top of page

വിജയവും പരാജയവും

Dec 2, 2025

2 min read

��ഡോ. റോയി തോമസ്
Medha patkar in a strike

എന്താണ് വിജയം? എന്താണ് പരാജയം? നിര്‍വചനം സുസാധ്യമല്ല. വിജയത്തെയും പരാജയത്തെയും ആപേക്ഷികമായി നിര്‍ണയിക്കേണ്ടിവരും. പരാജയപ്പെട്ടവരുള്ളതു കൊണ്ടാണ് വിജയികളും ഉണ്ടായത്. ഒരു തരത്തില്‍ ചിന്തിച്ചാല്‍ ജയപരാജയങ്ങളില്ല; ഓരോരോ അവസ്ഥകള്‍ മാത്രമാണ് ഉള്ളത്.


ജയപരാജയങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവര്‍ നേടിയ വിജയമാണ്. ദയനീയവിജയം എന്നു വിശേഷിപ്പിക്കാവുന്ന ജയം. പരാജയപ്പെട്ടവരെക്കാള്‍ വിജയികള്‍ ഹൃദയവ്യഥ പേറിനടന്ന ദുരന്താനുഭവം. ബന്ധുമിത്രാദികളെ നിഷ്കരുണം കൊന്നിട്ട് നേടുന്ന ജയം പരാജയത്തെക്കാള്‍ ദുരന്തം കലര്‍ന്നതാണ്. അധര്‍മ്മത്തിന്‍റെ വഴിയിലാണ് നടന്നതെന്ന യാഥാര്‍ഥ്യം യുധിഷ്ഠിരനെ വേട്ടയാടുന്നു. കൊന്നുതള്ളിയത് തന്‍റെ സഹോദരനെയായിരുന്നു എന്നു മനസ്സിലാക്കുമ്പോള്‍ അദ്ദേഹം അറ്റമില്ലാത്ത കുറ്റബോധത്തില്‍ അകപ്പെടുന്നു. പാണ്ഡവരുടെ വിജയത്തിനു പിന്നില്‍ അധര്‍മ്മത്തിന്‍റെ ശക്തിയുണ്ട് എന്ന ബോദ്ധ്യമാണ് ഈ ബോധത്തിനു പിന്നിലുള്ളത്.

യുദ്ധത്തിലുള്ള വിജയം, തിരഞ്ഞെടുപ്പുകളിലുള്ള വിജയം, മറ്റു വ്യക്തികളുടെമേല്‍ നാം കൈവരിക്കുന്ന ചെറിയ ചെറിയ ജയങ്ങള്‍... എന്നിങ്ങനെ ജയങ്ങള്‍ ഭിന്നമുഖങ്ങളുള്ളവയാണ്. അനേകം മനുഷ്യരെ, സ്ത്രീകളെ, കുഞ്ഞുങ്ങളെ കൊന്നുതള്ളി നേടുന്ന വിജയത്തിനെന്തര്‍ഥം! ഹ്രസ്വകാലത്തേക്കു മാത്രം ഭൂമിയില്‍ സന്ദര്‍ശനത്തിനെത്തിയ നാം ഈ ലോകത്തെ നരകമാക്കിയിട്ട് നേടുന്ന വിജയങ്ങള്‍ക്ക് കാലപ്രവാഹത്തില്‍ വലിയ അര്‍ഥമൊന്നുമില്ല.


അധര്‍മ്മത്തിനെതിരെയുള്ള, അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ വിജയത്തെക്കാള്‍ പരാജയങ്ങളാണുണ്ടായിട്ടുള്ളത്. സുഗതകുമാരി പറഞ്ഞതുപോലെ 'പരാജയപ്പെടുന്ന യുദ്ധത്തിലെ പടയാളിക'ളും ചരിത്രത്തില്‍ ധാരാളമുണ്ട്. എങ്കിലും അവര്‍ നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്‍റെ ഭാഗമാണ്. മനുഷ്യവംശം മുന്നോട്ടു പോയത് വിജയികളുടെ തോളിലിരുന്നു മാത്രമല്ല എന്നോര്‍ക്കുക. ചില മഹത്തായ പരാജയങ്ങളും നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. മേധാ പട്കര്‍ ദശകങ്ങളായി നടത്തുന്ന പോരാട്ടം നീതിക്കുവേണ്ടിയുള്ളതാണ്. പരാജയങ്ങള്‍ ഏറെയുണ്ടെങ്കിലും ആദര്‍ശധീരതയുടെ കരുത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. നീതിയും അനീതിയും തമ്മില്‍ മുഖാമുഖമെത്തുമ്പോള്‍ പലപ്പോഴും അനീതി മേല്‍ക്കൈ നേടുന്നത് നാം കാണാറുണ്ട്. അനീതിയുടെ വിജയം ആഘോഷിക്കപ്പെടേണ്ടതല്ല. നീതിയുടെ പക്ഷത്തുനിന്നിട്ട് പരാജയങ്ങള്‍ ഉണ്ടായാലും അത് മഹത്തായ പരാജയമാണ്. മഹദ് വ്യക്തികളെല്ലാം ഒരു തരത്തില്‍ നോക്കിയാല്‍ പരാജയപ്പെട്ടവരാണ്. ബുദ്ധന്‍റെയും ക്രിസ്തുവിന്‍റെയും ഗാന്ധിയുടെയുമെല്ലാം ജീവിതത്തില്‍ പരാജയത്തിന്‍റെ സന്ദര്‍ഭങ്ങള്‍ കാണാന്‍ സാധിക്കും. ക്രിസ്തുവിനെ കുരിശില്‍ തറച്ചുകൊന്നെങ്കിലും ഉയിര്‍പ്പിലൂടെ ഒരു തിരിച്ചുവരവും ഉണ്ടാകുന്നു. ഗാന്ധിജിയെ വെടിവെച്ചു കൊന്നെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച ദര്‍ശനങ്ങള്‍ ഇപ്പോഴും ലോകത്തെ പ്രചോദിപ്പിക്കുന്നു. ഗാന്ധിയന്‍ ആശയങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടക്കുമ്പോഴും അവ ഉയിര്‍ത്തെണീറ്റുകൊണ്ടിരിക്കുന്നത് നാം കാണുന്നു. താല്ക്കാലികവിജയങ്ങളില്‍ അഭിരമിക്കുന്നവര്‍ ഓര്‍ക്കുന്നില്ല, കാലം എല്ലാറ്റിനും കണക്കു തീര്‍ക്കുമെന്ന്. ദിഗ്വിജയിയായി എല്ലാം അടക്കിവാണ ഹിറ്റ്ലര്‍ അണ്ടര്‍ഗ്രൗണ്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.


