top of page

തോമാശ്ശീഹായുടെ ക്രിസ്താനുഭവം: ഭാഗം -1

Dec 3, 1993

7 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

സംശയിക്കുന്ന തോമ്മാ

St Thomas the Apostle
St Thomas the Apostle

ഈശോയുടെ 12 അപ്പസ്തോലന്മാരിൽ ഒരാളായ തോമാശ്ലീഹ ക്രി. വ. 52-ൽ ഭാരതത്തിൽ വന്ന് പ്രത്യേകമായ തൻ്റെ ക്രിസ്താനുഭവം പ്രസംഗിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഒരു സഭ സ്ഥാപിച്ചുവെന്നും തോമാശ്ലീഹായുടെ ക്രിസ്താനുഭവം മറ്റു ശ്ലീഹാന്മാരുടേതിൽ നിന്നു വ്യത്യസ്തമായതിനാൽ അദ്ദേഹം സ്ഥാപിച്ച നമ്മുടെ സഭ സ്വന്തം വ്യക്തിത്വമുള്ള സ്വതന്ത്ര സഭയാണെന്നും പല പ്രസംഗങ്ങളിലും സെമിനാറുകളിലും കേൾക്കുവാൻ ഇടയായിട്ടുണ്ട്. എന്നാൽ, ഒക്ടോബർ ലക്കം അസ്സീസിയിൽ, ജോർജ് മങ്ങാട്ട് എഴുതിയ "മലബാർ സഭയും മാർത്തോമ്മാ ശ്ലീഹായും" എന്ന ലേഖനം ഈ ആശയത്തെ അപ്പാടെ ഖണ്ഡിച്ചിരിക്കുന്നതായി കാണുന്നു. അദ്ദേഹമെഴുതുന്നു. "ഓരോ അപ്പസ്തോലന്റെയും തനതായ പ്രത്യേക ക്രിസ്ത്വാനുഭവത്തെപ്പറ്റി പുതിയനിയമം യാതൊരു സൂചനയും നൽകുന്നില്ല. പത്രോസിൻ്റെ ക്രിസ്താനുഭവം , തോമായുടെ ക്രിസ്താനുഭവം , പൗലോസിന്റെ ക്രിസ്താനുഭവം എന്നിങ്ങനെ ക്രിസ്താനുഭവങ്ങളെ വേർതിരിച്ചു കാണുന്നതായോ അവയുടെ അടിസ്‌ഥാനത്തിൽ അവർ വ്യത്യസ്ത സഭകൾ സ്‌ഥാപിക്കുന്നതായോ പുതിയനിയമം പറയുന്നില്ല. കാരണം വ്യക്തിനിഷ്ഠമായ അനുഭൂതികളല്ല, വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങളാണ് ആദിമസഭയുടെ പ്രഘോഷണത്തിൻറ വിഷയം.


"മതബോധന ക്ലാസ്സുകളിലേക്കു ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന ബഹു. ഫാ. വർഗീസ് പാത്തികുളങ്ങരയുടെ "നമ്മുടെ രക്ഷയ്ക്കുവേണ്ടി " എന്ന പുസ്തകം വി.യോഹന്നാൻ്റെ സുവിശേഷം 11 :16; 14:5, 20:25 എന്നീ വാക്യങ്ങളെ ആധാരമാക്കി. തോമാശ്ലീഹായുടെ പ്രത്യേകമായ ക്രിസ്താനുഭവത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മറ്റു സഭകളുടേതിൽനിന്നു വ്യത്യസ്തമായ, തനതായ ഒരു ആരാധനക്രമവും ആധ്യാത്മികതയും ദൈവശാസ്ത്രവും ഭരണസംവിധാനവും നമുക്കുണ്ടാകുവാനുള്ള മുഖ്യകാരണവും തോമാശ്ലീഹായുടെ പ്രത്യേകമായ ഈ ക്രിസ്താനുഭവമാണെന്നത്രേ ബഹു. പാത്തികുളങ്ങരയച്ചൻ പറയുന്നത് (പേജ്. 12-21). പരസ്പരവിരുദ്ധമായ ഈ നിലപാടുകളിൽ ഏതാണു ശരി, ഏതാണു തെറ്റ്? അസ്സീസിയിലുടെ ഒരു വിശദീകരണം നൽകുമല്ലോ.

ജോസ് തോമസ്,

ഏറ്റുമാനൂർ


പ്രിയപ്പെട്ട ജോസ്,

ഉത്തരം വ്യക്തമാക്കുന്നതിന് ആദ്യമേതന്നെ അല്പം ചരിത്രപശ്ചാത്തലം അറിഞ്ഞിരിക്കുക ആവശ്യമാണ്. പശ്ച്‌ചാത്തലം ചുരുക്കത്തിൽ സൂചിപ്പിച്ചശേഷം പ്രശ്നത്തിലേക്കു പ്രവേശിക്കാം.


