
I. സാറാ

പരിചിതമായ കഥകളിൽ നിന്ന്,
പരിചിതമായ ഭാഷകളാൽ
രൂപപ്പെട്ട ലോകത്തിൽ നിന്ന് ഞാൻ നടന്നു മാറി.
ദൈവത്തിൻ്റെ സ്വപ്നങ്ങളുടെ ഭാരവും
ഞാൻ വഹിക്കേണ്ടി വന്നു.
കൂടാരവാതിൽക്കൽ നിന്നുകൊണ്ട്
അവിശ്വാസത്തോടെ ഞാൻ ചിരിച്ചു.
പക്ഷേ എൻ്റെ ഭർത്താവ്
എന്നെ സമർത്ഥമായി ഉപയോഗിച്ചു;
അവൻ്റെ സഹോദരിയായും
എൻ്റെ ശരീരം അവൻ്റെ പ്രതിരോധമായും
കടന്നുപോയി.
നിങ്ങൾക്കെന്നെ വിധിക്കാനാകുമോ?
ഹാഗറിനെയും അവളുടെ കുഞ്ഞിനെയും
പ ാഴ്നിലത്തേക്ക് വിട്ടിട്ട്
ഞാൻ എൻ്റെ മകനെ മുറുകെ പിടിച്ചു.
ഞാൻ എന്താണ് ചെയ്തതെന്ന്
നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടോ,
കൈത്തണ്ടയിൽ പൊള്ളലേറ്റ്
എൻ്റെ മകനെ വീട്ടിലേക്ക്
കൊണ്ടുവന്നപ്പോൾ ഞാൻ
എന്താണ് പറഞ്ഞതെന്ന് ?
നിങ്ങൾക്ക് എന്നെ അറിയാ മോ?
തകർന്ന കപ്പൽപ്പായ്ക്കരികിൽ
സുരക്ഷയില്ലാതെ
ജീവിക്കുന്നതെന്താണെന്ന്?
ഒരു ദിവസം
ഓക്ക് മരത്തിൻ്റെ നിഴൽ വീണ
കൂടാരത്തിൽ നിന്ന് ഞാൻ പോകും;
ദൈവത്തിൻ്റെ ദൂതന്മാരെ സ്വാഗതം ചെയ്യുകയും
അവരോടൊപ്പം ഭക്ഷണത്തിനിരിക്കുകയും ചെയ്യും.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ
എൻ്റെ സഹോദരി
മുറിച്ച അപ്പം കൈമാറുന്നത് കാണും,
അവളുടെ കണ്ണുകളിൽ പൊറുതിയും.
II. താമാർ

നെയ്ത്തുകാരൻ്റെ പാവുപോലെ വിച്ഛേദിക്കപ്പെട്ട,
അവശിഷ്‌ടങ്ങൾക്കൊപ്പം വലിച്ചെറിയപ്പെട്ട,
ആണുങ്ങളുടെ പ്രീതിക്കായി കാത്തിരുന്ന
വിധവയായിരുന്നു ഞാൻ.
ഞാനിപ്പോൾ തിമ്നയിലേക്കുള്ള വഴിയുടെ അരികിലിരിക്കുന്നു.
എൻ്റെ വിലാപചർമ്മം ഞാൻ ഊരിക്കളഞ്ഞ്
ഞാൻ ഞാനായിട്ടിരിക്കുന്നു.
എന്നെ വേശ്യ എന്ന് വിളിക്കൂ,
ലൈംഗികത്തൊഴിലാളി എന്ന് വിളിക്കൂ
കറുത്ത വിധവ എന്ന് വിളിക്കൂ:
ഞാൻ എൻ്റെ വിളുമ്പ് തിരഞ്ഞെടുത്തിരിക്കുന്നു.
ഞാൻ അപകടങ്ങളെ ഏറ്റെടുക്കുന്നവൾ,
ഞാൻ പടചൊല്ലുന്നവൾ,
ഒരു തിരഞ്ഞെടുപ്പും എളുപ്പമല്ലാത്തപ്പോൾ
എനിക്ക് കഴിയുന്ന ഏത് അധികാരവും ഞാൻ ഏറ്റെടുക്കും
ഞാൻ അതിജീവിക്കും,
എൻ്റെ ഇടം ഞാൻ കണ്ടെത്തും,
എൻ്റെ സ്വന്തം കുഞ്ഞിനെ ഞാൻ വളർത്തും,
എൻ്റെ പേര് ഞാൻ വീണ്ടെടുക്കും,
അങ്ങനെ, തിമ്നയിലേക്കുള്ള വഴിയരികിൽ
ബെത്‌തലഹേമിലേക്ക് നയിക്കുന്ന
ചുവപ്പുനൂൽ പിടിച്ച് ഞാനിരിക്കുന്നു..
III. റാഹാബ്

