top of page

ഒഴിവാക്കൽ

Writer: George Valiapadath Capuchin
George Valiapadath Capuchin
Feb 24
1 min read

ഞാൻ താമസിക്കുന്ന മുറിയിൽ പുസ്തകങ്ങളും തുണികളുമൊക്കെ മിക്കവാറും അടുക്കി ക്രമീകരിച്ച് വയ്ക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, കടലാസുകളും പലതരം രേഖകളുമൊക്കെ ക്രമീകരിച്ച് ഫയലുകളാക്കി വയ്ക്കുന്ന കാര്യത്തിൽ വലിയ മടി തന്നെയാണ് എനിക്ക്. ചിലപ്പോൾ വഴിയിൽ സ്ക്രൂ, ആണി, നട്ട്, എന്നിവ കിടക്കുന്നതുകണ്ടാൽ ഇപ്പോഴും ഞാൻ പെറുക്കിയെടുത്തെന്നുവരും. എന്നുവരികിലും മുറിയൊരു ചപ്പുചവറുകൂനയൊനുമല്ലെന്നാണ് എൻ്റെ വിശ്വാസം. മുറിക്കകം തീരെ വൃത്തിഹീനമായ രീതിയിൽ ജീവിക്കുന്ന സന്ന്യാസികളെയും ഞാൻ കണ്ടിട്ടുണ്ട്.


ചിലർ ഹോഡേഴ്സ് ആണ്. എന്നെക്കുറിച്ചും ചുരുക്കം ചിലരെങ്കിലും അങ്ങനെ പറഞ്ഞേക്കും. ഹോഡിങ് ഒരു മാനസിക പ്രശ്നമായാണ് ഇന്ന് തിരിച്ചറിയപ്പെടുന്നത്. ഹോഡേഴ്സ് യാതൊന്നും എറിഞ്ഞുകളയുകയോ ഒഴിവാക്കുകയോ ഇല്ല. അത്തരം മനുഷ്യരുടെ മുറികളും വീടുകളും സത്യത്തിൽ മുനിസിപ്പാലിറ്റിയുടെ മാലിന്യപ്പറമ്പ് പോലെ ഉണ്ടാകും.


ദാരിദ്ര്യത്തോടൊപ്പം ശുചിത്വക്കുറവും കൂട്ടുവരും എന്ന് കരുതുന്നവർ ധാരാളമുണ്ട്. പലപ്പോഴും ഞാനുമങ്ങനെ കരുതിയിട്ടുണ്ട്. എന്നാൽ, അതീവ ദരിദ്രരായ ചില മനുഷ്യരുടെ കൊച്ചുകൂരകൾ പോലും അവർ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതും കാണാൻ ഇടയായിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദരിദ്രർക്ക് ശുചിത്വം സൂക്ഷിക്കാൻ കഴിയില്ല എന്ന ചിന്ത അസ്ഥാനത്താണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


ശാരീരിക ശുചിത്വവും മാനസിക ശുചിത്വവും ആത്മീയ ശുചിത്വവും പോലെതന്നെ പ്രധാനമാണ് വീട്ടക ശുചിത്വവും പരിസര ശുചിത്വവും. വ്യക്തിശുചിത്വത്തിനും വീട്ടക ശുചിത്വത്തിനും പരിസര ശുചിത്വത്തിനും - എറിഞ്ഞുകളയുക, ഉപേക്ഷിക്കുക എന്നീ ചടങ്ങുകളാണ് അവശ്യം പാലിക്കേണ്ടത്. ലളിതവല്ക്കരണത്തിൻ്റെ ഒരു മുഖ്യ ഘടകം തന്നെയാണത്. സമസ്ത വശങ്ങളിലെയും ശുചിത്വവും അനാവശ്യങ്ങൾ ഒഴിവാക്കി ആവശ്യങ്ങളിലേക്കും, അവിടെനിന്ന് മെല്ലെ അത്യാവശ്യങ്ങളിലേക്കും ചുരുങ്ങുക എന്നത് നോമ്പുകാലത്തിൻ്റെ ഒരു പ്രധാന ആഭിമുഖ്യം തന്നെയാവണം. കണ്ണോടിക്കാം, ഉള്ളിലും ചുറ്റിലും.


bottom of page