പിതാവിന്റെ സ്നേഹവും യേശുവിന്റെ ബലിയും

Updated: Jun 26
സംശയിക്കുന്ന തോമാ
നവംബർ 1989

മനുഷ്യരോടുള്ള സ്നേഹാധിക്യം കൊണ്ട് ദൈവം
തൻ്റെ ഏകജാതനായി ക്രിസ്‌തുവിനെ അയച്ച് സുവിശേഷം അറിയിച്ചു എന്നു വിശ്വസിക്കുവാൻ പ്രയാസമില്ല. സ്നേഹത്തിൻ്റെ നിറകുടമായ ദൈവം ഒരു പ്രതികാരദാഹിയായി സ്വന്തം പുത്രനോട് മനുഷ്യപാപങ്ങൾക്കു പരിഹാരം ചെയ്യുവാനായി പീഡനങ്ങൾ സഹിച്ച് കുരിശിൽ ഹീനമായി മരിക്കുവാൻ ആവശ്യപ്പെട്ടു എന്നു വിശ്വസിക്കുവാൻ പ്രയാസമുണ്ട്. പുത്രവത്സലനായ ഒരു പിതാവ് മക്കളുടെ ഉല്ക്കകർഷത്തിനായി വേണ്ടതെല്ലാം ഉദാരമായി ചെയ്യുന്നു. എന്നാൽ, മക്കളിൽ മിക്കവരും പിതാവിൻ്റെ സ്നേഹത്തെയും തങ്ങളുടെ നന്മയ്ക്കായുളള അദ്ദേഹത്തിൻ്റെ താത്പര്യങ്ങളെയും അവഗണിച്ച് ധിക്കാരപൂർവ്വം പല തോന്ന്യാസങ്ങളും ചെയ്യുന്നു. മനംനൊന്തു കഴിയുന്ന പിതാവിനെ ആശ്വസിപ്പിച്ചുകൊണ്ട് നല്ലവനായ ഒരു മകൻ പറയുകയാണ്: "എൻ്റെ സഹോദരൻമാർ ചെയ്യുന്ന തെറ്റുകൾക്കും ധിക്കാരങ്ങൾക്കും പരിഹാരമായി ഞാൻ സ്വയം പീഡനങ്ങൾ സഹിച്ച് മരിക്കാൻ സന്നദ്ധനാണ്, അപ്പൻ സമ്മതിക്കണം, എൻ്റെ മരണം കൊണ്ട് അപ്പൻ സംതൃപ്‌തനായി എൻ്റെ സഹോദരങ്ങളോടു ക്ഷമിച്ച് അവരെ അപ്പൻ സ് നേഹത്തിൽ നിലനിർത്തണം." ഇങ്ങനെ മറ്റുള്ള മക്കളുടെ തെറ്റുകൾക്കു പരിഹാരം ചെയ്യുവാൻ സ്വന്തം മകൻ ജീവത്യാഗം ചെയ്യുന്നതു കണ്ടു സന്തോഷിക്കുന്ന ഏതെങ്കിലുമൊരു പിതാവുണ്ടാകുമോ ഈ ഭൂമിയിൽ? വേദപുസ്‌തകമെഴുതിയ കാലത്തുണ്ടായിരുന്ന സമ്പ്രദായങ്ങളെ ആസ്‌പദമാക്കി കുറെ തന്മയത്വവും ആലങ്കാരികതയും ചേർത്ത് സങ്കല്പങ്ങളെ ആധാരമാക്കി എഴുതിയതല്ലേ ക്രിസ്‌തു സ്വയം ബലികഴിച്ചുവെന്നതും പിതാവായ ദൈവം അതിൽ പ്രസാദിച്ച് മനുഷ്യപാപങ്ങൾ മോചിച്ചുവെന്നതും?
മനുഷ്യപാപങ്ങൾക്കു പരിഹാരം ചെയ്യുവാനും മനുഷ്യനോടു കോപിച്ചിരുന്ന ദൈവത്തെ പ്രീതിപ്പെടുത്തി അവർക്കു നഷ്‌ടപ്പെട്ട സ്വർഗരാജ്യം വീണ്ടെടുക്കുവാനും വേണ്ടി ദൈവപുത്രനായ ക്രിസ്‌തു മനുഷ്യനായി സ്വയം പീഡകൾ സഹിച്ചു മരിച്ചു എന്ന ആശയത്തിനു പകരം, നിലവിലിരുന്ന കുത്തഴിഞ്ഞ ജീവിതക്രമത്തെ നിശിതമായി വിമർശിച്ച്, സത്യത്തിലും നീതിയിലും സ്നേഹത്തിലും അധിഷ്‌ഠിതമായ തത്ത്വസംഹിതകൾ പഠിപ്പിക്കുകയും സ്വന്തം ജീവിതത്തിലൂടെ അതു കാണിച്ചു കൊടുക്കുകയും അതിൻ്റെ പേരിൽ പീഡനങ്ങൾ സഹിച്ച് കുരിശിൽ ജീവൻ ത്യജിക്കേണ്ടി വരുകയും ചെയ്‌ത ലോകം കണ്ടിട്ടുളളതിലേക്കും മഹാനും യുഗപ്രഭാവവാനുമായി ക്രിസ്തുവിനെ കാണുന്നതല്ലേ യാഥാർത്ഥ്യത്തിനു യോജിച്ചത്.
