top of page

പ്രളയാനന്തരമാനവികതയും പവിത്രസമ്പദ്വ്യവസ്ഥയും

Feb 10, 2019

4 min read

ഡോ. റോയി തോമസ്
picture of writer sara joseph

പ്രളയാനന്തരമാനവികത

പ്രളയകാലത്ത് ഒന്നിച്ചുനിന്ന നാം തുടര്‍ന്നുള്ള മാസങ്ങളില്‍ ചിതറിത്തെറിക്കുന്നത് നാം കണ്ടു. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിലുണ്ടായ അഭികാമ്യമല്ലാത്ത പരിണാമസ്ഥിതി അലോസരപ്പെടുത്തുന്നതാണ്. സമൂഹത്തെ ഇരുണ്ടകാലത്തിലേക്കു മടക്കിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന തമോശക്തികള്‍ വര്‍ധിതവീര്യത്തോടെ രംഗത്തുവന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ 'പ്രളയാനന്തരമാനവികത ശബരിമലയുടെ പശ്ചാത്തലത്തില്‍' എന്ന ബി. രാജീവന്‍റെ ഗ്രന്ഥം അവതരിപ്പിക്കുന്ന ചിന്തകള്‍ അത്യന്തം പ്രസക്തമാണ്. വര്‍ഗീയവാദത്തിന്‍റെ വളര്‍ച്ചയും വികാസവും എങ്ങനെ നമ്മുടെ നാടിനെ ഇരുണ്ടതാക്കുന്നുവെന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്.

സത്യാനന്തരകാലത്ത് നുണകള്‍ സത്യത്തിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. സംഘപരിവാര്‍ ശക്തികള്‍ നമുക്കിടയില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നതെന്ന് രാജീവന്‍ വിവരിക്കുന്നു. 'പ്രളയക്കെടുതിക്ക് സമാനമായ ഒരു ഭീഷണിയായിത്തന്നെയാണ് കേരളീയ സമൂഹത്തിന്‍റെ ജീവിതലോകം ഇന്ന് ഇതിനെ അഭിമുഖീകരിക്കുന്നത്' എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 'യുവജനതയും സ്ത്രീകളും അധ്വാനിക്കുന്ന ബഹുജനതയും ഉയര്‍ത്തിപ്പിടിക്കുന്ന നവമാനവികതയുടെ മൂല്യങ്ങളും സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ സ്ത്രീവിരുദ്ധവും കീഴാളവിരുദ്ധവുമായ നവസവര്‍ണയാഥാസ്ഥിതികമൂല്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ്' ഇപ്പോള്‍ നടക്കുന്നത്. സ്നേഹത്തിന്‍റെ, ഏകാന്തതയുടെ ഭാഷയ്ക്കുപകരം ഭിന്നിപ്പിന്‍റെ സ്വരമാണ് നാം കേള്‍ക്കുന്നത്. നവോത്ഥാനമൂല്യങ്ങള്‍ പ്രക്ഷീണമാകുന്നത് നമ്മുടെ ജീവിതത്തിന്‍റെ വെളിച്ചം തല്ലിക്കെടുത്തും എന്നതാണ് സത്യം. ധാര്‍മ്മികമായ നവോത്ഥാനപദ്ധതി തുടരേണ്ടതിന്‍റെ പ്രാധാന്യവും രാജീവന്‍ എടുത്തുകാണിക്കുന്നു. 

