

Key Takeaways:
* The importance of gratitude in everyday life and its cultural relevance.
*Incorporate gratitude into daily life for a rewarding journey.
ശുഭപ്രതീക്ഷകളുടെ പ്രതീകമായി ഇതാ ജനുവരിയിലെ സൂര്യോദയങ്ങള്‍. ഈ മഞ്ഞുകാലത്തിന്‍റെ ചുണ്ടിലുണ്ട് വസന്തത്തിലേക്കുള്ള സ്വാഗതവചനം. ശോഭനപ്രതീക്ഷകളിലേക്കു വാതില്‍ തുറക്കുമ്പോള്‍ നന്മയും സ്നേഹവും ഐശ്വര്യവും നിറയുന്നൊരു പുതുവര്‍ഷപൂര്‍ണിമ നമുക്കു പരസ്പരം ആശംസിക്കാം. ഡിസംബര്‍ 31- തീയതി രാത്രി പന്ത്രണ്ടിന് അടുത്തുകഴിഞ്ഞപ്പോള്‍, ലോകമെമ്പാടുമുള്ള ആളുകള്‍ പഴയ വര്‍ഷത്തെ വിടപറയാനും പുതിയൊരു വര്‍ഷത്തെ വരവേല്ക്കാനും ഒരുമിച്ചു കൂടുന്നു. പുതുവത്സരം വെറും കലണ്ടറിലെ മാറ്റമല്ല, പ്രതീക്ഷ, തീരുമാനം, പുതുതായുള്ള ആരംഭങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ ഒരു നിമിഷമാണ്.
ഒപ്പമുണ്ടാകുമെന്നു വിശ്വസിക്കുന്ന ഉറ്റവരുടെ കൈകൊണ്ടുതന്നെ ജീവന്‍ വെടിയേണ്ടിവരുന്നവരുടെ അവസാന നിലവിളി നമ്മുടെ പല വീടുകളില്‍നിന്നും ഉയരുകയാണ്. മനസ്സുകള്‍ ഇടുങ്ങിപ്പോയതും സ്നേഹത്തിന്‍റെയും കരുതലിന്റെയ ും മഴവില്ലുകള്‍ മാഞ്ഞുപോകുന്നതും, ആര്‍ത്തിയോടെ പടവെട്ടി മുന്നേറുമ്പോള്‍ വഴിയില്‍ നഷ്ടപ്പെടുന്ന മൂല്യങ്ങളും, നന്മയുടെ പാഠങ്ങളും പ്രതീക്ഷയുടെ സൂര്യ കിരണങ്ങളെ മറയ്ക്കുകയാണ്. മാതൃഹത്യയും, പിതൃഹത്യയും, ബാലഹത്യയും, സുഹൃദ്ഹത്യയും 'ക്രിമിനല്‍ കേരള'ത്തിന്‍റെ ദുര്‍മുഖമുദ്രകളായി.
കളങ്കിതമല്ലാത്ത കൈകള്‍ ഹൃദയത്തോടു ചേര്‍ത്തുവച്ചു വേണം നാം ശുഭപ്രതീക്ഷകളിലേക്കുള്ള വാതില്‍ തുറക്കാന്‍. സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ക്കൊപ്പം തുടിക്കേണ്ട മനസ്സിലെ സ്പര്‍ശിനികള്‍ നാം തിരിച്ചെടുക്കേണ്ടതുണ്ട്. നന്മയിലേക്കുള്ള വഴികള്‍ മറക്കാതിരിക്കാന്‍, കരുണയും കരുതലും ജീവിതത്തില്‍നിന്നു മാഞ്ഞുപോകാതിരിക്കാന്‍, പ്രതീക്ഷകളിലേക്കു ലക്ഷ്യബോധത്തോടെ കൈകോര്‍ത്തു മുന്നേറാ ന്‍ നമുക്ക്കഴിയണം. നന്ദിയുടെ ഒരു ഹൃദയവും സംസ്കാരവും നമ്മില്‍ വളര്‍ത്തിയെടുക്കാന്‍, സ്നേഹലിപികളാല്‍ കേരളത്തെ അടയാളപ്പെടുത്താന്‍ നമുക്കു മനസ്സൊരുക്കാം. ഈ സുന്ദരദിനം, ഈ പുതുവര്‍ഷം ഹൃദയാര്‍ദ്രമായ തിരിച്ചറിവുകളിലേക്കുള്ള ഉണര്‍ത്തുപാട്ടു കൂടിയാകട്ടെ.
