top of page

പശ്ചിമഘട്ടത്തിന്‍റെ കാവല്‍ക്കാരന്‍

Feb 1

3 min read

ഡോ. റോയി തോമസ്
Book Cover of the book by Madhav Gadgil

Key Takeaways:

  • This article by Dr. Roy Thomas, "Aksharam," about the environmentalist Madhav Gadgil.

  • It discusses Gadgil's work on the Western Ghats and his autobiography, 'Western Ghats: A Love Story'.

ഒരു റിപ്പോര്‍ട്ടിന്‍റെ പേരില്‍ ധാരാളം ചീത്തവിളികളും ആക്രമണങ്ങളും നേരിട്ട പരിസ്ഥിതി ദാര്‍ശനികനായ മാധവ് ഗാഡ്ഗില്‍ വിടവാങ്ങി. അത്ഭുതപ്പെടുത്തുന്ന കര്‍മ്മമേഖലകളിലൂടെ യാത്ര നടത്തിയ മഹാപണ്ഡിതനായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തെക്കുറിച്ച് ആധികാരികമായ അറിവുകള്‍ അദ്ദേഹം നേടിയെടുത്തു. ചാരുകസേരയിലിരിക്കുന്ന ദാര്‍ശനികനായിരുന്നില്ല ഗാഡ്ഗില്‍. അദ്ദേഹം നടന്നുതീര്‍ത്ത വഴികള്‍ അനേകം കാതങ്ങളാണ്. മൃതസംസ്കാരച്ചടങ്ങുകളിലും വളരെക്കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളു എന്നതില്‍നിന്ന് അദ്ദേഹം സത്യം വിളിച്ചുപറഞ്ഞവനാണെന്നു മനസ്സിലാക്കാം. പോസ്റ്റ്ട്രൂത്ത് കാലഘട്ടത്തില്‍ സത്യത്തിന് വിലയിടിവുണ്ടാവുക സ്വാഭാവികം. ഭാവിയില്‍ പശ്ചിമഘട്ടത്തിനും നമുക്കും നിലനില്‍ക്കണമെങ്കില്‍ ഗാഡ്ഗില്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ സഞ്ചരിക്കേണ്ടിവരും എന്നതാണ് വാസ്തവം.


എന്തുകൊണ്ടാണ് നാം ഗാഡ്ഗിലിനെ എതിര്‍ത്തത്. നാം ജീവിക്കുന്ന ജീവിതത്തില്‍ തിരുത്തലുകള്‍ ആവശ്യമാണെന്നു വിളിച്ചുപറഞ്ഞതാണ് അദ്ദേഹത്തിന്‍റെ അപരാധം. പശ്ചിമഘട്ടത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ വാദങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യനുവേണ്ടിയുള്ളതായിരുന്നു. താന്‍ നേടിയെടുത്ത ശാസ്ത്രീയമായ തിരിച്ചറിവുകള്‍ ജനകീയമാക്കാനാണ് ഗാഡ്ഗില്‍ പരിശ്രമിച്ചത്. എന്നാല്‍ നാം അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ഏതു രാജ്യത്തും ഉന്നതപദവിയില്‍ എത്തിപ്പെടാന്‍ ജ്ഞാനമുള്ള ഗാഡ്ഗില്‍ സ്വന്തം രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിച്ചത്. അദ്ദേഹത്തിന്‍റെ അഗാധവും വിശാലവുമായ കണ്ടെത്തലുകള്‍ ഭാവികാലം തിരിച്ചറിയാനിരിക്കുന്നതേയുള്ളു.


മാധവ് ഗാഡ്ഗിലിന്‍റെ ആത്മകഥയാണ് 'പശ്ചിമഘട്ടം ഒരു പ്രണയകഥ'. ഈ ഗ്രന്ഥം ചെറിയൊരു വിജ്ഞാനകോശമാണ്. ഗ്രന്ഥകാരന്‍റെ വൈജ്ഞാനിക ലോകത്തിലൂടെയുള്ള യാത്ര നമ്മെ അമ്പരപ്പിക്കും. പരിസ്ഥിതിശാസ്ത്രജ്ഞന്‍ മാത്രമല്ല, ദാര്‍ശനികനുമാണ് അദ്ദേഹം എന്ന് നാം തിരിച്ചറിയും. മണ്ണും മരങ്ങളും സസ്യജാലങ്ങളും ജീവജാലങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ പഠനങ്ങളുടെ ഭാഗമാകുന്നു. ഉറുമ്പിന്‍റെ പോലും അവകാശത്തിനുവേണ്ടി അദ്ദേഹം വാദിക്കുന്നു. മനുഷ്യകേന്ദ്രിതമല്ല ഗാഡ്ഗിലിന്‍റെ പരിസ്ഥിതിദര്‍ശനം. മനുഷ്യന്‍ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ്. ഭൂമിയുടെ അവകാശികള്‍ മനുഷ്യന്‍ മാത്രമല്ല എന്ന ദര്‍ശനത്തില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ ചിന്തകള്‍ വികസിക്കുന്നത്.


