top of page

തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും

Feb 3, 1990

7 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

A silhouette of a person kneeling in prayer in a quiet, serene setting, bathed in soft, warm light.

1989 നവംബർ മാസത്തിലെ അസ്സീസി മാസികയിൽ, ഡോ. സി. ഇല്ലിക്കമുറിയുടെ ലേഖനം ഞാൻ വായിച്ചു. ക്രൈസ്തവവിശ്വാസത്തിനു യോജിക്കാത്ത രണ്ടു സൂചനകൾ അതിൽ കാണുന്നുണ്ട്. 1) ലോകപാപത്തിനു പരിഹാരമായി (ലോകത്തെ രക്ഷിക്കുവാൻ മിശിഹായുടെ രക്തച്ചൊരിച്ചിൽ അത്ര ആവശ്യമായിരുന്നില്ല; 2) മനുഷ്യരുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും വിലപ്പെട്ടതല്ല.


1. വിശുദ്ധീകരിക്കപ്പെടുവാൻ രക്തച്ചൊരിച്ചിൽ ആവശ്യമാണെന്ന് ഇസ്രായേൽ ജനങ്ങളെ മനസ്സിലാക്കുവാൻവേണ്ടി, ദൈവത്തിൻ്റെ നിർദ്ദേശപ്രകാരം, ജനങ്ങളേയും പാത്രങ്ങളേയും മോശ രക്തം തളിച്ചിരുന്നു. (പുറപ്പാട്: 24:5-8: ലേവ്യ 16:15-16 ലേവ്യ 17:11) അത് മിശിഹായുടെ രക്തച്ചൊരിച്ചിലിൻ്റെയും, മിശിഹായിൽ വിശ്വസിക്കുന്നവരുടെ ആത്മ വിശുദ്ധികരണത്തിൻ്റെയും പ്രതീകമായിരുന്നുവെന്ന് വി. പൗലോസ് ശ്ലീഹാ സമർത്ഥിച്ചിട്ടുണ്ട്. ''രക്തം കൂടാതെയല്ല ആദ്യത്തെ ഉടമ്പടിയും ഉറപ്പിക്കപ്പെട്ടത്..... രക്തം ചിന്താതെ പാപമോചനമില്ല.... അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അർപ്പിക്കപ്പെട്ടു." (ഹെബ്രാ. 9: 18-28)


ഈശോ പീഡകൾ സഹിച്ച് മരിക്കേണ്ടിവരുമെന്ന് തൻ്റെ ശിഷ്യന്മാരോടു പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിനു തടസ്സം പറഞ്ഞ പത്രോസിനെ അവിടുന്ന് ശാസിക്കുകയും ചെയ്തു. (മത്താ : 16:21-23; 20:17-19). ഈശോയെ ബന്ധിക്കുവാൻ വന്നവരിൽ, ഒരാളെ പത്രോസ് വെട്ടിയപ്പോൾ, ഈശോ അദ്ദേഹത്തെ തടഞ്ഞുകൊണ്ടു പറഞ്ഞു : '... അങ്ങനെ ചെയ്താൽ, ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന തിരുവെഴുത്തുകൾ എങ്ങനെ നിറവേറും." (മത്താ : 26:51-54). ഈശോ ഉയിർത്തതിനുശേഷം, എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്മാർക്ക് അവിടുന്നു പ്രത്യക്ഷപ്പെട്ട്, മിശിഹായുടെ പീഡാനുഭവങ്ങളെപ്പറ്റി പ്രവാചകന്മാർ മുന്നറിയിപ്പു നല്‌കിയിരുന്നത് വിശദമായി പറഞ്ഞു കൊടുത്തു.


"...തൻ്റെ മഹത്ത്വത്തിലെത്തുന്നതിനു മുമ്പ്, മിശിഹാ ഇവയെല്ലാം സഹിക്കേണ്ടിയിരുന്നില്ലേ?" (ലൂക്ക: 24:13-26) ഇവയിൽനിന്ന് നാം മനസ്സിലാക്കേണ്ടത് മിശിഹായുടെ പീഢാസഹനവും, രക്തച്ചൊരിച്ചിലും, മരണവും ലോകരക്ഷയ്ക്ക് അത്യാവശ്യമായിരുന്നു - അവ പിതാവായ ദൈവത്തിൻ്റെ തിരുമനസായിരുന്നു എന്നാണ് ദൈവത്തിൻ്റെ സ്നേഹവും മിശിഹായുടെ അനുസരണയും പീഢാസഹനവും മരണവും എല്ലാം ഒരേക പ്രവർത്തനമായി നാം മനസ്സിലാക്കണം.


2 "ദൈവം ക്ഷമിക്കുകയും പാപം മോചിക്കുകയും ചെയ്യുന്നത് നമ്മുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും മൂലമല്ല" എന്ന് ഖണ്ഡിതമായി പറഞ്ഞുകൂടാ. അവയും അത്യാവശ്യമാണ്. മനുഷ്യർ തപശ്ചര്യ അനുഷ്ടിക്കണമെന്ന് ദിവ്യരക്ഷകൻ പ്രസംഗിച്ചിട്ടുണ്ട്. "സ്വർഗരാജ്യം ബലവശ്യമത്രേ; ബലം പ്രയോഗിക്കുന്നവർ അതു കരസ്ഥമാക്കുന്നു. പിന്നീട് അവിടുന്ന്, താൻ ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ പ്രവർത്തിച്ച നഗരങ്ങൾ പശ്ചാത്തപിക്കാത്തതിനെപ്പറ്റി ശകാരിച്ചു.. ചാക്കുവസ്ത്രം ധരിച്ച്, ചാരം പൂശി, തപസ്സു ചെയ്യുമായിരുന്നു. (മത്താ :11:12-24) "അനുതപിക്കാത്ത പക്ഷം നിങ്ങളും ഇതുപോലെ നശിക്കുമെന്നും ഞാൻ നിങ്ങളോടു പറയുന്നു" (ലൂക്ക. 13:1-5).


