
സംശയിക്കുന്ന തോമ്മാ...
ക്രിസ്തുരഹസ്യത്തിന്റെ അനുസ്‌മരണവും ആഘോഷവുമായ വി. കുർബാനയാചരണത്തിലും വി. കുർബാനയാചരണത്തെ കേന്ദ്രീകരിച്ചുള്ള ആരാധനക്രമത്തിലും വൈവിധ്യമുണ്ടായത്, വിശ്വാസം സ്വീകരിച്ച ജനതകളുടെ ഭൂമിശാസ്ത്രപരവും ചരിത്രപരവും ഭാഷാപരവും സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ വ്യത്യസ്ത പരിതസ്ഥിതികൾ കാരണമാണ്. തോമാശ്ലീഹായുടെയോ മറ്റേതെങ്കിലും അപ്പസ്തോലന്റെയോ പ്രത്യേകമായ ക്രിസ്താനുഭവവുമായി ആരാധനക്രമത്തിലെ വൈവിധ്യത്ത ിനു യാതൊരു ബന്ധവുമില്ല

ഈശോയുടെ 12 അപ്പസ്തോലന്മാരിൽ ഒരാളായ തോമാശ്ലീഹ ക്രി. വ. 52-ൽ ഭാരതത്തിൽ വന്ന് പ്രത്യേകമായ തൻ്റെ ക്രിസ്താനുഭവം പ്രസംഗിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഒരു സഭ സ്ഥാപിച്ചുവെന്നും തോമാശ്ലീഹായുടെ ക്രിസ്താനുഭവം മറ്റു ശ്ലീഹാന്മാരുടേതിൽ നിന്നു വ്യത്യസ്തമായതിനാൽ അദ്ദേഹം സ്ഥാപിച്ച നമ്മുടെ സഭ സ്വന്തം വ്യക്തിത്വമുള്ള സ്വതന്ത്ര സഭയാണെന്നും പല പ്രസംഗങ്ങളിലും സെമിനാറുകളിലും കേൾക്കുവാൻ ഇടയായിട്ടുണ്ട്. എന്നാൽ, ഒക്ടോബർ ലക്കം അസ്സീസിയിൽ, ജോർജ് മങ്ങാട്ട് എഴുതിയ "മലബാർ സഭയും മാർത്തോമ്മാ ശ്ലീഹായും" എന്ന ലേഖനം ഈ ആശയത്തെ അപ്പാടെ ഖണ്ഡിച്ചിരിക്കുന്നതായി കാണുന്നു. അദ്ദേഹമെഴുതുന്നു. "ഓരോ അപ്പസ്തോലന്റെയും തനതായ പ്രത്യേക ക്രിസ്ത്വാനുഭവത്തെപ്പറ്റി പുതിയനിയമം യാതൊരു സൂചനയും നൽകുന്നില്ല. പത്രോസിൻ്റെ ക്രിസ്താനുഭവം , തോമായുടെ ക്രിസ്താനുഭവം , പൗലോസിന്റെ ക്രിസ്താനുഭവം എന്നിങ്ങനെ ക്രിസ്താനുഭവങ്ങളെ വേർതിരിച്ചു കാണുന്നതായോ അവയുടെ അടിസ്‌ഥാനത്തിൽ അവർ വ്യത്യസ്ത സഭകൾ സ്‌ഥാപിക്കുന്നതായോ പുതിയനിയമം പറയുന്നില്ല. കാരണം വ്യക്തിനിഷ്ഠമായ അനുഭൂതികളല്ല, വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങളാണ് ആദിമസഭയുടെ പ്രഘോഷണത്തിൻറ വിഷയം.
" മതബോധന ക്ലാസ്സുകളിലേക്കു ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന ബഹു. ഫാ. വർഗീസ് പാത്തികുളങ്ങരയുടെ "നമ്മുടെ രക്ഷയ്ക്കുവേണ്ടി " എന്ന പുസ്തകം വി.യോഹന്നാൻ്റെ സുവിശേഷം 11 :16; 14:5, 20:25 എന്നീ വാക്യങ്ങളെ ആധാരമാക്കി. തോമാശ്ലീഹായുടെ പ്രത്യേകമായ ക്രിസ്താനുഭവത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മറ്റു സഭകളുടേതിൽനിന്നു വ്യത്യസ്തമായ, തനതായ ഒരു ആരാധനക്രമവും ആധ്യാത്മികതയും ദൈവശാസ്ത്രവും ഭരണസംവിധാനവും നമുക്കുണ്ടാകുവാനുള്ള മുഖ്യകാരണവും തോമാശ്ലീഹായുടെ പ്രത്യേകമായ ഈ ക്രിസ്താനുഭവമാണെന്നത്രേ ബഹു. പാത്തികുളങ്ങരയച്ചൻ പറയുന്നത് (പേജ്. 12-21). പരസ്പരവിരുദ്ധമായ ഈ നിലപാടുകളിൽ ഏതാണു ശരി, ഏതാണു തെറ്റ്? അസ്സീസിയിലുടെ ഒരു വിശദീകരണം നൽകുമല്ലോ.
ജോസ് തോമസ്,
ഏറ്റുമാനൂർ
പ്രിയപ്പെട്ട ജോസ്,
വൈവിധ്യത്തിൻ്റെ കാരണങ്ങൾ തോമ്മായുടെ ക്രിസ്താനുഭവമല്ല
മറ്റു സഭകളുടേതിൽനിന്നു വ്യത്യസ്‌തമായി പ്രത്യേകമായ ഒരു ആരാധനക്രമവും ആധ്യാത്‌മികയും ദൈവശാസ്ത്രവും ഭരണസംവിധാനവും നമുക്കുണ്ടാകുവാനുള്ള മുഖ്യകാരണമായി ബഹു. പാത്തികുളങ്ങരയച്ചൻ ചൂണ്ടിക്കാണിക്കുന്നതും തോമാശ്ലീഹായുടെ പ്രത്യേകമായ ക്രിസ്താനുഭവത്തെയാണ്. ഇതും യാഥാർഥ്യത്തിൽ യാതൊരടിസ്‌ഥാനവുമില്ലാത്ത ഒരു പ്രസ്താവനയാണെന്നു പറയേണ്ടിയിരിക്കുന്നു. കത്തോലിക്കാ സഭയിൽ വിവിധങ്ങളായ ആരാധനക്രമങ്ങളുണ്ട്. അവ അപ്പസ്തോലന്മാരുടെ പ്രത്യേകം പ്രത്യേകമായ ക്രിസ്താനുഭവത്തിൽ അടിസ്‌ഥിതമായി രൂപംകൊണ്ടവയല്ല, പ്രത്യുത എല്ലാ അപ്പസ്തോലന്മാരും പ്രഘോഷിച്ച, എല്ലാവർക്കും പൊതുവായ, ക്രിസ്‌തുരഹസ്യം അടിസ്ഥിതമായി വ്യത്യസ്‌ത സ്‌ഥലങ്ങളിലും സാഹചര്യങ്ങളിലും രൂപം കൊണ്ടവയാണ്.
ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ക്രിസ്തു രഹസ്യത്തിന്റെ അനുസ്‌മരണവും ആഘോഷവുമായ വി. കുർബാനയാചരണത്തിലും വി. കുർബാനയാചരണത്തെ കേന്ദ്രീകരിച്ചുള്ള ആരാധനക്രമത്തിലും വൈവിധ്യമുണ്ടായത്, വിശ്വാസം സ്വീകരിച്ച ജനതകളുടെ ഭൂമിശാസ്ത്രപരവും ചരിത്രപരവും ഭാഷാപരവും സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ വ്യത്യസ്ത പരിതസ്ഥിതികൾ കാരണമാണ്.(1) തോമാശ്ലീഹായുടെയോ മറ്റേതെങ്കിലും അപ്പസ്തോലന്റെയോ പ്രത്യേകമായ ക്രിസ്താനുഭവവുമായി ആരാധനക്രമത്തിലെ വൈവിധ്യത്തിനു യാതൊരു ബന്ധവുമില്ല.
വൈവിധ്യത്തിന്റെ ചരിത്രപശ്ചാത്തലം
സഭയുടെ ആരംഭത്തിൽ അപ്പസ്തോലന്മാരും സുവിശേഷം സ്വീകരിച ്ച മറ്റു വിശ്വാസികളും ഒരുമിച്ചു കൂടിയപ്പോൾ, ക്രിസ്തുനാഥനിലൂടെ പിതാവായ ദൈവം പ്രവർത്തിച്ച രക്ഷാകര സംഭവങ്ങളെ അനുസ്മരിക്കയും അവയ്ക്കുവേണ്ടി അവിടത്തേക്കു നന്ദിപറയുകയും ചെയ്തുകൊണ്ട്, ഒടുവിലത്തെ അത്താഴത്തിൽവെച്ച് ക്രിസ്തുനാഥൻ ചെയ്തതതു തന്നെയാണ് അവരും ചെയ്തത്. അപ്പവും വീഞ്ഞുമെടുത്ത് പിതാവായ ദൈവത്തിനു കൃതജ്‌ഞതാ സ്തോത്രം ചൊല്ലി, യേശുനാഥൻ ചെയ്‌തതും പറഞ്ഞതും അവയുടെ മേൽ ആവർത്തിച്ചുകൊണ്ട് അവ പങ്കുവെച്ചു. "അപ്പം മുറിക്കൽ" എന്നാണ് ഈ കർമത്തിന് അവർ പറഞ്ഞിരുന്ന പേര് (അപ്പ. 2:42,46, 20:17).
