ചുംബനം
- ഫാ. ഷാജി CMI

- Apr 3
- 1 min read

ഉം എന്ന കൊടുമുടിക്കും
മ എന്ന കടലിനും
ഇടയ്ക്ക്
വിരിയുന്ന ഒരു പ്രപഞ്ചമാണ്
ചുംബനങ്ങള്‍
-ബി. കെ. ഹരിനാരായണന്‍
സ്നേഹത്തിന്‍റെ തൂലിക കൊണ്ട് അധരമെഴുതുന്ന കവിതയാണ് ചുംബനം. കവികള്‍ അതിനെക്കുറിച്ച് കവിതകളെഴുതുന്നു. ചിത്രകാരന്മാര്‍ കടുംചായങ്ങള്‍ ചാലിക്കുന്നു. അങ്ങനെ മനുഷ്യന്‍റെ ലിപിയില്ലാത്ത സ്നേഹത്തിന്‍റെ ഭാഷയായി 'ലിപ്' മാറുന്നു. 'നിന്‍റെ അധരം എന്നെ ചുംബനം കൊണ്ട് പൊതിയട്ടെ, നിന്‍റെ പ്രേമം വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളതാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ഉത്തമഗീതം ആരംഭിക്കുന്നത്.
വേദപുസ്തകത്തില്‍ ചുംബനം ഉടമ്പടിയുടേയും സാഹോദര്യത്തിന്‍റേയും സ്നേഹപ്രകടനങ്ങളുടേയും പിതൃവാത്സല്യത്തിന്‍റേയും വഞ്ചനയുടേയും ഒറ്റിന്‍റേയും ഒക്കെ അധരമുദ്രയായി മാറുന്ന നിരവധി മൂഹൂര്‍ത്തങ്ങളുണ്ട്.
ഉടമ്പടി ചിഹ്നം
സാവൂള്‍ ദാവീദിനെ നിരവധി കാരണങ്ങളാല്‍ വെറുക്കുന്നു. അപ്പോഴും ദാവീദിന്‍റെ പക്ഷം നില്‍ക്കാന്‍ ആഗ്രഹിച്ച ചങ്ങാതിയാണ് സാവൂളിന്‍റെ വിശ്വസ്ഥനായ ജോനാഥന്‍. ദാവീദിന് രക്ഷപ്പെടാന്‍ ജോനാഥന്‍ വഴിയൊരുക്കുന്നു. സാവൂളിനെ ഭയന്ന് വയലില്‍ ഒളിച്ചിരിക്കുകയാണ് ദാവീദ്. അന്നേരം അവനെ അന്വേഷിച്ചു നടന്ന ജോനാഥന്‍ വയലില്‍ അവനെ കണ്ടെത്തുന്നു. കണ്ടയുടനെ സമാധാനത്തിന്‍റെ ഉടമ്പടി മുദ്രയായി പരസ്പരം ചുംബിക്കുന്നു.
സാഹോദര്യം
പലായനം ചെയ്ത യാക്കോബ് മടങ്ങി വരുന്ന രംഗം. അവന്‍ അസ്വസ്ഥനും ഭയചകിതനുമാണ്. അവനെ കണ്ട ഏസാവ് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് അവനെ ചുംബിക്കുകയാണ് ചെയ്തത്. തന്നെ അടിമയായി വിറ്റ സഹോദരങ്ങളെ എല്ലാം മറന്ന് പഴയനിയമത്തിലെ ജോസഫും ചുംബിക്കുന്നുണ്ട്.
പിതൃവാത്സല്യം
വേദപുസ്തകത്തിലെ ക്ലാസിക് കഥകളിലൊന്നായ ധൂര്‍ത്തപുത്രന്‍റെ മടങ്ങിവരവില്‍, അവന്‍റെ പിതാവ് അവനെ അണച്ചു പിടിച്ച് ചുംബിക്കുന്നു. എല്ലാം പൊറുത്ത് സ്നേഹിക്കാന്‍ മാത്രമറിയാവുന്ന വാത്സല്യത്തിന്‍റെ കാരുണ്യസ്പര്‍ശനമാണ് ആ ചുംബനം.
സ്നേഹപ്രകടനം
ശിമയോന്‍റെ വീട്ടിലെ വിരുന്നുമേശ. ക്ഷണിക്കപ്പെട്ട പ്രമാണിമാര്‍ ചുറ്റിലും ഇരിപ്പുണ്ട്. അവിടേക്ക് കടന്നുവന്ന പാപിനിയായ ഒരു സ്ത്രീ അവന്‍റെ പാദങ്ങളില്‍ സുഗന്ധക്കൂട്ടുകള്‍ പൂശി ചുംബനപ്പൂകൊണ്ട് അലങ്കരിച്ചു.
വഞ്ചന
'സഹോദരാ, സുഖം തന്നെയോ' എന്ന് ചോദിച്ച് ചുംബിക്കുന്നു. മറച്ചുപിടിച്ച വാള്‍ വയറ്റത്ത് കുത്തിയിറക്കുന്നു. സാമുവലിന്‍റെ രണ്ടാം പുസ്തകത്തിലാണ് വഞ്ചനയുടെ ചുംബന കഥ വിവരിക്കുന്നത്. കുത്തിയവന്‍റെ പേര് യോവാബ്, കുത്തുകൊണ്ടവന്‍ അമാസ്.
ഒറ്റ്
ചുംബനം ഒറ്റികൊടുക്കലിന്‍റെ അധരമുദ്രയും ആകാം എന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനും വേദപുസ്തകത്തിനായി. ഗത്സമേനയില്‍ അതീവവ്യസനത്തിലായിരുന്ന ക്രിസ്തുവിന്‍റെ കവിളില്‍ യൂദാസ് നല്‍കിയ ചുംബനം 'യൂദാസേ, ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്നത്' എന്ന ഗുരുവിന്‍റെ സങ്കടമൊഴിയാണ് ഈ ചുംബനത്തില്‍ കൂടുതല്‍ കദനഭാരമേറ്റുന്നത്.
എത്രയെത്ര കലാപങ്ങളെയാണ് അമ്മ ഒരു ഉമ്മകൊണ്ട് ഒത്തുതീര്‍പ്പാക്കിയിട്ടുള്ളത്. ആരും ഒറ്റയല്ല എന്ന ദൈവത്തിന്‍റെ വാഗ്ദാനമാണ് ഓരോ ചുംബനവും. നിന്‍റെ വിണ്ടുകീറിയ പാദങ്ങളെ ആദരവോടെ ചുംബിച്ചുകൊണ്ട് .....
ചുംബനം
ഷാജി സി.എം.ഐ.
അസ്സീസി മാസിക ഏപ്രിൽ 2026

























































