top of page

ആനന്ദഭരിതം ക്രിസ്തീയ ജീവിതം

Dec 3, 2025

5 min read

റോണിയ സണ്ണി

മനുഷ്യൻ ഇന്ന് ഏറ്റവുമധികം പ്രയത്നിക്കുന്നത് സന്തോഷം കണ്ടെത്തുന്നതിനു വേണ്ടിയാണ്. എന്നാൽ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ആനന്ദം എന്നത് ക്ഷണികമായ ഒരു വികാരമല്ല, മറിച്ച് ഹൃദയത്തിന്റെ ആഴത്തിൽ പാകപ്പെട്ടുനിൽക്കുന്ന പരിശുദ്ധാത്മാവിന്റെ ഫലമാണ് (ഗലാ. 5:22); നിർദ്ധിഷ്ടമായ പരിശീലനത്തിലൂടെ അതിനെ പരിപോഷിപ്പിക്കുകയും ചെയ്യാം. പ്രാർത്ഥന, കൃതജ്ഞത, സേവനം, പരിശുദ്ധ അമ്മയോടുള്ള സ്നേഹം എന്നീ ശീലങ്ങൾ വെറും ആത്മീയ കല്പനകളല്ല, മറിച്ച് മനുഷ്യനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്തിനുള്ള മാർഗരേഖയാണ്. ഇത് ആധുനിക ശാസ്ത്രവും കൂടുതൽ കൂടുതൽ സ്ഥിരീകരിച്ചു കൊണ്ടിരിക്കുന്ന സത്യമാണ്. വിശുദ്ധരുടെ ജീവിതങ്ങൾ നിരീക്ഷിക്കുമ്പോൾ, ഈ തത്വങ്ങൾ എത്രത്തോളം തീവ്രമായും വ്യക്തമായും അവർ ജീവിതത്തിൽ നടപ്പാക്കി എന്നത് നമുക്ക് വ്യക്തമായി കാണാൻ കഴിയും.


1. വ്യക്തിപരമായ പ്രാർത്ഥന


ക്രിസ്തീയ വീക്ഷണം: ദൈവവും മനുഷ്യാത്മാവും തമ്മിലുള്ള ഗാഢമായ സംഭാഷണമാണ് വ്യക്തിപരമായ പ്രാർത്ഥന (Personal prayer). സത്യദൈവവുമായുള്ള സുപ്രധാനവും വ്യക്തിപരവുമായ ബന്ധമാണത് (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, 2558). ഈ ബന്ധം "എല്ലാ ധാരണകളെയും മറികടക്കുന്ന" സമാധാനത്തിന്റെ ഉറവിടമാണ് (ഫിലിപ്പിയർ 4:7).


വിശുദ്ധ ഫ്രാൻസിസ് തന്റെ ജീവിതമൊട്ടാകെ പ്രാർത്ഥനയിൽ ലയിച്ചിരുന്ന വ്യക്തിയായിരുന്നു. രാത്രി മുഴുവൻ ജാഗരണത്തിനായി അദ്ദേഹം പലപ്പോഴും ആളൊഴിഞ്ഞ ഗുഹകളിലേക്കോ വനങ്ങളിലേക്കോ പിൻവാങ്ങുമായിരുന്നു. പ്രപഞ്ചത്തിലെ സകലതിലും ദൈവസാന്നിധ്യം ദർശിച്ചിരുന്ന അദ്ദേഹം, “എന്റെ ദൈവം, എന്റെ സമസ്തവും" എന്ന ചെറിയ പ്രാർത്ഥന ഹൃദയത്തിൽ എപ്പോഴും മന്ത്രിച്ചിരുന്നു. പ്രാർത്ഥനയുടെ ഈ ആഴത്തിലാണ് ഇറ്റലിയിലെ ലവേർണ മലയിൽ വച്ച് അദ്ദേഹം പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയത്. അഗാധമായ ദൈവസാന്നിധ്യ അവബോധത്തിലും ക്രിസ്തുവിനോടുള്ള ഉറ്റ ബന്ധത്തിലും നിന്നും ഉണ്ടായ അനുഭവമായിരുന്നു അത്.


ആത്മീയ ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്ന ക്ലാസിക്കുകളിൽ ഒന്നാണ്, സാധകൻ്റെ സഞ്ചാരം ( The Way of the Pilgrim). “മടുപ്പുകൂടാതെ പ്രാർത്ഥിക്കുക” എന്ന തിരുവചനം എങ്ങനെ മനുഷ്യന്റെ ദൈനംദിനജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന് ഈ പുസ്തകം അതീവ ലാളിത്യത്തോടെ അവതരിപ്പിക്കുന്നു. “കർത്താവായ യേശുവേ, ദൈവപുത്രാ, പാപിയായ എന്റെമേൽ കരുണയായിരിക്കണമേ” എന്ന ശക്തമായ 'യേശുപ്രാർത്ഥന' നിരന്തരം ഉരുവിടുക. ഈ പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുന്നതു വഴി, പ്രാർത്ഥന എന്നത് വെറുമൊരു ആചാരമല്ല, എപ്പോഴും ദൈവത്തിന്റെ സ്നേഹസാന്നിധ്യ അവബോധത്തിൽ ആയിരിക്കുക എന്നതാണെന്ന് ഒരു സാധാരണ തീർത്ഥാടകൻ തന്റെ ആത്മീയാന്വേഷണത്തിലൂടെ തിരിച്ചറിയുന്നു. ആരംഭത്തിൽ അധരങ്ങളിൽ നിന്ന് മാത്രം ഉയരുന്ന ഈ പ്രാർത്ഥന, ശാന്തമായ ആവർത്തനത്തിലൂടെ മനസ്സിലേക്കും പിന്നീട് ഹൃദയത്തിലേക്കും ആഴത്തിൽ പതിയുന്നു. തുടക്കത്തിൽ നമ്മുടെ പരിശ്രമം മാത്രമായിരുന്ന പ്രാർത്ഥന, സാവധാനം ഹൃദയത്തിന്റെ ആഴത്തിൽ ദൈവകൃപയുടെ ഒരു ചലനമായി മാറുന്നു. സ്ഥിരതയോടെ ഈ പ്രാർത്ഥനയിൽ മുന്നേറുമ്പോൾ, തീർത്ഥാടകൻ തന്റെ ഉള്ളിൽ ആഴത്തിലുള്ള സമാധാനം, വിനയം, ആകുല ചിന്തകളിൽ നിന്ന് മോചനം, സകല മനുഷ്യരോടുമുള്ള സ്നേഹവികാസം എന്നിവ അനുഭവിക്കുന്നു. ഇങ്ങനെ, വളരെ സാധാരണമായ ജീവിതയാത്ര ഓരോ നിമിഷവും ദൈവസന്നിധിയിലേക്കുള്ള ഒരു വിശുദ്ധ വഴിയാത്രയായി മാറുമെന്ന്, സാധകൻ്റെ സഞ്ചാരം (The Way of the Pilgrim) പറയുന്നു. ഓരോ ശ്വാസവും, ഓരോ ചിന്തയും, ഓരോ പ്രവർത്തിയും ദൈവസംഗമത്തിന്റെ അവസരമാകുമെന്ന മഹത്തായ സത്യത്തിലേക്കാണ് ഈ ഗ്രന്ഥം വായനക്കാരെ നയിക്കുന്നത്. ധ്യാനപ്രാർത്ഥന മനുഷ്യന്റെ മനസിനും ശരീരത്തിനും ആഴത്തിലുള്ള സമാധാനം നൽകുന്ന ഒരു ദിവ്യാനുഭവമാണ്. ഇന്ന് ശാസ്ത്രം പോലും ഇതിന്റെ ഗുണങ്ങളെ അംഗീകരിക്കുന്നു.


ന്യൂറോളജിക്കൽ വീക്ഷണം: fMRI പഠനങ്ങൾ അനുസരിച്ച്; നിരന്തരമായ ധ്യാനപ്രാർത്ഥന, ശ്രദ്ധ, വികാരനിയന്ത്രണം എന്നിവ കൈകാര്യം ചെയ്യുന്ന മനുഷ്യമസ്തിഷ്‌കത്തിലെ ഫ്രണ്ടൽ ലോബുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു. അതേസമയം ഭയത്തിന്റെ കേന്ദ്രമായ അമിഗ്‌ഡാലയെ ശാന്തമാക്കുകയും ചെയ്യുന്നു.


രാത്രി മുഴുവൻ നീണ്ടുനിന്നിരുന്ന, വിശുദ്ധ ഫ്രാൻസിസിന്റെ പ്രാർത്ഥനകൾ, ഫലത്തിൽ, ശക്തമായ ഒരു നാഡീ വ്യായാമമായിരുന്നു, അത് അദ്ദേഹത്തിന്റെ അസാധാരണമായ പ്രതിരോധശേഷിയെ വളർത്താനും ഏത് പ്രയാസങ്ങൾക്കിടയിലും സന്തോഷം കണ്ടെത്തുവാനും സഹായിച്ചു.


The relaxation response: നിരന്തര ധ്യാനപ്രാർത്ഥന മനുഷ്യന്റെ ആത്മാവിനെയും ശരീരത്തെയും ഒരു അത്ഭുതകരമായ ക്രമത്തിലേക്ക് നയിക്കുന്ന ശക്തിയാണ്. ജപമാലയോ, 'യേശുപ്രാർത്ഥന' പോലുള്ള ആവർത്തക പ്രാർത്ഥനകൾ ശരീരത്തിന് ആഴത്തിലുള്ള വിശ്രമാവസ്ഥ നൽകുന്നു. ഇത് ഹൃദയമിടിപ്പ് കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായ വസ്തുതകൾ, മിസ്റ്റിക്കുകൾ ശാന്തതയോടെയും പ്രസന്നതയോടെയും കാണപ്പെട്ടത് എങ്ങനെയെന്ന് തെളിയിക്കുന്നു. സഹനത്തിന്റെയും കഷ്ടതയുടെയും സമയത്തും മദർ തെരേസയുടെ മുഖത്ത് ശാന്തത വിളങ്ങിയത് ഈ ശീലത്തിലൂടെയാണ്.


  1. കൃതജ്ഞത (Gratitude)


ക്രിസ്തീയ വീക്ഷണം: ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയമിടിപ്പാണ് കൃതജ്ഞത (Eucharistia). എല്ലാ നന്മകളും സ്നേഹപിതാവായ ദൈവത്തിന്റെ ദാനമാണെന്ന് തിരിച്ചറിവാണ് അതിൻ്റെ ഉറവിടം. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ (1തെസ. 5:18). കൃപയുടെ കണ്ണാടിയിലൂടെ ലോകത്തെ മുഴുവൻ നോക്കി കാണാൻ ഈ വീക്ഷണം നമ്മെ സഹായിക്കുന്നു.


വിശുദ്ധ ഫ്രാൻസിസിന്റെ "സൂര്യ കീർത്തനം" (Canticle of the Sun) കൃതജ്ഞതയുടെ മനോഹരമായ ഒരു ഗീതമാണ്. 'സഹോദരൻ സൂര്യനെയും', സഹോദരി ചന്ദ്രനെയും, അഗ്നിയെയും വെള്ളത്തെയും, സഹോദരി മരണത്തെ പ്രതിയും അദ്ദേഹം ദൈവത്തെ സ്തുതിക്കുന്നു. സൃഷ്ടവസ്തുക്കളെ ഓർത്തുള്ള വെറും നന്ദി പ്രകടനമായിരുന്നില്ല അത്. സർവ്വ സൃഷ്ടിയെയും ഒരു കുടുംബമായി കാണുന്ന മനോഭാവത്തിൽ നിന്നും ഉണ്ടായ നൈസർഗികമായ പ്രതികരണമായിരുന്നു അദ്ദേഹത്തിൻ്റെ കൃതജ്ഞത. ദാരിദ്ര്യത്തോടും സഹനത്തോടുമുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ രൂപീകരിച്ചത് ഇതായിരുന്നു. ഒന്നുമില്ലായ്മയിലും ആനന്ദം കണ്ടെത്താൻ അങ്ങനെ അദ്ദേഹത്തിനു കഴിഞ്ഞു.

