top of page

ആദവും ഹൗവ്വായും ഉത്ഭവപാപവും

Apr 1, 1989

4 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

സംശയിക്കുന്ന തോമ്മാ...

The angel expels Adam and Eve from the Garden of Eden.

ആദിമാതാപിതാക്കൾ ദൈവ കല്പന ലംഘിച്ച് പാപം ചെയ്തു എന്നും അതിൻ്റെ ഫലമായി ഓരോ മനുഷ്യനും ഉത്ഭവപാപത്തോടുകൂടി ജനിക്കുന്നു എന്നും കത്തോലിക്കർ പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നുണ്ടല്ലോ. ഇത് നിഷ്കൃഷ്ടാർത്‌ഥത്തിൽ ഒരു വിശ്വാസ സത്യമാണൊ? അതോ മനുഷ്യനിൽ കാണുന്ന നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തെ വിശദീകരിക്കുന്നതിനുളള ഒരു "സങ്കല്‌പം" മാത്രമോ? ആദിമനുഷ്യൻ്റെ അധ: പതനത്തെക്കുറിച്ച് ദൈവപുത്രനായ ക്രിസ്തു‌ ഒരിടത്തും പരാമർശിക്കുന്നതായി സുവിശേഷങ്ങളിൽ കാണുന്നില്ലല്ലോ. സാത്താൻ ഇടിമിന്നൽ പോലെ ആകാശത്തു നിന്നു നിപതിക്കുന്നതു താൻ കണ്ടു എന്നു പറഞ്ഞ ക്രിസ്‌തു ആദിമനുഷ്യൻ്റെ അധ:പതനത്തെക്കുറിച്ചു മൗനം ദീക്ഷിക്കുന്നത് അത് ഒരു ചരിത്രസത്യം അല്ലാത്തതുകൊണ്ടല്ലേ?


തോമസ്, മൂക്കൻതോട്ടം, തിരുവമ്പാടി


പ്രിയപ്പെട്ട തോമസ്,


രണ്ടു പ്രശ്നങ്ങളാണല്ലോ ചോദ്യത്തിൽ മുഖ്യമായി ഉന്നയിച്ചിരിക്കുന്നത്: ഒന്ന്, ആദിമാതാപിതാക്കന്മാരെപ്പറ്റി ഉൽപ്പത്തിയുടെ പുസ്തകത്തിലെ ആദ്യത്തെ അധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ. രണ്ട്, ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനം. രണ്ടും ബന്ധപ്പെട്ട വിഷയങ്ങൾ തന്നെ. ഒന്നാമതായി, ആദിമാതാപിതാക്കന്മാരുടെ സൃഷ്ടിയേയും പതനത്തെയും പറ്റി ബൈബിൾ നൽകുന്ന വിവരണവും അതിൻ്റെ അർത്ഥവും വ്യക്‌തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഉത്ഭവ പാപമെന്തെന്നു മനസ്സിലാക്കാൻ പറ്റിയ പശ്ചാത്തലവും അതുതന്നെയായിരിക്കും.


മൗലികമായ ചോദ്യങ്ങൾക്ക് ഉത്തരം


ബൈബിൾ വായിക്കയും മനസ്സിലാക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തി ആദ്യമായി ഓർത്തിരിക്കേണ്ട വസ്തുത ബൈബിൾ ഒരു ചരിത്ര ഗ്രന്ഥമോ ശാസ്ത്രഗ്രന്ഥമോ അല്ല. പ്രത്യുത മതപരമായ സന്ദേശം നൽകാൻ എഴുതപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് എന്നതാണ്. അതിനാൽ ചരിത്രപരമോ ശാസ്ത്രീയമോ ആയ വിജഞാനമല്ല ബൈബിളിൽ തേടേണ്ടത്. പിന്നെയോ രക്ഷയുടെ സന്ദേശമത്രേ. ഉൽപ്പത്തിയുടെ ആദ്യത്തെ അധ്യായങ്ങളെ സംബന്ധിച്ച് ഇതു വിശിഷ്യ വാസ്തവമാണ്. ഈ പ്രപഞ്ചവും അതിലുള്ള വസ്തുക്കളും സർവ്വോപരി മനുഷ്യനും എങ്ങനെ രൂപംകൊണ്ടു എന്ന് ചരിത്രപരവും ശാസ്ത്രീയവുമായ അറിവു തേടുന്ന വ്യക്തി ആശ്രയിക്കേണ്ടത് ബൈബിളിനെയല്ല, ഈ അറിവു നൽകുക എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടിട്ടുള്ള ചരിത്രഗ്രന്ഥങ്ങളേയും ശാസ്ത്രഗ്രന്ഥങ്ങളെയുമാണ്. കണക്കു പഠിക്കാൻ വ്യാകരണപ്പുസ്തകമോ, ഭൂമിശാസ്ത്രം പഠിക്കാൻ സാമൂഹ്യപാഠപ്പുസ്തകമോ അല്ലല്ലോ നാം വായിക്കേണ്ടത്.