വി. പൗലോസ് ശ്ലീഹാ ഇപ്രകാരം രേഖപ്പെടുത്തി : 'മിശിഹായുടെ പീഢകളിലെ കുറവ്.... എൻ്റെ ശരീരത്തിൽ ഞാൻ പരിഹരിക്കുകയാണ്"(കൊളോ :1:24). നിത്യ രക്ഷ കൈവരിക്കുവാൻ മിശിഹായോടുകൂടി നാമെല്ലാവരും കഴിവനുസരിച്ച് സഹിക്കണമെന്നാണ് ഇതിൻ്റെ അർത്ഥം. "മിശിഹായ്ക്കുള്ളവർ തങ്ങളുടെ ശരീരത്തെ അതിൻ്റെ സകല ദുരാശകളോടും തിന്മകളോടും കൂടെ ക്രൂശിച്ചിരിക്കുന്നു."(ഗലാ : 5/24)

Fr Leo OFM Cap.,

Alwaye

നവംബർ മാസത്തിലെ എന്റെ ഉത്തരത്തിൽ, "മനുഷ്യരുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും വിലപ്പെട്ടതല്ല" എന്ന് ക്രൈസ്ത‌വ വിശ്വാസത്തിനു യോജിക്കാത്ത രണ്ടാമതൊരു സൂചനയും ഉണ്ടെന്നാണല്ലോ ബഹു. ലിയോ അച്ചൻ എഴുതിയിരിക്കുന്നത്. (ഇതു ഞാൻ പറഞ്ഞതോ സൂചിപ്പിച്ചതോ അല്ല. പിന്നെയോ ബഹു. ലിയോച്ചന്റെ ഒരു നിഗമനമാണ്. അതിനെപ്പറ്റി പിന്നീടു പറയുന്നതായിരിക്കും.) ഈ സൂചന അദ്ദേഹം കാണുന്നത് മുഖ്യമായും, "ദൈവം ക്ഷമിക്കുകയും പാപം മോചിക്കുകയും ചെയ്യുന്നത് നമ്മുടെ തപശ്ചര്യകളും പ്രാശ്ചിത്ത പ്രവൃത്തികളും മൂലമല്ല" എന്നു ഞാൻ എഴുതിയതിൽ നിന്നാണെന്ന് തുടർന്നുള്ള അദ്ദേഹത്തിൻ്റെ വിശദീകരണം വ്യക്തമാക്കുന്നു. ദൈവം ക്ഷമിക്കുകയും പാപം മോഹിക്കുകയും ചെയ്യുന്നത് നമ്മുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും മൂലമല്ല എന്നു ഖണ്ഡിതമായി പറഞ്ഞുകൂടെന്നും അവയും അത്യാവശ്യമാണെന്നുമുള്ള തന്റെ പ്രസ്‌താവനയെ ഉറപ്പിക്കുവാൻ പുതിയ നിയമത്തിൽ നിന്ന് മത്താ. 11:12-24; ലൂക്കാ 13: 1-5; കൊളോ 1 :24; ഗലാ 5: 24 എന്നീ ഭാഗങ്ങളാണ് ബഹു ലിയോച്ചൻ ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്തിരിക്കുന്നത്. കൂടാതെ, മത്താ 11: 25-30; 16, 24-25; ലൂക്കാ 13, 23-24; 15: 3-10; 21: 12-19; 1 കോറി 1: 18; 9: 27; 2 കോറി 6: 4-10: 12: 9-10; 1 പത്രോ 3: 19-21; 4: 1-14 എന്നീ പുതിയ നിയമ ഭാഗങ്ങൾ കൂടി തപശ്ചര്യകളേയും പ്രായശ്ചിത്ത പ്രവൃത്തികളേയും പറ്റിയുള്ള വിശദികരണത്തിൽ കണക്കിലെടുക്കണമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. '


അനുതാപവും തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം


പുതിയ നിയമത്തിൽ നിന്നുള്ള ഈ ഉദ്ധരണികളും പരാമർശനങ്ങളും ഒരു കാര്യം വ്യക്ത‌മാക്കുന്നുണ്ട്: അനുതപിക്കുക, തപശ്ചചര്യകൾ അനുഷ്ഠിക്കുക, പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യുക എന്നെല്ലാം പറയുന്നത് ഒരേ അർത്ഥത്തിലാണ് ബഹു ലിയോ അച്ചൻ കാണുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം അദ്ദേഹം കണക്കിലെടുക്കുന്നില്ല. ലിയോച്ചൻ മാത്രമല്ല, പല ക്രൈസ്തവ പ്രസംഗകരും എഴുത്തുകാരും ആവർത്തിക്കുന്ന ഒരു തെറ്റാണിത്. ദൂരവ്യാപകമായ തെറ്റിദ്ധാരണകളും ദോഷഫലങ്ങളുമാണ് ഇത് ഉളവാക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു.


