
സംശയിക്കുന്ന തോമ്മാ.....
ക്രിസ്തു നാഥൻ ചെയ്തതുപോലെ സ്വയം സമ്പൂർണമായി പിതാവിനു സമർപ്പിക്കുകയും പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മറ്റുള്ളവരുടെ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി ജീവിക്കുകയും സ്വയം പൂർണമായി ചെലവഴിക്കുകയും ചെയ്യുന്ന വ്യക്‌തിയാണ് ക്രിസ്‌തുനാഥൻ്റെ പെസഹാ രഹസ്യത്തിൽ പങ്കുചേരുന്നത്. ക്രിസ്തുനാഥനോടുകൂടി പാപത്തോട്, സ്വാർഥതയോട്, അയാൾ മരിക്കുന്നു. ക്രിസ്തുനാഥനോടുകൂടി പിതാവായ ദൈവം നൽകുന്ന പുതുജീവിനിലേക്ക് അയാൾ ഉയിർക്കുന്നു. പിതാവിൻ്റെയും ക്രിസ്തുനാഥന്റെയും അരൂപിയിൽ അയാൾ ജീവിക്കുന്നു. ഇതാണ് ക്രൈസ്‌തവ ആധ്യാത്‌മികതയുടെ അന്തഃസത്ത.

ഈശോയുടെ 12 അപ്പസ്തോലന്മാരിൽ ഒരാളായ തോമാശ്ലീഹ ക്രി. വ. 52-ൽ ഭാരതത്തിൽ വന്ന് പ്രത്യേകമായ തൻ്റെ ക്രിസ്താനുഭവം പ്രസംഗിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഒരു സഭ സ്ഥാപിച്ചുവെന്നും തോമാശ്ലീഹായുടെ ക്രിസ്താനുഭവം മറ്റു ശ്ലീഹാന്മാരുടേതിൽ നിന്നു വ്യത്യസ്തമായതിനാൽ അദ്ദേഹം സ്ഥാപിച്ച നമ്മുടെ സഭ സ്വന്തം വ്യക്തിത്വമുള്ള സ്വതന്ത്ര സഭയാണെന്നും പല പ്രസംഗങ്ങളിലും സെമിനാറുകളിലും കേൾക്കുവാൻ ഇടയായിട്ടുണ്ട്. എന്നാൽ, ഒക്ടോബർ ലക്കം അസ്സീസിയിൽ, ജോർജ് മങ്ങാട്ട് എഴുതിയ "മലബാർ സഭയും മാർത്തോമ്മാ ശ്ലീഹായും" എന്ന ലേഖനം ഈ ആശയത്തെ അപ്പാടെ ഖണ്ഡിച്ചിരിക്കുന്നതായി കാണുന്നു. അദ്ദേഹമെഴുതുന്നു. "ഓരോ അപ്പസ്തോലന്റെയും തനതായ പ്രത്യേക ക്രിസ്ത്വാനുഭവത്തെപ്പറ്റി പുതിയനിയമം യാതൊരു സൂചനയും നൽകുന്നില്ല. പത്രോസിൻ്റെ ക്രിസ്താനുഭവം , തോമായുടെ ക്രിസ്താനുഭവം , പൗലോസിന്റെ ക്രിസ്താനുഭവം എന്നിങ്ങനെ ക്രിസ്താനുഭവങ്ങളെ വേർതിരിച്ചു കാണുന്നതായോ അവയുട െ അടിസ്ഥാനത്തിൽ അവർ വ്യത്യസ്ത സഭകൾ സ്‌ഥാപിക്കുന്നതായോ പുതിയനിയമം പറയുന്നില്ല. കാരണം വ്യക്തിനിഷ്ഠമായ അനുഭൂതികളല്ല, വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങളാണ് ആദിമസഭയുടെ പ്രഘോഷണത്തിൻറ വിഷയം.
