top of page

മുറിവുകളെ മുദ്രയാക്കുന്നവന്‍

Oct 1, 2017

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
abraham and issac

ജനിച്ചുവീഴുന്ന നിമിഷം മുതല്‍  എല്ലാ മനുഷ്യരിലും മുറിവേറ്റ അനുഭവങ്ങളുണ്ട്. അമ്മയുടെ ഉദരത്തില്‍നിന്നു ഭൂമിയിലേക്കു പിറന്നുവീഴുമ്പോള്‍ ഒരു നൊമ്പരമുണ്ട്. അപ്രതീക്ഷിതമായ കാലാവസ്ഥയില്‍ ഒരു മനുഷ്യശിശു അനുഭവിക്കുന്ന നൊമ്പരമുണ്ട്. മനുഷ്യരുടെ വാക്കുകളും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന വേദനകളുമുണ്ട്. ഇതിന്‍റെയെല്ലാമിടയിലൂടെ നാം വളരണം. ഒരുപിടി മരങ്ങള്‍ക്കിടയിലൂടെ ഒരു കമുങ്ങിന്‍തടി വളരും. ഒരു തെങ്ങാണെങ്കില്‍ വളഞ്ഞുപുളഞ്ഞ് വളരും. ഒരു കമുങ്ങിന്‍തടി പോലെ തകര്‍ച്ചകള്‍ക്കിടയില്‍ നാം വളരണം. വിശുദ്ധ വേദപുസ്തകത്തില്‍ വേദനകള്‍ക്കിടയിലൂടെ അനുഗ്രഹമായി വളര്‍ന്ന ഇസഹാക്കിനെ നാം കാണുന്നുണ്ട്. അബ്രാഹം എന്ന പൂര്‍വ്വപിതാവിനും യാക്കോബ് എന്ന പൂര്‍വ്വപിതാവിനുമിടയില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വ്യക്തിയാണ് ഇസഹാക്ക്. ഈ പേരിന്‍റെ അര്‍ത്ഥംതന്നെ ചിരിയെന്നാണ്. അബ്രാഹത്തിന്‍റെയും സാറായുടെ ജീവിതത്തില്‍ വിരിഞ്ഞ ചിരിയായിരുന്നു ഇസഹാക്ക്. 

ചിരിയെന്ന് അര്‍ത്ഥം വരുന്ന ഇസഹാക്കിന്‍റെ ജീവിതത്തില്‍ ഒത്തിരി ദുഃഖത്തിന്‍റെയും കണ്ണുനീരിന്‍റെയും ചരിത്രമുണ്ടായിരുന്നു. ആദ്യമായി ഇസഹാക്കിനെ കളിയാക്കുന്ന ഇസ്മായേലിനെയാണ് നാം കാണുന്നത്. അപരനാല്‍ അവഹേളിതനായിത്തീരുന്ന ഇസഹാക്കിന് അന്തരീകമായി മുറിവേല്‍ക്കുന്നു. ഒറ്റയ്ക്കിരുന്നു കരയുന്ന ഇസഹാക്കിന്‍റെ ചിത്രമാണ് ഇവിടെ നാം കാണുന്നത്. ആ കരച്ചില്‍ ദൈവം കണ്ടു. ആ കണ്ണുനീര്‍ അവനെ ശക്തിപ്പെടുത്തി. ആത്മാവിന്‍റെ കരുത്തോടെ മുന്നേറുവാന്‍ ആ കരച്ചില്‍ ഇസഹാക്കിനെ ബലപ്പെടുത്തി. എന്‍റെ ഓരോ തുള്ളി കണ്ണുനീരും ഒരു കുപ്പിയില്‍ ശേഖരിക്കുന്ന ദൈവമുണ്ടെന്ന് ഞാനോര്‍ക്കണം, ദൈവത്തില്‍ ആശ്രയം വച്ചു കരയുന്നവരെ അവന്‍ ഒരിക്കലും ഉപേക്ഷിക്കില്ല. ഇസഹാക്കിന്‍റെ ദൈവമെന്നു പറയുമ്പോള്‍ പ്രതീക്ഷകള്‍ നശിപ്പിക്കുമ്പോള്‍ കടന്നുവരുന്ന ദൈവമെന്നാണ് അര്‍ത്ഥം. അപ്പന്‍റെ കത്തിക്കും സ്വന്തം കഴുത്തിനുമിടയില്‍ ഒരു ശ്വാസത്തിന്‍റെ ദൂരമനുഭവിച്ചവനാണ് ഇസഹാക്ക്. ആ പിരിമുറുക്കത്തിന്‍റെയും വേദനയുടെയും ഇടയില്‍ ദൈവം കടന്നുവന്നു. ജനനം മുതല്‍ കുട്ടിക്കാലം വരെയുള്ള നിമിഷങ്ങളിലെ ഇസഹാക്കിന്‍റെ നൊമ്പരം യഹോവ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 

സാറായുടെ മരണമായിരുന്നു ഇസഹാക്കിന്‍റെ മറ്റൊരു ദുഃഖം. കടുത്ത ഏകാന്തതയിലേക്ക് ഈ മരണം ഇസഹാക്കിനെ എത്തിച്ചു. അമ്മയുടെ മരണത്തില്‍ വാവിട്ട് നിലവിളിക്കുന്ന ഇസഹാക്കിനെ നാം കാണുന്നുണ്ട്. റബ്ബേക്കായെ ഭാര്യയായി ലഭിക്കുന്നതുവരെ കടുത്ത ഏകാന്തതയുടെ ദുഃഖം ഇസഹാക്ക് അനുഭവിച്ചു. ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ, ഏകാന്തതയുടെ പീഡനം എന്നീ അനുഭവങ്ങള്‍ ഇസഹാക്കിനെ ഉലച്ചു. വലിയ മാനസിക വ്യഥകളിലൂടെ കടന്നുപോയ ഇസഹാക്കിന്‍റെ ഏകാന്തതയുടെ ദുഃഖം ദൈവം കാണുന്നുണ്ടായിരുന്നു.

