മലബാർസഭയും മാർതോമാ ശ്ലീഹായും
- ഫാ. ജോർജ് മങ്ങാട്ട്
- Oct 1, 1993
- 6 min read
Updated: Jun 9
ഇന്ന് ഏറെ വിവാദങ്ങൾക്കും സംവാദങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണല്ലോ സഭാചരിത്രത്തെ സംബന്ധിച്ച വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ ഇത്തരുണത്തിൽ വടവാതൂർ സെൻ്റ് തോമസ് അപ്പസ്‌റ്റോലിക് സെമിനാരിയിലെ ഗവേഷകനും അധ്യാപകനുമായ ഫാ. ജോർജ് മങ്ങാട്ട് തന്റെ കണ്ടെത്തലുകൾ അനുവാചകരുമായി പങ്കുവയ്ക്കുകയാണിവിടെ.

യേശു നാഥൻ്റെ പ്രേഷ്ഠശിഷ്യനായ തോമാശ്ലീഹാ ഒന്നാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽത്തന്നെ നമ്മുടെ പൂർവികരെ സുവിശേഷമറിയിച്ച്, പ്രശസ്‌തമായ ഭാരതഭൂമിയിൽ ക്രൈസ്തവസഭയ്ക്ക് രൂപം നൽകി. ഈ വസ്തുതയാണ് നമ്മുടെ സമൂഹത്തിന്റെ അസ്തിത്വം, തനിമ, സഭാവബോധം എന്നിവയുടെ അടിസ്ഥാനവും ഉറവിടവും. യേശുവിന്റെ ഉത്ഥാനത്തിനുശേഷം ആദ്യദശകങ്ങളിൽ സുവിശേഷപ്രചരണം നടന്നിരുന്നത് പ്രധാനമായും റോമാസാമ്രാജ്യത്തിന്റെ വിവിധ പ്രോവിൻസുകളിലായിരുന്നല്ലോ. അന്ത്യോക്യ, കോറിന്തോസ്, ഫിലിപ്പി, എഫേസോസ്, റോമാ മുതാലായ റോമാസാമ്രാജ്യത്തിലെ തന്നെ പ്രധാന സ്‌ഥലങ്ങളിൽ സഭകൾ സ്ഥാപിക്കപ്പെട്ട ഏതാണ്ട് അതേ കാലയളവിൽ ആ സാമ്രാജ്യത്തിന്റെ പരിധികൾക്കു പുറത്ത് രൂപം കൊണ്ട ഏകസഭ എന്ന അനന്യമായ പദവി നമ്മുടെ സഭയ്ക്കുണ്ട്. നമ്മുടെ സഭ പുരാതനകാലം മുതൽ അറിയപ്പെട്ടിരുന്നത് മാർത്തോമാ ക്രിസ്ത്യാനികളുടെ ഭാരതസഭ എന്നാണല്ലോ
1. തോമാശ്ലീഹായുടെ ക്രിസ്താനുഭവമോ?
തോമ്മാശ്ലീഹാ ഭാരതസഭ സ്ഥാപിച്ചത് എപ്രകാരമാണ് എന്നതിനെപ്പറ്റി ഈയിടെയായി പ്രചരിപ്പിക്കപ്പെടുന്ന ഒരു സിദ്ധാന്തം ഇതാണ്: തോമാശ്ലീഹായ്ക്ക് സ്വന്തവും അനന്യവുമായ ഒരു പ്രത്യേക- ക്രിസ്താനുഭവം ഉണ്ടായിരുന്നു- മറ്റ് അപ്പസ്തോലന്മാരുടേതിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ ഒരനുഭവം. ശ്ലീഹായുടെ തനതായ ഈ ക്രിസ്താനുഭവം ഇന്നത്തെ മാർത്തോമ്മാ ക്രൈസ്‌തവരുടെ പൂർവികരുടെ ജീവിതസാഹചര്യങ്ങളുമായി സംയോജിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസത്തിന് ഒരു പ്രത്യേക സ്ഥൂലരൂപം കൈവന്നു. അങ്ങനെ ഭാരതത്തിൽ ഒരു വ്യക്തി സഭ അഥവാ റീത്ത് രൂപം കൊണ്ടു.
പ്രസ്തുത അഭിപ്രായം പ്രഥമ ശ്രവണത്തിൽ ആകർഷകമായി തോന്നാമെങ്കിലും പുതിയനിയമ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുമ്പോൾ ആദിമസഭയുടെ വീക്ഷണങ്ങളോട് അതു പൊരുത്തപ്പെടുന്നില്ല എന്നു കാണാം.
