
സംശയിക്കുന്ന തോമ്മാ...

ആദിമാതാപിതാക്കൾ ദൈവ കല്‌പന ലംഘിച്ച് പാപം ചെയ്തു എന്നും അതിൻറ ഫലമായി ഓരോ മനുഷ്യനും ഉത്ഭവപാപത്തോടുകൂടി ജനിക്കുന്നു എന്നും കത്തോലിക്കർ പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നുണ്ടല്ലോ. ഇത് നിഷ്കൃഷ്‌ടാർത്‌ഥത്തിൽ ഒരു വിശ്വാസ സത്യമാണോ? അതോ മനുഷ്യനിൽ കാണുന്ന നന്‌മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തെ വിശദീകരിക്കുന്നതിനുളള ഒരു "സങ്കല്‌പം" മാത്രമോ? ആദിമ മനുഷ്യൻറെ അധഃപതനത്തെക്കുറിച്ച് ദൈവപുത്രനായ ക്രിസ്‌തു ഒരിടത്തും പരാമർശിക്കുന്നതായി സുവിശേഷങ്ങളിൽ കാണുന്നില്ലല്ലോ. സാത്താൻ ഇടിമിന്നൽ പോലെ ആകാശത്തുനിന്നു നിപതിക്കുന്നതു താൻ കണ്ടു എന്നു പറഞ്ഞ ക്രിസ്‌തു ആദിമനുഷ്യൻറ അധ:പതനത്തെക്കുറിച്ചു മൗനം ദീക്‌ഷിക്കുന്നത് അത് ഒരു ചരിത്രസത്യമല്ലാത്തതു കൊണ്ടല്ലേ.
തോമസ്, മൂക്കൻതോട്ടം,
തിരുവമ്പാടി
പ്രിയ തോമസ്,
മനുഷ്യകുലത്തിൻറെ ആദിമാതാപിതാക്കളായ ആദം, ഹൗവ്വാ എന്നീ രണ്ടു വ്യക്‌തികൾ ഭൗമിക പറുദീസായിൽ വച്ച് ദൈവം തിന്നരുതെന്നു വിലക്കിയിരുന്ന വൃക്ഷത്തിൻറെ പഴം തിന്നുകയും അങ്ങനെ ദൈവകല്‌പന ലംഘിക്കയും ചെയ്തതിൻ്റെ ഫലമായി, അവരുടെ സന്താനപരമ്പരകൾ എന്ന നിലയിൽ എല്ലാ മനുഷ്യരും ജന്മനാ തന്നെ ആയിരിക്കുന്ന പ്രസാദവരരഹിതമായ അഥവാ പാപാത്മകമായ അവസ്‌ഥയ്ക്കാണല്ലോ "ഉത്ഭവപാപം" എന്നു പരമ്പരാഗതമായി പറഞ്ഞുപോന്നിരുന്നത്. ആദത്തേയും ഹൗവ്വായേയും ഭൗമിക പറുദീസായേയുമെല്ലാം പററി പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ, ഉത്ഭവപാപമെന്ന യാഥാർത്ഥ്യത്തെപ്പററി ഒരു പുനർവിചിന്തനം ആവശ്യമായിരിക്കയാണ്.
ഉത്ഭവപാപം എന്നു പറയുന്നത് വിശ്വാസത്തിൻറെ ഒരു ഉൾക്കാഴ്ചയാണ്. ആ നിലയിൽ അതൊരു വിശ്വാസസത്യമാണ്. അതിനു മാറ്റമില്ല. എന്നാൽ, ഈ വിശ്വാസം മനസ്സിലാക്കുന്ന രീതി മനുഷ്യകുലത്തിൻറെ ബൗദ്ധികവും സാംസാരികവുമായ വളർച്ചയേയും കാലികമായ മറ്റു പല ഘടകങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്. അതിനൊരു മാറ്റമുണ്ടാകാം. 1966 ജൂലൈ 11-ാം തീയതി ഉത്ഭവപാപത്തെപ്പറ്റി നടന്ന ഒരു സിംപോസിയത്തിൽ സംബന്ധിച്ച ദൈവശാസ്ത്രജ്ഞന്മാരോട്, ഇന്നത്തെ മനുഷ്യർക്കു മനസ്സിലാകുന്നതും പ്രസക്തവുമായ രീതിയിൽ ഉത്ഭവപാപത്തെ വിവരിച്ചു കൊടുക്കുവാൻ ആറാം പോൾ മാർപ്പാപ്പാ തന്നെ ആവശ്യപ്പെടുകയുണ്ടായി. ഉത്ഭവപാപത്തെപ്പറ്റിയുള്ള ഈ പുനർവിചിന്തനം വി. പുസ്തകത്തിൽ നിന്നു തന്നെ വേണം ആരംഭിക്കുവാൻ.
