

1989 നവംബർ മാസത്തിലെ അസ്സീസി മാസികയിൽ, ഡോ. സി. ഇല്ലിക്കമുറിയുടെ ലേഖനം ഞാൻ വായിച്ചു. ക്രൈസ്തവവിശ്വാസത്തിനു യോജിക്കാത്ത രണ്ടു സൂചനകൾ അതിൽ കാണുന്നുണ്ട്. 1) ലോകപാപത്തിനു പരിഹാരമായി (ലോകത്തെ രക്ഷിക്കുവാൻ മിശിഹായുടെ രക്തച്ചൊരിച്ചിൽ അത്ര ആവശ്യമായിരുന്നില്ല; 2) മനുഷ്യരുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും വിലപ്പെട്ടതല്ല.
1. വിശുദ്ധീകരിക്കപ്പെടുവാൻ രക്തച്ചൊരിച്ചിൽ ആവശ്യമാണെന്ന് ഇസ്രായേൽ ജനങ്ങളെ മനസ്സിലാക്കുവാൻവേണ്ടി, ദൈവത്തിൻ്റെ നിർദ്ദേശപ്രകാരം, ജനങ്ങളേയും പാത്രങ്ങളേയും മോശ രക്തം തളിച്ചിരുന്നു. (പുറപ്പാട്: 24:5-8: ലേവ്യ 16:15-16 ലേവ്യ 17:11) അത് മിശിഹായുടെ രക്തച്ചൊരിച്ചിലിൻ്റെയും, മിശിഹായിൽ വിശ്വസിക്കുന്നവരുടെ ആത്മ വിശുദ്ധികരണത്തിൻ്റെയും പ്രതീകമായിരുന്നുവെന്ന് വി. പൗലോസ് ശ്ലീഹാ സമർത്ഥിച്ചിട്ടുണ്ട്. ''രക്തം കൂടാതെയല്ല ആദ്യത്തെ ഉടമ്പടിയും ഉറപ്പിക്കപ്പെട്ടത്..... രക്തം ചിന്താതെ പാപമോചനമില്ല.... അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അർപ്പിക്കപ്പെട്ടു." (ഹെബ്രാ. 9: 18-28)
ഈശോ പീഡകൾ സഹിച്ച് മരിക്കേണ്ടിവരുമെന്ന് തൻ്റെ ശിഷ്യന്മാരോടു പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിനു തടസ്സം പറഞ്ഞ പത്രോസിനെ അവിടുന്ന് ശാസിക്കുകയും ചെയ്തു. (മത്താ : 16:21-23; 20:17-19). ഈശോയെ ബന്ധിക്കുവാൻ വന്നവരിൽ, ഒരാളെ പത്രോസ് വെട്ടിയപ്പോൾ, ഈശോ അദ്ദേഹത്തെ തടഞ്ഞുകൊണ്ടു പറഞ്ഞു : '... അങ്ങനെ ചെയ്താൽ, ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന തിരുവെഴുത്തുകൾ എങ്ങനെ നിറവേറും." (മത്താ : 26:51-54). ഈശോ ഉയിർത്തതിനുശേഷം, എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്മാർക്ക് അവിടുന്നു പ്രത്യക്ഷപ്പെട്ട്, മിശിഹായുടെ പീഡാനുഭവങ്ങളെപ്പറ്റി പ്രവാചകന്മാർ മുന്നറിയിപ്പു നല്‌കിയിരുന്നത് വിശദമായി പറഞ്ഞു കൊടുത്തു.
"...തൻ്റെ മഹത്ത്വത്തിലെത്തുന്നതിനു മുമ്പ്, മിശിഹാ ഇവയെല്ലാം സഹി ക്കേണ്ടിയിരുന്നില്ലേ?" (ലൂക്ക: 24:13-26) ഇവയിൽനിന്ന് നാം മനസ്സിലാക്കേണ്ടത് മിശിഹായുടെ പീഢാസഹനവും, രക്തച്ചൊരിച്ചിലും, മരണവും ലോകരക്ഷയ്ക്ക് അത്യാവശ്യമായിരുന്നു - അവ പിതാവായ ദൈവത്തിൻ്റെ തിരുമനസായിരുന്നു എന്നാണ് ദൈവത്തിൻ്റെ സ്നേഹവും മിശിഹായുടെ അനുസരണയും പീഢാസഹനവും മരണവും എല്ലാം ഒരേക പ്രവർത്തനമായി നാം മനസ്സിലാക്കണം.
