top of page

ഉഷ്ണത്തില്‍ തണുപ്പേ, കരച്ചിലില്‍ സ്വൈര്യമേ...

4 days ago

3 min read

ഫാ. ഷാജി CMI
White dove in flight against a blue sky, wings spread wide. Sunlight streams from the top right, creating a serene, peaceful mood.

Key Takeaways:

The article is about Pentecost, loneliness, and the Holy Spirit.

The article discusses Pentecost themes, citing the story of Punch the monkey to illustrate loneliness.



വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്സിലാക്കട്ടെ! സകലതും അറിയുന്ന അവള്‍ എന്‍റെ പ്രവൃത്തികളില്‍ എന്നെ ബുദ്ധിപൂര്‍വം നയിക്കും. തന്‍റെ മഹത്വത്താല്‍ അവള്‍ എന്നെ പരിപാലിക്കും. അപ്പോള്‍ എന്‍റെ പ്രവൃത്തികള്‍ സ്വീകാര്യമാകും. (ജ്ഞാനം 9 : 10, 11, 12).


ഇസ്രായേല്‍ജനം ആചരിച്ചുപോന്ന മൂന്ന് പ്രധാനപ്പെട്ട തിരുനാളുകളില്‍ ഒന്നായിരുന്നു പന്തക്കുസ്താത്തിരുനാള്‍. പെസഹായ്ക്ക് ശേഷം അന്‍പതാം ദിനം ആചരിച്ചിരുന്നതിനാലാണ് ഇതിനെ പന്തക്കുസ്താത്തിരുനാള്‍ എന്ന് വിളിച്ചിരുന്നത്. ഇത് വിളവെടുപ്പുത്സവത്തിന്‍റെ, ആദ്യഫലങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നതിന്‍റെ തിരുനാള്‍ ദിനമായിരുന്നു. എന്നാല്‍ അതേസമയം ക്രിസ്തുവിന്‍റെ തിരുവുത്ഥാനത്തിന് ശേഷം യഹൂദരെയും, ക്രൈസ്തവ വിശ്വാസത്തെ എതിര്‍ത്തിരുന്നവരെയും ഭയന്നിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെയും യേശുവിന്‍റെ ശിഷ്യന്മാരുടെയും മേല്‍ അന്‍പതാം നാള്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്നതിനെ അനുസ്മരിക്കുന്നതിനാലാണ് കത്തോലിക്കാസഭയില്‍ പന്തക്കുസ്താത്തിരുനാള്‍ ആചരിക്കുന്നത്.


ക്രിസ്തു തന്‍റെ പരസ്യജീവിതത്തിന്‍റെ അവസാനം പീഡാനുഭവ, കുരിശുമരണങ്ങളിലൂടെ കടന്നുപോയതിന് ശേഷം ഉത്ഥിതനായി, തിരികെ പിതാവിന്‍റെ സന്നിധിയിലേക്ക് പോകുന്നതിന് മുന്‍പായാണ് പരിശുദ്ധ അമ്മയുടെയും ശിഷ്യന്മാരുടേയും മേല്‍ പരിശുദ്ധാത്മാവ് വര്‍ഷിക്കപ്പെടുന്നത്. ഇതൊരു സ്നേഹത്തിന്‍റെ പ്രവൃത്തിയാണെന്ന് നമുക്കറിയാം. താന്‍ അകലുമ്പോള്‍ തന്‍റെ ശിഷ്യരെ, തന്നില്‍ വിശ്വസിക്കുന്നവരെ അനാഥരായി വിടാന്‍ ആഗ്രഹിക്കാത്ത ദൈവപുത്രന്‍, അവര്‍ക്ക് ആശ്വാസദായകനും സഹായകനുമായ ആത്മാവിനെ നല്‍കുകയാണ്. വിശ്വാസിയുടെ ദുഃഖങ്ങളിലും വേദനകളിലും ഒറ്റപ്പെടലുകളിലും ആശ്വാസദായകനും, സഹായകനുമായി കൂടെ നില്‍ക്കുന്ന ദൈവസാന്നിദ്ധ്യമായി, ലോകത്തിന്‍റേതായ കഷ്ടപ്പാടുകള്‍ക്കും നഷ്ടപ്പെടലുകള്‍ക്കും വേദനകള്‍ക്കും ഉപരിയായി സ്വര്‍ഗ്ഗത്തിന്‍റെ സന്തോഷം ഉള്ളില്‍ നിറയ്ക്കുന്ന, ക്രിസ്തുവിലുള്ള വിശ്വാസത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന സന്തോഷത്തിന്‍റെ പൂര്‍ണ്ണത നല്‍കുന്ന ആത്മാവിനെയാണ് പന്തക്കുസ്താദിനത്തില്‍ ദൈവപുത്രന്‍ നല്‍കുന്നത്.