മാർത്തോമ്മാ ക്രൈസ്തവസഭ


ക്രിസ്തുനാഥൻ്റെ മരണത്തിനും ഉയിർപ്പിനും ശേഷമുള്ള ആദ്യത്തെ പതിറ്റാണ്ടുകളിൽ തന്നെ അവിടത്തെ പന്ത്രണ്ടുശിഷ്യന്മാരിൽ ഒരുവനായിരുന്ന തോമാശ്ലീഹാ ഭാരതത്തിൽ വന്നു സുവിശേഷം പ്രസംഗിച്ച് നമ്മുടെ പൂർവികർക്കു വിശ്വാസവെളിച്ചം പകർന്നുവെന്നതിൽ നാം അഭിമാനം കൊള്ളുന്നു. പത്രോസ് ശ്ലീഹായും പൗലോസ്സീഹായും മറ്റു ശ്ലീഹന്മാരും ജറുസലേമിലും അന്തിയോക്യായിലും റോമിലും റോമൻ സാമ്രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും സുവിശേഷം പ്രസംഗിച്ച് സഭകൾ സ്ഥാപിച്ച ആ കാലത്തുതന്നെ നമ്മുടെ ഭാരതത്തിലും തോമാ ശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തിലൂടെ ഒരു സഭ രൂപം കൊണ്ടു. റോമൻ സാമ്രാജ്യത്തിനു വെളിയിൽ ആദ്യനൂറ്റാണ്ടിൽ തന്നെ യേശുനാഥൻ്റെ 12 ശ്ലീഹന്മാരിലൊരുവനിലൂടെ രൂപം കൊണ്ട ഏകസഭ നമ്മുടേതായിരുന്നു. ആ നിലയിൽ നമ്മുടെ സഭയ്ക്ക് അനന്യമായ സ്ഥാനവും തനിമയും വ്യക്തിത്വവുമുണ്ട്.


 പൗരസ്ത്യ സുറിയാനി സഭയുടെ മേൽക്കോയ്മ


ഈ തനിമയും വ്യക്തിത്വവും നമുക്കു നഷ്ടമാകാൻ തുടങ്ങിയത്, രണ്ടാം നൂറ്റാണ്ടിൽ മാത്രം ക്രൈസ്ത‌വ വിശ്വാസം സ്വീകരിക്കയും (1) അഞ്ചാം നൂറ്റാണ്ടിൽ ബൈസൻ്റൈൻ സഭയിൽ നിന്ന് രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ കാരണങ്ങളാൽ തെറ്റിപ്പിരിഞ്ഞ് സ്വതന്ത സഭയായി തീരുകയും ചെയ്ത പൗരസ്ത്യ സുറിയാനി സഭയുമായുള്ള ബന്ധം ആരംഭിച്ചതോടെയാണ്. പേർഷ്യായിലുണ്ടായ മതപീഡനങ്ങളിൽനിന്നു രക്ഷനേടുന്നതിനോ മലബാർ തീരവുമായി കച്ചവടബന്ധത്തിലേർപ്പെടുന്നതിനോ ഇവിടെ വന്നു നമ്മുടെ ആതിഥ്യം സ്വീകരിച്ച പൗരസ്ത്യ സുറിയാനി ക്രൈസ്തവർ നാലാം നൂറ്റാണ്ടിനു ശേഷം പയ്യെപ്പയ്യെ നമ്മുടെ സഭയുടെമേൽ ആധിപത്യം സ്ഥാപിക്കയും വൈദേശികമായ ഭാഷയിലും സംസ്‌കാരത്തിലും അധിഷ്ഠിതമായ ഒരു ആരാധനക്രമവും ഹയരാർക്കിയും നമ്മെ അടിച്ചേൽപ്പിക്കയും ചെയ്തു.


ഈ വൈദേശിക നുകം വലിച്ചെറിഞ്ഞ് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ നമ്മുടെ തനിമയും അനന്യതയും നില നിർത്തുവാൻ ചരിത്രപരമായ കാരണങ്ങളാൽ അനേക നൂറ്റാണ്ടു കാലത്തേക്കു നമുക്കു കഴിഞ്ഞില്ല. നമ്മുടെ സംസ്കാരത്തെയും തനിമയെയും കുറിച്ച് ഒന്നുമറിഞ്ഞുകൂടാതിരുന്ന നെസ്തോറിയൻ പക്ഷക്കാരായ പേർഷ്യൻ പാത്രിയാർക്കീസുമാരും അവരയച്ച മെത്രാന്മാരുമാണ് അക്കാലത്തു നമ്മുടെ സഭയെ ഭരിക്കയും നിയന്ത്രിക്കയും ചെയ്തിരുന്നത്. മെത്രാന്മാരെ വാഴിക്കാനോ പട്ടം കൊടുക്കാനോ മാമ്മോദീസാ പരികർമം ചെയ്യാനോ പോലുമോ ഉള്ള അധികാരം അന്നു നമ്മുടെ സഭയ്ക്കുണ്ടായിരുന്നില്ല. അതെല്ലാം ചെയ്തിരുന്നത് പേർഷ്യയിൽ നിന്നു വന്ന മെത്രാന്മാരായിരുന്നു. അതിനു കനത്ത പ്രതിഫലവും അവർ സ്വീകരിച്ചിരുന്നു. നമ്മുടെ ഭാഷയും മറ്റും വശമില്ലാതിരുന്നതുകൊണ്ട് സഭയുടെ ഭൗതികകാര്യങ്ങൾ നടത്തുവാൻ നാട്ടുകാരനായ അർക്കദിയാക്കോനെ അവർ അനുവദിച്ചിരുന്നുവെന്നു മാത്രം.


ലത്തീൻ സഭയുടെ മേൽക്കോയ്മ


പൗരസ്ത്യസുറിയാനിസഭയുടെ ഈ മതകൊളോണിയലിസത്തിൽ നിന്നു നാം ചെന്നു പതിച്ചത് പോർച്ചുഗീസുകാരുടെയും ലത്തീൻ സഭയുടെയും മതകൊളോണിയലിസത്തിലേക്കാണ്. പോർച്ചുഗീസുകാരും 16-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇൻഡ്യയിൽ വന്നത് കച്ചവടലക്ഷ്യത്തോടെയായിരുന്നു. വിശ്വാസത്തിൽ സഹോദരങ്ങളായിരുന്നതുകൊണ്ട് അവർക്കും നാം ആതിഥ്യം നൽകി. എന്നാൽ, കാലക്രമത്തിൽ അവരും നമ്മുടെ സഭയെ അവരുടെ മതകൊളോണിയലിസത്തിൽ അമർത്തുകയാണു ചെയ്തത്. നമ്മുടെ തനിമയും സംസ്കാരവുമെല്ലാം അവഗണിച്ചുകൊണ്ട്, തങ്ങൾ പരിശീലിച്ചുവന്നിരുന്ന ലത്തീൻ ആരാധനക്രമത്തിന്റെയും സംവിധാനത്തിന്റെയുമെല്ലാം ശൈലിയിൽ നമ്മുടെ സഭയെ ഉടച്ചുവാർത്തെടുക്കാനാണ് അവർ പരിശ്രമിച്ചത്.