നീ ദൂരേയ്ക്ക് നോക്കുന്നതിനു മുമ്പ് എന്നെ കണ്ടിരുന്നു
എന്ന് എനിക്കറിയാം.
ഞാൻ അവിടെയുണ്ടായിരുന്നു: നിൻ്റെ ആത്മാവിൻ്റെ ചുവരുകളിൽ
ലജ്ജയുടെ അടയാളത്തിൻ കീഴിൽ ജീവിച്ച് വ്യക്തമായ കാഴ്ചയിൽ
ഞാൻ മറഞ്ഞിരുന്നു.
അതെന്നെ ചെരിഞ്ഞു നോക്കുന്നതിൽ നിന്നും,
ഒരു കടുംചുവപ്പ് വിളക്കിൻ കീഴിൽ കൈവശമാക്കുന്നതിനുള്ള വില
അടച്ചുകൊണ്ട് കാണാത്ത പാതകളിൽ നിന്നും
എന്നെ സമീപിക്കുന്നതിൽ നിന്നും നിന്നെ തടഞ്ഞില്ല.
ഞാൻ മറ്റ് വാതിലുകൾ തുറക്കുന്നുണ്ടെന്ന് നീ സംശയിച്ചില്ല;
നിൻ്റെ വഞ്ചക ഹൃദയത്തിൻ്റെ ചണനാരുകൾക്കിടയിൽ
വാഗ്ദാനങ്ങൾ ഒളിപ്പിച്ചു,
അവ രഹസ്യമായിരിക്കാൻ അനുവദിച്ചു.
നിൻ്റെ നിഴലായിരുന്നു ഞാൻ
അണക്കെട്ടുകൾ പൊട്ടുമ്പോൾ സന്തോഷത്തോടെ
ഉരുളാനും പാടാനും ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ അമ്മയാണ്, വേശ്യയാണ്
ആതിഥേയയാണ്.
അവൻ്റെ നേരെ വാതിലുകൾ കൊട്ടിയടച്ച
കുഞ്ഞിനെ സ്വാഗതം ചെയ്യാൻ ഞാൻ കാത്തിരിക്കുന്നു.
III. റൂത്ത്

ഞാൻ ബന്ധമില്ലാത്തവൾ ചാർച്ചക്കാരില്ലാത്തവൾ.
എൻ്റെ പേര് വൈദേശികമാണ്.
വന്നിടത്തേക്ക് തിരികെ പോകാൻ
എന്നോട് പറയുന്നു.
അധികാരമുള്ളവരുടെ ദയയിൽ
ഞാൻ ആശ്രയിക്കുന്നു.
ഒരു പറ ഗോതമ്പ് പോലെയോ
ഒരു നിർഗ്ഗമപാത്രം പോലെയോ
ഞാൻ വിലപേശപ്പെടുന്നു.
പക്ഷേ എനിക്ക് നിങ്ങളുടെ സഹതാപം വേണ്ട:
ഞാൻ തുടരുന്നു, ഞാൻ എൻ്റെ സ്വന്തം കിടക്ക ഒരുക്കുന്നു.
ഭക്തിയാൽ ക്ഷീണിച്ച മൈലുകൾ ഞാൻ താണ്ടുന്നു,
അപരിചിതർ വിതച്ച വയലുകളിൽ പണിയെടുക്കുന്നു
എൻ്റെ രക്തം നിങ്ങളുടേതല്ല,
പക്ഷേ അത് അവിഭക്തമായ ഒരു ഹൃദയത്തിൽ നിന്നാണ്
ഒഴുകുന്നത്;
അത് രക്‌തരേഖകളെയും അതിരുകളും കടന്ന്
ഒരു വിചിത്ര രക്ഷകൻ്റെ തീരത്തടിയുന്നു.
ഞാൻ പൂർവ്വീക അമ്മയാണ്,
ഞാൻ അന്യ ബന്ധുവാണ്.
എൻ്റെ പേര്: സഖി.
V. ബത്ഷേബ

എന്നെ നോക്കൂ.
കാണാതെ നോക്കൂ.
അവൻ്റെ കൊലപാതക നോട്ടത്തെ
രേഖപ്പെടുത്തുന്ന
നേർരേഖകളെ വായിക്കൂ.
ഞാൻ അവിടെയുണ്ടോ,
വെളിച്ചമുള്ള മേൽക്കൂരയിൽ?
നഷ്‌ടപ്പെട്ട ലോകത്തിലേക്ക്, വാചകത്തിൻ്റെ തിളങ്ങുന്ന
വെളുത്ത ഇടത്തിലേക്ക് ഞാനിറങ്ങിയോ?
ആ കണ്ണുകൾ, ഒരു ഫാൻറ്റസിയുടെ പാതിവെളിച്ചത്തിൽ,
ഒരു വിരസോക്‌തിയിൽ എന്നെ നഗ്നയാക്കാനുള്ള
ചിത്രകാരന്മാരുടെ തന്ത്രങ്ങൾ.
നിങ്ങൾ കേൾക്കുന്നുണ്ടോ?
കാഴ്ചയിൽ നിന്നും മാഞ്ഞുപോയ രാത്രിയിൽ
ഞാൻ കരയാറുണ്ടോ?
അത് പ്രതിധ്വനിക്കുന്നുണ്ടോ, എൻ്റെ ശബ്ദം
എൻ്റെ നഷ്‌ടപ്പെട്ട ഹിതം, എൻ്റെ രക്തസ്രാവം?
ഞാ ൻ എഴുന്നേൽക്കും.
ഞാൻ ആ വീട് വിടും,
അജ്ഞാതമായ ജനക്കൂട്ടത്തിലൂടെ നടക്കും.
പിറകിലേക്ക് വീണു കിടക്കുന്നതിൻ്റെ
വിളുമ്പിൽ തൊട്ട് ഞാനെൻ്റെ സമ്മാനമെടുക്കും.
അവൻ ചോദിക്കും
'ആരാണ് എൻ്റെ ശക്തി ചോർത്തിയത്?`
ഞാൻ അവനെ അഭിമുഖീകരിച്ച്
എൻ്റെ ശക്തിയുടെ പെട്ടകത്തിൽ നിന്ന്
എൻ്റെ പേര ് പറയും.
Poems of Steven Shakespeare from the book, Come Holy Gift
Translation - Jose Suresh





