പന്തക്കുസ്ത ദിനത്തില്‍ സ്വര്‍ഗത്തില്‍നിന്ന് പരിശുദ്ധാത്മാവ് ഇറങ്ങിയപ്പോഴാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. അപ്പോസ്തലന്മാര്‍ മോശയെപ്പോലെ കൈകളില്‍ കല്‍പലകകള്‍ വഹിച്ചുകൊണ്ട് മലയില്‍നിന്ന് ഇറങ്ങിവന്നല്ല, മറിച്ച് അവര്‍ പരിശുദ്ധാത്മാവിനെ ഹൃദയത്തില്‍ വഹിച്ചുകൊണ്ടാണ് ഇറങ്ങിവന്നത്. അങ്ങനെ, അവന്‍റെ കൃപയാല്‍ ഒരു ജീവനുള്ള നിയമമായി, ഒരു ജീവനുള്ള പുസ്തകമായി അവര്‍ മാറി. അന്ന് സഭയുടെ യുഗം ആരംഭിച്ചു. ഭീരുക്കളായിരുന്ന അപ്പസ്തോലന്മാരെ പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ ധീരസാക്ഷികളാക്കി. പന്തക്കുസ്താദിവസം ഭാഷകളുടെ വിസ്മയം നടന്നു. അതോടെ ഒരു പുതിയ നിയമം എഴുതിച്ചേര്‍ക്കപ്പെട്ടു. അത് കല്‍പലകകളിലല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളിലാണ്. അത് നമ്മുടെ ഹൃദയങ്ങളില്‍ സന്നിവേശിപ്പിക്കുകയും പുതിയൊരു ജീവിതനിലവാരത്തിലേക്കു നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. ആദ്യത്തേത് കല്‍പലകകളില്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കില്‍ രണ്ടാമത്തേത് ഹൃദയങ്ങളിലാണ് എഴുതപ്പെട്ടത്. എന്നാല്‍ പരിശുദ്ധാത്മാവ് വന്നതിനുശേഷം പത്തു കല്‍പനകളും ഫലങ്ങളും ദാനങ്ങളുമെല്ലാം ആലേഖനം ചെയ്യപ്പെട്ടത് മനുഷ്യഹൃദയങ്ങളിലാണ്.


മനുഷ്യന്‍റെ ഏകാന്തതയും ഒറ്റപ്പെടലും സെഹിയോന്‍ മാളികയില്‍ തുടച്ചുനീക്കപ്പെടുന്നു. അവന്‍ ഏകനായിരിക്കുന്നത് നന്നല്ല അവനു ഇണങ്ങിയ ഒരു തുണയെ ഞാന്‍ അവനു നല്‍കും എന്ന പഴയനിയമ ദൈവത്തിന്‍റെ ആത്മഗതത്തിന്‍റെ പുതിയനിയമ ആവിഷ്കാരമാണ് പന്തക്കുസ്ത. ഞാന്‍ നിങ്ങള്‍ക്കൊരു സഹായകനെ തരും എന്ന ക്രിസ്തുമൊഴിയുടെ നിറവേറല്‍.


പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. 'എത്രയും നല്ല ആശ്വാസപ്രദനേ, ആത്മാവിന്‍റെ മധുരമായ വിരുന്നേ, മധുരമുള്ള തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ കരച്ചിലില്‍ സ്വൈര്യമേ, എഴുന്നള്ളി വരിക.' ഉഷ്ണത്തില്‍ തണുപ്പേ കരച്ചിലില്‍ സ്വൈര്യമേ എഴുന്നുള്ളിവരിക... ഉഷ്ണവും കരച്ചിലും ഇന്ന് ഇന്ന് മനുഷ്യന്‍റെ ഏകാന്തതയുടെ ഉത്പന്നങ്ങള്‍ ആണ്. മനുഷ്യര്‍ ഇന്ന് ഏറ്റവും കൂടുതല്‍ നിശബ്ദമായി കരയുന്നത് ഏകാന്തതയെ മറികടക്കാനാണ്. കഴിഞ്ഞ മാസങ്ങളില്‍ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ പഞ്ച് എന്ന കുരങ്ങന്‍റെ കഥ നോക്കൂ...


അമ്മ അവഗണിച്ച പഞ്ച് എന്ന കുട്ടിക്കുരങ്ങിന്‍റെ കഥ വായിച്ചവരും കണ്ടവരും കേട്ടവരും സങ്കടപ്പെട്ടു. പക്ഷേ, പലരും കഥയില്‍നിന്നു പുറത്തിറങ്ങിയില്ല. കഥ ഒന്നുകൂടി സൂചിപ്പിക്കാം. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ജാപ്പനീസ് മക്കാക്ക് വിഭാഗത്തില്‍പ്പെട്ട കുരങ്ങനാണ് പഞ്ച്. ജനിച്ചപ്പോള്‍ മുതല്‍ അമ്മ അവനെ അകറ്റിക്കൊണ്ടിരുന്നു. വീണ്ടും വീണ്ടും അടുത്തെത്തുന്ന അവനെ ചിലപ്പോഴെങ്കിലും ഉപദ്രവിക്കുകയും ചെയ്തു. ഒടുവില്‍ മൃഗശാല ജീവനക്കാര്‍ അവനൊരു കുരങ്ങുപാവയെ കൊടുത്തു. പിന്നീടു സംഭവിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. അവന്‍ ആ പാവയെ അമ്മയെപ്പോലെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും തന്‍റെ ഏകാന്തതയെ മറികടക്കുന്ന ദൃശ്യങ്ങള്‍ ലോകമെങ്ങും വ്യാപിച്ചു. കോടാനുകോടി മനുഷ്യര്‍ പ?ഞ്ചിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടു. ഗ്രൂപ്പുകളും ആപ്തവാ?ക്യങ്ങളുമൊക്കെ പഞ്ചിന്‍റെ പേരില്‍ ഉണ്ടായി. കുറിപ്പുകളും കമന്‍റുകളും കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ പ്രവഹിച്ചു.


പക്ഷേ, ആരും കഥയില്‍നിന്നു പുറത്തിറങ്ങിയില്ല. ദൂരെ ഇച്ചിക്കാവയിലെ കുരങ്ങിനുവേണ്ടി കരഞ്ഞവരാരും തൊട്ടടുത്തുള്ള മനുഷ്യരെ കണ്ടില്ല. സമീപത്തെ മുറിയിലെ അനക്കങ്ങള്‍ കേട്ടില്ല. പഞ്ചിനു മൃഗശാലയില്‍ സന്ദര്‍ശകരുണ്ട്. കേരളത്തിലെ ആയിരക്കണക്കിനു വീടുകള്‍ സന്ദര്‍ശകര്‍ പോലുമില്ലാത്ത തുറന്ന ജയിലുകളാണ്.


"ഏകാന്തത...! ഒരിക്കല്‍ അതെന്‍റെ വീടായിരുന്നു. ഇന്ന് ഞാന്‍ അതിന്‍റെ വീടായിക്കഴിഞ്ഞു." -മാധവിക്കുട്ടി. ഈ വാക്കുകളില്‍ ഏകാന്തത ഒരു ദുരന്തമായി പരിണമിക്കുന്നതിന്‍റെ ശബ്ദമുണ്ട്. പഠനത്തിനും ജോലിക്കുമായി മക്കള്‍ വിദേശത്തു പോയ വീടുകളിലെ മാതാപിതാക്കളില്‍ ഒതുങ്ങുന്നതല്ല കേരളത്തിന്‍റെ ഏകാന്തത. അത് ആള്‍ക്കൂട്ടത്തില്‍ തനിയെ ആയിപ്പോകുന്ന മനുഷ്യരുടേതുംകൂടിയാണ്.