മതപരമായ ചില നിത്യസത്യങ്ങളും സനാതന സന്ദേശങ്ങളും നമുക്കു നൽകുക എന്നതായിരുന്നു ദൈവത്താൽ പ്രചോദിതരായ ബൈബിൾ ഗ്രന്ഥകർത്താകളുടെ ലക്ഷ്യം. എന്താണ് ഈ പ്രപഞ്ചത്തിൻ്റെയും അതിലെ വസ്തുക്കളുടെയും വിശിഷ്യ മനുഷ്യന്റെയും ആദികാരണം? എന്താണ് അവയുടെ അന്തിമ ലക്ഷ്യം ? എങ്ങനെയാണ് മനുഷ്യൻ തൻ്റെ അന്തിമലക്ഷ്യത്തിൽ എത്തിചേരേണ്ടത് ? നന്മയും സൗഭാഗ്യവും ആഗ്രഹിക്കുന്ന മനുഷ്യന് തിന്മയും വേദനകളും ദുരിതങ്ങളും അവസാനം മരണവും അനുഭവപ്പെടുന്നതെന്തുകൊണ്ട്? എവിടെ നിന്നാണ് തിന്മ ലോകത്തിലേക്കു വന്നത്? ഇങ്ങനെ ഈ പ്രപഞ്ചത്തെയും മനുഷ്യനെയും മനുഷ്യൻ്റെ ജീവിതാനുഭവങ്ങളെയും പറ്റി പ്രത്യക്ഷമായോ പരോക്ഷമായോ എല്ലാ മനുഷ്യരും ചോദിക്കുന്ന മൗലികമായ ചില ചോദ്യങ്ങൾക്കു യാഹ്‌വേയിലുള്ള വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ ഉത്തരം നൽകുവാനുള്ള ഒരു പരിശ്രമമാണ് ഉൽപത്തിയുടെ പുസ്തകത്തിലെ അധ്യായങ്ങളിൽ നാം കാണുക.


സങ്കല്‌പകഥകളും ഇതിഹാസങ്ങളും


ക്രിസ്തുവർഷത്തിന് ഏതാണ്ടു പത്ത് നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തിയാണ് ഇസ്രായേൽക്കാർക്കിടയിൽ ആദ്യമായി ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തുനിയുന്നത്. അന്ന് ചരിത്രമോ ശാസ്ത്രമോ ഒന്നും ഇന്നു നാം മനസ്സിലാക്കുന്ന രീതിയിൽ ഉത്ഭവിക്കയും വികസിക്കയും ചെയ്തിരുന്നില്ല. ശാസ്ത്രവും ശാസ്ത്രീയമായ ചരിത്രമെഴുത്തുമൊക്കെ ആധുനിക യുഗത്തിന്റെ നേട്ടങ്ങളാണല്ലോ. അന്നത്തെ മനുഷ്യർ മതപരമായ ആശയങ്ങളും വിശ്വാസത്തിലുള്ള ബോധ്യങ്ങളും പ്രകാശിപ്പിക്കുവാൻ കണ്ട ഉപാധി ചരിത്രവും ശാസ്ത്രവുമായിരുന്നില്ല. പ്രത്യുത സങ്കല്പകഥകളും ഇതിഹാസങ്ങളുമായിരുന്നു(Myths and Legends). ഇസ്രായേൽക്കാരും ആ ഉപാധി തന്നെ സ്വീകരിച്ചു. പ്രപഞ്ച സൃഷ്‌ടിയെപ്പറ്റിയും മനുഷ്യൻ്റെ ഉത്ഭവത്തെപ്പറ്റിയുമുള്ള സങ്കല്പകഥകളും ഇതിഹാസങ്ങളും സുമേറിയക്കാർ, ബാബിലോണിയാക്കാർ, ഈജിപ്റ്റുകാർ തുടങ്ങിയ പുരാതന ജനതകളുടെ പുരാണങ്ങളിലും നമുക്കു കാണുവാൻ കഴിയും. ഇവയിൽ ചിലത് ബൈബിളിൽ കാണുന്ന വിവരണങ്ങളോടു വളരെ സാമ്യമുള്ളവയുമാണ്. യാഹ്‌വേ എന്ന ഏക ദൈവത്തിൽ വിശ്വസിച്ച ഇസ്രായേൽക്കാർ മറ്റു പുരാതന ജനതകളുടെ പുരാണങ്ങളിലെ സങ്കല്പ കഥകളേയും ഇതിഹാസങ്ങളെയും മാതൃകകളാക്കിയും ചിലപ്പോഴൊക്കെ അവയിൽ നിന്നു കടംകൊണ്ടും അവയെ അനുരൂപപ്പെടുത്തിയും തങ്ങളുടെ സങ്കല്പകഥകളും ഇതിഹാസങ്ങളും സൃഷ്‌ടിച്ചു.


