ഉള്‍ക്കാഴ്ചയിലേക്ക്


Key Takeaways
Editorial reflects on spiritual insight, human perception, and the necessity of seeing people beyond societal divisions
കാണുന്ന കാഴ്ചകള്‍ പലപ്പോഴും അപൂര്‍ണമാണ്. പകുതി മാത്രമേ നമ്മള്‍ കാണാറുള്ളു. മറുപുറം കൂടി കാണാന്‍ പലപ്പോഴും കഴിയാറില്ല. അങ്ങനെയൊരു വശം കൂടി ഉണ്ടെന്ന് പോലും ചിലപ്പോള്‍ നമ്മള്‍ ഓര്‍ക്കാറുപോലുമില്ല. കുറച്ചു കുരുടര്‍ ചേര്‍ന്ന് ആനയെ കണ്ടതുപോലെയൊക്കെ ഒരു ഭാഗത്തില്‍ മാത്രം നമ്മുടെ കാഴ്ചകള്‍ അവസാനിക്കുന്നു. സമഗ്രമായ ഒരു കാഴ്ചയിലേക്കാണ് ക്രിസ്തുവിന്‍റെ ക്ഷണം. കാഴ്ചയില്‍ നിന്നും ഉള്‍ക്കാഴ്ചയിലേക്കാണ് ക്രിസ്തു നയിക്കുന്നത്.
കണ്ണുണ്ടായിട്ടും കാണുന്നില്ല, കാതുണ്ടായിട്ടും കേള്‍ക്കുന്നില്ല എന്നത് പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരേ പോലെ ദൈവത്തിന്‍റെ മനുഷ്യരെ കുറിച്ചുള്ള പരിഭവം ആണ്. വ്യക്തമായ ഇടപെടലുകള്‍ ചരിത്രത്തിലും വര്‍ത്തമാന കാലത്തും, കണ്ടിട്ടും മനസ്സിലാക്കാതെ, ദൈവത്തിലേക്കു മനസ്സു തിരിക്കാതെ ജീവിക്കുന്നവരെയാണ് പ്രവാചകന്‍ ശാസിക്കുന്നത്. ഈശോയും ഇതേ പോലെ തന്നെ പരിഭവിക്കുന്നു. അത്ഭുതങ്ങളോടും അടയാളങ്ങളോടും കൂടി ഈശോ ദൈവത്തെ വെളിപ്പെടുത്തിയിട്ടും അവന്‍റെ കാലത്തും മിക്കവര്‍ക്കും അവനെ മനസ്സിലായില്ല. മറ്റാരും സംസാരിച്ചിട്ടില്ലാത്ത പോലെ അവന്‍ അവരോട് സംസാരിച്ചു, അവരെ പഠിപ്പിച്ചു. ദൈവമെന്താണ്, ആരാണ് എന്ന് അവന്‍ ജീവിതം കൊണ്ട് കാണിച്ചു കൊടുത്തു. അകലങ്ങളിലെവിടെയോ മാറിയിരിക്കുന്ന ഒരാളല്ല ദൈവമെന്ന് ക്രിസ്തുവിലൂടെയാണ് നമുക്കു വെളിവായത്. ചരിത്രത്തില്‍, കാലദേശങ്ങളില്‍ (Time and Space) സജീവമായി (Active) ഇടപെടുന്ന ദൈവമാണ് അവിടുന്ന് എന്ന് ക്രിസ്തുവിന്‍റെ ജീവിതം പഠിപ്പിച്ചു. എന്നിട്ടും ഇന്നും എല്ലാവര്‍ക്കുമൊന്നും അവനെ പിടുത്തം കിട്ടിയിട്ടില്ല; അവന്‍റെ സ്വന്തമെന്ന് സ്വയം കരുതുന്നവരുള്‍പ്പെടെ. തന്‍റെ ജീവിതം വഴി ദൈവത്തെ വെളിപ്പെടുത്തിയിട്ടും അവനെ മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞില്ല. എല്ലാത്തരം അറിവും അധികാരവും പഠനവും ഒക്കെ ഉള്ളവരും കണ്ടിട്ടും കാണാതെയും മനസ്സിലാക്കാതെയും കേട്ടിട്ടും ഗ്രഹിക്കാതെയും പോയി. ഇപ്പോഴും അങ്ങനെയൊക്കെ തന്നെ സംഭവിക്കുന്നുണ്ട്.