ധന്യനായ ബ്ര. സോളാനുസ് കേസി (Bl. Solanus casey) ' ജീവിതത്തെ ദൈവാനുഗ്രഹമായി കണ്ട കൃതജ്ഞതയുടെ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം എല്ലായ്പ്പോഴും കൃതജ്ഞതയിൽ നിറഞ്ഞിരുന്നു. “ലഭിക്കുന്നതിന് മുമ്പേ ദൈവത്തിന് നന്ദി പറയുക” (Thank God ahead of time) എന്ന വാക്കുകൾ, അദ്ദേഹത്തിന്റെ ആത്മസാരം വെളിപ്പെടുത്തുന്നു. ലഭിച്ച നന്മകൾക്കുള്ള ഉപചാര പ്രകടനത്തിനുമുപരിയായി, ദൈവത്തിൻ്റെ പരിപാലനയിൽ ധൈര്യത്തോടെയുള്ള പരിപൂർണമായ സമർപ്പണമായിരുന്നു അദ്ദേഹത്തിന് കൃതജ്ഞത. വരാനിരിക്കുന്ന അനുഗ്രഹങ്ങളിൽ പോലും നന്ദി പ്രകടിപ്പിക്കുമ്പോൾ, ഹൃദയം പരിശുദ്ധിയിലേയ്ക്കും സൗഖ്യത്തിലേയ്ക്കും തുറക്കപ്പെടുന്നു എന്ന് അദ്ദേഹം പഠിപ്പിച്ചു. നിസ്സാരമായവയിൽ പോലും ദൈവത്തിന്റെ അദൃശ്യ സാന്നിധ്യം തിരിച്ചറിഞ്ഞ് നന്ദി നിറഞ്ഞ ഹൃദയം വളർത്തിയെടുക്കാൻ ധന്യൻ സോളനസ് നമ്മെ ക്ഷണിക്കുന്നു.


ന്യൂറോകെമിക്കൽ മാറ്റം ( Neurochemical shift): ഡോ. റോബർട്ട് എമ്മൺസ് നടത്തിയ പഠനങ്ങൾ, കൃതജ്ഞത ലിസ്റ്റ് തയ്യാറാക്കുന്നത് (Gratitude Journaling) തലച്ചോറിലെ “സുഖാനുഭവ” ഹോർമോണുകളായ ഡോപ്പമിൻ, സെറോട്ടോണിൻ എന്നിവ ഉയർത്തുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വിശുദ്ധ ഫ്രാൻസിസ് തന്റെ കവിതകളിലും ഗാനങ്ങളിലും പ്രകടിപ്പിച്ച ആഴത്തിലുള്ള കൃതജ്ഞത, അദ്ദേഹത്തിന്റെ ചിന്താശൈലിയെ പുതുക്കി രൂപപ്പെടുത്തുന്ന ശക്തമായ ഒരു ബൗദ്ധിക അഭ്യാസമായിരുന്നു.


ബ്രോഡൻ-ആൻഡ്-ബിൽഡ് സിദ്ധാന്തം (The Broaden-and Build Theory): കൃതജ്ഞത നമ്മുടെ ബൗദ്ധികവും വൈകാരികവുമായ ശേഷികളെ വിപുലീകരിക്കുന്നു. ജീവിതത്തിലെ പോസിറ്റീവ് കാര്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമ്മിൽ കൂടുതൽ സർഗ്ഗാന്മകതയും സഹിഷ്ണുതയും സാമൂഹികബന്ധങ്ങൾ പടുത്തുയർത്താനുള്ള മനോഭാവവും വളരുന്നു. വിശുദ്ധ ഫ്രാൻസിസിനെ പോലുള്ള വിശുദ്ധന്മാരുടെ ചുറ്റും സന്തോഷപൂർണ്ണമായ സമൂഹങ്ങൾ രൂപപ്പെട്ടതെങ്ങനെയെന്ന് ഈ ദർശനം വിശദീകരിക്കുന്നു.


  1. ഹാപ്പി സർവീസ് (ദാനധർമ്മം)


ക്രിസ്തീയ വീക്ഷണം: താൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപെടാനല്ല, ശുശ്രൂഷിക്കാനാണ് (മർക്കോസ് 10:45) എന്നരുളി ചെയ്ത ക്രിസ്തുവിനെ സന്തോഷത്തോടെ അനുകരിക്കുന്നതാണ്, ക്രൈസ്തവർക്ക് സേവനം ( Diakonia). ഇത് സ്നേഹത്തെ ദൃശ്യവും അനുഭവവേദ്യവുമാക്കി മാറ്റുന്നു. കടമയെ അനുഗ്രഹമാക്കുകയും ത്യാഗത്തെ ആനന്ദമാക്കുകയും ചെയ്യുന്നു, “ഏറ്റവും എളിയവർക്ക് നിങ്ങൾ ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് (മത്തായി 25:40).


വിശുദ്ധ ഫ്രാൻസിസിന്റെ ഏറ്റവും ശ്രദ്ധേയമായ സേവനപ്രവർത്തനം കുഷ്ഠരോഗിയെ ചുംബിച്ചതാണ്. അദ്ദേഹം അയാൾക്ക് ദാനം നൽകുക മാത്രമല്ല ചെയ്തത്. മറിച്ച് ചുറ്റും നിന്നവരും സ്വന്തം ശരീരം പോലും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അയാളെ സ്നേഹത്തോടെ അശ്ലേഷിച്ചു. ഉപേക്ഷിക്കപ്പെട്ടവന്റെ മുഖത്ത് ക്രിസ്തുവിനെ കണ്ടു. ഈ ഒരു പ്രവൃത്തിയിലൂടെ അദ്ദേഹം ഭയത്തിൽ നിന്ന് വിമുക്തനായി, പിന്നീടുള്ള ജീവിതമൊട്ടാകെ അദ്ദേഹത്തെ നയിച്ചത് ഈ ആഴമുള്ള സന്തോഷമാണ്. “ എല്ലായ്പ്പോഴും സുവിശേഷം പ്രസംഗിക്കുക; വാക്കുകൾ ആവശ്യമായപ്പോൾ മാത്രം ഉപയോഗിക്കുക” എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്കുകൾ, സുവിശേഷ പ്രഘോഷണത്തിന്റെ അന്തസത്ത എന്താണെന്ന് നമ്മെ പഠിപ്പിക്കുന്നു.


സന്തോഷത്തെ സംബന്ധിച്ചു എലിസബത്ത് ഡൺ നടത്തിയ ഗവേഷണങ്ങൾ ദാനധർമ്മം മനുഷ്യന്റെ സൗഖ്യത്തിലേക്കുള്ള ഏറ്റവും സ്ഥിരതയുള്ള വഴികളിൽ ഒന്നാണെന്ന് തെളിയിക്കുന്നു. സ്വന്തം ആവശ്യങ്ങൾക്കല്ലാതെ, മറ്റൊരാളെ സഹായിക്കുന്നതിനായി ഒരാൾ തന്റെ സമ്പത്ത് ഉപയോഗിക്കുമ്പോൾ കൂടുതൽ ആഴത്തിലുള്ളതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ആനന്ദം ലഭിക്കുന്നു. എത്ര പണം കൊടുക്കുന്നു എന്നുള്ളതിലല്ല എത്രത്തോളം മനസ്സ് നിറഞ്ഞു കൊടുക്കുന്നു എന്നതിലാണ് ആനന്ദം എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ചെറിയ ദാനധർമങ്ങൾക്ക് പോലും വലിയ സന്തോഷം സൃഷ്ടിക്കാനും, പ്രയാസങ്ങളിലും ലക്ഷ്യബോധവും സാമൂഹിക ബന്ധങ്ങളും മാനസികശക്തിയും നൽകാനും കഴിയും. സമ്പാദിക്കുന്നതിലല്ല, പങ്കുവെക്കുന്നതിലാണു ജീവിതത്തിന്റെ യഥാർത്ഥ സമൃദ്ധി എന്ന് ഡണിൻ്റെ പഠനം പറയുന്നു.