ലോസ് ആഞ്ചല്‍സ് ടൈംസിനായി എഴുതുന്ന മേരി മക്നമാര, കുടുംബഗ്രൂപ്പില്‍ തന്‍റെ മകളെഴുതിയ കുറിപ്പ് വായനക്കാരുമായി പങ്കുവച്ചിരുന്നു. "ഞാന്‍ പഞ്ച് ആണ്, അവന്‍ ഞാനാണ്." അവിടെയാണ് പന്തക്കുസ്താനുഭവം എന്‍റെ വ്യക്തിപരമായ ഒരനുഭവമായി മാറേണ്ടത്. അലച്ചിലില്‍ സുഖമായും, ഉഷ്ണത്തില്‍ തണുപ്പായും, കരച്ചിലില്‍ സ്വൈര്യമായും, റൂഹാ എഴുന്നള്ളി വരട്ടെ. അവിടുന്നില്‍ വിശ്വാസിക്കുന്നവരുടെ ഹൃദയത്തിന്‍റെ ഉള്ളുകളെ നിറയ്ക്കട്ടെ. അറപ്പുള്ളതു കഴുകി, വാടിപ്പോയതു നനച്ചു, മുറിവേറ്റതു സുഖപ്പെടുത്തി, കടുപ്പമുള്ളതു മയപ്പെടുത്തി, ആറിപ്പോയതു ചൂടുപിടിപ്പിച്ച , വഴിതെറ്റിയത് നേരെയാക്കി അവന്‍ എന്‍റെ ഏകാന്തതക്ക് കൂട്ട് വരട്ടെ.


പ്രാര്‍ത്ഥന:


പരിശുദ്ധാത്മാവേ എഴുന്നള്ളിവരിക.

അങ്ങേ വെളിവിന്‍റെ കതിരുകള്‍ ആകാശത്തില്‍ നിന്ന് അയക്കുക.

അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ,

ഹൃദയത്തിന്‍റെ പ്രകാശമേ, എഴുന്നള്ളിവരിക.

എത്രയും നല്ല ആശ്വാസപ്രദനേ, ആത്മാവിന്‍റെ മധുരമായ വിരുന്ന,

മധുരമുള്ള തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ,

കരച്ചിലില്‍ സ്വൈര്യമേ, എഴുന്നള്ളി വരിക.

എത്രയും നല്ല ആനന്ദത്തോടു കൂടിയിരിക്കുന്ന പ്രകാശമേ,

അങ്ങേ വിശ്വാസികളുടെ ഹൃദയത്തിന്‍റെ ഉള്ളുകളെ നിറയ്ക്കുക.

അങ്ങേ വെളിവു കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ ഒന്നുമില്ല.

അറപ്പുള്ളതു കഴുകുക, വാടിപ്പോയതു നനയ്ക്കുക,

മുറിവേറ്റതു സുഖപ്പെടുത്തുക, രോഗപ്പെട്ടതു പൊറുപ്പിക്കുക,

കടുപ്പമുള്ളതു മയപ്പെടുത്തുക, ആറിപ്പോയതു ചൂടുപിടിപ്പിക്കുക,

വഴിതെറ്റിയത് നേരെയാക്കുക.

അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക്

അങ്ങേ ഏഴു വിശുദ്ധദാനങ്ങള്‍ നല്കുക.

ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും

ഞങ്ങള്‍ക്ക് അങ്ങ് തരിക, ആമ്മേന്‍.


ഉഷ്ണത്തില്‍ തണുപ്പേ, കരച്ചിലില്‍ സ്വൈര്യമേ...

ഷാജി സി.എം.ഐ.

അസ്സീസി മാസിക മേയ് 2026

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page