അനുതാപം


അനുതപിക്കുവാൻ പുതിയ നിയമത്തിൽ യേശുനാഥനും പാപികളായ മനുഷ്യരോട് ആവശ്യപ്പെട്ടത്, അവർ സ്വീകരിക്കേണ്ട വ്യക്തവും മൗലികവുമായ ഒരു നിലപാടിനേയും അതിൻ്റെ അനന്തരഫലങ്ങളേയും സൂചിപ്പിക്കാനാണ്. "മെറ്റനോയ്അ"(metanoia) എന്ന ഗ്രീക്കു പദമാണ് ഈ നിലപാടിനെ കുറിക്കുവാൻ പുതിയ നിയമം ഉപയോഗിക്കുന്നത്. "മാനസാന്തരം" എന്നാണ് ഈ വാക്കിൻ്റെ അർത്ഥം. പഴയനിയമത്തിൽ "ജീവിത പരിവർത്തനം" (tšubah) എന്ന പദമാണ് ഈ ആശയത്തെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ മനസ്‌താപം, പരിഹാരം എന്നൊക്കെയുള്ള പദങ്ങൾ തർജ്ജമയായി ഉപയോഗിക്കാറുണ്ടെങ്കിലും ശരിയായ പദം "മാനസാന്തരം" അഥവാ "ജീവിതപരിവർത്തനം'' എന്നാണ്.


തപശ്ചര്യകൾ


തപശ്ചര്യകൾ (ascetic exercises) എന്നു പറയുന്നത്, മനുഷ്യൻ്റെ വിചാരങ്ങളേയും സ്വാഭാവിക പ്രവണതകളെയും അഭിവാഞ്ചകളേയും നിയന്ത്രിക്കുന്നതിനും, ആത്മീയവും ബൗദ്ധികവുമായ അവൻ്റെ ശക്തികളെ സ്വതന്ത്രമാക്കുന്നതിനും അങ്ങനെ ദൈവിക ജ്ഞാനവും ദൈവവുമായുള്ള ഐക്യവും സുസാദ്ധ്യമാക്കിത്തീർക്കുന്നതിനും വേണ്ടിയുള്ള ശരീരത്തിൻ്റെയും മനസ്സിൻ്റെയും ക്രമാനുഗതമായ പരിശീലനവും സംയമനവുമാണെന്ന് പറയാം. ഉപവാസം, വിഷയവിരക്തി, ഏകാന്തത, ആത്മപരിത്യാഗം, ആത്മപീഡനം. ദാരിദ്ര്യം, ശാരീരികദണ്ഡനം തുടങ്ങിയവ തപശ്ചര്യകളുടെ വിവിധ രൂപങ്ങളാണ്. ക്രിസ്തുമതത്തിൻ്റെ ആരംഭത്തിനു മുമ്പുതന്നെ പല മതങ്ങളിലും നാം കാണുന്ന ഒരു പ്രതിഭാസമാണ് തപശ്ചര്യകളുടെ അനുഷ്ഠാനം. ഹെല്ലനിസ്റ്റിക്ക് -സ്റ്റോയിക്ക് വൃത്തങ്ങളിൽനിന്ന് അലക്സാൻഡ്രിയായിലെ ക്ലമൻ്റും ഒരിജനുമാണ് ആദ്യം ക്രിസ്തു മതത്തിലേക്ക് തപശ്ചര്യകൾ കൊണ്ടുവന്നത്. അടിസ്ഥാനപരമായ ചില തെറ്റിദ്ധാരണകൾ തപശ്ചര്യകൾ അനുഷ്ഠിക്കുന്നതിനു പിന്നിൽ ഹെല്ലനിസ്‌റ്റിക്ക് - സ്റ്റോയിക്ക് വൃത്തങ്ങളിലും മറ്റു പൗരാണിക മതാനുയായികളുടെയിടയിലും ഒളിഞ്ഞുകിടപ്പുണ്ടെന്ന വസ്തുത നാം മറന്നുകൂടാ.