വിമോചനസമരത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രതിലോമശക്തികള്‍ എങ്ങനെയാണ് വേരുറപ്പിച്ചതെന്ന് രാജീവന്‍ വിശദമായി അന്വേഷിക്കുന്നുണ്ട്. ആ ശക്തികള്‍ വര്‍ത്തമാനകാലത്ത് വര്‍ദ്ധിതവീര്യത്തോടെ ഉയര്‍ന്നുവന്ന് സമൂഹത്തെ ഇരുട്ടിന്‍റെ കുഴികളിലേക്ക് വലിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നു. വിശ്വാസത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ നമ്മെ ലജ്ജിപ്പിക്കുന്നതാണ്. ആധുനികസമൂഹത്തിന് ഒട്ടും യോജിക്കാത്ത പരിണാമത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഭവിച്ച ബലക്ഷയവുമായി സംഘപരിവാര്‍ ശക്തികളുടെ വളര്‍ച്ചയ്ക്കു ബന്ധമുണ്ട് എന്നാണ് രാജീവന്‍ നിരീക്ഷിക്കുന്നത്. 'നവഹൈന്ദവരാഷ്ട്രീയത്തിന്‍റെ രണോത്സുകവും പുരുഷാധിപത്യപരവും മുസ്ലീംവിരുദ്ധവുമായ ബിംബാവലികളുടെ സഞ്ചരിക്കുന്ന പ്രകടനമായി' അതു മാറി. ഭരണഘടനയെപ്പോലും  ഈ ശക്തികള്‍ ബഹുമാനിക്കുന്നില്ല. 'ഇന്ത്യന്‍ ജീവിതത്തിന്‍റെ ജനാധിപത്യപരമായ തൃഷ്ണകളുടെ വേരറുത്തുകൊണ്ടു മാത്രമേ അവര്‍ക്ക് അവരുടെ ലക്ഷ്യത്തിലേക്കു നീങ്ങാന്‍ കഴിയൂ' എന്നാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്. ഒന്നിപ്പിക്കുക എന്നതല്ല ശിഥിലമാക്കുക എന്നതാണ് അതിന്‍റെ രീതി. അതേവരെ ഒരേ ജീവിതസമരത്തില്‍ പങ്കാളികളായവര്‍, ഒരുമിച്ച് കളികളിലേര്‍പ്പെട്ടിരുന്നവര്‍, ഓരോ കൂട്ടരുടെയും ഉത്സവങ്ങളില്‍ ആര്‍ത്തുവിളിച്ചവര്‍, നഷ്ടങ്ങളിലും ദുഃഖങ്ങളിലും പരസ്പരം ആത്മാര്‍ത്ഥമായി പങ്കുചേരാന്‍ കഴിഞ്ഞവര്‍, പെട്ടെന്ന് മറ്റൊരുതരം മനുഷ്യരായി മറ്റൊരു ബന്ധഘടനയിലേക്ക് അവരറിയാതെ വെട്ടിത്തിരിക്കപ്പെടുകയാണ്. ഇത് വളരെ പ്രധാനമാണ്. 'മനുഷ്യജീവിതത്തെ ഒരു വികസ്വരപ്രതിഭാസമാക്കുന്ന അടിസ്ഥാനജനാധിപത്യനൈതികതയുടെ, ജനകീയമായ ജനാധിപത്യത്തിന്‍റെ ഉന്മൂലനമാണ്' സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ ആശങ്കപ്പെടുന്നു. ജീവിതത്തിന്‍റെ പച്ചപ്പിനെ കരിച്ചുകളഞ്ഞുകൊണ്ടാണ് ഫാസിസ്റ്റുശക്തികള്‍ ലക്ഷ്യത്തിലേക്ക് യാത്രചെയ്യുന്നതെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

കീഴാളജനാധിപത്യത്തിന്‍റെ ശക്തിയെക്കുറിച്ചുള്ള അന്വേഷണം രാജീവന്‍ നടത്തുന്നത് ശ്രദ്ധേയമാണ്. 'ഇന്ത്യന്‍ ജനാധിപത്യത്തെ ഒരു യാഥാര്‍ത്ഥ്യവും ശക്തിയുമാക്കി മാറ്റുന്നത് മേലാളന്മാരുടെ അധികാരപ്രയോഗത്തിനും ചൂഷണരൂപങ്ങള്‍ക്കും എതിരായ കീഴാള ജനസഞ്ചയത്തിന്‍റെ ചെറുത്തുനില്പുകളും കുതിപ്പുകളും' ആണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ഈ ശക്തിയെ തളര്‍ത്താനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. 'ഫാസിസം സമൂഹത്തിന്‍റെ അടിത്തട്ടുകളെ ഗ്രസിക്കുന്ന സൂക്ഷ്മരാഷ്ട്രീയമാണ്. അങ്ങനെ അടിയില്‍നിന്നും ജനങ്ങളെ അവരുടെ സാമൂഹികജീവിതശക്തികള്‍ക്കും സ്വാതന്ത്ര്യതൃഷ്ണകള്‍ക്കും എതിരേ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയബാധയാണത്' എന്ന് രാജീവന്‍ പറയുന്നത് പ്രധാനമാണ്. 