ഓരോ അപ്പസ്തോലന്റെയും തനതായ ക്രിസ്താനുഭവത്തിന്റെ പ്രത്യേകതകളല്ല, പ്രത്യുത അപ്പസ്തോല സംഘത്തെയും ഈ സംഘത്തിനു നൽകപ്പെട്ട ക്രിസ്താവിഷ്കാരത്തിന്റെ പൊതു സ്വഭാവവുമാണ് പുതിയനിയമം ഊന്നിപ്പറയുന്നത്. പന്ത്രണ്ടുപേരടങ്ങുന്ന ശിഷ്യസമൂഹത്തിനാണ് യേശുനാഥൻ സ്വയം വെളിപ്പെടുത്തിത്. അവർ അവിടത്തെ അനുഗമിക്കുകയും പ്രവർത്തനങ്ങൾ ദർശിക്കുകയും ഉപദേശങ്ങൾ ശ്രവിക്കുകയും ചെയ്തത് ഒരു ശിഷ്യസമൂഹമായിട്ടാണ്. ഏതെങ്കിലും ഒരു ശിഷ്യനുമാത്രമായി യേശുരഹസ്യമായി ഉപദേശങ്ങൾ നൽകിയതായോ, 'പ്രത്യേകാനുഭവങ്ങൾ' കൈമാറിയതായോ സുവിശേഷങ്ങൾ സൂചിപ്പിക്കുന്നില്ല. ശിഷ്യ സമൂഹത്തിന് യേശുനാഥനോടുള്ള ബന്ധത്തെയും ക്രിസ്താവിഷ്ക്കാരത്തിന് ഈ സമൂഹം നൽകിയ പൊതുവായ പ്രതികരണങ്ങളെയുമാണ് സുവിശേഷങ്ങൾ ഉയർത്തിക്കാണിക്കുന്നത്. പ്രഥമശിഷ്യനായ പത്രോസിനു ലഭിച്ച പ്രത്യേക ദർശനം (1 കൊറി 15:5; ലൂക്കാ 24:34) ഒഴിച്ചാൽ ഉത്ഥിതനായ ക്രിസ്‌തു പ്രത്യക്ഷപ്പെട്ടത് ശിഷ്യസമൂഹത്തിനാണ്. അപ്പസ്തോലന്മാർ ജെറുസലേമിൽ നടത്തിയ സുവിശേഷപ്രസംഗങ്ങളിൽ ഇക്കാര്യം ആവർത്തിച്ചു പറയുന്നുണ്ട്. "ഞങ്ങൾ എല്ലാവരും ഈ സംഭവങ്ങൾക്കു സാക്ഷികളാണ് ( അ. പ്ര. 2:32; 3:15; 4:20; 5:32; 10:39-42;13:31) യോഹന്നാൻ ഒന്നാം ലേഖനം ആരംഭിക്കുന്നതു തന്നെ ശ്ലീഹന്മാരുടെ പൊതുവായ ക്രിസ്തുദർശനത്തെയും വിശ്വാസത്തെയും പ്രഖ്യാപിച്ചുകൊണ്ടാണ്: "ഞങ്ങൾ കേൾക്കുകയും, ഞങ്ങൾ കാണുകയും, ഞങ്ങൾ സ്പർശിക്കുകയും ചെയ്ത ജീവൻ്റെ വചനത്തെക്കുറിച്ച് ഞങ്ങൾ പ്രഖ്യാപിക്കുന്നു, ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു" (1 യോഹ 1:1-4 കാണുക).
ഓരോ അപ്പസ്തോലൻ്റെയും "തനതായ പ്രത്യേക ക്രിസ്താനുഭവത്തെ"പ്പറ്റി പുതിയ നിയമം യാതൊരു സൂചനയും നൽകുന്നില്ല. പത്രോസിന്റെ ക്രിസ്‌ത്വാനുഭവം, തോമായുടെ ക്രിസ്താനുഭവം, പൗലോസിന്റെ ക്രിസ്താനുഭവം എന്നിങ്ങനെ ക്രിസ്താനുഭവങ്ങളെ വേർ തിരിച്ചു കാണുന്നതായോ അവയുടെ അടിസഥാനത്തിൽ അവർ വ്യത്യസ്ത സുവിശേഷങ്ങൾ പ്രസംഗിക്കുന്നതായോ വ്യത്യസ്തസഭകൾ സ്ഥാപിക്കുന്നതായോ പുതിയനിയമം പറയുന്നില്ല. കാരണം വ്യക്തിനിഷ്ഠമായ അനുഭൂതികളല്ല, വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങളാണ് ആദിമസഭയുടെ പ്രഘോഷണത്തിൻ്റെ വിഷയം.
വ്യക്തിനിഷ്ഠമായ അനുഭവങ്ങൾ ഓരോരുത്തർക്കും തികച്ചും സ്വന്തമാണ്, അന്തരികമാണ്. എത്ര വിശ്വാസികളുണ്ടോ അത്രയും "ക്രിസ്താനുഭവങ്ങളും" കാണും. തികച്ചും ആന്തരികവും വ്യക്തിപരവുമായ ഈ അനുഭവങ്ങൾ മറ്റുള്ളവർക്ക് കൈമാറാൻ സാധ്യമല്ല. വ്യക്തികളുടെ മരണത്തോടുകൂടെ അവരുടെ വ്യക്തിനിഷ്ഠമായ അനുഭവങ്ങളും തിരോഭവിച്ചുപോകും.
യാഥാർഥ്യം വ്യക്തിനിഷ്ഠമായ അനുഭവങ്ങളിൽ നിന്നു സ്വതന്ത്രമാണ്. ക്രിസ്തുസംഭവം എന്ന യാഥാർഥ്യം കൈമാറപ്പെടുന്നത് വസ്തു നിഷ്ഠമായ സുവിശേഷപ്രഘോഷണം വഴിയാണ്. സുവിശേഷപ്രഘോഷണം പ്രഖ്യാപിക്കുന്നത് ആരുടെയെങ്കിലും അനുഭവങ്ങളല്ല, പ്രത്യുത ക്രിസ്തുസംഭവമാണ്. അത് ദൈവിക വെളിപാടാണ്, ദൈവവചനമാണ്, ക്രിസ്താവിഷ്കരണവുമാണ്, മാനുഷികമായ അനുഭൂതികളല്ല. പുതിയ നിയമം എപ്പോഴും ഊന്നിപ്പറയുന്നത് വസ്‌തുനിഷ്ഠമായ സുവിശേഷ സന്ദേശമാണ്. ശിഷ്യന്മാർ കാണുകയും കേൾക്കുകയും ചെയ്‌ത യാഥാർഥ്യങ്ങളെപ്പറ്റി അവർ നൽകിയ സാക്ഷ്യങ്ങളാണ് അത്. ദൈവരാജ്യപ്രഘോഷകനും ക്രൂശിതനും ഉത്ഥിതനുമായ യേശുവാണ് ഈ സാക്ഷ്യത്തിൻ്റെ വിഷയം സഭാംഗങ്ങൾ വിശ്വസിക്കുന്നത് ആരുടെയെങ്കിലും അനുഭവത്തിലല്ല. ഇന്നും ജീവിക്കുകയും പ്രവർത്തിക്കുയും ചെയ്യുന്ന കർത്താവായ യേശുവിലാണ്.
ശ്ലീഹന്മാർ പന്ത്രണ്ടുപേരും 20 വർഷങ്ങളോളം ജെറുസലേമിൽ താമസിച്ച് സുവിശേഷപ്രവർത്തനം നടത്തുകയും ആദ്യത്തെ ക്രൈസ്തവസമൂഹത്തിന് രൂപം നൽകുകയും ചെയ്‌തതായി അപ്പസ്തോലപ്രവർത്തനങ്ങൾ വിവരിക്കുന്നു. അവിടെ അവർ വ്യത്യസ്തങ്ങളായ "ക്രിസ്‌തു അനുഭവങ്ങൾ" വ്യത്യസ്‌തമായ രീതികളിൽ പങ്കുവച്ച് പന്ത്രണ്ടു വ്യക്തിസഭകൾ രൂപവൽക്കരിച്ചതായി യാതൊരു സൂചനയുമില്ല. ഓരോ അപ്പസ്തോലനും തനതായ ക്രിസ്താനുഭവം സ്വന്തമായ രീതിയിൽ പങ്കുവച്ചിരുന്നെങ്കിൽ ഏറ്റം കുറഞ്ഞത് പന്ത്രണ്ടുഗ്രൂപ്പുകളെങ്കിലും ഉള്ള സഭയുണ്ടാകുമായിരുന്നു. എന്നാൽ അവർ അവിടെ ഒരുമിച്ച്, സംഘാതമായി ഒരേ ഒരു സുവിശേഷം പ്രസംഗിച്ച് ഒരേയൊരു സഭ സ്ഥാപിച്ചതായിട്ടാണ്. അ.പ്ര. വിവരിക്കുന്നത്.

2. സഭയുടെ ഏകസുവിശേഷം
ഉത്ഥിതനായ കർത്താവിനെ ദർശിച്ച് ക്രിസ്തു വിശ്വാസികളായി രൂപാന്തരപ്പെട്ട ശിഷ്യന്മാർ ഉത്ഥാനപ്രകാശത്താൽ ഉദാത്തീകൃതമായ യേശുസ്മരണകളുടെയും ഉത്ഥാനവിശ്വാസത്തിൻ്റെയും അടിസ്ഥാനത്തിൽ നിന്നുകൊണ്ട് സംഘാതമായി ക്രിസ്തുവിനു സാക്ഷ്യം നൽകി. ഈ സാക്ഷ്യത്തിന്റെ വിഷയം പുതിയനിയമ ഭാഷയിൽ "സുവിശേഷം" ആയിരുന്നു. പന്തക്കുസ്താ ദിവസം മുതൽ ജെറുസലേം കൗൺസിൽ (എ.ഡി.49) വരെ അപ്പസ്തോലസംഘം ജെറൂസലേമിൽ നൽകിയ സുദീർഘമായ ഈ സാക്ഷ്യം ആവിഷ്ക്കരിച്ചത് ഒരേയൊരു സുവിശേഷമായിരുന്നു. ഓരോ അപ്പസ്തോലനും പ്രസംഗിച്ചത് തന്റേതായ ഒരു പ്രത്യേക സുവിശേഷമല്ല, മറിച്ച് ക്രിസ്തുസഭയുടെ ഏകസുവിശേഷമായിരുന്നു. കാരണം അവർ പ്രസംഗിച്ചത്; മുകളിൽ സൂചിപ്പിച്ചതുപോലെ മാനുഷികമായ അനുഭവങ്ങളോ അഭിപ്രായങ്ങളോ അല്ല പ്രത്യുത ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്‌തുവിനെ ആയിരുന്നു. അവിടത്തെ ഉപദേശങ്ങളും പ്രവർത്തനങ്ങളും ക്രിസ്തുസംഭവത്തിലൂടെ ആവിഷ്കൃതമായ ദൈവത്തിന്റെ രക്ഷാകരസ്നേഹവും ഉൾക്കൊള്ളുന്ന സഭയുടെ സുവിശേഷം ആയിരുന്നു അവരുടെ പ്രഘോഷണത്തിന്റെ വിഷയം