ഭൗതികവും പദാർത്ഥവുമായ എല്ലാ യാഥാർത്ഥ്യങ്ങളും തിന്മയാണെന്ന ചിന്താഗതിയാണ് ഒന്നാമത്തെ തെറ്റിദ്ധാരണ. ശരീരവും ലൈംഗികതയുമെല്ലാം ഈ തിന്മയുടെ പ്രതിഭാസങ്ങളാണത്രെ. അരൂപി അഥവാ ആത്മാവുമാത്രമാണ് ഈ ലോകത്തിൽ നന്മയായിട്ടുള്ളത്. തിന്മയായ ശരീരത്തിൻ്റെ തടവറയിൽ കഴിഞ്ഞുകൂടുന്ന ആത്മാവിന് അവിടെ നിന്നും മോചനം ലഭിക്കുന്നതാണ് മുക്തി. ഭൗതികവും ശാരീരികവുമായ എല്ലാറ്റിൻ്റെയും തിരസ്ക്കരണത്തിലൂടെ മാത്രമേ മുക്തി കൈവരിക്കാനാവൂ. അതിനുപകരിക്കുന്ന രഹസ്യജ്ഞാനം (gnosis) സമ്പാദിക്കുന്നവർ മാത്രമാണ് മുക്തി നേടുന്നവർ. തപശ്ചര്യകൾ ആണ് ഈ രഹസ്യജ്ഞാന സമ്പാദനത്തിനുള്ള സുപ്രധാനമായ ഒരു മാർഗം. ഇതാണ് രണ്ടാമത്തെ തെറ്റിദ്ധാരണ സ്വന്തം പ്രയത്നം കൊണ്ട് മനുഷ്യർ നേടിയെടുക്കേണ്ട ഒന്നാണ് ഈ ജ്ഞാനവും രക്ഷയും. ദൈവവുമായുള്ള ഐക്യവും രക്ഷയും സ്വന്തം പ്രയത്നത്തിലൂടെ നേടിയെടുക്കാമെന്ന തെറ്റിദ്ധാരണ പല മതങ്ങളും അനുഷ്‌ഠിക്കുന്ന തപശ്ചര്യകൾക്കു പിന്നിൽ കാണാവുന്നതാണ്. ഹെല്ലനിസ്റ്റിക്ക് - സ്റ്റോയിക്ക് വൃത്തങ്ങളിൽ നിന്ന് തപശ്ചര്യകളെ ക്രിസ്തുമതത്തിലേക്കു കൊണ്ടുവന്നപ്പോൾ ഇങ്ങനെയുള്ള തെററിദ്ധാരണകളും അവയെ അനുഗമിച്ചുവെന്നതും ക്രൈസ്തവ ആധ്യാത്മികതയെ അവ കുറെയെല്ലാം സ്വാധീനിച്ചുവെന്നതും തുറന്നു സമ്മതിക്കേണ്ട ഒരു സത്യമാണ്.


പ്രായശ്ചിത്ത പ്രവൃത്തികൾ


മതങ്ങളുടെ ചരിത്രത്തിൽ പ്രായശ്ചിത്ത പ്രവൃത്തികൾ എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത്, പാപത്തിനു പരിഹാരമായി ഒരുവൻ സ്വമനസ്സാ ചെയ്യുന്ന ഇഷ്ടമില്ലാത്തതും വേദനാജനകമായ പ്രവൃത്തികളും, അനുവദനീയമെങ്കിലും സ്വമനസ്സാ ഉപേക്ഷിക്കുന്ന ഇഷ്ടമുള്ളതും സുഖദായകവുമായ പ്രവൃത്തികളുമാണെന്നു പറയാം. പാപത്തിലുൾപ്പെടുന്ന വ്യക്തി ദൈവഹിതത്തിനു വിരുദ്ധമായി സ്വന്തം സുഖവും സംതൃപ്‌തിയും തേടുന്നു. പാപത്തെ വിട്ടുപേക്ഷിച്ച് ദൈവത്തിങ്കലേക്കു തിരിച്ചു വരുമ്പോൾ, ഈ തെറ്റിനു പരിഹാരമായി കുറെയെങ്കിലും വേദനയും ക്ലേശവും അയാൾ അനുഭവിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നു എന്നതാണ് പ്രായശ്ചിത്ത പ്രവൃത്തികൾക്കു പിന്നിലുള്ള സങ്കല്പം.


മേൽ വിവരിച്ചവിധം മനസ്സിലാക്കിയാൽ, തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും യേശുനാഥൻ്റെ അരൂപിക്കു യോജിച്ചതാണെന്നു പറയുവാൻ കഴിയുകയില്ല. ക്രൈസ്‌തവ ജീവിതത്തിലേക്ക് അവയെ അപ്പാടെ സ്വീകരിക്കാനും സാധ്യമല്ല. ക്രിസ്തീയമായി തപശ്ചര്യകളേയും പ്രായശ്ചിത്ത പ്രവൃത്തികളേയും രൂപാന്തരപ്പെടുത്തുവാൻ സാധിക്കും. അങ്ങനെ ക്രിസ്തീയമായി രൂപാന്തരപ്പെട്ട തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും യേശുനാഥൻ ആവശ്യപ്പെട്ട അനുതാപവും ജീവിതപരിവർത്തനവും തന്നെയാണ്. അത് ക്രൈസ്‌തവ ജീവിതത്തിൻ്റെ ഒരു അവശ്യഭാഗവുമാണ്.


പാപമോചനം പഴയനിയമത്തിൽ


ഇനി, ദൈവം ക്ഷമിക്കയും പാപം മോചിക്കയും ചെയ്യുന്നത് നമ്മുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും മൂലമാണോ എന്നു ചിന്തിക്കാം. പാപിയായ മനുഷ്യനു ദൈവം പാപമോചനവും നീതീകരണവും നൽകുന്നത് മനുഷ്യൻ്റെ നേട്ടമോ പ്രവൃത്തികളോ കൊണ്ടല്ല. പ്രത്യുത അവിടുത്തെ സ്നേഹവും കൃപയും കൊണ്ടാണെന്നത് അചഞ്ചലമായ ഒരു ക്രൈസ്‌തവ വിശ്വാസ സത്യമാണ്. വിശുദ്ധ പുസ്‌തകം മുഴുവൻ ഈ സത്യത്തിനു സാക്ഷ്യം വഹിക്കുന്നു. പഴയനിയമത്തിൽത്തന്നെ നാം ഇതു കാണുന്നുണ്ട്. മനുഷ്യൻ്റെ പാപം എത്ര വലുതായിരുന്നാലും ക്ഷമിക്കാൻ ദൈവം സന്നദ്ധനാണ് (ഏശ 1:18). ഒന്നു മാത്രമേ മനുഷ്യനിൽ നിന്ന് അവിടുന്ന് ആവശ്യപ്പെടുന്നുള്ളു; പാപത്തിൽനിന്നു പിന്തിരിഞ്ഞ് ദൈവത്തിങ്കലേയ്ക്കു തിരിച്ചുവരിക, അവിടുത്തെ ഇഷ്ടത്തിനു വിധേയനായി പുതിയൊരു ജീവിതം ആരംഭിക്കുക.