ഉത്ഭവപാപം പഴയ നിയമത്തിൽ
മുഖ്യമായും രണ്ടു വിശുദ്ധഗ്രന്ഥ ഭാഗങ്ങളെയാണ് ഉത്ഭവപാപത്തെ പറ്റിയുള്ള പ്രബോധനത്തിന് ആധാരമായി പരമ്പരാഗത ദൈവശാസ്ത്രം ചൂണ്ടിക്കാട്ടിയിരുന്നത്: പഴയ നിയമത്തിൽ ഉൽപത്തിയുടെ പുസ്തകം രണ്ടും മൂന്നും അദ്ധ്യായങ്ങളും, പുതിയ നിയമത്തിൽ പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനം 5-ാം അദ്ധ്യായം 12 മുതൽ 21 വരെയുള്ള വാക്യങ്ങളും. എന്നാൽ, ഉൽപത്തി രണ്ടും മൂന്നും അദ്ധ്യായങ്ങൾ നാം ധരിച്ചു വച്ചിരുന്ന രീതിയിൽ ഉത്ഭവപാപത്തെപ്പറ്റി ഒന്നും തന്നെ പറയുന്നില്ലെന്നാണ് ആധുനിക ബൈബിൾ പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം. (ha-adam) എന്ന വാക്കിന്റെ അർഥം "മനുഷ്യൻ" എന്നാണ്. സംഘാതാത്മകമായ വ്യക്തിത്വം (corporate personality) അഥവാ മനുഷ്യ സമൂഹമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അല്ലാതെ ആദ്യത്തെ മനുഷ്യൻറെ പേരായിരുന്നില്ല 'ആദം' എന്നത്.
ആദമെന്നും ഹൗവ്വായെന്നും പേരുള്ള രണ്ടു വ്യക്തികളുടെ സന്താന പരമ്പരകളായിട്ടാണ് എല്ലാ മനുഷ്യരും ജനിച്ചതെന്നു പഠിപ്പിക്കുകയായിരുന്നില്ല ഉൽപത്തിയിലെ ഈ രണ്ടദ്ധ്യായങ്ങളുടെ പ്രബോധനോദ്ദേശ്യം. മനുഷ്യകുലത്തിന്റെ ആദിമാതാപിതാക്കൾ രണ്ടു വ്യക്തികളായിരുന്നില്ല (monogenism), പ്രത്യുത പല വ്യക്തികളായിരുന്നു (polygenism) എന്നാണ് മാനവശാസ്ത്രവിദഗ്ദ്ധന്‌മാർ ഇന്നു പൊതുവേ അഭിപ്രായപ്പെടുന്നത്. ബൈബിളിൻറെ പ്രബോധനവും ഈ അഭിപ്രായവുമായി യാതൊരു പൊരുത്തക്കേടുമില്ല. ഉത്ഭവപാപത്തെ അതുയാതൊരു തരത്തിലും ബാധിക്കയില്ല (അതു പിന്നാലെ മനസ്‌സിലാകും).
ആദത്തിൻറെയും ഹൗവ്വായുടെയും പാപത്തിനുശേഷം ലോകത്തിൽ പാപം വളരെ വേഗം വർദ്ധിച്ചു പെരുകിയതായി ഉൽപത്തിയുടെ പുസ്തകം പറയുന്നുണ്ടെങ്കിലും, അത് ഈ ആദ്യപാപത്തിൻറ ഫലമായിരുന്നുവെന്ന് ഉൽപത്തിപ്പുസ്തകത്തിൽ ഒരിടത്തും പറയുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, ആദിമാതാപിതാക്കളുടെ പാപം മനുഷ്യരെ കർമപാപത്തിലേയ്ക്കോ ഉത്ഭവപാപത്തിലേയ്ക്കോ നയിച്ചതായി ഉൽപത്തിയുടെ പുസ്തകമോ പഴയനിയമത്തിലെ മറേറതെങ്കിലും പുസ്‌തകമോ പറയുന്നില്ല. കർമ പാപവും ഉത്ഭവപാപവും തമ്മിലുള്ള വേർതിരിവും പഴയനിയമത്തിന് അജ്ഞാതമാണ്. ആദത്തിൻ ഹൗവ്വായുടെയും പാപത്തെപ്പറ്റി പഴയ നിയമത്തിൻറെ മറ്റു ഭാഗങ്ങളിൽ കാര്യമായ പരിചിന്തനമൊന്നും കാണുന്നില്ലെന്നതും പ്രസ്താവ്യമാണ്. പാപവും തിന്മയും ലോകത്തിൽ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനു വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഉത്തരം നല്കുക മാത്രമാണ് ഉൽപത്തിയുടെ കർത്താവു ചെയ്യുന്നത്. മനുഷ്യൻ അഥവാ മനുഷ്യകുലം ദൈവം നൽകിയ സ്വാതന്ത്ര്യം ദുരുപയോഗിച്ച് ദൈവകല്പന ലംഘിക്കയും അങ്ങനെ പാപം ചെയ്യുകയും ചെയ്തു. പാപത്തിൻറെ ഫലമായി തിന്മയും മരണവുമെല്ലാം ലോകത്തിൽ ഉണ്ടായി. അതാണ് ആദത്തിൻറയും ഹൗവ്വായുടെയും പാപത്തെക്കുറിച്ചു പറയൂമ്പോൾ ഉല്പത്തിയുടെ കത്താവ് ഉദ്ദേശിക്കുന്നത്. ഉത്ഭവപാപമുണ്ടെന്ന് ഇസ്രായേൽക്കാർ വിശ്വസിച്ചിരുന്നില്ല. പഴയനിയമത്തിൽ ഒരിടത്തും ഉത്ഭവ പാപത്തെക്കുറിച്ചു പറയുന്നില്ല എന്നതു തന്നെയാണ് അതിനു കാരണം.
ഉത്ഭവപാപം പുതിയ നിയമത്തിൽ
മനുഷ്യരെല്ലാവരും പാപികളാണെന്നതും എല്ലാവർക്കും യേശുവിലൂടെയുള്ള രക്ഷ ആവശ്യമാണെന്നതും പുതിയ നിയമത്തിൻെറ പൊതുവായ വീക്ഷണവും പരോക്ഷമായ സാക്ഷ്യവുമാണ്. എന്നാൽ, പാപത്തെ, വ്യക്തിപരമായ പാപമെന്നും ഉത്ഭവപാപമെന്നും പുതിയ നിയമം ഒരിടത്തും വേർതിരിച്ചു കാണിക്കുന്നില്ല. ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനത്തിന് ആധാരമായി വി.അഗസ്തീനോസും പരമ്പരാഗതമായ ദൈവശാസ്ത്രജ്‌ഞന്മാരും തെന്ത്രോസ് സൂനഹദോസുമെല്ലാം ചൂണ്ടിക്കാട്ടുന്നത് റോമാ 5: 12-21 ആണ്. (വിശിഷ്യ 12 ഉം 19-ഉം വാക്യങ്ങൾ). ഈ ലേഖനഭാഗമനുസരിച്ച്, ആദത്തിൻ്റെ പാപവും ലോകത്തിൽ കാണുന്ന പാപവും തിന്മയും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് എല്ലാ ബൈബിൾ പണ്ഡിതന്മാരും ഇന്നു പൊതുവേ അംഗീകരിക്കുന്നുണ്ട്. എന്നാൽ ഈ ബന്ധത്തിൻറെ സ്വഭാവത്തെപ്പററി എല്ലാവരും ഏകാഭിപ്രായക്കാരല്ല.
യഹൂദരുടെ ചിന്താരീതിയനുസരിച്ച് നിയമപാലനത്തിലൂടെയാണ് മനുഷ്യർക്ക് ദൈവത്തിൽനിന്ന് നീതികരണം (justification) അഥവാ രക്ഷ ലഭിക്കുന്നത്. പൗലോസിൻെറ ചിന്തയിലാകട്ടെ ക്രൂശിതനായ ക്രിസ്തുവിലൂടെ ദൈവം പ്രവർത്തിച്ച രക്ഷയിലുള്ള വിശ്വാസം വഴി മാത്രമേ മനുഷ്യർക്കു ദൈവത്തിൽനിന്നു നീതീകരണം ലഭിക്കൂ. ഈ സത്യം ശക്തമായി അവതരിപ്പിക്കുവാൻ പൗലോസ് ഉപയോഗിക്കുന്ന ഒരു താരതമ്യം അഥവാ സാദൃശ്യം മാത്രമാണ് ആദത്തേയും ആദത്തിൻറെ പാപത്തേയും പറ്റിയുള്ള പരാമർശം.
"ഒരു മനുഷ ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു" (5, 12;) "ഒരു മനുഷ്യൻെറ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതു പോലെ ഒരു മനുഷ്യൻറെ അനുസരണത്താൽ അനേകർ നീതിയുള്ളവരാകും" (5, 19). ഇങ്ങനെ ആദത്തേയും ആദത്തിന്റെ പാപത്തേയും പറ്റി താരതമ്യത്തിനുവേണ്ടി അഥവാ സാദൃശ്യരൂപത്തിