top of page

ബലിയർപ്പണവും പരസ്പര സ്നേഹവും

Sep 8, 1989

5 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

സംശയിക്കുന്ന തോമാ

ബലിയർപ്പണം ആവശ്യമില്ല, സ്നേഹമേ ആവശ്യമുള്ളു എന്നു വാദിക്കുന്നതു ശരിയല്ല. സ്നേഹമില്ലാതെയുള്ള ബലിയർപ്പണം തീർച്ചയായും അന്യമാണ്. എന്നാൽ, സ്നേഹത്തോടെയുള്ള ബലിയപ്പണം അർത്ഥവത്താണ്. ദൈവത്തിനു തീർച്ചയായും പ്രീതിജനകവുമായിരിക്കും. പക്ഷേ, മുമ്പേ സൂചിപ്പിച്ചതുപോലെ ബലിയെ ക്രിസ്തീയമായ അർത്ഥത്തിൽ മനസ്സിലാക്കണം. യേശുനാഥൻ്റെ ബലി അനുഷ്‌ഠാന നിഷ്‌ഠമായ ഒരു ബലി (cultic sacrifice) ആയിരുന്നില്ലെങ്കിൽ ക്രൈസ്തവർക്കും അനുഷ്‌ഠാന നിഷ്ഠമായ ഒരു ബലിയില്ല. യേശുനാഥൻ്റെ ബലിയോടെ അനുഷ്ഠാന നിഷ്ഠമായ ബലികൾക്കെല്ലാം അന്ത്യം കുറിക്കപ്പെട്ടു. ഇന്നു നാം ആചരിക്കുന്ന വി. കുർബാന യേശുനാഥൻ്റെ ജീവിത ബലിയുടെ പുനരവതരണവും അതോടൊപ്പം ദൈവത്തിനും മനുഷ്യർക്കുമുള്ള നമ്മുടെ സ്നേഹസമർപ്പണവുമാണ്.
Priest holds up a white communion wafer in a church setting, with a gold crucifix blurred in the background. Scene conveys reverence.

നാലു സുവിശേഷകൻമാരും ഒരുപോലെ വിവരിക്കുന്ന പല സംഭവങ്ങളും ബൈബിളിൽ ഉദാ: സ്നാപകയോഹന്നാൻ കാര്യം; ജറുസലേം പ്രവേശനം; പീഡാ സഹനം, മരണം; ഉയിർപ്പ്. എന്നാൽ, സഭയുടെ ഏറ്റം പ്രധാന ആരാധനക്രമമായി സ്വീകരിച്ചിരിക്കുന്ന വി. കുർബാനയുടെ സ്‌ഥാപനത്തെ പറ്റി യോഹന്നാൻ്റെ സുവിശേഷത്തിൽ ഒന്നും കാണുന്നില്ല. മറ്റു മൂന്നു സുവിശേഷകൻമാരും കുർബാന സ്‌ഥാപനത്തെ പറ്റി പറയുന്നുണ്ടെങ്കിലും, വി. ലൂക്കാ മാത്രമാണ് "ഇത് എൻ്റെ ഓർമയ്ക്കായി ചെയ്യുവിൻ" എന്ന് എഴുതിയിരിക്കുന്നത്. മറ്റു സുവിശേഷകന്മാരിൽ നിന്നും വ്യത്യസ്‌തമായി, സ്നേഹത്തിൻെറയും എളിമയുടേതുമായ കാൽകഴുകൽ ശുശ്രൂഷയെപ്പറ്റി വി. യോഹന്നാൻ എഴുതിയിട്ടുണ്ട്. കൂടാതെ, പരസ്പര സ്നേഹത്തെപ്പറ്റി വളരെ കൂടുതലായും പ്രതിപാദിച്ചിരിക്കുന്നു. ബലിയർപ്പണത്തക്കാൾ പ്രധാനം സ്നേഹമാണ് എന്നല്ലേ ഇതിൽ നിന്നെല്ലാം അനുമാനിക്കേണ്ടത് ?

റ്റി. സി. ജോസഫ്, തൊടുപുഴ


പ്രിയപ്പെട്ട ജോസഫ്, സമാന്തര സുവിശേഷകന്മാരായ വി. മത്തായിയും, വി. മർക്കോസും, വി. ലൂക്കായും, അതുപോലെ തന്നെ അപ്പസ്തോലനായ വി. പൗലോസും വിശുദ്ധ കർബാനയുടെ സ്ഥാപന വിവരണം നൽകുന്നുണ്ട് (മത്താ. 26: 26-30;

മർക്കോ 14: 22 -28; ലൂക്ക 22: 15 -20; 1 കോറി 11: 23- 20). എന്നാൽ, വി. കുർബാനയെപ്പറ്റി തൻ്റെ സുവിശേഷം 6: 52-58 -ൽ വളരെ ശക്‌തമായ ഭാഷയിൽ സംസാരിക്കുന്ന യോഹന്നാൻ വി. കുർബാനയുടെ സ്ഥാപനത്തെപ്പറ്റി ഒന്നും പറയുന്നില്ല. സാധാരണ വിശ്വാസികൾക്കു മാത്രമല്ല. ബൈബിൾ പഠിതാക്കൾക്കു പോലും ആശ്ചര്യകരമായി തോന്നുന്ന ഒരു കാര്യമാണിത്.


വി കുർബാനയുടെ അരൂപി- സ്നേഹവും വിനീതമായ ശുശ്രൂഷയും

പലരും പല വിശദീകരണങ്ങളും ഇതിനു നൽകിയിട്ടുണ്ടെങ്കിലും, ബൈബിൾ പണ്ഡിതന്മാർ ഇന്നു പൊതുവെ അംഗീകരിക്കുന്ന വിശദീകരണം ഇതാണ്: യോഹന്നാൻ സുവിശേഷം എഴുതിയത് ക്രി. വ. 100 നും 110 നും ഇടയ്ക്കാണ് (സുവിശേഷം എഴുതിയ യോഹന്നാൻ കർത്താവിൻ്റെ 12 ശിഷ്യന്മാരിലൊരാളായ യോഹന്നാൻ ആയിരുന്നില്ല. പ്രത്യുത, അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങളിലൊരാളായിരുന്നു എന്നത്രേ ചില ബൈബിൾ വിദഗ്ദ്‌ധന്മാരുടെ അഭിപ്രായം). ഏതാണ്ട് എഴുപതു കൊല്ലമായി വി. കുർബാന ആചരിച്ചു കൊണ്ടിരുന്ന വിശ്വാസികളുടെ സമൂഹത്തിനുവേണ്ടിയാണ് യോഹന്നാൻ സുവിശേഷമെഴുതിയത്. വി.കുർബാനയുടെ സ്ഥാപനത്തെപ്പറ്റി അവർക്കു വ്യക്‌തമായ അറിവുണ്ടായിരുന്നു. ഈ അറിവിലും വിശ്വാസത്തിലുമാണ് അവർ വി. കുർബാനയാചരിച്ചിരുന്നത്. വി. കുർബാനയാചരണ വേളയിലും പ്രസംഗങ്ങളിലുമൊക്കെ പല പ്രാവശ്യം വി. കുർബാനയുടെ സ്ഥാപനത്തെപ്പറ്റി അവർ കേട്ടിരുന്നു.


മറ്റു സുവിശേഷങ്ങളിലും പൗലോസിൻ്റെ ലേഖനത്തിലും അതു വിവരിക്കുന്നുണ്ടല്ലോ. അതിനാൽ, സ്ഥാപന വിവരണം ഒരിക്കൽക്കൂടി ആവർത്തിയ്ക്കേണ്ടയാവശ്യമുണ്ടെന്ന് യോഹന്നാൻ കരുതിയില്ല. പകരം, വി. കുർബാനയിൽ പങ്കുകൊള്ളുന്നവർക്കുണ്ടായിരിക്കേണ്ട അരൂപിയും മനോഭാവവുമെന്തായിരിക്കണമെന്നു വിശ്വാസികൾക്കു പറഞ്ഞുകൊടുക്കുന്നതു കൂടുതൽ പ്രയോജനപ്രദമായി അദ്ദേഹം കണ്ടു. അതുകൊണ്ടാണ് ഒടുവിലത്തെ അത്താഴത്തിൽ വി. കുർബാനയുടെ സ്ഥാപനത്തോട് അനുബന്ധിച്ചു നടന്നതും മറ്റാരും രേഖപ്പെടുത്താത്തതുമായ പാദം കഴുകലിന് യോഹന്നാൻ പ്രാധാന്യം കല്‌പിക്കയും ഹൃദയസ്‌പർശകമായി അതു വിവരിക്കയും ചെയ്തിരിക്കുന്നത്. പന്തിയിലിരുന്ന എല്ലാവരുടെയും പാദങ്ങൾ കഴുകിത്തുടച്ച ശേഷം യേശുനാഥൻ അവരോടു പറയുകയാണ്: "നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടിയിരിക്കുന്നു. എന്തെന്നാൽ, ഞാൻ നിങ്ങളോടു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കൊരു മാതൃക നല്ലകിയിരിക്കുന്നു'' (യോഹ. 13: 14-15). പാദം കഴുകൽ വിവരണവും തുടർന്നുള്ള ഈ വാക്കുകളും വഴി വി. കുർബാനയാചരണത്തിൻ്റെ അർത്ഥവും ലക്ഷ്യവും സുവിശേഷകൻ നമുക്കു വ്യക്തമാക്കിത്തരുന്നു: വി. കുർബാന വെറുമൊരു ആചരണവും അനുഷ്ഠാനവുമായിത്തീരരുതെന്നും അതുൾക്കൊള്ളുന്ന സ്നേഹത്തിൻ്റെയും വിനീതമായ ശുശ്രൂഷയുടെയും സന്ദേശം ജീവിതത്തിലേക്കു പകർത്തിയാൽ മാത്രമേ വി. കുർബാനയാചരണം ഫലപ്രദമാകയുള്ളുവെന്നും വിശ്വാസികളെ ഓർമിപ്പിക്കയാണ് വി. യോഹന്നാൻ ഇവിടെ ചെയ്യുന്നത്.


യേശുനാഥൻ്റെ ബലി ജീവിതബലി

ഇത് അല്പം കൂടി വ്യക്തമാക്കുന്നത് ഉപകാരപ്രദമായിരിക്കും. ഇന്ന് തെറ്റിദ്ധരിച്ചിരിക്കുന്നത്, തൻ്റെ ശരീരവും രക്‌തവും പിതാവിനു കാഴ്ചവസ്തുക്കളായി കൊടുത്തുകൊണ്ട് വിജാതീയരുടെയും യഹൂദരുടെയും രീതിയിലുള്ള അനുഷ്ഠാന നിഷ്ഠമായ ഒരു ബലി(a-cultic sacrifice) ആണ് യേശുനാഥൻ പിതാവിന് അർപ്പിച്ചതെന്നാണ്. ഇതു ഒട്ടും ശരിയല്ല. അനുഷ്ഠാന നിഷ്ഠമായ ബലികൾക്കെല്ലാം യേശുനാഥൻ്റെ ജീവിതവും മരണവും അറുതിവരുത്തുകയാണ് ചെയ്തത്. തന്നെത്തന്നെ പൂർണമായി പിതാവിനു സമർപ്പിച്ചുകൊണ്ടും, പിതാവിൻ്റെ ഇഷ്ടമനുസരിച്ച് തൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും സമസൃഷ്ടങ്ങളുടെ സമഗ്രമായ രക്ഷയ്ക്കു വേണ്ടി ചെലവഴിച്ചുകൊണ്ടും. അതിൻ്റെ പരിണതഫലമായി അനുഭവിക്കേണ്ടി വന്ന പീഢാനുഭവവും മരണവും ത്യാഗപൂർവ്വം ഏറെറടുത്തുകൊണ്ടും സ്വജീവിതത്തെ തന്നെ ബലിയായി യേശുനാഥൻ രൂപാന്തരപ്പെടുത്തി. അങ്ങനെ ബലിക്കു തന്നെ അവിടന്ന് ഒരു പുതിയ അർത്ഥവും വ്യാപ്‌തിയും നൽകി. പിതാവ് യേശുനാഥൻ്റെ ഈ ജീവിതബലി സ്വീകരിക്കുകയും മരിച്ചവരിൽ നിന്ന് അവിടത്തെ ഉയർപ്പിക്കയും ചെയ്തു. വിരുന്നിൻ്റെ രൂപത്തിലുള്ള അതിൻ്റെ അനുസ്മരണവും പുനരവതരണവുമാണ് വി. കുർബാന. വി.കുർബാനയിൽ പങ്കുകൊള്ളുന്നവരും യേശുനാഥനെ അനുഗമിച്ചുകൊണ്ട് സ്റ്റേഹത്തിൽ തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കയും അവിടത്തെ ഇഷ്ടമനുസരിച്ച് സ്വസഹോദരങ്ങളുടെ സമഗ്രമായ മോചനത്തിനും രക്ഷയ്ക്കുവേണ്ടി തങ്ങളുടെ ജീവിതം ചെലവഴിക്കുകയും ചെയ്യുമ്പോളാണ് വി. കുർബാനയുടെ ആചരണം അർത്ഥവത്തായിത്തീരുന്നത്.


