top of page

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ...

Apr 1

2 min read

ഡോ. റോയി തോമസ്
Face of a frightened lady.

'ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാര്‍ത്തനാദംപോലെ പായുന്ന ജീവിതം' എന്നെഴുതിയത് ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്. ഒരു കാലത്തിന്‍റെ ഭാഗികചിത്രമാണ് കവി വരച്ചിട്ടത്. വര്‍ത്തമാനകാല സംഭവങ്ങള്‍ വിലയിരുത്തിയാല്‍ ഈ ചിത്രം സംഗതമെന്നു കാണാം. സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഹിംസയുടെ മൃഗം നമ്മെ ഭയപ്പെടുത്തി മുന്നേറുന്നു. മുമ്പൊന്നും കേള്‍ക്കാത്തതരത്തിലുള്ള സംഭവങ്ങള്‍ നമ്മെ ഞെട്ടിച്ചുകൊണ്ട് ദിനംതോറും കടന്നുവരുന്നു. കുടുംബവും സമൂഹവുമെല്ലാം ഹിംസയ്ക്കു വേദിയാകുന്നു. നാം മുന്നില്‍ക്കണ്ട ലോകം ഇതായിരുന്നോ? എന്ന ചോദ്യം മുഴങ്ങിക്കേള്‍ക്കുന്നു.

ഭൗതികമായ പുരോഗതിയുടെ അഭാവമല്ല ഇന്നത്തെ അവസ്ഥയ്ക്കു കാരണം. ഭൗതികമായി നാം ഏറെ പുരോഗമിച്ചിരിക്കുന്നു. എന്നാല്‍ അകം കൂടുതല്‍ അസ്വസ്ഥമാകുന്നു. യുദ്ധത്തിന്‍റെ പേരിലുള്ള കൂട്ടക്കൊലകള്‍പോലെ വ്യക്തികള്‍ ചെയ്യുന്ന ഹിംസകളും ആത്മഹത്യകളുമെല്ലാം സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു. ഘോരവ്യാധിയുടെ പ്രത്യക്ഷമായ അടയാളങ്ങളാണ്. ഒരുവശത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ മറുവശത്ത് കോട്ടങ്ങളും പെരുകുന്നു. ഭൂമിയോടും പ്രകൃതിയോടും മനുഷ്യരോടും മറ്റു ജീവജാലങ്ങളോടും ഹിംസ ചെയ്യുന്ന സമകാലിക മനുഷ്യന്‍ വേട്ടമൃഗത്തെപ്പോലെ ആക്രമണത്തില്‍ മുഴുകുന്നു. ആരാണിതിനെല്ലാം ഉത്തരവാദികള്‍ എന്ന അന്വേഷണം പ്രസക്തമാണ്. മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടാന്‍ എളുപ്പമാണ്. ബാക്കി വിരലുകള്‍ നമ്മുടെ നേരെ തന്നെയാണ് തിരിഞ്ഞിരിക്കുന്നത് എന്ന് മറക്കാതിരിക്കുക.

ആഴത്തില്‍ ക്രമം തകരുന്ന ലോകത്തിന്‍റെ, സമൂഹത്തിന്‍റെ, കുടുംബത്തിന്‍റെ സൂചനകളാണ് ഓരോ സംഭവവും വെളിപ്പെടുത്തുന്നത്. വികസനത്തിന്‍റെ ഒരു വശം മാത്രം കണ്ട് നാം മുന്നേറുന്നു എന്നു ധരിക്കരുത്. മറുവശത്തെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന പലതരത്തിലുള്ള ക്യാന്‍സറുകള്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്‍റെ ലക്ഷണങ്ങളാണ് നാം കാണുന്ന ഹിംസയുടെ രൂപത്തില്‍ പ്രത്യക്ഷമാകുന്നത്. മദ്യവും മയക്കുമരുന്നുമെല്ലാം ഇതിനു പശ്ചാത്തലമായി നിലകൊള്ളുന്നു. ജീവിതത്തിന്‍റെ ലക്ഷ്യംതന്നെ മാറിപ്പോയിരിക്കുന്നു. സമൂഹത്തില്‍ മൂല്യങ്ങള്‍ നിറയ്ക്കേണ്ട ഉത്തരവാദിത്വം വഹിക്കുന്നവര്‍ തന്നെ ഹിംസയുടെയും വിഭജനത്തിന്‍റെയും വക്താക്കളാകുന്നത് നാം കാണുന്നു. ഒരടി മുന്നോട്ടു പോകുമ്പോള്‍ ആറടി പിന്നോട്ടുപോകുന്നതുപോലെ തോന്നുന്നു.

