ജോര്‍ജ് വലിയപാടത്ത്
Oct 25
നമ്മള്‍ കൊയ്യും വയലുകള്‍ വിളവിന്റെ സ്വപ്ന സങ്കല്‍പ്പങ്ങളും, സമൃദ്ധിയുടെ മിഥ്യാധാരണാ സംതൃപ്തിയും നിറഞ്ഞതാകാം. എന്നാല്‍ മുതല്‍മുടക്കി, രാപകല്‍ അദ്ധ്വാനിച്ചു വിത്തിറക്കി, കാലങ്ങളോളം കാത്തിരുന്ന് വിളവിനെ പാഴാക്കാതെ സംഭരിച്ച് പങ്കുവയ്ക്കുവാനുള്ള സാഹചര്യമാണ് കര്‍ഷക സമൂഹം എന്നും വിലമതിക്കുന്നത്.
മുട്ടനൊരുത്തനെ തട്ടേല്‍ കയറ്റിയും (വിത്തിന്)
മുട്ടനില്‍ മുട്ടനെ നടക്കു വച്ചും (കണ്ടുകാഴ്ചയും)
പൊട്ടനെയും ഭോഷനെയും ചട്ടിയില്‍ കയറ്റി (ഭക്ഷണാവശ്യം)
എട്ടങ്ങാടിക്കായി ബാക്കി കരുതുന്നു''
പാരമ്പര്യം കര്‍ഷകര്‍ക്കു മാത്രം സ്വതസ്സിദ്ധമാണ്. വൃക്ഷലദാതികള്‍ വായുവിനെ ആഹാരമാക്കി പ്രകാശസംശ്ലേഷണത്തിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വിശപ്പിനെ ശമിപ്പിക്കുന്ന ഭോജ്യം പൈതൃകമായി കണ്ടറിയുന്ന കര്‍ഷകരംഗം പുലരുന്നത് പരിത്യാഗത്തിന്റെ പ്രതിബദ്ധതയിലുള്ള പ്രയത്‌നത്തിന്റെ ആനന്ദത്തിലാണ്.''നുകവും തോളിലേന്തി കാളക്കു പിന്‍പേ പോകുംസുകൃതരൂപമേ നിന്നെ ഞാന്‍ നമിക്കുന്നു.പൊരിവെയിലില്‍ നിന്റെ യുഗമാം തപസല്ലോനിറകതിര്‍ ചൂടിച്ചു നെല്‍പ്പാടത്തെ''എന്നു ചങ്ങമ്പുഴ കവിതയില്‍ വിവക്ഷിച്ചിട്ടുള്ളത് അന്വര്‍ത്ഥമാണ്.
ആധുനിക ധനതത്വ ശാസ്ത്രത്തിന്റെ വികലമായ വികസനം; ജീവന്റെ ഉറവിടമായ മണ്ണും ജലവും വായുവും മലിനമാക്കി, മരതക പച്ചപ്പുകളെ ഇല്ലാതാക്കി, കാര്‍ഷിക മേഖലയെ നശിപ്പിച്ച്, സമ്പത്തെല്ലാം ശോഷിപ്പിച്ച് നരക വേദനയിലേക്ക് കര്‍ഷകരെ എത്തിച്ചു. പതിറ്റാണ്ടുകള്‍ പിന്നിടുന്ന വികസനം കൃഷിയെ നാട്ടിലെ ഏറ്റവും ശപിക്കപ്പെട്ട തൊഴിലായി മാറ്റിയിരിക്കുന്നു. ഹരിത വിപ്ലവം കാര്‍ഷികമേഖലയ്ക്കു ഗുണകരമായി എന്നു കരുതുമ്പോഴും, തുടര്‍ന്ന് അനുഭവയോഗ്യമായ ദുരിത സാഹചര്യങ്ങള്‍ മൂലധനക്ഷാമത്തിനും വിളനാശത്തിനും ഉല്‍പന്നവില തകര്‍ച്ചക്കും വഴിയൊരുക്കി. സ്വയം സംരംഭകത്തിന്റെ ധനവിനിയോഗ കെട്ടുറപ്പില്‍ പരമ്പരാഗതമായി തുടരുന്ന ഈ ഉത്തമതൊഴില്‍ സംസ്‌കാരത്തിന് സത്യസന്ധമായ ചില്ലിക്കാശിന്റെ വരുമാന ഊറ്റത്തിനപ്പുറത്തേക്ക് ബാധ്യതകള്‍ ഒന്നും ചാര്‍ത്തി നല്‍കാറില്ല. എന്നാല്‍ ഈ മേഖലയുടെ പരിപോഷണ ഉത്തരവാദിത്തങ്ങള്‍ക്കു രൂപം കൊണ്ട ഭരണസംവിധാനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കൃഷിയെ അരക്ഷിതാവസ്ഥയിലേക്കും, തകര്‍ച്ചയിലേക്കും എത്തിച്ചുകൊണ്ടിരിക്കുന്നു. ഭരണസംവിധാനങ്ങള്‍ക്കു യാതൊരു മുതല്‍മുടക്കു ബാധ്യതകള്‍ക്കിടയാക്കാതെ പ്രവര്‍ത്തിക്കുന്ന ഈ ഭൂരിപക്ഷ സമൂഹത്തിന്റെ ഉത്തമ തൊഴില്‍ മേഖല പൂര്‍ണമായി നശിച്ചു നഷ്ടമാക്കാനിട വരുത്തുന്നത് വ്യക്തമായ മനുഷ്യാവകാശ ലംഘനവും ഭാരതത്തിന്റെ ഭരണഘടന അതിലംഘിച്ചു നഗ്നമായി പ്രവര്‍ത്തിക്കുന്ന ദേശദ്രോഹവുമായി കാണാം. കാര്‍ഷിക മേഖലക്കു ഗുണകരമായ നിരവധി സേവന സാഹചര്യങ്ങളെ അവഗണിച്ചും, കൃഷിസ്ഥലങ്ങളെ കണ്ടറിയാതെ ബൃഹത്തായ കെട്ടിട സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രങ്ങളും, കാര്‍ഷിക പഠന കേന്ദ്രങ്ങളും സ്ഥാപനങ്ങളും എല്ലാം കൃഷിമേഖലയുടെ ബാധ്യതകളുടെ ബാക്കിയായി തുടരുന്നത് വിരോധാഭാസമാണ്. ഈ പ്രസ്ഥാനങ്ങള്‍ക്കും ഇവയിലെ ഉദ്യോഗ പ്രഭുക്കള്‍ക്കുമായി ചെലവാക്കുന്ന ഭീമമായ പണവിന്യാസം നാടിനു വേണ്ടി പട്ടിണി കിടന്ന് അന്നം വിളയിക്കുന്ന അദ്ധ്വാനിയായ കര്‍ഷകനു നല്‍കി, രക്ഷാമാര്‍ഗം തേടേണ്ട ചുമതല ഭരണഘടനാപരമായി അടിയന്തരമായി ഉണ്ടാകേണ്ടതാണ്. നിലവാര തകര്‍ച്ചയും സാമ്പത്തികവും സാമൂഹ്യവുമായ അസമത്വവും നാണിപ്പിക്കും വിധം ചൂഷണം ചെയ്യാനിടവരുത്തുന്ന നാട്ടിലെ പ്രസ്ഥാനങ്ങള്‍ കര്‍ഷകരുടെ സേവകരോ; അന്തകരോ?
നമ്മുടെ ജനാധിപത്യക്ഷേമ രാഷ്ട്രത്തില്‍ രാഷ്ട്രപിതാവ് താല്പര്യപൂര്‍വം നിര്‍ദ്ദേശിച്ച അപ്പത്തിനായുള്ള അദ്ധ്വാനം ചുമതലയോടെ നിര്‍വഹിക്കുന്ന കൃഷിക്കാരന് അവഗണനയും നിന്ദയും സാമ്പത്തിക ചൂഷണവും വിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങളുടെ നിഷേധമായിത്തന്നെ കാണണം. വികലമായ പദ്ധതി നിര്‍ണയങ്ങളില്‍ കൊട്ടിഘോഷിച്ചു നല്‍കുന്ന ആനുകൂല്യങ്ങള്‍തന്നെ തട്ടിക്കിഴിവുകള്‍ക്കു ശേഷം പൊഴിഞ്ഞു താഴെത്തട്ടില്‍ ഗുണഭോക്താക്കള്‍ക്കു ലഭിക്കുമ്പോള്‍ ചില്ലറ നാണയത്തുട്ടുകളാക്കുന്നത് നിരാശാജനകമാണ്.