ഹെൽപ്പർ‌സ് ഹൈ (The Helper's High): ദാനധർമ്മം ശരീരത്തിൽ എൻഡോർഫിൻ, ഓക്സിറ്റോസിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നു. ഫ്രാൻസിസ് കുഷ്ഠരോഗിയെ ചുംബിച്ച നിമിഷം, അദ്ദേഹത്തിന്റെ മസ്തിഷ്കം ഈ രാസവസ്തുക്കളാൽ നിറഞ്ഞിരിക്കാം. അങ്ങനെ സ്വയം മറന്നുള്ള സേവനം അദ്ദേഹത്തിൽ ആനന്ദമായി മാറി.


സ്ഥിരമായി സന്നദ്ധസേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ കൊർട്ടിസോൾ കുറയുന്നതായും അങ്ങനെ മാനസികസമ്മർദ്ദം കുറയുന്നു എന്നും അവർ താരതമ്യേന ദീർഘകാലം ജീവിക്കുന്നു എന്നും ദീർഘായുസ്സിനെ കുറിച്ചുള്ള പഠനങ്ങൾ തെളിയിക്കുന്നു. മദർ തെരേസയെപോലെയുള്ള പ്രതിബദ്ധരായ സേവകരുടെ ജീവിതങ്ങൾ വളരെ പ്രയാസമുള്ളതായിരുന്നുവെങ്കിലും, ഈ ശാരീരിക ഗുണങ്ങൾ അവരുടെ ദൗത്യങ്ങൾക്ക് ആവശ്യമായ ഊർജ്ജവും സഹിഷ്ണുതയും നൽകുകയും ചെയ്തിരുന്നു.


  1. പരിശുദ്ധ ദൈവമാതാവിനോടുള്ള സ്നേഹം:


ക്രിസ്തീയ വിശ്വാസത്തിൽ ദൈവമാതാവിനോടുള്ള സ്നേഹം ആരാധനയല്ല, മറിച്ച് വന്ദനമാണ് (hyperdalia). അവൾ ദൈവമാതാവ്, ശിഷ്യരുടെ മാതൃക (Perfect disciple) എന്ന നിലയിൽ വണങ്ങപ്പെടുന്നു. കൂടാതെ അവൾ എല്ലാ വിശ്വാസികളുടെയും അമ്മയുമാണ് (യോഹ. 19:26–27). ദൈവത്തിന്‍റെ വിളിയോട് “അതെ” എന്ന് പൂർണ്ണമായി മറുപടി നൽകുന്ന മനുഷ്യന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ് മറിയം (ലൂക്കാ 1:38). അതുകൊണ്ട് പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നത് ക്രിസ്തുവിൽ നിന്നും നമ്മെ അകറ്റുന്നതല്ല; മറിച്ച്, അവളുടെ മാതൃസ്നേഹത്തിലൂടെ ഈശോയിലേയ്ക്ക് നമ്മെ കൂടുതൽ അടുക്കാൻ സഹായിക്കുന്ന വഴിയാണ്.