അതെ സമയം ഇസ്രായേൽക്കാർക്ക് ദൈവത്തിന്റെ സത്തയേയും ഏകത്വത്തേയും അതീന്ദ്രിയതയേയുമെല്ലാം പറ്റി ഉദാത്തമായ ഉൾക്കാഴ്ചകളും ധാരണകളുമാണു ഉണ്ടായിരുന്നത്. ഇക്കാര്യത്തിൽ സമകാലിക ജനസമൂഹങ്ങൾക്കു വളരെ മുമ്പിലായിരുന്നു അവർ. ദൈവത്തിൻ്റെ ഏകത്വത്തിനും അതീന്ദ്രിയതയ്ക്കും ഉൽകൃഷ്ട ഭാവങ്ങൾക്കും നിരക്കാത്തതോ, മനുഷ്യസഹജമായ ചാപല്യങ്ങളും തെറ്റുകളുമെല്ലാം ദൈവത്തിൽ ആരോപിക്കുന്നതോ ആയ ഒന്നും മറ്റു ജനതകളുടെ പുരാണേതിഹാസങ്ങളിൽ നിന്ന് കടം കൊള്ളാതിരിക്കാൻ അവർ ദത്തശ്രദ്ധരായിരുന്നു. എന്നാൽ, കഥകളിലൂടെയും ഇതിഹാസങ്ങളിലുടെയും കാര്യം പറയുന്ന മറ്റു ജനതകളുടെ രീതി തന്നെ ഇസ്രായേൽക്കാരും അനുകരിച്ചു. ഇങ്ങനെ, ഏകദൈവമായ യാഹ്‌വേയാണ് പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയുമെല്ലാം സൃഷ്ടാവ്, യാഹ്‌വേയിൽ നിന്നല്ലാതെ മറ്റൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. യാഹ്‌വേയാണ് എല്ലാറ്റിൻ്റെയും അന്ത്യവും ലക്ഷ്യവും, എന്നിങ്ങനെയുള്ള നിത്യ സത്യങ്ങൾ ഇസ്രായേൽക്കാർക്ക് പറഞ്ഞു കൊടുക്കുവാൻ വേണ്ടി ദൈവനിവേശിതരായ ചില വ്യക്തികൾ സൃഷ്ടിച്ച "സങ്കല്‌പകഥകൾ'' (myths) ആണ് ഉൽപത്തിയുടെ ആദ്യത്തെ അധ്യായങ്ങളിൽ വിവരിക്കുന്ന ആദിമാതാപിതാക്കളുടെ സൃഷ്ടിയും പതനവും.