ആദ്യ ദശകങ്ങളിൽ ഒരു വിരുന്നിനോടനുബന്‌ധിച്ചാണ് ഈ കർമം നടത്തിയിരുന്നതെന്നു വ്യക്‌തമാണ്. ഉയിർത്തെഴുന്നേറ്റ യേശുനാഥൻ ഈ കർമത്തിൽ സന്നിഹിതനാണെന്നും അവിടന്നു തന്നെയാണ് ഈ വിരുന്നു നൽകുന്നതെന്നും, ഈ വിരുന്നിലൂടെ അവിടത്തെ കൂട്ടായ്‌മയും സഹവാസവും തങ്ങൾക്കുതുടർന്നും ലഭിക്കുന്നുവെന്നും ഇതിൽ പങ്കുകൊണ്ടവർക്കു ബോധ്യമുണ്ടായിരുന്നു.
ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് അപ്പം മുറിക്കൽ ശുശ്രൂഷ മിക്കവാറും അപ്പവും വീഞ്ഞുംകൊണ്ടുള്ള കർമമായി ചുരുങ്ങുകയും വിരുന്നു നിർത്തലാക്കപ്പെടുകയും ചെയ്തു. വിശ്വാസികളുടെ എണ്ണം വർധിച്ചതും, സാബത്താചരണം കഴിയുന്നതോടെ ശനിയാഴ്ച വൈകുന്നേരം നടത്തിയിരുന്ന അപ്പംമുറി കർത്താവിന്റെ ദിവസമായ ഞായറാഴ്‌ച (Dies Dominica) രാവിലെ ആക്കിയതും ഈ മാറ്റത്തിനു കാരണമായി. പോരെങ്കിൽ, അപ്പവും വീഞ്ഞും കൊണ്ടുള്ള കർമം തന്നെ വിരുന്നിൻ്റെ ഒരു ചെറിയ മോഡൽ ആണല്ലോ. അതേസമയം, പഴയനിയമത്ത ിൽനിന്നും അപ്പസ്തോലന്മാരുടെ ലേഖനങ്ങളിൽനിന്നും സുവിശേഷങ്ങളിൽനിന്നുള്ള വായനയും തുടർന്നു സങ്കീർത്തനങ്ങളും മറ്റു പ്രാർഥനകളും ഈ കർമത്തിനുള്ള ഒരുക്കമായി കൂട്ടിച്ചേർക്കപ്പെട്ടു.
യഹൂദരുടെ സിനഗോഗ് ശുശ്രൂഷയിൽ നിന്നുള്ള പ്രചോദനമാണ് ഈ ഒരുക്കശുശ്രൂഷയിൽ നാം കാണുക ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി "അപ്പം മുറിക്കൽ എന്നപേരും മിക്കവാറും എല്ലായിടത്തും അപ്രത്യക്ഷമായി. പകരം "എവുക്കറിയാസ്തി (eucharistia- eucharist = thanksgiving) അഥവാ കൃഞ്ജതാപ്രകടനം എന്നപേരിലാണ് ഈ ശുശ്രൂഷ തുടർന്ന് അറിയപ്പെട്ടത്. അപ്പവും വീഞ്ഞുംകൊണ്ടുള്ള കർമം പിതാവായ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടുള്ള പ്രാർഥനയ്ക്കുമധ്യേ നടന്നതുകൊണ്ടാണ് ഈ പേരുണ്ടായതെന് നു വ്യക്തമാണല്ലോ. വി കുർബാനയാചരണത്തെ കേന്ദ്രീകരിച്ചുള്ള ക്രിസ്തീയ ജീവിതം തന്നെ ക്രിസ്തുനാഥനിലൂടെ ദൈവം പ്രവർത്തിച്ച രക്ഷാകരപ്രവർത്തനങ്ങൾക്കുള്ള ഒരു കൃതജ്ഞതാ പ്രകടനമായാണ് ആദിമക്രൈസ്തവർ കണ്ടത്(2).
ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളിൽ നടന്ന വി. കുർബാനയാചരണത്തിൻ്റെ പൊതുവെയുള്ള രൂപം അഥവാ ചട്ടക്കൂടാണ് മുകളിൽ സൂചിപ്പിച്ചത്. സാരമായ വ്യത്യാസങ്ങളൊന്നും കൂടാതെ എല്ലായിടത്തും ഇത് ഒന്നുതന്നെയായിരുന്നു. എന്നാൽ, എഴുതപ്പെട്ട പുസ്തകങ്ങളോ കാണാപാഠം പഠിച്ച പ്രാർഥനകളോ അനുസരിച്ചല്ല വി.കുർബാനയാചരണം നടന്നത്. യേശുനാഥനിലൂടെ പിതാവായ ദൈവം പ്രവർത്തിച്ച രക്ഷാകരകർമങ്ങൾക്കു, പ്രധാനകാർമികൻ സ്വന്തം വാക്കുകളിലാണ് അവിടത്തേക്കു കൃതജ്ഞത പ്രകടിപ്പിച്ചത്. ഏറെക്കുറെ ഒരു "പാറ്റേൺ" അഥവാ മോഡൽ അദ്ദേഹം പിന്തുടർന്നുവെന്നുമാത്രം. ഈ കൃതജ്‌ഞതാപ്രകടന പ്രാർഥനയ്ക്കുള്ളിലാണ്, ഒടുവിലത്തെ അത്താഴത്തിൽ വച്ച് യേശുനാഥൻ ചെയ്‌തതും പറഞ്ഞതും അദ്ദേഹം ആവർത്തിച്ചിരുന്നത്. എന്നാൽ, യേശുനാഥൻ്റെ വാക്കുകൾ പോലും കൃത്യം അതേപടിയായിരുന്നില്ല അദ്ദേഹം ആവർത്തിച്ചത്. ഏറെക്കുറെ അവിടത്തെ ആശയങ്ങൾ അദ്ദേഹം ആവർത്തിച്ചുവെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. അതു കൊണ്ടാണ് സമാന്തരസുവിശേഷങ്ങളിലും പൗലോസ്സ്ശ്ലീഹാ കോറിന്തോസ്കാർക്കെഴുതിയ ഒന്നാമത്തെ ലേഖനത്തിനും കാണുന്ന സ്‌ഥാപനവാക്യങ്ങൾതന്നെ കുറെയെല്ലാം വ്യത്യസ്‌ഥങ്ങളായിരിക്കുന്നത് (മർക്കൊ. 14: 22-25, മത്താ 26: 26-29, ലൂക്കാ. 22: 19-20, 1 കൊറി 11: 23-26 കാണുക). അവ വിവിധ ക്രൈസ്‌തവ സമൂഹങ്ങളിൽ നടന്ന വിശുദ്ധ കുർബാനയാചരണങ്ങളിൽ ഉപയോഗിച്ചിരുന്ന വാക്കുകളാണെന്നു പറയാം.

മൂന്നാംനൂറ്റാണ്ടിൽ എഴുതപ്പെട്ട വി. ഹിപ്പോളിറ്റസിൻ്റെ "അപ്പസ്തോലിക ഗ്രന്‌ഥത്തിൽ " (Apostolic Tradition) എന്ന ഗ്രന്ഥത്തിൽ നിന്നാണ് വി. കുർബാനയാചരണത്തിൽ ഉപയോഗിച്ചിരുന്ന കൃതജ്‌താപ്രകടന പ്രാർഥർഥനയുടെ ഒന്നാമത്തെ ലിഖിതരൂപം നമുക്കു ലഭിച്ചിട്ടുള്ളത്(3). ഇതിൽ ഉപയോഗിച്ചിരിക്കുന്ന സ്‌ഥാപനവാക്യങ്ങൾ സുവിശേഷങ്ങളിലും കോറിന്തോസുകാർക്കുള്ള ലേഖനത്തിലുമുള്ള സ്ഥാപനവാക്യങ്ങളുമായി പൂർണമായി യോജിക്കുന്നില്ല. എങ്കിലും ആശയങ്ങൾ എല്ലായിടത്തും ഒന്നുതന്നെയാണ്. അങ്ങനെ വി. കുർബാനയാരണത്തിലെ പ്രാർഥനകളുടെയും കർമാനുഷ്‌ഠാനങ്ങളുടെയും കാര്യത്തിൽ പ്രധാന കാർമികനും കുറെയെല്ലാം സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇവയെ കൃത്യമായി നിയന്ത്രിക്കുന്ന നിർദേശങ്ങളോ നിയമങ്ങളോ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നില്ല. ഹിപ്പോളിറ്റസിൻ്റെ അപ്പസ്തോലിക പാരമ്പര്യത്തിലെ കൃതജ്‌ഞനാപ്രകടന പ്രാർഥനതന്നെ ഒരു മോഡൽ മാത്രമായിട്ടാണ് അദ്ദേഹം എഴുതിവെച്ചത്. അതേസമയം അനുഷ്ഠാനത്തിലോ പ്രാർഥനകളിലോ സാരമായ വ്യത്യാസം അന്നുണ്ടായിരുന്നില്ല. അങ്ങനെ എവിടെയെങ്കിലും ഉണ്ടായാൽ വിശ്വാസികൾ അത് അനുവദിച്ചിരുന്നതുമില്ല.
മാറ്റത്തിന്റെ കാലഘട്ടവും പശ്ചാത്തലവും
എന്നാൽ, നാലാം നൂറ്റാണ്ടോടുകൂടി പ്രാർഥനകൾക്കും അനുഷ്‌ഠാനങ്ങൾക്കും നിയതരൂപങ്ങൾ നിർദേശിക്കേണ്ടത് അനിവാര്യമായിത്തീർന്നു. സഭാസമൂഹങ്ങളുടെ വളർച്ചയും സഭാംഗങ്ങളുടെ വൈവിധ്യവും അതിനുള്ള ഒരു കാരണമായിരുന്നു. വി. കുർബാനയാചരണവും ആരാധനക്രമവും കൂടുതൽ ആഡംബരപൂർവകമാക്കാനുള്ള പ്രവണത മറ്റൊരു കാരണമായി ആര്യൻ പാഷണ്ഡതയുടെ ആവിർഭാവവും നോസ്റ്റിക്ക് (gnostic) അബദ്ധാഭിപ്രായങ്ങളുടെ പ്രചാരണവുമായിരുന്നു വേറൊരു കാരണമെന്നു പറയാം ഈ അബദ്ധാഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന പ്രാർഥനകൾ പല സമൂഹങ്ങളിലും പ്രത്യക്ഷപ്പെട്ടു ഇങ്ങനെയുള്ള തെറ്റായ പ്രവണതകളെ തുരുത്തുന്നതിന് പ്രാർഥനകൾക്കും അനുഷ്‌ഠാനങ്ങൾക്കും നിയത രൂപങ്ങൾ നിർദേശിക്കേണ്ടിവന്നു.(4)
പാത്രിയാർക്കാ സിംഹാസനങ്ങൾ ഉണ്ടാകുന്നു
ചില സഭാകേന്ദ്രങ്ങൾ കാലക്രമത്തിൽ മറ്റു സഭാ കേന്ദ്രങ്ങളേക്കാൾ പ്രാധാന്യമുള്ളവയായി തീർന്നിരുന്നു. ഭൂമിശാസ്ത്രപരവും ചരിത്രപര സാംസ്കാരികവും രാഷ്ട്രീയവുമായി ഒരു ഭൂപ്രദേശത്തിന്റെ തലസ്ഥാനം പോലെയായിരുന്നു ഈ കേന്ദ്രങ്ങൾ. ഇവിടെനിന്നും പുറപ്പെട്ട മിഷനറിമാരാണ് പലപ്പോഴും മറ്റു സഭാസമൂഹങ്ങൾ സ്ഥാപിച്ചത് അതിനാൽ മാതൃസഭയും പുത്രീസഭകളുമായിട്ടാണ് ഈ സഭാസമൂഹങ്ങൾ പരസ്‌പരം കരുതിയത്. ഒന്നാം നൂറ്റാണ്ടിൽതന്നെ ജറുസലേമും അന്ത്യോക്യായും സുപ്രധാനമായ സഭാ കേന്ദ്രങ്ങളായിരുന്നു. രണ്ടാം നൂറ്റാണ്ടിൽ റോമും അലക്‌സാൻഡ്രിയായും ഇതുപോലെതന്നെ പ്രാധാന്യമുള്ള സഭാകേന്ദ്രങ്ങളായി ഉയർന്നു. നാലാം നൂറ്റാണ്ടോടുകൂടി പൗരസ്‌ത്യറോമൻ സാമ്രാജ്യത്തിന്റെ തലസ്‌ഥാനമായ കോൺസ്റ്റാൻ്റിനോപ്പിൾ (ബിസാൻസിയം) സുപ്രധാനമായ ഒരു സഭാകേന്ദ്രമായി.
ഈ സഭാകേന്ദ്രങ്ങളിലെ മെത്രാന്മാർക്കു മറ്റു മെത്രാന്മാരേക്കാൾ കൂടുതൽ സ്ഥാനവും പ്രാമാണികത്വവുമുണ്ടായിരുന്നു. അവരുടെ ദൈവാലയങ്ങളിൽ അനുഷ്ഠിക്കപ്പെട്ട ആരാധനക്രമം ചുറ്റുമുള്ള പ്രദേശങ്ങളിലെ സഭാസമൂഹങ്ങൾക്ക് ആദ്യമെല്ലാം മാർഗദർശകമായും പിന്നീട് നിർബന്ധിതമായും തീർന്നു. ഈ കേന്ദ്രങ്ങളിലെ മെത്രാന്മാരുടെ അധ്യക്ഷതയിൽ ചുറ്റുമുള്ള പ്രദേശങ്ങളിലെ മെത്രാന്മാർ സിനഡുകൾ കൂടുകയും സഭാഭരണപരവും ആരാധനക്രമപരവുമായ കാര്യങ്ങൾ തിരുമാനിക്കയും ചെയ്തിരുന്നു. ഈ പ്രധാനസഭാ കേന്ദ്രങ്ങളിലെ മെത്രാന്മാരാണു പിന്നീടു പാത്രിയാർക്കീസുമാരായി പരിഗണിക്കപ്പെട്ടത്. അവരുടെ പാത്രിയാർക്കാ സിംഹാസനങ്ങളാണ് നാലാം നൂറ്റാണ്ടോടുകൂടി പ്രധാനപ്പെട്ട ആരാധനക്രമങ്ങളുടെ കേന്ദ്രങ്ങളായി പരിണമിച്ചത്. മറ്റാരാധനക്രമങ്ങല്ലാം ഈ കേന്ദ്രങ്ങളിൽ വളർന്നു വന്ന ആരാധനക്രമങ്ങളുടെ അവാന്തരവിഭാഗങ്ങളത്രേ
കോൺസ്റ്റാൻ്റിനോപ്പിളിലെ സഭയ്ക്ക് പൗരസ്ത്യറോമൻ ചക്രവർത്തിമാരുടെ പിന്തുണയുണ്ടായിരുന്നതിനാൽ പയ്യെപ്പയ്യെ അതു പൗരസ്ത്യദേശത്തെ മറ്റെല്ലാ സഭകളുടെയും മുൻപന്തിയിലായി. യവനവത്ക്കരണത്തെയും ഗ്രീക്കുഭാഷയെയും പ്രോത്സാഹിപ്പിച്ചിരുന്ന ചക്രവർത്തിമാരുടെ നയംതന്നെ കോൺസ്റ്റാൻ്റിനോപ്പിളിലെ സഭയും ഏറ്റെടുത്തു. അതിൻ്റെ ഫലമായി, അന്ത്യോക്യായിലും അലക്സാൻഡ്രിയായിലും നിന്നുപോലും അവയുടെ ആരാധനക്രമങ്ങളെ ബഹിഷ്‌ക്കരിച്ച് സ്വന്തം ആരാധനക്രമത്തെ അവിടെ സ്ഥാപിക്കുവാൻ കോൺസ്‌റ്റാൻറിനോപ്പിളിനു കഴിഞ്ഞു കോൺസ്റ്റാൻ്റിനോപ്പിളിൻ്റെ ആരാധനക്രമം സീസറിയായിൽ വി. ബേസിൽ രൂപം കൊടുത്ത ആരാധനക്രമമായിരുന്നു. ബൈസൻ്റൈൻ ആരാധനക്രമമെന്ന പേരിൽ പൗരസ്ത്യറോമൻ സാമ്രാജ്യത്തിലെ മിക്കസഭാസമൂഹങ്ങളിലും ഉപയോഗത്തിൽവന്നത് ഈ ആരാധനക്രമമാണ്. അന്ത്യോക്യായിൽ ബൈസൻ്റൈൻ ആരാധനക്രമം പ്രബലപ്പെട്ടെങ്കിലും, സിറിയയുടെയും ഈജിപ്തിന്റെയും ഉൾനാടുകളിലും ഗ്രീസിൻ്റെ തീരപ്രദേശങ്ങളിലും ലെബനനിലുമൊക്കെ ചിലർ അന്ത്യോക്യായിലെ പഴയ ആരാധനക്രമം തുടർന്നും അവരുടെ സ്വന്തം ഭാഷയിൽ ഉപയോഗിച്ചുപോന്നു. അവരുടെ ആരാധനാക്രമങ്ങളാണ് പാശ്ചാത്യസിറിയൻ, കോപ്റ്റിക്, എത്യോപ്യൻ, മെൽക്കൈറ്റ്, മാരോനൈറ്റ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്.
ആരാധനക്രമ ഭാഷകളും ചരിത്രപശ്ചാത്തലവും
ഗ്രീക്കുഭാഷയിലായിരുന്നു രണ്ടാം നൂറ്റാണ്ടുവരെ റോമിൽ വി. കുർബാനയും മറ്റ് ആരാധനക്രങ്ങളും അനുഷ്ഠിക്കപ്പെട്ടത്. അതായിരുന്നു അവിടത്തെ സംസാരഭാഷ. എന്നാൽ, 250-ാമാണ്ടോടുകൂടി ലത്തീൻ റോമിലെ സംസാരഭാഷയായിത്തീർന്നു. അതോടുകൂടി അവിടത്തെ ആരാധനക്രമ ഭാഷയും ഭരണഭാഷയും ലത്തീനായി. റോമൻ സഭയുടെ സ്വാധീനം വർധിച്ചതനുസരിച്ച് പാശ്‌ചാത്യസഭയുടെ മുഴുവൻ ആരാധനക്രമ ഭാഷ ലത്തീനായിമാറി. ലത്തീൻ ഭാഷയിൽ തന്നെ ആഫ്രിക്കയിലും സ്പെയിനിലും ഐർലൻറിലും ഫ്രാൻസിലും ഇറ്റലിയിലെ മിലാനിലുമെല്ലാം ചില വ്യത്യാസങ്ങളോടു കൂടിയ ആരാധനക്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും, റോമൻ സഭയുടെ സഭാപരവും രാഷ്ട്രീയവുമായ പ്രാധാന്യം കാരണം അവയെല്ലാം കാലക്രമത്തിൽ റോമൻ ആരാധനക്രമത്തിനു വഴിമാറിക്കൊടുത്തു. അങ്ങനെ റോമൻ ആരാധനക്രമം പാശ്ചാത്യസഭയുടെ മുഴുവൻ ആരാധനക്രമമായിത്തീർന്നു.(5)
പൗരസ്ത്യ സുറിയാനി ആരാധനക്രമവും തോമ്മാശ്ലീഹായും
ജറുസലേമിലും അന്ത്യോക്യായിലും 'അറമായിക്കാ'യിരുന്നു ആരാധനക്രമ ഭാഷ.
