top of page

തേനിലെത്തുവോളം

Nov 5

3 min read

ഡോ. റോയി തോമസ്
Book Cover

ജീവിതത്തിന് പല സാധ്യതകളുണ്ട്. തിരക്കിനിടയില്‍, ഓട്ടപ്പന്തയത്തിനിടയില്‍ ഈ സാധ്യതകള്‍ നാം തിരിച്ചറിയാറില്ല. ചുറ്റുമുള്ള പലതിനോടും ഉദാസീനരായി, സ്വയം തിരക്കുകള്‍ക്ക് എറിഞ്ഞുകൊടുത്തിട്ട് നാം ഓടിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ജീവിതത്തിന്‍റെ ചില സൂക്ഷ്മചാരുതകള്‍ നമ്മില്‍ നിന്ന് വഴുതിപ്പോകുന്നു. എന്നാല്‍ ചിലര്‍ വളരെ പതുക്കെ നീങ്ങുന്നവരുണ്ട്. പുറത്തെ വേഗങ്ങളെ ഗൗനിക്കാതെ അവര്‍ നടന്നുനീങ്ങുന്നു. ചുറ്റും നോക്കി, ഓരോ സൂക്ഷ്മഭംഗികളെയും ആവാഹിച്ച് നീങ്ങുന്ന അവര്‍ തിടുക്കപ്പെടുന്നില്ല. അങ്ങനെയുള്ളവര്‍ കാണുന്ന കാഴ്ചകള്‍ ലാവണ്യമാര്‍ന്നവയാണ്. ജെനി ആന്‍ഡ്രൂസിന്‍റെ 'തേനിലെത്തുവോളം' എന്ന പുസ്തകം ലാവണ്യം നിറഞ്ഞ കാഴ്ചകളുടെ, കേള്‍വികളുടെ, രുചികളുടെ, സ്പര്‍ശങ്ങളുടെ അനുഭൂതി പകരുന്നതാണ്. തിടുക്കത്തിനിടയില്‍ നാം കാണാതെ പോകുന്ന സൂക്ഷ്മതകളെ ഗ്രന്ഥകാരി കാണിച്ചുതരുന്നു. ജീവിതത്തിന്, നമ്മുടെ യാത്രകള്‍ക്ക് ഇങ്ങനെയും ഒരു സാധ്യതയുണ്ടല്ലോ എന്ന് ജെനി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


"പ്രകൃതിയും പഞ്ചഭൂതങ്ങളും ഒരുക്കുന്ന ശാന്തജീവിത സാധ്യതകളിലേക്ക് കണ്‍തുറക്കുന്ന കുറിപ്പുകളാണ് ഇവ. ചുറ്റിനും നിന്ന് തേന്‍ ശേഖരിക്കല്‍. ജീവിതം, അന്യഥാ, പരുഷവും കലുഷവുമാണ് എന്ന് വിലയിരുത്തപ്പെടുന്ന കാലത്തോട്, ലളിത സൗന്ദര്യാത്മകതയുടെയും ആഗ്രഹപരിമിതികളുടെയും ശാന്തസ്ഥായിയില്‍ വര്‍ത്തിച്ചുകൊണ്ട് ജീവിതത്തിന്‍റെ ആര്‍ദ്രതയും തെളിച്ചവും കണ്ടെടുക്കാനുള്ള ശ്രമം. ഒരുപക്ഷേ, ശ്രമം പോലുമല്ല. നൈസര്‍ഗ്ഗികമായ ഇച്ഛ. പുല്‍നാമ്പില്‍ ധ്വനിക്കുന്ന ജലത്തുള്ളിയില്‍, ഭൂമിയുടെ കാന്തി കാണുമ്പോലെ രൂപപ്പെട്ടു വന്നിട്ടുള്ള ഏതെങ്കിലും യോഗാത്മകദര്‍ശനങ്ങളുടെ ഭാഗമല്ല, അത്. ഒരു ഉള്‍വിടരല്‍ മാത്രം" എന്ന് കെ. ബി. പ്രസന്നകുമാര്‍ അവതാരികയില്‍ കുറിക്കുന്നത് പുസ്തകത്തെ ശരിയായി അടയാളപ്പെടുത്തുന്നു.


'നാദമുദ്രിതം' എന്ന കുറിപ്പ് ഇഷ്ടപ്പെട്ട സംഗീതനിമിഷങ്ങളെക്കുറിച്ചാണ്. നമ്മെ ആഴത്തില്‍ തൊടുന്ന പാട്ടുകള്‍ ചില വിസ്മയനിമിഷങ്ങള്‍ സമ്മാനിക്കുന്നു. 'സംഘര്‍ഷങ്ങള്‍ ലോകമെങ്ങും അന്ധമായി അഴിഞ്ഞാടുമ്പോഴും അര്‍പ്പിതരായി ചില വിനീതര്‍ ലോകത്ത് അങ്ങിങ്ങ് അവരുടെ നേരങ്ങള്‍ ചെലവഴിക്കുന്നു'. ആ നേരങ്ങള്‍ നമുക്ക് നാദത്തിന്‍റെ, സംഗീതത്തിന്‍റെ ലാവണ്യങ്ങള്‍ പകര്‍ന്നുതരുന്നു.

'കാറ്റിനോടു ചേര്‍ന്നവനാണ്' ബാഷോ. ഹൈക്കു കവിതകളുടെ ആചാര്യന്‍. അസാധാരണ നിമിഷങ്ങള്‍ വാക്കില്‍ പകര്‍ന്നവന്‍. 'പ്രത്യാശയുടെ ഒരു തിരിനാളം' തെളിച്ചു നിര്‍ത്തുന്നവന്‍. 'ഇരുട്ടിനെ വകഞ്ഞും വെളിച്ചത്തെ കണ്ടെത്തുന്നവന്‍'. "ബാഷോയുടെ ഓരോ കൊച്ചു പരാമര്‍ശവും ധ്യാനാത്മകമായ ഓരോ വിസ്തൃതിയാണ്. നൂറ്റാണ്ടുകളെയും പുണര്‍ന്നുകൊണ്ടു പ്രസരിക്കുന്ന ഒരു നിത്യസുഗന്ധമാണ്, വിമലീകരണമാണ് ബാഷോ' എന്ന് ജെനി കുറിക്കുന്നു. 'യാത്ര തന്നെയാണ് വസതി' എന്നു വിശ്വസിച്ച കവി. മനസ്സിനെ തുറക്കുന്ന ചെറിയ ജാലകങ്ങളായി ബാഷോയുടെ ഹൈക്കു കവിതകള്‍ ശോഭിക്കുന്നു.


തബ്രീസിലെ ഷംസിനെ ഓര്‍ക്കുമ്പോള്‍ യോഗാത്മകതയുടെ പുതിയ വഴികള്‍ തെളിയുന്നു. മതത്തിനും ആചാരങ്ങള്‍ക്കും ഉപരിയായ ഒരു തെളിച്ചം. 'അനശ്വരതയുടെ ഒരു കണിക ഇപ്പോള്‍ സജീവമാകുന്നു' എന്ന് ജെനി. 'നടപ്പുവഴികളെ സൂക്ഷ്മത്തില്‍ അളന്ന് ചുവടു വയ്ക്കേണ്ടിയിരിക്കുന്നു' എന്ന് ഓര്‍മിപ്പിക്കുന്നു. ഇങ്ങനെയും ചില സാധ്യതകള്‍ നമ്മെ തഴുകി നില്‍ക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു.

'വിളക്കുകളും വെളിച്ചവും' എല്ലാ ചരിത്രസന്ധികളിലും നിലനില്‍ക്കുന്നു. നാം കാണുന്നില്ല എന്നു മാത്രം. ആത്മീയതയുടെ പാതയില്‍ സഞ്ചരിച്ചവര്‍ ഇടകലരുമ്പോള്‍ മതിലില്ലാതെയുള്ള ഒറ്റ വിസ്തൃതി ബോധ്യപ്പെടുന്നു. അവിടെ ജാതിയോ മതമോ ഒന്നുമില്ല. 'മതിലുകള്‍ ഒന്നുമില്ലാതിരുന്ന ലോകത്തു നിന്ന് നിറയെ മതിലുകളുള്ള ലോകത്തേക്ക് മനുഷ്യര്‍ എത്തിനില്‍ക്കുന്നു'. മതിലുകള്‍ക്ക് ഉയരം കൂടി വരികയാണ്.