"സങ്കല്പകഥകൾ" (myths), ഇതിഹാസങ്ങൾ (legends) എന്നൊക്കെ പറയുമ്പോൾ ഇന്നത്തെ ആളുകൾ ഉടനെ മനസ്സിൽ കാണുന്നത് ഒരു പക്ഷേ ചരിത്ര സത്യവുമായുള്ള അവയുടെ പൊരുത്തമില്ലായ്മ‌യായിരിക്കാം. എന്നാൽ, അന്നത്തെ ആളുകൾ ചിന്തിച്ചിരുന്നത് അങ്ങനെയായിരുന്നില്ല. മതപരമായ മണ്ഡലത്തിൽ സത്യം പ്രകാശിപ്പിക്കാനും ആശയങ്ങൾ വിനിമയം ചെയ്യാനുമുള്ള അവരുടെ ഏക മാർഗ്ഗം സങ്കല്പ കഥകളും ഇതിഹാസങ്ങളുമായിരുന്നു. ആ നിലയിൽ അവയെ സത്യമായിട്ടു തന്നെയാണ് പൗരാണികർ കണ്ടത്-കാവ്യാത്മകവും ചമൽക്കാരപരവുമായ സത്യം. ഇന്നും ഈ തലത്തിൽ സങ്കല്പ കഥകളേയും ഇതിഹാസങ്ങളേയും കാണുകയാണെങ്കിൽ, അവ ശാശ്വത സത്യങ്ങളുൾക്കൊള്ളുന്ന അനശ്വരസമ്പത്തായി നമുക്കനുഭവപ്പെടും. ഉദാഹരണമായി, ധൂർത്തപുത്രൻ്റെ സങ്കല്പകഥ അഥവാ ഉപമയെടുക്കുക. എത്ര അമൂല്യവും അനന്തസുന്ദരവുമായ ഒരു സത്യമാണ് എല്ലാ തലമുറകൾക്കും മുമ്പിൽ അവ അവതരിപ്പിക്കുന്നത്. ആദത്തിൻ്റെയും ഹവ്വായുടെയും ഭൗമിക പറുദീസായുടെയും സങ്കല്പകഥയും ഇതിൽ നിന്നു വളരെ വ്യത്യസ്തമല്ല.


ബൈബിളിൽ പല സൃഷ്‌ടി വിവരണങ്ങൾ


യഥാർത്ഥത്തിൽ ലോകസൃഷ്ടിയേയും മനുഷ്യസൃഷ്ടിയേയും സംബന്ധിച്ച ഒന്നല്ല, രണ്ടു സങ്കല്പകഥകൾ അഥവാ വിവരണങ്ങൾ ആണ് ഉൽപത്തിയുടെ പുസ്തകത്തിലെ ആദ്യത്തെ രണ്ടദ്ധ്യായങ്ങളിൽ നാം കാണുന്നത്. ഒന്നാമത്തെ വിവരണം, ഉൽപത്തി 1: 1 മുതൽ 2: 4 വരെയുള്ള വാക്യങ്ങളിലും രണ്ടാമത്തേത് 2: 5 മുതൽ 2: 25 വരെയുള്ള വാക്യങ്ങളിലും വായിക്കാൻ കഴിയും. ഒന്നാമത്തെ വിവരണം ക്രിസ്തു വർഷത്തിനു മുമ്പ് ഏതാണ്ട് 6-ാം നൂറ്റാണ്ടിനും 5-ാം നൂറ്റാണ്ടിനുമിടക്കു രൂപം കൊണ്ട ഒരു പുരോഹിത വിവരണമാണ് (P account of creation). രണ്ടാമത്തേതിനെ ആശ്രയിച്ചുള്ള ഒരു വിവരണമാണിതെങ്കിലും, സ്വതന്ത്രവും വ്യത്യസ്തവുമായ ചില ചിന്താരീതികളും സങ്കല്പങ്ങളും ഇവിടെ കാണുവാൻ കഴിയും. രണ്ടാമത്തേതാണ് കൂടുതൽ പഴക്കമുള്ള സൃഷ്‌ടിവിവരണം. യാഹ് വിസ്ററിക് പാരമ്പര്യത്തിൽ നിന്നുള്ള ഒരു സൃഷ്ടിവിവരണമെന്നാണ് ബൈബിൾ പണ്ഡിതന്മാർ ഇതിനെ വിശേഷിപ്പിക്കുന്നത് (J account of creation). ആദിമാതാപിതാക്കളുടെ പതനത്തെ വിവരിക്കുന്ന മൂന്നാമധ്യായവും ഈ പാരമ്പര്യത്തിൽ തന്നെ ഉൾപ്പെടും. ക്രിസ്തുവർഷത്തിനു മുമ്പ് 10-ാം നൂററാണ്ടിനും 9-ാം നൂറ്റാണ്ടിനും ഇടയ്ക്കാണ് ഇത് രൂപം കൊണ്ടതെന്ന് പറയാം. കൂടുതൽ കാവ്യാത്മകവും ഇതിഹാസാംശങ്ങൾ നിറഞ്ഞതുമാണ് ഈ വിവരണം. ദൈവം പൂഴിമണ്ണിൽ നിന്ന് ആദിമനുഷ്യന്റെ രൂപമുണ്ടാക്കി അതിൻ്റെ നാസാരന്ധ്രങ്ങളിലേക്ക് ജീവൻ്റെ ശ്വാസം നിശ്വസിച്ച് അതിനു ജീവൻ നൽകുന്നതും, ആദിമനുഷ്യൻ്റെ വാരിയെല്ലിൽ നിന്ന് ഹവ്വായെ സൃഷ്ടിക്കുന്നതും, ഭൗമിക പറുദീസായിൽ വച്ച് പാമ്പ് ഹവ്വായോടു സംസാരിക്കുന്നതുമെല്ലാം, ഇങ്ങനെയുള്ള ഇതിഹാസാംശങ്ങളത്രേ. അതുപോലെ തന്നെ ഭൗമിക പറുദീസായും അതിൽ നിൽക്കുന്ന നന്മതിന്മകളുടെ തിരിച്ചറിവിൻ്റെ വൃക്ഷവും ജീവൻ്റെ വൃക്ഷവുമെല്ലാം ഭാവനാസൃഷ്ടങ്ങളാണെന്നു സ്പഷ്ടമാണ്.