നാം നേടിയ വിദ്യാഭ്യാസവും അറിവുമൊന്നും മൂല്യങ്ങളോ സംസ്കാരമോ ആയി വിവര്‍ത്തനം ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. അടിസ്ഥാനപരമായ വ്യതിയാനങ്ങള്‍ സംഭവിച്ചിരിക്കുന്നു. ലോകസാഹചര്യങ്ങള്‍ ഇതിനു തെളിവായി മുന്നിലുണ്ട്. ചോരയില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. യുദ്ധങ്ങളുടെ പിന്നില്‍പ്പോലും വ്യാപാരതാല്പര്യങ്ങളും ലാഭക്കൊതിയുമാണെന്നറിയുമ്പോള്‍ മനുഷ്യന്‍റെ ദുരയുടെ ചിത്രം വെളിപ്പെടുന്നു. മനുഷ്യവംശത്തെ ഒന്നായിക്കാണാന്‍ സാധിക്കാത്തവര്‍ നേതൃത്വത്തില്‍ എത്തിയാല്‍ വിഭജനത്തിന്‍റെ മന്ത്രങ്ങളാണ് അവര്‍ ഉരുവിടുക. അത് നിരന്തരം ഉരുക്കഴിച്ചുകൊണ്ട് ഹിംസയുടെ വിളനിലങ്ങള്‍ അവര്‍ സൃഷ്ടിക്കുന്നു. അതുണ്ടാക്കുന്ന പ്രത്യാക്ഷാതങ്ങള്‍ ഭൂമിയെ നരകമാക്കുന്നു. വര്‍ത്തമാനകാലത്തെ നരകമാക്കി, ഭാവിയിലെ സ്വര്‍ഗ്ഗം സ്വപ്നം കാണുന്ന വിഡ്ഡികളായി നാം മാറുകയാണോ?

ഭൗതികപുരോഗതിയോടൊപ്പം ആന്തരമായ വികാസവും കൂടി ഉണ്ടായാലേ ലോകത്തിന് ഇനി നിലനില്‍പ്പുള്ളു. അല്ലെങ്കില്‍ മൂന്നാം ലോകയുദ്ധംവരെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉണ്ടാക്കിക്കൂട്ടിയിരിക്കുന്ന ആയുധങ്ഹള്‍ ചെലവാകണമെങ്കില്‍ യുദ്ധങ്ങള്‍ അനിവാര്യമാണ്. ലാഭക്കൊതിയന്മാര്‍ക്ക് അടര്‍ന്നുവീഴുന്ന ജീവിതങ്ങള്‍ വിലയില്ലാത്തതാണ്. അധിനിവേശത്തിന്‍റെ പുതിയ തന്ത്രങ്ങള്‍ ഇനിയും നാം കാണാനിരിക്കുന്നു.

വ്യക്തിയിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് കാലം മുന്നോട്ടുകുതിക്കുന്നത്. അഭിമാനക്ഷതം പലപ്പോഴും സംഭവിക്കുന്നു. വ്യക്തിതലത്തില്‍ മുതല്‍ ആഗോളതലത്തില്‍വരെ രാക്ഷനീയമായ ഒരു ശക്തിയുടെ ആധിപത്യം കാണാം. കീഴടക്കാനുള്ള, ഒഴിവാക്കാനുള്ള, കൊന്നൊടുക്കാനുള്ള ത്വര എവിടെയും... ചേര്‍ത്തുനിര്‍ത്തേണ്ട പാരസ്പര്യത്തിന്‍റെ ശക്തി ക്ഷയിക്കുന്ന അനുഭവം പലരെയും വേദനിപ്പിക്കുന്നു. വിവേകികളുടെ നേര്‍ത്തശബ്ദങ്ങളെ ആസുരശബ്ദങ്ങള്‍ വിഴുങ്ങിക്കളയുന്നു.