'സകലത്തെയും പ്രത്യക്ഷമാക്കുന്ന ഏകചൈതന്യം' എന്ന സത്യം ഇവിടെ അപ്രസക്തമാകുന്നു. ഈ വേലിക്കെട്ടുകള്‍ മായ്ച്ചുകളയാതെ ശാന്തമായ വാഴ്വ് അസാധ്യമാണ്. 'ചിന്തകളിലെ ഇളക്കങ്ങള്‍ ഇളകിമാറേണ്ടിയിരിക്കുന്നു' എന്ന് ജെനി ഓര്‍മ്മിപ്പിക്കുന്നു. 'ദേവാലയത്തിലെത്തി അനുഷ്ഠാനങ്ങളില്‍ പങ്കെടുത്ത്' അവിടെ തീര്‍ത്തിട്ടു പോരുവാനുള്ളതല്ല ആത്മീയത. ശുദ്ധിയോടെയും ഹൃദയത്തികവോടെയും ചെയ്യുന്ന കര്‍മ്മമോരോന്നും, ചിന്തയോരോന്നും പൂജയാണ്. ശ്രദ്ധകൊടുത്ത് അവ ചെയ്യുമ്പോള്‍ സകലതും അതില്‍ സംഗമിക്കുകയാണ്, ദൈവവും മനുഷ്യനും പ്രകൃതിയും എല്ലാം എന്നതാണ് ജെനിയുടെ ദര്‍ശനം. എല്ലാറ്റിന്‍റെയും ആധാരം ഒന്നെന്ന എളിയ തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ കലഹങ്ങള്‍ അവസാനിക്കുന്നു. 'മതത്തിന്‍റെയും വംശത്തിന്‍റെയും സംസ്കാരത്തിന്‍റെയും വ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാവരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങള്‍' എന്ന ചിന്ത ഇന്ന് ഏറെ പ്രധാനമാണ്.


നമ്മുടെ ദേവാലയങ്ങളും ആരാധനകളുമെല്ലാം ചമയങ്ങളാണ്. അലംകൃതമാണ്; ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞതാണ്. ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് ആത്മീയത ചോര്‍ന്നുപോയിരിക്കുന്നു. 'ചമയങ്ങളാണ് ഇന്ന് എവിടെയും. നമ്മുടെ ദേവാലയങ്ങള്‍ക്കും അധികമളവിലെ ചമയങ്ങള്‍' എന്ന് ജെനി കാണുന്നു. 'ദേവാലയത്തിനാവശ്യം സ്വച്ഛതയായിരിക്കെ എന്തിന് ആര്‍ഭാടപ്പെരുക്കങ്ങള്‍?' എന്ന് ചോദിക്കുകയും ചെയ്യുന്നു. 'ബലിവേദിക്കു ചുവടേ കൈകൂപ്പി നിന്ന് ഹൃദയത്തിലെ ഒരു വരിയെങ്കില്‍ ഒരുവരി പ്രാര്‍ത്ഥന ചൊല്ലി പൂവായ് അര്‍പ്പിക്കേണ്ടിടത്ത്, മെഴുകുതിരിയായ് മിഴികള്‍ ഉരുകേണ്ടിടത്ത്, അളവു മറന്നുള്ള പ്രതാപമുദ്രകള്‍ പ്രാര്‍ത്ഥനാലയത്തിന്‍റെ അര്‍ത്ഥത്തെ മറച്ചുനിര്‍ത്തുകയാണ്' എന്ന് പറയാന്‍ ഗ്രന്ഥകാരി മറക്കുന്നില്ല.


'തേനിലെത്തുവോളം' തേനിച്ച മുരണ്ടുകൊണ്ടിരിക്കും. 'അസ്തിത്വത്തിന്‍റെ സുഗന്ധം ലഭിച്ചുതുടങ്ങുവോളം നാമെല്ലാം മുരണ്ടുകൊണ്ടിരിക്കുന്നു', വാഗ്ദാനങ്ങള്‍ നടത്തുന്നു, വിലപിക്കുന്നു. അടക്കമില്ലാതെ ഓരോന്നിനും പിന്നാലെ കുതിക്കുന്നു'. ശരിയായ അറിവിന്‍റെ സുഗന്ധം ലഭിച്ചുതുടങ്ങുമ്പോള്‍ ഉള്ളില്‍ സന്തുലനമുണ്ടാകുന്നു. ആത്മതത്വം തിരിച്ചറിയുമ്പോള്‍ അടക്കം വര്‍ധിച്ചുവരുന്നു. ആത്മതത്വം അറിയാത്തവന്‍ കലമ്പിക്കൊണ്ടിരിക്കും.