ബൈബിളിൽ മേൽപറഞ്ഞവ രണ്ടും കൂടാതെ വേറെയും സൃഷ്ടി വിവരണങ്ങളുണ്ട്. ഉദാഹരണമായി, സങ്കീത്തനം 74: 12-17; ജോബ് അധ്യായം 38. ലോകോൽപത്തിയെ മറെറാരു വിധത്തിലാണ് ഈ വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ വീക്ഷിക്കുന്നത്. ലോകത്തിൻ്റെയും മനുഷ്യൻ്റെയും സൃഷ്‌ടിയേയും പാപത്തിലേക്കുള്ള മനുഷ്യൻ്റെ പതനത്തെയും പറ്റിയുള്ള ശാസ്ത്രീയവും ചരിത്ര പരവുമായ ഒരു പാഠമല്ല ബൈബിളിലെ ആദ്യത്തെ അധ്യായങ്ങൾ എന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണല്ലൊ. ഇന്നേക്ക്' വെറും 3000 മോ, 2600- ഓ വർഷങ്ങൾക്ക് മുമ്പു ജീവിച്ചിരുന്ന മനുഷ്യർക്ക് ഏതാണ്ട് 450,00,00,000 വർഷങ്ങൾക്കു മുമ്പുണ്ടായ ഭൂമിയുടെ ആരംഭവും 200,00,00,000 വർഷങ്ങൾക്കു മുമ്പുണ്ടായ ജീവികളുടെ ആവിർഭാവവും 200,000 വർഷങ്ങൾക്കു മുമ്പു പ്രത്യക്ഷപ്പെട്ട മനുഷ്യന്റെ ഉത്ഭവവും ശാസ്ത്രീയവും ചരിത്രപരവുമായി വിവരിക്കുവാൻ കഴിയുമായിരുന്നില്ല എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.


ബൈബിൾ ദൈവവചനമാണ് . അതിനാൽ ഈ വസ്തുതകളെല്ലാം വെളിപ്പെടുത്തിക്കൊടുക്കുവാൻ ദൈവത്തിനു കഴിയുമല്ലോ എന്നു ചിലർ വാദിച്ചേക്കാം. എന്നാൽ, ചരിത്രവും ശാസ്ത്രവുമല്ല, നിത്യരക്ഷയുടെ സന്ദേശമാണ് ദൈവം ബൈബിളിലൂടെ മനുഷ്യനു വെളിപ്പെടുത്തി കൊടുത്തിരിക്കുന്നത്. പ്രപഞ്ചത്തിന്റെയും മനുഷ്യരുടേയും ആവിർഭാവത്തെക്കുറിച്ച് ശാസ്ത്രം ഇന്നു നമുക്കു പല വിവരങ്ങളും നൽകുന്നുണ്ട്. ഇവയെല്ലാം 3000-മോ 2600-ഓ വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന മനുഷ്യർക്കു ദൈവിക വെളിപാടിലൂടെ ലഭിച്ചിരുന്നെങ്കിൽ തന്നെ ഈ ആധുനികയുഗം വരെ ഇവ മനസ്സിലാക്കുവാൻ മനുഷ്യൻ പ്രാപ്തനാകുമായിരുന്നില്ല. ഇക്കാലമത്രയും ബൈബിൾ അവന് ഒരു അടഞ്ഞ പുസ്തകമായി അവശേഷിച്ചേനെ. എന്നാൽ, ബൈബിൾ എക്കാലവും ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് ജീവൻ്റെ വചനവും രക്ഷയുടെ സന്ദേശവുമാകണമെന്ന് ആഗ്രഹിച്ച ദൈവം രക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ മാത്രം ബൈബിളിലൂടെ വെളിപ്പെടുത്തിയിട്ട്, മറ്റു കാര്യങ്ങൾ മനുഷ്യൻ്റെ സാംസ്കാരികവും ബൗദ്ധികവുമായ വളർച്ചയ്ക്കൊത്തുള്ള അന്വേഷണത്തിനും കണ്ടെത്തലിനുമായി വിട്ടിരിക്കയാണ്.


ബൈബിൾ രക്ഷാകര സന്ദേശം


ഈ വിധം ബൈബിളിനെ നാം കാണുമ്പോൾ, ഉൽപത്തിയുടെ ആദ്യത്തെ അദ്ധ്യായങ്ങൾ അനശ്വരമായ ഒട്ടേറെ സത്യങ്ങളും രക്ഷാകര സന്ദേശങ്ങളുമാണ് നമുക്കു നൽകുന്നത്. ഉദാഹരണമായി, ഈ പ്രപഞ്ചത്തിന്റെയും അതിലുള്ള എല്ലാറ്റിൻ്റെയും ആദി കാരണം ദൈവമാണെന്നും അവിടുന്നു ഏകനാണെന്നും സൃഷ്ടിയുടെ രണ്ട് വിവരണങ്ങളും നമ്മെ പഠിപ്പിക്കുന്നു. സൃഷ്ടികളുടെയെല്ലാം മകുടമായിട്ടാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവം സൃഷ്ടിച്ച ആദ്യത്തെ പുരുഷൻ്റെയും ആദ്യത്തെ സ്ത്രീയുടെയും സന്താന പരമ്പരകളാണ് മനുഷ്യകുലം മുഴുവനുമെന്ന് ബൈബിൾ സൂചിപ്പിക്കുമ്പോൾ, അതിന്റെ അർത്ഥം ദൈവം എല്ലാ മനുഷ്യരുടേയും പിതാവും മനുഷ്യരെല്ലാം പരസ്‌പരം സഹോദരങ്ങളുമാണെന്നാണ്.


ആദ്യത്തെ സ്ത്രീയെ വാരിയെല്ലിൽനിന്നു ദൈവം സൃഷ്ടി ച്ചു എന്നു പറയുമ്പോൾ ബൈബിൾ ഉദ്ദേശിക്കുന്നത്. പുരുഷനും സ്ത്രീയും തുല്യപദവിയും തുല്യാവകാശങ്ങളുമുള്ളവരും ഹൃദയത്തിൻ്റെ ഐക്യത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നവരുമാണെന്നത്രേ. ''ഇതാ എൻ്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും'' എന്ന് ആദാം ഉൽഘോഷിക്കുമ്പോൾ ഇതാണ് വി. ഗ്രന്ഥകാരൻ വിവക്ഷിക്കുന്നത്. വെറുമൊരു അടിമയെപ്പോലെ സ്ത്രീയെ പരിഗണിച്ചിരുന്ന ഒരു പുരുഷ മേധാവിത്വ സമൂഹത്തിനാണ് വി. ഗ്രന്ഥകാരൻ ഈ സന്ദേശം നൽകുന്നതെന്നു നാം ഓർത്തിരിക്കണം. ദൈവം ഒരു പറുദീസാ നിർമിച്ച് പുരുഷനേയും സ്ത്രീയേയും അവിടെ താമസിപ്പിച്ചുവെന്നും അവരോടു സ്നേഹത്തിൽ ഇടപെട്ടിരുന്നുവെന്നും പറയുമ്പോൾ ബൈബിൾ വിവക്ഷിക്കുന്നത്; പാപം ചെയ്യുന്നതിനു മുമ്പ് ദൈവവും മനുഷ്യനും തമ്മിൽ നിലനിന്നിരുന്ന സ്നേഹബന്ധത്തെയാണ്. ഈ സ്നേഹബന്ധം നിലനിർത്തുകയായിരുന്നു നിത്യമായി ജീവിക്കാനും സൗഭാഗ്യമനുഭവിക്കാനും അവർ ചെയ്യേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ അവർ അതു നിലനിർത്തിയില്ല. തങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് അവർ ദൈവത്തിന്റെ കല്പന ലംഘിച്ചു.