സുവിശേഷം ഒന്നാണെന്നും അത് എല്ലാ സഭകളുടെയും പൊതുപൈതൃകം ആണെന്നും പൗലോസ് ശ്ലീഹാ ഊന്നിപ്പറയുന്നുണ്ട്. ഉത്ഥിതനായ ക്രിസ്തുവിനെ ദർശിച്ച പൗലോസ് ഡമാസ്കസിലെയും അന്ത്യോക്യായിലെയും സഭകളിൽ നിന്ന് സുവിശേഷസന്ദേശത്തിന്റെ വിശദാംശങ്ങൾ സ്വീകരിച്ചു. എന്നാൽ താൻ പ്രസംഗിക്കുന്ന സുവിശേഷം ജെറൂസലേമിൽ അപ്പസ്തോലന്മാർ പ്രസംഗിക്കുന്നതുതന്നെയാണെന്ന് അദ്ദേഹം ഉറപ്പുവരുത്തി (ഗലാ 2:1-10) എല്ലാ ശ്ലീഹന്മാരും ഏകസ്വരത്തിൽ പ്രസംഗിക്കുന്നതും (1 കൊറി 15:11) എല്ലാ സഭകളും ഒന്നുപോലെ വിശ്വസിക്കുന്നതും കൈമാറുന്നതുമായ (1കൊറി 15:1-3,11) സുവിശേഷം ഒന്നു മാത്രമേയുള്ളൂ (ഗലാ 1:6-9) "ഒരു കർത്താവും ഒരു വിശ്വാസവും ഒരു ജ്‌ഞാനസ്നാനവുമേയുള്ളൂ" (എഫേ. 4:5) സുവിശേഷപ്രസംഗത്തിൽ ശ്ലീഹന്മാർ തമ്മിൽ ഭിന്നതയില്ല. കേപ്പായും തോമ്മായും പൗലോസും പ്രസംഗിക്കുന്നത് ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനെത്തന്നെയാണ് കേപ്പായുടെയും തോമായുടെയും പൗലോസിൻ്റെയും പേരിൽ പ്രത്യേകം പ്രത്യേകം സുവിശേഷങ്ങളില്ല, മാമ്മോദീസാകളില്ല, കാരണം നമുക്കു വേണ്ടി ക്രൂശിക്കപ്പെട്ടത് ക്രിസ്തുമാത്രമാണ് (1 കോറി 1:10-13).
3. തോമാശ്ലീഹാ അറിയിച്ച സുവിശേഷം
തോമാശ്ലീഹാ ഭാരതത്തിൽ വന്ന് നമ്മുടെ പൂർവികരോട് എന്താണ് പ്രസംഗിച്ചത്? “എൻ്റെ ക്രിസ്താനുഭവം" ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്നല്ല അദ്ദേഹം പ്രഘോഷിച്ചത്, പ്രത്യുത, സഭയുടെ സദ്വാർത്ത, ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനെ സംബന്‌ധിച്ച സഭയുടെ സുവിശേഷം, ഞാൻ നിങ്ങളോടു പ്രഘോഷിക്കുന്നു എന്നാണ്. എന്റെ ക്രിസ്താനുഭവത്തിൽ നിങ്ങൾ വിശ്വസിക്കുവിൻ എന്നല്ല അദ്ദേഹം ഉദ്ബോധിപ്പിച്ചത്, പ്രത്യുത സൂവിവേശത്തിൽ വിശ്വസിക്കുവിൻ രക്ഷകനായ യേശു ക്രിസ്തുവിൽ വിശ്വസിക്കുവിൻ എന്നാണ്.
തോമാശ്ലീഹാ നമ്മുടെ പൂർവികരെ അറിയിച്ച സുവിശേഷത്തെപ്പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹം നമുക്കുണ്ടാകുക സ്വഭാവികമാണ്. ശ്ലീഹാ നമുക്കുവേണ്ടി ഒരു സുവിശേഷ ഗ്രന്ഥം രചിച്ചില്ലല്ലോ, നമ്മുടെ പൂർവികന്മാർ ശ്ലീഹായുടെ പ്രസംഗങ്ങളുടെ ഓർമക്കുറിപ്പുകൾ എഴുതി നമുക്കുവേണ്ടി കൈമാറിയില്ലല്ലോ എന്നൊക്കെ നമുക്ക് കുണ്ഠിതം തോന്നിയേക്കാം. എന്നാൽ തോമാശ്ലീഹായുടെ സുവിശേഷപ്രസംഗങ്ങൾ സാരാംശത്തിൽ നമ്മുടെ കൈവശം ഉണ്ട് എന്നതാണ് ആഹ്ലാദകരമായ സത്യം. തോമാശ്ലീഹായുൾപ്പെട്ട പന്ത്രണ്ടപ്പസ്തോല സംഘം ജെറൂസലേമിൽ രണ്ടു ദശകങ്ങളോളം നടത്തിയ പ്രസംഗങ്ങളുടെയും ഉപദേശങ്ങളുടെയും ആരാധനകളുടെയും മറ്റു സുവിശേഷപ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ രൂപം കൊണ്ട യേശുപാരമ്പര്യങ്ങളാണ് മർക്കോസ്, മത്തായി, ലൂക്കാ എന്നീ സുവിശേഷകന്മാർ രചിച്ച സമാന്തരസുവിശേഷങ്ങൾ നമുക്കു കൈമാറിത്തരുന്നത്.
