top of page

ആനന്ദിന്‍റെ ദര്‍ശനവും രക്ഷകന്‍റെ യാത്രയും

Apr 16, 2018

4 min read

ഡോ. റോയി തോമസ്
journey

സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍

നാം ജീവിക്കുന്ന കാലത്തോട് സംവാദാത്മകമായി പ്രതികരിക്കുന്ന എഴുത്തുകാരനും ചിന്തകനുമാണ് ആനന്ദ്. ആഴത്തിലുള്ള ചരിത്രബോധവും മനുഷ്യാഭിമുഖമായ ദര്‍ശനവും അദ്ദേഹത്തെ എന്നും വേറിട്ടുനിര്‍ത്തുന്നു. നോവല്‍, ചെറുകഥ, ലേഖനം, കവിത എന്നിങ്ങനെ ഭിന്നസാഹിത്യരൂപങ്ങളിലൂടെ അദ്ദേഹം സ്വന്തം അന്വേഷണം നടത്തുന്നു. കാലത്തെയും ചരിത്രത്തെയും മനുഷ്യജീവിതത്തെയും ശരിയായരീതിയില്‍ അടയാളപ്പെടുത്താന്‍ ആനന്ദിന് കഴിയുന്നു. അദ്ദേഹത്തിന്‍റെ 'സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍' എന്ന പുതിയ പുസ്തകം കാലത്തോടുചേര്‍ന്നു സഞ്ചരിക്കുന്നു. ആത്മകഥാപരമായ അനുഭവങ്ങളില്‍നിന്ന് ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും വര്‍ത്തമാനകാല സന്ദര്‍ഭങ്ങളിലേക്കും അദ്ദേഹം സഞ്ചരിക്കുന്നു.

ree

അമ്പതുവര്‍ഷം മുമ്പ് പട്ടാളസേവനകാലത്തെ ഓര്‍മ്മകളിലൂടെ അച്ചടക്കത്തിന്‍റെ നിര്‍മ്മാണത്തെക്കുറിച്ച് ആനന്ദ് ചിന്തിക്കുന്നു. 'ഒന്നുപോലെ പ്രവര്‍ത്തിക്കുകവഴി ഒന്നുപോലെ ചിന്തിപ്പിക്കുന്ന'തെങ്ങനെയെന്ന് അദ്ദേഹം വിശദമാക്കുന്നു. "ശരീരത്തില്‍ നേടുന്ന അച്ചടക്കം എളുപ്പം പെരുമാറ്റത്തിലേക്കും സ്വഭാവത്തിലേക്കും ചിന്തയിലേക്കും തര്‍ജ്ജമ ചെയ്യപ്പെടുന്നു" എന്നാണ് ആനന്ദ് നിരീക്ഷിക്കുന്നത്. വ്യക്തിയുടെ ഭാവനകളെയും സഹജാവധാരണകളെയും വിസ്മയിപ്പിക്കുന്ന പ്രക്രിയയെപ്പറ്റിയാണ് അദ്ദേഹം എഴുതുന്നത്. യാന്ത്രികമായ അച്ചടക്കനിര്‍മ്മാണം മനുഷ്യവ്യക്തിത്വത്തിന്‍റെ സാധ്യതകള്‍ ചെറുതാക്കിക്കളയുന്നു. "പ്രകൃതി മാനവരാശിക്ക് പ്രദാനം ചെയ്ത ഉദാത്തസംഭാവനയായ വ്യക്തിത്വവികസനത്തെ പ്രായേണ എല്ലാ മതങ്ങളും വിശ്വാസങ്ങളും സര്‍വാധിപത്യസ്വഭാവമുള്ള പ്രത്യയശാസ്ത്രങ്ങളും സംശയത്തോടും ഭയത്തോടുംകൂടിയാണ് വീക്ഷിച്ചുപോന്നിട്ടുള്ളത്" എന്നാണ് ആനന്ദിന്‍റെ കാഴ്ചപ്പാട്. വ്യക്തിയെ സംഘങ്ങളിലും കൂട്ടങ്ങളിലും ഒതുക്കി അവയില്‍ മുങ്ങിമരിക്കുവാന്‍ പ്രേരിപ്പിക്കുന്ന കൂട്ടങ്ങളെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.

യുദ്ധകാലത്ത് പലായനം ചെയ്യപ്പെട്ടവന്‍റെ വേദനകള്‍ ആനന്ദ് അനുഭവത്തില്‍നിന്ന് പകര്‍ത്തുന്നു. ജനങ്ങളുടെ പിഴുതതെറിയപ്പെടലുകളും അഭയാര്‍ത്ഥിപ്രവാഹങ്ങളും ചരിത്രത്തില്‍ അവസാനിക്കുന്നില്ല എന്നതാണ് സത്യം. "ചോദ്യങ്ങളെല്ലാം ഒരിടത്ത് എത്തിച്ചേരുന്നു. മനുഷ്യനെ ഒരിക്കലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്ത മതങ്ങളിലേക്ക്. ജീവിതത്തെ മനസ്സിലാക്കുകയോ വ്യക്തികളെ അംഗീകരിക്കുകയോ ചെയ്യാത്ത ശുഷ്കമായ പ്രത്യയശാസ്ത്രങ്ങളിലേക്ക്. ഒരു മാനുഷികസംവാദത്തിനും വഴങ്ങാത്ത അധികാരമോഹത്തിലേക്ക്. പിന്നെ വെറും സ്വാര്‍ത്ഥത്തിലേക്കും ആര്‍ത്തിയിലേക്കും എല്ലാത്തിനും പുറമെ യുക്തിരഹിതമായ മനുഷ്യമനസ്സിലേയ്ക്കും". ആനന്ദിന്‍റെ വിവക്ഷ ഇവിടെ വ്യക്തമാകുന്നു. "ഗ്രാമങ്ങളില്‍ നിന്നും വീടുകളില്‍നിന്നും ബന്ധുക്കളില്‍നിന്നും അടര്‍ത്തി വെളിയിലിറക്കപ്പെട്ട കുറെയാളുകളാകുന്നു അവസാനം ദൈവങ്ങളുടെയും രാജാക്കന്മാരുടെയും വിപ്ലവകാരികളുടെയും പൊതുവായ ഉത്പന്നം" എന്നാണ് അദ്ദേഹം തിരിച്ചറിയുന്നത്.

'ഭ്രാന്തന്‍ ആവേശങ്ങളുടെ നൂറ്റാണ്ടാ'ണ് കടന്നുപോയത്. പുതിയ നൂറ്റാണ്ടും വിഭിന്നങ്ങളായ വെല്ലുവിളികളാണ് മനുഷ്യനു മുന്നില്‍ നിവര്‍ത്തിയിടുന്നത്. കമ്പോളാധിഷ്ഠിത ആഗോളീകരണത്തിന്‍റെ ഗതിവേഗത്തില്‍ പലതും തകര്‍ന്നു വീഴുന്നു. ബദല്‍ അന്വേഷണങ്ങള്‍ ഏറെ അനിവാര്യമായ ഘട്ടത്തില്‍ നാമെത്തിനില്‍ക്കുന്നു. പിന്നിലേക്കു നോക്കി സഞ്ചരിക്കുന്നവരെ പിന്തുടര്‍ന്നാല്‍ നാം വീണ്ടും ഇരുണ്ടയുഗത്തിലേക്കു നിപതിക്കും. "വ്യക്തിതാല്‍പര്യങ്ങള്‍ക്കതീതമായി സമൂഹതാല്‍പര്യങ്ങള്‍, മാനുഷികതാല്‍പര്യങ്ങള്‍, പ്രകൃതിയുടെതന്നെ താല്പര്യങ്ങള്‍ നമ്മെ ആവേശിക്കുമോ?" എന്ന ചോദ്യം ഏറെ പ്രസക്തമാണ്.