ദേവാലയത്തിൽ മാത്രം വി. കുർബാനയാചരണം ഒതുങ്ങി നിൽക്കുന്നുവെങ്കിൽ, അത് വെറുമൊരു ആചരണവും അനുഷ്‌ഠാനവുമായി (an empty cult) നില കൊള്ളുകയേയുള്ളു. മനുഷ്യരുടെ വിശുദ്ധീകരണം നടക്കുന്നത് ആരാധനാക്രമത്തിലാണെന്നു പറയുന്നത് ഒരു അർദ്ധസത്യം മാത്രമാണ്. അനുദിന ജീവിതത്തിൽ പ്രതിഫലിക്കാത്ത ആചരണങ്ങളും അനുഷ്ഠാനങ്ങളും വിജാതീയർക്കിടയിലും യഹൂദർക്കിടയിലും സുലഭമായിരുന്നു. നിയമത്തിലെ പ്രവാചകന്മാരും യേശുനാഥൻ തന്നെയും ഇങ്ങനെയുള്ള ആരാധനാക്രമങ്ങളെയും അനുഷ്ഠാനങ്ങളെയും നിശിതമായി വിമർശിക്കുകയുണ്ടായല്ലോ. ഈ അപകടം ക്രൈസ്ത‌വർക്കിടയിലും പടർന്നു പിടിക്കാനുള്ള പ്രവണത, അഥവാ അതിൻ്റെ ആരംഭം മുമ്പിൽ കണ്ടതുകൊണ്ടത്രേ വി. കുർബാനയുടെ സ്ഥാപന വിവരണം ഒരിക്കൽ കൂടി ആവർത്തിക്കുന്നതിനു പകരം, ഒടുവിലത്തെ അത്താഴത്തിൽവെച്ച് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിത്തുടച്ചുകൊണ്ട് യേശുനാഥൻ നൽകിയ സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും എളിമയുടെയും മാതൃക വി. യോഹന്നാൻ വിശദമായി വിവരിക്കുന്നത്. ഗുരുനാഥൻ്റെ ഈ പ്രബോധനവും മാതൃകയും ആഴത്തിൽ ഉൾക്കൊണ്ടവർക്കു മാത്രമേ വേണ്ടവിധം വി. കുർബാനയാചരിക്കാനാവൂ. വി. കുർബാനയിൽ പങ്കുചേരുന്നതിൻ്റെ ഫലമായി സ്നേഹവും എളിമയും സേവന മനോഭാവവും കൂടുതൽ കൂടുതൽ നമ്മിൽ വളരണം. യേശുവിൻ്റെ അരൂപിയിൽ മററുള്ളവർക്കുവേണ്ടി ജീവിക്കാനും സ്വയം ചെലവഴിക്കാനും അതു പ്രേരകമായിത്തീരണം എന്ന സന്ദേശമാണ് പാദം കഴുകുൽ വിവരണത്തിലൂടെ യോഹന്നാൻ നൽകുന്നത്.


എൻ്റെ ഓർമയ്ക്കായി...