2 "ദൈവം ക്ഷമിക്കുകയും പാപം മോചിക്കുകയും ചെയ്യുന്നത് നമ്മുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും മൂലമല്ല" എന്ന് ഖണ്ഡിതമായി പറഞ്ഞുകൂടാ. അവയും അത്യാവശ്യമാണ്. മനുഷ്യർ തപശ്ചര്യ അനുഷ്ടിക്കണമെന്ന് ദിവ്യരക്ഷകൻ പ്രസംഗിച്ചിട്ടുണ്ട്. "സ്വർഗരാജ്യം ബലവശ്യമത്രേ; ബലം പ്രയോഗിക്കുന്നവർ അതു കരസ്ഥമാക്കുന്നു. പിന്നീട് അവിടുന്ന്, താൻ ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ പ്രവർത്തിച്ച നഗരങ്ങൾ പശ്ചാത്തപിക്കാത്തതിനെപ്പറ്റി ശകാരിച്ചു.. ചാക്കുവസ്ത്രം ധരിച്ച്, ചാരം പൂശി, തപസ്സു ചെയ്യുമായിരുന്നു. (മത്താ :11:12-24) "അനുതപിക്കാത്ത പക്ഷം നിങ്ങളും ഇതുപോലെ നശിക്കുമെന്നും ഞാൻ നിങ്ങളോടു പറയുന്നു" (ലൂക്ക. 13:1-5).
വി. പൗലോസ് ശ്ലീഹാ ഇപ്രകാരം രേഖപ്പെടുത്തി : 'മിശിഹായുടെ പീഢകളിലെ കുറവ്.... എൻ്റെ ശരീരത്തിൽ ഞാൻ പരിഹരിക്കുകയാണ്"(കൊളോ :1:24). നിത്യ രക്ഷ കൈവരിക്കുവാൻ മിശിഹായോടുകൂടി നാമെല്ലാവരും കഴിവനുസരിച്ച് സഹിക്കണമെന്നാണ് ഇതിൻ്റെ അർത്ഥം. "മിശിഹായ്ക്കുള്ളവർ തങ്ങളുടെ ശരീരത്തെ അതിൻ്റെ സകല ദുരാശകളോടും തിന്മകളോടും കൂടെ ക്രൂശിച്ചിരിക്കുന്നു."(ഗലാ : 5/24)
Fr Leo OFM Cap.,
Alwaye
(കഴിഞ്ഞലക്കം തുടർച്ച.......)
ദൈവം പാപം മോചിക്കുന്നതു നമ്മുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും മൂലമല്ലെങ്കിലും, ക്രിസ്‌തീയമായ അർത്ഥത്തിലുള്ള തപശ്ചര്യകൾക്കും പ്രായശ്ചിത്ത പ്രവൃത്തികൾക്കും ക്രൈസ്‌തവ ജീവിതവുമായി അഭേദ്യമായ ബന്ധമാണുള്ളത്. എന്താണ് ക്രിസ്‌തീയമായ അർത്ഥത്തിലുള്ള തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും?
തപശ്‌ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും ക്രിസ്‌തീയമായ അർത്‌ഥത്തിൽ
"അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ" എന്നു പറഞ്ഞപ്പോൾ യേശുനാഥൻ ഉദ്ദേശിച്ചത് എന്താണോ അതു തന്നെയാണ്' ക്രിസ്തീയമായ അർത്ഥത്തിലുള്ള തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളുമെന്നു പറയാം. ദൈവം നൽകുന്ന പാപമോചനം സോപാധികമല്ല, നിരുപാധികമാണ്. എന്നാൽ, ഈ പാപമോചനത്തിന് അനന്തരഫലങ്ങളുണ്ട്. അവയാണ് അനുതാപവും പുതിയ ജീവിതവും. നിരുപാധികമായി ദൈവം നൽകുന്ന സ്നേഹവും മാപ്പും സ്വീകരിക്കുന്ന വ്യക്തി പാപത്തിൽനിന്നു പൂർണമായി പിന്തിരിയേണ്ടിയിരിക്കുന്നു. ദൈവത്തിൽനിന്നു തന്നെ അകററുന്നതെല്ലാം അവൻ വിട്ടുപേക്ഷിക്കേണ്ടിയിരിക്കുന്നു (മത്താ 5, 29-30). ഇതുവരെ തൻ്റെ ജീവിതത്തിന് അർത്ഥവും ലക്ഷ്യവും നൽകിയിരുന്ന യാഥാർത്ഥ്യങ്ങളെ പിൻതള്ളി. ദൈവത്തെയും അവിടത്തെ ഇഷ്ടത്തേയും തൻ്റെ ജീവിതത്തിൻ്റെ ലക്ഷ്യവും കേന്ദ്രവുമാക്കേണ്ടിയിരിക്കുന്നു. ഇതു കൂടാതെ അനുതാപവും ജീവിതപരിവർത്തനവും സാധ്യമല്ല. പലതിനോടും അവനു വിടപറയേണ്ടിവരും. പലതിനോടും മരിക്കേണ്ടിവരും. അതെല്ലാം വേദനാജനകമാണ്. എന്നാൽ, ഇപ്പോൾ തൻ്റെതായിരിക്കുന്ന വിലതീരാത്ത നിധിക്കുമുമ്പിൽ താൻ ഉപേക്ഷിക്കേണ്ടതെല്ലാം നിസ്സാരമാണ് (മത്താ 13, 44-46).