അങ്ങനെ പാപത്തിൽ നിപതിച്ചതോടെ പലതരം ശിക്ഷകൾക്ക് അവർ വിധേയരായി. വേദനകളും ദുരിതങ്ങളും മരണവും അവരുടെ ജീവിതാനുഭവമായി മാറി. ഈ സൂചനകളിലൂടെ എങ്ങനെ ദുരിതങ്ങളും വേദനകളുമെല്ലാം ലോകത്തിൽ പ്രത്യക്ഷപ്പെട്ടു, എന്നും ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ എന്തു കൊണ്ടു മരണത്തിന് അധീനനാകുന്നു, എന്താണ് പാപം, എന്താണ് അതിന്റെ പരിണതഫലങ്ങൾ എന്നിങ്ങനെ ഇസ്രായേലിൽത്തന്നെ പലരും ഉന്നയിച്ചിരുന്ന ജീവൽപ്രധാനമായ ചോദ്യങ്ങൾക്ക് വി. ഗ്രന്ഥകാരൻ യാഹ്‌വേയിലുള്ള വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഉത്തരം നൽകുകയാണ് ചെയ്യുന്നത്. അങ്ങനെ മൗലികമായ പല രക്ഷാകര സന്ദേശങ്ങൾ നമുക്കു നൽകുന്നുണ്ട്, ഈ സങ്കൽപ്പ കഥകൾ.


ഒരു പ്രശ്നം അവശേഷിക്കുന്നു. ഉൽപത്തിയുടെ ആദ്യത്തെ അദ്ധ്യായങ്ങൾ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ട ചരിത്രാഖ്യാനങ്ങളല്ലെങ്കിൽ, രക്ഷാകര സന്ദേശം നൽകുന്ന സങ്കല്പ കഥകളാണെങ്കിൽ, ആദത്തിൻ്റെയും ഹവ്വായുടെയും പാപത്തിന്റെ ഫലമെന്നു പരമ്പരാഗതമായി വിശേഷിപ്പിക്കപ്പെടുന്ന ഉത്ഭവപാപം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? തുടർന്നും വിശ്വസിക്കേണ്ട ഒരു സത്യമാണോ അത്? ഈ പ്രശ്‌നത്തിലേക്ക് അടുത്തതായി ശ്രദ്ധ തിരിക്കേണ്ടിയിരിക്കുന്നു.

(തുടരും)

ആദവും ഹൗവ്വായും ഉത്ഭവപാപവും: ഭാഗം -1

ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ

അസ്സീസി മാസിക, ഏപ്രിൽ 1989


Apr 1, 1989

0

110

Related Posts

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

Jul 3, 2007

4 min read

“മരണാനന്തരം" ശാസ്ത്രീയ ഗവേഷണങ്ങളിൽ

യഥാർത്ഥത്തിൽ മരണമടഞ്ഞ മനുഷ്യരാരും തിരിച്ചുവന്നിട്ടില്ല. മരണ ശേഷം എന്തു സംഭവിക്കുന്നുവെന്നതിനെപ്പറ്റി വസ്‌തുനിഷ്ഠമായ ഒരു റിപ്പോർട്ട് ലോകത്ത...

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

Nov 30, 2011

4 min read

നവ സുവിശേഷവത്ക്കരണം

സീറോമലബാര്‍ സഭ ഈ വര്‍ഷം പ്രേഷിതവര്‍ഷമായി ആഘോഷിക്കയാണല്ലോ. ലോകത്തിന്‍റെ മുഴുവന്‍ സുവിശേഷവത്ക്കരണമാണ് പ്രേഷിതവര്‍ഷം ലക്ഷ്യമിടുന്നത്....

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

Jun 30, 2017

4 min read

യേശുവിന്‍റെ ജീവിതബലിയും അര്‍ത്ഥവത്തായ വിശുദ്ധ കുര്‍ബാനയ...

വിശുദ്ധ കുര്‍ബാനയാചരണം ക്രൈസ്തവജീവിതത്തിന്‍റെയും ക്രിസ്തീയാദ്ധ്യാത്മികതയുടെയും കേന്ദ്രബിന്ദുവാണെന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഏറെ...

Recent Posts

bottom of page