top of page

ഇരുള്‍ പടരുകയാണോ?

Sep 8, 2016

2 min read

ഡോ. റോയി തോമസ്
picture of a sad ball

അടുത്തകാലത്ത് മാധ്യമങ്ങളിലും മറ്റും വന്നു നിറഞ്ഞ ചില ചിത്രങ്ങളും വാര്‍ത്തകളും നമ്മെ ഭീതിയിലാഴ്ത്തുന്നതാണ്. മനുഷ്യനെ മനുഷ്യന്‍തന്നെ കൂടിനിന്ന് അടിക്കുകയും കൊല്ലുകയും ചെയ്യുന്നു. ചത്ത പശുവിന്‍റെ തുകലെടുത്തതിന്‍റെ പേരില്‍ മൃഗത്തെ തല്ലുന്നതിനേക്കാള്‍ ഹീനമായി ഉപദ്രവിക്കുന്നു; അല്ലെങ്കില്‍ കൊന്നു കെട്ടിത്തൂക്കുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ടവന്‍റെ ജീവന് മൃഗത്തിന്‍റെ ജീവനെക്കാള്‍ വില കുറവാണെന്ന് വന്നിരിക്കുന്നു. പശുക്കളുടെ പേരില്‍, മതത്തിന്‍റെ പേരില്‍, വിശ്വാസത്തിന്‍റെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍ മദ്ധ്യകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഏകാധിപത്യത്തിന്‍റെ, ഫാഷിസത്തിന്‍റെ ഇരുണ്ടപാതകള്‍ തുറക്കുവാന്‍ ആരോ ശ്രമിക്കുന്നു. ഭരണകൂടത്തിന്‍റെ മൗനാനുവാദം എല്ലാ ഹിംസകളെയും സാധൂകരിക്കുന്നു. ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങള്‍ ചോദ്യംചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല.


ഭയപ്പെടുത്തലുകള്‍ ഫാസിസുകളുടെ ഒരു രീതിയാണ്. തങ്ങളുടെ തീട്ടൂരങ്ങള്‍ക്കനുസരിച്ച് ജീവിക്കാത്തവരെ അവര്‍ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നു. അതിന് ന്യായത്തിന്‍റെ പരിവേഷം കല്പിച്ചുതരികയും ചെയ്യുന്നു. മഹാപാരമ്പര്യത്തിന്‍റെ ഒസ്യത്ത് പേറുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ അന്ധകാരയുഗത്തിലേക്ക് രാജ്യത്തെ തള്ളിയിടുകയാണ്. അധികാരത്തിനുവേണ്ടിയുള്ള യാത്രയ്ക്കിടയില്‍ നടത്തുന്ന ഹിംസകളുടെ പരമ്പരകള്‍ ആരെയാണ് സഹായിക്കുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ചാതുര്‍വര്‍ണ്യത്തിന്‍റെ പുതിയ അധ്യായം തുറക്കാനുള്ള ചിലരുടെ ശ്രമം പൗരസമൂഹം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തേണ്ടതാണ്. തോട്ടിപ്പണിചെയ്യുന്നവനും ചത്ത മൃഗത്തിന്‍റെ മാംസം ഭക്ഷിക്കുന്നവനും അതു ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നാം ആലോചിക്കേണ്ടതുണ്ട്. ഇരുപത്തിനാലുമണിക്കൂറും വികസനത്തിന്‍റെ വായ്ത്താരികള്‍ മുഴക്കുന്നവര്‍ക്കു മുന്നില്‍ അധഃകൃതന്‍റെ ചോദ്യങ്ങള്‍ മുഴങ്ങിനില്‍ക്കുന്നു.


"നിങ്ങളെന്‍റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?


നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചൂഴ്ന്നെടുത്തോ നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളംതോണ്ടുന്നോ?


നിങ്ങളോര്‍ക്കും നിങ്ങളെങ്ങനെ നിങ്ങളായെന്ന്!"