വി. ജോർജ്, പന്തല്ലൂര് ചങ്ങനാശ്ശേരി
പ്രിയപ്പെട്ട ജോർജ്,
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കം, അവിടെ പല ക്രൈസ്തവരും വെച്ചു പുലർത്തുന്ന അബദ്ധ ധാരണകളിലേക്കുമാണ് ജോർജ് വിരൽ ചൂണ്ടിയിരിക്കുന്നത്. നമ്മുടെയിടയിൽ പ്രചാരത്തിലുള്ള ദൈവശാസ്ത്രവും ആരാധനക്രമവും മതാദ്ധ്യാപനവുമെല്ലാം ഈ അബദ്ധധാരണകളെ അകറ്റുന്നതിനല്ല, അരക്കിട്ടുറപ്പിക്കുന്നതിനാണ് ഉപകരിക്കുന്നതെന്നതും നിർഭാഗ്യകരമായ ഒരു വസ്തുതയാണ്. എന്താണ് പിതാവായ ദൈവത്തെപ്പറ്റി യേശു നമുക്കു വെളിപ്പെടുത്തിയത്? എന്തായിരുന്നു യേശുവിന്റെ ബലി? മൗലികമായ ഈ കാര്യങ്ങളെപ്പറ്റി ശരിയായ അറിവും അവബോധവുമില്ലാത്തതാണ് ഈ അബദ്ധധാരണകൾക്കു കാരണം.
വ്യവസ്ഥയില്ലാതെ സ്നേഹിക്കയും ക്ഷമിക്കയും ചെയ്യുന്ന പിതാവ്
തൻ്റെ ജീവിതവും പ്രവർത്തനവും പ്രസംഗങ്ങളുമെല്ലാം വഴി യേശുനാഥൻ പിതാവായ ദൈവത്തെ നമുക്കു വെളിപ്പെടുത്തിത്തന്നു. അതുകൊണ്ടാണ് യേശുനാഥൻ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തൽ (self-revelation of God) ആണെന്നു നാം പറയുന്നത്. യേശുനാഥൻ നമുക്കു വെളിപ്പെടുത്തിത്തന്നത് തീർച്ചയായും കർക്കശനും ക്രൂരനും രക്തദാഹിയുമായ ഒരു ദൈവത്തെയല്ല. പ്രത്യുത വ്യവസ്ഥയില്ലാതെ നമ്മെ സ്നേഹിക്കയും നിരുപാധികം നമ്മോടു ക്ഷമിക്കയും ചെയ്യുന്ന ഒരു പിതാവിനെയാണ്. ഈ പിതാവ് എല്ലാവരേയും സ്നേഹിക്കുന്നു - നീതിമാന്മാരെ മാത്രമല്ല, പാപികളെയും; എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുന്നു- നീതിമാന്മാരുടെ മാത്രമല്ല, പാപികളുടേയും. നീതിമാന്മാരെ ദൈവം സ്നേഹിക്കുന്നു, അവരുടെ രക്ഷ ആഗ്രഹിക്കുന്നു എന്നു യേശു പറഞ്ഞപ്പോൾ, ആർക്കും എതിരു പറയാനുണ്ടായിരുന്നില്ല. എന്നാൽ, പാപികളെ ദൈവം സ്നേഹിക്കയും അവരുടെയും രക്ഷ ആഗ്രഹിക്കുകയും ചെയ്യുന്നുവന്നു പറഞ്ഞത് യഹൂദപ്രമാണിമാർക്കു ദഹിക്കാനായില്ല. പാപികളെ ശിക്ഷിക്കുന്ന, അവരോടു പകരം വീട്ടി നീതി നടത്തുന്ന ഒരു ദൈവത്തെയാണ് അവർ സങ്കല്പിച്ചിരുന്നത്. യേശുവിന്റെ വാക്കുകൾ അവരെ ക്ഷുഭിതരാക്കി. പാപികളുടെ സുഹൃത്തും ചുങ്കക്കാരുടെയും വേശ്യകളുടെയും സഹചാരിയുമെന്നു വിളിച്ച് യേശുവിനെ അവർ വിമർശിച്ചു (മത്താ. 11: 9). വൈദ്യനെയാവശ്യമുള്ളതു രോഗികൾക്കാണ്, ആരോഗ്യമുള്ളവർക്കല്ല, താൻ വന്നിരിക്കുന്നതു പാപികളെ വിളിക്കാനാണ് എന്നു പറഞ്ഞ് യേശു പാപികളോടുള്ള തൻ്റെ സമ്പർക്കത്തേയും സഹവാസത്തേയും നീതിമത്കരിക്കയാണു ചെയ്യുന്നത് (മർക്കോ. 2: 15-17). പാപികളോടൊത്തു വിരുന്നു കഴിക്കുന്നതു യഹൂദർക്കു വിലക്കപ്പെട്ടതായിരുന്നു. എന്നാൽ, ഒരു മടിയും കൂടാതെ യേശു അവരോടൊത്തു പന്തിഭോജനത്തിനിരിക്കുന്നു.