പാപത്തിൽനിന്നുള്ള പിന്തിരിച്ചിൽ ആന്തരികവും യാഥാർത്ഥവുമാണെന്നു വ്യക്തമാക്കുവാൻവേണ്ടി ചില പരിഹാര ദിവസങ്ങളും പ്രായശ്ചിത്താനുഷ്ഠാനങ്ങളും ഇസ്രായേൽക്കാർക്കിടയിൽ പതിവായിരുന്നു. വലിയൊരു ആപൽസന്ധിയിൽ പ്രായശ്ചിത്ത പ്രവൃത്തികളോടുകൂടിയ പ്രത്യേക പരിഹാര ദിവസങ്ങൾ ആചരിക്കുവാൻ ജോയൽ പ്രവാചകൻ പുരോഹിതരേയും ജനങ്ങളേയും ആഹ്വാനം ചെയ്തതായി നാം വായിക്കുന്നുണ്ട് (ജോയേ 2: 15-17). എന്നാൽ ബാഹ്യമായ പ്രായശ്ചിത്ത പ്രവൃത്തികൾ ആന്തരികമായ മാനസാന്തരത്തെ സഹായിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിനു പകരം, പലപ്പോഴും അതിനൊരു തടസ്സമായിത്തീർന്നു. യഥാർത്ഥമായ മാനസാന്തരത്തിൻ്റെ സ്ഥാനത്ത് അരൂപിയും ആന്തരികതയും ചോർന്നുപോയ പ്രായശ്ചിത്ത പ്രവൃത്തികൾ മാത്രമായി മാനസാന്തരമില്ലാതെ ബാഹ്യവും അനുഷ്ഠാനപരവുമായ പ്രായശ്ചിത്ത പ്രവൃത്തികൾകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താനും പാപത്തിൽനിന്നു മോചനം നേടാനും കഴിയുമെന്ന ചിന്ത മറ്റു പല മതങ്ങളിലുമെന്നപോലെ ഇസ്രായേൽക്കാർക്കിടയിലും പ്രചരിച്ചു.


ഈ അപകടത്തിനെതിരെ പ്രചാചകന്മാർ വീണ്ടും വീണ്ടും ഇസ്രായേൽ ജനങ്ങൾക്കു ശക്തമായ മുന്നറിയിപ്പു നൽകുന്നുണ്ട്. ബാഹ്യമായ പ്രായശ്ചിത്ത പ്രവൃത്തികളിലല്ല ദൈവം പ്രസാദിക്കുന്നത്. പ്രത്യുത ഹൃദയ പരിവർത്തനം വരുത്തുന്നതിലും പുതിയൊരു ജീവിതം സമാശ്ലേഷിക്കുന്നതിലുമാണെന്ന് അവർ ഇസ്രായേലിനെ ഓർമിപ്പിക്കുന്നു. പാപി തന്റെ പാപത്തിൽ നിന്നു പിന്തിരിഞ്ഞ് പൂർണ ഹൃദയത്തോടെ ദൈവത്തിങ്കലേയ്ക്കു വരുമ്പോൾ അവൻ്റെ തെറ്റുകൾക്കെല്ലാം ദൈവം മാപ്പുനൽകുന്നു: "എന്നാൽ ദുഷ്ടൻ താൻ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം പിന്തിരിയുകയും എൻ്റെ കല്പനകൾ അനുസരിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്താൽ അവൻ തീർച്ചയായും ജീവിക്കും; മരിക്കുകയില്ല. അവൻ ചെയ്തിട്ടുള്ള അതിക്രമങ്ങൾ അവനെതിരായി പരിഗണിക്കപ്പെടുകയില്ല" (എസെ. 18: 21-22).


ദൈവത്തിങ്കലേക്കുള്ള തിരിച്ചുവരവും യഥാർത്ഥമായ മാനസാന്തരവും സഹോദരങ്ങളുടെ നേർക്കുള്ള നിലപാടിലാണ് സർവ്വോപരി പ്രതിഫലിക്കുക. അതിനാൽ, എന്തെങ്കിലും ചില പ്രായശ്ചിത്ത പ്രവൃത്തികൾ അല്ല ദൈവം ആവശ്യപ്പെടുക, പ്രത്യുത സഹോദരങ്ങളോടുള്ള നീതിയും സ്നേഹവുമാണ്. " ഇത്തരം ഉപവാസമാണോ ഞാൻ ആഗ്രഹിക്കുന്നത് ഒരു ദിവസത്തേയ്ക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം ! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കുവിരിച്ച് ചാരവും വിതറിക്കിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങൾ ഉപവാസമെന്നും കർത്താവിനു സ്വീകാര്യമായ ദിവസം എന്നും വിളിക്കുക? ദുഷ്ട‌തയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതരെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്" (ഏശ 58: 5-7).


പാപമോചനം സ്‌നാപക യോഹന്നാൻ്റെ വീക്ഷണത്തിൽ


യേശുവിനു വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാൻ അനുതാപത്തിലേയ്ക്കു പാപികളെ വിളിച്ചപ്പോഴും സ്വന്തം പ്രയത്നവും പ്രായശ്ചിത്ത പ്രവൃത്തികളും വഴി ദൈവത്തിൽനിന്നു പാപമോചനം നേടാനല്ല അവരോട് ആവശ്യപ്പെട്ടത്, പിന്നെയോ ദൈവം നല്കുന്ന പാപമോചനവും കൃപയും സ്വീകരിക്കുവാനും, ജീവിത പരിവർത്തനത്തിലൂടെ ദൈവത്തിനു പ്രത്യുത്തരം നല്കാനുമാണ്. ഈ ജീവിത പരിവർത്തനം യഥാർത്ഥമായിത്തീരുന്നത് സഹോദരങ്ങളുടെ നേർക്കുള്ള നീതിയിലും സ്നേഹത്തിലുമത്രേ. ഈ നീതിക്കും സ്നേഹത്തിനുമെതിരായി പ്രവർത്തിക്കാനുള്ള പ്രവണതകൾക്കും പ്രലോഭനങ്ങൾക്കുമെതിരായിട്ടാണ് അവർ സമരം ചെയ്യേണ്ടത്. "ജനക്കൂട്ടം അവനോടു ചോദിച്ചു: ഞങ്ങൾ എന്താണു ചെയ്യേണ്ടത്? അവൻ പറഞ്ഞു: രണ്ടുടുപ്പുള്ളവൻ ഇല്ലാത്തവന് ഒന്നു കൊടുക്കട്ടെ. ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെതന്നെ ചെയ്യട്ടെ. ചുങ്കക്കാരും ജ്ഞാനസ്നാനം സ്വീകരിക്കാൻ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്? അവൻ പറഞ്ഞു: നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതിൽ കൂടുതൽ ഈടാക്കരുത്. പടയാളികളും അവനോടു ചോദിച്ചു: ഞങ്ങൾ എന്താണു ചെയ്യേണ്ടത്? അവൻ അവരോടു പറഞ്ഞു: നിങ്ങൾ ആരേയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുററാരോപണവും അരുത്. വേതനം കൊണ്ട് നിങ്ങൾ തൃപ്തിപ്പെടണം."(ലൂക്കാ 3:10-14).


പാപമോചനം യേശുവിൻ്റെ വീക്ഷണത്തിൽ


നീതിമാന്മാരുടെയും പാപികളുടേയും നേർക്ക് ദൈവത്തിനുള്ള വ്യവസ്ഥയില്ലാത്ത സ്നേഹവും പാപികൾക്ക് അവിടുന്നു നൽകുന്ന നിരുപാധികമായ മോചനവും ഏറ്റവും വ്യക്ത‌മായി നമുക്കു മനസ്സിലാകുന്നത് യേശു നാഥന്റെ ജീവിതത്തിലും പ്രസംഗങ്ങളിൽ നിന്നുമാണ്. "സമയം പൂർത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ (മർക്കോ. 1:15) എന്നു പറഞ്ഞ് എല്ലാ മനുഷ്യരേയും അനുതാപത്തിലേക്കും വിശ്വാസത്തിലേയ്ക്കും ക്ഷണിച്ചു കൊണ്ടാണ് യേശു അവിടത്തെ പരസ്യ ജീവിതം ആരംഭിക്കുന്നത്. അവിടുന്നു പ്രഘോഷിച്ച ദൈവരാജ്യത്തിൻ്റെ ഏറ്റവും പ്രധാനമായ ലക്ഷണമാണ് പാപത്തിൽനിന്നുള്ള മോചനം . പാപമാണ് മനുഷ്യനെ ഏററവും ക്രൂരമായി പീഡിപ്പിക്കുന്ന അടിമത്തം. ഈ അടിമത്തത്തിൽനിന്നു മനുഷ്യനെ മോചിപ്പിച്ച് സൗഭാഗ്യത്തിലേക്ക് അവനെ ഉയർത്തുവാൻ ദൈവം തിരുമനസ്സായിരിക്കുന്നു. ഒന്നു മാത്രമേ അവൻ ചെയ്യേണ്ടതായുള്ളു: ദൈവം നല്കുന്ന സ്നേഹവും മാപ്പും സ്വീകരിക്കുകയും ഇനിയുള്ള തൻ്റെ ജീവിതത്തിൽ ദൈവേഷ്ടമനുസരിച്ചു രൂപം നൽകുകയും ചെയ്യുക. അതിനുവേണ്ടിവരുന്ന വേദനയും പരിത്യാഗങ്ങളം സഹിക്കുവാൻ സന്നദ്ധനാകുക.