അനുദിന ജീവിതത്തിലെ ഭരണതലങ്ങളെ സ്വാധീനിക്കുന്ന നാലു ഘടകങ്ങളായ നിയമനിര്‍മ്മാണ വിഭാഗം, ഉദ്യോഗസ്ഥ വിഭാഗം, നിയമരംഗം, മാധ്യമ രംഗം ഇവയെല്ലാം സാധാരണ ജനമായ കര്‍ഷകരുടെ വരുതിക്ക് അതീതമായി നിലനിര്‍ത്തപ്പെട്ടിരിക്കുന്നു. അതിലുപരി ആധുനിക രാഷ്ട്രീയ ധനതത്വ നിര്‍വചനങ്ങള്‍ കാര്‍ഷിക മേഖലയെ അവഗണിച്ചു പരിമിതപ്പെടുത്തുന്നു. അതായത് സ്വതന്ത്ര ഭാരതത്തിലെ ഭൂരിപക്ഷ കാര്‍ഷിക ജനത ഇന്നും സ്വദേശി ഭരണമേധാവികളുടെ അടിമത്തത്തില്‍ അമര്‍ന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കാര്‍ഷിക ജനതയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിസമത്വം, സ്വാതന്ത്ര്യം, അവരസമത്വം ഇവയെല്ലാം ഹനിക്കപ്പെടുന്നതു തുടരുന്നു.
കേരളത്തിലെ കാര്‍ഷിക പ്രതിസന്ധി ഒരൊററ രാത്രികൊണ്ട് ഉടലെടുത്തതല്ല. ഈ പ്രതിസന്ധി കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മാത്രമല്ല, അതിലുപരി ആഗോളവ്യാപകമായി അനുഭവപ്പെടുന്ന കാര്‍ഷികപ്രതിസന്ധിയുടെ ഒരു പരിഛേദം മാത്രമാണ്. കാര്‍ഷികപ്രതിസന്ധികളെക്കുറിച്ച് ഇന്ന് നാം വേവലാതിപ്പെടുമ്പോള്‍ ഇത് ആരംഭിച്ച സാഹചര്യങ്ങളും അന്നു ലഭ്യമായിരുന്ന മുന്നറിയിപ്പുകളെ നിഷ്‌കരുണം തള്ളിക്കളഞ്ഞതും ഓര്‍മ്മിച്ചെടുക്കുക അനിവാര്യമാണ്. വര്‍ദ്ധിച്ചുവരുന്ന അനുദിന ജീവിതച്ചെലവുകളും, അതു താങ്ങാനാവാതെ നട്ടം തിരിയുന്ന കര്‍ഷകനും, അന്നം വിളയിക്കേണ്ടവന്‍ അത്താഴപ്പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നതും പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
അദ്ധ്വാനം = ഭക്ഷണം
ഒരു കാലത്ത് കൃഷി എന്നത് ജീവസന്ധാരണമാര്‍ഗ്ഗമായിരുന്നെങ്കില്‍, അതില്‍ ഭക്ഷണോത്പാദനം എന്നതായിരുന്നു ഏറ്റവും സുപ്രധാനമായ പ്രക്രിയ. അന്നം വിളയിക്കുന്ന കര്‍ഷകന്‍ ഭക്ഷ്യോത്പാദനത്തില്‍ നിന്ന് പതിയെ അടര്‍ന്നുമാറിത്തുടങ്ങിയപ്പോള്‍ കാര്‍ഷികപ്രതിസന്ധി രൂപപ്പെട്ടിരുന്നു. അതു തിരിച്ചറിയാന്‍ നാം വൈകി എന്നു മാത്രം. ഭക്ഷ്യോത്പാദനം എന്ന അടിസ്ഥാനജീവിത ആവശ്യത്തില്‍ നിന്ന് എന്തുകൊണ്ടാണ് കര്‍ഷകന്‍ തെന്നിമാറാനിടയായത് എന്ന അന്വേഷണം പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ആദ്യപടിയാണ്.