വിശുദ്ധ ഫ്രാൻസിസിന് ദൈവമാതാവിനോട് അതിയായ സ്നേഹവും ഭക്തിയും ഉണ്ടായിരുന്നു. മറിയത്തെ അദ്ദേഹം “വിർജിൻ മേഡ് ചർച്ച്” (Virgin made Church)എന്ന് വിശേഷിപ്പിച്ചു. കാരണം, ദൈവത്തിന് സ്വയം സമർപ്പിച്ച ഏറ്റവും വിനീതയും ദരിദ്രയുമായ മാതൃക അവളാണെന്ന് അദ്ദേഹം കണ്ടു. ഫ്രാൻസിസും സഹോദരൻ മാരും ചേർന്ന് പുനർനിർമ്മിച്ച സാന്ത മറിയ ദെഗ്ലി ആഞ്ചലി എന്ന ചെറിയ പള്ളിയാണ് മാതാവിന്റെ സംരക്ഷണത്തിൽ പിന്നീട് അവരുടെ സഭയുടെ അടിത്തറയായി മാറിയത്


ജോൺ പോൾ രണ്ടാമൻ മാർപാപ്പാ തന്റെ ജീവിതം മുഴുവൻ പരിശുദ്ധ അമ്മയിൽ പൂർണ്ണമായി ഏല്പിച്ച വ്യക്തിയായിരുന്നു. Totus Tuus (“സർവവും നിൻ്റേത്”) എന്ന ആപ്തവാക്യം അമ്മയിലുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തിന്റെ തെളിവാണ്. വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് മാതാവിന്റെ ഇടപെടലാണെന്ന് അദ്ദേഹം ഉറപ്പോടെ വിശ്വസിച്ചു; പിന്നീട് ഫാത്തിമയിലെ മറിയത്തിന്റെ കിരീടത്തിൽ സ്മാരകമായി ആ വെടിയുണ്ട വെയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരിയഭക്തി ഒരു വികാരമല്ല, മറിച്ച് ധൈര്യവും വിവേകവും നിറച്ച ഒരു ആത്മീയ ചാലകശക്തിയായിരുന്നു.


ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ പരിശുദ്ധ അമ്മയുമായി വളരെ ആഴത്തിലുള്ള സ്നേഹവും വിശ്വാസവും കാത്തു സൂക്ഷിച്ചിരുന്നു. മറിയത്തെ ഒരു രാജ്ഞിയായല്ല, മറിച്ച് ഒരു യഥാർത്ഥ അമ്മയായാണ് അവൾ കണ്ടത്. ബാല്യത്തിലെ ഗുരുതരമായ അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ചത് മാതാവിന്റെ മാധ്യസ്ഥതയിലാണെന്ന് അവൾ എഴുതിയിരുന്നു.


ആധുനിക മനഃശാസ്ത്രത്തിലെ സെക്യൂർ അറ്റാച്ച്മെന്റ് തീയറി പ്രകാരം, അമ്മയോടുള്ള ബന്ധം മനുഷ്യന്റെ മാനസിക ആരോഗ്യത്തിന് നിർണായകമാണ്. വിശ്വാസിയുടെ ജീവിതത്തിൽ മറിയം ഒരു “സെക്യൂർ ബേസ്” ആയി പ്രവർത്തിക്കുന്നു— വിധിക്കാത്ത, എപ്പോഴും സ്നേഹത്തോടെ കാത്തുസൂക്ഷിക്കുന്ന, ശാന്തമായി സ്വീകരിക്കുന്ന ഒരു മാതൃസാന്നിധ്യം. ഇത്തരത്തിൽ ഉള്ള ആത്മീയ ബന്ധം നിലനിൽക്കുമ്പോൾ, സങ്കീർണ്ണമായ സാഹചര്യങ്ങളിലും വിശ്വാസിക്ക് ധൈര്യത്തോടെ മുന്നോട്ട് പോകാനാകുന്നു. ജോൺ പോൾ രണ്ടാമൻ പോലുള്ള വിശുദ്ധന്മാരുടെ ജീവിതം അതിന് വ്യക്തമായ തെളിവാണ്.


Click to read the article in English, Joyful Christians

Written by Fr. Wison Sunder OFMCap.

വിവ. റോണിയ സണ്ണി

Recent Posts

bottom of page