" മതബോധന ക്ലാസ്സുകളിലേക്കു ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന ബഹു. ഫാ. വർഗീസ് പാത്തികുളങ്ങരയുടെ "നമ്മുടെ രക്ഷയ്ക്കുവേണ്ടി " എന്ന പുസ്തകം വി.യോഹന്നാൻ്റെ സുവിശേഷം 11 :16; 14:5, 20:25 എന്നീ വാക്യങ്ങളെ ആധാരമാക്കി. തോമാശ്ലീഹായുടെ പ്രത്യേകമായ ക്രിസ്താനുഭവത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മറ്റു സഭകളുടേതിൽനിന്നു വ്യത്യസ്തമായ, തനതായ ഒരു ആരാധനക്രമവും ആധ്യാത്മികതയും ദൈവശാസ്ത്രവും ഭരണസംവിധാനവും നമുക്കുണ്ടാകുവാനുള്ള മുഖ്യകാരണവും തോമാശ്ലീഹായുടെ പ്രത്യേകമായ ഈ ക്രിസ്താനുഭവമാണെന്നത്രേ ബഹു. പാത്തികുളങ്ങരയച്ചൻ പറയുന്നത് (പേജ്. 12-21). പരസ്പരവിരുദ്ധമായ ഈ നിലപാടുകളിൽ ഏതാണു ശരി, ഏതാണു തെറ്റ്? അസ്സീസിയിലുടെ ഒരു വിശദീകരണം നൽകുമല്ലോ.
ജോസ് തോമസ്,
ഏറ്റുമാനൂർ
പ്രിയപ്പെട്ടയപ്പെട്ട ജോസ്,
തോമാശ്ലീഹായുടെ പ്രത്യേകമായ ക്രിസ്താനുഭവത്തിന്റെ അടിസ്‌ഥാനത്തിൽ അദ്ദേഹം സ്ഥാപിച്ച സഭകളുടെ ആധ്യാത്മികതയും ദൈവശാസ്ത്രവും തനതും മറ്റു സഭകളുടേതിൽ നിന്നു വ്യത്യസ്തവുമാണെന്ന അടുത്ത പ്രസ്താവനയും പരിശോധനാർഹമാണ്. ബൈബിൽ ശാസ്ത്രപരമായി ഈ പ്രസ്‌താവനയ്ക്ക് യാതൊരടിസ്ഥാനവുമില്ലെന്നു മുൻ ലക്കങ്ങളിൽ നാം കണ്ടുകഴിഞ്ഞു, എങ്കിലും, അല്പംകൂടി വിശദമായ ഒരു വിചിന്തനം സഹായകമായിരിക്കും.
പ്രത്യേകമായ ആധ്യാത്മികത?
ആത്യന്തികമായി, ക്രൈസ്തവ ആധ്യാത്മികത, ക്രിസ്തുനാഥന്റെ പെസഹാ രഹസ്യത്തിലുള്ള, മറ്റുവാക്കുകളിൽ പറഞ്ഞാൽ, അവിടത്തെ ജീവിതത്തിലും മരണത്തിലും ഉയിർപ്പിലുമുള്ള വിശ്വാസികളുടെ പങ്കുചേരലാണ്. ക്രിസ്‌തുനാഥൻ തന്നെയാണ് ക്രൈസ്‌തവ ആധ്യാത്‌മികതയുടെ അത്യുദാത്തമായ മാതൃക. പിതാവായ ദൈവത്തിൻ്റെ വ്യവസ്ഥയില്ലാത്ത സ്നേഹവും നിരുപാധികമായ മാപ്പും സ്വീകരിച്ചുകൊണ്ട്, ക്രിസ്തു നാഥൻ ചെയ്തതുപോലെ സ്വയം സമ്പൂർണമായി പിതാവിനു സമർപ്പിക്കുകയും പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മറ്റുള്ളവരുടെ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി ജീവിക്കുകയും സ്വയം പൂർണമായി ചെലവഴിക്കുകയും ചെയ്യുന്ന വ്യക്‌തിയാണ് ക്രിസ്‌തുനാഥൻ്റെ പെസഹാ രഹസ്യത്തിൽ പങ്കുചേരുന്നത്. ക്രിസ്തുനാഥനോടുകൂടി പാപത്തോട്, സ്വാർഥതയോട്, അയാൾ മരിക്കുന്നു. ക്രിസ്തുനാഥനോടുകൂടി പിതാവായ ദൈവം നൽകുന്ന പുതുജീവിനിലേക്ക് അയാൾ ഉയിർക്കുന്നു. പിതാവിൻ്റെയും ക്രിസ്തുനാഥന്റെയും അരൂപിയിൽ അയാൾ ജീവിക്കുന്നു. ഇതാണ് ക്രൈസ്‌തവ ആധ്യാത്‌മികതയുടെ അന്തഃസത്ത.
ശ്ലീഹന്മാരുടെ വ്യക്‌തിപരമായ ക്രിസ്താനുഭവങ്ങൾ വ്യത്യസ്‌തങ്ങളായിരുന്നാൽ പോലും, അവയുടെ അടിസ്‌ഥാനത്തിൽ ഈ അന്തഃസത്തയ്ക്കു കാതലായ മാറ്റമൊന്നും സംഭവിക്കുന്നില്ല. എന്തെങ്കിലും മാറ്റമുണ്ടാകുന്നത് ആപേക്ഷികമായ ചില വീക്ഷണങ്ങൾക്കോ ഊന്നലുകൾക്കോ മാത്രമായിരിക്കും. അവയെ ഊതി വീർപ്പിക്കുകയും അവയുടെ വെളിച്ചത്തിൽ പ്രത്യേകം പ്രത്യേകം ആധ്യാത്മികതകൾ ഉണ്ടാക്കുവാൻ ശ്രമിക്കയും ചെയ്യുന്നത് ശരിയല്ല തന്നെ. അങ്ങനെ ചെയ്‌താൽ, വിവിധ സഭകൾ തമ്മിൽ ആവശ്യമില്ലാത്ത വിടവും ഭിന്നിപ്പും സൃഷ്ടിക്കയായിരിക്കും ഫലം. സ്വന്തം സഭയോടുള്ള താല്പര്യത്തിൻ്റെ പേരിലാണെങ്കിൽ പോലും, സാർവത്രിക സഭയോടു ചെയ്യുന്ന ഒരു തെറ്റായിരിക്കും അത്.
ക്രൈസ്‌ത ദൈവശാസ്ത്രം
ക്രൈസ്തവ ദൈവശാസ്ത്രവും ആത്യന്തികമായി വിശ്വാസികൾക്ക് അനുഭവവേദ്യമായ ക്രിസ്തു രഹസ്യത്തെപ്പറ്റിയുള്ള ചിന്തയും അതിന്റെ വ്യാഖ്യാനവുമാണെന്നു പറയാം. അനുഭവവും അതെപ്പറ്റിയുള്ള പരിചിന്തനവും സ്വാഭാവികമായിത്തന്നെ മനുഷ്യനെ പ്രവൃത്തിയിലേക്കും ചിന്തയിലേക്കും നയിക്കുന്നു. ക്രിസ്‌തുനാഥന്റെ ജീവിതത്തിന്റെയും മരണത്തിൻ്റെയും ഉയിർപ്പിന്റെയും അനുഭവം ക്രൈസ്തവ വിശ്വാസികളെയും പ്രവൃത്തിയിലേക്കും ചിന്തയിലേക്കും നയിച്ചു. പ്രവൃത്തി പ്രത്യക്ഷപ്പെട്ടത്, ഒന്നാമതായി, ക്രിസ്തുനാഥന്റെ ശൈലിയിലും അരൂപിയിലു മുള്ള ജീവിതമായിട്ടാണ് (Orthopraxis). രണ്ടാമതായി, അതു ദൈവത്തിനർപ്പിക്കുന്ന ആരാധനയും ബലിയുമായി (Cult, Liturgy) രൂപംകൊണ്ടു.
അതുപോലെ തന്നെ, ക്രിസ്താനുഭവവും അതിനെപ്പറ്റിയുള്ള വിചിന്തനവും വിശ്വാസികളുടെ മനസ്സിലുണർത്തിയ ചിന്തകളും വ്യാഖ്യാനങ്ങളും ക്രൈസ്തവ ദൈവശാസ്ത്രത്തിനു ബീജാവാപം ചെയ്തു. വാചികരൂപത്തിൽ മാത്രമേ അനുഭവവും ചിന്തകളും പങ്കുവെക്കുവാൻ കഴിയുകയുള്ളല്ലോ. ക്രിസ്തുനാഥൻ്റെ ജീവിതത്തിനും മരണത്തിനും ഉയിർപ്പിനും സാക്ഷികളായ ശ്ലീഹന്മാർ തങ്ങളുടെ ക്രിസ്ത്വാനുഭവം പങ്കുവെക്കുവാനും പ്രഘോഷിക്കാനും തുടങ്ങിയതോടെ, ഈ അനുഭവത്തിനും ചിന്തകൾക്കും വാചികമായ രൂപം നൽകുവാൻ നിർബന്‌ധിതരായി. പഴയനിയമത്തിൽ നിന്നും സെമിറ്റിക്ക് ചിന്താരീതികളിൽ നിന്നും തങ്ങൾക്ക് പരിചിതമായിരുന്ന ആശയങ്ങളും സങ്കല്പങ്ങളുമുപയോഗിച്ചാണ് അവർ ഇത് ചെയ്‌തത്. അങ്ങനെ ക്രൈസ്‌തവ ദൈവശാസ്ത്രം ഉദയം ചെയ്തു. ഈ പ്രാരംഭ ദൈവശാസ്ത്രമാണ് ലൂക്കാ. 24:34; അപ്പ. 2:22-36; 1 കോറി 15:3-8 പ്രതിഫലിക്കുക. തുടങ്ങിയ വാക്യങ്ങളിൽ പ്രതിഫലിപ്പിക്കുക.