ഇസഹാക്കിന്‍റെ ദുഃഖത്തിന്‍റെ മറ്റൊരു കാരണം മകന്‍റെ വഞ്ചനയും മക്കളുടെ വഴക്കും, ഭാര്യയുടെ പക്ഷംചേരലുമൊക്കെയായിരുന്നു. ഇളയമകന്‍ യാക്കോബ് താന്‍ മൂത്തമകന്‍ ഏസാവാണെന്നു പറഞ്ഞു അന്ധനായ ഇസഹാക്കിനെ വഞ്ചിക്കുന്നു. ഇതു മനസ്സിലാക്കിയ ഇസഹാക്ക് ഹൃദയം പൊട്ടിക്കരഞ്ഞു. ഇത്രയും ദുഃഖത്തിലൂടെ കടന്നുപോയ ഇസഹാക്ക് സ്വന്തം ജീവിതത്തെ തലമുറകളുടെ അനുഗ്രഹമായി മാറ്റി. ഏതു തകര്‍ച്ചയിലും ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നവരെ ദൈവം ഒരുനാള്‍ അനുഗ്രഹമാക്കിമാറ്റും. നമ്മുടെയൊക്കെ ജീവിതങ്ങള്‍ ഇസഹാക്കിന്‍റെ ജീവിതം പോലെയാണ്. ജനിച്ചനാള്‍ മുതല്‍ ഇന്നുവരെ നാം കുടിച്ചുതീര്‍ത്ത കണ്ണുനീരിനു കണക്കുണ്ടോ? ഹൃദയത്തിലുണ്ടായ മുറിവുകള്‍ക്കു ശമനമുണ്ടോ? ലാഭനഷ്ടങ്ങളുടെ കണക്കുനിരത്തുന്ന ഒരു കണക്കുപുസ്തകം പോലെയാണ് ജീവിതം. നമ്മുടെയൊക്കെ ജീവിതം ഒരു ആല്‍ബം പോലെയാണ്. ഇടയ്ക്കിടെ ഈ ആല്‍ബത്തിലൂടെ ഒന്നു കണ്ണോടിക്കണം. വീടു വെഞ്ചരിക്കുന്നതിന്‍റെ ആല്‍ബം, വിവാഹത്തിന്‍റെ ആല്‍ബം എന്നിവയിലൂടെ കണ്ണോടിക്കുമ്പോള്‍ ആനന്ദം തോന്നും. മൃതസംസ്ക്കാരത്തിന്‍റെ ആല്‍ബത്തിലൂടെ കണ്ണോടിക്കുമ്പോള്‍ കണ്ണുകള്‍ നിറയും. മുറിവേറ്റ ഓര്‍മ്മകള്‍ക്കുപകരം സന്തോഷം തന്ന ഓര്‍മ്മകളെ ഹൃദയത്തില്‍ കൊണ്ടുവരിക ജനിച്ചനാള്‍ മുതല്‍ ഇന്നുവരെ ലഭിച്ച സന്തോഷത്തിന്‍റെ ഓര്‍മ്മകളിലൂടെ യാത്രചെയ്യുക. 10 ക്വിന്‍റല്‍ കപ്പ കയ്യിലുള്ളപ്പോള്‍ പഴയനാളുകളില്‍ കിട്ടാതെപോയ കപ്പത്തണ്ടുകളെക്കുറിച്ചു പരാതി പറയാതിരിക്കുക. ഇന്നലെകളിലെ കുറവുകളെക്കുറിച്ചു ദുഃഖിക്കാതെ ഇതിലെ നന്മകളെ കാണുക. എപ്പോഴും നന്മകളെക്കുറിച്ചു ചിന്തിക്കുക. ജീവിതാനുഭവങ്ങളെ സ്വന്തം കണ്ണിലൂടെ കാണാതെ ദൈവത്തിന്‍റെ കണ്ണിലൂടെ കാണുക. ഇങ്ങനെയുള്ളവര്‍ക്ക് ആനന്ദിക്കുവാന്‍ കഴിയും. ഇത്തരം ജീവിതങ്ങള്‍ അനുഗ്രഹമായി മാറും... ഇരുണ്ടും വെളുത്തും ജീവിതം നാം കടന്നുപോകും. ദുഃഖിച്ചും, നിരാശനിറഞ്ഞും, പരിഭവം പറഞ്ഞും ജീവിക്കുവാന്‍ സമയമില്ല. ലഭിച്ച നിമിഷങ്ങളിലെ ആനന്ദം കണ്ടെത്തുക. ജീവിതമുറിവുകളില്‍ മറഞ്ഞിരിക്കുന്ന ദൈവികവഴികളെ കണ്ടെത്തുക. അങ്ങനെ ജീവിതത്തെ അനുഗ്രഹമായി മാറ്റുക.



ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts