

Key Takeaways:
This cover story of June issue focuses on environmental protection, responsibility, and eco-spirituality.
ജൂണ്‍ 5 പരിസ്ഥിതി ദിനം..... നാം വസിക്കുന്ന ഭൂമിയെന്ന ഭവനത്തെ മാനിക്കാനും സംരക്ഷിക്കുവാനും കടമയുണ്ടെന്നു നമ്മെ ഓര്‍മ്മിപ്പിക്കാന്‍ ഒരു ദിനം. സ്കൂളുകളില്‍ പരിസ്ഥിതി ദിനാഘോഷങ്ങളും വനമഹോത്സവവും വിത്തു വിതരണവും വൃക്ഷത്തൈ നടലും പിന്നെ അതിന്‍റെ ഫോട്ടോ പ്രചാരണവുമെല്ലാം തകൃതിയായി വരും ദിവസങ്ങളില്‍ നടക്കും. സോഷ്യല്‍ മീഡിയയില്‍ ആരോ കുറിച്ച വരികള്‍ പോലെ' നമ്മുടെ കുട്ടികള്‍ ഇത്രയേറെ മരങ്ങള്‍ ശരിക്കും നട്ടിരുന്നെങ്കില്‍ കേരളം പണ്ടേ ഒരു വനമായി മാറുമായിരുന്നു!...'
ഈ വര്‍ഷം പത്മശ്രീ അവാര്‍ഡ് കിട്ടിയവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ദേവികയമ്മ എന്നു പേരായ 92 വയസ്സുള്ള സ്ത്രീയും ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് തന്‍റെ 4.5 ഏക്കര്‍ സ്ഥലത്ത് മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ഔഷധ സസ്യങ്ങള്‍ അടങ്ങിയ ഒരു വനം (തപോവനം) സൃഷ്ടിച്ചെടുത്തതാണ് ഈ പുരസ്ക്കാരത്തിനു അവരെ അര്‍ഹയാക്കിയത്.
നമ്മള്‍ പാര്‍ക്കുന്ന ഭൂമിയെ കുറച്ചുകൂടി ഗൗരവത്തില്‍ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് എന്ന് ദേവകിയമ്മ ഓര്‍മ്മിപ്പിക്കുന്നു. ദൈവം മനുഷ്യനെ ഏല്‍പ്പിച്ച ആദ്യത്തെ ഉത്തരവാദിത്വങ്ങളില്‍ ഒന്ന് ഈ ഭൂമിയെ സംരക്ഷിക്കുക എന്ന് തന്നെയാണ് (ഉല്പത്തി 2:15). ആ കടമ പയ്യെ പയ്യെ നമ്മള്‍ മറന്നു തുടങ്ങിയിരുന്നു. മനുഷ്യന്‍റെ അത്തമൊരു ഉത്തരവാദിത്വം ഓര്‍മ്മിപ്പിച്ചുകൊണ്ടു 1992 ല്‍ റിയോ ഡി ജെനെറോയില്‍ വച്ചു നടന്ന യു എന്‍ ഉച്ചകോടിയില്‍ സെവറന്‍ സുസുക്കി എന്ന കനേഡിയന്‍ 12 വയസുകാരി നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാണ്. വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടിയിട്ടാണ് താന്‍ സംസാരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അവള്‍ തന്‍റെ പ്രസംഗം ആരംഭിക്കുന്നത്. തനിക്കു മുമ്പുണ്ടായിരുന്ന തലമുറ കണ്ടിരുന്ന പല ജീവജാലങ്ങളും തനിക്കു കാണാന്‍ കഴിയാത്ത വിധം ഭൂമുഖത്ത് നിന്നു അപ്രത്യക്ഷമാകുന്നതിന്‍റെ ആശങ്ക അവള്‍ പങ്കു വയ്ക്കുന്നു. വികസിത രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന മാലിന്യ കൂമ്പാരങ്ങളെ കടലിലേക്കും മറ്റും തള്ളുന്നതിനെ അവള്‍ വിമര്‍ശിക്കുന്നു. തന്നെ പോലുള്ള പുതിയ തലമുറയ്ക്ക് വേണ്ടി ഈ ഭൂമിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുതിര്‍ന്ന തലമുറയ്ക്കുണ്ട് എന്ന് അവള്‍ അവരെ ഓര്‍മ്മിപ്പിക്കുന്നു. അവര്‍ ചെയ്യുന്ന അതിക്രമത്തിന്‍റെ ഇരകളായി തങ്ങളെപ്പോലുള്ള കുട്ടികള്‍ മാറുന്നു എന്നുള്ള പരാതിയും ആ സദസിനു മുന്നില്‍ അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. കുറെ കൂടി സുന്ദരമായ ഭൂമിയെ വരും തലമുറയ്ക്കു കൈമാറുവാന്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ ഓര്‍മ്മപ്പെടുത്തികൊണ്ടാണ് സുസുക്കി തന്‍റെ പ്രസംഗം അവസാനിപ്പിക്കുന്നത്.