"എൻ്റെ ഓർമയ്ക്കായി ഇതു ചെയ്യുവിൻ" എന്ന യേശുവിൻ്റെ കല്പന വി. മത്തായിയുടെയും വി. മർക്കോസിൻ്റെയും സ്ഥാപന വിവരണങ്ങളിൽ കാണുന്നില്ല. വി. ലൂക്കായുടെ സ്ഥാപന വിവരണത്തിൽ ഒരു പ്രാവശ്യവും (ലൂക്കാ 22: 18), വി. പൗലോസിൻ്റെ സ്ഥാപന വിവരണത്തിൽ രണ്ടു പ്രാവശ്യവും (1 കൊറി 11: 24-25) ഈ കല്‌പന കാണുന്നുണ്ട്. വി. മർക്കോസ് സുവിശേഷം എഴുതിയത് ക്രി.വ. 70-ാമാണ്ടോടു കൂടിയും, വി. മത്തായി എഴുതിയത് ക്രി.വ. 85-നും 95- നും ഇടയ്ക്കുമായിരുന്നു. അനേകം വർഷങ്ങളായി വി. കുർബാനയാചരിച്ചുകൊണ്ടിരുന്ന സമൂഹങ്ങൾക്കു വേണ്ടിയത്രേ അവർ സുവിശേഷങ്ങൾ എഴുതിയത്. ക്രിസ്തുനാഥൻ്റെ സ്‌പഷ്ടമായ കല്പന അഥവാ നിയോഗം അനുസരിച്ചാണ് തങ്ങൾ വി.കുർബാനയാചരിക്കുന്നതന്ന് ഈ സമൂഹങ്ങൾക്കു ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഈ കല്‌പന പ്രത്യേകിച്ച് എടുത്തു പറയേണ്ടയാവശ്യമുള്ളതായി വി. മർക്കോസും, വി. മത്തായിയും കണക്കാക്കാഞ്ഞത്.


യേശുനാഥൻ അരുളിച്ചെയ്തിട്ടുള്ളതെല്ലാം അക്ഷരംപ്രതി റിപ്പോർട്ടു ചെയ്യുകയായിരുന്നില്ലല്ലോ സുവിശേഷകരുടെ ഉദ്ദേശ്യം. അവിടത്തെ ജീവിതത്തിലെ മുഖ്യസംഭവങ്ങളെ കേന്ദ്രമാക്കി, ദൈവപുത്രനും മിശിഹായുമായ അങ്ങിലൂടെ മാത്രമാണു രക്ഷയെന്നു സാക്ഷ്യപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അവർക്കോരോരുത്തർക്കും അവരവരുടെതായ ദൈവശാസ്ത്ര വീക്ഷണങ്ങളുണ്ടായിരുന്നു. വ്യത്യസ്തങ്ങളായ ഈ വീക്ഷണ കോണുകളിലൂടെ കണ്ടപ്പോൾ യേശുനാഥൻ്റെ ചില പ്രവൃത്തികളും വാക്കുകളും കൂടുതൽ പ്രാധാന്യമർഹിക്കുന്നവയും മറ്റു ചിലത് അത്രതന്നെ പ്രാധാന്യമർഹിക്കാത്തവയുമായി അവർക്ക് അനുഭവപ്പെട്ടു. പല പതിററാണ്ടുകൾക്കുശേഷം അവിടത്തെപ്പറ്റി നിലനിന്നിരുന്ന ഓർമകളും പാരമ്പര്യങ്ങളും എല്ലാ സമൂഹങ്ങളിലും എപ്പോഴും ഒരുപോലെയായിരുന്നില്ല. ഈ വസ്തുതകൾ എല്ലാം കണക്കിലെടുക്കുമ്പോൾ, എന്തുകൊണ്ടാണ് ചില സുവിശേഷകന്മാർ ഉൾപ്പെടുത്തിയിരിക്കുന്ന ചില സംഭവങ്ങളും വാക്കുകളും മററു സുവിശേഷകന്മാർ വിട്ടു കളഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കുവാൻ വിഷമമില്ല. അതേ സമയം, മുഖ്യമായ രക്ഷാകര സംഭവങ്ങളെ നാലു സുവിശേഷകന്മാരും ഒരുപോലെ വിവരിക്കുന്നുമുണ്ട്.


