ഭാഗത്ത് വേഷമേ ഇല്ല. ഈ ചിത്രം കാണുന്നവരുടെ കണ്ണുകള്‍, ക്ളോണ്‍ ചെയ്ത് ഇരുത്തിയ പോലുള്ള ആ പന്ത്രണ്ടു വേഷധാരികളെ വിട്ട്, നടുവില്‍ തുറന്ന മാറിടം പ്രദര്‍ശിപ്പിച്ച് ഇരുത്തിയിരിക്കുന്ന സ്ത്രീയില്‍ ചെന്ന് നില്‍ക്കുന്നതില്‍ അത്ഭുതമില്ല. അവിടെ നിന്നും പ്രേക്ഷകന്‍റെ കാഴ്ചയ്ക്കും ഭാവനയ്ക്കും ഉദാത്തമായ ഒരു തുടര്‍ വഴി ഒരുക്കപ്പെട്ടിട്ടില്ല. അത്താഴ മേശയില്‍ ആപ്പിളും ബണ്ണും വിളമ്പിയിരിക്കുന്നതു കാണാം. പിറകില്‍ അകലെക്കൂടി ആയുധ ധാരികളായ ഏതാനും പട്ടാളക്കാര്‍ ഉള്ളില്‍ പ്രവേശിക്കുന്നുണ്ട്. അവര്‍ക്ക് ഇവിടെ എന്ത് കാര്യം എന്ന് ചിന്തിച്ചു പോകും. സ്ത്രീശരീരങ്ങള്‍ നോട്ടമിട്ട് വന്നവരോ? അതോ വിശന്നിട്ട,് മേശയിലെ വിഭവങ്ങള്‍ കൈക്കലാക്കാന്‍ വന്നവരോ? അതുമല്ലെങ്കില്‍ ആ സ്ത്രീകളെ അവരുടെ ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ പേരില്‍ കൈയാമം വയ്ക്കാന്‍ വരുന്ന നിയമപാലകരോ?


കത്തോലിക്ക സഭയിലെ പുരുഷ മേധാവിത്തത്തിനെതിരായി സദുദ്ദേശപരമായ ഒരു പ്രതിഷേധവും മാറ്റത്തിനുള്ള ക്ഷണവും ആയിരുന്നോ കലാകാരന്‍ ഉദ്ദേശിച്ചിരുന്നത്? അങ്ങനെ ആയിരുന്നെങ്കില്‍ പന്ത്രണ്ട് പുരുഷ കഥാപാത്രങ്ങളുടെ സ്ഥാനത്ത് പാതി എണ്ണം സ്ത്രീകളെ പ്രതിഷ്ഠിക്കുകയല്ലേ വേണ്ടിയിരുന്നത്. അങ്ങനെ സ്ത്രീപുരുഷ സമതത്വം വ്യക്തമാകുമായിരുന്നു. ഇവിടെ, പുരുഷ മേധാവിത്തമെന്ന അസന്തുലിതാവസ്ഥയെ സ്ത്രീമേധാവിത്തമെന്ന അസന്തുലിതാവസ്ഥ കൊണ്ട് തിരുത്താന്‍ ശ്രമിച്ചിരിക്കുന്നു.


സ്ത്രീയുടെ മാറിടം അനാവൃതമാക്കി ചിത്രീകരിച്ചതിലൂടെ സ്ത്രീശക്തിയും അവളുടെ അന്തസ്സും ഉയര്‍ത്തിക്കാണിക്കുകയായിരുന്നോ ലക്ഷ്യം? അതോ ഇവിടെ സ്ത്രീത്വവും മാതൃത്വവും അവഹേളനത്തിനിരയാകുകയാണോ ഉണ്ടായത്? ഈ ചിത്രം കണ്ട് പുകഴ്ത്തിപ്പറയാന്‍ എത്ര സ്ത്രീകളും അമ്മമാരും ഉണ്ടാവും; എത്ര ഫെമിനിസ്റ്റുകള്‍ ഉണ്ടാവും? ഈ ചിത്രത്തെ സ്ത്രീയുടെ പക്ഷം ചേരലായി കാണുന്ന ഒറ്റ സ്ത്രീയെയും ഒരു ഫെമിനിസ്റ്റിനെപോലും കണ്ടുമുട്ടാന്‍ സാധിച്ചില്ല; മറിച്ച് ഈ ചിത്രം സ്ത്രീയെ പരസ്യമായി അപമാനിക്കുന്നു എന്നും, ഇത് ദൈവദൂഷണപരമായിരിക്കുന്നുവെന്നും പറഞ്ഞ ചില സ്ത്രീശാക്തീകരണ വാദികളെപ്പോലും കാണാനിടയായി.


