top of page

നെയ്ത് എടുക്കുന്ന സമാധാനം

Oct 1, 2024

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
a person weaving cotton

രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന ഫ്രാന്‍സീസ് അസ്സീസി 'സമാധാന ദൂതന്‍' എന്നാണ് വിളിക്കപ്പെടുന്നത്. ക്രിസ്തുവിന്‍റെ സമാധാനം സ്വന്തം ജീവിതം വഴി ലോകത്തിന് കാണിച്ചു കൊടുത്ത വിശുദ്ധനാണ് അദ്ദേഹം. 'ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്ന സമാധാനം' എന്ന് ലോകത്തോട് യേശു ഉദ്ഘോഷിക്കുന്നുണ്ട്. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളില്‍ 'സമാധാനം' എന്ന പദം പല പ്രാവശ്യം ആവര്‍ത്തിക്കുന്നു. യഹൂദ ഭാഷയിലും ഗ്രീക്കു ഭാഷയിലും 'സമാധാനം' എന്നതിന്‍റെ മൂലാര്‍ത്ഥം 'നെയ്തെടുക്കുക' എന്നതാണ്. പൗരാണിക കാലങ്ങളില്‍ ഗ്രീക്കുകാരും യഹൂദരും അവര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ അവരുടെതന്നെ കുടുംബങ്ങളില്‍ നെയ്തെടുക്കുന്ന പതിവുണ്ടായിരുന്നു. നൂലുകളുടെ ഇഴയടുപ്പത്തിന്‍റെ പശ്ചാത്തലത്തില്‍ പൊരുത്തപ്പെടല്‍, സമാധാനം എന്നീ പദപ്രയോഗങ്ങള്‍ നിലവില്‍ വന്നു. മൂന്നു ബന്ധങ്ങളുടെ വെളിച്ചത്തിലാണ് ഈ പദപ്രയോഗം നിലവില്‍ വന്നത്.

1. ഓരോ നൂലിനും അതിനോടുള്ള ബന്ധം

2. മറ്റു നൂലുകളോടുള്ള ബന്ധം

3. ആര്‍ക്കുവേണ്ടി നെയ്യുന്നുവോ ആ വ്യക്തിയോടുള്ള ബന്ധം


എല്ലാ മാലിന്യവും കഴുകി ശുദ്ധീകരിച്ച പഞ്ഞിയില്‍ നിന്നുമാണ് നൂലുകള്‍ പിരിച്ചെടുത്തിരുന്നത്! മാലിന്യമില്ലാത്ത അവസ്ഥയില്‍ നിന്നാണ് സമാധാനം വരുന്നത്! ഓരോ നൂലിനും അതിനോടു തന്നെയുള്ള ബന്ധം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും രാജ്യവും പ്രത്യേക പശ്ചാത്തലത്തിലാണ് സമാധാനം അനുഭവിക്കുന്നത്! ചൈനാക്കാര്‍ സമാധാനത്തിന്‍റെ പ്രതീകമായി വരച്ചുവയ്ക്കുന്ന ചിത്രം വായും, അതിനടുത്തിരിക്കുന്ന ചോറും ആണ്. നല്ല ഭക്ഷണമുണ്ടെങ്കില്‍ സമാധാനമുണ്ടെന്ന് അര്‍ത്ഥം. വിശപ്പിന്‍റെ ശമനവും അഭിലാഷങ്ങളുടെ സംതൃപ്തിയുമാണ് സമാധാനം എന്നവര്‍ വിശ്വസിച്ചു. പക്ഷേ അതിനപ്പുറമല്ലേ സമാധാനം. ആന്തരീക മുറിവുകള്‍ ഒരു മനുഷ്യന്‍റെ സമാധാനം തകര്‍ക്കാം. ഉള്‍ക്ഷതങ്ങള്‍, വൈകാരിക വേലിയേറ്റങ്ങള്‍ തുടങ്ങിയവ സമാധാനം ഇല്ലാതാക്കും. തന്നോടുതന്നെ രമ്യതപ്പെടുവാന്‍ നമുക്കു കഴിയണം. സ്വയം നീറി നീറി തലയ്ക്ക് ഭ്രാന്തുപിടിക്കുന്നത് എത്രയോ പേരാണ്. സകലവിധ ഭൗതികസുഖങ്ങളുമുണ്ടെങ്കിലും അമേരിക്കയില്‍ വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഓരോ നൂലിനും അതിനോടു തന്നെയുള്ള ബന്ധം നൂലിന്‍റെ ബലമാണ്. അസ്സീസിയിലെ ഫ്രാന്‍സീസ് ദേവാലയത്തിലും ഏകാന്തതയിലുമിരുന്ന് തന്നെത്തന്നെ ബലപ്പെടുത്തി. ആന്തരികമായ സമാധാനവും സൗഖ്യവും പ്രാപിച്ച ഫ്രാന്‍സീസ് ഉള്‍ക്കരുത്തുള്ള മനുഷ്യനായി മാറി.

രണ്ടാമതായി ഇതര നൂലുകളുമായുള്ള ബന്ധം ശ്രദ്ധിക്കേണ്ടതാണ്. ഒരു വസ്ത്രത്തിന്‍റെ ഭംഗി നൂലുകള്‍ തമ്മിലുള്ള പരസ്പര ബന്ധമാണ്. ചിലര്‍ മറ്റുള്ളവരെ തള്ളിക്കളഞ്ഞിട്ട് സ്വയം വലുതാക്കി കാണിക്കും. കുടുംബത്തിലും സഭയിലും ഇങ്ങനെയുള്ളവരെ കാണുവാന്‍ സാധിക്കും. ശരീരത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക ഭാഗം മാത്രം വളര്‍ന്നാല്‍ അതിനു വിളിക്കുന്ന പേരാണ് 'മന്ത്'. അതു ശരീരത്തെ വികലമാക്കും. സ്വയം താഴാനും മറ്റുള്ളവരെ വിലപ്പെട്ടവരായി കാണുവാനും കഴിയുമ്പോള്‍ മനോഹരമായി നെയ്തെടുത്ത ഒരു വസ്ത്രംപോലെ കുടുംബവും, സഭയും, സമൂഹവും മാറും. താഴേണ്ടിടത്തു താഴാനും സ്വയം ഒതുങ്ങുവാനും മനസ്സു കാണിക്കുമ്പോള്‍ സഭയും സമൂഹവും വളരും. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി സ്വയം തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ സഹോദരന്മാരുടെ ശുശ്രൂഷകനായി മാറി. ഓരോ വ്യക്തിയേയും തന്നെക്കാള്‍ ശ്രേഷ്ഠനായി കണ്ടു. പാപത്തില്‍ വീണുപോയ ഒരുവനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു "അവന്‍റെ ജീവിത സാഹചര്യമായിരുന്നു എന്‍റേതെങ്കില്‍ ഞാന്‍ അവനേക്കാള്‍ പാപിയായിത്തീരുമായിരുന്നു". എളിമയുള്ള മനുഷ്യരായി നമ്മള്‍ മാറണം.

ആര്‍ക്കുവേണ്ടിയാണോ വസ്ത്രം നെയ്യപ്പെടുന്നതു ആ വ്യക്തിക്കു ചേര്‍ന്നവിധമായിരിക്കണം അതു നെയ്തെടുക്കേണ്ടത്. സ്രഷ്ടാവായ ദൈവത്തിനുവേണ്ടി നെയ്തെടുക്കപ്പെട്ട വസ്ത്രങ്ങളാണ് നമ്മളും. ദൈവത്തിന് സന്തോഷം പകരുന്ന ജീവിതമാണ് മനുഷ്യന്‍ നയിക്കേണ്ടത്. ക്രിസ്തുവിന്‍റെ സ്നേഹം തിരിച്ചറിഞ്ഞ ഫ്രാന്‍സീസ് ദൈവത്തെ പ്രീതിപ്പെടുത്തുന്ന പ്രവൃത്തികളില്‍ വ്യാപൃതനായി. മനുഷ്യനെ വേദനിപ്പിക്കാതെ മുന്നോട്ടു നീങ്ങിയപ്പോള്‍ അതു ദൈവത്തെ പ്രീതിപ്പെടുത്തുന്ന പ്രവൃത്തിയായി. ഈ ചെറിയവരില്‍ ഒരുവനു ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത് എന്ന ക്രിസ്തുനാഥന്‍റെ വാക്കുകള്‍ ഫ്രാന്‍സീസിനെ ശക്തമായി സ്വാധീനിച്ചു. പാപരഹിതരായി ജീവിച്ചും, പരസ്നേഹപ്രവൃത്തികള്‍ ചെയ്തും സ്രഷ്ടാവിനെ സന്തോഷിപ്പിക്കാന്‍ മനുഷ്യനു കഴിയും. സമാധാനം അനുഭവിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ക്രിസ്തുവിനോടുള്ള ബന്ധമാണെന്ന് ഫിലിപ്യര്‍ക്കുള്ള ലേഖനം 4-ാം അധ്യായത്തില്‍ 7-ാം വാക്യത്തില്‍ പൗലോസ് ശ്ലീഹാ പ്രസ്താവിക്കുന്നു.

തന്‍റെയുള്ളിലെ കുറവുകളെയും മുറിവുകളെയും കണ്ടെത്തി പരിഹരിച്ചുകൊണ്ടു ബലമുള്ള ഒരു നൂലായി ഫ്രാന്‍സീസും രൂപാന്തരപ്പെട്ടു. തിളക്കമുള്ള ഒരു നൂലായി തിരുസഭയില്‍ അദ്ദേഹം വിളങ്ങുന്നു. സഹോദരന്മാരോടും ദൃശ്യപ്രപഞ്ചത്തിലെ സകലജീവജാലങ്ങളോടും രമ്യതയില്‍ ജീവിച്ചുകൊണ്ട് ഇതര നൂലുകളോടുള്ള ബന്ധം വിശുദ്ധന്‍ ബലപ്പെടുത്തി. ക്രിസ്തുനാഥന്‍റെ വിളി കേട്ട ഫ്രാന്‍സീസ് ശിഷ്ടകാല ജീവിതം മുഴുവന്‍ ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള പ്രവൃത്തികള്‍ ചെയ്തു. പിന്നിടൂള്ള അദ്ദേഹത്തിന്‍റെ സംസാരം ദൈവത്തോടു മാത്രമായി. മനുഷ്യനുമായുള്ള അമിതമായ സംസാരങ്ങള്‍ ദൈവത്തില്‍ നിന്നും തന്നെ അകറ്റുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒക്ടോബര്‍ 4-ാം തീയതി ഈ വലിയ വിശുദ്ധന്‍റെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ജീവിത മാതൃക നമ്മെ സ്വാധീനിക്കട്ടെ.

Oct 1, 2024

0

1

Recent Posts

bottom of page