എന്ന് കടമ്മനിട്ടയുടെ കുറത്തിയുടെ ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാകുന്നു. കറുത്തമക്കളെ ചുട്ടുതിന്നുന്ന, അവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴ്ന്നെടുക്കുന്ന, അവരുടെ കുഴിമാടം കുളംതോണ്ടുന്നവര്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. രക്ഷകവേഷത്തിലെത്തുന്നവരുടെ ഒളിപ്പിച്ച ദംഷ്ട്രകള്‍ പുറത്തുവരുന്നത് നാം കാണാതിരുന്നുകൂടാ.


ഒരു ഹിംസയ്ക്കും മതത്തിന്‍റെ നിറം നല്‍കരുത്. വിശ്വാസത്തിന്‍റെ വര്‍ണം കലര്‍ത്തരുത്. അങ്ങനെ ചെയ്യുന്നത് മതാത്മകമല്ല; വിശ്വാസത്തിന് എതിരുമാണ്. എത്ര നൂറ്റാണ്ടിന്‍റെ പാരമ്പര്യം അവകാശപ്പെട്ടാലും അസംബന്ധത്തെ അംഗീകരിക്കാന്‍ നമുക്കു കഴിയില്ല. പിന്നില്‍ ഉപേക്ഷിക്കേണ്ടതെല്ലാം ഉപേക്ഷിക്കുകതന്നെ വേണം. മാലിന്യങ്ങള്‍ പേറി നടക്കേണ്ടതിന്‍റെ ബാദ്ധ്യത നമുക്കില്ല എന്ന് ഉറക്കെ പറയേണ്ടതുണ്ട്. വെളിച്ചം തരാത്തതിനെ വീണ്ടും പൂജിക്കേണ്ടതില്ല.


"വെളിച്ചം തൂകീടുന്നോളം


പൂജാര്‍ഹം താനൊരാശയം


അതിരുണ്ടഴല്‍ ചാറുമ്പോള്‍


പൊട്ടിയാട്ടുകതാന്‍ വരം!" എന്നെഴുതിയ കവി സത്യത്തിന്‍റെ മുഖം കണ്ടവനാണ്. പ്രകാശം പ്രസരിക്കുന്ന കാലത്തോളം മാത്രമേ ഏതാശയെത്തേയും നാം പൂജിക്കേണ്ടതുള്ളു. അത് ഇരുണ്ട് ഇരുട്ട് വ്യാപിക്കുമ്പോള്‍ വലിച്ചെറിയുകയാണ് ഉത്തമം എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. പലതും തള്ളിക്കളഞ്ഞും തിരുത്തിയും പുതുക്കിയുമാണ് മനുഷ്യസമൂഹം മുന്നേറുന്നത്. കാലത്തെ പിന്നിലേക്കു നയിക്കാനൊരുങ്ങുന്ന പ്രതിലോമശക്തികള്‍ക്ക് ഇരിപ്പിടം നല്‍കിയാല്‍ നാം അടിമകളായി മാറും. അടിമത്തം ഏറ്റുവാങ്ങാന്‍ ആഗ്രഹിക്കാത്ത ഒരു സമൂഹം ഉയര്‍ന്നുനിന്ന് ചില ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുന്നത് ശുഭോദര്‍ക്കമാണ്. 'ഇനി ചത്തമൃഗങ്ങളെ ചുമക്കാന്‍ ഞങ്ങളില്ല, നിങ്ങളുടെ മലം പേറാന്‍ ഞങ്ങളെ കിട്ടില്ല' എന്നു വിളിച്ചു പറയുന്നവര്‍ ജീവിതം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. നവസാങ്കേതികതയുടെ ഉത്തരാധുനികകാലത്തും ജാതിവ്യവസ്ഥയുടെ തടവറയില്‍നിന്നു മോചനം നേടാന്‍ ഒരു സമൂഹം മുതിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി കരുക്കളായി ചതുരംഗക്കളിയില്‍ ഏര്‍പ്പെട്ടവര്‍ കളി നിയന്ത്രിക്കാനുള്ള കരുത്തുനേടുന്നു. "ഭൂമിയുടെ പാദം പണിയുന്ന ആ പഞ്ചമര്‍' അധികാരക്കസേരകളെ വിറപ്പിക്കുന്നത് ചരിത്രത്തിന്‍റെ കാവ്യനീതിയാണ്. അംബേദ്ക്കറെപ്പോലെയുള്ളവര്‍ തിരിച്ചറിഞ്ഞ പൊള്ളുന്ന സത്യങ്ങള്‍ ഇന്നിന്‍റെ വഴിവിളക്കായി മാറിയേക്കാം.