ഉദാത്തമായതിലേയ്ക്ക് ഒരു ചൂണ്ടുപലക കാണാനില്ലാത്ത ഈ രചന, ഒരു വിശ്വാസി സമൂഹം പവിത്രമായി കണ്ടു പോന്നിട്ടുള്ള ഒരാവിഷ്കാരത്തിന്‍റെ വെറും പരിഹാസനുകരണമാണെന്നു വിലയിരുത്തപ്പെടുന്നതില്‍ അത്ഭുതമില്ല. വിശുദ്ധവും, ഈ ലോകത്തും മറുലോകത്തും ഉടമസ്ഥത ഉള്ളതുമായ ക്രിസ്തുവിന്‍റെ അന്ത്യത്താഴമെന്ന വിശ്വോത്തര കലാസൃഷ്ടിയെ, അതിന്‍റെ അര്‍ത്ഥത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് അര്‍ദ്ധനഗ്നമാക്കി ചുവപ്പു പട്ടു ചുറ്റി പ്രദര്‍ശിപ്പിക്കുന്നതില്‍ എവിടെയാണൊരു സദുദ്ദേശം ഇരിക്കുന്നത്?


ഏതെങ്കിലും ഒരു കലാകാരന്‍ സ്വന്തം കുടുംബ ഫോട്ടോയിലെ കഥാപാത്രങ്ങളെ നഗ്നമായി വികലമാക്കി പ്രദര്‍ശിപ്പിച്ചതായി കേട്ടിട്ടില്ല. ഒരു രാജ്യത്തിന്‍റെ പരമോന്നത വ്യക്തിത്വങ്ങളെയും പ്രതീകങ്ങളെയും വക്രീകരിച്ച് ഒരു കലാകാരനും തന്‍റെ ആവിഷ്കാര സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ ധൈര്യപ്പെടില്ല. പിന്നെ, ആവിഷ്കാര സ്വാതന്ത്ര്യം അവകാശപ്പെടുന്നവര്‍ക്ക് ഒരു മേച്ചില്‍ സ്ഥലം ഉള്ളത് മത വിശ്വാസ മേഖലയാണ്. സഹിഷ്ണുതയും ശത്രുസ്നേഹവും മുഖമുദ്രയാക്കിയിരിക്കുന്ന ക്രിസ്തുമതം അങ്ങനെ ഉള്ളവര്‍ക്ക് പ്രിയപ്പെട്ട ഒരിടം ആകാറുള്ളതില്‍ അത്ഭുതമില്ല. ഒരു വശത്ത്, ലോകമെങ്ങും ക്രിസ്തുമത വിശ്വാസം ഏറെ വിലമതിക്കപ്പെടുന്നു എന്നത് ഒരു സത്യമാണ്; അതേ സമയം അത് ഏറെ അവഹേളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്. ഒരു മതസ്ഥാപകന്‍ എന്നതിലുപരി, ക്രിസ്തു മാനവരാശിയുടെ മനസാക്ഷിയുടെ മുഴുവന്‍ അവസാനവാക്കാണ്. ആ ക്രിസ്തുവിന്‍റെ ഇരുതലവാളാകുന്ന സുവിശേഷ സന്ദേശം, പാപത്തില്‍ ചരിക്കുന്ന ഏവരുടെയും മനസാക്ഷിക്ക് വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ ക്രിസ്തുസന്ദേശം പ്രസംഗിക്കുന്നവര്‍ക്കും അതിന്‍റെ പ്രസ്ഥാനങ്ങള്‍ക്കും ഇടര്‍ച്ചകള്‍ പറ്റുമ്പോള്‍ അത് സമൂഹമധ്യേ വന്‍കിടയായിആഘോഷിക്കപ്പെടുന്നു.