നമ്മുടെ ആഭ്യന്തരകാര്യങ്ങളിലും ഭരണക്രമങ്ങളിലുമെല്ലാം അവർ കൈകടത്തിയപ്പോഴാണ് സഹികെട്ട് നമ്മുടെ പൂർവീകരിൽ ബഹുഭൂരിഭാഗവും മട്ടാഞ്ചേരിയിലെ കൂനൻ കുരിശിന്റെ മുമ്പിൽ സമ്മേളിച്ചതും പോർച്ചുഗീസ് മെത്രാന്മാരുടെ മേൽക്കോയ്മക്ക് മേലിൽ തങ്ങൾ വഴങ്ങുകയില്ലെന്നു പ്രഖ്യാപിച്ചതും. ഇങ്ങനെ എതിർപ്പുകാട്ടിയവരിൽ ഒരു നല്ലവിഭാഗം അന്ത്യോക്യൻ സഭയുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ വിഭാഗമായിത്തീർന്നു. അവരുടെയിടയിൽ വീണ്ടുമുണ്ടായ വിഭജനങ്ങളുടെ ഫലമായി രൂപം കൊണ്ടവയാണ് സിറിയൻ ഓർത്തഡോക്സ് സഭയും(യാക്കോബയക്കാർ) മലങ്കര ഓർത്തഡോക്സ് സഭയും മാർത്തോമാസഭയും.

Coonan Cross Oath. Pic Credit: Wikipedia
Coonan Cross Oath. Pic Credit: Wikipedia

സ്വാതന്ത്ര്യത്തിലേക്കുള്ള കാൽവെയ്‌പ്


കൂനൻ കുരിശുസത്യത്തിലുൾപ്പെടാതെ നിന്നവർക്കും കൂനൻ കുരിശു സത്യത്തിനുശേഷവും റോമൻ സഭയുമായുള്ള ഐക്യം വേർപെടുത്താതെ നിന്നവർക്കും ലത്തീൻ സഭയുടെ മേൽക്കോയ്മ തുടർന്നും അനുഭവിക്കേണ്ടിവന്നു. മാത്രമല്ല, പോർച്ചുഗീസുകാരുടെ "പാദ്രവാദോ" ഭരണവും റോമിലെ "പ്രൊപ്പഗാന്താ" സംഘത്തിൻ്റെ ഭരണവും തമ്മിലുള്ള ഉരസലുകൾക്കിടയിൽപ്പെട്ട് ഏറെ ക്ലേശങ്ങൾ സഹിക്കേണ്ടതായും വന്നു. നമ്മുടെ സഭയുടെ തനിമയും സ്വാതന്ത്ര്യവും വീണ്ടെടുക്കാൻ വേണ്ടി പല പരിശ്രമങ്ങളും നടന്നെങ്കിലും, രണ്ടുമൂന്നു നൂറ്റാണ്ടുകൾക്കുശേഷമാണ് ലത്തീൻ സഭ പയ്യെപ്പയ്യെ നമ്മുടെ ഈ അവകാശത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയതുതന്നെ. ആദ്യമായി 1887-ലാണ് ലത്തീൻ മെത്രാന്മാരുടെ ഭരണത്തിൽനിന്നു നമ്മുടെ സഭയെ വിടുവിച്ച്, തൃശൂരും കോട്ടയവും കേന്ദ്രമാക്കി രണ്ട് അപ്പസ്തോലിക വികാരിയാത്തുകൾ നമ്മുടെ ആളുകൾക്കുവേണ്ടി സ്ഥാപിച്ചത്. അതിന്റെ ഇടയന്മാർ നമ്മുടെ നാട്ടുകാരായിരുന്നില്ല.


1896-ൽ നടന്ന പുനക്രമീകരണത്തിൽ തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി എന്നീ മൂന്നു അപ്പസ്തോലിക വികാരിയാത്തുകളും അവയ്ക്കു നാട്ടുമെത്രാന്മാരുമുണ്ടായി. 1911-ൽ പത്താംപിയൂസ് പാപ്പാ ക്നാനായ കത്തോലിക്കർക്കുവേണ്ടി കോട്ടയം കേന്ദ്രമാക്കി ഒരു പുതിയ വികാരിയാത്തുസ്ഥാപിച്ചു. 1923-ൽ എറണാകുളം അതിരൂപതയാക്കി ഉയർത്തുകയും തൃശൂരും ചങ്ങനാശ്ശേരിയും കോട്ടയവും അതിൻ്റെ സാമന്തരൂപതകളാക്കുകയും ചെയ്തതോടെയാണ് നമ്മുടെ സഭ സ്വന്തം ഹയരാർക്കിയോടുകൂടിയതും  ഭാഗികമായിട്ടെങ്കിലും സ്വാതന്ത്ര്യമുള്ളതുമായ ഒരു സഭയായി തീർന്നത്. 1950 നും 1956 നുമിടയ്ക്ക് തലശ്ശേരി, കോതമംഗലം എന്നീ രൂപതകൾ കൂടി സ്ഥാപിക്കപ്പെടുകയും ചങ്ങനാശ്ശേരി അതിരൂപയായി ഉയർത്തപ്പെടുകയും ചെയ്‌തു. രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചപ്പോൾ, രണ്ടു മെത്രാപ്പോലീത്തമാരും അഞ്ചു മെത്രാന്മാരുമടങ്ങുന്ന ഒരു ഹയരാർക്കിയാണ് നമ്മുടെ സഭയ്ക്കുണ്ടായിരുന്നത്.


അഭിമാനകരമല്ലാത്ത അവസ്ഥ


കൂടുതൽ കാര്യക്ഷമമായ ഭരണത്തിനുവേണ്ടി വിഭജിക്കപ്പെട്ട ആഗോളസഭയുടെ ഭാഗങ്ങളായിട്ടാണ് രണ്ടാം വത്തിക്കാൻ കൗൺസിലിനു മുമ്പ് അതിരൂപതകളും രൂപതകളുമൊക്കെ കണക്കാക്കപ്പെട്ടിരുന്നത്. പ്രാദേശികസഭകൾ ഭരണസൗകര്യത്തിനുവേണ്ടി വിഭജിക്കപ്പെട്ട ആഗോളസഭയുടെ വെറും ഭാഗങ്ങൾ മാത്രമല്ലന്നും, അവയിലോരോന്നിലും സഭ പൂർണമായിത്തന്നെ സാക്ഷാത്ക്കരിക്കപ്പെടുന്നുണ്ട് എന്നുമുള്ള പൗരസ്ത്യസഭകളുടെ ഉൾക്കാഴ്ച, രണ്ടാം വത്തിക്കാൻ കൗൺസിലിനോടുകൂടിയാണ് സാർവത്രികസഭയുടെ ഉൾക്കാഴ്ച്‌ചയായിത്തീർന്നത്. അതുപോലെതന്നെ, അപ്പസ്തോലിക പാരമ്പര്യമുള്ളതും ഒരേ റീത്തിൽ അഥവാ ഒരേ തരത്തിലുള്ള കർമാനുഷ്ഠാനങ്ങളോടുകൂടി ആരാധനനടത്തുന്ന വിവിധ സമൂഹങ്ങൾ ചേർന്നുണ്ടാകുന്ന പ്രാദേശികസഭകൾക്കും ലത്തീൻ സഭയെപ്പോലെ തന്നെ സ്ഥാനവും പദവിയുമുണ്ടെന്ന പരമാർഥവും രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഉൾക്കാഴ്‌ചയും പ്രഖ്യാപനവുമാണ് (പൗരസ്ത്യസഭകൾ,3).


രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഇപ്രകാരമുള്ള ഉൾക്കാഴ്ചകളുടെയും പ്രഖ്യാപനങ്ങളുടെയും വെളിച്ചത്തിൽ നമ്മുടെ സഭയുടെ മുൻകാല ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന ചിത്രം തീർച്ചയായും വളരെ വേദനാജനകമാണ്. മുൻകാലചരിത്രം മാത്രമല്ല, സമകാലികചിത്രവും ആർക്കും തൃപ്തികരമാവില്ല. 16-ാം നൂറ്റാണ്ടിനുശേഷം പോർച്ചുഗീസ് മിഷനറിമാരുടെ വരവോടുകൂടി ശക്തി പ്രാപിച്ച മിഷൻ പ്രവർത്തനങ്ങളുടെ ഫലമായി ഭാരതത്തിൽ രൂപം കൊണ്ട ലത്തീൻ സഭ വിശ്വാസികളുടെ എണ്ണത്തിൽ അത്ര ശക്‌തമല്ലെങ്കിലും, അനവധി അതിരൂപതകളും രൂപതകളുമായി ഭാരതത്തിലങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുമ്പോൾ ആദ്യ നൂറ്റാണ്ടിൽ തന്നെ രൂപം കൊണ്ട മാർത്തോമ്മാ കത്തോലിക്കരുടെ സഭ ഈ കൊച്ചുകേരളത്തിൽ ചില ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങിക്കഴിയേണ്ടിവരികയെന്നത് അഭിമാനകരമായി കാണുവാൻ ആർക്കും കഴിയുകയില്ലല്ലോ. പോരെങ്കിൽ, ലത്തീൻ സഭയിൽ സേവനം ചെയ്യുന്ന വൈദികരിലും കന്യാസ്ത്രീകളിലും ഭൂരിഭാഗവും മാർത്തോമ്മാ കത്തോലിക്കർ! ലത്തീൻ സഭയിൽ സേവനം ചെയ്യാനായി സ്വന്തം റീത്തുപേക്ഷിച്ച് ലത്തീൻ റീത്തു സ്വീകരിക്കേണ്ടിവന്നവർ! ഭാരതത്തിലെ മെത്രാൻ സംഘത്തിൽ (CBCI) മാർത്തോമ്മാ കത്തോലിക്കരുടെ വെറും വിരലിലെണ്ണാൻ മാത്രമുള്ള പ്രതിനിധികൾ! അതേസമയം മാർത്തോമ്മാ കത്തോലിക്കരുടെ ഒരു നല്ല ശതമാനം ജോലിക്കും സേവനത്തിനുമായി ഇൻഡ്യയുടെയും ലോകത്തിൻ്റെ തന്നെയും വിവിധഭാഗങ്ങളിൽ പോയി ജീവിക്കയും പ്രായോഗികമായി ലത്തീൻ റീത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു.