ജീവിതത്തിന്‍റെ വ്യഗ്രതകള്‍ക്കിടയില്‍ ഒരു നുള്ള് നന്മയായി പൂവിടണ്ട സുകൃതമാണ് 'നന്ദി'. അത് കിട്ടുന്നയാളുടെ മാത്രമല്ല, പറയുന്നയാളുടേയും മനസ്സ് നിറക്കുന്നു. ഇരുവരും ആ നിമിഷം പ്രകാശിതരാകുന്നു. ഇരുവരുടേയും തീവിതം ഒരു പൊന്‍തൂവലുകൊണ്ട് കൂട്ടിക്കെട്ടിയതായി തോന്നുന്നു. 'നന്ദി' വെറുവാക്കായി നില്‍ക്കാതെ, മനുഷ്യപ്പറ്റുള്ളതായാല്‍ അത് കൂടുതല്‍ പ്രകാശമുള്ളതാകുന്നു. നന്ദി പറയുമ്പോള്‍ നീ ചെയ്തു തന്ന ഉ പകാരത്തെ ഞാന്‍ ചിന്തിക്കുന്നു, നന്ദിയോടെ ഞാന്‍ അത് ഓര്‍ത്ത് വെക്കുന്നു എന്ന് പറയാതെ പറയുകയാണ്.
വേദപുസ്തകത്തില്‍ ക്രിസ്തു പത്ത് കുഷ്ടരോഗികളെ സുഖപ്പെടുത്തുന്ന രംഗമുണ്ട്. അവര്‍ക്ക് സൗഖ്യം കിട്ടിയതിനു ശേഷം 'ഒരാള്‍ താന്‍ സുഖപ്പട്ടു എന്ന് കണ്ട് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് മടങ്ങിവന്നു.' അയാള്‍ നന്ദിപറഞ്ഞു കൊണ്ട് യേശുവിന്‍റെ കാല്‍ക്കല്‍ കമിഴ്ന്നുവീണു. അപ്പോള്‍ യേശു ചോദിച്ചു: "പത്തുപേരല്ലേ സുഖപ്പെട്ടത്, ബാക്കി ഒന്‍പത് പേര്‍ എവിടെ?" (17:15-18). നമ്മില്‍ ചൊരിയപ്പെട്ട അനുഗ്രഹങ്ങള്‍ക്ക് നന്ദി ആഗ്രഹിക്കുന്ന ദൈവം. ജീവിതം വലിയ ദാനമാണെന്ന് തിരിച്ചറിയാത്ത ഒമ്പത് പേര്‍, സര്‍വ്വതും നിന്‍ദാനം എന്ന് കൃതജ്ഞതാസ്തോത്രം ആലപിക്കുന്ന ഒരാള്‍. എത്ര സ്വീകരിച്ചിട്ടാണ് നാമോരുത്തരും ഇത്രയും വളര്‍ന്നത്.
കണ്ണുനിറയാന്‍ മാത്രം കാരണങ്ങള്‍ ജീവിതം ഓരോനിമിഷവും കരുതിവെച്ചിട്ടും കണ്ണ് നിറയാത്തതെന്തേ? ജീവിതം നിഷേധിച്ചവയോര്‍ത്ത് നാം ഉറക്കെയും നിശബ്ദമായും കരയുന്നു. എന്നാല്‍ നമ്മുടെ അനുദിനജീവി തപരിസരത്തുനിന്ന് പെറുക്കിയെടുത്ത ഒരു പട്ടിക നോക്കൂ.
റോഡ് ക്രോസ് ചെയ്യാന്‍ വാഹനം നിര്‍ത്തി തരുന്നവര്‍.
കാല്‍വഴുതി വീഴാന്‍ പോകുമ്പോള്‍ പെട്ടെന്നൊരു കൈത്താങ്ങ് നല്‍കുന്ന അപരിചിതന്‍.
നമ്മളെ ആദ്യം കയറിപ്പോകാന്‍ അനുവദിക്കുന്നയാള്‍.
നമുക്കുവേണ്ടി വാതില്‍ തുറന്നു പിടിച്ചു തരുന്നയാള്‍.
ബസിന്‍റെ സീറ്റില്‍ നമ്മുടെ ഇരുപ്പ് സുഖകരമാക്കാന്‍ ഇത്തിരി ഒതുങ്ങിയിരിക്കുന്നയാള്‍.
സ്റ്റോപ്പില്ലാത്തിടത്തും ഔദാര്യപൂര്‍വം ബസ് നിര്‍ത്താന്‍ മണിയടിക്കുന്ന കണ്ടക്ടര്‍. ബസ് നിര്‍ത്തി സഹായിക്കുന്ന ഡ്രൈവര്‍.
ട്രെയിനില്‍ കുറച്ച് ഒതുങ്ങിയിരുന്ന് നമ്മെക്കൂടി ഇരുന്ന് യാത്രചെയ്യാന്‍ അനുവദിക്കുന്ന സഹയാത്രിക/ന്‍
സഞ്ചാരത്തിനായൊരുങ്ങുന്ന ലിഫ്റ്റ് ഓടിയെത്തുന്ന അപരിചിതനായി പിടിച്ച് നിര്‍ത്തുന്നയാള്‍.
ചാര്‍ജ് തീര്‍ന്ന മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ചാര്‍ജര്‍ തന്നു സഹായിക്കുന്ന അപരിചിതന്‍.
ലാപ്ടോപ്പിന്‍റെ പ്രശ്നം ഒരു വിരല്‍സ്പര്‍ശം കൊണ്ട് പരിഹരിക്കുന്ന സഹപ്രവര്‍ത്തകന്‍.
താഴെവീണ ഒരു പുസ്തകം കുനിഞ്ഞ് എടുത്തു തരുന്ന ഒരാള്‍.
വഴിയരികിലെ ചായ പീടികയില്‍ നിന്ന് ചായ കുടിച്ച ശേഷം പൈസ കൊടുത്തപ്പോള്‍ 'ചില്ലറ തരൂ' എന്ന് തെല്ല് ഈര്‍ഷ്യയോടെ സംസാരിച്ച കടക്കാരന് സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്ത് കൊടുക്കുന്ന അപരിചിതന്‍.
അങ്ങനെ അങ്ങനെ... പട്ടിക ഇനിയും നിങ്ങള്‍ക്ക് നീട്ടാവുന്നതേ ഉള്ളൂ. പ്രതിഫലം കൈപ്പറ്റാതെ നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന അപരിചിതര്‍.
പ്രതിഫലം കൊടുത്ത് നാം വാങ്ങുന്ന സേവനങ്ങള്‍ വേറെയുമുണ്ട്. അത് കുറിക്കാന്‍ തുടങ്ങിയാല്‍ പട്ടിക അനന്തമായി നീളും.
'താങ്ക് യു' എന്നതാണ് ഒരാള്‍ക്ക് ചൊല്ലാന്‍ കഴിയുന്ന ഏറ്റവും മികച്ച പ്രാര്‍ത്ഥന. ഞാനത് ഒരുപാട് തവണ ചൊല്ലാറുണ്ട്. അതില്‍ എളിമയും, കടപ്പാടും വലിയ തിരിച്ചറിവുമുണ്ട്.- ആലിസ് വോക്കര്‍ - അമേരിക്കന്‍ എഴുത്തുകാരി.
'ഒരു നുള്ള് നന്ദി'
ക്ഷമയോടെ വായിച്ച നിങ്ങള്‍ക്ക് ഇമ്മിണി ബല്ല്യ നന്ദി, സ്നേഹം.
'താങ്ക് യൂ'- ഒരു സംസ്കാരവും പ്രാര്‍ത്ഥനയും
ഫാ. ഷാജി സി എം ഐ
അസ്സീസി മാസിക, ജനുവരി 2026





