മതത്തിന്‍റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടം കൈവരിക്കാനാണ് സംഘശക്തികള്‍ ശ്രമിക്കുന്നത്. വെറുപ്പിന്‍റെ രാഷ്ട്രീയമാണത്. "ഇന്ന് ഇന്ത്യയില്‍ മനുഷ്യര്‍ മതവിശ്വാസത്തിന്‍റെ പേരില്‍ ഭിന്നിപ്പിക്കപ്പെടുക മാത്രമല്ല, മതത്തെ ജനവിരുദ്ധമായി രാഷ്ട്രീയവത്കരിക്കുന്നതിലൂടെ മതഭീകരതയുടെ ഇരകളാകാന്‍ പാകത്തില്‍ ധാര്‍മ്മികമായി തകര്‍ക്കപ്പെടുകയും ചെയ്യുന്നു. ഇന്ന് ഇന്ത്യ ഇത്തരമൊരു ധാര്‍മ്മികത്തകര്‍ച്ചയുടെ ഭയങ്കരമായ ഗര്‍ത്തത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു." മതനിരപേക്ഷതയുടെ യഥാര്‍ത്ഥവീണ്ടെടുപ്പിലൂടെ മാത്രമേ ഈ മാറ്റത്തെ പ്രതിരോധിക്കാനാവൂ എന്നു ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. 

എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന മനുഷ്യര്‍ അവരുടെ വിശ്വാസങ്ങളുടെ ബാഹ്യാചാരങ്ങള്‍ക്കപ്പുറം, പ്രത്യയശാസ്ത്രഭിന്നതകള്‍ക്കപ്പുറം സമന്മാരും സഹോദരരും ആയിത്തീരുന്ന അതിരുകളില്ലാത്ത മാനവികതയുടെ മണ്ഡലം രൂപംകൊള്ളേണ്ടതിന്‍റെ ആവശ്യകതയാണ് രാജീവന്‍ ചൂണ്ടിക്കാണിക്കുന്നത്. ബാഹ്യവും ആന്തരികവുമായ ജനാധിപത്യവത്കരണപ്രക്രിയയാണ് നവോത്ഥാനം എന്ന് നാം തിരിച്ചറിയണം. നവോത്ഥാനം സാംസ്കാരികജീര്‍ണ്ണതയ്ക്കെതിരായി ആവര്‍ത്തിക്കുന്ന ഒരു പ്രക്രിയയാണെന്ന് നാം തിരിച്ചറിയണം. 'പണ്ടൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം നമ്മുടെ മതരാഷ്ട്രീയജീവിതം ഫാസിസ്റ്റ് ജീര്‍ണതയില്‍ വലയം ചെയ്യപ്പെട്ടിരിക്കുന്ന ഇക്കാലത്ത് മറ്റൊരു നവോത്ഥാനത്തിനായി നാം ഉണരേണ്ടിയിരിക്കുന്നു' എന്ന് രാജീവന്‍ ആഹ്വാനം ചെയ്യുന്നു. (പ്രളയാനന്തരമാനവികത-ബി. രാജീവന്‍-ഡി. സി. ബുക്സ്).

 