ദൈവശാസ്ത്രവും തത്വശാസ്ത്രവും
പ്രാരംഭദശയിൽനിന്നു ദൈവശാസ്ത്രം വളരുന്നതിന് ഒരു തത്വശാസ്ത്രം ആവശ്യമാണ്. തത്വശാസ്ത്രത്തിൻ്റെ സഹായത്തോടുകൂടി മാത്രമേ അനുഭവത്തിൻ്റെ വിവിധ വശങ്ങളെയും ഘടകങ്ങളെയുമെല്ലാം സമന്വയിപ്പിച്ച് ഒരു സിദ്ധാന്തസംഹിത രൂപപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. അങ്ങനെയുള്ള ഒരു സിദ്ധാന്തസംഹിത ദൈവശാസ്ത്രമുൾപ്പെടെയുള്ള എല്ലാ ശാസ്ത്രങ്ങൾക്കും അനിവാര്യമാണു താനും.
ഗ്രീക്ക് ഹെല്ലനിസ്‌റ്റിക് സംസ്‌കാരമുള്ള മേഖലകളിൽ ക്രൈസ്തവവിശ്വാസം വ്യാപിച്ചതോടു കൂടി ഗ്രീക്ക് ചിന്താര ീതികളും തത്വശാസ്ത്രവും ക്രിസ്തുരഹസ്യത്തെയും ക്രൈസ്‌തവ വിശ്വാസത്തെയും പറ്റി പരിചിന്തനം ചെയ്യുന്നതിനും അവയെ വ്യാഖ്യാനിക്കുന്നതിനും ഒരു ദൈവശാസ്ത്രമായി അവയെ വളർത്തുന്നതിനുമുള്ള ഉപാധികളായിത്തീർന്നു. അങ്ങനെ ഗ്രീക്ക് തത്വശാസ്ത്രത്തെ അവലംബമാക്കി ഒരു സിദ്ധാന്ത സംഹിതയായി ക്രൈസ്‌തവ വിശ്വാസത്തെ വ്യാഖ്യാനിച്ച ആദ്യത്തെവ്യക്‌തി ഓരിജൻ (180 - C. 254) ആണെന്നു പറയാം. "പെരി ആർഖോൻ" (Peri Archon = ഉത്ഭവത്തെക്കുറിച്ച്) എന്ന അദ്ദേഹത്തിൻ്റെ കൃതിയാണ് ക്രമനിബദ്ധമായ ആദ്യത്തെ ക്രൈസ്‌തവ ദൈവശാസ്ത്ര ഗ്രന്ഥം.
വി. അഗസ്റ്റിൻ (354-430) അത്രേ ഇതു പോലെയുള്ള അടുത്ത ക്രൈസ്‌തവ ദൈവശാസ്ത്രജ്‌ഞൻ. പ്ലേറ്റോയുടെ തത്വചിന്തയാണ് അദ്ദേഹം തന്റെ ദൈവശാസ്ത്ര വിചിന്തനങ്ങൾക്ക് അവലംബമാക്കിയത്. മധ്യയുഗങ്ങ ളിൽ വി. ബൊനവെഞ്ചറും (1221-74) ഡൺസ് സ്കോട്ടസും (1265-1308) മറ്റും പ്ലേറ്റോയുടെയും അഗസ്റ്റിന്റെയും ചിന്താസരണികളെ പിന്തുടർന്നുകൊണ്ട് ക്രമനിബദ്ധമായ ക്രൈസ്‌തവ ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ എഴുതി. എന്നാൽ, അവയെക്കാളെല്ലാം കൂടുതലായി ക്രൈസ്തവ ദൈവശാസ്ത്രത്തെ സ്വാധീനിച്ചത്, അരിസ്റ്റോട്ടിലിന്റെ തത്വശാസ്ത്രത്തെ അവലംബമാക്കി വി. തോമസ് അക്വീനാസ് (1225-74) നടത്തിയ ദൈവശാസ്ത്ര ചിന്തകളുടെ സമന്വയമാണ്.