'ദൂരത്തുനില്‍ക്കുന്ന താരകമേ ചൊല്‍ക നീ

അരികെയെങ്ങാനും പ്രഭാതമുണ്ടോ?'

എന്നു കവി ചോദിച്ചതുപോലെ നല്ല പ്രഭാതത്തെ നാം മുന്നില്‍ കാണാന്‍പോലും കഴിയാതാകുന്ന കാലം വരുമോ എന്ന ആശങ്ക ഒട്ടു അപ്രസക്തമല്ല. മാധ്യമങ്ങളും മതങ്ങളും രാഷ്ട്രീയവും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്ന അശാന്തിയുടെ ഒരു ലോകത്തെ മാറ്റിയെടുത്ത് പുതിയ പുലരി കടന്നു വരൂ. രക്തം മണക്കുന്ന, ഹിംസ നിറഞ്ഞ പ്രഭാതങ്ങള്‍ എത്രനാള്‍ കാണേണ്ടി വരും എന്നത് നമ്മെ ഭയപ്പെടുത്തുന്നതാണ്. സ്നേഹത്തിന്‍റെ ആകാശങ്ങള്‍ ഒടിച്ചുമടക്കുന്നതാണ്? ആകാശം അങ്ങനെ ചുരുങ്ഹിവരുമ്പോള്‍ നമ്മുടെ ഉള്ലിലെ നഭസ്സും ചെറുതാകുന്നു. ഒടിച്ചുമടക്കിയ ആകാശത്തിനുകീഴില്‍ അധോമുഖവാന്മാരായി ജീവിക്കുന്ന നാം 'മനുഷ്യന്‍' എന്ന നാമത്തെ ന്യൂനീകരിക്കുന്നു. വര്‍ണ്ണശബളമായ പൊതികള്‍ക്കുള്ളില്‍ അശാന്തിയുടെ വിത്തുകളാണ് എന്ന അറിവ് ഭയാനകമാണ്. ആത്മഹത്യയും കൊലയുമായ, ജീവിതത്തിന്‍റെ സംഗീതമാണ് നാം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. പാരമ്പര്യത്തിന്‍റെ കവിതകള്‍ ചേര്‍ന്നു കേള്‍ക്കുന്ന ലോകമല്ലേ സുന്ദരം!

ലോകത്തെ മനോഹരമാക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്. ആരെയെങ്കിലും ആ ഉത്തരവാദിത്വം ഏല്പിച്ച് നമുക്ക് മാറിനില്‍ക്കാനാവില്ല. ഭരണാധികാരികളെ തിരുത്താനുള്ള ശക്തിനാം വീണ്ടെടുത്തേ മതിയാവൂ. 'ഇത് ശരിയല്ല' എന്ന് വിളിച്ചു പറയാനുള്ള ആര്‍ജ്ജവം ഏവര്‍ക്കും ഉണ്ടാകണം. പരസ്പരം പഴിച്ച് ഒന്നും പരിഹരിക്കാന്‍ നമുക്കാവില്ല. വിവേകത്തിന്‍റെ സ്വരമാണ് നാം ഉയര്‍ത്തേണ്ടത്. ഈ ലോകം നാളേയ്ക്കുകൂടി ഉള്ളതാണ്. നമ്മുടെ പിന്‍ഗാമികള്‍ക്കവകാശപ്പെട്ട ഭൂമിയെ ഇല്ലാതാക്കാന്‍ നമുക്കവകാശമില്ല എന്ന തിരിച്ചറിവ് സുപ്രധാനമാണ്. 'ഏത് ജീവിതാനശ്വരഗാനം' എന്ന് കവി പാടുന്നത് അനുസ്യൂതം തുടരേണ്ടത്. ജീവന്‍റെ പ്രയാണത്തെ തടസ്സപ്പെടുത്തുന്ന മരണദൂതന്മാര്‍ക്കെതിരെ രചിക്കട്ടെ നമ്മുടെ കര്‍മ്മങ്ങള്‍. ജീവന്‍റെ പക്ഷത്തുനില്‍ക്കുന്നവരെ ഏറെ ആവശ്യമുള്ള കാലമാണിതെന്ന് മറക്കാതിരിക്കണം.

Recent Posts

bottom of page