യേശുവിൻ്റെ ഓർമയാചരണത്തിനായി അവിടന്നു ചെയ്തത് ചെയ്യുവാനുള്ള കല്പന ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച്, ആരാധനാ ക്രമത്തിൽ തന്നെ ഉരുത്തിരിഞ്ഞതാണ്. ആരംഭം മുതൽ വിശ്വാസികളുടെ എല്ലാ സമൂഹങ്ങളിലും പതിവായിരുന്ന വി. കുർബാനയാചരണം യേശുനാഥൻ്റെ നിയോഗമനുസരിച്ചാണെന്ന ഉറച്ച ബോധ്യത്തിൽ നിന്ന് പയ്യെപ്പയ്യെ ആരാധനാക്രമത്തിൽ ഇതു വാക്കുകളിലൂടെയുള്ള ഒരു കല്പനയായി രൂപം കൊണ്ടതാണെന്നത്രേ അവരുടെ മതം. അങ്ങനെയാണെങ്കിൽ വി. ലൂക്കായും വി. പൗലോസും ആരാധനാക്രമത്തിൽ നിന്നു സ്ഥാപന വിവരണത്തിലേക്ക് അതു സ്വീകരിച്ചതാകണം. എന്നാൽ, പേരെടുത്ത പല ബൈബിൾ പണ്ഡിതന്മാരും ഈ കല്പനയെ യേശുനാഥൻ്റെ മൗലികമായ വാക്കുകളായിത്തന്നെയാണ് കരുതുന്നത്.


ബലിയർപ്പണം സ്നേഹത്തിൻ്റെ സാക്‌ഷാത്കരണമാകണം

പരസ്പര സ്നേഹത്തെപ്പറ്റി തൻ്റെ സുവിശേഷത്തിലും ലേഖനങ്ങളിലും വി. യോഹന്നാൻ വളരെയേറെ എഴുതിയിട്ടുണ്ടെന്നതു ശരി തന്നെ. എന്നാൽ, ഇപ്പറഞ്ഞതിൽ നിന്നെല്ലാം ബലിയർപ്പണം ആവശ്യമില്ല, സ്നേഹമേ ആവശ്യമുള്ളു എന്നു വാദിക്കുന്നതു ശരിയല്ല. സ്നേഹമില്ലാതെയുള്ള ബലിയർപ്പണം തീർച്ചയായും അന്യമാണ്. എന്നാൽ, സ്നേഹത്തോടെയുള്ള ബലിയപ്പണം അർത്ഥവത്താണ്. ദൈവത്തിനു തീർച്ചയായും പ്രീതിജനകവുമായിരിക്കും. പക്ഷേ, മുമ്പേ സൂചിപ്പിച്ചതുപോലെ ബലിയെ ക്രിസ്തീയമായ അർത്ഥത്തിൽ മനസ്സിലാക്കണം. യേശുനാഥൻ്റെ ബലി അനുഷ്‌ഠാന നിഷ്‌ഠമായ ഒരു ബലി (cultic sacrifice) ആയിരുന്നില്ലെങ്കിൽ ക്രൈസ്തവർക്കും അനുഷ്‌ഠാന നിഷ്ഠമായ ഒരു ബലിയില്ല. യേശുനാഥൻ്റെ ബലിയോടെ അനുഷ്ഠാന നിഷ്ഠമായ ബലികൾക്കെല്ലാം അന്ത്യം കുറിക്കപ്പെട്ടു. ഇന്നു നാം ആചരിക്കുന്ന വി. കുർബാന യേശുനാഥൻ്റെ ജീവിത ബലിയുടെ പുനരവതരണവും അതോടൊപ്പം ദൈവത്തിനും മനുഷ്യർക്കുമുള്ള നമ്മുടെ സ്നേഹസമർപ്പണവുമാണ്. ഇതു മനസ്സിലായാൽ ബലിയർപ്പണവും സ്നേഹവും വിഭിന്നമല്ലെന്നു കാണാൻ കഴിയും. സ്നേഹത്തെക്കുറിച്ച് എഴുതികൊണ്ട് യോഹന്നാൻ വിവക്ഷിക്കുന്നതും വ്യക്തമാകും.


ദൈവസ്നേഹവുമുള്ളിടത്ത് പരസ്പര സ്നേഹവും, പരസ്പര സ്നേഹമുള്ളിടത്ത് ദൈവസ്നേഹവും ഉണ്ടായേ മതിയാവൂ. കാരണം, അവ എപ്പോഴും ഒന്നിച്ചാണ് പോകുക. അതിനാൽ, മനുഷ്യനെ മറന്നുകൊണ്ടോ അവൻ്റെ ദുഖങ്ങളേയും വേദനകളേയും അവഗണിച്ചുകൊണ്ടോ ഉള്ള ദൈവാരാധനയും ബലിയും പൊള്ളയായ ആചാരവും അർത്ഥമില്ലാത്ത അനുഷ്ടാനവും മാത്രമാണ്. അതു ദൈവത്തെ പ്രീതിപ്പെടുത്തുന്നില്ലെന്നു മാത്രമല്ല. ദൈവനിഷേധവും കൂടിയാണ്. ഇങ്ങനെ ദൈവാരാധന നടത്തുന്നവർ മനുഷ്യർക്കുവേണ്ടി മനുഷ്യനായ മനുഷ്യരുടെ ദൈവമാണ് അവിടുന്ന് എന്ന വസ്തുത പാടെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഒന്നുകിൽ ദൈവത്തെപ്പറ്റിയുള്ള കലശലായ തെറ്റിദ്ധാരണയിൽ നിന്നാണ് ഇപ്രകാരമുള്ള ദൈവാരാധന രൂപം കൊള്ളുന്നത്. അല്ലെങ്കിൽ, ദൈവാരാധനയെന്ന പേരിൽ നടക്കുന്ന സ്വാർത്ഥപൂജയാണത്. മനുഷ്യനിൽ നിന്നകന്ന, അവൻ്റെ താല്‌പര്യങ്ങളെയും വിഷമങ്ങളെയും കണക്കിലെടുക്കാത്ത ആചാരപരതയും അനുഷ്ഠാന ഭ്രമവുമായി വി. കുർബാനയാചരണം തരംതാഴരുതെന്ന നിഷ്ഠ യോഹന്നാനുണ്ടായിരുന്നു. മറ്റു വിശുദ്ധ ഗ്രന്ഥകർത്താക്കൾക്കുമുണ്ടായിരുന്നു.


പരസ്പരം സ്നേഹിക്കയും സേവിക്കയും ക്ഷമിക്കയും സ്വയം കൊടുക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ബലിയർപ്പണം അർത്ഥവത്തും ദൈവത്തിനു പ്രീതികരവുമാകുന്നതെന്ന് യേശുനാഥൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ: "അതിനാൽ, നീ ബലിപീഠത്തിൽ കാഴ്‌ചയർപ്പിക്കുമ്പോൾ നിൻ്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെ വച്ച് നീ ഓർമിക്കുന്ന പക്ഷം, നിൻ്റെ കാഴ്‌ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വെച്ചിട്ട് ആദ്യം പോയി സഹോദരനോടു രമ്യപ്പെടുക; പിന്നെ വന്ന് കാഴ്ചയർപ്പിക്കുക" (മത്താ 5: 23-24.) വീണ്ടും അവിടന്ന് അരുളിച്ചെയ്യുന്നു: "ഞാൻ ബലിയല്ല. കരുണയാണാഗ്രഹിക്കുന്നത്' എന്നതിൻ്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക" (മത്ത 9: 18). സ്നേഹവും കരുണയും കലരാത്ത അനുഷ്‌ഠാന നിഷ്‌ഠമായ ബലിയെപ്പറ്റിയാണ് അവിടന്ന് ഇതു പറഞ്ഞത്. എന്നാൽ, അവിടുന്നു നമുക്കുവേണ്ടി അർപ്പിച്ച പുതിയ നിയമത്തിലെ ബലി സ്നേഹത്തിൽ പിതാവിനുള്ള സമ്പൂർണ സമർപ്പണവും മനുഷ്യർക്കുവേണ്ടിയുള്ള ജീവിതവും സ്വയം ദാനവുമാകയാൽ, അതു സ്നേഹത്തിൻ്റെ സാക്ഷാത്കാരം തന്നെയാണ്. ആ ബലിയുടെ പുനരവതരണമാണ് വി. കുർബാനയാചരണം. ഇത് എല്ലാവരും മനസ്‌സിലാക്കുകയാണെങ്കിൽ, ആരാധനാക്രമത്തിൽ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ഒരു പ്രതിസന്ധിക്കും ഇടവരികയില്ല. സ്നേഹം അജയ്യമായി നിലനിൽക്കുകയും ചെയ്യും.



ബലിയർപ്പണവും പരസ്പര സ്നേഹവും

ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ

അസ്സീസി മാസിക, സെപ്തംബർ 1989

Sep 8, 1989

0

49

Recent Posts

bottom of page