പവിത്രമായ സമ്പദ്വ്യവസ്ഥ

ഇപ്പോള്‍ നിലവിലുള്ള സമ്പദ്വ്യവസ്ഥ മത്സരാധിഷ്ഠിതവും അസമത്വത്തിന് കാരണമാകുന്നതുമാണ്. അത് അധാര്‍മ്മികമാണ്. സമ്പദ്വ്യവസ്ഥ മാറ്റിക്കൊണ്ടുമാത്രമേ സന്തോഷവും സമാധാനവും സന്തുലിതാവസ്ഥയും തിരിച്ചെടുക്കാനാവൂ. ഇവിടെയാണ് ചാള്‍സ് ഐസന്‍ന്‍റൈന്‍ അവതരിപ്പിക്കുന്ന പരിപാവനമായ സമ്പദ്വ്യവസ്ഥയുടെ പ്രസക്തി. അദ്ദേഹം എഴുതിയ 'സേക്രട്ട് ഇക്കണോമിക്സ്' എന്ന പുസ്തകത്തിന്‍റെ വിവര്‍ത്തനമാണ് 'സമൃദ്ധിയുടെ സമ്പദ്വ്യവസ്ഥ.'  അസമത്വവും പട്ടിണിയും നിറയ്ക്കുന്ന അധാര്‍മ്മികമായ സമ്പദ്വ്യവസ്ഥയ്ക്കു പകരമാണ് 'പാവന സമ്പദ്വ്യവസ്ഥ' ചാള്‍സ് ഐസന്‍സ്റ്റൈന്‍ അവതരിപ്പിക്കുന്നത്. 

'പണത്തെയും ഇന്നത്തെ നമ്മുടെ സമ്പദ്വ്യവസ്ഥയെയും പ്രപഞ്ചത്തിലെ മറ്റെല്ലാറ്റിനെയുംപോലെ പവിത്രമാക്കാനുള്ള ശ്രമമാണ് ഞാന്‍ ഈ പുസ്തകത്തില്‍ നടത്തുന്നത്. ഇന്ന് പണം എല്ലാ തിന്മകളുടെയും മറുവാക്കാണ്. സാമൂഹിക, രാഷ്ട്രീയ മേഖലയിലെ നവീകരണങ്ങളുടെയെല്ലാം ശത്രുവായാണ് പണത്തെ കരുതുന്നത്. പണക്കൊതിയും പണത്തോടുള്ള ആര്‍ത്തിയും എല്ലാത്തരം അഴിമതികളിലേക്കും തിന്മയിലേക്കും നയിക്കുന്നു' എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. പ്രകൃതിയില്‍നിന്നും ഈ ലോകത്തുനിന്നും വേറിട്ടുനില്‍ക്കുന്നതല്ല പവിത്രത. അത് എല്ലാ മനുഷ്യവ്യവഹാരങ്ങളിലും ഉള്‍പ്പെടേണ്ട ചൈതന്യമാണ്. മനുഷ്യന്‍ ആരെന്ന കാതലായ ചോദ്യവും ചാള്‍സ് ഐസന്‍സ്റ്റൈന്‍ ഉന്നയിക്കുന്നു. 

നാമിന്ന് ജീവിക്കുന്നത് പവിത്രത ഏറെ നഷ്ടമായ ഒരു ലോകത്താണ്. കമ്പോളച്ചരക്കുകളുടെ സമാനതയും അഭിന്നതയും ആത്മാവിനെ മരവിപ്പിക്കുകയും ജീവിതത്തിന്‍റെ വിലയിടിക്കുകയും ചെയ്യുന്നു. ഗോത്രജനത ഓരോ ജീവിയിലും ഓരോ വസ്തുവിലും എന്തെങ്കിലും സവിശേഷത കണ്ടെത്തിയിരിരുന്നു. ഓരോന്നും അവര്‍ക്ക് അമൂല്യമായിരുന്നു. ആവശ്യങ്ങള്‍ പരസ്പരം നിറവേറ്റുന്ന സമൃദ്ധിയിലാണ് അവര്‍ ജീവിച്ചത്. എന്നാല്‍ ഇന്ന് പണം സമൃദ്ധിയെക്കാള്‍ ദൗര്‍ലഭ്യമാണ് സൃഷ്ടിക്കുന്നത്. ഇതിനു പകരം വരാനിരിക്കുന്ന സമ്പദ്വ്യവസ്ഥയുടെ വിവരണമാണ് ഗ്രന്ഥകാരന്‍ നടത്തുന്നത്. 