ഭൗതികവിജയങ്ങളും നേട്ടങ്ങളും ജീവിതവിജയമായി കണക്കാക്കുന്ന കാലമാണിത്. സമ്പത്തിന്‍റെ വര്‍ധനവില്‍ വിജയികളായി നടിക്കുന്നവര്‍ ആത്മാവ് പണയം വച്ചവരാണ്. എല്ലാവരും വാരിക്കൂട്ടാനുള്ള ഓട്ടത്തിലാണ്. ശാന്തിതീരമണയാതെ ഒടുങ്ങുന്ന ഓട്ടപ്പന്തയത്തെ വിജയമെന്ന് എങ്ങനെ കണക്കാക്കും. സന്തോഷവും സമാധാനവും ഉള്ള ജീവിതമല്ലേ വിജയിച്ച ജീവിതം! അങ്ങനെ ചിന്തിക്കുമ്പോള്‍ ജീവിതവിജയം അത്ര എളുപ്പമല്ല. നമ്മുടെ ജീവിതദര്‍ശനവും മൂല്യബോധവുമാണ് വിജയത്തിന്‍റെ അര്‍ഥത്തെ നിര്‍ണയിക്കുന്നത്.

ഓരോ മനുഷ്യനും തന്‍റെ താഴെയുള്ളവന്‍റെ മേല്‍ വിജയിച്ചതായി കരുതുന്നു. ദുര്‍ബലന്‍റെ മേല്‍ നേടിയ വിജയത്തെ ആഘോഷിക്കുന്നവര്‍ എത്ര ചെറിയവരാണ് എന്നോര്‍ക്കുക. ഭരണതലങ്ങളിലും സ്ഥാപനങ്ങളിലും സമൂഹത്തിലുമെല്ലാം ഇത്തരം വ്യക്തികളുണ്ട്. പ്രതികരിക്കില്ല എന്നുറപ്പുള്ളപ്പോള്‍ ഹിംസാത്മകമാകുന്ന അധികാരം ശക്തന്‍റെ അടുത്തെത്തുമ്പോള്‍ തൊഴുതുനില്‍ക്കുന്നു. തനിക്കു കീഴിലുള്ളവരോട് എപ്രകാരം പെരുമാറുന്നു എന്നതാണ് മഹത്വത്തെ നിര്‍ണയിക്കുന്നത്. നീതിബോധമില്ലാത്തവന്‍റെ വിജയം വെളിച്ചമുള്ളതല്ല. വാരിക്കൂട്ടിയതും വെട്ടിപ്പിടിച്ചതും ഈ ഭൂമിയില്‍ അവശേഷിപ്പിച്ച് ശൂന്യഹസ്തങ്ങളുമായി യാത്ര പറയേണ്ടവരാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവര്‍ നൈമിഷികമായ വിജയപരാജയങ്ങളില്‍ അഭിരമിക്കാറില്ല. ഏതു തോല്‍വിയില്‍ നിന്നും ഉയിര്‍ത്തെണീറ്റുവന്ന മനുഷ്യരാണ് ദുര്‍ബലന് പ്രലോഭനം.


അധര്‍മ്മത്തിലൂടെ, അനീതിയിലൂടെ നേടുന്ന വിജയം പരാജയത്തെക്കാള്‍ ദയനീയമാണ് എന്ന് ഉറപ്പിച്ചു പറയാം. അങ്ങനെ വിജയികളായി വിരാജിക്കുന്നവരെ കാലം വലിച്ചുതാഴെയിടും എന്നതില്‍ സന്ദേഹമില്ല. രാജ്യങ്ങളും സമൂഹങ്ങളും വ്യക്തികളും വിജയിക്കാനുള്ള നെട്ടോട്ടത്തിലാണ്. 'വില്‍ റ്റു പവര്‍' എന്നു പറയുംപോലെ 'വില്‍ റ്റു വിക്ടറി' എന്നതാണ് ഏവരെയും നയിക്കുന്ന ആദര്‍ശം. നീതിയെക്കുറിച്ചോ ധര്‍മ്മത്തെക്കുറിച്ചോ പലരും ചിന്തിക്കുന്നില്ല. അധര്‍മ്മത്തിലൂടെ നേടിയ വിജയം ശാശ്വതമല്ല എന്ന വിശ്വാസമാണ് ദുര്‍ബലന്‍റെ ആശ്വാസം.

വിചാരം

വിജയവും പരാജയവും

ഡോ. റോയി തോമസ്

അസ്സീസി മാസിക, ഡിസംബർ 2025


Recent Posts

bottom of page