മുഴു ഹൃദയത്തോടെ ദൈവത്തിങ്കലേക്കു തിരിയുന്ന വ്യക്‌തി ഇനിയുള്ള തൻ്റെ ജീവിതം മുഴുവൻ ദൈവത്തിൻ്റെ ഇഷ്ടമനുസരിച്ചു രൂപപ്പെടുത്തിയേ മതിയാവൂ. ദൈവത്തിൻ്റെ ഇഷ്ടം എല്ലാ മനുഷ്യരുടെയും സമഗ്രമായ മോചനവും രക്ഷയുമാണ്. ഈ മോചനത്തിനും രക്ഷയ്ക്കും വേണ്ടി സ്വന്തം ഇഷ്ടവും സുഖവും താല്‌പര്യങ്ങളും അവൻ ബലികഴിക്കേണ്ടതായിവരാം മാതാപിതാക്കളേയും ജീവിതപങ്കാളിയേയും മക്കളേയും സഹോദരീസഹോദരന്മാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും വിട്ടു പിരിയേണ്ടതായി വരാം സ്വത്തും സ്വാതന്ത്ര്യവുമെല്ലാം കൈവെടിയേണ്ടതായി വരാം. സർവ്വോപരി, തൻ്റെ സ്വാർത്ഥതയെ അവൻ കീഴടക്കിയേ മതിയാവു "ആരെങ്കിലും പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എൻ്റെ അടുക്കൽ വരുന്നെങ്കിൻ അവന് എൻ്റെ ശിഷ്യനായിരിക്കാൻ സാധിക്കയില്ല. സ്വന്തം കുരിശു വഹിക്കാതെ എൻ്റെ പിന്നാലെ വരുന്നവന് എൻ്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല" (ലൂക്കാ 14, 26-27) എന്നു പറഞ്ഞപ്പോൾ യേശു നാഥൻ ഉദ്ദേശിച്ചത് ഇതാണ്.
അതുപോലെതന്നെ എല്ലാ മനുഷ്യരുടെയും രക്ഷ ആഗ്രഹിക്കുന്ന ദൈവത്തിൻ്റെ ഇഷ്ടം ചെയ്യുകയെന്നുവെച്ചാൽ തന്നെ അവശ്യമുള്ളവന് അയൽക്കാരനായി തീരുകയാണ്(ലൂക്ക: 10,25-37); തൻ്റെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവന് മേലങ്കികൂടി വിട്ടുകൊടുക്കുകയാണ്. ഒരു മൈൽ ദൂരം പോകാൻ നിർബന്ധിക്കുന്നവനോടുകൂടി രണ്ടു ,മൈൽ പോകുകയാണ് (മത്താ : 5,40-41); തൻ്റെ വലത്തു കരണത്തടിക്കുന്നവനു മറ്റേ കാരണം കൂടി കാണിച്ചു കൊടുക്കുകയാണ്.(മത്താ 5, 39); ശത്രുവിനോടു ക്ഷമിക്കുകയും പീഡകർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ് (മത്താ 5, 44); വിശക്കുന്നവനു ഭക്ഷണവും ദാഹിക്കുന്നവനു പാനിയവും പരദേശിക്കു പാർപ്പിടവും നഗ്നനു വസ്ത്രവും കൊടുക്കുകയാണ്; രോഗാവസ്‌ഥയിലോ കാരാഗൃഹത്തിലോ ആയിരിക്കുന്നവനെ ചെന്നുകണ്ട് ആശ്വസിപ്പിക്കയാണ്(മത്താ 25, 31-46).