'ചുറ്റുമതിലുകളുയരുമ്പോഴും അന്വേഷിയുടെ വേരുകള്‍ മതിലുകളെയെല്ലാം പിളര്‍ന്ന് പടരുകയാണ്.' ആ വേരുകള്‍ക്ക് അതിരില്ലാത്ത മഹാവിസ്തൃതിയെ ആലിംഗനം ചെയ്യുവോളം പടരാനാവും. അല്ലാത്തവര്‍ മതിലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു; പടരാനാവാതെ. ഉള്ളിന്‍റെയുള്ളിലെ പരമകേന്ദ്രത്തില്‍ വാഴുന്ന പൊരുളിലേയ്ക്ക് 'യാത്ര ചെയ്യുന്നവന് തടസ്സങ്ങളില്ല.' 'ഒരു മഹായുറവയില്‍ നിന്ന് അടര്‍ന്നെത്തിയ തുള്ളി അതിന്‍റെ തികവിനെ തിരിച്ചറിയുന്നിടമാണ്' യഥാര്‍ത്ഥ അന്വേഷി തേടുന്നത്.


'യാത്രാവഴിയില്‍ വന്നുപോയി മറയുന്ന, അത്ര സംഭ്രമകരമല്ലാത്ത, ദുഃഖനാഴികകളിലെങ്കിലും കരുതല്‍ ജീവിതത്തോടു പുലര്‍ത്താവുന്നതേയുള്ളു. മനോഹാരിതകള്‍ പലത് ജീവിതത്തെ വലം വെച്ച് എപ്പോഴും നിന്നുതരുന്നുണ്ട്. കാഴ്ചയെ ജാഗ്രമാക്കി നുകരേണ്ട നനുത്ത തലോടലുകള്‍: ദുഃഖവേളയൊരെണ്ണം വീര്‍പ്പുമുട്ടിച്ച് ചുറ്റിനില്‍ക്കെ പൊടുന്നനെയാവും ഏതോ കാര്യത്തിലെ സ്വാന്ത്വനമെത്തുക. വിയര്‍ത്തുനില്‍ക്കേ ചെറുകാറ്റ് വീശിയാലെന്നോണം' എന്നു കുറിക്കുമ്പോള്‍ ഗ്രന്ഥകാരിയുടെ വീക്ഷണം വ്യക്തമാകുന്നു. കാഴ്ചാരീതികള്‍ മാറ്റിയാല്‍ മാത്രമേ ജീവിതത്തെ അര്‍ത്ഥപൂര്‍ണമായി ഗ്രഹിക്കാനാവൂ എന്ന് സാരം. 'പ്രത്യാശയുടെ ഇത്തിരി നന്മ എപ്പോഴും എവിടെയോ ശേഷിക്കുന്നുണ്ട്' എന്ന് വിളിച്ചുപറയുന്ന കുറിപ്പുകളാണ് ഈ പുസ്തകത്തെ മനോഹരമാക്കുന്നത്. പാരസ്പര്യത്തിന്‍റെ മഹാദര്‍ശനമാണ് വാക്കുകളില്‍ വന്നു നിറയുന്നത്. മനുഷ്യനും പ്രകൃതിയും ഈശ്വരനുമെല്ലാം സംഗമിക്കുന്ന ദര്‍ശനം. യാത്രകളെ സാധനകളാക്കുന്നത് നാമറിയുന്നു. എല്ലാ ഇന്ദ്രിയങ്ങളും ജാഗ്രത്തായ എഴുത്തുകാരിയുടെ സൂക്ഷ്മദര്‍ശനം മറ്റൊരു സാധ്യത നമുക്കു മുന്നില്‍ തുറന്നിടുന്നു. അശാന്തികള്‍ നിറയുന്ന കാലത്ത് ഇങ്ങനെയും വഴികളുണ്ട് എന്നറിയുക പ്രധാനമാണ്. ഡിജിറ്റല്‍ സത്തയുടെ കാലത്ത് യഥാര്‍ത്ഥ സത്തയിലേക്കുള്ള സഞ്ചാരമാണ് 'തേനിലെത്തുമ്പോള്‍' കാണിച്ചുതരാന്‍ ശ്രമിക്കുന്നത്. തേനിലെത്താത്തവരുടെ ശബ്ദകോലാഹലങ്ങള്‍ നിറയുന്ന തെരുവീഥികളില്‍ ചിലര്‍ നിശ്ശബ്ദ സഞ്ചാരം തുടരുന്നു. അവര്‍ പുതിയ വെളിച്ചം കണ്ടെത്തുന്നു. (തേനിലെത്തുവോളം - ജെനി ആന്‍ഡ്രൂസ്, മഷിക്കൂട്ട് ഇംപ്രിന്‍റ്).

അക്ഷരം തേനിലെത്തുവോളം

ഡോ. റോയി തോമസ്

അസ്സീസി മാസിക, നവംബർ 2025

Nov 5

1

81

Recent Posts

bottom of page