top of page

മലയാളിത്തത്തിന്‍റെ മാറാത്ത ശേഷിപ്പുകള്‍

Dec 1, 2011

2 min read

George Valiapadath Capuchin
Random tile design.

1). എതിരാളിയുടെ ജാതിയും ചര്‍മ്മകാന്തിയും ലിംഗപരതയും സാമ്പത്തികസ്ഥിതിയും മറ്റുംമറ്റും പൊതുവേദികളില്‍ പ്രതിപക്ഷബഹുമാനമെന്യെ ചര്‍ച്ചാവിഷയമാക്കുന്ന മലയാളിയുടെ രാഷ്ട്രീയ സദാചാരബോധം ഇന്നും മാറാതെ നില്ക്കുന്നു.


2). ലോകത്തിന്‍റെ ഏതു കോണിലും സംഭവിക്കുന്ന ഏതു സാമ്രാജ്യത്വ അധീശത്വത്തിനെതിരെയും പ്രതികരിച്ച് ഒരു കൊടിയും പൊക്കിപ്പിടിച്ച് പത്താളുകള്‍ തെരുവുതോറും കവാത്തു നടത്തുകയും ഓഫീസും പള്ളിക്കൂടവും വ്യവസായവും അടച്ചു ഹര്‍ത്താലാചരിക്കയും, എന്നിട്ട് പൊതുഖജനാവിന് വലിയ കോട്ടം വന്നു ഭവിക്കാതിരിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍റെ വിപണനശാലക്കുമുമ്പില്‍ അച്ചടക്കത്തോടെ ക്യൂനില്ക്കുകയും ചെയ്യുന്ന മലയാളിയുടെ ക്രിട്ടിക്കല്‍ ക്വോഷന്‍റിന്‍റെ പ്രകടനപരത മാറാതെ നില്ക്കുന്നു.


3). കപടമായ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുകയും അതേസമയം സ്വകാര്യസ്വത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങളെ അരക്കഴഞ്ചുപോലും വിട്ടുകൊടുക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയുടെ പ്രത്യയശാസ്ത്രകാപട്യം തരിമ്പും മാറിയിട്ടില്ല.


4). തഞ്ചംകിട്ടിയാല്‍ ജാതിയോ തൊലിനിറമോ മുഖശ്രീയോ കുഞ്ഞെന്നോ വൃദ്ധയെന്നോ ഉള്ള പരിഗണനകളോപോലും നോക്കാതെ ഏതു പെണ്ണിനെയും പിച്ചിപ്പറിച്ച് തിന്നുകയും എന്നാല്‍ ലൈംഗികതാല്പര്യങ്ങള്‍ ഒത്തിരി മൂടിവെക്കാത്ത പെണ്ണിനെയും ആണിനെയും ലൈംഗിക സദാചാരത്തിന്‍റെ പേരില്‍ പൊതുസമൂഹത്തിന്‍റെ മുന്നിലിട്ട് കല്ലെറിഞ്ഞുകൊല്ലാനും ഉടുമുണ്ടഴിക്കാനും ആര്‍ത്തികാട്ടുകയും ചെയ്യുന്ന മലയാളിയുടെ സദാചാര തീവ്രത തീരെ മാറിയിട്ടില്ല.


5). രണ്ടുനേരം പട്ടിണികിടന്നാല്‍ മാറിപ്പോകാവുന്ന രോഗത്തെ പഞ്ചനക്ഷത്രവൈദ്യത്തിന്‍റെ ചെക്കപ്പുകളുടെയും ടെസ്റ്റുകളുടെയും സ്കോപ്പുകളുടെയും ഗ്രാഫുകളുടെയും സ്കാനുകളുടെയും പൊങ്ങച്ചമാക്കിമാറ്റി, ദാരുണമായി മരണത്തിന് കീഴടങ്ങുന്ന മലയാളിയുടെ വമ്പുപറച്ചിലിന്‍റെയും വീമ്പിളക്കലിന്‍റെതുമായ - ചത്തുകിടന്നാലും ചമഞ്ഞുകിടക്കുന്ന മനസ്സ് കൂടുതല്‍ ബലപ്പെട്ടിട്ടേയുള്ളൂ.


6). മൂന്നുനേരം കുളിക്കുകയും, അത്രയൊന്നും ആഭിജാത്യം ദേഹശുദ്ധിക്കാര്യത്തില്‍ കാട്ടാത്ത ഇതരദേശക്കാരെ പരമപുച്ഛത്തോടെ നോക്കുകയും എന്നാല്‍ സിമന്‍റ് വിരിച്ച തന്‍റെ മുറ്റത്തിനപ്പുറത്തേക്ക്, അത് പൊതുവഴിയാകട്ടെ അയല്‍പക്കക്കാരന്‍റെ അടുക്കളയാകട്ടെ, തന്‍റെ അഴുക്കും വിഴുപ്പും തള്ളുകയും ചെയ്യുന്ന മലയാളിയുടെ വെടിപ്പില്ലാത്ത വൃത്തിയുടെ മനസ്സിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലല്ലോ!


7). അകമേ സൗകര്യങ്ങള്‍ തീരെ കുറവാണെന്നിരിക്കിലും ചിറകുവിരിച്ച പറവയെപ്പോലെ പ്രദര്‍ശനപരതയോടെ സ്വയം വിരിച്ചുപിടിച്ച് നില്ക്കുന്ന ഒരു 'പുറന്തോട്' വീടും അതിനുമുമ്പില്‍ ഒരിക്കലും നിരത്തിലിറക്കാത്ത ഒരു കാറും സൂക്ഷിക്കുന്ന അല്പത്വത്തിന്‍റെ പൊങ്ങച്ചസഞ്ചിയായ മലയാളിമനസ്സിന് ഇളക്കം സംഭവിച്ചിട്ടേയില്ല.


8). കേരളത്തിലായിരിക്കേ വളര്‍ന്നുവലുതായ കേരളപുത്രന്മാരും കേരളപുത്രിമാരും നന്നേ വിരളമാണെന്നു കാണുമ്പോഴും തനിക്ക് ചവിട്ടിത്താഴ്ത്താന്‍ കാലുയരാത്തത്രയും ഉയരത്തിലുള്ളവരെ മാത്രം നിലനില്ക്കാനനുവദിക്കുകയും മറ്റുള്ളവരെയെല്ലാം ചവിട്ടിത്താഴ്ത്താനോ പിടിച്ചുവലിച്ചിടാനോ മനക്കടികാട്ടാതിരിക്കുകയും ചെയ്യുന്ന മലയാളിയുടെ ഫ്യൂഡല്‍ കാലത്തുനിന്നുള്ള അടിമത്തസ്വഭാവം എത്രയായിട്ടും മാറുന്നില്ലല്ലോ!


9). ദുര്‍മേദസ്സ് ഒഴിവാക്കിയുള്ള ശാരീരികക്ഷമതയെ ലോകം മുഴുവനും കൊണ്ടാടുമ്പോഴും "വെടിക്കല, കുമ്പ, പുറത്തുരോമം" എന്നീ പുരുഷത്വ പ്രതീകങ്ങള്‍, പ്രത്യേകിച്ച് 'കുമ്പ' എന്ന പ്രതീകം ഏവരാലും അംഗീകരിക്കപ്പെടാന്‍ ഇടയാക്കുന്ന മലയാളിയുടെ സാമൂഹികമനസ്സ് ഫ്യൂഡല്‍ മനസ്സു തന്നെയായി നിലനില്ക്കുകയാണ്.


10).സ്ത്രീ എത്രതന്നെ സാമൂഹികമായും വൈജ്ഞാനികമായും ചിന്താപരമായും ഉയര്‍ന്നാലും "രക്ഷയുടെ തുല്യ അവകാശിനി" എന്ന നിലയില്‍ അവള്‍ക്ക് പാര്‍ട്ണര്‍ഷിപ്പ് നല്കാന്‍ വൈമുഖ്യം കാട്ടുന്ന മലയാളിയുടെ പുരുഷാധിപത്യമനസ്സിന് ചലനമേതും ഭവിച്ചതില്ലല്ലോ!


11). പൊതുവേ പുരോഗമനവാദിയായി അഭിനയിക്കുകയും, മാറ്റങ്ങളെ പല്ലും നഖവും കൊണ്ടെതിര്‍ക്കുകയും, കടുത്ത യാഥാസ്ഥിതികത്വം മനസ്സാ പേറുകയും, തനിക്ക് സാമ്പത്തികമോ സാമൂഹികമോ ആയ നേട്ടമുണ്ടാകുമെന്നു കണ്ടാല്‍ ഉടന്‍ കളംമാറിച്ചവിട്ടുകയും ചെയ്യുന്ന അവസരവാദിയായ മലയാളികള്‍ കേരളജനസംഖ്യയോളം വരില്ലേ?


12). തിടമ്പേറ്റപ്പെടാന്‍ പരസ്പരം മത്സരിക്കുന്ന ദൈവങ്ങളും ഇതരമതക്കാരന്‍റെ കൊട്ടിന്‍റെയും കുരവയുടെയും കൊഴുപ്പുനോക്കി അതിനെക്കാള്‍ മെച്ചമാകാന്‍ മത്സരിക്കുന്ന ദൈവവാഹകരും കേരളത്തില്‍ ഇന്നും തിങ്ങിപ്പാര്‍ത്തു പോരുന്നുണ്ട്.


13). കേരളത്തിലെ ദൈവങ്ങളെയും ദൈവജനങ്ങളെയും ആരും കൈയ്യേറ്റം പഠിപ്പിക്കേണ്ടതില്ല. എല്ലാ കുന്നിന്‍പുറങ്ങളും മലകളും പാറകളും ആലിന്‍ചുവടുകളും ആറ്റിന്‍നടുവിലെ തുരുത്തുകളും നാല്‍ക്കവലകളും അവരങ്ങ് കൈയ്യേറി സ്വയം അവരോധിക്കുകയാണ്. എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ കേരളീയമാതൃകകള്‍!


14). ജനാധിപത്യം കേരളത്തില്‍ ഒരു പ്രത്യേക ജനുസ്സാണ്. ഒരുമാതിരി ബോണ്‍സായ് ജനാധിപത്യം. ബാലറ്റ്പെട്ടിക്കപ്പുറം അത് തെരുവുകളിലേക്കോ ആപ്പീസുകളിലേക്കോ തിയേറ്ററുകളിലേക്കോ ബസ്സുകളിലേക്കോ കാത്തിരിപ്പുകേന്ദ്രങ്ങളിലേക്കോ ചന്തകളിലേക്കോ പാര്‍ട്ടികളിലേക്കോപോലും വളരുന്നതേയില്ല. അവിടങ്ങളിലെല്ലാം കൈയ്യൂക്കുള്ളവന്‍തന്നെ കാര്യക്കാരന്‍. സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്!


15). ദൈവത്തിന്‍റെ സ്വന്തം നാടെന്ന അപദാനം സ്വയം എടുത്തുചാര്‍ത്തിയ നാള്‍മുതല്‍ സത്യം എന്നൊന്ന് ഇവിടെ ആര്‍ക്കും അറിയാന്‍കഴിയാത്ത സ്ഥിതിയായിപ്പോയി. മാധ്യമങ്ങള്‍ സത്യം പറയുകയേയില്ല. കാണുന്നതും കേള്‍ക്കുന്നതും പൊളിവചനങ്ങള്‍ മാത്രം. എല്ലാറ്റിലും രാഷ്ട്രീയത്തിന്‍റെ പൊയ്വായ്ത്താരിയുടെ പ്രേതാവേശം!


16). മാവേലി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട നാളില്‍ ആരംഭിച്ചതാണ് എന്നുപറയാം അഴിമതിയുടെ ജനായത്തവല്‍ക്കരണം. ഇടതു-വലതു ഭേദം ഇല്ലാതെ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സ്വന്തം കാര്യം സിന്ദാബാദ്. അഴിമതിയില്‍ മുങ്ങിക്കുളിക്കാത്ത മലയാളിയുടെ പൊതുഇടങ്ങള്‍ ഒരു ഉട്ടോപ്യ മാത്രമായിരിക്കുന്നു.


17). സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറി പറിച്ചെടുത്തതിനുശേഷം വിഷം തളിച്ച് ബാക്കിയുള്ളവയെ സംരക്ഷിച്ച് രണ്ടുനാള്‍ക്കകം ചന്തയില്‍ വില്‍ക്കുന്ന പരോപകാരജീവികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ഈ കൊച്ചു കേരളം.


18). കാര്‍ക്കോടകന്‍ ഛര്‍ദ്ദിച്ച വിഷം കൈക്കുടന്നയിലേറ്റുവാങ്ങി ആയത് സ്വയം വിഴുങ്ങാന്‍ ഉദ്യമിച്ച സാക്ഷാല്‍ പരമശിവന്‍റെ അഭിനവ അവതാരങ്ങളെക്കൊണ്ട് നിറഞ്ഞ കേരളം, അതിനാല്‍ മദ്യം എന്ന പേരില്‍ വിഷം വിഴുങ്ങി പാമ്പായി തെക്കുവടക്ക് നിവര്‍ന്നുകിടക്കുന്നു!


19). കേരളം ഉണ്ടായതുതന്നെ ഒരു മഴുവില്‍നിന്നാണ്. കേരളത്തില്‍ ഇന്നും ഏറ്റവും അധികം പൂജിതമായ ആയുധവും മഴുതന്നെയാണ്. മുറ്റത്തെ മാവ് വെട്ടി നമ്മള്‍ ഇന്‍റര്‍ലോക്ക് ബ്ലോക്കുകളും ഗ്രാനൈറ്റും പാകുന്നു. തണല്‍ വെട്ടി നമ്മള്‍ നഗരത്തിന്‍റെ സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാക്കുന്നു. പൊതുമരമില്ലായ്മയാല്‍ മത്തുപിടിച്ച വകുപ്പായി പൊതുമരാമത്ത് വകുപ്പ് വാഴുന്നു.


20). ഇതൊക്കെയാണെങ്കിലും മലയാളി ദുരഭിമാനിയായിത്തന്നെ തുടരുന്നു. ലോകത്തിന്‍റെ ആത്മഹത്യാമുനമ്പായി മലയാളിയുടെ ദുരഭിമാനം മലയാളനാടിനെ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു. ആര്‍ക്കുമുന്നിലും തോറ്റുകൊടുക്കാത്ത, എന്നാല്‍ ഭൂമിമലയാളത്തില്‍ എല്ലായിടത്തും തോറ്റേ പോകുന്ന പാവം മലയാളഹൃദയം!!!

Recent Posts

bottom of page