ഒരു കെട്ടുകഥ ജനിക്കുന്നു


പൗരസ്ത്യസഭകളെയും വ്യക്തിസഭകളെയും സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഉൾക്കാഴ്ചകളും പ്രഖ്യാപനങ്ങളും തന്നെ സാക്ഷാത്ക്കരിക്കപ്പെടുമോ എന്ന ആശങ്കയും പലടത്തും പൊന്തിവന്നു. ഈ സാഹചര്യത്തിൽ, മാർത്തോമ്മാ കത്തോലിക്കരുടെ തനിമയും വ്യക്തിത്വവും ഉയർത്തിക്കാട്ടി, ഒരു വ്യക്‌തി സഭയെന്ന നിലയിൽ നമുക്കുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും സ്‌ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമം പലടത്തും ആരംഭിച്ചു. തുല്യപദവിയും വ്യക്തിത്വവുമുള്ള സ്വതന്ത്രസഭയെന്ന നിലയിൽതന്നെ ഭാരതത്തിന്റെ വിശാലമായ മിഷൻ പ്രദേശങ്ങളിലേക്കു തങ്ങളുടെ പ്രവർത്തനമേഖലകൾ വ്യാപിപ്പിക്കുക എന്നതും ഈ പരിശ്രമങ്ങളുടെ ലക്ഷ്യമായിരുന്നു. സമാധാനപരമായ സഹവർത്തിത്വത്തിന്റെ അടിസ്‌ഥാനത്തിൽ ഈ ലക്ഷ്യം നേടുന്നതിന് ഒരു വിഭാഗം ശ്രമിച്ചു. അവരുടെ പ്രവർത്തനങ്ങൾ സാവധാനമേ ഫലമണിയാൻ സാധ്യതയുള്ളൂവെന്നു വ്യക്ത‌മാണല്ലോ. മറ്റൊരു വിഭാഗമാകട്ടെ വ്യത്യസ്‌തമായ ഒരു ശൈലിയാണ് ഈ ലക്ഷ്യ പ്രാപ്തിക്കായി തെരഞ്ഞെടുത്ത്.


16-ാം നൂറ്റാണ്ടിനുശേഷം ലത്തീൻ സഭയുമായുണ്ടായ സമ്പർക്കത്തിൽനിന്നും നമ്മുടെ സഭയിലുണ്ടായിട്ടുള്ള എല്ലാ സ്വാധീനങ്ങളെയും നന്മതിന്മ വിവേചനമില്ലാതെ തള്ളിപ്പറയുക, ലത്തീൻ സഭയും നമ്മുടെ സഭയും തമ്മിലുള്ള അന്തരങ്ങളെ മുഴപ്പിച്ചു കാണിക്കുക, അന്തരങ്ങളില്ലാത്തിടത്ത് അവ സൃഷ്ടിക്കുക, പൊതുവായ ഘടകങ്ങളെ മാറ്റി പ്രത്യേകമായവ സ്ഥാപിക്കുക, ഈ പ്രവണതകളോടു യോജിക്കാത്തവരെ "ലത്തിനീകരണക്കാർ" എന്നു മുദ്രകുത്തി അവഹേളിക്കുക തുടങ്ങിയവയല്ലാം ഈ പുതിയ ശൈലിയുടെ ഭാഗമായിത്തീർന്നു. അതേസമയം, നാലാം നൂറ്റാണ്ടിനുശേഷം കച്ചവടക്കാരായോ അഭയാർഥികളായോ വന്നു നമ്മുടെ ആതിഥ്യം സ്വീകരിച്ചുകൊണ്ട് നമ്മുടെ സഭയുടെ തനിമയും വ്യക്‌തിത്വവും സ്വാതന്ത്ര്യവുമെല്ലാമില്ലാതാക്കി, വൈദേശികമായ ഒരു ഭാഷയും ആരാധനക്രമവും മേൽക്കോയ്മയും നമ്മുടെ മേൽ കെട്ടിയേൽപ്പിച്ച പൗരസ്ത്യസുറിയാനിക്കാരുടെ പാരമ്പര്യങ്ങളെയും ആരാധനക്രമത്തെയുമെല്ലാം സ്വന്തം പൈതൃകമെന്നു പറഞ്ഞു തലയിലേറ്റിക്കൊണ്ടു നടക്കുകയാണ് അവർ ചെയ്യുന്നത്. ഈ വൈദേശിക പാരമ്പര്യവും പൈതൃകവും അപ്പാടെ പുനഃസ്‌ഥാപിക്കുന്നതിലാണ് അവരുടെ ശ്രദ്ധമുഴുവൻ. അവ നമ്മുടേതെന്നു വരുത്തിത്തീർക്കുവാൻ പൗരസ്ത്യസുറിയാനി സഭയെയും മാർത്തോമ്മാ ക്രൈസ്‌തവരെയും തമ്മിൽ കൂട്ടിയിണക്കാൻ കഴിയുന്ന ഒരു കണ്ണി ആവശ്യമായിവന്നു. അതിനുവേണ്ടി അവർ കണ്ടുപിടിച്ച ഒരു സാങ്കല്പിക സിദ്ധാന്തമാണ് "തോമാശ്ലീഹായുടെ പ്രത്യേകമായ ക്രിസ്താനുഭവം."


പൗരസ്ത്യസുറിയാനിസഭയുടെ ആരംഭത്തെപ്പറ്റി വ്യക്തമായ ചരിത്രരേഖകളില്ല. തോമാശ്ലിഹായുടെയും, യേശുവിന്റെ 72 ശിഷ്യന്മാരിൽ ഒരുവനെന്നു വിശ്വസിക്കപ്പെടുന്ന അദ്ദായിയുടെയും, അദ്ദേഹത്തിന്റെ ശിഷ്യന്മാരെന്നു പറയപ്പെടുന്ന അഗ്ഗായിയുടെയും മാറിയുടെയും പേരുകളാണ് ഈ സഭയുടെ ആരംഭവുമായി ബന്ധപ്പെടുത്തി പറയുന്നതെങ്കിലും, പല സഭാചരിത്ര പണ്ഡിതന്മാരും രണ്ടാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിലാണ് ഈ സഭയുടെ ആരംഭം കാണുന്നത്(2). എങ്കിലും, തോമാശ്ലീഹായുടെ പ്രത്യേകമായ  ക്രിസ്താനുഭവുമായി ഈ സഭയെ ബന്‌ധിക്കുവാൻ ഇന്നു ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. തോമാശ്ലീഹായുടെ പ്രത്യേകമായ  ക്രിസ്താനുഭവത്തിൽ സ്ഥിഥാപിക്കപ്പെട്ട സഭകളാണു പൗരസ്ത്യസുറിയാനി സഭയും മലബാറിലെ മാർത്തോമ്മ ക്രൈസ്തവരുടെ സഭയുമെന്നു വന്നാൽ, രണ്ടു സഭകളും തമ്മിൽ അഭേദ്യമായ ബന്‌ധമുണ്ടാകുമല്ലോ. അപ്പോൾ പൗരസ്‌ത്യസുറിയാനി സഭയുടെ പാരമ്പര്യങ്ങളും പൈതൃകവും ഏറ്റുവാങ്ങുവാൻ മാർത്തോമ്മാ ക്രൈസ്‌തവരെ പ്രേരിപ്പിക്കാനും ബുദ്ധിമുട്ടുണ്ടാകുകയില്ലല്ലോ ഈ ചിന്തയാണ് “തോമാശ്ലീഹായുടെ പ്രത്യേകമായ  ക്രിസ്താനുഭവ"മെന്ന കെട്ടുകഥയുണ്ടാക്കാൻ ഇതിൻ്റെ പ്രണേതാക്കളെ പ്രേരിപ്പിച്ചത്.


ബൈബിൾ വിജ്‌ഞാനീയത്തിന്റെ വെളിച്ചത്തിൽ


ബഹു വർഗീസ് പാത്തികുളങ്ങരയച്ചൻ്റെ സാക്ഷ്യമനുസരിച്ച്, അദ്ദേഹം തന്നെയാണ് ഈ സങ്കല്പ‌കഥയുടെ ഉപജ്ഞാതാവ്(3). തോമ്മാശ്ലീഹായുടെ പ്രത്യേകമായ  ക്രിസ്താനുഭവമെന്ന തൻറെ ഈ സിദ്ധാന്തം സഭാവിജ്‌ഞാനീയത്തിലും ദൈവശാസ്ത്രചിന്തയിൽ തന്നെയും ഒരു പുതിയ കാൽ‌വെയ്പ്പാണെന്നാണ് ലേഖകൻ പറയുന്നത്. ഈ സിദ്ധാന്തം "ഇൻഡോ കാൽഡിയൻ ലിറ്റർജി " (Indo - Chaldean Liturgy) എന്ന ഇംഗ്ലീഷ് പുസ്തകത്തിലും (4), "നമ്മുടെ രക്ഷയ്ക്കുവേണ്ടി" (5) എന്ന മലയാളം പുസ്ത‌കത്തിലും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്.


വി. യോഹന്നാൻ സുവിശേഷത്തിൽ തോമാശ്ലീഹായെപ്പറ്റി കാണുന്ന മൂന്നു പരാമർശങ്ങളെയാണ് തന്റെ സിദ്ധാന്തത്തിന് അദ്ദേഹം ആശ്രയിക്കുന്നത്. ഈ പരാമർശങ്ങൾക്ക് ആരാധനക്രമപരവും ദൈവശാസ്ത്രപരവുമായ ഒരു വ്യാഖ്യാനമാണു താൻ കൊടുക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. നാലാമത്തെ സുവിശേഷമെഴുതിയത് യേശുവിന്റെ ശ്ലീഹന്മാരിലൊരാളായിരുന്ന വി. യോഹന്നാനാണെന്നും ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്സിനെപ്പറ്റി ഈ സുവിശേഷകൻ പറയുന്ന മൂന്നു കാര്യങ്ങളും തോമാശ്ലീഹായെന്ന വ്യക്തിയെ സംബന്ധിക്കുന്ന ചരിത്രവസ്തു‌തകളാണെന്നുമുള്ള സങ്കല്പത്തിലാണ് ലേഖകൻ തന്റെ സിദ്ധാന്തത്തിനു രൂപം കൊടുത്തിരിക്കുന്നത്. എന്നാൽ ഈ സുവിശേഷമെഴുതിയത് യേശുനാഥൻ്റെ ശ്ലീഹന്മാരിലൊരുവനായ യോഹന്നാൻ അല്ലെന്നും തോമാശ്ലീഹായെപ്പറ്റി അദ്ദേഹം പറയുന്ന കാര്യങ്ങൾ ചരിത്രവസ്‌തുതകളായിട്ടല്ല, പിന്നെയോ വി. ഗ്രനഥകാരൻറെ ദൈവശാസ്ത്ര പരിചിന്തനങ്ങളുടെ ഭാഗമായിട്ടാണ് എടുക്കേണ്ടതെന്നും, അവയിൽ തോമാശ്ലീഹായുടെ പേരിനു പ്രാതിനിധ്യസ്വഭാവം മാത്രമാണുള്ളതെന്നും ബൈബിൾ വിജ്‌ഞാനീയത്തിൽ അല്പമെങ്കിലും പരിജ്‌ഞാനമുള്ള ഏവർക്കും ഇന്നറിയാം.


യോഹ 11:16-ൽ 'ദീദിമോസ് എന്ന തോമസ്സ്' എന്ന പേര് എടുത്തുപറയുമ്പോൾ, നാലാം സുവിശേഷത്തിൻറെ കർത്താവിനു സിറിയയുമായി സമ്പർക്കമുണ്ടായിരുന്നുവെന്ന സൂചനയ്ക്കപ്പുറം തോമാശ്ലീഹയെന്ന വ്യക്തിയെപ്പറ്റി ചരിത്രപരമായി ഒന്നും അദ്ദേഹം പറയുന്നില്ല. കാര്യങ്ങൾ ഗ്രഹിക്കുന്നതിനും വിശ്വസിക്കുന്നതിനും അമാന്തിക്കുന്ന, എങ്കിലും അവസാനം വിശ്വസിക്കുന്ന, വ്യക്തികളുടെ പ്രതിപുരുഷൻ ആയിട്ടാണ് ഇവിടെയും മറ്റു രണ്ടു സ്ഥലങ്ങളിലും നാലാം സുവിശേഷകൻ 'ദിദിമോസ് എന്ന തോമസ്സിനെ' അവതരിപ്പിക്കുന്നത് (6).