വികലമായ സാമ്പത്തിക-വികസന നയങ്ങള്‍
കൃഷി എന്നത് ഒരു സംസ്‌കാരത്തിന്റെ ഭാഗവും മനുഷ്യന്റെ നിത്യജീവിതത്തിന്റെ നട്ടെല്ലുമായിരുന്ന കാലത്തുനിന്ന് വ്യവസായവത്കരണത്തിലൂടെ അമിതമായ സാമ്പത്തികപുരോഗതിയും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാമെന്നു വന്നതോടെ പരക്കെ കൃഷികള്‍ പഴഞ്ചനായും സ്വീകാര്യത കുറഞ്ഞ തൊഴിലായും അടയാളപ്പെടുത്താന്‍ തുടങ്ങി. ലോകരാഷ്ട്രങ്ങളില്‍ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ അടിസ്ഥാനമിട്ട ഭാരതത്തില്‍, കൃഷിമേഖലയുടെ വ്യാപ്തി താരതമ്യേന കുറഞ്ഞ കേരളത്തില്‍ ഈ കഴിഞ്ഞ നൂറ്റാണ്ടില്‍ വളരെ ശക്തമായി രൂപപ്പെട്ട ഈ ചിന്താധാരയെ സാധാരണക്കാരില്‍ ഊട്ടിയുറപ്പിച്ചത് ഇവിടെ കാലങ്ങളായി നിലനിന്നിരുന്ന ഭരണനിയന്ത്രണ സംവിധാനങ്ങളാണ്. ഭക്ഷ്യോത്പാദനത്തില്‍നിന്ന് കര്‍ഷകന്റെ ശ്രദ്ധയെ വളരെ പെട്ടെന്ന് വാണിജ്യവിളകളിലേക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു കൃഷി സംസ്‌കാരത്തിലേക്ക് പറിച്ചുനടാനുമായി. ഇതുതന്നെയാണ് ഇന്നത്തെ പ്രതിസന്ധിയുടെ സുപ്രധാന കാരണങ്ങളില്‍ ഒന്നാമത്തേത്.
വികസനം എന്നാല്‍ ഉയര്‍ന്ന കെട്ടിടങ്ങളും ശീതികരിച്ച കാറും യാത്രാസൗകര്യങ്ങളും മാത്രമാണെന്നു തെറ്റിദ്ധരിച്ചു നാം, അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇന്ന് കേരളത്തിന്റെ സാമ്പത്തികസ്രോതസ്സിന്റെ 70 ശതമാനവും സേവനമേഖലയില്‍ നിന്നാണ് വരുന്നത്. തീര്‍ച്ചയായും ഉയര്‍ന്ന വിദ്യാഭ്യാസവും സാക്ഷരതാ നിരക്കും ഇന്നു കൂടിയിട്ടുണ്ട്. എന്നാല്‍ പല വികസിത രാജ്യങ്ങളിലും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ഇതരരാജ്യതൊഴിലാളികളെ കുറച്ചുകൊണ്ട് സ്വദേശിവത്കരണം നടപ്പാക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുക ഈ കൊച്ചുകേരളത്തിനെയാണ്. വെറും 15ശതമാനം സാമ്പത്തിക സ്രോതസ്സേ കാര്‍ഷികമേഖലയില്‍നിന്ന് ലഭിക്കുന്നുള്ളൂ എന്ന് തിരിച്ചറിയുമ്പോഴാണ് നാം അനുവര്‍ത്തിച്ചിരുന്ന നയങ്ങളുടെ വികലതയും അപര്യാപ്തതയും നാം തിരിച്ചറിയുന്നത്. ഒരു ന്യൂനപക്ഷത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ക്കനുസൃതമായി രൂപം കൊടുത്ത സര്‍ക്കാര്‍ നയങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദീര്‍ഘവീക്ഷണത്തിന്റെയും സമഗ്രതയുടെയും കാര്യത്തില്‍ വന്‍പരാജയമായിരുന്നു എന്നതാണ് നാം ഇനിയും തിരിച്ചറിയാതെ പോകുന്നത്. ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാകുമ്പോഴും അന്നം വിളയിക്കുന്ന കര്‍ഷകന്‍ പട്ടിണികിടക്കുന്നത് സര്‍ക്കാരിനും പ്രശ്‌നമല്ല. വാണിജ്യസാമ്പത്തിക സ്രോതസ്സുകളുടെ വികലമായ ഒരു പുരോഗതിയിലൂടെ എത്രകാലം നമുക്ക് പിടിച്ചുനില്‍ക്കാനാകും.