യേശുനാഥൻ്റെ ജീവിതത്തിലെ സംഭവങ്ങൾ അവിടത്തെ ഉപദേശങ്ങൾ, അത്ഭുതപ്രവർത്തനങ്ങൾ, പീഡാനുഭവം, ഉത്ഥാനം, ഇവയടങ്ങുന്ന ഈ അപ്പസ്തോലിക പാരമ്പര്യങ്ങൾ ജെറുസലേമിൽ നിന്ന്, സിറിയ, ഏഷ്യാമൈനർ, ഗ്രീസ്, ഇറ്റലി, ഈജിപ്ത്, മുതലായ റോമാസാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കപ്പെട്ട സഭകളിലേക്ക് താമസംവിനാ പ്രചരിച്ചു വാമൊഴിയായും വരമൊഴിയായും കൈമാറപ്പെട്ട ഈ യേശുപാരമ്പര്യങ്ങളാണ് സമാന്തരസുവിശേഷകർത്താക്കൾ തങ്ങളുടെ സഭകളുടെ ജീവിതസാഹചര്യങ്ങൾക്കനുയോജ്യമായ വിധത്തിൽ പുനഃപ്രസാധനം ചെയ്‌ത് പുസ്‌തകരൂപത്തിൽ ആക്കിയത്. ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ തോമാശ്ലീഹാ ഭാരതത്തിൽ നടത്തിയ സുവിശേഷ പ്രഘോഷണത്തിൻ്റെ ഉള്ളടക്കം വ്യക്തമാകും.
ഇരുപതുവർഷക്കാലം മറ്റ് അപ്പസതോലന്മാരോടു ചേർന്ന് തോമാശ്ലീഹാ ജെറുസലേമിൽ പ്രസംഗിച്ച അതേ സുവിശേഷം തന്നെ ഭാരതത്തിലെ അന്നത്തെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾക്ക് അനുസൃതമായ വിധത്തിൽ അനുരൂപപ്പെടുത്തി അദ്ദേഹം പ്രഘോഷിച്ചു എന്ന് നമുക്ക് നിസ്സംശയം അനുമാനിക്കാം. അതായത് സാരംശത്തിൽ സമാന്തരസുവിശേഷങ്ങളിൽ അടങ്ങിയിരിക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് തോമാശ്ലീഹാ നമ്മുടെ പൂർവികരോട് പ്രസംഗിച്ചത്. (യോഹന്നാൻ സുവിശേഷം തോമാശ്ലീഹായ്ക്ക് അജ്ഞാതമായിരുന്നു. ഏഷ്യാമൈനറിലെ സഭകളുടെ പ്രത്യേക ജീവിതശൈലികളുടെയും അവർ നേരിട്ട പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ 'യേശു സ്നേഹിച്ചിരുന്ന ശിഷ്യനും" അദ്ദേഹത്തിന്റെ ശിഷ്യരും നടത്തിയ ക്രിസ്തുവിജ്‌ഞാനീയപരമായ മനന ധ്യാനങ്ങളുടെ ഫലമാണല്ലോ എ.ഡി. 100-ാമാണ്ടോടുകൂടി മാത്രം രചിക്കപ്പെട്ട നാലാം സുവിശേഷം).
ആകയാൽ നമ്മുടെ പൂർവികരോടു പ്രസംഗിച്ച തോമാശ്ലീഹായുടെ ശബ്ദം കേൾക്കാൻ സമാന്തര സുവിശേഷങ്ങളിലേക്കു തിരിഞ്ഞാൽ മതിയാകും. ഏതു സമൂഹങ്ങൾക്കുവേണ്ടി അവ എഴുതപ്പെട്ടോ ആ സമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങൾക്കനുസൃതമായ അനുരൂപണങ്ങൾ അവയിൽ ചേർത്തിട്ടുണ്ടെങ്കിലും സാരാംശത്തിൽ തോമാശ്ലീഹാ നമ്മുടെ പൂർവികരോടു പ്രസംഗിച്ച സുവിശേഷം തന്നെയാണ് സമാന്തര സുവിശേഷങ്ങൾ നമുക്കു കൈമാറിത്തരുന്നത്. ഇവിടത്തെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി ഈ സുവിശേഷം മാർത്തോമ്മാ കൈമാറി. തോമാശ്ലിഹായുടെ യഥാർഥ പൈതൃകം ഇതല്ലാതെ മറ്റൊന്നുമല്ല. ഈ തോമാ പൈതൃകത്തിലധിഷ്ഠിതമായ ലളിതമായ ദൈവവിജ്‌ഞാനീയവും ആധ്യാത്മികതയും ക്രൈസ്‌തവജീവിതശൈലിയും മാർത്തോമാക്രൈസ്‌തവരുടെ ഭാരതസഭയിൽ പടിപടിയായി വളർന്നു എന്ന് നമുക്ക് ന്യായമായി അനുമാനിക്കാം.
4. ഭാരതീയ ഹയരാർക്കി?