ഇന്ത്യയിലെ സമകാലികാനുഭവങ്ങളെ മുന്‍നിര്‍ത്തി ആനന്ദ് ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ജനാധിപത്യത്തിന്‍റെ ആന്തരസത്ത ചോര്‍ന്നുപോകുന്നത് അദ്ദേഹം തിരിച്ചറിയുന്നു. രാഷ്ട്രീയനൈതികതയും ജനാധിപത്യമൂല്യങ്ങളും ഹനിക്കപ്പെടുന്നു. "ആശയപരമായി സംസ്കാരത്തെ പിന്നോട്ടു കൊണ്ടുപോകുന്നതില്‍ വിശ്വസിക്കുന്നവര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി" ആഴത്തിലുള്ളതാണ്. 'മനുഷ്യന്‍റെ മനസ്സിലുളള ആദിമമായ ക്രൂരതയെയും യാഥാസ്ഥിതികതയെയും കുറയ്ക്കുന്നതിനുപകരം പ്രോത്സാഹിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്'. നമ്മുടെ രാജ്യത്തെ പല സംഭവങ്ങളും ഇതിനോടു കൂട്ടിവായിക്കാവുന്നതാണ്. "ഫാസിസത്തെ പ്രതിരോധിക്കണമെങ്കില്‍ വാക്കുകളാലും പ്രകടനങ്ങളാലും സാധിക്കുകയില്ല. അതിന്‍റെ എതിരാളിയായ ജനാധിപത്യത്തെയും അതിന്‍റെ മൂല്യങ്ങളെയും ശക്തിപ്പെടുത്തണം" എന്നാണ് ആനന്ദ് നിര്‍ദ്ദേശിക്കുന്നത്. "അസഹിഷ്ണുതയല്ല വാസ്തവത്തില്‍ പ്രശ്നം. സഹിഷ്ണുതയായിരുന്നു. സഹിഷ്ണുത കാണിക്കരുതാത്തതിനോടൊക്കെ നാം സഹിഷ്ണുത കാണിച്ചുകൊണ്ടിരുന്നു. അനുസരിക്കാന്‍ പാടില്ലാത്തതൊക്കെ അനുവദിച്ചുകൊണ്ടിരുന്നു" എന്നാണ് അദ്ദേഹത്തിന്‍റെ സുചിന്തിതമായ അഭിപ്രായം.

'ശാശ്വതമായ ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്‍റെ വില' എന്ന് ആനന്ദ് മനസ്സിലാക്കുന്നു. പൗരസമൂഹത്തിന്‍റെ ജാഗ്രതക്കുറവ് ചില സുഷിരങ്ങള്‍ രാഷ്ട്രശരീരത്തില്‍ സൃഷ്ടിക്കുന്നു. "ധാര്‍മ്മികമൂല്യങ്ങളുടെ പരിചകളില്‍ തുളകള്‍ വീണുകൊണ്ടിരുന്നത് നാം ശ്രദ്ധിച്ചില്ല. പ്രശ്നം തുരുമ്പിന്‍റെയും തുളകളുടേതുമാണ് എന്നര്‍ത്ഥം". ഈ തുളകളും തുരുമ്പും ഇല്ലാതാക്കാനുള്ള ശക്തിയാണ് പൗരസമൂഹം കൈവരിക്കേണ്ടത്. 'സ്വതന്ത്രചിന്ത വറ്റിപ്പോകുന്ന അര്‍ദ്ധമൃത സമൂഹത്തിന്' ഇതു കഴിയണമെന്നില്ല. ഭാവിയിലേക്ക് ഉറ്റുനോക്കി നാം വീണ്ടെടുപ്പിന്‍റെ യാത്ര നടത്തേണ്ടതുണ്ട്.

'നുണകളുടെ വനത്തില്‍ നമുക്ക് കൂട്ടായി വരുന്ന മിത്രങ്ങള്‍ മിത്തുകളാണ്'. ഈ മിത്തുകള്‍ സത്യത്തെ മൂടിവയ്ക്കുന്നത് നാമിന്ന് കാണുന്നു. 'വിജ്ഞാനവിരോധത്തിന് മാന്യമായ ഇടം കിട്ടുകയും കാലഹരണപ്പെട്ടുവെന്നു കരുതിയ ആചാരങ്ങളും വിശ്വാസങ്ങളും സമൂഹമനസ്സില്‍ വീണ്ടും സ്ഥാനം നേടുകയും ചെയ്യുന്നു'. അങ്ങനെ മിത്തുകള്‍ പലപ്പോഴും പിന്നോട്ടുതുഴയാനുള്ള തോണികളാകുന്നത് ആനന്ദ് കാണുന്നു.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ഉണര്‍ന്ന മനസ്സാണ് ആനന്ദിന്‍റേത്. സത്യത്തിന്‍റെയും മനുഷ്യന്‍റെയും പക്ഷത്തുനില്‍ക്കുന്ന അദ്ദേഹം ചരിത്രത്തെയും രാഷ്ട്രീയത്തെയും ഉള്‍ക്കാഴ്ചയോടെ വിലയിരുത്തുന്നു. സമൂഹത്തെ മുന്നോട്ടു നയിക്കുന്ന മാനവികചിന്തകളാണ് ആനന്ദിന്‍റേത്. ഇത്തരം ചിന്തകള്‍കൊണ്ടുനിറഞ്ഞ പുസ്തകമാണ് 'സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍'

(സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍ - ആനന്ദ്, ഡി.സി. ബുക്സ്)

 

രക്ഷകന്‍റെ സഞ്ചാരം


ree

നമ്മുടെ വിശ്വാസത്തിനും ആത്മീയാന്വേഷണങ്ങള്‍ക്കും ആഴം കുറഞ്ഞുവരുന്ന കാലമാണിത്. ഉപഭോഗസംസ്കാരം മനുഷ്യന്‍റെ ആത്മാവിനെയാണ് വലിക്കെടുത്തിരിക്കുന്നത്. അടിസ്ഥാനപരമായ മാര്‍ഗ്ഗഭ്രംശത്തിന്‍റെ കഥകള്‍ നാം കേട്ടുകൊണ്ടിരിക്കുന്നു. ഒരു വ്യക്തിയുടെയോ ചില വ്യക്തികളുടെയോ മാത്രം കുറ്റമല്ല ഇത്. മൗലികമായ ഒരു പ്രശ്നംതന്നെയാണിതെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. ആത്മീയതയുടെ വീണ്ടെടുപ്പാണ് ഇന്നിന്‍റെ ആവശ്യം. അനുഷ്ഠാനങ്ങളുടെ പെരുപ്പമോ ആള്‍ക്കൂട്ടങ്ങളോ ഒന്നും ആത്മീയമായ കണ്ടെത്തലുകളായി വളരുന്നില്ല. 'യേശുവിലേക്ക് എത്രദൂരം' എന്ന ചോദ്യം നാം ഉള്ളിലേക്കു തിരിഞ്ഞ് ചോദിക്കേണ്ടതുണ്ട്. കെട്ടിയുയര്‍ത്തുന്ന ദേവാലയങ്ങളോ കെട്ടിടസമുച്ചയങ്ങളോ വ്യാപാരകേന്ദ്രങ്ങളോ യേശുവുമായി ബന്ധപ്പെട്ടതല്ല എന്ന തിരിച്ചറിവ് കൈവരിച്ചാലേ നമുക്കു തിരിച്ചു നടക്കാനാവൂ. 'എന്‍റെ രക്ഷകന്‍' എന്ന വി. മധുസൂദനന്‍ നായരുടെ കാവ്യശില്പം യേശുവിനെ തനിമയോടെ കണ്ടെത്താനുള്ള ശ്രമമാണ്. ആഴത്തിലുള്ള പഠനത്തിന്‍റെയും മനനത്തിന്‍റെയും ഫലമാണ് ഈ കാവ്യനാടകം. യേശുനടന്ന വഴിയിലൂടെ കവി നടത്തുന്ന സാര്‍ത്ഥകമായ സഞ്ചാരമാണിത്.

പുതിയനിയമത്തില്‍ ആവിഷ്കരിക്കുന്ന യേശുവിന്‍റെ ജീവിതം കൃത്യമായി അടയാളപ്പെടുത്തുകയാണ് കവി. പ്രവാചകന്മാരും സങ്കീര്‍ത്തകനുമെല്ലാം അതിനോടു ചേര്‍ന്നു നില്‍ക്കുന്നു. നമ്മുടെ മനസ്സില്‍നിന്ന് കുടിയിറങ്ങിയ കാരുണ്യമൂര്‍ത്തിയെ പുനരാനയിക്കാനുള്ള ശ്രമമാണ് മധുസൂദനന്‍നായര്‍ നടത്തുന്നത്. "ഭൗതികജീവിതയാതനകള്‍ക്കും വേദനകള്‍ക്കും നടുവില്‍ കനലില്‍ നിന്നെന്നപോലെ വിരിയുന്ന ആധ്യാത്മികതയുടെ വിപ്ലവാത്മകമായ തപസ്സാണ് യേശുക്രിസ്തു എന്നു ദര്‍ശിച്ചു". ഈ ദര്‍ശനത്തിന്‍റെ സാഫല്യമാണ് 'എന്‍റെ രക്ഷകന്‍'. "ജീവിതരാശിയുടെ വേദനമുഴുവന്‍ തന്നിലേക്ക് ഏറ്റെടുക്കുന്ന, ബുദ്ധനെപ്പോലെ തപിക്കുന്ന, സ്വയം ബലിവസ്തു ആകുന്ന യേശുവും ദാര്‍ശനികനും ദൈവപ്രേഷിതനുമായ യേശുക്രിസ്തുവും ഈ രചനയില്‍ ഒന്നായിനില്‍ക്കണമെന്നായിരുന്നു സങ്കല്പം" എന്ന് കവി തന്‍റെ ലക്ഷ്യം വെളിപ്പെടുത്തുന്നു. "ലോകവേദന മുഴുവന്‍ ഏറ്റെടുക്കുന്ന ആത്മാവ് സ്വയം പവിത്രമായിത്തീരുന്നു. അഗ്നിശുദ്ധമായ ആ പവിത്രതയുടെ പ്രതീകമല്ലേ യേശു ക്രിസ്തു?" എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കാവ്യനാടകം.