യോഹ 14:5 ലും ചരിത്രപുരുഷനായ തോമാശ്ലീഹായെപ്പറ്റി യാതൊരു പരാമർശവുമില്ല. കാര്യങ്ങൾ മനസ്സിലാക്കാൻ സമയമെടുക്കുന്ന എല്ലാ ശിഷ്യന്മാരുടെയും പ്രതിനിധിയായിട്ടാണ് ഇവിടെയും സുവിശേഷകൻ തോമസ്സിനെ അവതരിപ്പിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിലെ, യേശുവിൻ്റെ ആഴമേറിയ ചിന്തകളെ കൂടുതൽ ഫലപ്രാമായി അവതരിപ്പിക്കുവാൻ വി. ഗ്രന്ഥകാരൻ ഇവിടെ സംഭാഷണരീതി (dialogue) എന്ന സാഹിത്യരൂപമാണ് അവലംബിച്ചിരിക്കുന്നത്. അതിൽ പ്രതീകാത്മകമായ അർഥത്തിൽ തോമസ്സിനെയും ഉൾപ്പെടുത്തിയെന്നു മാത്രം(7).


യോഹ 20:24-29 ലും ചരിത്ര പുരുഷനായ തോമാശ്ലീഹായെപ്പറ്റി യാതൊരു വിവരവും സുവിശേഷകൻ നൽകുന്നില്ല. ക്രി. വ. നൂറാമാണ്ടോടുകൂടിയാണ് യോഹന്നാന്റെ സുവിശേഷം എഴുതപ്പെട്ടത്. അതായത്, യേശുവിൻ്റെ മരണത്തിനും ഉയിർപ്പിനും ശേഷം 70 വർഷം കഴിഞ്ഞ് ഉയിർത്തെഴുന്നേറ്റ യേശുവിനെ ദർശിച്ചവരിൽ മിക്കവരും അപ്പോഴേക്കും മരിച്ചുപോയിരുന്നു. അന്നത്തെ ക്രൈസ്‌തവർ ഉയിർപ്പിൽ വിശ്വസിച്ചത് ശ്ലീഹന്മാരോ അവരുടെ പിൻഗാമികളോ അതെപ്പറ്റി നല്കിയ സാക്ഷ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. ഭാവിതലമുറകളുടെയും വിശ്വാസത്തിന്റെ അടിസ്ഥാനം അതാണല്ലോ എന്നാൽ, ഈ സാക്ഷ്യത്തിന്റെയും വിശ്വാസത്തിന്റെയും അധികാരികതയെ ചിലർ ചോദ്യം ചെയ്തു. ഉയിർത്തെഴുന്നേറ്റ യേശുവിനെ നേരിട്ടുകാണാതെ, സ്പർശിക്കാതെ, എങ്ങനെ ഉയിർപ്പിൽ വിശ്വസിക്കുവാൻ സാധിക്കും? അവർക്കുള്ള ഉത്തരമാണെന്നു പറയാം യോഹ. 20: 24-29. ഇവിടെയും കാര്യങ്ങൾ ഗ്രഹിക്കുവാനും വിശ്വസിക്കുവാനും അമാന്തിക്കുന്ന എല്ലാവരുടെയും പ്രതിനിധിയായ ഒരു കഥാപാത്രമാണ് ദീദിമോസ് എന്ന തോമസ്. ഇങ്ങനെയുള്ള ആളുകളെയും ഉയിർത്തെഴുന്നേറ്റ യേശുവിലേക്കു നയിക്കുകയെന്നതാണ് സുവിശേഷകൻ്റെ ലക്ഷ്യം. ഉയിർത്തെഴുന്നേറ്റ യേശുവിനെ കാണുകയും സ്പ‌ർശിക്കുകയും ചെയ്യാതെ തന്നെ, ശ്ലീഹന്മാരുടെയും അവരുടെ പിൻഗാമികളുടെയും സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ വേണം ഇനിമുതൽ ക്രൈസ്‌തവർ വിശ്വസിക്കാൻ. അതുകൊണ്ടാണ് ഉത്ഥിതനായ യേശു നാഥൻ പറയുന്നത്: "നീ കണ്ടതു കൊണ്ടു വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ." ഈ സന്ദേശം ശക്ത‌മായ ഭാഷയിൽ മനോഹരമായ ഒരു സാഹിത്യരൂപത്തിലൂടെ അവതരിപ്പിക്കയാണ് വി. ഗ്രന്ഥ‌കാരൻ ഇവിടെ ചെയ്തിരിക്കുന്നത്(8).


