top of page

ഒപ്പമുള്ള ഹൃദയം

Writer: ജോയി മാത്യു
ജോയി മാത്യു
Jun 8
3 min read
പുറത്തെ ബെഞ്ചിൽ യേശു ദുഃഖിതനായ യുവാവിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നു; ശാന്തവും കരുണാപൂർണ്ണവും.

This Cover story article focuses on the importance of compassion, family unity and the Sacred Heart.

പണ്ട്, പെരുന്നാള്‍ കടകളില്‍ ഒരു സ്റ്റിക്കര്‍ കിട്ടുമായിരുന്നു. ചിലപ്പോള്‍ സ്റ്റിക്കര്‍ വലിപ്പത്തിലുള്ള ചെറിയ തകിടുകളും. രണ്ടിലും എഴുതിയിരുന്നത് ഒന്നു തന്നെയാണ്


"ഈശോ ഈ വീടിന്‍റെ നാഥന്‍."


വീടുകള്‍ക്ക് വലിയ ഭംഗിയൊന്നുമില്ലാത്ത കാലം. ഓടുമേഞ്ഞ വീടുകള്‍. മഴ പെയ്താല്‍ ചോര്‍ച്ചയുള്ള മുറികള്‍. എങ്കിലും മിക്ക വീടുകളുടെയും നെറ്റിയില്‍ ആ വാക്കുകള്‍ പതിഞ്ഞു കിടക്കും. വീടുകള്‍ ചെറുതായിരുന്നെങ്കിലും, ഹൃദയങ്ങള്‍ തമ്മില്‍ കുറേക്കൂടി അടുത്തിരുന്ന കാലം.

സന്ധ്യയായാല്‍ വീട്ടിലുള്ളവര്‍ ഒക്കെ ഒരു മുറിയില്‍ ഒത്തുകൂടി പ്രാര്‍ത്ഥിക്കും. ആ പ്രാര്‍ത്ഥനയുടെ ഇടയില്‍ എവിടെയെങ്കിലും ഒരു സുകൃതജപം കേള്‍ക്കാം:


"ഹൃദയശാന്തതയും എളിമയുമുള്ള ഈശോ, എന്‍റെ ഹൃദയം അങ്ങേ തിരുഹൃദയത്തിന് ഒത്തതാക്കണമേ." അന്ന് ആ ജപത്തിന്‍റെ ദൈവശാസ്ത്രമൊന്നും ആര്‍ക്കും അറിയുമായിരുന്നില്ല. പക്ഷേ അതൊരു ജീവിതരീതിയായിരുന്നു. കോപം കുറക്കണം. വീട്ടില്‍ തമ്മില്‍ വഴക്കില്ലാതെ ജീവിക്കണം. ഒരാളുടെ വേദന മറ്റൊരാള്‍ മനസ്സിലാക്കണം. കുറച്ചുകൂടി ക്ഷമിക്കണം. കുറച്ചുകൂടി ഒപ്പം നില്‍ക്കണം. അതൊക്കെയായിരുന്നു ആ ജപത്തിന്‍റെ അര്‍ത്ഥം.


പിന്നീട് വീടുകള്‍ വലുതായി. ടൈലുകള്‍ വന്നു. പെയിന്‍റുകള്‍ വന്നു. ഇന്‍റീരിയറുകള്‍ വന്നു. ചുമരുകള്‍ മനോഹരമായി. അപ്പോള്‍ ആ സ്റ്റിക്കറുകള്‍ അഭംഗിയായി തോന്നിത്തുടങ്ങി. പതിയെ അവ അപ്രത്യക്ഷമായി.


പക്ഷേ സത്യത്തില്‍ ചുമരുകളില്‍നിന്ന് ആ വാക്കുകള്‍ പോയതല്ല; ചില വീടുകളുടെ ആത്മാവില്‍ നിന്നാണ് അത് മാഞ്ഞുപോയത്.


ഇപ്പോള്‍ "ഈശോ ഈ വീടിന്‍റെ നാഥന്‍" എന്നെഴുതിയ ബോര്‍ഡുകള്‍ കുറവാണ്. അതിലും കുറവാണ്, ആ വാക്കുകള്‍ ജീവിക്കുന്ന വീടുകള്‍.


കാരണം ഈശോ ഒരു വീട്ടിന്‍റെ നാഥനാകുന്നത്, ചുമരില്‍ ഒരു ചിത്രം തൂക്കിവയ്ക്കുന്നതുകൊണ്ടല്ല. ആ വീട്ടിലെ മനുഷ്യര്‍ പരസ്പരം ഹൃദയംകൊണ്ട് ചേര്‍ന്നു നില്‍ക്കുമ്പോഴാണ്.


ഈശോയുടെ തിരുഹൃദയം അങ്ങനെയായിരുന്നു. അവിടുന്ന് സ്നേഹിച്ചത് ദൂരെയിരുന്നല്ല. ഒപ്പം നടന്നുകൊണ്ടാണ്. ഒപ്പം ഭക്ഷിച്ചുകൊണ്ടാണ്. ഒപ്പം കരഞ്ഞുകൊണ്ടാണ്. ശിഷ്യന്മാരെ "അനുയായികള്‍" എന്നതിലുപരി, സ്വന്തം ആളുകളായി ഈശോ കണ്ടു. അവര്‍ കൂടെയില്ലാത്ത സമയം അവിടുത്തെ ജീവിതത്തില്‍ കുറവായിരുന്നു. വഴികളിലൂടെ നടന്നപ്പോള്‍ അവരും ഉണ്ടായിരുന്നു. വിശന്നപ്പോള്‍ അവര്‍ക്കൊപ്പം അപ്പം പങ്കിട്ടു. കടലില്‍ പേടിച്ചപ്പോള്‍ അവരെ ആശ്വസിപ്പിച്ചു. അവസാന അത്താഴത്തിലും അവരോടൊപ്പമായിരുന്നു.


ഈശോയുടെ സ്നേഹം വെറും വാക്കായിരുന്നില്ല, സാന്നിധ്യമായിരുന്നു.


ഇന്നത്തെ വീടുകളില്‍ ഏറ്റവും കൂടുതല്‍ നഷ്ടപ്പെടുന്നതും ഈ "ഒപ്പം" തന്നെയാണ്. ഒരേ വീട്ടില്‍ താമസിച്ചാലും, പലപ്പോഴും ഓരോരുത്തരും ഓരോ മുറികളിലാണ്. ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ സമയമില്ല. സംസാരിക്കാന്‍ സമയമില്ല. പ്രാര്‍ത്ഥിക്കാന്‍ സമയമില്ല.


ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ന്നു നില്‍ക്കാന്‍ വലിയ കാര്യങ്ങളൊന്നും വേണ്ട. ഒരുമിച്ച് ചായ കുടിക്കാന്‍ കുറച്ചു സമയം മതി. മക്കളുടെ കഥകള്‍ കേള്‍ക്കാന്‍ അല്പം ക്ഷമ മതി.


ഭാര്യ ഭര്‍ത്താവിനോട് "ഇന്ന് നിനക്ക് എന്തോ വിഷമമുണ്ടല്ലോ" എന്ന് ചോദിക്കുന്ന ശ്രദ്ധ മതി. ഭര്‍ത്താവ് ഭാര്യയുടെ ക്ഷീണം കാണുന്ന കണ്ണ് മതി.


ഒരു വീട്ടില്‍ ആളുകള്‍ പരസ്പരം കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍, ആ വീട്ടില്‍ തിരുഹൃദയം വീണ്ടും ജീവിക്കാന്‍ തുടങ്ങും.


"നീ എനിക്കു തന്നവരില്‍ ഒരാളെയും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല" (യോഹന്നാന്‍ 18:9) എന്ന് ഈശോ പറഞ്ഞു. ബന്ധങ്ങളെ ഉപേക്ഷിക്കാത്ത ഹൃദയമായിരുന്നു അവിടുത്തേത്.


പത്രോസ് തള്ളിപ്പറഞ്ഞിട്ടും അവനെ കൈവിട്ടില്ല. തോമസ് സംശയിച്ചിട്ടും അവനെ അകറ്റിയില്ല. വീണവരെ വീണ്ടും ഉയര്‍ത്തി. നമ്മുടെ കുടുംബങ്ങള്‍ക്കും ഈ മനോഭാവം വേണം. മക്കള്‍ തെറ്റിപ്പോകുമ്പോള്‍ ഉടനെ വിധിക്കാതെ, കൂടെ നടക്കണം.


അവര്‍ സഭയില്‍നിന്നും പ്രാര്‍ത്ഥനയില്‍നിന്നും അകലുമ്പോള്‍, കോപിക്കുന്നതിലും കൂടുതല്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതുപോലെ, നല്ല ഹൃദയവും കൊടുക്കണം.


ഈശോ മനുഷ്യരുടെ വിശപ്പും കണ്ടു. "ഇവരെ വിശന്നവരായി പറഞ്ഞയക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല" (മത്തായി 15:32) എന്ന് പറഞ്ഞ് അപ്പം വര്‍ധിപ്പിച്ചു. മനുഷ്യരുടെ ആവശ്യങ്ങളെ കാണുന്ന ഹൃദയമായിരുന്നു അത്.


ചിലപ്പോള്‍ വീട്ടില്‍ ഒരാള്‍ക്ക് വേണ്ടത് വലിയ ഉപദേശമല്ല.


"നീ ഭക്ഷണം കഴിച്ചോ?" എന്നൊരു ചോദ്യം മതി. "ഞാന്‍ കൂടെയുണ്ട്" എന്നൊരു വാക്ക് മതി.


ഈശോ മനുഷ്യരുടെ ആത്മാവിനെയും ശ്രദ്ധിച്ചു.