ഇവിടെ നാം നിക്ഷ്പക്ഷരാകുന്നതില്‍ അര്‍ത്ഥമില്ല. കൃത്യമായ രാഷ്ട്രീയ ബോധവും ചരിത്രബോധവും സാമൂഹ്യമായ പ്രതിജ്ഞാബദ്ധതയും പ്രകടിപ്പിക്കേണ്ട സമയമാണിത്. ചരിത്രം മാപ്പുനല്കാത്ത മൗനത്തിലേക്ക് നാം വഴുതിവീണാല്‍ അത് അധര്‍മ്മമാകും. "ദൈവികതയുടെ ഇടപെടല്‍ നിഷ്പക്ഷമല്ല. അതിന്‍റെ നയം ചേരിചേരായ്മയല്ല. അത് സാമൂഹികമായ അനാഥത്വം അനുഭവിക്കുന്നവരുടെ പക്ഷം പിടിക്കുന്നതാണ്" എന്ന് കുറിക്കുമ്പോള്‍ ഡോ. ടി. എം. യേശുദാസന്‍ നൈതികമായ തലത്തെയാണ് സ്പര്‍ശിക്കുന്നത്. നിശ്ശബ്ദരായവരുടെ പക്ഷം നില്‍ക്കുന്നതാണ് ധര്‍മ്മം. 'മൗനം മരണമാകുന്നു' എന്നു നാമറിയുക. എന്തിന്‍റെ പേരിലും അധഃകൃതന്‍റെ രക്തം ചിന്താനിടവരരുത്. 'അങ്കിള്‍ ടോംസ്' ക്യാബിനിലെ ഈ ചോദ്യം ചിലര്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നു: "എനിക്കോ എന്നെപ്പോലെ അടിമകളായ അമ്മമാര്‍ക്ക് പിറന്നവര്‍ക്കോ ഏതു രാജ്യമാണുള്ളത്? ഏതു നിയമമാണ് ഞങ്ങള്‍ക്കുവേണ്ടിയുള്ളത്? എല്ലാം ഞങ്ങളെ തകര്‍ക്കാന്‍ വേണ്ടിയുള്ളവ."


ഹിംസയുടെ മതമാണ് ലോകത്തെ നിയന്ത്രിക്കുന്നത്. മതത്തിന്‍റെ ആത്മാവ് ആരോ കവര്‍ന്നെടുക്കുന്നു. അതിരുകളും മതിലുകളും എവിടെയും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇതല്ല യഥാര്‍ത്ഥമതമെന്നും വിശ്വാസമെന്നും നാം തറപ്പിച്ചുപറയേണ്ട ചരിത്രമുഹൂര്‍ത്തമാണിത്. അല്ലെങ്കില്‍ വരുംതലമുറ ശവപ്പറമ്പുകളിലൂടെ അലഞ്ഞുനടക്കും. 'പ്രകാശമില്ലാത്ത കണ്ണുകളെക്കൊണ്ട് ലോകത്തെ നോക്കുകയും വ്യാഖ്യാനിക്കുകയും' ചെയ്യുന്നവരെ നാം തിരിച്ചറിയുക.


"നോവേറ്റു മുറിഞ്ഞു തളര്‍ന്ന മുഖങ്ങളില്‍


പുഞ്ചിരി വിടരാന്‍ കാരണമാകാനായാല്‍


ഹൃദയത്തിലിത്തിരിയാശ്വാസം പകരാനായാല്‍


ആരുമില്ലെന്ന തോന്നലിനൊരു താങ്ങാവാനായാല്‍


അവിടെയാണ് നാം നമ്മോടു കൃതജ്ഞത തോന്നിത്തുടങ്ങുക."


എന്ന് ഷൗക്കത്ത് കുറിക്കുന്നു. ഇതാണ് യഥാര്‍ത്ഥ മതവും വിശ്വാസവും. മറ്റെല്ലാം വഴി തെറ്റിയ വ്യാഖ്യാനങ്ങളും കാഴ്ചകളുമാണ്.   


Sep 8, 2016

0

0

Recent Posts

bottom of page