മതനവീകരണക്കാർക്കിടയിൽ കാൽവിൻ (1509-64) ക്രമനിബദ്ധമായ ദൈവശാസ്ത്ര ചിന്തയുടെ മുഖ്യപ്രതിനിധിയായിരുന്നതിനു കാരണം അദ്ദേഹം ഒരു വലിയ തത്വചിന്തകനായിരുന്നു എന്നതുതന്നെയാണ്.ആധുനിക പ്രോട്ടസ്‌റ്റൻറ് ദൈവശാസ്ത്രജ്‌ഞന്മാർക്കിടയിൽ പോൾ റ്റില്ലിഹും (1886-1968) കാൾബാർത്തും (1886-1965), ആധുനിക കത്തോലിക്കാ ദൈവശാസ്ത് രജ്ഞന്മാർക്കിടയിൽ കാൾറാനറും (1904-84) എഡ്വേർഡ് സ്‌കില്ലബെക്‌സും (1914-) മറ്റും വിഖ്യാതരായ ക്രമനിബദ്ധ ദൈവശാസ്ത്രന്മാരായിരിക്കുന്നതും അവരെല്ലാം ഏതെങ്കിലുംതത്വശാസ്ത്ര ചിന്തയുടെ വെളിച്ചത്തിൽ ക്രൈസ്‌തവ വിശ്വാസത്തെ ആഴത്തിൽ വ്യാഖ്യാനിക്കുന്നു എന്നതുകൊണ്ടാണ്.
ഇതിൽനിന്നെല്ലാം വ്യക്‌തമാകുന്ന ഒരു വസ്തുതയുണ്ട്: ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും തത്വശാസ്ത്രം,
വിശിഷ്യ അതിഭൗതികശാസ്ത്രം (Metaphysics) അനിവാര്യമായ ഒരുപാധിയാണ്. തത്വശാസ്ത്രത്തോട് ആഭിമുഖ്യമുള്ള ഒരു ജനതയ്ക്കു മാത്രമേ ദൈവശാസ്ത്രത്തിൽ കാര്യമായ സംഭാവനൾ നൽകുവാൻ കഴിയുകയുള്ളൂ. തത്വശാസ്ത്രം, വിശിഷ്യ അതിഭൗതികശാസ്ത്രം, വികസിപ്പിച്ചെടുത്തിട്ടുള്ളത് ഇൻഡോ-യൂറോപ്യൻ ജനത മാത്രമാണ് മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഗ്രീക്കുകാരും ഭാരതത്തിലെ ആര്യന്മാരും. ഭാരതത്തിലെ തത്വശാസ്ത്രത്തിന് ക്രൈസ്‌തവ ദൈവശാസ്ത്രത്തിന്മേൽ കാര്യമായ എന്തെങ്കിലും സ്വാധീനം ചെലുത്തുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഗ്രീക്ക് തത്വശാസ്ത്രമാണ് പൗരാണികവും ആധുനികവുമായ ക്രൈസ്തവ ദൈവശാസ്ത്ര ചിന്താസരണികളെയെല്ലാം ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്.
സെമിറ്റിക് വംശജരും തത്വശാസ്ത്രവും
സെമിറ്റിക് വംശജർ പൊതുവേ തത്വശാസ്ത്രത്തോട് ആഭിമുഖ്യമുള്ളവരല്ല. അതിനാൽ, സ്വ ന്തമായ ഒരു അതിഭൗതികശാസ്ത്രമോ ദൈവശാസ്ത്രമോ വികസിപ്പിച്ചെടുക്കുവാൻ അവർക്കു കഴിഞ്ഞിട്ടില്ല. ഇസ്രായേൽക്കാരെയും സിറിയാക്കാരെയും സംബന്‌ധിച്ച് ഇതു വാസ്തവമാണ്. ഗ്രീക്കുകാരുമായുള്ള സമ്പർക്കത്തിലൂടെ സിറിയാക്കാർക്കിടയിൽ ഗ്രീക്കു തത്വശാസ്ത്രത്തോട് ഒരു പ്രതിപത്തി ജനിച്ചെങ്കിലും, മൗലികതയും ആഴവുമുള്ള ഒരു തത്വചിന്താപദ്ധതിക്കു രൂപംകൊടുക്കുവാൻ അവർക്ക് ഒരിക്കലും കഴിഞ്ഞില്ല. ക്രൈസ്തവരായിത്തീർന്ന സിറിയാക്കാരാകട്ടെ തത്വചിന്തയുമായുള്ള ബന്ധമേ വേർപെടുത്തിക്കളയുകയും ചെയ്‌തു.