യേശുവിന്‍റെ ജനനവും ജീവിതവും മരണവും ഉയിര്‍പ്പും എല്ലാം ഈ കാവ്യത്തില്‍ സൂക്ഷ്മതയോടെ കവി ആവിഷ്ക്കരിക്കുന്നു.

 

'മേടയിലല്ല, കൊട്ടാരത്തിലല്ല

കാലിത്തൊഴുത്തിലെ പുല്‍ക്കുടിലില്‍

പട്ടുടുപ്പിച്ച, പൂമെത്തയുമില്ല

പാവങ്ങള്‍തന്‍ വെറും കച്ചമാത്രം' എന്നാണ് കവി യേശുവിന്‍റെ ജനനം വരച്ചിടുന്നത്. ഈ ലാളിത്യവും എളിമയും കവി ശരിയായ രീതിയില്‍ കാണുന്നു.

ആമോസിന്‍റെ വാക്കുകളെ യേശുവിന്‍റെ ദേവാലയസന്ദര്‍ശനവുമായി കവി ബന്ധിപ്പിക്കുന്നു.

 

"എന്തിനീ ആത്മശൂന്യമാമുത്സവം

എന്തിനീ ക്രയവിക്രയസംഗമം

ഏല്‍ക്കയില്ല ഞാനീവിധം ഹോമങ്ങള്‍

കേള്‍ക്കുകില്ല ഞാനിത്തരം ഗീതികള്‍

താണവര്‍ക്കായൊഴുകട്ടെ ധര്‍മ്മവും

മാനവനുള്ള ഗീതിപ്രവാഹവും".

 

പ്രവാചകാഹ്വാനത്തിന്‍റെ പൊരുള്‍ നാമിന്ന് കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുതന്നെയാണെന്ന് കവി കരുതുന്നു.

സുവിശേഷത്തിലെ യേശുവചനങ്ങള്‍ കവി കാവ്യമാക്കി അവതരിപ്പിക്കുന്നു.

 

"ബന്ധിതരേ, നിങ്ങള്‍ തേടും

മോചനമല്ലോ ഞാന്‍

അന്ധരേ, നിങ്ങള്‍ തിരയും

പ്രകാശമല്ലോ ഞാന്‍

***

മര്‍ദ്ദിതരേ, നിങ്ങടെ വാഴ്വിനു

സ്വാതന്ത്ര്യവും ഞാന്‍" എന്നു പ്രഖ്യാപിക്കുന്ന യേശുവിനെ കവി സൂക്ഷ്മമായി ചിത്രീകരിക്കുന്നു. ഗിരിപ്രഭാഷണവും ഉപമകളുമെല്ലാം കവി മനോഹരമായി ചുരുക്കി അവതരിപ്പിക്കുന്നു.

 

"സ്നേഹമാണു ദൈവമതം

സ്നേഹമാണുജീവിതം

ദ്രോഹിക്കുവോനെയും സ്നേഹിക്കൂ

ദ്രോഹിക്കുവോനായും പ്രാര്‍ത്ഥിക്കൂ" എന്ന് യേശു വചനങ്ങളെപ്പറ്റി വിവര്‍ത്തനം ചെയ്യുന്നു. വചനത്തിന്‍റെ ആത്മാവുകണ്ടെത്താന്‍ കവിക്കു സാധിച്ചിരിക്കുന്നു.