സ്നേഹത്തിൻ്റെയും മോചനത്തിൻ്റെയും ഈ സുവിശേഷം എല്ലാ മനുഷ്യർക്കുമാണ് യേശു നല്കുന്നത്. എന്നാൽ സ്വയം നീതിമാൻമാരും ദൈവത്തിൻ്റെ സ്നേഹിതരുമെന്നു കരുതിയിരുന്ന ഫരിസേയരും യഹൂദ പ്രമാണികളും യേശുവിൻ്റെ സുവിശേഷം ശ്രവിക്കുന്നതിനോ തങ്ങളുടെ പാപങ്ങൾ ഏറ്റു പറഞ്ഞ് ദൈവം നല്കുന്ന മോചനം സ്വീകരിക്കുന്നതിനോ തയ്യാറായില്ല. പാപികളായി സ്വയം മനസ്സിലാക്കിയ സാധാരണക്കാരായ ചുങ്കക്കാരും വേശ്യകളുമാകട്ടെ യേശുവിൻ്റെ സുവിശേഷം ശ്രവിച്ചു. ദൈവത്തിൻ്റെ വ്യവസ്ഥയില്ലാത്ത സ്നേഹവും നിരുപാധികമായ മാപ്പും അവർ സ്വീകരിച്ചു. പാപത്തിൽനിന്നു സമ്പൂർണമായി അവർ പിന്തിരിഞ്ഞു. ദൈവേഷ്ടമനുസരിച്ചുള്ള ഒരു പുതിയ ജീവിതം അവർ ആരംഭിച്ചു. പാപങ്ങളിലേക്കു തിരിച്ചു പോകാനുള്ള പ്രവണതകളെ അവർ ചെറുത്തു. യേശുവിൻ്റെ സുവിശേഷമായിത്തീർന്നു അവരുടെ ജീവിതത്തിന്റെ മാർഗദീപം.


പാപികളുമായുള്ള യേശുവിൻ്റെ സമ്പർക്കവും വിരുന്നും സഹവാസവുമെല്ലാം ദൈവം അവർക്കു നിരുപാധികം മാപ്പു നല്കുന്നുവെന്നതിൻ്റെ വ്യക്തമായ സാക്ഷ്യമായിരുന്നു. പാപികളുടെ നേർക്കുള്ള യേശുവിൻ്റെ ഈ സമീപനം ഫരിസേയരെയും യഹൂദപ്രമാണികളെയും രോഷാകുലരാക്കി. ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു വിളിച്ച് അവർ യേശുവിനെ അധിക്ഷേപിക്കുന്നു.


ആദ്യമായി തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും വഴി തങ്ങൾ ചെയ്‌ത തെറ്റിനു പരിഹാരം ചെയ്യുവാൻ യേശു പാപികളോട് ആവശ്യപ്പെടുകയും, അങ്ങനെ പരിഹാരം ചെയ്ത ശേഷം അവരോടു ക്ഷമിക്കേകയും ചെയ്തിരുന്നെങ്കിൽ, ഫരിയർക്കും യഹൂദപ്രമാണികൾക്കും പരാതിയുണ്ടാകുമായിരുന്നില്ല. എന്നാൽ, അതൊന്നും യേശു ആവശ്യപ്പെടുന്നില്ല. ദൈവത്തിൻ്റെ വ്യവസ്‌ഥയില്ലാത്ത സ്നേഹവും നിരുപാധികമായ മാപ്പും സ്വീകരിക്കാനും ജീവിതത്തിനു പൂർണമായ പരിവർത്തനം വരുത്തുവാനും മാത്രമാണ് യേശു ആവശ്യപ്പെടുന്നത്. ഇതാണ് ഫരിസേയരേയും നിയമജ്ഞരേയും കുപിതരാക്കിയത്.


ഫരിസേയരുടെയും നിയമജ്ഞരുടെയും ഈ നിലപാടിനെ നിശിതമായി വിമർശിക്കുന്നെ ഒന്നാണ് യേശു അരുളി ചെയ്ത ധൂർത്തപുത്രൻ്റെ ഉപമ (ലൂക്ക. 15:11-31). തെറ്റു ചെയ്തു തന്നിൽനിന്ന് അകന്നുപോയ മകൻ തിരിച്ചുവരുമ്പോൾ സ്വീകരിക്കാനായി പിതാവ് കാത്തിരിക്കുന്നു. അവൻ ദൂരെനിന്നു വരുന്നതു കണ്ട പിതാവ് മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നു. അവനെ പട്ടുവസ്ത്രവും മോതിരവും അണിയിക്കുന്നു. കൊഴുത്ത കാളക്കുട്ടിയെ കൊന്നു വിരുന്നാഘോഷിക്കുന്നു. സംഗീതവും നൃത്തവുമെല്ലാം ഏർപ്പാടു ചെയ്യുന്നു. ഇതൊന്നും വയലിലായിരുന്ന അയാളുടെ മൂത്തമകനു പിടിച്ചില്ല. മൂത്ത മകൻ കോപിച്ച് അകത്തു കയറാൻ വിസമ്മതിക്കുന്നു. തൻ്റെ സഹോദരനെ വീണ്ടും സ്വീകരിക്കാൻ അയാൾ കൂട്ടാക്കുന്നില്ല. ഒരു പക്ഷേ ഇളയ മകൻ ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി, ഒരു മാസത്തേയ്ക്ക് എല്ലാ ദിവസവും ഉപവാസവും കൈവിരിച്ചുപിടിച്ചു കൊണ്ട് അരമണിക്കൂർ നേരത്തെ പ്രാർത്ഥനയും പിതാവു നിർദ്ദേശിച്ചിരുന്നെങ്കിൽ, മൂത്ത മകന് എതിർപ്പുണ്ടാകുമായിരുന്നില്ല. അയാളും തെറ്റുചെയ്ത ഇളയ സഹോദരനെ സ്വീകരിച്ചേനെ.