തന്നെ വിമർശിച്ചവരോട് യേശു അരുളിച്ചെയ്ത മനോഹരമായ മൂന്നു ഉപമകളാണ് വി. ലൂക്കായുടെ സുവിശേഷം 15-ാമദ്ധ്യായത്തിൽ നാം വായിക്കുന്നത്: നഷ്ടപ്പെട്ടു പോയ ആടിന്റെ ഉപമ, കാണാതെ പോയ നാണയത്തിന്റെ ഉപമ, "ധൂർത്തപുത്രന്റെ ഉപമ''യെന്നു നാം പറയാറുള്ള സ്നേഹിക്കുന്ന പിതാവിന്റെ ഉപമ. ദൈവത്തിനു പാപികളുടെ നേർക്കുള്ള സീമയറ്റ സ്നേഹത്തെ ഇതിലും ഹൃദയസ്പർശിയായി ലോകചരിത്രത്തിൽ ഒരിടത്തും മറ്റാരും വർണിച്ചിട്ടില്ല. മനുഷ്യൻ തനിക്കു ലഭിച്ചിരിക്കുന്ന ദൈവികദാനമായ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ച് പാപം ചെയ്യുന്നത് ദൈവം അവിടുത്തെ ശക്തി ഉപയോഗിച്ചു തടയുന്നില്ല. അങ്ങനെ ചെയ്താൽ, അവിടുന്നു തന്നെ നൽകിയ സ്വാതന്ത്ര്യമെന്ന ദാനത്തെ തിരിച്ചെടുക്കുകയായിരിക്കുമല്ലോ. തൻ്റെ ദാനം ദൈവം ഒരിക്കലും തിരിച്ചെടുക്കയില്ല. എന്നാൽ, പാപം ചെയ്ത് തന്നിൽ നിന്ന് അകന്നു നാശത്തിലേക്കു പോകുന്ന ഓരോ വ്യക്തിയേയുമോർത്തു ദൈവം വ്യഥ കൊള്ളുന്നു. അവൻ്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നു. തിരിച്ചു വരുമ്പോൾ രണ്ടു കൈയും നീട്ടി അവനെ സ്വീകരിച്ച് ആശ്ലേഷിച്ച് അവനുവേണ്ടി വിരുന്നൊരുക്കുന്നു. അവൻ്റെ തിരിച്ചുവരവ് ആഘോഷിക്കുന്നു!