അങ്ങനെ, തോമാശ്ലീഹായെപ്പറ്റിയോ അദ്ദേഹത്തിന്റെ അനന്യമായ വ്യക്തിത്വത്തെപ്പറ്റിയോ പ്രത്യേകമായ ക്രിസ്താനുഭവത്തെപ്പറ്റിയോ ഈ സുവിശേഷഭാഗങ്ങൾ യാതൊര വിവരവും നൽകുന്നില്ല. ഈ സുവിശേഷഭാഗങ്ങളുടെ അടിസ്ഥാനത്തിൽ തോമാശ്ലീഹായ്ക്കു പ്രത്യേകമായ ഒരു ക്രിസ്താനുഭവമുണ്ടായിരുന്നുവെന്നും, ആ ക്രിസ്താനുഭവമാണ് നമ്മുടെ സഭയുടെ തനിമയ്ക്കും വ്യതിരിക്തതയ്ക്കും വ്യക്‌തിത്വത്തിനും ആധാരമെന്നും, അതിൽ നിന്നാണ് പ്രത്യേകമായ നമ്മുടെ ആരാധനക്രമവും ആധ്യാത്മികതയും ദൈവശാസ്ത്രവും ഭരണക്രമവുമെല്ലാം ഉരുത്തിരിയുന്നതെന്നും വാദിക്കുന്നതു ശരിയല്ല തന്നെ. ആധുനിക ബൈബിൾ വിജ്‌ഞാനീയത്തെ അപ്പാടെ അവഗണിച്ചുകൊണ്ട് ഇങ്ങനെ ഉപരിപ്ലവമായ വാദഗതികളും കെട്ടുകഥകളുമുണ്ടാക്കി, അവയിലൂടെ നമ്മുടെ സഭയുടെ തനിമയെയും അനന്യതയെയും സ്ഥാപിക്കുവാൻ ശ്രമിക്കുന്നത് നമ്മെ മറ്റു ക്രൈസ്‌തവ സഹോദരങ്ങളുടെ മുമ്പിൽ അവഹേളനാപാത്രങ്ങളാക്കുകയേയുള്ളൂ.


ബഹു ജോർജ് മങ്ങാട്ടച്ചൻ ഒക്ടോബർ ലക്കം അസ്സീസിയിൽ വളരെ വ്യക്‌തമായി സമർഥിച്ചിരിക്കുന്നതുപോലെ, നമ്മുടെ സഭയുടെയും മറ്റെല്ലാ സഭകളുടെയും അടിസ്ഥാനം അപ്പസ്തോലന്മാരുടെ പൊതുവായ ക്രിസ്താനുഭവമാണ്. തീർച്ചയായും ഓരോ ക്രൈസ്തവനും അതുപോലെതന്നെ ഓരോ അപ്പസ്തോലനും പ്രത്യേകവും വ്യക്തിപരവുമായ ക്രിസ്താനുഭവമുണ്ട്. അതു വ്യക്തിപരമായതിനാൽ അതേപടി മറ്റാരുമായി പങ്കുവെക്കാവുന്നതല്ല. പങ്കുവച്ചാലും, മറ്റേ വ്യക്തിക്കുണ്ടാകുന്നത് അയാൾക്കു സ്വന്തവും വ്യക്‌തിപരവുമായ ക്രിസ്താനുഭവമായിരിക്കും. അതിനാൽ, സഭ സ്ഥാപിക്കപ്പെടുന്നത് ഓരോരുത്തരുടെയും ഇങ്ങനെയുള്ള വ്യക്‌തിപരവും പ്രത്യേകവുമായ ക്രിസ്താനുഭവത്തിന്റെ അടിസ്‌ഥാനത്തിലല്ല. പിന്നെയോ പങ്കുവെയ്ക്കപ്പെടാവുന്ന പൊതുവായ ക്രിസ്തുരഹസ്യത്തിന്റെ അടിസ്ഥാനത്തിലത്രേ. ഓരോരുത്തരുടെയും വ്യക്‌തിപരവും പ്രത്യേകവുമായ ക്രിസ്താനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സഭ സ്ഥാപിക്കപ്പെടുന്നതെങ്കിൽ അങ്ങനെ അവർ സ്ഥാപിക്കുന്ന സഭകൾ വ്യതിരിക്തങ്ങളാകുമെങ്കിൽ തോമാശ്ലീഹായുടെ ശിഷ്യന്മാരും അവരുടെ ശിഷ്യന്മാരുമൊക്കെ പുതിയ പുതിയസഭകൾ സ്ഥാപിച്ചിരിക്കണമല്ലോ. ഓരോ അപ്പസ്തോലനും സ്വന്തവും വ്യക്തി പരവുമായ ക്രിസ്താനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ് സഭ സ്ഥാപിച്ചതെങ്കിൽ, അന്ത്യോക്യയിലും റോമിലും പത്രോസ് ശ്ലീഹാ സ്ഥാപിക്കുയോ നേതൃത്വം കൊടുക്കുകയോ ചെയ്ത സഭകൾ തമ്മിൽ ഒരു വ്യത്യാസവും പാടില്ലല്ലോ.


(തുടരും) Part -2


References:-


1. Cfr. Friedrich Heyer, Konfessionskunde, (Walter de Gruyter), Berlin New York, 1977,202


2.Cfr. Friedrich Heiler, Die Ostkirchen, Munich/Basel 1971, 303; Bertold Spuler, Die Nestorianische Kirche, in: Johannes Leipoldt usw. (ed.) Religionsgeschichte des Orients in der Zeit der Weltreligionen (E.J. Brill), Leiden/Koeln 1961, 120-69, 120; Friedrich Heyer, Konfessionskunde, 202.


3. Cfr. Jacob Vellian and Varghese Pathikulangara, The Eucharistic Liturgy of the Chaldeo- Indian Church, in: John Madey (ed.), The Eucharistic Liturgy in the Christian East (Prakasam Publications) Kottaym 1982, 239-72, 245-47.


4.Vadavathoor, 1979 (OIRSI no. 30) pp. 27-29


5. Thevara 1977, pp. 12-18


6. Rudolf Schnackenburg, The Gospel According to St. John, Vol.2, (Bums & Oates) London 1979, 327-28


7. Rudolf Schnackenburg, The Gospel According to St. John, Vol.3,


8.Ibid. 328-35.


തോമ്മാശ്ശീഹായുടെ ക്രിസ്താനുഭവം ഭാഗം -1,

ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ

അസ്സീസിമാസിക,1993 ഡിസംബർ



Dec 3, 1993

2

260

Recent Posts

bottom of page