ബൈസൻ്റൈൻ ചക്രവർത്തിയായിരുന്ന ജസ്‌റ്റീനിയൻ 529-ൽ ആഥൻസിലെ തത്വശാസ്ത്രവിദ്യാലയം അടച്ചുപൂട്ടിയപ്പോൾ, അവിടെയുണ്ടായിരുന്ന പല തത്വചിന്തകരും സിറിയായിലേക്കു കുടിയേറുകയുണ്ടായി. 633-നും 640-നുമിടയ്ക്കു അറബികളായ മുസ്ലീംകൾ സിറിയ പിടിച്ചടക്കിയതിനുശേഷം അരിസ്‌റ്റോട്ടലിൻ്റെ തത്വശാസ്ത്രത്തിന് അറബികൾക്കിടയിൽ പ്രചാരം ലഭിച്ചു. അറബികളിലൂടെയാണ് വി. തോമസ് അക്വീനാസ് ഉൾപ്പെടെയുള്ള മധ്യയുഗങ്ങളിലെ പാശ്ചാത്യ ദൈവശാസ്ത്രജ്‌ഞന്മാർ അരിസ്റ്റോട്ടലിന്റെ തത്വശാസ്ത്രവുമായി പരിചയപ്പെട്ടതും അതിനെ അവലംബിച്ചുകൊണ്ട് അവരുടെ ദൈവശാസ്ത്രോദ്ഗ്രഥനങ്ങൾ ആവിഷ്കരിച്ചതും എന്നാൽ, സുറിയാനിയും അറബിയും സംസാരിച്ചിരുന്ന സിറിയായിലെ ക്രൈസ്തവർ, വിശിഷ്യ പൗരസ്ത്യസുറിയാനി ക്രൈസ്‌തവർ, ഈ തത്വശാസ്ത്രവുമായി പരിചയപ്പെടുകയോ ഇതിന്റെ വെളിച്ചത്തിൽ ക്രമനിബദ്ധമായ ഒരു ദൈവശാസ്ത്രം വികസിപ്പിച്ചെടുക്കുകയോ ഉണ്ടായില്ല. അവരുടെ ദൈവശാസ്ത്രം ഇന്നും ഏതാണ്ട് അതിന്റെ പ്രാരംഭദശയിൽതന്നെ തുടരുകയാണ്.
ബൈസൻ്റൈൻ, റഷ്യൻ ദൈവശാസ്ത്രങ്ങൾ
ദൈവശാസ്ത്രത്തിൽ കാര്യമായ പുരോഗതി കൈവരിച്ച പൗരസ്ത്യസഭകൾ ബൈസൻ്റൈൻ സഭയും റഷ്യൻ സഭയും മാത്രമാണ്. ഗ്രീക്ക് തത്വശാസ്ത്രത്തിന്റെയും ബൗദ്ധികചിന്തയുടെയും പിന്തുടർച്ചാവകാശം ലഭിച്ച ബൈസൻ്റൈൻ സഭ ഗ്രീക്കു സഭാപിതാക്കന്മാരുടെ എഴുത്തുകളിൽ നിലയുറപ്പിച്ചുനിന്നുകൊണ്ട് സ്വന്തമായ ഒരു ദൈവശാസ്ത്രം പടുത്തുയർത്തുകയുണ്ടായി. എന്നാൽ, 1453-ൽ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയത് ബൈസൻ്റൈൻ ദൈവശാസ്ത്രത്തിൻ്റെ വികസനത്തിന് അന്ത്യം കുറിച്ചു. ആദ്യം കീയേവും പിന്നീടു മോസ്ക്കോയും കേന്ദ്രമായി രൂപംകൊണ്ട റഷ്യൻ ഓർത്തഡോക്സ് സഭയുടെ സെമിനാരികളിൽ ദൈവശാസ്ത്രം പഠിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന, സ്കൊളാസ്റ്റിക് രീതിയും ലത്തീൻ ഭാഷയുമായിരുന്നെങ്കിലും, ബൈസൻ്റൈൻ പാരമ്പര്യത്തിൽ ഉറച്ചുനിൽക്കുവാൻ അവയിലെ അധ്യാപകർ ദത്തശ്രദ്ധരായിരുന്നു. പാശ്‌ചാത്യദൈവശാസ്ത്ര പാരമ്പര്യത്തോടുള്ള അവരുടെ സമീപനം നിഷേധാത്മകവുമായിരുന്നു.
