

ഓര്‍മകളുടെ മലമടക്കുകളില്‍,
സംഘര്‍ഷങ്ങളുടെ സംഘഗാനം.
വ്യഥയും മഞ്ഞും ഉള്ളുലയ്ക്കുന്നു.
കീറത്തുണിയിലടങ്ങില്ല കുളിര്.
പിഞ്ഞിയ ഹൃത്തിലൊതുക്കാനുമാവില്ല
ആ രാത്രികളിലെ വേദന.
കേവലമനുഷ്യന്‍റെ ആന്തലുകള്‍,
ദൈവമനുവദിച്ച നിസ്സഹായതകള്‍.
എങ്കിലുമൊരു പെണ്ണിന്‍റെ മാനത്തെ
ന്യായസനത്തിലേക്കെത്തിച്ചില്ല.
ചെറു കല്ലുപെറുക്കാന്‍ പോലും
ഒരു വിശുദ്ധപാപിയെയും അനുവദിച്ചില്ല.
ഈ നിസ്വന്‍റെ നീതി മാത്രം
എപ്പോഴും പുഷ്പിച്ചു നില്‍ക്കട്ടെ.
നീ 'തീ'യാവുന്നതു
നീതിയുടെയകലം കൂടുമ്പോഴല്ലേ..
ശാന്തമാം രാത്രിയെന്നുമാലാഖാമാര്‍.
ഉണ്ണിയെ കാണാന്‍ ആട്ടിടയര്‍.
ഭൂമിയിലെ രാജാക്കളുടെ
സമ്മാനങ്ങള്‍.
എന്നിട്ടുമുള്ളം നിറഞ്ഞില്ല തരിപോലും,.
വരാനിരിക്കുന്ന വിപ്രവാസങ്ങള്‍.
എണ്ണിയാലൊടുങ്ങാത്ത അലച്ചിലുകള്‍,
പലായനങ്ങള്‍.
ആരോടും പറയാനരുതാത്ത
സ്വപ്ന ദര്‍ശന രഹസ്യങ്ങള്‍.
ബലിക്കായ് കാത്തിരിക്കുന്ന
പിഞ്ചു ബാല്യങ്ങള്‍.
ബെത്ലഹേം കുന്നിലിപ്പോഴേ
ചോരയുടെ മണം.
നിലവിളികള്‍ അടങ്ങുമോ ?
റാഹേല്‍ തന്‍റെ കുഞ്ഞിനെയോര്‍ത്ത്
എന്നും കരയുമോ?
നൊവേനയിലൊരു നോവിന്‍റെ ഗാനം
രക്ഷകാ എന്‍ ഉണ്ണിയേശുവെ
വരിക.
എന്‍ നോവകറ്റുക....
നക്ഷത്രങ്ങള്‍ സാക്ഷി..
ജോസഫ് വിചാരങ്ങള്‍
സോജന്‍ കെ. മാത്യു
അസ്സീസി മാസിക, ഡിസംബർ 2025




