പക്ഷേ, പിതാവ് യാതൊരു പ്രായശ്ചിത്ത പ്രവൃത്തികളും ആവശ്യപ്പെടാത്തതും പകരം തെറ്റു ചെയ്‌ത മകനെ പട്ടുടുപ്പും മോതിരവുമണിയിക്കുന്നതും കൊഴുത്ത കാളക്കുട്ടിയെ കൊന്ന് അവനെ പ്രതി വിരുന്നാഘോഷിക്കുന്നതുമാണ് മൂത്ത മകനു സഹിക്കാനാകാത്തത്. ദൈവം നിരുപാധികം നൽകുന്ന മാപ്പു മനസ്സിലാക്കാൻ കഴിയാത്ത ഫരിസേയരേയും നിയമജ്ഞരേയുമാണ് ഈ മുത്തമകൻ്റെ റോളിൽ യേശുനാഥൻ ചിത്രീകരിക്കുന്നതും നിശിതമായി വിമർശിക്കുന്നതും.


യേശുതന്നെ പലരുടെയും പാപം മോചിച്ചതായി സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. അങ്ങനെ അവിടന്നു പാപം മോചിച്ച തളർവാത രോഗിയോടോ (ലൂക്കാ. 7: 7), തന്നെ തള്ളി പറഞ്ഞ പത്രോസിനോടോ പാപമോചനത്തിനുള്ള വ്യവസ്ഥയായി തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും അവിടുന്ന് ആവശ്യപ്പെടുന്നില്ല. അവരുടെ വിശ്വാസത്തേയും സ്നേഹത്തെയുംപറ്റി മാത്രമേ ഈ സുവിശേഷ ഭാഗങ്ങൾ പരാമർശിക്കുന്നുള്ളു. പാപത്തിൽനിന്ന് അകന്നതും ദൈവേഷ്ടത്തിനു വിധേയവുമായ തുടർന്നുള്ള അവരുടെ ജീവിതത്തിലാണ് ഈ വിശ്വാസവും സ്നേഹവും യാഥാത്ഥ്യമാകേണ്ടത്.


പാപമോചനം പൗലോസ് ശ്ളീഹായുടെ വീക്ഷണത്തിൽ


ദൈവം പാപമോചനം നൽകുന്നത് നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടത്തെ സ്നേഹവും കാരുണ്യവും മൂലം സൗജന്യമായിട്ടാണെന്ന് പൗലോസ് ശ്ലീഹാ റോമാക്കാർക്കുള്ള ലേഖനത്തിലും ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിലും വളരെ ശക്തമായി വാദിക്കുന്നുണ്ട്. "അവർ അവിടത്ത കൃപയാൽ യേശുക്രിസ്തു വഴിയുള്ള പരിത്രാണത്തിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു" (റോമ. 3: 24). "പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിൻ്റെ സൗജന്യദാനമാകട്ടെ നമ്മുടെ കർത്താവായ യേശുക്രിസ്തു വഴിയുള്ള നിത്യജീവനും" (റോമാ. 6: 23). മനുഷ്യൻ ദൈവതിരുമുമ്പിൽ നീതീകരിക്കപ്പെടുന്നത് പ്രവൃത്തികളാലല്ല, വിശ്വാസത്താലാണെന്നത് ഈ രണ്ടു ലേഖനങ്ങളിലും വികാരതീവ്രതയോടെ പൗലോസ് ശ്ലീഹാ ആവർത്തിക്കുന്ന ഒരു പ്രമേയമാണ് (റോമാ 3: 27-28; 4: 4-6; 9: 31-32; 10: 2-4; ഗലാ. 2: 15 - 3: 14; 5, 15.)


ഇത്രയും എഴുതിയത്. "ദൈവം ക്ഷമിക്കയും പാപം മോചിക്കയും ചെയ്യുന്നത് നമ്മുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും മൂലമല്ല, പ്രത്യുത നിരുപാധികമായിട്ടാണ് " എന്ന് നവംബർ ലക്കത്തിൽ ഞാൻ എഴുതിയതിനെ വിശദീകരിക്കാനും അതിൽ ക്രൈസ്ത‌വ വിശ്വാസത്തിനു യോജിക്കാത്ത യാതൊരു സൂചനയുമില്ലെന്നു വ്യക്തമാക്കാനുമാണ്. നമ്മുടെ വിശ്വാസത്തിന്റെ ഒരു അടിസ്ഥാനപ്രമാണമാണിത്. ക്രിസ്തീയമായ തപശ്ചര്യകളുടെയും പ്രായശ്ചിത്ത പ്രവൃത്തികളുടെയും അർത്ഥത്തെപ്പറ്റി അടുത്ത ലക്കത്തിൽ എഴുതുന്നതാണ്.

തുടരും


ഡോ. സിപ്രിയൻ ഇല്ലിക്കമുറി

അസ്സീസി മാസിക, മാർച്ച്, 1990



Feb 3, 1990

0

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page