 

"സത്യത്തിനായ് ദിവ്യസാക്ഷ്യം നല്‍കാന്‍

മര്‍ത്യനായ് വന്നു ഞാന്‍ മണ്ണില്‍" എന്നു പറഞ്ഞ രക്ഷകനെ മരണത്തിനു വിധിക്കുന്നു സമൂഹം. മരണത്തില്‍നിന്ന് നിത്യജീവനിലേക്ക് അവന്‍ ഉയിര്‍ത്തു. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണംവരെയുള്ള ചരിത്രം കവി പിന്തുടരുന്നു. തന്‍റേതായ വ്യാഖ്യാനങ്ങള്‍ക്കു മുതിരാതെ ബൈബിള്‍ അവതരിപ്പിക്കുന്ന യേശുവിനെ കണ്ടെത്താനാണ് മധുസൂദനന്‍നായര്‍ ശ്രമിക്കുന്നത് നമ്മുടെ ആത്മീയാന്വേഷണങ്ങള്‍ക്ക് പിന്‍ബലവും പോഷണവുമാകാന്‍ 'എന്‍റെ രക്ഷകന്‍' സഹായിക്കുന്നു.

(എന്‍റെ രക്ഷകന്‍, വി. മധുസൂദനന്‍ നായര്‍, ഡി.സി.ബുക്സ്)

 

വാഴ്ത്തിപ്പാടാത്ത ജീവിതങ്ങള്‍

ree

സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്കു വെളിച്ചം പകര്‍ന്ന സാധാരണ മനുഷ്യരെക്കുറിച്ച് പ്രശസ്ത പത്രപ്രവര്‍ത്തകയായ അനിത പ്രതാപ് എഴുതിയ കുറിപ്പുകളാണ് "വാഴ്ത്തുപാട്ടില്ലാതെ" എന്ന ഗ്രന്ഥം. സഹജീവികള്‍ക്കായി ജീവിച്ച സാധാരണ മനുഷ്യരുടെ അസാധാരണ കഥകളാണിവ. "തങ്ങള്‍ക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സ്വയം സമര്‍പ്പിച്ച ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യജീവികള്‍ക്കുള്ള ആദരോപഹാരമാണ് ഈ പുസ്തകം" എന്ന് അനിത  പ്രതാപ് കുറിക്കുന്നു. 'സാമ്പത്തികശേഷിക്ക് ബദലായി അവര്‍ക്കുള്ളത് ചില ആന്തരശേഷികളാണ്, ദര്‍ശനം, ഇച്ഛാശക്തി, സമര്‍പ്പണം, ഊര്‍ജ്ജം മുതലായവ' എന്ന് അവര്‍ തുടര്‍ന്നെഴുതുന്നു. ഈ കഥകള്‍ നമുക്ക് പ്രചോദനം പകര്‍ന്നു നല്‍കുന്നു. "വലുത് ചേതോഹരവും ചേതോഹരം വലുതും ആകുന്ന ആഗോളീകരണത്തിന്‍റെ അതിവേഗപ്പാതകള്‍ക്ക് പകരമായി സ്വന്തം വേരുകളിലേക്കുള്ള നാട്ടുവഴി അന്വേഷിക്കുന്ന പുസ്തകമാണിത്" എന്ന് അനിത പ്രതാപ് പ്രസ്താവിക്കുന്നു. അമൂല്യമായ 'ചെറുതു'കളെയാണ് അവര്‍ കാണിച്ചു തരുന്നത്. ഭൗതികതയെ കവിഞ്ഞുനില്‍ക്കുന്ന ആത്മീയതയാണ് അവരെ ഉയര്‍ത്തിനിര്‍ത്തുന്നത്.  