"ഇടയനില്ലാത്ത ആടുകളെപ്പോലെ" (മര്‍ക്കോസ് 6:34) അലഞ്ഞുനടക്കുന്ന മനുഷ്യരെ കണ്ടപ്പോള്‍ അവിടുത്തേക്ക് അനുകമ്പ തോന്നി. ഇന്ന് പല കുട്ടികളും ഉള്ളില്‍ വലിയ ഏകാന്തതയോടെ വളരുന്നുണ്ട്. പഠനമുണ്ട്. സൗകര്യങ്ങളുണ്ട്. പക്ഷേ സംസാരിക്കാന്‍ ആരുമില്ല. മാതാപിതാക്കളുടെ സഹാനുഭൂതിയും സ്നേഹവും അവരുടെ ഹൃദയത്തെ തൊടണം.


കുട്ടികള്‍ ആദ്യം വീട്ടില്‍ സ്നേഹം അനുഭവിച്ചാലേ പിന്നീട് ദൈവസ്നേഹം മനസ്സിലാക്കാന്‍ കഴിയൂ.


ഈശോ പ്രാര്‍ത്ഥിക്കുക മാത്രമല്ല, പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. "കര്‍ത്താവേ, ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ" എന്ന് ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍, അവിടുന്ന് അവരെ പ്രാര്‍ത്ഥനയുടെ വഴിയിലേക്ക് കൈപിടിച്ചു നടത്തി (ലൂക്കാ 11:1-4). നമ്മുടെ വീടുകളില്‍ കുട്ടികളെ എല്ലാം പഠിപ്പിക്കുന്നുണ്ട്. പക്ഷേ നിശ്ശബ്ദമായി ദൈവസന്നിധിയില്‍ ഇരിക്കാന്‍ പഠിപ്പിക്കുന്നുണ്ടോ?കുടുംബപ്രാര്‍ത്ഥന ഇന്നും വീടുകളെ ചേര്‍ത്തുനിര്‍ത്തുന്ന വലിയ ശക്തിയാണ്.


ലാസറിന്‍റെ കല്ലറയ്ക്കരികിലെ ആ രംഗം ഓര്‍ക്കുക. "യേശു കണ്ണുനീര്‍ വാര്‍ത്തു" (യോഹന്നാന്‍ 11:35). ആ കണ്ണുനീര്‍, മരിച്ച ഒരാളോടുള്ള സങ്കടം മാത്രമല്ല. താന്‍ സ്നേഹിച്ച ഒരാളെ നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഹൃദയത്തിന്‍റെ കരച്ചിലായിരുന്നു. കരയാന്‍ കഴിയുന്നത് ഹൃദയം കൊണ്ട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കാണ്.


ഇന്ന് വീടുകളില്‍ പലപ്പോഴും ഒരാളുടെ വേദന മറ്റൊരാളിലേക്ക് എത്തുന്നില്ല. ഒരാള്‍ കരയുമ്പോള്‍ മറ്റൊരാള്‍ ഫോണ്‍ നോക്കിക്കൊണ്ടിരിക്കുന്നു. ഒരാള്‍ തകരുമ്പോള്‍ മറ്റൊരാള്‍ തിരക്കിലാണ്. വീടുകള്‍ ഹൃദയം കൊണ്ട് ചേര്‍ന്നു നില്‍ക്കുന്ന ഇടങ്ങളാകണം. ഒരാള്‍ വീഴുമ്പോള്‍ പിടിച്ചു നിര്‍ത്തുന്ന ഇടം. ഒരാള്‍ കരയുമ്പോള്‍ കൂടെ കരയുന്ന ഇടം. ആശ്വസിപ്പിക്കുന്ന ഇടം. ഒരാള്‍ മിണ്ടാതിരിക്കുമ്പോള്‍ "എന്തുപറ്റി?" എന്ന് ചോദിക്കുന്ന ഇടം.


ഒരിക്കല്‍ ചുമരുകളില്‍ എഴുതിയിരുന്ന ആ വാക്കുകള്‍, വീണ്ടും ജീവിതങ്ങളില്‍ എഴുതപ്പെടണം: "ഈശോ ഈ വീടിന്‍റെ നാഥന്‍." അത് ചുമരില്‍ എഴുതുന്നതിലും കൂടുതല്‍, ഹൃദയങ്ങളില്‍ എഴുതപ്പെടണം.


അപ്പോള്‍ പഴയ സുകൃതജപം വീണ്ടും അര്‍ത്ഥമുള്ളതാകും: "ഹൃദയശാന്തതയും എളിമയുമുള്ള ഈശോ, എന്‍റെ ഹൃദയം അങ്ങേ തിരുഹൃദയത്തിന് ഒത്തതാക്കണമേ.'

ഒപ്പമുള്ള ഹൃദയം

ജോയ് മാത്യു പ്ലാത്തറ

അസ്സീസി മാസിക ജൂൺ 2026

bottom of page