അന്ധരെ കാഴ്ചയുടെ തെളിമയിലേക്കും പ്രകാശത്തിലേക്കും ഈശോ നയിക്കുന്ന പല സംഭവങ്ങളും സുവിശേഷത്തില്‍ ഉണ്ട്. പലവിധത്തിലാണ് ഓരോരുത്തര്‍ക്കും അവിടുന്ന് സൗഖ്യം നല്കിയത്. തുപ്പല്‍ കൊണ്ട് ചെളിയുണ്ടാക്കി കണ്ണില്‍ പുരട്ടി ഒരു അന്ധനെ സുഖപ്പെടുത്തുന്ന സംഭവം യോഹന്നാന്‍ വളരെ വിശദമായി 9-ാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ആ ഒരദ്ധ്യായം മുഴുവന്‍ ആ സംഭവവും അതിനോടുള്ള ഫരിസേയരുടെയും നിയമജ്ഞരുടെയും പ്രതികരണങ്ങളാണ് ഉള്ളത്.
ചെളി വളരെ സാധാരണമായ മണ്ണിന്‍റെ അവസ്ഥ. വെള്ളവും മണ്ണും ചേര്‍ന്നുണ്ടാകുന്ന ചേറ് തീര്‍ച്ചയായും മനുഷ്യന്‍റെ അടിസ്ഥാന അവസ്ഥയെ സൂചിപ്പിക്കുന്നു. മണ്ണില്‍ നിന്നും എടുക്കപ്പെട്ട മനുഷ്യനെ അവന്‍റെ നിസ്സഹായാവസ്ഥയെയും പ്രകൃതിയോടുള്ള അവന്‍റെ ബന്ധത്തെയും ഇത് ഓര്‍മ്മിപ്പിക്കുന്നു. ദേഹത്തു ചെളി തെറിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ടാവില്ലല്ലോ? അത്രയും നിസ്സാരമായ ഒന്നുകൊണ്ട് ദൈവം മനുഷ്യന്‍റെ കണ്ണു തുറക്കുന്നു.
എല്ലാം തെളിമയോടെ കാണാന്‍ പ്രകൃതി നമ്മെ പ്രാപ്തരാക്കും. സ്ക്രീനിലേക്ക് മാത്രം കണ്ണു നീളുന്ന കാലം, കാഴ്ചവട്ടങ്ങളെ ചുരുക്കുന്ന കാഴ്ചകള്‍ നവമാധ്യമ അല്‍ഗോരിതങ്ങള്‍ കണ്‍മുമ്പിലേക്ക് തള്ളിവിടുമ്പോള്‍ നമ്മള്‍ വെറും ഉപഭോഗവസ്തുക്കളായി മാറുകയല്ലേ സംഭവിക്കുന്നത്? സാമൂഹ്യ മാധ്യമങ്ങള്‍, ഇന്‍റര്‍നെറ്റിലെ മറ്റ് സങ്കേതങ്ങള്‍ ഒക്കെ നമ്മളെ ഉപയോഗിക്കുകയാണ്. നമുക്ക് ഉപയോഗിക്കാനായി നിര്‍മ്മിക്കപ്പെട്ടത് നമ്മളെ ഉപയോഗിക്കുന്ന അവസ്ഥ. പുറത്തു കടക്കനായി ബോധപൂര്‍വ്വമായ ശ്രമം വേണം. പ്രകൃതിയിലേക്ക് തിരിയുന്നത് പ്രപഞ്ചം വച്ചു നീട്ടുന്ന മനോഹരദൃശ്യങ്ങളെ കണ്‍നിറയെ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നത് ആന്തരിക ലോകത്തെ നവീകരിക്കും. രാത്രിയിലെ ആകാശവും നക്ഷത്രങ്ങളുമൊക്കെ ഒരു കാലത്ത് നമ്മുടെ എല്ലാം കൗതുകമായിരുന്നില്ലേ? എത്രനേരം വേണമെങ്കിലും ആകാശത്തു നോക്കി നില്ക്കാന്‍ കഴിയുമായിരുന്നില്ലേ? ആ കാഴ്ചകളൊക്കെ നമ്മുടെ നിസ്സാരതയെ ഓര്‍മ്മിപ്പിക്കുകയും നമ്മുടെ ഉള്ളിനെ ശാന്തമാക്കുകയും ചെയ്തിരുന്നു. എത്രയോ പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള എത്രയോ വര്‍ഷങ്ങള്‍ മുമ്പുള്ള വെളിച്ചമാണ് ഇന്ന് ഞാന്‍ കാണുന്നത്. ഭൂമിയെന്ന ഈ ഇത്തിരിയിടം ഈ വലിയ പ്രപഞ്ചത്തിലെ എത്രയും ചെറിയ ഇടമാണ് എന്നൊക്കെ ധ്യാനിക്കാന്‍ രാത്രിയിലെ ആകാശം ധാരാളം മതി. ദൈവത്തിലേക്കും മനുഷ്യരിലേക്കും ആര്‍ദ്രമായി തിരിയാന്‍ തക്കവണ്ണം നമ്മുടെ കണ്ണും കാതും തുറക്കാന്‍ പ്രകൃതിയിലുടെ പ്രപഞ്ചനാഥനു കഴിയുമല്ലോ.