കാര്‍ഷികവികസനവും കടലാസുപുലികളും
കാര്‍ഷികനയങ്ങളും രീതികളും കേരളത്തില്‍ ഇന്ന് രൂപം കൊണ്ടതിന്റെ അടിസ്ഥാനം പലപ്പോഴും വേദനിപ്പിക്കുന്ന തമാശകളാണെന്നതാണ് സത്യം. റബ്ബര്‍ ബോര്‍ഡ്, ക്ഷീരവികസനബോര്‍ഡ്, നെല്ലുത്പാദനവിതരണ ബോര്‍ഡ് തുടങ്ങി നിരവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാലക്രമത്തില്‍ രൂപം കൊടുത്തത് തികച്ചും അശാസ്ത്രീയമായ കൃഷി പരിപാലനരീതികള്‍. ആദ്യകാലഘട്ടങ്ങളില്‍ തികച്ചും ശാസ്ത്രീയമാണെന്ന തോന്നലുളവാക്കിയ കണ്ടുപിടുത്തങ്ങളും നിര്‍ദ്ദേശങ്ങളും സബ്‌സിഡികളും ഇന്ന് കര്‍ഷകന്റെ നടുവൊടിച്ചു എന്നു പറയുന്നതാണ് ശരി. ഈ വികസന നയങ്ങള്‍ ആര്‍ക്കുവേണ്ടിയായിരുന്നു? ഈ കൃഷിവകുപ്പുകള്‍ എങ്ങനെയാണ് അന്നത്തെ തമസ്‌കരിച്ച് പണത്തിന്റെ പിന്നാലെ വന്നത്? ഉദാഹരണത്തിന് കൃഷിവകുപ്പ് കണ്ടെത്തിയ സങ്കരയിനം വിത്തിനങ്ങള്‍ എല്ലാംതന്നെ പരമ്പരാഗതമായി നിലനിന്നിരുന്ന മികച്ചവയെ തഴഞ്ഞുകൊണ്ട് രൂപംനല്‍കിയവയായിരുന്നു. അവയുടെ അവസ്ഥാന്തരങ്ങളെപ്പറ്റിയോ പരിപാലനത്തെപ്പറ്റിയോ കൃത്യമായ ബോധ്യങ്ങളില്ലാതെ അവതരിപ്പിച്ചപ്പോള്‍ നമ്മുടെ കര്‍ഷകന് നഷ്ടമായത് അവന്‍ സ്വയംപര്യാപ്തമായി കണ്ടെത്തിയ ഒരു വലിയ ജൈവലോകമാണ്. 187 പേജുള്ള കാര്‍ഷികവികസന പദ്ധതി ഇപ്പോഴും സര്‍ക്കാരിനുണ്ട്. വളരെ ചിട്ടയായും കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. പക്ഷേ പൂച്ചക്കാരു മണികെട്ടും? ഇതെങ്ങനെ കര്‍ഷകരിലേക്കെത്തും. ഒരു ചെറിയ ഉദാഹരണം പറയാം. കര്‍ഷകനു കിട്ടേണ്ട ചില നിസ്സാര ആനുകൂല്യങ്ങള്‍ക്കുപോലും അവനു നിരവധി ഇടങ്ങളും കള്ളികളും കയറിയിറങ്ങേണ്ടതും പൂരിപ്പിക്കേണ്ടതുമുണ്ട്. ഇവയെല്ലാം ഓടിത്തീര്‍ക്കാന്‍ അവന്‍ ചെലവാക്കുന്ന സമയം, ഊര്‍ജ്ജം എന്നിവയുടെ പകുതിപോലും വരില്ല നാമമാത്രമായ ഈ സഹായങ്ങള്‍. കര്‍ഷകന്റെ സമയത്തിനോ അവന്റെ അദ്ധ്വാനത്തിനോ ഇവിടെ ആര്‍ക്കും വിലയില്ല. എന്നാല്‍ അവന്‍ ഉല്പാദിപ്പിക്കുന്നതില്ലാതെ ജീവിക്കാനാവില്ല എന്നത് എന്നു നാം തിരിച്ചറിയും?
വിലത്തകര്‍ച്ച
കര്‍ഷകന്റെ ഉല്പന്നങ്ങള്‍ക്ക് ആരാണ് വില നിശ്ചയിക്കേണ്ടത്? ഇന്നത്തെ നമ്മുടെ സാമ്പത്തിക സംസ്‌കാരത്തില്‍ കര്‍ഷകന് വില നിശ്ചയിക്കാനാവുന്നില്ല. സര്‍ക്കാരിന്റെ നയരൂപീകരണങ്ങള്‍ എന്നും എപ്പോഴും കുറച്ചു വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ലാഭം നേടാന്‍ മാത്രമായി ചുരുക്കിയപ്പോള്‍ സംഭവിച്ച അപകടമാണിത്. ചില കാര്‍ഷിക ഉല്പന്നങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് നടപ്പിലാക്കുന്ന ചില പദ്ധതികള്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചു. ഒപ്പം കീടനാശിനി കമ്പനികളുടെ വരുമാനവും. ഇതിനെ തിരിച്ചറിയാന്‍ ഇന്നും കാര്‍ഷികമേഖല മടിച്ചുനില്‍ക്കുകയാണ്.
രാഷ്ട്രീയ-കുത്തക കോര്‍പറേറ്റുകളുടെ അവിശുദ്ധ കൂട്ടുകെട്ടുകളും വിലത്തകര്‍ച്ചയില്‍ നിര്‍ണായക ഘടകമായി മാറി. കര്‍ഷകന്റെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് കേരളത്തിലെ ഇടതും വലതും ഇടയ്ക്കുള്ളതുമെല്ലാം തങ്ങളുടെ കീശ വീര്‍പ്പിച്ചു എന്നു പറയുന്നതാവും ശരി. അവര്‍ക്കാര്‍ക്കും അന്നം മുട്ടിയവന്റെ ഗതികേട് നേരിട്ടറിയേണ്ടി വന്നിട്ടില്ലല്ലോ. വികസനമന്ത്രാലയങ്ങളും നിരവധി വകുപ്പുകളും ചേര്‍ന്ന് പറയുന്നതെല്ലാം വിശ്വസിക്കാന്‍ നിര്‍ബന്ധിതനായ കര്‍ഷകന്‍ ഒന്നു മാറിചിന്തിക്കാന്‍ ഇനിയും വൈകുന്നു എന്നതാണ് വൈരുദ്ധ്യം.
നിലവിലെ വ്യവസായിക നിയമങ്ങളിലും നയങ്ങളിലും മാറ്റം വരുത്താതെ ഒരിക്കലും ഇനി കര്‍ഷകന് അവന്റെ ഉത്പന്നത്തിനു വിലയിടാനാവില്ല. അവന്റെ കടം എഴുതിത്തള്ളിയതുകൊണ്ടു മാത്രം ഈ വിലത്തകര്‍ച്ചയെ നേരിടാനാവില്ലെന്നു ചുരുക്കം. ഇറക്കുമതി-കയറ്റുമതി നിയമങ്ങളിലും കൃത്യമായ ഭേദഗതികള്‍ ഉണ്ടാവേണ്ടതുണ്ട്. ഇവ കര്‍ഷകനനുകൂലമായി രൂപപ്പെടുത്തണം.
ഏകവിള കൃഷിരീതി
ഏകവിള കൃഷിരീതി ചില നിശ്ചിതതാത്പര്യങ്ങള്‍ക്കു വിധേയമായി പ്രോത്സാഹിപ്പിക്കുന്നത് നാം പരിശോധിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു സമഗ്രകൃഷിസംവിധാനം രൂപപ്പെട്ടെങ്കില്‍ മാത്രമേ ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധാരണ കര്‍ഷകനു കഴിയൂ. ഇന്നും അനാവശ്യവും അനുയോജ്യമല്ലാത്തതുമായ ഏക വിളകളില്‍ കര്‍ഷകന്‍ കുരുങ്ങിക്കിടക്കുന്നതിനു കാരണങ്ങള്‍ പലതാണ്. അവന്റെ സ്വാര്‍ത്ഥത മുതല്‍ കുത്തകമുതലാളിമാരുടെയും ഭരണവരേണ്യ വര്‍ഗ്ഗത്തിന്റെ നിക്ഷിപ്തതാത്പര്യങ്ങള്‍വരെ അതില്‍പ്പെടുന്നു.
ഉപഭോഗസംസ്‌കാരം
കാലഘട്ടത്തിന്റെ മൂല്യച്യുതിപോലെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉപഭോഗസംസ്‌കാരവും ബ്രോയ്‌ലര്‍-ഡിസ്‌പോസിബിള്‍ രീതികളും മണ്ണിനെ മറക്കാനും അന്നത്തിലുപരി ധനത്തില്‍ ആശ്രയം കണ്ടെത്താനും കര്‍ഷകനെ പ്രേരിപ്പിച്ചു എന്നത് വാസ്തവം ആണ്. ഈ രീതികളില്‍ എങ്ങനെ നമുക്ക് മാറ്റം വരുത്താം? ഇവിടെ അവലംബിക്കേണ്ട പരിഹാരമാര്‍ഗങ്ങള്‍ കൂട്ടായി കണ്ടെത്തിയേ തീരൂ. കമ്പോളത്തിന്റെ ലാഭക്കൊതിക്കു മുന്നില്‍ ആയുസ്സും ആരോഗ്യവും അടിയറവു വച്ചു കഴിഞ്ഞു കര്‍ഷകന്‍. ചെറുകിട കര്‍ഷകന്‍ ഇന്ന് കര്‍ഷകത്തൊഴിലാളിയായി മാറുമ്പോഴും ഈ ഉപഭോഗസംസ്‌കാരത്തിന്റെ പിടിയില്‍നിന്ന് മാറുന്നില്ല.
ദേശീയ കാര്‍ഷിക കമ്മീഷന്‍ കാലങ്ങള്‍ മുന്‍പു രൂപീകരിച്ചു പ്രതിസന്ധികള്‍ പഠിക്കുകയുണ്ടായി. കര്‍ഷകര്‍ക്കു മതിയായ സേവന മാര്‍ഗങ്ങള്‍ ഉണ്ടാക്കി കൃഷിയെ രക്ഷിക്കാനായി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കി കേരള കാര്‍ഷിക നയരൂപരേഖ തയ്യാറാക്കി നല്‍കി എന്നു കാണാം. എന്നാല്‍ ഇവയെല്ലാം ഫയലുകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. കര്‍ഷകന് ഇന്നും കുമ്പിളില്‍ തന്നെ കഞ്ഞി. അവന്‍ പട്ടിണിയുടെ അവഗണനയില്‍ തുടരുന്നത് ജനാധിപത്യ ക്ഷേമരാഷ്ട്രത്തിലെ മാനുഷിക പരിഗണനകള്‍ക്കു ഗുണകരമോ? നാട്ടിലെ ജനതതിക്കു അന്നം വിളയിക്കുന്ന, പ്രകൃതിയുടെ സുസ്ഥിതിക്കു വൃക്ഷലതാദികളെ പോറ്റി വളര്‍ത്തുന്ന കര്‍ഷകന്റെ നിലനില്‍പ് സാമൂഹികതല സംരക്ഷണ കൃഷിമാര്‍ഗത്തിന്റെ നേട്ടങ്ങള്‍ വഴിയെങ്കിലും നിലനില്‍ക്കാന്‍ ഇടവരട്ടെ.