സുസുക്കി പങ്കുവച്ച ചില ആശങ്കകള്‍ക്ക് നമ്മുടെ ഇടയില്‍ എന്നും വലിയ പ്രസക്തിയുണ്ട്. കുട്ടിക്കാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്ന തൊടിയിലെ ചെടികളും പാടവരമ്പത്തെ പൂക്കളും തോട്ടിലെ മീനുകളുമെല്ലാം ഏറെക്കുറെ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
എപ്രകാരമുള്ള ഒരു ഭൂമിയെയാണ് വരുംതലമുറയ്ക്ക് വേണ്ടി നമ്മള്‍ കൈമാറികൊടുക്കുന്നത് എന്ന് എല്ലാവരും ഒന്നു ആത്മ പരിശോധന ചെയ്യുന്നത് നല്ലതാണ്. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ...?' എന്നുള്ള ഇഞ്ചിക്കാട് ബാലചന്ദന്‍ എന്ന കവിയുടെ വിലാപവും സുസുക്കിയുടെ പ്രസംഗത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്..
സുസുക്കി തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നപോലെ കൃത്യതയില്ലാത്ത മാലിന്യ സംസ്ക്കരണ രീതിയാണ് നമ്മള്‍ നേരിടുന്ന വലിയ വിപത്ത്. നമ്മുടെ ഓരോ പൊതുയിടങ്ങളും ഒരു ചെറിയ 'ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുകളായി' മാറുന്നതാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. നമ്മുടെ പരിസരം വൃത്തിയാക്കുക എന്നത് 'ഹരിത കര്‍മ്മ സേന'യുടെ മാത്രം ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. സ്വന്തം വീടും പരിസരവും മാത്രം വൃത്തിയായി സൂക്ഷിക്കുകയും അതേ സമയം പൊതുയിടങ്ങളിലെ പരിസര ശുദ്ധിയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാന്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഇന്നത്തെ ഈ അവസ്ഥ ഏറെ സങ്കടകരമാണ്.
അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ ഗൗരവ മായ ചര്‍ച്ചകള്‍ നടത്തുകയും സാധ്യമായ ചില പ്രതിവിധികള്‍ കണ്ടെത്തുകയും ചെയ്യുക എന്നത് പ്രധാന കാര്യമാണ്.
പ്രകൃതി സംരക്ഷണത്തിന്‍റെ നല്ല പാഠങ്ങള്‍ നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് ഈ പ്രശ്നത്തിന്‍റെ പ്രധിവിധികളില്‍ ഒന്ന് എന്നു തോന്നുന്നു. കുട്ടികള്‍ക്കിടയില്‍ നിന്നും ഇത്തരത്തിലുള്ള ചില മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്. സ്വീഡിഷ്കാരിയായ ഗ്രേറ്റ ട്യൂന്‍ബെര്‍ഗിന്‍റെ ജീവിതം. കേവലം 14 വയസു പ്രായം മുതല്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടി അവള്‍ നടത്തിയ പോരാട്ടങ്ങള്‍ ലോക ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 'Fight for Future 'എന്ന മുദ്രവാക്യവുമായി പഠിപ്പു മുടക്കി അവള്‍ എല്ലാ വെള്ളിയാഴ്ചകളിലും അവള്‍ സമരത്തിന് ഇരിക്കുമായിരുന്നു. 'No one is too small to make the difference ' എന്നാണ് അവളുടെ പുസ്തകത്തിന്‍റെ പേര്.
പാശ്ചാത്യ നാടുകളില്‍ നിന്ന് വരുന്നതെല്ലാം രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന നമുക്ക് ആ നാടുകളിലെ മാലിന്യ സംസ്കരണത്തിന്‍റെ രീതികള്‍കൂടി ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുന്നത് നല്ലതാണ്.
സ്കൂളുകളില്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ട നല്ല പാഠങ്ങളില്‍ ഒന്ന് തീര്‍ച്ചയായും പ്രകൃതിയെ സംരക്ഷിക്കാനും സ്വന്തം പരിസരത്തെ വൃത്തിയായി സൂക്ഷിക്കുവാനും തന്നെയാണ്. അതു കേവലം പരിസ്ഥിതി ദിനത്തിലെ 'വൃക്ഷത്തൈ നടുക എന്ന കലാപരിപാടിയില്‍' മാത്രമായി ചുരുങ്ങി പൊയ്ക്കൂടാ.