ഫരിസേയരേയും നിയമജ്ഞരെയും ജനപ്രമാണികളെയും അവരുടെ ആത്മീയ അന്ധതയെ കുറിച്ച് ബോധ്യപ്പെടുത്താന്‍ ഈശോ ഈ അവസരം ഉപയോഗിക്കുന്നുണ്ട്. പുറം കാഴ്ചകള്‍ മാത്രമല്ല അകംകാഴ്ചകള്‍ കൂടി തെളിയേണ്ടതുണ്ട്. മനുഷ്യന്‍റെ കാഴ്ച വളരെയധികം പരിമിതികള്‍ ഉള്ളതും മിക്കപ്പോഴും ഭാഗീകവുമാണ്. ദൈവം കാണുന്നത് സമഗ്രമായാണ്. ദൈവത്തിന്‍റെ കാഴ്ച സ്നേഹത്തിന്‍റെ കണ്ണുകളിലുടെയാണ്. സഹാനുഭൂതിയുടെയും കരുണയുടെയും തുറവിയുടെയുമൊക്കെ കാഴ്ചയാണത്. ദൈവത്തിന്‍റെ കാഴ്ചയിലേക്കാണ് ഈശോ നമ്മളെ സൗഖ്യപ്പെടുത്തുന്നത്.
ഘട്ടങ്ങളായി ഒരാളെ സൗഖ്യപ്പെടുത്തുന്ന മറ്റൊരു സംഭവം മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ (മര്‍ക്കോസ് 8:22-26) നമ്മള്‍ വായിക്കുന്നുണ്ട്. ഒന്നും കാണാതിരുന്ന ആള്‍ക്ക് ആദ്യ സ്പര്‍ശത്തില്‍ അവ്യക്തമായ കാഴ്ചയുണ്ടാകുന്നു; Blurred vision. പലപ്പോഴും നമ്മള്‍ ഇങ്ങനെയായി പോകുന്നുണ്ട്. കാഴ്ചകള്‍ അവ്യക്തവും അപൂര്‍ണവുമാണ്. പിന്നെ നമ്മള്‍ ബാക്കിയെല്ലാം ഊഹിച്ചെടുക്കുകയാണ്, പൂരിപ്പിച്ചു ചേര്‍ക്കുകയാണ്. അതിന് പലപ്പോഴും യാഥാര്‍ത്ഥ്യവുമായി അടുപ്പമൊന്നും കാണുകയുമില്ല. അയാള്‍ മനുഷ്യരെ മരങ്ങളായി കണ്ടതുപോലെ.
മനുഷ്യനെ മനുഷ്യനായി കാണാന്‍ നമ്മുടെ കാഴ്ച തെളിയേണ്ടതുണ്ട്. ഇപ്പോള്‍ പലരും മനുഷ്യരെ മതങ്ങളായും ജാതികളായുമൊക്കെയാണ് കാണുന്നത്. ജാതിയുടെയും മതത്തിന്‍റെയും നിറത്തിന്‍റെയും ദേശത്തിന്‍റെയും ഒക്കെ പേരിലുള്ള വേര്‍തിരിവുകളെ അതിജീവിക്കാന്‍ വേണ്ട പ്രാപ്തി നേടിയെന്ന് പലപ്പോഴും അഭിമാനിക്കുന്ന ആധുനിക ജനത ഈ നവമാധ്യമ കാലത്ത് എങ്ങനെയാണ് പിന്നോക്കം പോകുന്നത്. എല്ലാവരും അങ്ങനെയാണെന്നല്ല. എങ്കിലും അത്തരം ചായ്വുകള്‍ പ്രകടമാണ്. അതിനെതിരെയുള്ള ശ്രമങ്ങളും കാണാം. അത്തരം ശിഥിലീകരണ, ധ്രുവീകരണ ശ്രമങ്ങളെയും തോല്‍പ്പിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു കടന്നുപോയതെന്ന നിരീക്ഷണം ഉണ്ടായിരുന്നു. തങ്ങള്‍ ആരുടെയും അടിമകളോ കുത്തകകളോ അല്ലെന്നും ആരും അധികകാലം അടിച്ചമര്‍ത്തി ഭരിക്കാന്‍ അനുവദിക്കില്ല എന്ന് മലയാളി അഭിമാനത്തോടെ തെളിയിച്ചു. തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും ഈ തെരഞ്ഞെടുപ്പ് ഒരു പാഠമാണ്. പാര്‍ട്ടികളക്കാളും നേതാക്കളെക്കാളും ജനാധിപത്യമാണ് വലുതെന്ന കാഴ്ചയും വീക്ഷണവും വളരെ പ്രധാനപ്പെട്ടതു തന്നെ