ഇങ്ങനെ പാപികളെപ്പോലും വ്യവസ്ഥയില്ലാത സനേഹിക്കയും. എല്ലാ മനുഷ്യരുടേയും സൗഭാഗ്യവും രക്ഷയും ആഗ്രഹിക്കയും ചെയ്യുന്ന സ്നേഹപിതാവായ ഒരു ദൈവത്തെയാണ് യേശുനാഥൻ വെളിപ്പെടുത്തിയത്. ആകാശത്തിലെ പക്ഷികളെ തീറ്റിപ്പോറ്റുകയും വയലിലെ ലില്ലിപുഷ്‌പങ്ങളെ അണിയിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം. അവയെക്കാളെല്ലാം അധികമായി നമ്മെ അവിടുന്നു സ്‌നേഹിക്കയും പരിപാലിക്കയും ചെയ്യുന്നു. നമ്മുടെ തലയിലെ ഓരോ മുടിനാരു പോലും അവിടുന്നു എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെയും നീതിരഹിതരുടേയും മേൽ അവിടന്നു മഴ പെയ്യിക്കയും ചെയ്യുന്നു(മത്താ. 5:45; 6:25-34; 10: 30) ഇങ്ങനെ ദൈവത്തിന്റെ സ്റ്റേഹത്തെപ്പറ്റി എത്ര തീക്ഷ്ണവും തീവ്രവുമായിട്ടാണ് യേശു സംസാരിക്കുന്നത്. അതു പോലെതന്നെ ദൈവം ക്ഷമിക്കയും പാപം മോചിക്കയും ചെയ്യുന്നത് നമ്മുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും മൂലമല്ല; പ്രത്യുത നിരുപാധികമായിട്ടാണ് എന്നതും യേശുവിൻ്റെ സുവിശേഷത്തിന്റെ പ്രത്യേകതയാണ്. ദൈവം വ്യവസ്ഥയില്ലാതെ സ്നേഹിക്കയും നിരുപാധികം ക്ഷമിക്കയും ചെയ്യുന്നതുകൊണ്ട് അനുതപിക്കുക, പുതിയജീവിതം തുടങ്ങുക, പരസ്‌പരം സ്നേഹിക്കുക, ക്ഷമിക്കുക - ആവർത്തിച്ചാവർത്തിച്ച് തന്റെ ശ്രോതാക്കളോടു യേശു പറയുന്നത് ഇതാണ്. ഇങ്ങനെ, പാപികളെപ്പോലും സ്നേഹിക്കുന്ന, ക്ഷമിക്കുന്ന, തന്റെ മക്കളായ എല്ലാ മനുഷ്യരുടേയും നന്മയും സൗഭാഗ്യവും മാത്രം ആഗ്രഹിക്കുന്ന സ്നേഹപിതാവായ ഒരു ദൈവത്തെയാണ് യേശു വെളിപ്പെടുത്തിയത്.
പഴയനിയമത്തിലെ കോപിക്കയും ശിക്ഷിക്കയും ചെയ്യുന്ന ദൈവം
പക്ഷേ, പഴയ നിയമത്തിൻ്റെ പലഭാഗങ്ങളിലും കോപിക്കയും ശിക്ഷിക്കയും ചെയ്യുന്ന ഒരു ദൈവത്തെപ്പറ്റി പറയുന്നുണ്ടല്ലോ എന്ന ചോദ്യമുയരാം. ഈ പഴയനിയമ ഭാഗങ്ങളെ അതതു പുസ്‌തകങ്ങളുടെ പശ്ചാത്തലത്തിലും അന്നത്തെ മനുഷ്യരുടെ മനോഭാവങ്ങളുടേയും ചിന്താരീതികളുടേയും വെളിച്ചത്തിലും വേണം മനസ്സിലാക്കുവാൻ. തെറ്റു ചെയ്യുന്ന മനുഷ്യരേയും എതിരാളികളേയുമെല്ലാം അതിക്രൂരമായി ശിക്ഷിക്കുന്ന അന്നത്തെ മനുഷ്യരുടെ ചിന്താഗതിയും മനോഭാവവുമാണ് ഈ പഴയ നിയമഭാഗങ്ങളിൽ പ്രതിഫലിക്കുക. പാപത്തിൻ്റെ ഗൗരവം മനുഷ്യർ ശരിയായി മനസ്സിലാക്കുന്നതിനുവേണ്ടി പ്രവാചകന്മാർ ദൈവത്തെ ക്രൂരമായി ശിക്ഷിക്കുന്ന യജമാനനായി പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ടെന്നതും വാസ്തവമാണ്. ഈ പ്രവാചകന്മാർ ദൈവത്തിൻറ രക്ഷാകരസന്ദേശം നൽകുമ്പോൾ തന്നെ പലപ്പോഴും അവരുടെ കാലത്തിൻ്റെ സന്തതികളായിട്ടാണ് ചിന്തിക്കയും പെരുമാറുകയും ചെയ്യുന്നത്. കാലബദ്ധമായ ഇങ്ങനെയുള്ള ഇടുങ്ങിയ ചിന്താ രീതികളെയും മനോഭാവങ്ങളെയും വിട്ട്, അവരിലൂടെ ബൈബിൾ നൽകുന്ന നിത്യവും അനശ്വരവുമായ സന്ദേശങ്ങളിലേക്കു നാം