പ്രകൃതി കേന്ദ്രീകൃതമായ ഒരു ആത്മീയത (Eco Spirituality) വളര്‍ത്തിയെടുക്കുക എന്നതാണ് മറ്റൊരു പരിഹാര മാര്‍ഗം. ബഷീര്‍ പറയുന്നത് പോലെ ദാഹിച്ചു വലഞ്ഞ ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് പ്രാര്‍ത്ഥനയാണ്. ഒരു വൃക്ഷമോ ചെടിയോ വെള്ളമൊഴിച്ച് നനയ്ക്കുന്നതും പ്രാര്‍ത്ഥനയാണ്, ഒരു പുഷ്പത്തിന്‍റെ സൗന്ദര്യമാസ്വദിക്കുന്നതും ജീവികളെ സന്തോഷിപ്പിക്കുന്നതും ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാര്‍ത്ഥന തന്നെ. അനന്തമായ പ്രാര്‍ത്ഥനയാണ് ജീവിതം.....
2011ലെ മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡ് നേടിയെടുത്ത ചിത്രമാണ് 'ആദാമിന്‍റെ മകന്‍ അബു'. ഹജ്ജ് തീര്‍ഥാടനത്തിനു പോകാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ അതിന്‍റെ പണത്തിനു വേണ്ടി മുറ്റത്ത് നില്‍ക്കുന്ന പ്ലാവ് വെട്ടി വില്‍ക്കുന്നു. എന്നിട്ടും പലവിധ കാരണങ്ങളാല്‍ അവര്‍ക്ക് യാത്ര സാധ്യമാകുന്നില്ല. കഥയ്ക്കൊടുവില്‍ 'പിലാവ് വെട്ടിയത് പടച്ചോന് ഇഷ്ടമായിക്കാണില്ല' എന്നു പറഞ്ഞുകൊണ്ട് വീട്ടുമുറ്റത്ത് വീണ്ടും ഒരു മരം നടുന്നതിലൂടെയാണ് ചിത്രം അവസാനിക്കുന്നത്. എന്ന് പറഞ്ഞാല്‍ ആത്മീയമായ തീര്‍ത്ഥാടനം പോലെ തന്നെ പ്രസക്തമാണ് പ്രകൃതി സംരക്ഷണം എന്നു ചുരുക്കം.
പ്രകൃതി കേന്ദ്രീകൃതമായ ആത്മീയത സൂചിപ്പിക്കുമ്പോള്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിനെ ഓര്‍ക്കാതിരിക്കാനാവില്ല. നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നുമാറി പ്രകൃതിയോട് ഇഴചേര്‍ന്നു ജീവിച്ച ഒരു മനുഷ്യന്‍. പക്ഷികളെയും മൃഗങ്ങളെയും സ്വന്തം സഹോദരരായി കണ്ടുകൊണ്ട് അവരോട് കുശലം ചോദിച്ചിരുന്ന മനുഷ്യന്‍... മരിക്കാന്‍ നേരത്തു തന്നെ തറയില്‍ ഇ റക്കി കിടത്താന്‍ അദ്ദേഹം പറഞ്ഞുവെത്രെ. തന്‍റെ ജീവിതം പോലെ മരണവും ഭൂമിയുമായി ഇഴുകിചേര്‍ന്നാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചു കാണും.

പേരുകൊണ്ടും ജീവിതം കൊണ്ടും ആ വിശുദ്ധന്‍റെ പാത പിന്തുടരാന്‍ ശ്രമിച്ച ഒരു പരിശുദ്ധ പിതാവ് നമ്മില്‍ നിന്നും വിട പറഞ്ഞിട്ടു ഒരു വര്‍ഷം കഴിഞ്ഞതെ ഉള്ളൂ. അദ്ദേഹം ഈ ലോകത്തോട് വിളിച്ചു പറഞ്ഞ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് ഒരു 'ജൈവ ആത്മീയത' (Eco Spirituality) വളര്‍ത്തിയെടുക്കുക എന്നു തന്നെയാണ് . തന്‍റെ പ്രധാന രണ്ട് തിരുവെഴുത്തുകള്‍ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്. 'ലൗദാത്തോ സി' (Laudato Si -2015) 'ലൗദാത്തോ ദേവും' (Laudato Deum- 2023). നമ്മള്‍ ജീവിക്കുന്ന പൊതു ഭവനത്തിന്‍റെ സംരക്ഷണത്തിനായിട്ടാണ് (On the care of our common home) താന്‍ ഇത് കുറിക്കുന്നത് എന്ന് പാപ്പ 'ലൗദാത്തോ സി' യുടെ തുടക്കത്തില്‍ കുറിക്കുന്നുണ്ട് . ഉപഭോഗ സംസ്കാരം ലോകത്ത് ഉണ്ടാക്കാന്‍ സാധ്യതയുള്ള അപകടങ്ങളും ഒപ്പം കാലാവസ്ഥ വ്യതിയാനവും അതിന്‍റെ ദൂഷ്യഫലങ്ങളും ഒരു പിതാവിന്‍റെ ദീര്‍ഘവീക്ഷണത്തോടെ അതില്‍ അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.
