

എന്‍റെ കര്‍ത്താവേ, എന്‍റെ കര്‍ത്താവേ,
വളരെക്കാലമായി ഞാന്‍
നിന്നോടു നിലവിളിച്ചു.
സൂര്യന്‍റെ ചൂടില്‍,
ചന്ദ്രന്‍റെ തണുപ്പില്‍,
ആകാശത്ത് എന്‍റെ നിലവിളികള്‍
നിന്നെ തിരഞ്ഞു.
എന്‍റെ ദൈവമേ,
എന്‍റെ പുതപ്പ് മഞ്ഞുമാത്രമായിരുന്നപ്പോള്‍,
പഴന്തുണികളും എല്ലിന്‍കഷ്ണങ്ങളും
എല്ലാം എന്‍റെ സ്വന്തമായിരുന്നു.
ഇയ്യോബിനെപ്പോലെ,
ഞാന്‍ നിന്‍റെ നാമം ആലപിച്ചു.
പിതാവേ, പിതാവേ,
സന്തോഷത്തോടെ ഞാനെന്‍റെ ജീവിതം
അവിടത്തേക്കു സമര്‍പ്പിക്കുന്നു.
മുന്‍പില്‍ ആഴമേറിയ നദികള്‍,
മുകളില്‍ ഉയര്‍ന്ന പര്‍വതങ്ങള്‍,
എന്‍റെ ആത്മാവ്
നിന്‍റെ സ്നേഹംമാത്രം ആഗ്രഹിക്കുന്നു.
പക്ഷെ,
ഇരുട്ടില്‍ ചെന്നായ്ക്കളെപ്പോലെ,
ഭയപ്പാടുകള്‍ ചുറ്റിലും നിറയുന്നു.
എന്‍റെ പേര് നീ മറന്നോ?
ഓ, കര്‍ത്താവേ,
നിന്‍റെ കുട്ടിയുടെ അടുക്കല ് വരൂ.
ഓ, കര്‍ത്താവേ, എന്നെ മറക്കരുതേ.
നിന്‍റെ കൈത്തണ്ടയില്‍ ചായുവാന്‍
നീ പറഞ്ഞു,
ഞാന്‍ ചായുകയാണ്.
നിന്‍റെ സ്നേഹത്തില്‍ വിശ്വസിക്കാന്‍
നീ പറഞ്ഞു,
ഞാന്‍ വിശ്വസിക്കുകയാണ്.
നിന്‍റെ നാമം വിളിക്കാന്‍
നീ പറഞ്ഞു,
ഞാന്‍ വിളിക്കുകയാണ്.
ഞാന്‍ നിന്‍റെ വചനത്തിലേക്ക്
പ്രവേശിക്കുകയാണ്.
നീ പറഞ്ഞു,
എന്‍റെ സംരക്ഷണം നീയായിരിക്കുമെന്ന്,
എന്‍റെ ഒരേയൊരു ശ്രേഷ്ഠനായ രക്ഷകന്‍.
ഷാരോണിലെ എന്‍റെ മനോഹരമായ റോസ്,
നിന്‍റെ വചനപ്രകാരം ഞാന്‍ പ്രവര്‍ത്തിക്കുകയാണ്.
ആനന്ദം, ആനന്ദം,
നിന്‍റെ വചനം.
ആനന്ദം, ആനന്ദം,
ദൈവപുത്രന്‍റെ അത്ഭുത വചനം.
കീര്‍ത്തിയിലേക്കെന്നെ നയിക്കുമെന്ന്,
നീ പറഞ്ഞു.
സ്വാഗതമേശക്കരികെ ഇരിക്കാന്‍,
സ്വര്‍ഗ്ഗത്തില്‍
എന്‍റെ അമ്മയോടൊപ്പം സന്തോഷിക്കാന്‍,
നിന്‍റെ വചനത്തിലേക്കു ഞാന്‍
കാലെടുത്തുവെയ്ക്കുകയാണ്. .
ഇടവഴികളിലേക്ക്
ഉള്‍വഴികളിലേക്ക്
തെരുവുകളിലേക്ക്
നിരത്തുകളും
പ്രധാനനിരത്തുകളും
കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെയും
അര്‍ദ്ധരാത്രിയില്‍ അലഞ്ഞുനടക്കുന്നവരെയും
മറികടന്ന്,
നുണയന്മാരെയും വഞ്ചകരെയും ചൂതാട്ടക്കാരെയും
മറികടന്ന്
നിന്‍റെ വചനത്തില്‍,
നിന്‍റെ വചനത്തില്‍.
ദൈവപുത്രന്‍റെ അത്ഭുതകരമായ വചനത്തില്‍.
നിന്‍റെ വചനത്തിലേക്കു ഞാന്‍
ചുവടുവെയ്ക്കുകയാണ്.
(അമേരിക്കന്‍ കവയിത്രിമായ ആഞ്ചലോയുടെ Just like Job എന്ന കവിതയുടെ പരിഭാഷ.)






