നാലു തലങ്ങളിലൂടെയാണ് ഗ്രന്ഥകാരന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. പണത്തിന് എന്താണ് കുഴപ്പം പറ്റിയത് എന്നതിന്‍റെ അടിസ്ഥാനപരമായ വിശകലനമാണ് ഒന്ന്. വ്യത്യസ്തമായ പണത്തെയും സമ്പദ്വ്യവസ്ഥയെയും ആധാരമാക്കിയ ഒരു ലോകത്തെക്കുറിച്ചുള്ള വിവരണമാണ് രണ്ടാമത്. ആ ലോകം സൃഷ്ടിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് മൂന്നാമത്. നാലാമതായി, ലോകപരിവര്‍ത്തനത്തിന്‍റെ വൈയക്തികമായ മാനങ്ങള്‍, സ്വത്വത്തിന്‍റെ മാററങ്ങള്‍ എന്നിവ അന്വേഷിക്കുന്നു.  മനുഷ്യജീവിതത്തിന്‍റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന മാറ്റങ്ങളാണ് ഗ്രന്ഥകാരന്‍ വിഭാവന  ചെയ്യുന്നത്. വേര്‍പിരിയലിന്‍റെ സമ്പദ്ശാസ്ത്രം, പുനരൈക്യത്തിന്‍റെ സമ്പദ്ശാസ്ത്രം, പുതിയ സമ്പദ് വ്യവസ്ഥ നഷ്ടമാകുമ്പോള്‍, നമ്മുടെ ഹൃദയം നമ്മോടു പറയുന്ന കൂടുതല്‍ സുന്ദരമായ ലോകം സാധ്യമാണ് എന്നീ അധ്യായങ്ങളിലൂടെ ഏറെ വ്യത്യസ്തമായ സമ്പദ്ശാസ്ത്രമാണ് ചാള്‍സ് ഐസന്‍സ്റ്റൈന്‍ അവതരിപ്പിക്കുന്നത്. 

'ഈ കാലഘട്ടത്തിലെ രൂക്ഷമാകുന്ന പ്രതിസന്ധികള്‍ക്ക് അടിയിലുള്ളത് വേര്‍പിരിയലിന്‍റെ പ്രതിഭാസമാണ്. പ്രകൃതിയും മനുഷ്യനും വേര്‍പിരിയുന്നു, സമൂഹം ശിഥിലമാകുന്നു, യാഥാര്‍ഥ്യം ആത്മീയവും ഭൗതികവും എന്ന് പിളരുന്നു. ഈ പിളര്‍പ്പ് നമ്മുടെ നാഗരികതയുടെ സമസ്തമേഖലകളിലുമുണ്ട്. സമ്പദ്ശാസ്ത്രത്തിലും ഈ വേര്‍പിരിയല്‍ പ്രതിഫലിക്കുന്നു.

വേര്‍പിരിയലിന്‍റെ കഥയിലെ ഒരു പ്രധാന ഘടകമാണ് പണം. വേര്‍പിരിയലിന്‍റെ അടിത്തറയില്‍ ഉയര്‍ന്നുവന്ന സമ്പദ്വ്യവസ്ഥ ഇന്ന് അപകടകരമായി മാറിയിരിക്കുന്നു. ഈ സമ്പദ്വ്യവസ്ഥയുടെ മുഖമുദ്രയായ സാമ്പത്തികധ്രുവീകരണവും അന്തമില്ലാത്ത വളര്‍ച്ചയും പരിസ്ഥിതിനാശവും സാമൂഹികഅസ്വസ്ഥതകളും അപരിഹാര്യമായ പ്രതിസന്ധിയും. ഇതിനു ബദലാണ് പുനരൈക്യത്തിന്‍റെ സമ്പദ് ശാസ്ത്രം. ശിഥിലമായ നമ്മുടെ സമൂഹങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും പരിസ്ഥിതിക്കും ഈ ഭൂമിക്കും കൈവരുത്താനുള്ളതാണ് ഈ സമ്പദ്ശാസ്ത്രം എന്നാണ് ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നത്. 

ചാള്‍സ് ഐസന്‍സ്റ്റൈന്‍ അവതരിപ്പിക്കുന്ന 'പവിത്രസമ്പദ്വ്യവസ്ഥ' ലോകത്തെ സമഗ്രമായി മാറ്റിമറിക്കുന്നതാണ്. പണത്തെക്കുറിച്ചുള്ള നമ്മുടെ  സങ്കല്പങ്ങളെ അദ്ദേഹം തകിടം മറിക്കുന്നു. ആത്മീയത നഷ്ടപ്പെട്ട കാലത്തിന് പവിത്രസമ്പദ്വ്യവസ്ഥ ആത്മാവുനല്‍കുന്നു. പണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടു മാറുമ്പോള്‍ നമ്മുടെ സ്വത്വംതന്നെ പരിവര്‍ത്തനവിധേയമാകുന്നു. 'പവിത്രസമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചിന്തകള്‍ നമ്മെ ആന്തരമായി കൂടുതല്‍ സമ്പന്നരാക്കുന്നു. (സമൃദ്ധിയുടെ സമ്പദ്വ്യവസ്ഥ -ചാള്‍സ് ഐസന്‍സ്റ്റൈന്‍- വിവ. പി. റ്റി. തോമസ് - ലിവിങ് എര്‍ത്ത് കളക്ടീവ്).

 

ആരു നീ?

സാറാ ജോസഫിന്‍റെ അതിമനോഹരമായ ഓര്‍മ്മക്കുറിപ്പുകളാണ് 'ആരു നീ' എന്ന പുസ്തകം. അവരുടെ കൃതികളില്‍ വന്നുനിറയുന്ന മനുഷ്യനും പ്രകൃതിയും ജീവിതവുമെല്ലാം മറ്റൊരു രൂപത്തില്‍ ഈ പുസ്തകത്തില്‍ കടന്നുവരുന്നു. മികച്ച വായനാനുഭവമാണ് ഈ കൃതി സമ്മാനിക്കുന്നത്. 'ആരാണ് നാം' എന്ന ചോദ്യത്തില്‍ നിന്നാണ് നമ്മുടെ കാതലായ അന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. 

അകം എഴുതാന്‍ എളുപ്പമല്ല എന്ന് സാറാ ജോസഫ് വ്യക്തമാക്കുന്നു. അകം കുഴിച്ചുപോകുമ്പോള്‍ പല പ്രശ്നങ്ങളുമുണ്ടാകും. 'നനവൊന്നും നനവല്ലെന്നും നീരുറവകളെന്ന് കരുതിയത് കണ്ണീര്‍ച്ചാലുകളാണെന്നും മനസ്സിലാകും' എന്ന് അവര്‍ തിരിച്ചറിയുന്നു. എങ്കിലും ഓര്‍മ്മകള്‍ വന്നുനിറയുന്നത് നാം കാണുന്നു. മാതാപിതാക്കളും കുട്ടിക്കാലവും വിവാഹജീവിതവും എല്ലാം  സ്വാഭാവികമായി വാര്‍ന്നുവീഴുന്നു. സന്തോഷവും സന്താപവും അന്വേഷണങ്ങളും എല്ലാം ഒഴുകിയെത്തുന്നു. ഒരു എഴുത്തുകാരിയുടെ ഹൃദയമാണ് നമുക്കു മുന്നില്‍ തുറക്കപ്പെടുന്നത്. ചെറിയ ഓര്‍മ്മകള്‍പോലും നമ്മെ രൂപപ്പെടുത്തിയതിന്‍റെ ചരിത്രം പറയുന്നുവെന്ന് ഈ  എഴുത്തുകാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തെളിയിക്കുന്നു. 

ആഹാരവും വസ്ത്രവുമെല്ലാം ഗ്രന്ഥകാരി ചര്‍ച്ചാവിഷയമാക്കുന്നു. 'അടുക്കളയെ തിരിച്ചുപിടിക്കുക' എന്ന് ആഹ്വാനം ചെയ്ത എഴുത്തുകാരി പഴയ രുചികളെ നമുക്കായി കാട്ടിത്തരുന്നു. ആഹാരത്തിലും വസ്ത്രധാരണത്തിലുമെല്ലാം രാഷ്ട്രീയമുണ്ടെന്ന് നാം മനസ്സിലാക്കുന്നു. ക്രിയാത്മകമായി ഉപയോഗിക്കേണ്ട പണം ആഡംബരത്തിന് വിനിയോഗിക്കുന്ന സ്ത്രീകളെക്കുറിച്ച് സാറാ ജോസഫ് സൂചിപ്പിക്കുന്നുണ്ട്. 

'കാലം  തന്ന മുറിവുകളും വേദനകളും നിന്ദകളും അപമാനങ്ങളും അഗാധദുഃഖങ്ങളുമെല്ലാം കാലത്തിനുതന്നെ കൊടുത്തിട്ടാണ്' അവര്‍ യാത്ര തുടര്‍ന്നത് എന്ന് നാമറിയുന്നു. കാലം മാറിയപ്പോള്‍ എല്ലാം മാറി. മനുഷ്യനു ചുറ്റുപാടുകളും പരിസ്ഥിതിയും എല്ലാം മാറ്റത്തിനു വിധേയമായി. ഈ മാറ്റത്തില്‍ പല സന്തോഷങ്ങളും സ്നേഹവും രുചികളുമെല്ലാം നഷ്ടമായത് സാറാജോസഫ് അറിയുന്നു. ഓര്‍മ്മകളിലൂടെ ഇവ തിരിച്ചെടുക്കാന്‍ കഴിയുമോ എന്നാണ് അവര്‍ അന്വേഷിക്കുന്നത്. എല്ലാ ചുട്ടുനീറ്റങ്ങളും ശീലമാകുമ്പോള്‍ മാറിക്കൊള്ളും എന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. 

യേശുവിനെക്കുറിച്ചുള്ള സാറാടീച്ചറിന്‍റെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധാര്‍ഹമാണ്. എല്ലാ കഷ്ടതകളും അനുഭവിക്കാന്‍ കരുത്തുനല്കിയത് യേശുവാണെന്ന് അവര്‍ പറയുന്നുണ്ട്. "എല്ലാവര്‍ക്കുമുള്ളത് ധാരാളമായി കരുതിവെച്ചിട്ടുണ്ട് ഭൂമി. ചിലര്‍ അറപ്പുരകള്‍ കെട്ടി ശേഖരിക്കുകയും കൂട്ടിവെയ്ക്കുകയും ചെയ്യുകയാലാണ് അനേകര്‍ക്ക് ദാരിദ്ര്യം ഉണ്ടാകുന്നത് എന്ന് അവര്‍ നിരീക്ഷിക്കുന്നു. "പള്ളിയും അതുതന്നെയാണ് ചെയ്തത്. സ്നേഹം പഠിപ്പിക്കാനായി അലഞ്ഞുനടന്ന നിസ്സ്വനായ മനുഷ്യന്‍റെ പേരില്‍ സ്ഥാപിക്കപ്പെട്ട പള്ളിയും പ്രസ്ഥാനവും വന്‍സ്വത്തുടമയും അധികാരിയുമായി മാറി' എന്ന വിമര്‍ശവും പ്രധാനമാണ്. പള്ളി ആയിരിക്കേണ്ടത് ദരിദ്രരുടെയും വേദനിക്കുന്നവരുടെയും നിസ്വാര്‍ത്ഥരുടെയും ഒപ്പമാണ് എന്നും അവര്‍ സൂചിപ്പിക്കുന്നു. 

'സ്വപ്നത്തകര്‍ച്ചകളിന്മേലാണ് യാഥാര്‍ത്ഥ്യത്തിന്‍റെ അസ്തിവാരം നാം കെട്ടിപ്പൊക്കുന്നത് എന്നറിയുന്ന സാറാ ജോസഫ് സ്ത്രീകളുടെ ജീവിതത്തെപ്പറ്റിയും ചിന്തിക്കുന്നുണ്ട്. സ്വതന്ത്രയാവാന്‍ ആഗ്രഹിച്ചവര്‍ക്ക് അതിനാകുന്നില്ല എന്നവര്‍ അറിയുന്നു. സ്വന്തം മക്കളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എഴുതുമ്പോള്‍ എഴുത്തുകാരിയുടെ മനസ്സ് തെളിഞ്ഞുനില്‍ക്കുന്നു. സ്വത്വം രൂപപ്പെട്ടുവന്ന കഥയാണീ പുസ്തകം പറയുന്നതെന്നു നാം അറിയുന്നു. (ആരു നീ- സാറാ ജോസഫ്- ഡി. സി. ബുക്സ്).


ഡോ. റോയി തോമസ്

0

0

Featured Posts