പശ്ചിമഘട്ടത്തോടുള്ള പ്രണയത്തെക്കുറിച്ച് ഗാഡ്ഗില്‍ ഇപ്രകാരം കുറിക്കുന്നു: "ഞാന്‍ എന്‍റെ ബാല്യകാലത്തുതന്നെ നിത്യകന്യകയായ ഈ യുവസുന്ദരിയുമായി പ്രണയത്തിലായിരുന്നു. വളരുംതോറും അവളോടുള്ള എന്‍റെ പ്രണയം ദൃഢവും ആര്‍ദ്രവുമായി വളര്‍ന്നു". ആ വളര്‍ച്ചയുടെ ചരിത്രമാണ് ഗാഡ്ഗിലിന്‍റെ ആത്മകഥ. 'ക്രമേണ പ്രകൃതിയുടെ നൈസര്‍ഗ്ഗികമായ വൈവിധ്യങ്ങളില്‍ ജീവനെ നിലനിര്‍ത്തുന്ന അതിന്‍റെ ശാദ്വലതയില്‍ ഞാന്‍ അനുരക്തനാവുകയായിരുന്നു' എന്നാണ് അദ്ദേഹം എഴുതുന്നത്.


'സംസ്കാരത്തിന്‍റെ ബഹുമുഖമായ ആവിഷ്കാരങ്ങളില്‍ ഞാന്‍ അതീവതത്പരനാണ്' എന്നെഴുതുന്ന ഗാഡ്ഗിലിന്‍റെ കാഴ്ചപ്പാട് അതിവിശാലമാണ്. ജാതിമതങ്ങളുടെ അതിര്‍വരമ്പുകള്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്നില്ല. ശാസ്ത്രത്തിന്‍റെ വഴിയാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചത്.


ഗാഡ്ഗിലിന്‍റെ വൈജ്ഞാനിക താല്പര്യങ്ങള്‍ക്ക് പരിധികളില്ല. "നിരന്തരമായ വായനകളിലൂടെ പരിധികളില്ലാത്ത വിജ്ഞാനം ആര്‍ജിക്കണമെന്ന അഭിലാഷം എന്നില്‍ ദൃഢമായി വളര്‍ന്നു. എന്നാല്‍ പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല എന്‍റെ ജ്ഞാനസമ്പാദനം. മൂര്‍ത്തമായ അനുഭവങ്ങളിലൂടെ അത് പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്യുമായിരുന്നു" എന്നാണ് അദ്ദേഹം പ്രസ്താവിക്കുന്നത്. "ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ ഫീല്‍ഡില്‍ ഗവേഷണങ്ങള്‍ നടത്തുക മാത്രമായിരുന്നില്ല, അടിത്തട്ടിലുള്ള ഇന്ത്യക്കാരുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുകയും ചെയ്യുക എന്നതാണ് എന്‍റെ രീതി". ജീവിതാവസാനം വരെ ഈ വഴിയിലൂടെയാണ് ഗാഡ്ഗില്‍ സഞ്ചരിച്ചത്.


'വിഭവങ്ങളുടെ സുസ്ഥിരമായ ഉപഭോഗവുമായി ബന്ധപ്പെട്ട വിചാരങ്ങള്‍ക്കപ്പുറം മനുഷ്യന്‍റെ ആത്മീയവും സൗന്ദര്യാത്മകവുമായ ആനന്ദത്തിനുവേണ്ടി പ്രകൃതിയെ അതിന്‍റെ മൂലരൂപത്തില്‍ പരിപാലിക്കാനുള്ള ആഗ്രഹവും മനുഷ്യന്‍ വച്ചുപുലര്‍ത്താറുണ്ട്' എന്നതാണ് വസ്തുത. ഇങ്ങനെ പരിപാലിക്കപ്പെടുന്നതിന് വിഘാതം വരുത്തുമ്പോഴാണ് പ്രകൃതി താളം തെറ്റുന്നത്. താളം തെറ്റിയ പ്രകൃതിയെ സന്തുലിതമാക്കാനുള്ള ശ്രമങ്ങളിലാണ് ഗാഡ്ഗില്‍ ജീവിതകാലം മുഴുവന്‍ വ്യാപൃതനായിരുന്നത്. ശാസ്ത്രത്തെ മനുഷ്യജീവിതവുമായി സംയോജിപ്പിച്ചാണ് അദ്ദേഹം തന്‍റെ ദര്‍ശനം രൂപപ്പെടുത്തിയത്. പരിസ്ഥിതി നൈതികതയെ അദ്ദേഹം മുറുകെപ്പിടിച്ചു. ഈ നൈതികതയാണ് ഗാഡ്ഗിലിനെ നിസ്വാര്‍ത്ഥമായ അന്വേഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരിപ്പിച്ചത്. മനുഷ്യര്‍ പുലര്‍ത്തേണ്ട പാരിസ്ഥിതിക വിവേകത്തെക്കുറിച്ച് അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ നാം അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ വികസന വിരുദ്ധന്‍ എന്ന് മുദ്രകുത്തി ഒഴിവാക്കാന്‍ ശ്രമിച്ചു.


"ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ നിലനില്‍ക്കുന്ന ഏതൊരു സങ്കല്പവും വസ്തുതാപരമായ തെളിവുകളാല്‍ പരിശോധിക്കപ്പെടണം എന്നതാണ് എന്‍റെ കാഴ്ചപ്പാട്". ഈ കാഴ്ചപ്പാട് ഗാഡ്ഗിലിന്‍റെ അന്വേഷണങ്ങളുടെ അടിത്തറയാണ്. ജനങ്ങള്‍ ആവാസവ്യവസ്ഥയെ എത്ര മൂല്യമുള്ളതായി കാണുന്നു എന്നതാണ് പ്രശ്നം. ആവാസവ്യവസ്ഥ നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ബോധവാന്മാരും അതിന്‍റെ ഗുണഫലങ്ങള്‍ ദീര്‍ഘകാലത്തേക്കു ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിനെ സംരക്ഷിക്കുകയും വേണം എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആവാസവ്യവസ്ഥയെ തകര്‍ക്കുമ്പോള്‍ അതിന്‍റെ സേവനങ്ങള്‍ നമുക്കു കിട്ടാതാവുന്നു. ആധുനിക സാമ്പത്തികശക്തികളുടെ സമ്മര്‍ദ്ദത്തിനു വിധേയപ്പെട്ട് നാം പാരിസ്ഥിതികവിവേകം നഷ്ടപ്പെടുത്തുന്നതായി ഗാഡ്ഗില്‍ ചൂണ്ടിക്കാണിക്കുന്നു.


ജൈവവൈവിധ്യ സംരക്ഷണത്തിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തുകാണിക്കുന്നു. "ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ വികസനത്തിന്‍റെ ദൃഷ്ടികേന്ദ്രം ഓരോ പ്രദേശത്തിന്‍റെയും ആന്തരികശക്തിക്ക് അനുസൃതമായിരിക്കേണ്ടതാണ്" എന്ന് ഗാഡ്ഗില്‍ നിര്‍ദ്ദേശിക്കുന്നു. പ്രദേശത്തിന്‍റെ സവിശേഷതകള്‍ക്കനുസരിച്ച് വികസന കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാകണമെന്നു സാരം. ഇന്ത്യയിലെ സമ്പന്നരായ നഗരവാസികളും ദരിദ്രരായ ഗ്രാമീണരും തമ്മിലുള്ള വിടവ് കണക്കിലെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പരിസ്ഥിതിയെ പരിഗണിച്ചു മാത്രമെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാവൂ എന്നതാണ് അദ്ദേഹത്തിന്‍റെ സുചിന്തിതമായ അഭിപ്രായം. ഇല്ലെങ്കില്‍ നാളെ എന്നത് പ്രതിസന്ധികള്‍ നിറഞ്ഞതാകും. സുസ്ഥിര വികസനത്തിനായിട്ടാണ് ഗാഡ്ഗില്‍ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത്. അതിനു തടസ്സം നില്‍ക്കുന്ന വികസന കാഴ്ചപ്പാടുകളെ അദ്ദേഹം തള്ളിപ്പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം പലര്‍ക്കും അസ്വീകാര്യനായിത്തീര്‍ന്നത്.


'ഓരോ പദ്ധതിയെയും സാങ്കേതിക-പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയെന്ന ധീരവും വ്യക്തവുമായ സമീപനം ആവശ്യപ്പെടുന്നുണ്ട്' എന്നതാണ് ഗാഡ്ഗില്‍ മുന്നോട്ടു വയ്ക്കുന്ന ദര്‍ശനം. അതാണ് സമഗ്രമായ ദര്‍ശനം. ഇതില്ലാതെ വരുന്നതുകൊണ്ടാണ് നമ്മുടെ വികസനം അസന്തുലിതമായി മാറുന്നത്. 'ജൈവവൈവിധ്യത്തിന്‍റെ സമ്പൂര്‍ണ്ണമായ നാശത്തെ തടഞ്ഞുനിര്‍ത്തുന്നതിന് വികസനതന്ത്രത്തില്‍ നയപരമായ ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാണ്' ഗാഡ്ഗില്‍ നിര്‍ദ്ദേശിക്കുന്നത്.


തന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെപ്പറ്റി ഗാഡ്ഗില്‍ പറയുന്നു: "രാജ്യത്തിന്‍റെ വിഭവങ്ങളുടെ ശാസ്ത്രീയമായി മെച്ചപ്പെട്ട വിവേകപൂര്‍ണ്ണമായ പരിപാലനത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ശാസ്ത്രീയവും ഗൗരവവുമായ ബൃഹത്തായ പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്" എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. "ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന ജനാഭിമുഖ്യമുള്ള വികസനത്തിനു ശുപാര്‍ശ ചെയ്ത പശ്ചിമഘട്ട വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിനെ താറടിച്ചുകാണിക്കാനാണ് ദുഷ്പ്രചാരകര്‍ ശ്രമിചച്ചത്' എന്നും അദ്ദേഹം എടുത്തുപറയുന്നു. ഖനനം പരിസ്ഥിതിയെ മാത്രമല്ല സമൂഹത്തിന്‍റെ സാമൂഹികവും ധാര്‍മ്മികവുമായ ഇഴകളെയും ഗുരുതരമായി പരിക്കേല്പിക്കുന്നുവെന്ന വസ്തുത തിരിച്ചറിയാത്തവര്‍ ഗാഡ്ഗിലിന്‍റെ പഠനങ്ങളെ എതിര്‍ക്കുന്നു.


പാരിസ്ഥിതികാഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന വികസനപദ്ധതികളെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ഇല്ലെങ്കില്‍ ഭാവിജീവിതം ഇരുണ്ടതാകും എന്ന് ഈ ക്രാന്തദര്‍ശി മുന്നറിയിപ്പു തരുന്നു.


'പ്രകൃതി അഭിവൃദ്ധിപ്പെടുന്നത് അതിനെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ജനങ്ങള്‍ പ്രേരിപ്പിക്കപ്പെടുമ്പോഴാണ്. ജനങ്ങളുടെ ഉത്സാഹത്തിലൂടെ മാത്രമേ അത് സാദ്ധ്യമാവുകയുള്ളു' എന്നതാണ് ഗാഡ്ഗില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാട്. അദ്ദേഹം ശ്രമിച്ചതും ഈ ഉത്സാഹം ജനങ്ങള്‍ക്കു പകര്‍ന്നുനല്‍കാനാണ്. രാജ്യത്തെ സ്വാഭാവിക ആവാസവ്യവസ്ഥ പലതരത്തില്‍ നശിപ്പിക്കപ്പെടുന്നുണ്ട് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 'ഭാവിതലമുറയ്ക്കുവേണ്ടിയുള്ള കരുതലും പരിസ്ഥിതിയെ ശരിയായ രീതിയില്‍ പരിപാലിക്കലും ഉത്തരവാദിത്വത്തിന്‍റെ ഭാഗമാണ്' എന്നു മനസ്സിലാക്കിയ ഒരു വിവേകിയായ മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ നാം അദ്ദേഹത്തെ മനസ്സിലാക്കാനെങ്കിലും ശ്രമിക്കണം. 'പശ്ചിമഘട്ടം ഒരു പ്രണയകഥ' എന്ന ആത്മകഥ അതിനുള്ള പ്രചോദനം നല്‍കുന്നു.


(പശ്ചിമഘട്ടം ഒരു പ്രണയകഥ - മാധവ് ഗാഡ്ഗില്‍ - മാതൃഭൂമി ബുക്സ്)


പശ്ചിമഘട്ടത്തിന്‍റെ കാവല്‍ക്കാരന്‍

ഡോ. റോയി തോമസ്

അസ്സീസി മാസിക, ഫെബ്രുവരി 2026

Feb 1

0

Related Posts

Recent Posts

bottom of page