ചൂഴ്ന്നിറങ്ങേണ്ടിയിരിക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെ, ബൈബിളിൽ പറയുന്നതെല്ലാം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നത്, ബൈബിളിനെയും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെയും തെറ്റിദ്ധരിക്കയായിരിക്കും (സി. ഇല്ലിക്കമുറി, അപകടം പതിയിരിക്കുന്ന പാതകൾ, ജീവൻ ബുക്സ്, ഭരണങ്ങാനം, 1985, എന്ന പുസ്തകത്തിലെ "തെറ്റിദ്ധരിക്കപ്പെടുന്ന ദൈവം" എന്ന ലേഖനം pp 6 - 19 കാണുക)
പാപം ചെയ്യുന്നവൻ സ്വയം ശിക്ഷിക്കുന്നു
പാപത്തിനുള്ള ശിക്ഷയപ്പറ്റി പഴയ നിയമം മാത്രമല്ല, പുതിയ നിയമവും പറയുന്നുണ്ടെന്നതു ശരിതന്നെ. പാപം ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുന്നുവെന്നാണ് നമ്മുടെ സാധാരണമായ സങ്കല്പം. എന്നാൽ, പാപം ചെയ്തവരെ ദൈവം ശിക്ഷിക്കുന്നുവെന്നു പറയുന്നതിക്കാൾ ശരി പാപം ചെയ്യുന്നവർ തങ്ങളെത്തന്നെ ശിക്ഷിക്കുന്നുവെന്നു പറയുന്നതായിരിക്കും. പാപം ചെയ്യുന്നവൻ ദൈവത്തിൽ നിന്നു സ്വമനസ്സാ അകലുന്നു. സ്നേഹസ്വരൂപനും സർവ്വനന്മയുമായ ദൈവത്തിൽ നിന്നുള്ള അകൽച്ചയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ദുരിതവും ശിക്ഷയും. മറ്റെല്ലാ തിന്മകൾക്കും കാരണവും അതുതന്നെ. മനുഷ്യൻ സ്വയമെടുക്കുന്ന തീരുമാനമാണ് പാപം. ഈ തീരുമാനം നിർണായകവും നിത്യവുമായാൽ, അതു നിത്യശിക്ഷയാണ്, നിത്യനരകമാണ്. പാപം ഭയാനകമാണ്. അത് എപ്പോഴും ശിക്ഷയർഹിക്കുന്നു. എന്നാൽ, ദൈവമല്ല മനുഷ്യനെ ശിക്ഷിക്കുന്നത്. മനുഷ്യൻ സ്വയം ശിക്ഷിക്കയാണ്.
യേശുവിൻ്റെ ബലി അനുഷ്‌ഠാനനിഷ്‌ഠമായ ബലിയല്ല
യേശുവിന്റെ ബലിയെപ്പറ്റി കലശലായ തെറ്റിദ്ധാരണയാണ് പലരും വച്ചു പുലർത്തുക. വിജാതീയരും യഹൂദരുമെല്ലാം ആടുമാടുകളെ കൊന്ന് അവയുടെ മാംസവും രക്തവും ദൈവത്തിന് ബലിയായി അർപ്പിച്ചിരുന്നു. യേശുവും സ്വയം മരണം ഏറ്റെടുത്തുകൊണ്ട് ഈ രീതിയിൽ തന്നെ തന്റെ മാംസവും രക്തവും ദൈവത്തിനു ബലിയായി അർപ്പിച്ചുവെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇപ്രകാരമുള്ള അനുഷ്ഠാനനിഷ്ഠമായ ഒരു ബലി(a cultic sacrifice) ആയിട്ടാണ് പലരും യേശുവിന്റെ മരണത്തെ ചിത്രീകരിക്കുന്നത്. ഈ തെറ്റിദ്ധാരണയിലാണ് നമ്മുടെ കർബാനക്രമം സംവിധാനം ചെയ്തിരിക്കുന്നതും. വി. കുർബാനയിലെ പല പ്രാർത്ഥനകളും ഈ തെറ്റിദ്ധാരണയെ സ്ഥിരീകരിക്കുന്നവയാണെന്നും പറയാതെ തരമില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ജനാഭിമുഖമായി ആചരിച്ചു വന്ന വി. കുർബാന വീണ്ടും ജനങ്ങൾക്ക് എതിരായി തിരിഞ്ഞു നിന്നു ആചരിക്കണമെന്നുള്ള നിർദ്ദേശത്തിന്റെ പിന്നിലെ മുഖ്യ ചിന്താഗതിയും. ഈ തെറ്റിദ്ധാരണ തന്നെ. എന്താണ് യേശുനാഥൻ്റെ ബലി, എന്താണ് വി. കുർബാന എന്ന ബലി എന്ന കാര്യത്തിൽ നമ്മുടെയിൽ ഇനിയും ബോധവൽക്കരണം നടത്തേണ്ടിയിരിക്കുന്നു.
യേശുവിൻ്റെ ജീവിത ബലി
എന്താണ് യേശുനാഥൻ്റെ ബലി? യേശുനാഥൻ്റെ ജീവിതം മുഴുവനും സമ്പൂർണമായി പിതാവായ ദൈവത്തിനു സമർപ്പിക്കപ്പെട്ടതായിരുന്നു. ആ ജീവിതത്തിലെ ഓരോ നിമിഷവും പിതാവിൻ്റെ ഇഷ്ടം അറിയുന്നതിലും ആ ഇഷ്ടം നിറവേറ്റുന്നതിലും അവിടുന്നു ദത്തശ്രദ്ധനായിരുന്നു. അവിടത്തെ ഓരോ വാക്കും പ്രവൃത്തിയും വിചാരം പോലും പിതാവിൻ്റെ ഇഷ്‌ടത്തിന് അനുസൃതമായിരുന്നു. പിതാവിന്റെ ഇഷ്ടം മനുഷ്യരുടെ സംഗ്രമായ വിമോചനവും രക്ഷയുമാണെന്നു മനസ്സിലാക്കിയ യേശുനാഥൻ തൻ്റെ ജീവിതം മുഴുവനും മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ഉഴിഞ്ഞു വെച്ചു. ശാരീരികവും മാനസീകവും ആദ്ധ്യാത്മികവുമായി അടിമത്തങ്ങൾക്കു വിധേയനായിരുന്ന മനുഷ്യനെ ഈ അടിമത്തങ്ങളിൽ നിന്നെല്ലാ മോചിപ്പിക്കുവാൻവേണ്ടി തൻ്റെ ജീവിതം അവിടുന്നു ചെലവഴിച്ചു. ദരിദ്രർക്ക് അവരുടെ ദാരിദ്ര്യത്തിൽ നിന്നും പീഡിതർക്കും ചൂഷിതർക്കുമെല്ലാം അവരനുഭവിക്കുന്ന യാതനകളിൽ നിന്നു മോചനം നൽകുന്ന, എല്ലാ മനുഷ്യർക്കും സാഹോദര്യവും സ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തുന്ന, എല്ലാവരും പരസ്പരം സ്നേഹിച്ചും സേവിച്ചും ഒരേ കൂട്ടായ്മയിൽ സ്വർഗസ്ഥനായ പിതാവിന്റെ രക്ഷാകരമായ ഇഷ്ടത്തിനു വിധേയരായി ജീവിക്കുന്ന ഒരു വ്യവസ്‌ഥിതിയെ അവിടന്നു വിഭാവന ചെയ്തു. "ദൈവരാജ്യം'' എന്നത്രേ ഇതിനെ അവിടന്നു വിശേഷിപ്പിച്ചത്. മനുഷ്യൻ്റെ ശാരീരികവും ആത്മീയവു മായ, ഭൗതികവും ആദ്ധ്യാത്‌മികവുമായ, ഐഹികവും പാരത്രികവുമായ രക്ഷയെ ഉന്നംവെക്കുന്ന ഈ ദൈവരാജ്യത്തിൻ്റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു യേശുവിൻ്റെ ജീവിതവും പ്രവർത്തനങ്ങളും പ്രസംഗങ്ങളുമെല്ലാം. മനുഷ്യരെല്ലാവരും ഒരേ സ്വർഗീയ പിതാവിൻ്റെ മക്കളും തദ്വാരാസഹോദരങ്ങളുമാണെന്നും, ഒരുവനും മറ്റൊരുവൻ്റെമേൽ ആധിപത്യം ചെലുത്തുവാൻ അവകാശമില്ലെന്നും, അപരനെ ശുശ്രൂഷിക്കയം സ്വയം അവനുവേണ്ടി ചെലവഴിക്കയും ചെയ്യുന്നതു വഴിയാണ് ഒരുവൻ സ്വന്തം ജീവൻ നേടുന്നതെന്നും അവിടന്നു തൻ്റെ അനുയായികളെ പഠിപ്പിച്ചു. മനുഷ്യനെ അസ്വതന്ത്രനും പീഡിതനും ചൂഷിതനുമാക്കുന്ന നിയമത്തേയും സാമൂഹ്യവ്യവസ്ഥിതികളേയുമെല്ലാം അവിടുന്നു നിർദ്ദാക്ഷിണ്യം എതിർത്തു. മനുഷ്യനെ മനുഷ്യനിൽ നിന്നു മാറ്റിനിർത്തിയ മതത്തിന്റെ വിലക്കുകളെ അവഗണിച്ചുകൊണ്ട് പാപികളുടേയും ഏഴകളുടേയും ഇടയിലേക്ക് അവിടന്ന് ഇറങ്ങിച്ചെന്നു. അവരോടൊത്തു പന്തിഭോജനം നടത്തി. ദൈവത്തിൻ്റെ സ്നേഹവും മാപ്പും അവർക്കു നൽകി.