ശത്രുക്കള്‍ ക്രിസ്തുവിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചതിനു കാരണം, അവര്‍ ക്രിസ്തുവാകുന്ന മുഖക്കണ്ണാടിയുടെ മുന്‍പില്‍ നിന്നപ്പോള്‍ അതില്‍ തെളിഞ്ഞ അവരുടെ വൈരൂപ്യങ്ങള്‍ അവരില്‍ ജനിപ്പിച്ച ദയനീയതയും അപകര്‍ഷതയും ഭയവും അസൂയയുമാണ്. 'നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ സാധിക്കും' (യോഹ. 8: 46) എന്ന അവിടുത്തെ വെല്ലുവിളിക്ക്, എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് മറുപടി ബോധിപ്പിക്കാനുണ്ടായില്ല എന്നതുതന്നെയായിരുന്നു അവരുടെ പ്രശ്നവും. ക്രിസ്തുവിനെ വധിക്കാന്‍ കൂട്ടുനിന്ന പീലാത്തോസ് അവിടുത്തെ അധികാരത്തിന്‍റെ അടിത്തറ കണ്ടു ഭയന്നു. നാട്ടുരാജാവായിരുന്ന ഹേറോദേസ് അവിടുത്തെ ജീവിതത്തിന്‍റെ ധാര്‍മ്മികപൂര്‍ണ്ണത കണ്ട് ലജ്ജിച്ചു. നിയമജ്ഞരും ഫരിസേയരും അവിടുത്ത ജ്ഞാനത്തിനു മുന്‍പില്‍ തങ്ങളുടെ അജ്ഞത ഓര്‍ത്ത് അസൂയ മൂത്ത് മനസ്സിന്‍റെ സമനില തെറ്റിയവരായി. യഹൂദ മഹാപുരോഹിതരും പുരോഹിത ഗണങ്ങളും അവിടുത്തെ വിശുദ്ധിക്ക് മുന്‍പില്‍ കളങ്കഭാരത്താല്‍ കുനിഞ്ഞ മാനസങ്ങളുമായി നിലകൊണ്ടു. പിന്നെ അവരുടെ മുന്‍പില്‍ ശേഷിച്ച മാര്‍ഗ്ഗം ക്രിസ്തുവിനെ ആക്രമിച്ചും അവഹേളിച്ചും ഇല്ലായ്മ ചെയ്യുക എന്നത് മാത്രമായിരുന്നു. ഇന്നും പലരെയും ക്രിസ്തുവൈരികള്‍ ആക്കിത്തീര്‍ക്കുന്നതില്‍ അവരറിയാതെ തന്നെ,മേല്‍ സൂചിപ്പിച്ച ഘടകങ്ങള്‍ പ്രവര്‍ത്തനനിരതമാണ് എന്ന് കാണാന്‍ കഴിയും.


ഏതൊരു കലാകാരനെ സംബന്ധിടത്തോളം തന്‍റെ സൃഷ്ടി അറിയപ്പെടുന്നതും ചര്‍ച്ചാവിഷയമാകുന്നതും സന്തോഷകരമാണ്. ക്രൈസ്തവ വിശ്വാസത്തോട് അനാദരവ് കാട്ടി കലാസൃഷ്ടി നടത്തുമ്പോള്‍ കലാകാരന് എളുപ്പം പേരെടുക്കാനും തന്‍റെ സൃഷ്ടിക്ക് എളുപ്പത്തിലും സൗജന്യമായും പ്രചാരം കിട്ടാനും ഇടയാകുന്നു. കാര്യമായ ദോഷഫലങ്ങള്‍ നേരിടേണ്ടി വരുന്നുമില്ല.


ഒരു കലാകാരനോ സ്വതന്ത്ര ചിന്തകനോ വൈകാരികാംശം കൂടാതെ ഇത്തരം സൃഷ്ടികള്‍ ചെയ്യാന്‍ സാധിച്ചേക്കും. അതുപോലെ തന്നെ ക്രിസ്തുവിനെ ബോധ്യം ഇല്ലാത്തവര്‍ക്കും അവിടുത്തെ, സ്വന്തം ഇഷ്ടം പോലെ വ്യാഖ്യാനിക്കാനാഗ്രഹിക്കുന്നവര്‍ക്കും അവിടുത്തെ ഒരു വിശ്വഗുരു എന്നതിലധികമായി അംഗീകരിക്കാനുദ്ദേശിച്ചിട്ടില്ലാത്തവര്‍ക്കും ഇത്തരം കലാവിഷ്കാരങ്ങള്‍ സ്വാഭാവികമായി തോന്നാം. എന്നാല്‍ ഒരു ക്രിസ്തുവിശ്വാസി തന്‍റെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന തന്‍റെ ജീവിതത്തിനും മരണാനന്തരത്തിനും അര്‍ത്ഥം നല്‍കുന്ന വിശ്വാസങ്ങള്‍ ഇത്തരത്തില്‍ ആവിഷ്കരിക്കപ്പെട്ടു കാണുമ്പോള്‍ അവിടെ ലാഘവത്വത്തിന്‍റെയും, അനാദരവിന്‍റെയും, ദുരുപയോഗത്തിന്‍റെയും, ദൈവദൂഷണത്തിന്‍റെയും അംശങ്ങള്‍ പ്രത്യക്ഷപ്പെടുകയായി.