റഷ്യയെ പാശ്ചാത്യവത്ക്കരിച്ച പീറ്റർ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് (1682-1725) പാശ്‌ചാത്യ ദൈവശാസ്ത്രത്തോടുള്ള റഷ്യൻസഭയുടെ നിലപാടിലും കുറെയെല്ലാം മാറ്റം വന്നത്. 19-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ "സ്ലാവോഫിൽസ് എന്നറിയപ്പെടുന്ന റഷ്യൻ ചിന്തകർ (റഷ്യൻ ഓർത്തഡോക്സ് സഭയ്ക്കു സാർവത്രികമായ ഒരു ദൗത്യമുണ്ടെന്നും ഈ സഭമാത്രമാണ് യഥാർഥ വിശ്വാസം കാത്തുസൂക്ഷിക്കുന്നതെന്നും വിശ്വസിക്കുന്നവർ) ഓർത്തഡോക്സ് ദൈവശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് വളരെയേറെ സഹായിച്ചവരാണ്. ഇവാൻ വാസിലിയേവിച്ച് കിരിയേവ്സ്കി (1806-56), കോൺസ്‌റ്റാൻ്റിൻ അക്‌സാകോവ് (1817-60), ഇവാൻ അക്‌സാകോവ് (1823-86), അലക്സി സ്റ്റേപ്പാനോവിച്ച് കോമ്യകോവ് (1804-60), വ്ളാഡിമിർ സെർഗേവിച്ച് സോളോ വീവ് (1853-1900) തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു. ജർമൻ പ്രത്യയവാദത്തെ (German Idealism) ആസ്പദമാക്കിയുള്ളവയായിരുന്നു അവരുടെ ദൈവശാസ്ത്ര വിചിന്തനങ്ങൾ. അതു പോലെതന്നെ, ഈ നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൽ പാരീസിൽ പ്രവാസ ജീവിതം നയിച്ചുകൊണ്ട് റഷ്യൻ ദൈവശാസ്ത്രത്തെ അപാരമായി വളർത്തിയ തത്വചിന്തകനും ബുദ്ധിജീവിയുമാണ് സെർജി നിക്കൊള്യേ വിച്ച് ബൾഗാക്കോവ് (1871-1944).

കൽദായ ദൈവശാസ്ത്രം
തത്വശാസ്ത്രത്തോട് ആഭിമുഖ്യമല്ലാതിരുന്നതുകൊണ്ടും വേറെ പല സാഹചര്യങ്ങളാലും മറ്റു പൗരസ്ത്യസഭകൾക്കു ക്രമനിബദ്ധമായ ഒരു ദൈവശാസ്ത്രം വികസിപ്പിച്ചെടുക്കുവാൻ കഴിഞ്ഞില്ല. “കൽദായസഭ'യെന്നു വിളിക്കപ്പെടുന്ന പൗരസ്ത്യസുറിയാനിസഭയെ സംബന്‌ധിച്ചുപറഞ്ഞാൽ, പേർഷ്യൻ സാമ്രാജ്യവും റോമൻ സാമ്രാജ്യവും തമ്മിലുള്ള ശത്രുതയും, പിന്നീട് മുസ്ലീമുകളുടെയിടയിൽ ചെറിയൊരു ന്യൂനപക്ഷമായി ഒറ്റപ്പെട്ടു ജീവിക്കേണ്ടിവന്ന സാഹചര്യവും മറ്റുസഭകളുമായി ബന്‌ധപ്പെടുവാനും ആരോഗ്യകരമായ കൂട്ടായ്‌മ പുലർത്തുവാനും അതിന് അവസരം നൽകിയില്ല. അതിൻ്റെ ദൈവശാസ്ത്രപരമായ വളർച്ചയെ അതെല്ലാം ദോഷകരമായി ബാധിച്ചതിൽ അത്ഭുതപ്പെടാനില്ലല്ലോ,
തോമാശ്ലീഹായുടെ പ്രത്യേകമായ ക്രിസ്താനുഭവത്തിൽനിന്നു രൂപംകൊണ്ട് ഉദാത്തവും തനിമയാർന്നതും വ്യതിരിക്‌തവുമായ ഒരു ദൈവശാസ്ത്രം കൽദായസഭയ്ക്കും കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾക്കും പൊതു പൈതൃകമായി ഉണ്ടെന്നെല്ലാം പറയുകയും പഠിപ്പിക്കുകയും ച െയ്യുന്നവർ ഈ ചരിത്ര യാഥാർഥ്യങ്ങളൊന്നും കണക്കിലെടുക്കാറില്ല. "നമ്മുടെ ദൈവശാസ്ത്രം ആരാധനക്രമ ദൈവശാസ്ത്രമത്രേ" എന്ന സൂത്രവാക്യമുപയോഗിച്ച് വേറെ ചിലർ ഈ ചരിത്ര യാഥാർഥ്യങ്ങളെ മൂടിവെക്കാറുണ്ട്.
പൗരസ്ത്യസഭകളുടെ ദൈവശാസ്ത്രചിന്തയെ പരിപോഷിപ്പിക്കാൻ വടവാതൂർ സെമിനാരിയിൽനിന്നു പ്രസിദ്ധീകരിക്കുന്ന Christian Orient-ൽ ബൈബിൾ ദൈവശാസ്ത്രവിജ്‌ഞാനിയങ്ങളിൽ അഗാധ പണ്ഡിതനായ ഡോ. കെ. ലൂക്ക് എഴുതിയ ചില വാക്യങ്ങൾ ഉദ്ധരിക്കുന്നത് ഇവിടെ പ്രസക്തമായിരിക്കും:
"People at times say, 'Our theology is liturgical theology', a statement which only goes to show that (...) an important element in the Christian faith has remained stunted, blunted, and stultified, in simple words, undeveloped. The liturgical books, for example have nothing to contribute to the problem of hermeneutics; or again, they are not going to shed any light on the question of creation and evolution, grace and freewill, and so on. Liturgical theology is not the whole of theology, and though it will certainly contribute to the growth of piety, it can never serve as a substitute for speculative/systematic theology"
(നമ്മുടെദൈവശാസ്ത്രം ആരാധനക്രമ ദൈവശാസ്ത്രമെന്ന് ആളുകൾ ചിലപ്പോൾ പറയാറുണ്ട്. ക്രൈസ്തവവിശ്വാസത്തിന്റെറെ സുപ്രധാനമായ ഒരു മൂല ഘടകം (...) മുരടിച്ചതും മൂർച്ചയില്ലാത്തതും മൂഢവുമായി രൂപാന്തരപ്പെട്ട് അവികസിതമായി അവശേഷിക്കുന്നുവെന്നതിനു സാക്ഷ്യം വഹിക്കുന്ന ഒരു പ്രസ്താവനയത്രേ ഇത്. ഉദാഹരണമായി, ആരാധനക്രമ പുസ്തകങ്ങൾക്ക് വ്യാഖ്യാന ശാസ്ത്രത്തെപ്പറ്റി ഒന്നും തന്നെ പറയുവാനില്ല. സൃഷ്ടി, പരിണാമം, പ്രസാദവരം, സ്വതന്ത്ര മനസ്സ് തുടങ്ങിയ പ്രശ്‌നങ്ങളിലേക്കു വെളിച്ചം വീശുവാൻ അവയ്ക്കു കഴിയില്ല. ആരാധനക്രമ ദൈവശാസ്ത്രം ദൈവശാസ്ത്രത്തിന്റെ ആകെത്ത ുകയല്ല. ഭക്തി പരിപോഷിപ്പിക്കാൻ ഉതകുമെങ്കിലും, ദൈവശാസ്ത്രത്തിന് അതൊരിക്കലും പകരമാകയില്ല.
K. Luke, Oriental Theology in: Christian Orient, Vol. IX, No.4, 1988, 155-70. 158. Tr C.I.
ഈ ഭാഗത്തു പ്രതിപാദിച്ചിരിക്കുന്ന പല ആശയങ്ങൾക്കും ഡോ. ലൂക്കിൻ്റെ ലേഖനത്തോടുള്ള കടപ്പാട് ഇവിടെ ഏറ്റുപറഞ്ഞുകൊള്ളട്ടെ).
തോമ്മാശ്ലീഹായുടെ ക്രിസ്താനുഭവം: ഭാഗം -3
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക ഫെബ്രുവരി, 1994






