റോമൻ സാമ്രാജ്യത്തിനു പുറത്ത് പാർത്തിയൻ പ്രദേശമായിരുന്ന എഡേസ്സായിൽ രണ്ടാംനൂറ്റാണ്ടിൽ രൂപംകൊണ്ട സഭ അന്ത്യോക്യൻ സഭയുടെ പുത്രി സഭയായിരുന്നു. ആ സഭയുടെയും ആരാധനക്രമ ഭാഷ അറാമായിക് -സുറിയാനിയായിരുന്നു. ആദ്യം എഡേസ്സാ യും പിന്നീട് സെലൂസിയാ ക്റ്റെസിഫോനും കേന്ദ്രമായി വളർന്നുവന്ന ഈ സഭയാണ് ഇന്നത്തെ പൗരസ്ത്യ സുറിയാനി സഭ. രാഷ്ട്രീയവും ദേശീയവുമായ കാരണങ്ങളാൽ ഈ സഭ നാലാംനൂറ്റാണ്ടിൽ അന്ത്യോക്യൻ സഭയിൽനിന്നു പിരിഞ്ഞ് ഒരു സ്വതന്ത്രസഭയായി സ്വയം പ്രഖ്യാപിച്ചു. 486-ൽ നെസ്റ്റോറിയനിസം സ്വീകരിച്ച് അത് ഒരു "സെക്റ്റേറിയൻ" സഭയായിത്തീർന്നു.
വിപുലമായ മിഷൻ പ്രവർത്തനങ്ങളിലൂടെ പേർഷ്യൻ സാമ്രാജ്യത്തിലും, അതുപോലെതന്നെ ചൈനവരെയുള്ള പല പൗരസ്‌ത്യ രാജ്യങ്ങളിലും വേരുപിടിച്ചു വളർന്ന് ഒരു വലിയ സഭയായി അതു രൂപാന്തരപ്പെട്ടെങ്കിലും, മംഗോളിയരുടെ മതപീഡനത്തിൽ സിറിയയ്ക്കു പുറത്തുള്ള സഭ നാമാവശേഷമായി. സിറിയയിലെ സഭയാകട്ടെ ബൈസൻ്റൈൻ സഭയുടെ കേന്ദ്രീകരണ നയത്തിനും അന്ത്യോക്യൻ സഭയുടെ യവനവത്ക്കരണ നയത്തിനുമെതിരായുള്ള നിരന്തരമായ പോരാട്ടത്തിൽ ബലഹീനമായിക്കഴിഞ്ഞിരുന്നു. കാതോലിക്കോസുമാരും പാത്രിയാർക്കീസുമാരും തമ്മിലും സിംഹാസനങ്ങൾ തമ്മിലുള്ള വടംവലിയും ഭിന്നിപ്പും വിശ്വാസികൾക്ക് ഉതപ്പിനും വിശ്വാസ ക്ഷയത്തിനും കാരണമായി രാഷ്ട്രീയവും മതപരവുമായ കീഴടക്കൽ ലക്ഷ്യംവച്ച് ഇസ്ലാം സിറിയയിലേക്കു കടന്നുവന്നപ്പോൾ നട്ടെല്ലൊടിഞ്ഞ് നിർജീവമായ ഒരു സഭയാണ് അവിടെയുണ്ടായിരുന്നത്. അതിൻ്റെ അംഗങ്ങളിൽ പലരും സ്വമനസ്സാ ഇസ്ലാംമതത്തെ ആശ്ലേഷിച്ചു.
ഇസ്ലാമിൻ്റെ വരവിനുമുമ്പ് സിറിയയിൽ ജീവിച്ചിരുന്ന ക്രൈസ്‌തവരുടെ സന്താനപരമ്പയിൽ മുക്കാൽഭാഗവും ഇന്നു മുസ്ലീംകളാണ്(6). ശേഷിച്ചവർ യാഥാസ്ഥിതികത്വത്തിലും പാരമ്പര്യവാദത്തിലുമുറച്ചു നിൽക്കുന്ന ഒരു കൊച്ചുസഭയായി തുടർന്നുപോന്നു. അവരിൽ ഒരു വിഭാഗം 16-ാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെടുകയുണ്ടായി. ആ സഭാവിഭാഗമാണ് 'കൽദായ സഭ'യെന്നപേരിൽ അറിയപ്പെടുന്നത് പുനരൈക്യപ്പെടാതെ നെസ്തോറിയൻ വിശ്വാസത്തിൽ തുടർന്നുപോന്ന വിഭാഗത്തെ 'അസ്സീറിയൻ സഭ'യെന്നു വിളിക്കുന്നു.