തോമാശ്ലീഹാ താൻ സ്ഥാപിച്ച ഭാരതസഭയിൽ ഒരു ഹയാർക്കി, അഥവാ സഭാധികാര സംവിധാനം, സ്‌ഥാപിച്ചോ എന്ന ചോദ്യത്തിനുള്ള യുക്‌തിപൂർവകമായ മറുപടി, സ്ഥാപിച്ചു എന്നു തന്നെയാണ്. ജെറൂസലേം സഭയിൽ സേവനം ചെയ്‌തിരുന്ന ഡീക്കന്മാർ അഥവാ ശുശ്രൂഷികൾ (അ. പ്ര. 6:1-6), മൂപ്പന്മാർ (അ. പ്ര. 15:6,22) എന്നിവരെപ്പറ്റി അപ്പസ്തോല പ്രവർത്തനഗ്രനഥം പരാമർശിക്കുന്നുണ്ട്. തനിക്കുപരിചിതമായ ഈ മാതൃകയനുസരിച്ച് തോമാശ്ലീഹാ ഭാരതത്തിൽ സഭാശുശ്രൂഷയ്ക്കായി താൻ സ്ഥാപിച്ച സമൂഹത്തിൽ നേതാക്കന്മാരെ നിയമിച്ചു എന്ന് ന്യായമായി അനുമാനിക്കാം. മലബാർ, ചോളമണ്‌ഡലം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കാൻ കേപ്പ, പൗലോസ് എന്നീ രണ്ടു മെത്രാന്മാരെ തോമാശ്ലീഹാ നിയമിച്ചു എന്ന പാരമ്പര്യം, പ്രത്യേക തെളിവൊന്നുമില്ലെങ്കിലും പ്രസിദ്ധമാണ്. എന്നാൽ മറ്റൊരു പാരമ്പര്യമനുസരിച്ച് വൈദികരെ മാത്രമാണ് മാർത്തോമാ നിയമിച്ചത് ഏതായാലും പിന്നീട് മാത്രം സഭയിൽ രൂപം കൊണ്ട് വിപുലമായ 'ഹയരാർക്കി' ഒന്നാം നൂറ്റാണ്ടിൽ പ്രതീക്ഷിക്കേണ്ട എന്നുവ്യക്തമാണല്ലോ.

5. ഭാരതീയ ആരാധനക്രമം
താൻ ഭരതത്തിൽ സ്ഥാപിച്ച സഭയ്ക്ക് തോമാശ്ലീഹാ ഒരു 'ഭാരതീയ ആരാധനക്രമം' നൽകി എന്ന് നിസ്സംശയം അനുമാനിക്കാം. കാരണം ക്രൈസ്തവ മതത്തിന്റെ അവശ്യഘടകമാണ് ആരാധന. ഇന്ന് നാം കാണുന്ന വിധത്തിലുള്ള വിപുലമായ ക്രമങ്ങളൊന്നും ഒന്നാം നൂറ്റാണ്ടിൽ ഒരു സഭയിലും ഉണ്ടായിരുന്നില്ല. അവ രൂപം കൊള്ളാൻ പല നൂറ്റാണ്ടുകൾ തന്നെ വേണ്ടിവന്നു എന്നാൽ ആദ്യം മുതലേ മാമോദീസാ, വി. കുർബാന (അപ്പം മുറിക്കൽ) മുതലായ തിരുക്കർമങ്ങൾ എല്ലാ സഭകളിലും അനുഷ്ഠിക്കപ്പെട്ടിരുന്നു. ദൈവത്തെ ആരാധിക്കാനും സ്തുതിക്കാനും പ്രാർഥിക്കാനും തോമാശ്ലീഹാ നന്റെ സമൂഹത്തെ പഠിപ്പിച്ചു. മാമ്മോദീസാ നൽകുന്നതിനും വി. കുർബാന അർപ്പിക്കുന്നതിനും മറ്റും വേണ്ട ലളിതമായ ക്രമങ്ങൾ ശ്ലീഹാ തന്നെ നടപ്പാക്കിയെന്ന അനുമാനം യുക്തിപൂർവകമാണ്.
ആദ്യനൂറ്റാണ്ടുകളിൽ ഇവിടെ അനുഷ്‌ഠിക്കപ്പെട്ടിരുന്ന ആരാധനക്രമം പൗരസ്ത്യസുറിയാനി അഥവാ കൽദായ ക്രമമല്ലായിരുന്നു എന്ന് ഖണ്ഡിതമായി പറയാൻ കഴിയും. കൽദായ ആരാധനക്രമം രൂപം കൊള്ളാൻ നൂറ്റാണ്ടുകൾ എടുത്തു എന്ന് നമുക്ക് അറിയാമല്ലോ. ആദ്ദായി - മാറിമാരുടെ പേരിലറിയപ്പെടുന്ന അനാഫൊറ തന്നെ മൂന്നാം നൂറ്റാണ്ടിലോ അതിനുശേഷമോ മാത്രമാണ് രൂപം കൊണ്ടത്. ഏറ്റം യുക്തിപൂർവകമായ നിഗമനം ഇതാണ്: ഒന്നാം നൂറ്റാണ്ടിലെ ഭാരതീയസഭയുടെ ആധ്യാത്മികസാംസ്കാരിക പാരമ്പര്യങ്ങൾക്കനുസൃതമായ വിധം സുവിശേഷത്തിലധിഷ്ഠിതമായ ലളിതമായ ഒരു ആരാധനക്രമം തോമ്മാശ്ലീഹാ സംവിധാനം ചെയ്തു. ജെറുസലേം സഭയിൽ അദ്ദേഹം മറ്റ് അപ്പസ്തോലന്മാരോടൊത്ത് രൂപം നൽകിയതും അനുഷ്ഠിച്ചിരുന്നതുമായ ആരാധനക്രമമായിരുന്നു അതിന്റെ കാതൽ. യഹൂദ ആരാധനപാരമ്പര്യത്തിൽ നിന്ന് സ്വീകാര്യമായ ചില അംശങ്ങളും ശ്ലീഹാ സ്വീകരിച്ചിരിക്കാം.
ഈ ആരാധന ശ്ലീഹാ ഇവിടെ പൗരസ്ത്യ സുറിയാനി ഭാഷയിൽ ആചരിച്ചിരുന്നു എന്നു കരുതാൻ യാതൊരു ന്യായവും കാണുന്നില്ല. (പൗരസ്ത്യ സുറിയാനി ഭാഷ എ.ഡി. ഒന്നാം നൂറ്റാണ്ടിനുശേഷമാണ് രൂപം കൊണ്ടത് എന്ന കാര്യം ഇവിടെ ചർച്ച ചെയ്യുന്നില്ല.) മറ്റു സഭകളിലെല്ലാം ജനങ്ങളുടെ സംസാരഭാഷയിൽ തന്നെയാണ് ആരാധന നടത്തിയിരുന്നത്. റോമിലെ സഭ ആദ്യനൂറ്റാണ്ടുകളിൽ ഗ്രീക്കു ഭാഷയിൽ ലിറ്റർജി അനുഷ്ഠിച്ചിരുന്നെങ്കിൽ അതിൻ്റെ കാരണം റോമാസാമ്രാജ്യം മുഴുവൻ അറിയപ്പെട്ടിരുന്നത് ഗ്രീക്കുഭാഷയായിരുന്നു; അത് ജനങ്ങളുടെ സംസാരഭാഷയായിരുന്നു എന്നതാണ്. പൗലോസ് ശ്ലീഹാ റോമാക്കാർക്ക് ലേഖനമെഴുതിയതും റോമായിലെ സഭയ്ക്കുവേണ്ടി മർക്കോസ് സുവിശേഷമെഴുതിയതും ഗ്രീക്കുഭാഷയിലാണല്ലോ.
തോമാശ്ലീഹാ ഭാരതത്തിൽ വന്നത് ഇവിടെയുണ്ടായിരുന്ന യഹൂദരോട് സുവിശേഷം പ്രസംഗിക്കാനായിരുന്നു എന്നും അവർ ക്രൈസ്‌തവരായപ്പോൾ അവരുടെ മാതൃഭാഷയായ സുറിയാ നിയിൽ തോമാശ്ലീഹാ ആരാധനക്രമം ഏർപ്പെടുത്തി എന്നും കരുതാൻ ന്യായം കാണുന്നില്ല. എ.ഡി. 72-നു മുമ്പ് കേരളത്തിൽ യഹൂദകോളനികൾ ഇല്ലായിരുന്നു എന്ന നിഗമനത്തിലേക്കാണ് എം. മുണ്ടാടൻ്റെ (History of Christianity in India I, pp 19-20) പഠനം വിരൽചൂണ്ടുന്നത്. കേരളത്തിലെ യഹൂദർ അവകാശപ്പെടുന്നത് എ.ഡി. 70-ൽ ജെറുസലേം നശിപ്പിക്കപ്പെട്ടതിനു ശേഷമാണ് യഹൂദർ കേരളത്തിലെത്തിയത് എന്നത്രേ. ഇനി വാദത്തിനുവേണ്ടി യഹൂദകോളനികൾ ഇവിടെയുണ്ടായിരുന്നു എന്നു സങ്കല്പിച്ചാൽത്തന്നെ രണ്ടു കാര്യങ്ങൾ പരിഗണിക്കണം.
ഒന്നാമത് യഹൂദർ ഇവിടെ സ്‌ഥിരതാമസമാക്കിയെങ്കിൽ അവരുടെ സംസാരഭാഷ ഇവിടത്തെ നാട്ടുഭാഷതന്നെ ആയിരുന്നിരിക്കണം. ബി. സി. 6-ാം നൂറ്റാണ്ടിലെ ബാബിലോണിയൻ അടിമത്തത്തിനുശേഷം അവിടെ സ്ഥിരതാമസമാക്കിയ യഹൂദർ അവിടത്തെ ഭാഷയായ അറമായിക്ക് ആണ് ഉപയോഗിച്ചിരുന്നത്. റോമൻ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥിരതാമസമാക്കിയ യഹൂദന്മാർ സംസാരിച്ചിരുന്നത് സുറിയാനിയല്ല, ഗ്രീക്കുഭാഷയായിരുന്നു. ഈജിപ്ത്‌തിലെ യഹൂദർക്കുവേണ്ടി പഴയനിയമം ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തതിൻ്റെ കാരണം അതാണ്. രണ്ടാമത്, കേരളത്തിൽ ഉണ്ടായിരുന്നെന്ന് നാം സങ്കല്പിക്കുന്ന യഹൂദർ ക്രിസ്തുമതം സ്വീകരിച്ചിരിക്കാനുള്ള സാധ്യത തീരെക്കുറവാണ്. യേശുവിന്റെ സുവിശേഷപ്രവർത്തനം നടന്ന പാലസ്തീനാ നാട്ടിൽ ആദ്യദശകത്തിൽ കുറെ യഹൂദർ ക്രിസ്തുമതത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത് എന്ന് അപ്പസ്തോല പ്രവർത്തനങ്ങൾ തെളിയിക്കുന്നു. ക്രൈസ്‌തവമതം യഹൂദ മതത്തിൽനിന്ന് വ്യത്യസ്തമായ ഒരു പുതിയ മതമായി പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ ശത്രുതയോടുകൂടിയാണ് അവർ പ്രതികരിച്ചത്.