മനുഷ്യൻ്റെ സമഗ്രമായ വിമോചനത്തേയും രക്ഷയേയും ഉന്നംവെച്ചു കൊണ്ടുള്ള അവിടത്തെ വാക്കും പ്രവൃത്തിയും ജീവിതശൈലിയുമെല്ലാം യഹൂദ പ്രമാണികളെ ക്ഷുഭിതരാക്കി. യേശു തുടങ്ങിയിരിക്കുന്ന പ്രസ്ഥാനം തങ്ങളുടെ സ്വാർത്ഥലക്ഷ്യങ്ങൾക്കും സ്ഥാപിത താല്‌പര്യങ്ങൾക്കും വിഘാതമായിത്തീരുമെന്നു അവർ ഭയപ്പെട്ടു. യേശുവിനെ നശിപ്പിക്കേണ്ടത് തങ്ങളുടെ നിലനില്പിന് ആവശ്യമാണെന്നു അവർ കരുതി. ഈ ദുരുദ്ദേശത്തോടെ യഹൃദപ്രമാണികൾ ഗൂഢാലോചനകൾ ആരംഭിച്ചു. പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി താൻ സ്വീകരിച്ച നിലപാട് തൻ്റെ ജീവിതം തന്നെ അപകടത്തിലാക്കുവാൻ പോകുന്നുവെന്നറിഞ്ഞ യേശുനാഥൻ ഈ നിലപാടിൽ നിന്ന് അണുപോലും വ്യതിചലിക്കുവാൻ തയ്യാറായില്ല. തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുകയാണ് അവിടുന്നു ചെയ്തതത്. പിതാവിന്റെ ഇഷ്‌ടം ചെയ്യുന്നതു വഴി തനിക്കു നാശനഷ്ടങ്ങളോ ജീവഹാനി തന്നെയോ സംഭവിച്ചാലും, പിതാവിന്റെ വ്യവസ്ഥയില്ലാത്ത സ്നേഹം തന്നെ വലയം ചെയ്യുനുണ്ടെന്നും ആ സ്നേഹത്തിൽ താൻ സുരക്ഷിതനാണെന്നും അവിടത്തേക്കു ബോദ്ധ്യമുണ്ടായിരുന്നു. ഈ ബോധ്യത്തിൽ മനുഷ്യർക്കുവേണ്ടി, അവരുടെ വിമോചനത്തിനും രക്ഷയ്ക്കും വേണ്ടി വാദിച്ചും പ്രവർത്തിച്ചുംകൊണ്ട് അവിടുന്നു മുമ്പോട്ടുപോയി. എതിരാളികൾ അവിടത്തെ അറസ്റ്റു ചെയ്യുകയും പീഡിപ്പിക്കയും ചെയ്തപ്പോഴും തന്റെ ദൗത്യത്തിൽനിന്നു പിന്മാറാൻ യേശു തയ്യാറായില്ല. അവസാനം, യഹൂദ പ്രമാണികൾ റോമൻ ഗവർണരുടെമേൽ സമ്മർദ്ദം ചെലുത്തി അവിടത്തെ ക്രൂശിക്കാനുള്ള വിധി സമ്പാദിച്ചു. കുരിശിൽ കിടന്നു വേദനിച്ചു വേദനിച്ചു മരിക്കുമ്പോഴും 'പിതാവേ, അവിടത്തെ കരങ്ങളിൽ എന്നെ ഞാൻ സമർപ്പിക്കുന്നു' എന്നു പറഞ്ഞു കൊണ്ട് യേശു സ്വയം പിതാവിനു പരിപൂർണമായി ഏല്പിച്ചു കൊടുക്കുന്നു. സ്നേഹത്തിൽ പിതാവിനു സ്വയം സമപ്പിച്ചുകൊണ്ട് പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മനുഷ്യരുടെ സമഗ്രമായ വിമോചനത്തിനും രക്ഷയ്ക്കും വേണ്ടിയുള്ള യേശുനാഥൻ്റെ ഈ ജീവിതവും അതിന്റെ പര്യവസാനമായ മരണവുമാണ് അവിടുത്തെ ബലി -അവിടുത്തെ ജീവിതബലി. സ്നേഹത്തിലുള്ള ഈ ജീവിതത്തിനും മരണത്തിനും പിതാവു നൽകിയ പ്രത്യുത്തരമാണ് യേശു നാഥൻ്റെ മരണത്തിൽ നിന്നുള്ള ഉയിർപ്പും ലോകം മുഴുവൻ്റെയും അനുരഞ്ജനവും. മരണത്തെപ്പോലും ഭയന്നു പിന്മാറാത്ത യേശുനാഥൻ്റെ സ്നേഹവും സ്വയം സമപ്പണവുമാണ് പിതാവിനെ പ്രസാദിപ്പിച്ചത്; അല്ലാതെ അവിടുത്തെ മരണമോ മരണത്തിൽ വേർപെടുത്തപ്പെട്ട അവിടുത്തെ ശരീരമോ രക്തമോ അല്ല. മനുഷ്യർക്കു പാപമോചകമായതും ഈ സ്നേഹവുംസ്വയം സമർപ്പണവുമാണ്, വെറും ശരീരവും രക്തവുമല്ല.