അവരിൽനിന്നു വേർതിരിച്ചു കാണിക്കുവാൻ വേണ്ടിയാണ് പുനരൈക്യപ്പെട്ടവരെ കൽദായരെന്നു വിളിച്ചത്. അല്ലാതെ കൽദായരുമായി അവർക്കൊരു ബന്‌ധവുമില്ല. പൗരസ്ത്യ സുറിയാനി സഭ അന്ത്യോക്യൻ സഭയുമായി വേർപിരിഞ്ഞശേഷം, സെലൂസിയാ-ക്റ്റെസിഫോൺ കേന്ദ്രമായി വളർന്നുവന്ന അവരുടെ ആരാധനക്രമത്തിനാണ് 'പൗരസ്ത്യസുറിയാനി ആരാധനക്രമമെന്നു പറയുന്നത്. മുസ്ലീം കീഴടക്കലിനുശേഷം ദൈവശാസ്ത്രപരമായും ആരാധനക്രമപരമായും അധികമൊന്നും വളരുവാനുള്ള അവസരം ഈ സഭയ്ക്കുണ്ടായിരുന്നില്ല. അതിനാൽ പഴയതിലേക്കും പാരമ്പര്യത്തിലേക്കും പുറകോട്ടുനോക്കുകയും അതിനെ ആദർശവത്ക്കരിക്കുകയും ചെയ്യുക ഈ സഭയുടെ ഒരു മുഖമുദ്രയായി തീർന്നു. കൂദാശാവചനങ്ങളില്ലാത്തതെങ്കിലും വളരെ പഴക്കമുള്ള ഒരു "അനാഫൊറാ" അഥവാ കൃതജ്‌ഞതാ പ്രകടനപ്രാർഥന ഈ സഭയ്ക്കു സ്വന്തമായി ഉണ്ടായിരുന്നു. അതിനപ്പുറം നെസ്തോറിയൻ വിശ്വാസികളായിരുന്ന പാത്രിയാർക്കീസുമാരും ദൈവശാസ്ത്രജ്‌ഞന്മാരുമാണ് അതിന്റെ ആരാധനക്രമത്തിനു നിയതരൂപം നൽകിയത്. തോമാശ്ലീഹായുടെ പ്രത്യേകമായ ക്രിസ്ത്വാനുഭവവുമായി ഈ ആരാധനക്രമത്തിനു യാതൊരു ബന്‌ധവുമില്ലെന്നു വ്യക്തമാണല്ലോ.
ഇങ്ങനെ വിവിധങ്ങളായ ആരാധനക്രമങ്ങളുണ്ടായത് അപ്പസ്തോലന്മാരുടെ പ്രത്യേകം പ്രത്യേകമായ ക്രിസ്താനുഭവങ്ങളുടെ അടിസ്‌ഥാനത്തിലല്ല, പിന്നെയോ ഭൂമിശാസ്ത്രപരവും, ചരിത്രപരവും ഭാഷാപരവും സാംസ്‌കാരികവും വംശീയവും രാഷ്ട്രീയവുമായ പലപല കാരണങ്ങളാലാണെന്നു വ്യക്ത്‌തമായി കാണുമല്ലോ. പൗരസ്ത്യ സുറിയാനി ആരാധനക്രമം തോമാശ്ലീഹായുടെ പ്രത്യേകമായ ക്രിസ്താനുഭവത്തിന്റെ അടിസ്ഥാനത്തിൽ വളർന്നു വന്നതാണെന്നു പറയുന്നതിനു യാതൊരു സാധൂകരണവുമില്ല തന്നെ. ആരാധനയുടെ മറ്റെല്ലാ ക്രമങ്ങളും പോലെ ഈ ക്രമവും വെറും മാനുഷികമായ ഒരു സൃഷ്ടിയാണ്. കാലത്തിന്റെയും ദേശത്തിന്റെയും പരിമിതികൾക്ക് അത് അധീനമാണ്. നല്ലതും കാലാനുസൃതവുമായ അതിലെ ഘടകങ്ങളെ കൊള്ളാനും കാലഹരണപ്പെട്ടതും അപ്രസക്‌തവുമായവയെ തള്ളാനും നാം തയ്യാറാകേണ്ടിയിരിക്കുന്നു. എങ്കിലേ സഭയും ആരാധനക്രമവും വളരുകയുള്ളൂ. വിശുദ്ധപാരമ്പര്യങ്ങളെന്നു പറഞ്ഞ് ഇങ്ങനെ ക്രമങ്ങൾക്ക് നാം അടിമകളായി തീരുന്നുവെങ്കിൽ, അതു നമ്മുടെ സഭയെ തളർത്തുകയും ആരാധനക്രമത്തെ മുരടിപ്പിക്കുകയുമേ ചെയ്യുകയുള്ളൂ.
References:
Anton Baumstark, Grundgegensaetze morgenlaen dischen und abendlaendischen Christentums Rheine 1932, 5-18
Josef Jungmann, The Early Liturgy to the time of Gregory the great ( Darton, Longman & Tod) London 1960 (2), 29-47
Ibid. 52
lbid. 201
Ibid. 200-209
Dom Gregory Dix, The Shape of the Liturgy, London 1945 (2), 175
തോമ്മാശ്ശീഹായുടെ ക്രിസ്ത്വാനുഭവം: ഭാഗം -2
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, ജനുവരി 1994





























