ദ് റിയല്‍ കേരള സ്റ്റോറി

Updated: Jun 8

Key Takeawys:
This article is regarding the communal harmony and religious cooperation in Kerala.
നമുക്കു കൈ കോര്‍ക്കാന്‍, ഒന്നിച്ചൊരു പാട്ടു പാടാന്‍, സാഹോദര്യത്തിന്‍റെ ആനന്ദനൃത്തമാടാന്‍ ആരുടെയൊക്കെ അനുമതി വേണം? കോട്ടയം നട്ടാശേരിയില്‍ ക്ഷേത്രത്തിനു പുറത്ത് ഭജനസംഘം ഒരു ക്രിസ്ത്യന്‍ പാട്ട് പാടിയത് ഭൂരിപക്ഷവും ഹിന്ദുക്കളായ ശ്രോതാക്കളുടെ അംഗീകാരത്തോടെയും കരഘോഷത്തോടെയുമായിരുന്നു. "ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിന്‍ അധിപന്‍" എന്നു പാടുംമുമ്പ് ഗായകന്‍ നവീന്‍ മോഹന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:
'ഞാന്‍ എല്‍കെജി മുതല്‍ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. നമ്മുടെ ഹോളി ഫാമിലി സ്കൂളില്‍. എന്‍റെ കുറേ സുഹൃത്തുക്കളൊക്കെ ഇവിടെയുണ്ട്. ഈ ഭജന നടക്കുമ്പോള്‍ തിരക്കുണ്ടാകുമെന്നറിഞ്ഞിട്ട് നമുക്കുവേണ്ടി പാര്‍ക്കിംഗ് സൗകര്യമൊക്കെ ഒരുക്കിത്തന്നത് ഈ പള്ളി ഗ്രൗണ്ടിലാണ്. ദേശവിളക്ക് അടുത്ത ദിവസമുണ്ട്. അതിവിടെ നടക്കുന്ന സമയത്ത് ഇവിടെ പള്ളിയിലും വിളക്കു കത്തിക്കാറുണ്ട്. അങ്ങനത്തെ ഒരു നാടാണ്. ഈ കാലഘട്ടത്തില്‍ മതസൗഹാര്‍ദമെന്നൊക്കെ പറയുന്നത് എന്തൊക്കെയോ പ്രശ്നംപോലെ കമന്‍റുകള്‍ വരാറുണ്ട്. അങ്ങനെയൊന്നും അറിയില്ലാത്ത കാലഘട്ടത്തില്‍ ജീവിച്ച മനുഷ്യന്മാരാണ് നമ്മള്‍. ഭജന കേള്‍ക്കാന്‍വേണ്ടി തിരുവനന്തപുരത്തുനിന്ന് ക്രിസ്ത്യന്‍സ് ആയിട്ടുള്ള, എന്നെ പഠിപ്പിച്ച ടീച്ചേഴ്സ്, സിസ്റ്റേഴ്സ് ഒക്കെ ഇവിടെ വന്നിട്ടുണ്ട്. അവരൊക്കെ ഇവിടെ ഉണ്ടാകും. ഒരു കാര്യത്തിലും വ്യത്യാസങ്ങള്‍ കാണാത്ത ഒരു നാടാണിത്. അപ്പോ നമുക്കുവേണ്ടി ഇത്രയും സൗകര്യങ്ങളൊക്കെ ചെയ്തുതന്ന അവര്‍ക്കുവേണ്ടി ഒരു പാട്ട് നമുക്ക് പാടാമല്ലോ അല്ലേ?"
കൈയടികള്‍ക്കിടയില്‍ പാട്ടു തുടങ്ങുകയും ചെയ്തു.
ഇത് എത്ര നല്ല കേരള സ്റ്റോറിയാണെന്ന് ആളുകള്‍ ചിന്തിച്ചും പറഞ്ഞും മുന്നേറവേയാണ് അപശബ്ദമുയര്‍ന്നത്. "നന്ദഗോവിന്ദം ഭജന്‍സ് കുന്തിരിക്കം ഭജന്‍സ് ആയതെങ്ങനെ?" തൊട്ടുപിന്നാലെ സ്ഥിരം വിദ്വേഷവേദികള്‍ മൈക്കുകളെടുത്തു. "ഭജനയെന്നാല്‍ ഗാനമേളയല്ല, പള്ളിമുറ്റത്താണെങ്കില്‍ ഹിന്ദുഭക്തിഗാനം പാടുമോ...?" പതിവുപോലെ ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയും 'പണി'ക്കിറങ്ങി. പക്ഷേ, പതിവിനു വിപരീതമായി മതവിശ്വാസികളില്‍ നിരവധിപ്പേര്‍ മറുപടി പറയാന്‍ ധൈര്യം കാണിച്ചു. പെരുന്നാളിനു പള്ളിമുറ്റത്ത് അയ്യപ്പഭക്തിഗാനം പാടുന്നതും ജാതിമതഭേദമെന്യേ ആളുകള്‍ ഇളകിയാടുന്നതുമായ വീഡിയോകളുമുള്‍പ്പെടെ എല്ലാ മതങ്ങളിലെയും സൗഹൃദക്കാഴ്ചകള്‍ പുറത്തുവന്നു.
ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ഭക്തിഗാനങ്ങളെഴുതി മലയാളിയെ നമ്രശിരസ്കരാക്കിയ ശ്രീകുമാരന്‍ തമ്പി, യേശുദാസിന്‍റെ 'ഹരിവരാസനം' കേട്ട് പള്ളിയുറങ്ങുന്ന ശബരിഗീരിശനെക്കുറിച്ചും, ഉസ്താദ് ബിസ്മില്ലാഖാന്‍റെ ഷെഹനായ് കേള്‍ക്കുന്ന കാശി വിശ്വാഥനെക്കുറിച്ചും, യൂസഫലി കേച്ചേരിയെഴുതിയ കൃഷ്ണഭക്തിഗാനങ്ങളെക്കുറിച്ചും നമ്മെ ഓര്‍മിപ്പിക്കുന്നു. പക്ഷേ, വിഷപ്രചാരണത്തെ കലയാക്കിയവരും കൂട്ടാളികളും അടങ്ങുന്നില്ല. അവര്‍ വിഭജനരാഷ്ട്രീയം പയറ്റുകയാണ്. ശ്രദ്ധിച്ചാലറിയാം, സ്ഥിരമായി ഇതര മതവിദ്വേഷം പറയുന്നവരും തമ്മിലടിപ്പിക്കുന്നവരും തന്നെയാണ് ഇത്. ഇവരുടെ സമൂഹമാധ്യമങ്ങളില്‍ കയറിനോക്കുക, വെറുപ്പല്ലാതൊന്നും വില്പനയ്ക്കില്ല. ഈ രാഷ്ട്രീയത്തിനെതിരേ കേരളം സാഹോദര്യത്തന്‍റെയും സ്നേഹത്തിന്‍റെയും പാരമ്പര്യം മുറുകെപ്പിടിക്കണം.
അവര്‍ മറക്കാന്‍ പറയുന്നത് നമ്മള്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കണം. ഒന്നിച്ചതിനാല്‍ മാത്രം ജയിച്ച യുദ്ധങ്ങളെക്കുറിച്ചു മക്കളോടു പറയണം. ഒരു മേല്‍ക്കൂരയ്ക്കടിയില്‍ ഉണ്ടുമുറങ്ങിയും കഴിഞ്ഞ നാളുകള്‍! പെരുമഴയുടെ താളത്തിലും മഹാമാരിയുടെ ഈണത്തിലുമൊരുങ്ങിയ ദുഃഖഗീതങ്ങള്‍ കേരളത്തെ ഈറനണിയിച്ച കാലത്തെക്കുറിച്ച്. കിട്ടിയ പൊതിച്ചോര്‍ പങ്കുവച്ചവര്‍, എന്‍റെ വീട് നിന്‍റെതുമാണെന്ന് ഓര്‍മിപ്പിച്ചവര്‍, വില തരേണ്ടെന്നു പറഞ്ഞ് കടകള്‍ തുറന്നിട്ടവര്‍..! മറക്കരുത്, ക്ഷേത്ര-പള്ളി-മസ്ജിദ് കെട്ടിടങ്ങള്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെട്ട നാളുകള്‍! അക്കാലത്ത് വള്ളത്തില്‍നിന്നു വെള്ളത്തില്‍ വീഴാതിരിക്കാന്‍ മുതുകു കാട്ടിക്കൊടുത്തവരെക്കുറിച്ചു പറയണം. ഓഖി വീശിയ കടലാഴങ്ങളില്‍നിന്നു സെമിത്തേരിയിലേക്കെടുത്ത പ്രിയപ്പെട്ടവരുടെ സംസ്കാരത്തിന്‍റെ കണ്ണീരുണങ്ങുംമുമ്പേ പ്രളയത്തില്‍ മുങ്ങിയ അപരനെ പൊക്കിയെടുക്കാന്‍ വള്ളങ്ങളുമായിറങ്ങിയ മീന്‍പിടിത്തക്കാരെക്കുറിച്ചു പറയണം.