യേശുവിൻ്റെ ജീവിതം സമ്പൂർണമായി പിതാവിനു സമർപ്പിച്ചതും പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മനുഷ്യരുടെ സമഗ്രവിമോചനത്തിനും രക്ഷയ്ക്കും വേണ്ടി ഉഴിഞ്ഞു വെച്ചതുമായിരുന്നു. യേശുവിൻ്റെ അനുയായിയുടെ ജീവിതവും അങ്ങനെയാകുമ്പോൾ മാത്രമാണ് അവൻ ദൈവത്തിൻ്റെ ഇഷ്ടമനുസരിച്ച് സ്വജീവിതത്തെ രൂപപ്പെടുത്തുന്നത്. യേശുവിൻ്റെ അനുയായിയാകുക എന്നു പറയുന്നതു പരിത്യാഗം ആവശ്യപ്പെടുന്ന കാര്യമാണ്(ലൂക്കാ 9 , 57- 62). എന്തെങ്കിലും ചില പ്രായശ്ചിത്ത പ്രവൃത്തികൾ അനുഷ്‌ഠിച്ചു കൊണ്ടും ഏതെങ്കിലുമൊരു കുരിശു വഹിച്ചുകൊണ്ടുമല്ല യേശുവിനെ നാം പിന്തുടരേണ്ടത്. നമ്മുടെ ഓരോരുത്തരുടേയും ജീവിതാന്തസ്സിലും ജീവിത സാഹചര്യങ്ങളിലും ദൈവേഷ്ട്മനുസരിച്ച് അനുദിനം നാം ചെയ്യേണ്ടതു ചെയ്യാനും വർജ്ജിക്കേണ്ടതു വർജ്ജിക്കാനും ആവശ്യമായിവരുന്ന പരിത്യാഗമാണ് തൻ്റെ അനുയായികളിൽ നിന്ന് യേശു ആവശ്യപ്പെടുന്നത്. ഇതെല്ലാമാണ് "അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത്. ഇതു തന്നെയാണ് ക്രിസ്തീയമായ അർത്ഥത്തിലുള്ള തപശ്ചര്യകളും പ്രായശ്ചിത്ത പ്രവർത്തികളും.
തപശ്‌ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും
പൗലോസ് ശ്ളീഹായുടെ ജീവിതത്തിൽ
വി. പൗലോസ് ശ്ലീഹായുടെ വീക്ഷണത്തിൽ ക്രൈസ്‌തവൻ്റെ ജീവിതം ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ട ഒന്നാണ്. പീഡകൾ സഹിക്കേണ്ടതിൻ്റെയും ക്രൂശിതനോട് അനുരൂപപ്പെടേണ്ടതിൻ്റെയും ആവശ്യകതയെപ്പററി ഏറ്റവും കൂടുതൽ ഊന്നൽ കൊടുത്തു സംസാരിക്കുന്നതും പൗലോസ് ശ്ലീഹാ തന്നെയാണ് . തൻ്റെ സ്വന്തം ജീവിതത്തിൽ ഇത് എപ്രകാരമാണ് പ്രാവർത്തികമാക്കുന്നതെന്ന് അപ്പസ്തോലൻ തന്നെ സാക്ഷ്യം നൽകുന്നുണ്ട്: "മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന് എൻ്റെ ശരീരത്തെ ഞാൻ കർശനമായി നിയന്ത്രിച്ചു കീഴടക്കുന്നു" (1 കോറി 9, 27). പൗലോസ് ഇതു ചെയ്യുന്നത് സ്വയം ആവിഷ്ക്കരിച്ചു ചെയ്യുന്ന ചില പ്രായശ്ചിത്ത പ്രവൃത്തികളിലൂടെയാണെന്ന് തെറ്റിദ്ധരിക്കരുത്. തൻ്റെ ക്രിസ്തീയവും അപ്പോസ്‌തോലികവുമായ ദൈവവിളിയെ വിശ്വസ്തതയോടെ അനുസരിക്കുന്നതിനു ആവശ്യമായി കണ്ട പ്രയത്നങ്ങളെ, ധൈര്യത്തോടും സ്‌ഥിരോത്സാഹത്തോടും കൂടി തിരഞ്ഞെടുത്തുകൊണ്ടും. അതിൽ നിന്നു നേരിടുന്ന വിഷമതകളേയും വേദനകളേയും ഞെരുക്കങ്ങളേയുമെല്ലാം ക്ഷമയോടെ അഭിമുഖീകരിച്ചുകൊണ്ടുമാണ് പൗലോസ് ഇതു ചെയ്യുന്നത്. 'നിങ്ങളെപ്രതിയുള്ള പീഡകളിൽ ഞാൻ സന്തോഷിക്കുന്നു. സഭയാകുന്ന തൻ്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എൻ്റെ ശരീരത്തിൽ ഞാൻ നികത്തുന്നു"(കൊളോ 1, 24). എന്നുപറയുമ്പോൾ കൊളോസോസ്ക്കാർക്കുള്ള ലേഖനത്തിൻ്റെ കർത്താവ് വിവക്ഷിക്കുന്നതും ക്രൈസ്തവവും അപ്പസ്തോലികവുമായ ദൈവവിളിയിൽ വിശ്വസ്തനായിരിക്കുവാൻ വേണ്ടി സഹിക്കേണ്ടി വരുന്ന പീഡകളാണ്. തൻ്റെ ദൈവവിളിയിലുള്ള വിശ്വസ്തതയെപ്രതി സഹിക്കേണ്ടി വന്ന പീഡകളെയും ക്ലേശങ്ങളെയും പറ്റി പൗലോസ് ശ്ലീഹാ തന്നെ പില സൂചനകൾ നമുക്കു നൽകുന്നുണ്ട്:
"അവരെക്കാൾ വളരെയേറെ ഞാൻ അദ്ധ്വാനിച്ചു. വളരെ നാൾ കാരാഗൃഹവാസമനുഭവിച്ചു: എണ്ണമറ്റവിധം പ്രഹരമേറ്റു. പല തവണ മരണവക്ത്രത്തിലകപ്പെട്ടു. അഞ്ചുപ്രാവശ്യം യഹൂദരുടെ കൈകളിൽ നിന്ന് ഒന്നു കുറയെ നാല്പത് അടിവീതം ഞാൻകൊണ്ടു. മൂന്നു പ്രാവശ്യം വടികൊണ്ട് അടിക്കപ്പെട്ടു. ഒരിക്കൽ കല്ലെറിയപ്പെട്ടു . മൂന്നു പ്രാവശ്യം കപ്പലപകടത്തിൽപ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിൽ ഒഴുകി നടന്നു. തുടരെത്തുടരെയുള്ള യാത്രകൾക്കിടയിൽ, നദികളിൽ വച്ചും കൊള്ളക്കാരിൽനിന്നും സ്വന്തക്കാരിൽനിന്നും വിജാതീയരിൽനിന്നും എനിക്ക് അപകടങ്ങളുണ്ടായി. നഗരത്തിൽ വെച്ചും വിജനപ്രദേശത്തുവെച്ചും കടലിൽ വെച്ചും അപകടങ്ങളിൽ അകപ്പെട്ടു. വ്യാജസഹോദരരിൽനിന്നുള്ള അപകടങ്ങൾക്കും ഞാൻ അധീനനായി. കഠിനാദ്ധ്വാനത്തിലും വിഷമസന്ധികളിലും നിരവധി രാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും, പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്നനതയിലും ജീവിച്ചു. ഇവയ്ക്കെല്ലാം പുറമേ, സകല സഭകളെയും കുറിച്ചുള്ള എൻ്റെ ഉൽക്കണ്ഠ അനുദിനം എന്നെ അലട്ടിക്കൊണ്ടുമിരിക്കുന്നു" (2 കോറി 11. 23-28; 2 കോറി 6, 3.10 വാക്യങ്ങളും കാണുക).
ഇവയെല്ലാമാണ് പൗലോസ് ശ്രീഹാ അനുഷ്‌ഠിച്ച തപശ്‌ചര്യകളം പ്രായശ്ചിത്ത പ്രവൃത്തികളും ക്രൈസ്തവർ സഹിക്കേണ്ട പീഡകളെപ്പറ്റി പത്രോസ് ശ്ലീഹായുടെ ലേഖനത്തിൽ പറയുമ്പോഴും (1 പത്രോ 2, 19-21) ക്രൈസ്തവ ദൈവവിളിയനുസരിച്ചു ജീവിക്കുന്നതിന് ആവശ്യമായിവരുന്ന സഹനങ്ങളേയും പരിത്യാഗങ്ങളേയും പറ്റിയാണു പറയുന്നത്. സ്വയം ആവിഷ്ക്കരിച്ചു ചെയ്യേണ്ട പ്രായശ്ചിത്ത പ്രവൃത്തികളെപ്പറ്റിയല്ല.
തപശ്ചര്യകളുടേയും പ്രായശ്ചിത്ത പ്രവൃത്തി കളുടേയും ആവശ്യം
ഗൗരവമായി എടുക്കുന്ന ക്രൈസ്തവ ജീവിതത്തിൽ തീർച്ചയായും വളരെയേറെ സഹിക്കുവാനും ത്യജിക്കുവാനുമുണ്ട്. പാപത്തിൽ നിപതിച്ച വ്യക്‌തിയെ സംബന്ധിച്ച് ഇത് ഒന്നു കൂടെ വാസ്തവമാണ്. അനുതപിച്ച് ദൈവത്തിൻ്റെ ഇഷ്ടത്തിനു വിധേയനായി ജീവിക്കാനുള്ള തീരുമാനത്തോടെ പാപത്തിലേക്കുള്ള ആകർഷണങ്ങളും പ്രവണതകളുമെല്ലാം അപ്പാടെ അപ്രത്യക്ഷമാകയില്ല. സ്വാർത്ഥത്തിൽ കേന്ദ്രീകരിച്ച പഴയ ജീവിതശൈലിയിലേക്കു മടങ്ങിവരാൻ തുടർന്നും പ്രലോഭനങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരിക്കും. വിശ്വാസത്തിൻ്റെ ബോധ്യത്തിൽ ദൈവത്തേയും സൃഷ്ടവസ്തുക്കളേയും വിശിഷ്യ സഹോദരീസഹോദരന്മാരേയും കാണുന്നതിനും അവരുമായി ദൈവേഷ്ടമനുസരിച്ചു ബന്‌ധപ്പെടുന്നതിനും വൈഷമ്യങ്ങൾ പിന്നെയും ഉണ്ടായിക്കൊണ്ടിരിക്കും. ഏതു കാര്യങ്ങളിൽ പാപത്തിലേക്കുള്ള പ്രവണതകളും ആകർഷണങ്ങളും അനുഭവപ്പെടുന്നുവോ, ഏതു മണ്ഡലങ്ങളിൽ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ ദൈവത്തെയും സമസൃഷ്ടങ്ങളേയും കാണുന്നതിനും അവരോടു പ്രതികരിക്കുന്നതിനും പ്രതിബന്ധം നേരിടുന്നുവോ, അവിടെയാണ് തപശ്ചര്യകളുടേയും പ്രായശ്ചിത്ത പ്രവൃത്തികളുടയും അർത്ഥവും പ്രസക്തിയും. തിന്മയിലേക്കുള്ള ഈ പ്രവണതകളോടു പോരാടിയേ മതിയാവൂ. വിശ്വാസത്തിൻ്റെ ബോധ്യത്തിൽ ജീവിക്കാനുള്ള പ്രതിബന്‌ധങ്ങളെ തട്ടി നീക്കിയേ മതിയാവു. സ്‌ഥിരോത്സാഹത്തോടെയുള്ള. നിരന്തരമായ ശ്രമവും പ്രവർത്തനവും സംയമനവുമെല്ലാം അത് ആവശ്യപ്പെടുന്നുണ്ട്. ഇതു തന്നെയാണ് ക്രിസ്തീയമായ അർത്ഥത്തിലുള്ള തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും. വ്യത്യസ്തമായ കാര്യങ്ങളിലാണ് ഓരോരുത്തർക്കും തിന്മയിലേക്കുള്ള പ്രവണതകളും നന്മ ചെയ്യാനുള്ള വൈമുഖ്യവും അനുഭവപ്പെടുക. അതനുസരിച്ച് അവരുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും വ്യത്യസ്‌തങ്ങളായിരിക്കുമെന്നതു വ്യക്‌തമാണല്ലോ
അപകടസാധ്യത
ക്രിസ്തുനാഥൻ്റെ പീഡാസഹനത്തെ അനുസ്‌മരിക്കുന്നതിനും പീഡാസഹനത്തിൽ പ്രത്യക്ഷമായ അവിടത്തെ സ്നേഹത്തിനു പ്രതിസ്നേഹം പ്രകടിപ്പിക്കുന്നതിനും വേണ്ടി ചില വിശുദ്ധർ അതികഠിനമായ തപശ്ചര്യകളും പ്രായശ്ചിത പ്രവൃത്തികളും സ്വയം ആവിഷ്കരിച്ചു ചെയ്തിരുന്നുവെന്ന് അവരുടെ ജീവചരിത്രത്തിൽ നാം വായിക്കുന്നുണ്ട്. സ്നേഹത്തിൻ്റെ പ്രകടനമെന്ന നിലയിൽ ഈ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും തീർച്ചയായും വിലപ്പെട്ടവയായിരുന്നു. പ്രത്യേകമായ ഒരു ദൈവവിളിയുടെ പ്രചോദനമാണ് ഇതിന് അവരിൽ പലരേയും പ്രേരിപ്പിച്ചതെന്നു വേണം വിചാരിക്കുവാൻ. ഓരോ കാലത്തും സഭയിൽ തന്നെ നിലനിന്നിരുന്ന മുഴുവനും ക്രൈസ്തവമല്ലാത്ത ചിന്താഗതികളും സങ്കല്പങ്ങളും ഈ വിശുദ്ധരിലും സ്വാധീനം ചെലുത്തിയിരുന്നുവെന്നു വിചാരിക്കുന്നതിലും തെറ്റില്ല. അവരും തങ്ങളുടെ കാലത്തിൻ്റെ മക്കളായിരുന്നല്ലോ. ഇങ്ങനെയുള്ള തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും അനുഷ്ഠിക്കുവാൻ ചിലർക്കു ദൈവം പ്രചോദനം നൽകാ മെന്ന വസ്തുതയെ തീർച്ചയായും നിഷേധിക്കാനാവില്ല.
എന്നാൽ, സ്വയം ആവിഷ്ക്കരിച്ചു ചെയ്യുന്ന തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും അനുഷ്‌ഠിക്കുന്നവർ ചെന്നുപെടാവുന്ന ഒരപകടത്തെപ്പറ്റി തികഞ്ഞ ബോധവാന്മാരായിരിക്കണം. യേശുനാഥൻ ആവശ്യപ്പെട്ടതും ക്രൈസ്തവ ജീവിതത്തിൽ അവശ്യാവശ്യവുമായ അനുതാപവും ജീവിത പരിവർത്തനവും അവർ വിട്ടുകളയാനിടയുണ്ട്. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നതിലും തനിക്കുള്ളതിൻ്റെയെല്ലാം ദശാംശം കൊടുക്കുന്നതിലും നിഷ്ഠയുണ്ടായിരുന്ന ഫരിസേയൻ തൻ്റെ അയൽക്കാരനായ ചുങ്കക്കാരനെ അവജ്‌ഞയോടെ വീക്ഷിക്കുന്നതിനെപ്പറ്റി സുവിശേഷത്തിൽ യേശു തന്നെ പറഞ്ഞിട്ടുണ്ടല്ലോ (ലൂക്കാ 18: 9-14). അനുദിനജീവിതത്തിലും ഇങ്ങനെയുള്ള വ്യക്തികളെ നാം കണ്ടുമുട്ടാറുണ്ട്. നോമ്പും ഉപവാസവുമൊക്കെ ആചരിക്കുന്നതിൽ അവർ താല്പരരാണ്. എന്നാൽ സഹോദരങ്ങളോടു ക്ഷമിക്കാനും വിട്ടുവീഴ്ച്‌ച ചെയ്യാനും അവർ തയ്യാറല്ല, വെറുപ്പും വിദ്വേഷവും . വെച്ചുപുലർത്തുവാൻ അവർക്കു മടിയില്ല. അയൽക്കാരൻ്റെ ആവശ്യങ്ങളിലും വേദനകളിലും അവനെ സഹായിക്കുവാൻ ചെറുവിരൽ പോലും അവർ അനക്കുകയില്ല. തങ്ങൾ ആവശ്യത്തിനു തപശ്‌ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളുമെല്ലാം ചെയ്യുന്നുണ്ടല്ലോ എന്ന മിഥ്യാധാരണയാണ് പലപ്പോഴും അവരെ ഈ അപകടത്തിലേക്കു നയിക്കുക.
'കാലത്തിനടുത്ത ശിക്‌ഷ'യ്ക്കുള്ള പരിഹാരം
പരമ്പരാഗത ദൈവശാസ്ത്രത്തിൽ, പാപത്തിനുള്ള 'കാലത്തിനടുത്ത ശിക്ഷ'യ്ക്കു പരിഹാരമായി പ്രായശ്ചിത്ത പ്രവൃത്തികളെ കണ്ടിരുന്നു. എന്താണ് "കാലത്തിനടുത്ത ശിക്ഷ''യെന്ന്, കുറെമുമ്പ് "ദണ്ഡവിമോചനം" എന്ന അസ്സീസിയിലെ ലേഖനത്തിൽ ഞാൻ വിവരിച്ചിരുന്നു. (അപകടം പതിയിരിക്കുന്ന പാതകൾ, ജീവൻ ബുക്‌സ്, പേജ് 106-107 കാണുക) പാപിക്കു മോചനം നൽകുമ്പോൾ പാപത്തിലടങ്ങിയിരിക്കുന്ന കുറ്റത്തിൽനിന്നും നിത്യമായ ശിക്ഷയിൽനിന്നും അവന് മോചനം ലഭിക്കുന്നുണ്ടെന്നും, എന്നാൽ കാലത്തിനടുത്ത ശിക്ഷ അവശേഷിക്കുന്നുവെന്നും, അതിനു പാപി തന്നെ പ്രായശ്ചിത്തത്തിലൂടെ നോണ്ടിയിരിക്കുന്നുവെന്നുമാണ് പരമ്പരാഗത ദൈവശാസ്ത്രം പഠിപ്പിക്കുന്നത്. ഇന്നത്തെ മനുഷ്യർക്കു മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞാൽ, എന്താണ് ഈ "കാലത്തിനടുത്ത ശിക്ഷ?'' (നിത്യ ശിക്ഷയെന്നതുപോലെ തന്നെ) പാപത്തിൽ തന്നെ അടങ്ങിയിരിക്കുന്ന ഒരു ശിക്ഷയാണ് 'കാലത്തിനടുത്ത ശിക്ഷ '. അല്ലാതെ ദൈവം വെളിയിൽനിന ്നു നൽകുന്ന ശിക്ഷയല്ല. ഓരോ പാപവും തിന്മയിലേയ്ക്കുള്ള ഒരു ആസക്തി പാപിയിൽ ഉളവാക്കുന്നു. പാപം ഒരുവനിൽ എത്രയധികം തഴക്കവും ശീലവുമാകുന്നോ, അത്രയധികം ഈ ആസക്തിയും ശക്‌തി പ്രാപിക്കുന്നു. ഓരോ പാപവും മനുഷ്യനെ നന്മയോടു കൂടുതൽ കൂടുതൽ വിമുഖനും തിന്മയോടു കൂടുതൽ കൂടുതൽ ആഭിമുഖ്യമുള്ളവനുമാക്കുന്നു. ദൈവത്തിൽ നിന്നും സഹോദരങ്ങളിൽ നിന്നും കൂടുതൽ കൂടുതൽ അതവനെ അകററുന്നു. സ്വാർത്ഥതയുടെ തടവറയിൽ അത് അവന് കൂടുതൽ കൂടുതൽ കൂച്ചുവിലങ്ങകൾ നിർമിക്കുന്നു. തിന്മയിലേക്കുള്ള ഈ ആസക്തിയും നന്മയോടുള്ള ഈ വിപ്രതിപത്തിയും അതിൻ്റെ അനന്തര ഫലങ്ങളുമാണെന്നു പറയാം "കാലത്തിനടുത്ത ശിക്ഷ."
ദൈവം നൽകുന്ന സ്നേഹവും മോചനവും സ്വീകരിച്ച് മാനസാന്തരപ്പെടുമ്പോൾ, പാപത്തിനുള്ള കുറ്റത്തിൽനിന്നും നിത്യ ശിക്ഷയിൽനിന്നും മോചനം ലഭിക്കുന്നുണ്ടെങ്കിലും, തിന്മയിലേക്കുള്ള ഈ ആസക്തിയും നന്മയുടെ നേർക്കുള്ള ഈ വിമുഖതയും ദൈവം അത്ഭുതം പ്രവർത്തിച്ച് നീക്കിക്കളയുന്നില്ല. മദ്യപാനി കുമ്പസാരിച്ചാലും, മദ്യപാനാസക്തി ഇല്ലാതാകയില്ലല്ലോ. ഈ ആസക്തിയെ മനുഷ്യൻ തന്നെ സ്വന്തം പരിശ്രമം വഴി പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു. അതിന് എന്തെങ്കിലും ചില പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്താൽ പോരാ. ഏതു കാര്യത്തിൽ ഈ ആസക്‌തി അനുഭവപ്പെടുന്നുവോ ആ കാര്യത്തിൽ സംയമനം പാലിച്ചു കൊണ്ടും അതിനെതിരേ പ്രവർത്തിച്ചു കൊണ്ടും ഈ ആസക്‌തിയെ അവൻ നിയന്ത്രണാധീനമാക്കേണ്ടിയിരിക്കുന്നു. ഏതു കാര്യത്തിൽ നന്മയോടു വിമുഖത തോന്നുന്നുവോ ആ കാര്യത്തിൽത്തന്നെ നന്മ പ്രവർത്തിച്ചുകൊണ്ട് ഈ വിമുഖതയെ തോല്‌പിക്കേണ്ടിയിരിക്കുന്നു. ഇത് അവൻ്റെ ക്രിസ്‌തീയമായ കടമയാണ്; ഇതു തന്നെയാണ് ക്രിസ്തു നാഥൻ ആവശ്യപ്പെടുന്ന അനുതാപ ജീവിതപരിവർത്തനവും. അങ്ങനെ, ക്രിസ്‌തീയമായ അർത്ഥത്തിലുള്ള തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും ക്രൈസ്‌തവ ജീവിതത്തിൻ്റെ ഭാഗമാണ്; ക്രിസ്തുനാഥൻ തന്നെ ആവശ്യപ്പെട്ട ജീവിത പരിവർത്തനത്തിൻ്റെ ഊടും പാവുമാണ്.
ഡോ. സിപ്രിയൻ ഇല്ലിക്കമുറി,
അസ്സീസി മാസിക, മാർച്ച് 1990
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.




