2015ല്‍ ലോകത്തിന്‍റെ ഒരു കോണില്‍ ഇരുന്നു കൊണ്ടു അദ്ദേഹം പറഞ്ഞു വെച്ച കാര്യങ്ങള്‍ ലോകത്തിന്‍റെ മറ്റൊരു ഒരു കോണില്‍ ഇങ്ങു കേരളത്തില്‍ 2017 ലെ 'ഓഖി' ദുരന്തമായും 2018 ലെ മഹാപ്രളയമായും 2019, 2020, 2024 വര്‍ഷങ്ങളിലെ ഉരുള്‍പൊട്ടലും മറ്റു പ്രകൃതി ദുരന്തങ്ങളുമായി നമ്മുടെ കൊച്ചു കേരളത്തില്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം.
ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും എതിരുമായ പ്രതിപ്രവര്‍ത്തനമുണ്ട് (Every action has a equal and Opposite reaction) എന്നുള്ള ന്യൂട്ടന്‍റെ ചലന നിയമം പോലെയാണ് കാര്യങ്ങള്‍. പ്രകൃതിയോട് നമ്മള്‍ ചെയ്യുന്ന എല്ലാ കടന്നുകയറ്റത്തിനും അത് പതിന്മടങ്ങ് നമ്മോട് പ്രതികരിക്കും എന്നുള്ളതില്‍ സ ംശയമില്ല. പ്രകൃതിയുടെ ആ പ്രതികാരത്തിനു മുമ്പില്‍ നിസ്സഹായമായി നോക്കിനില്‍ക്കാനേ നമുക്ക് കഴിയുന്നുള്ളൂ.
ഈ കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് അമേരിക്കയിലെ സിയാറ്റില്‍ ഗോത്ര തലവന്‍ പറഞ്ഞ വാക്കുകള്‍ എക്കാലവും പ്രസക്തമാണ്. 'ഭൂമിയുടെ ഇഴ നെയ്തത് മനുഷ്യനല്ല, മറിച്ച് അവന്‍ അതിന്‍റെ ഒരു കണ്ണി മാത്രമാണ് എന്നും ഒരു കണ്ണിക്ക് ഉലച്ചില്‍ സംഭവിച്ചാല്‍ അത് മുഴുവന്‍ വലയേയും ബാധിക്കും എന്നൊരു തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടതുണ്ട്'.
ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം, മനുഷ്യനെ തന്‍റെ സൃഷ്ടിയുടെ സംരക്ഷണം ഏല്‍പ്പിക്കുന്ന വിവരണത്തോട് കൂടിയാണ് വിശുദ്ധ ഗ്രന്ഥം ആരംഭിക്കുന്നതെങ്കില്‍ അതിന്‍റെ അവസാന താളുകളിലേക്ക് വരുമ്പോള്‍ ഒരു പുതിയ ആകാശത്തിന്‍റെയും പുതിയ ഭൂമിയുടെയും സൃഷ്ടിയെക്കുറിച്ചാണ് സൂചനകളാണ് നമുക്ക് വെളിപ്പെട്ടു കിട്ടുന്നത് (വെളിപാട് 21:1). എന്ന് പറഞ്ഞാല്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചു മനുഷ്യനെ ഏല്‍പ്പിച്ച ദൈവ ത്തിനു പ്രതിസമ്മാനമായി മനോഹരമായ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ചു നല്‍കാന്‍ ഉത്തരവാദിത്വം നമുക്കുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ പരിസ്ഥിതിദിനവും നമുക്ക് മുന്നില്‍ വച്ചു നീട്ടുന്നത്.
പുതിയ ആകാശവും പുതിയ ഭൂമിയും....!
ഫാ. നൗജിന്‍ വിതയത്തില്‍
അസ്സീസി മാസിക ജൂൺ 2026
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.






