ഡിസംബര്‍ മാസം. ലോകഭൂപടത്തില്‍ വിനോദസഞ്ചാരികളുടെ ഇഷ്ട്ടയിടം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കുമരകമാണ് കഥ നടക്കുന്ന സ്ഥലം. 41 ദിവസത്തെ വ്രതമെടുത്ത് ശബരിമലക്ക് പോകാന്‍ കെട്ടുനിറ ചടങ്ങ് നടക്കുന്നു. അതിന്‍റെ ഭാഗമായി അയ്യപ്പഭജനയും. ഭക്തി സാന്ദ്രമായ അന്തരീക്ഷം. ആ സമയത്താണ് അതിലേ ഒരു ക്രിസ്മസ് കരോള്‍ ടീം വരുന്നത്. ഭജന നടക്കുന്നതുകൊണ്ട് അവരെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി കരോള്‍ ടീം 'സൈലന്‍റ് നൈറ്റ്' എന്ന പാട്ടൊക്കെ നിര്‍ത്തി,'സൈലന്‍റ്' ആയി സൈഡിലൂടെ പോവുകയായിരുന്നു. സാധാരണയാണെങ്കില്‍ ആരും ശ്രദ്ധിക്കാന്‍ ഇടയില്ലാത്ത ഒരു സംഭവം. പക്ഷെ, അവിടെയുണ്ടായിരുന്ന അയ്യപ്പന്മാരും ഭജനസംഘവും കരോള്‍ സംഘത്തെ ശ്രദ്ധിച്ചു.
മിണ്ടാതെ പോയ കരോള്‍ ടീമിനെ അവര്‍ അയ്യപ്പ ഭജന നടക്കുന്ന പന്തലിലേക്ക് വിളിച്ചു. അവരോട് ഒരു കരോള്‍ ഗാനം പാടാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് ഭജന പന്തലില്‍ ഉയര്‍ന്നുകേട്ടത് 'സ്വാമി ശരണം' അല്ല, മറിച്ച് 'യഹൂദിയായിലെ ഒരു ഗ്രാമത്തില്‍...' എന്ന മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ആയ ക്രിസ്ത്യന്‍ പാട്ടാണ്! ആ അയ്യപ്പ ഭക്തസംഘം ശബരിമലയ്ക്ക് പോകുന്നതിന് മുന്‍പ് കാണിച്ചുതന്നത് സ്നേഹത്തിന്‍റെ വലിയൊരു മാതൃകയാണ്. വേലി കെട്ടി വിദ്വേഷം ജനിപ്പിക്കുന്നവര്‍ക്ക് ഇതിലും വലിയൊരു മറുപടി കൊടുക്കാനില്ല. അമ്പലത്തിലെ പാട്ടും പള്ളിയിലെ പെരുന്നാളും എല്ലാവരുടേതുമാണ്. കറുപ്പുടുത്ത സ്വാമിമാരും സാന്‍റാക്ലോസും കൈകോര്‍ത്തു പിടിച്ച ഈ കാഴ്ച..നമ്മുടെ നാടിന്‍റെ ഭംഗി എന്ന് പറയുന്നത് ഇതാണ്.
ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം കണ്ണൂര്‍ പരിയാരത്തുനിന്നു വന്ന ഒരു വാര്‍ത്തകൂടി ചൂണ്ടിക്കാട്ടാം. പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രോത്സവ പരിപാടിക്കായി കണ്ണൂര്‍ രൂപതയുടെ കീഴിലുള്ള പരിയാരം സെന്‍റ് ഫ്രാന്‍സിസ് പള്ളി മതില്‍ പൊളിച്ചുകൊടുത്ത് സൗകര്യമൊരുക്കി. കലാപരിപാടി നടത്താനും പാര്‍ക്കിംഗിനുമായാണ് ഇത്തരമൊരു സൗകര്യം പള്ളിക്കമ്മിറ്റി രൂപതാധ്യക്ഷന്‍റെ അനുമതിയോടുകൂടി ചെയ്തത്.
This is the Real Kerala Story!
ദ് റിയല്‍ കേരള സ്റ്റോറി
ഷാജി സി.എം.ഐ.
അസ്സീസി മാസിക ജൂൺ 2026
















































































