അതിൻ്റെ ഒരു പ്രധാനകാരണം ക്രിസ്തുമത തത്വങ്ങൾ യഹൂദവിശ്വാസ സത്യങ്ങളുമായി പൊരുത്തപ്പെടുത്താൻ ബുദ്ധിമുട്ടാണ് എന്നതുതന്നെ. (ഉദാ- ത്രിത്വ വിശ്വാസം, മനുഷ്യാവതാരം, മിശിഹായുടെ കുരിശുമരണം) ഇതെല്ലാം പരിഗണിക്കുമ്പോൾ ഒരു കാര്യം ഏതാണ്ട് തീർച്ചയാണ്. മാർത്തോമാശ്ലീഹായുടെ സുവിശേഷപ്രസംഗം ശ്രവിച്ച് ക്രൈസ്തവരായത് ഭാരതീയർ തന്നെ ആയിരുന്നു. അവരുടെ ഭാഷയിൽത്തന്നെ തോമാശ്ലീഹാ സുവിശേഷം പ്രസംഗിക്കുകയും ലിറ്റർജി അനുഷ്ഠിക്കുകയും ചെയ്‌തു എന്നതാണ് ഏറ്റം യുക്‌തിഭദ്രമായ അനുമാനം മറ്റഭിപ്രായങ്ങൾ ഭാരതത്തിൽ കൽദായ ആരാധനക്രമം ആചരിക്കുന്നതിനെ ന്യായീകരിക്കാൻവേണ്ടി ചമച്ചെടുക്കുന്ന തിയറികളാണ്. പതിനാറാം നൂറ്റാണ്ടിൽ ഏതാനും ഭാരതസഭാംഗങ്ങൾ പൗരസ്ത്യസുറിയാനി ഭാഷയെ പ്രകീർത്തിക്കുന്നത് മുഖവിലക്കെടുക്കുക യുക്തിപൂർവകമല്ല. യാക്കോബായ, ഓർത്തഡോക്‌സുകാർ ഒന്നരനൂറ്റാണ്ടുമാത്രം മുമ്പ് തങ്ങൾ സ്വീകരിച്ച അന്ത്യോക്യൻ ലിറ്റർജിയോടും പാശ്ചാത്യസുറിയാനി ഭാഷയോടും കാണിക്കുന്ന പ്രത്യേക താല്പര്യം പോലെ മാത്രമേ അതിനെ കരുതാനാകുകയുള്ളൂ.
6. വ്യക്തിസഭ
എന്തുകൊണ്ടാണ് മലബാർ സഭ മറ്റുസഭകളിൽനിന്ന് വ്യതിരിക്തമായ ഒരു വ്യക്തിസഭയായിരിക്കുന്നത്? അത് മാർതോമാശ്ലീഹാ മറ്റു അപ്പസ്തോലന്മാരുടേതിൽ നിന്ന് വ്യത്യസ്തമായ ഒരു ക്രിസ്താനുഭവം ഇവിടെ പങ്കുവച്ചതുകൊണ്ടല്ല, പ്രത്യുത സഭയുടെ ഏകസുവിശേഷം ഭാരതത്തിലെ ജനങ്ങളോട് അവരുടെ തനതായ ആധ്യാത്മിക സാംസ്കാരിക പാരമ്പര്യങ്ങളുടെ പ്രത്യേകതകളുമായി അനുരൂപണം ചെയ്‌ത് പ്രഘോഷിച്ചതുകൊണ്ടും, അവർ ഈ സുവിശേഷത്തോട് തങ്ങളുടെ ജീവിത പശ്ചാത്തലത്തിൽ സ്വന്തമായ രീതിയിൽ പ്രതികരിച്ച് സ്വീകരിച്ചതുകൊണ്ടും ആണ്. കൂടാതെ ഭാരതസഭയുടെ ഇന്നത്തെ ആത്മാവബോധം അതിന്റെ സുദീർഘമായ ചരിത്രത്തിന്റെ ഗതിവിഗതികളോട് ഗാഢമായി ബന്‌ധപ്പെട്ടിരിക്കുന്നു. എന്നാൽ നമ്മുടെ സഭാവബോധത്തിൻ്റെ ഏറ്റം കാതലായ ഉറവിടം നമ്മുടെ സമൂഹം മാർതോമാശ്ലീഹായുടെ സുവിശേഷവത്ക്കരണഫലമായി രൂപം കൊണ്ടു എന്ന അനന്യമായ യാഥാർഥ്യമാണ്. മാത്രമല്ല വിശുദ്ധ ശ്ലീഹായുടെ രക്‌തസാക്ഷിത്വത്താൽ പവിത്രീകരിക്കപ്പെട്ട സഭയാണ് നമ്മുടേത്. ഇവ മാത്രമാണ് യഥാർഥത്തിൽ നമ്മുടെ സഭയുടെ വ്യക്തിത്വത്തിന്റെ അടിസ്‌ഥാനവും ഉറവിടവും. മാർത്തോമാ നമുക്കു നൽകിയ വിശ്വാസപൈതൃകം സഭയുടെ ഏകസുവിശേഷം മാത്രമാണ് എന്ന കാര്യവും നാം നന്നായി ഗ്രഹിക്കേണ്ടതാകുന്നു.
മലബാർസഭയും മാർത്തോമാശ്ലീഹായും
ഫാ.ജോർജ് മങ്ങാട്ട്
അസ്സീസിമാസിക, 1993 ഒക്ടോബർ

































