തന്റെ ശരീരവും രക്തവും പിതാവിനു കാഴ്ചയായി അർപ്പിക്കുന്ന അനുഷ്ടാന നിഷ്ഠമായ ഒരു ബലിയല്ല യേശു നാഥൻ്റെ ജീവിതബലി എന്ന് വ്യക്തമായിരിക്കുമല്ലോ. യേശുനാഥൻ്റെ ജീവിതത്തേയും മരണത്തെയും "ബലി" എന്നു വിശേഷിപ്പിക്കുന്നത് ബലിയുടെ സാങ്കേതികാർത്ഥത്തിൽ അല്ല തന്നെ. തൻ്റെ കുഞ്ഞിനു വേണ്ടി ഒരമ്മ ചിലപ്പോൾ തൻ്റെ ജീവിതം മുഴുവൻ ചെലവഴിച്ചെന്നും ആ കുഞ്ഞിനുവേണ്ടി മരിച്ചെന്നും വരാം. അതിനെ ഒരു ബലിയായി നമുക്കു വിശേഷിപ്പിക്കാൻ കഴിയും. എന്നാൽ, സാങ്കേതികാർത്ഥത്തിലുള്ള ഒരു ബലിയല്ല അത്. ഏതാണ്ട് ഇതുപോലെ തന്നെ യേശുവിന്റെ ജീവിതത്തെയും മരണത്തേയും ബലി എന്നു നാം പറയുമ്പോഴും അതു സാങ്കേതികാർത്ഥത്തിലുള്ള ഒരു ബലിയല്ല. എന്നാൽ, കാലക്രത്തിൽ സാങ്കേതികാത്ഥത്തിലുള്ള, അല്ലെങ്കിൽ അനുഷ്‌ഠാനനിഷ്‌ഠമായ ബലിയായി (cultic sacrifice) അതു തെറ്റിദ്ധരിക്കപ്പെട്ടു. ആ തെറ്റിദ്ധാരണയിൽ ആണ് ഇന്നും പലരും കഴിയുന്നത്.
എന്തുകൊണ്ട് ബലിയായി വ്യാഖ്യാനിച്ചു?
തിരുസ്സഭയുടെ ആരംഭദശകങ്ങളിൽ യേശുവിന്റെ ജീവിതത്തേയും മരണത്തയും ഒരു ബലിയായി ആരും ചിത്രീകരിച്ചിരുന്നില്ല. ക്രി. വ. 90-ാമാണ്ടോ കൂടി എഴുതപ്പെട്ട ഹെബ്രായാക്കാർക്കുള്ള ലേഖനത്തിലാണ് ആദ്യമായി യേശുവിൻ്റെ മരണത്തെ ഒരു ബലിയായി വിശേഷിപ്പിച്ചത്. ക്രൈസ്തവനായിത്തീർന്ന ഒരു യഹൂദ പുരോഹിതൻ ക്രൈസ്തവരായിത്തീർന്ന മറ്റു യഹൂദർക്കു വേണ്ടി എഴുതിയതാണ് ഈ ലേഖനം. യഹൂദർക്കിടയിൽ പാപമോചനത്തിനായി രക്തം ചിന്തിക്കൊണ്ടുള്ള അനുഷാനനിഷ്ഠമായ ബലികൾ പതിവായിരുന്നു. യഥാർത്ഥമായ പാപമോചനം ലഭിക്കുന്നത് ഇപ്രകാരമുള്ള ബലികളിലൂടെയല്

















































































