ഒരു പാരടിപ്പാട്ടുപോലെ, തനതായ ഗൃഹപാഠമോ കാര്യമായ കലാധ്വാനമോ കൂടാതെ സൃഷ്ടിക്കപ്പെട്ട ഈ ലളിതകലാരചനമാത്രമല്ല, ഏതൊരു ലളിതകലാ സൃഷ്ടിയും ഇത്രത്തോളം ലളിതമാകാതിരിക്കുകയാണ് വേണ്ടത്. കന്യാസ്ത്രീമുഖങ്ങളെ കണ്ണടപ്പിച്ചു ചിത്രീകരിച്ചത് പോലും ഒരു കുറുക്കുവഴി ആയിരുന്നില്ലേ എന്ന് തോന്നിപ്പോകുന്നു. തുറന്ന കണ്ണുകള്‍ ചിത്രീകരിക്കുക കൂടുതല്‍ ശ്രമകരമാണ്. കാരണം അപ്പോള്‍ അതില്‍ ഭാവങ്ങളും മനോഭാവങ്ങളും സന്നിവേശിപ്പിക്കേണ്ടി വരും. ഉറക്കെ പറഞ്ഞു കേള്‍പ്പിക്കാന്‍ കൊള്ളാവുന്ന ഒരു കഥ സാംഗത്യമുള്ള ഒരു പ്രതിഷേധം, കാണാപ്പുറങ്ങള്‍ കാട്ടിത്തരുന്ന ഒരു വിമര്‍ശനപ്രഹരം, മാന്യമായും നീതിയായും രസിപ്പിക്കുന്ന ഒരു ആക്ഷേപഹാസ്യം എന്നിങ്ങനെ എന്തെങ്കിലും ഒന്ന് കൈവശം ഇല്ല എന്നു വരികില്‍ അത്തരം കലാകാരന്‍മാര്‍ ചായവും ബ്രഷും ക്യാന്‍വാസും ഒക്കെ പെട്ടിയില്‍ തന്നെ അടച്ചു സൂക്ഷിക്കുന്നതാണല്ലേ ഉത്തമം.


ബൈബിള്‍ എന്നും കലാഭാവനയുടെ വറ്റാത്ത ഉറവിടം തന്നെയായി നിലനില്‍ക്കുന്നു. പ്രതിഭയുള്ള കലാമനസ്സുകള്‍ക്ക് അതില്‍ നിന്നും പ്രചോദനങ്ങള്‍ ഉള്‍ക്കൊള്ളാനും അതുവഴി മറ്റുള്ളവരെ പ്രചോദിപ്പിക്കാനും സാധിക്കും. പറയുടെ മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട വിളക്ക് പോലെ അനുവാചകര്‍ക്ക് ഭാവാത്മകമായ പുതിയ കാഴ്ചകള്‍ നല്‍കുന്നതില്‍ കലാകാരന്‍മാര്‍ സാമര്‍ഥ്യം തെളിയട്ടെ. വീണ്ടുവിചാരമില്ലാത്ത സാഹസങ്ങള്‍ക്ക് പകരം സജീവ സംഭാഷണങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഉണര്‍ത്തുപാട്ടുകളാകട്ടെ കലാസൃഷ്ടികള്‍.


കലയും കാഴ്ചയും

ജെയിംസ് വാഴചാരിക്കല്‍ കപ്പുച്ചിന്‍

അസ്സീസി മാസിക ഏപ്രിൽ 2026

Apr 7

0

34

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page