മനുഷ്യരെ വസ്തുക്കളായല്ലാതെ വ്യക്തികളായി കാണാനും കാഴ്ച തെളിയേണ്ടതുണ്ട്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ദുര്‍ബല വിഭാഗങ്ങളെയും ഒക്കെ അവര്‍ അര്‍ഹിക്കുന്ന അന്തസ്സോടെ (ഉശഴിശ്യേ) കാണാന്‍ കുടുംബത്തില്‍ നിന്നേ തുടങ്ങേണ്ടതുണ്ട്. പക്ഷേ ശരിക്കും നമ്മള്‍ കുടുംബത്തിലുള്ളവരെ, കൂടെയുള്ളവരെ കാണുന്നുണ്ടോ? ആദ്യമായി വാഹനം ഓടിച്ചുതുടങ്ങുമ്പോള്‍, വാഹനത്തിന് സ്റ്റീയറിംഗ് ക്ലച്ച് ബ്രേക്ക് ആക്സിലേറ്റര്‍ ഗിയര്‍ തുടങ്ങിയ (വാഹന ഭാഗങ്ങള്‍) എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കുന്നത്. കുറേ കഴിയുമ്പോള്‍ ഇതൊന്നുമല്ല ഒരു കാര്‍ മാത്രം. ഇവയൊക്കെ ശരീരത്തിന്‍റെ ഭാഗമായി തീര്‍ന്നിട്ടുണ്ടാകും. ഇത്തരം ഘടകങ്ങളെക്കുറിച്ച് ഉള്ള അവബോധത്തോടെയാവില്ല വാഹനം ഓടിക്കുന്നത്. അതേപോലെ സ്ഥിരപരിചയം കൊണ്ട് കാണാതെ പോകുന്ന ഒരുപാടു കാര്യങ്ങള്‍ ഇല്ലേ? എത്രയോ പേരെ നമ്മള്‍ കാണാതെ പോകുന്നു. കണ്ടിട്ടും കാണാതെ പോകുന്ന മനുഷ്യര്‍. പ്രേമിച്ചു തുടങ്ങിയ കാലത്ത് അവള്‍ / അവന്‍ മാത്രമായിരുന്നില്ലേ കണ്ണില്‍, ചിന്തയില്‍, ഓര്‍മ്മയില്‍. പിന്നെ എന്നു മുതലാണ് നമ്മള്‍ അവരെ കാണാതായി തുടങ്ങിയത്? വിവാഹിതരായി കുറേക്കാലമൊക്കെ കഴിയുമ്പോള്‍ അവരെ മാത്രം കാണുന്നുണ്ടാവില്ല ബാക്കിയെല്ലാവരും നമ്മുടെ കണ്ണില്‍പ്പെടുന്നുമുണ്ട്. അങ്ങനെ പ്രിയപ്പെട്ടവരും മിത്രങ്ങളും ഒക്കെ കണ്ണില്‍പ്പെടാതെ പോയേക്കാം. കാഴ്ചയുണ്ടെന്ന് നമ്മള്‍ കരുതുന്ന കണ്ണുകളിലേക്ക് അവിടുത്തെ സൗഖ്യത്തിന്‍റെ കരം ഒരിക്കല്‍ കൂടി നീട്ടാന്‍ പ്രാര്‍ത്ഥിക്കാം. തെളിമയോടെ പരസ്പരം കാണാന്‍, എല്ലാം വ്യക്തമായി കാണാന്‍.
ഉള്‍ക്കാഴ്ചയിലേക്ക്
റോണി കിഴക്കേടത്ത്
അസ്സീസി മാസിക ജൂൺ 2026

















































































