ചെവാങ് നോര്‍ഫല്‍, ജോര്‍ജ്ജ് പുലികുത്തിയില്‍, ഹസ്നത്ത് മന്‍സൂര്‍, കെ.എം. ചിന്നപ്പ, ലക്ഷ്മണ്‍ സിങ്, രങ്കസ്വാമി ഇളങ്കോ, സുഭാഷിണി മിസ്ത്രി, തുളി മുണ്ട, വിജയനാഥ് ഷേണായി എന്നിവരാണ് ഈ പുസ്തകത്തില്‍ കടന്നുവരുന്ന പ്രകാശംപരത്തുന്ന വ്യക്തികള്‍. ഭിന്നമേഖലകളിലാണ് ഇവരുടെ സംഭാവന. എന്നാല്‍ ഇവരെ കൂട്ടിയിണക്കുന്നത് നന്മയിലൂടെയുള്ള സഞ്ചാരമാണ്. "സമര്‍പ്പണത്തിന്‍റെ അഗാധമായ കിണറുകളില്‍നിന്നാണ് ലളിതമായ ആശയങ്ങള്‍ ഉറന്നു വരുന്ന"തെന്ന്  ഇവരുടെ ജീവിതം വ്യക്തമാക്കുന്നു. ലളിതമായ ആശയങ്ങള്‍ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു എന്ന് ഇവര്‍ക്കറിയാം. "നമ്മുടെ സമര്‍പ്പണമാണ് വ്യത്യാസമുണ്ടാക്കുന്നത്. സമര്‍പ്പിതമനസ്കനാണോ, സ്വന്തം ലക്ഷ്യത്തില്‍ നിന്ന് നിങ്ങളെ പിന്നോട്ടുവലിക്കാന്‍ ആര്‍ക്കും ഒന്നിനും ഒരിക്കലും സാധിക്കില്ല" എന്ന് ജോര്‍ജ്ജ് പുലികുത്തിയില്‍ പറയുന്നതാണ് സത്യമെന്നു നാം തിരിച്ചറിയുന്നു. 'ഇച്ഛാശക്തിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സാധിക്കാം" എന്നുപറയുന്ന കെ.എം. ചിന്നപ്പയും ഇതുതന്നെയാണ് വിളിച്ചുപറയുന്നത്.

"ജീവിതത്തില്‍ എന്തെങ്കിലും നേടണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ നിലത്തിറങ്ങി വന്ന് അതു സ്വയം ചെയ്യണം. സ്വയം ഒരു മാതൃകയായിത്തീര്‍ന്നുകൊണ്ടു മാത്രമേ നിങ്ങള്‍ക്കു മറ്റുളളവരെ നയിക്കാന്‍ കഴിയൂ" എന്നാണ് ലക്ഷ്മണ്‍ സിങ് വിശ്വസിക്കുന്നത്. പ്രകൃതിയോടു ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുന്ന അദ്ദേഹം തന്‍റെ വിശ്വാസത്തെ പ്രാവര്‍ത്തികമാക്കി. "നമ്മള്‍ സ്വന്തം ഉള്‍ക്കരുത്ത് വീണ്ടെടുക്കണം. നമ്മുടെ ഗര്‍ഭസ്ഥമായ പ്രാപ്തികളെ ഉണര്‍ത്തിയെടുക്കുകതന്നെ വേണം" എന്നതാണ് രങ്കസാമി ഇളങ്കോയുടെ ദര്‍ശനം.  മറ്റുള്ളവരുടെ സന്തോഷം ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതായി ഇവരെല്ലാം കരുതുന്നു. "മറ്റുളളവര്‍ക്കു സന്തോഷം കൊടുത്തുകൊണ്ടു നമുക്കു സന്തോഷം നേടാം' എന്നു തുളസി മുണ്ട പറയുന്നുണ്ട്.

'വാഴ്ത്തുപാട്ടില്ലാതെ' എന്ന ചെറുഗ്രന്ഥം നമ്മില്‍ നന്മയുടെ വെളിച്ചം നിറയ്ക്കുന്നു. ഇന്ത്യയിലെ കുട്ടികള്‍ക്കാണ് ഈ പുസതകം സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ മാതൃകയാക്കേണ്ടത് ഇവരെയാണ് എന്ന് അനിത പ്രതാപ് കരുതുന്നു. ഇരുട്ടിനു കട്ടികൂടിവരുന്ന കാലത്ത് പ്രകാശം പരത്തുന്ന ആളുകളെ ഉയര്‍ത്തിക്കാണിക്കുകയാണ് ഗ്രന്ഥകാരി. ഇത് ഒരു പ്രതിരോധമാണ്. ഇരുട്ടിനെതിരെ വെളിച്ചത്തിന്‍റെ പ്രതിരോധം.

(വാഴ്ത്തുപാട്ടില്ലാതെ - അനിത പ്രതാപ്, വിവ: എം.എന്‍. കാരശ്ശേരി, ഡി.സി.ബുക്സ്)


Apr 16, 2018

0

1

Recent Posts

bottom of page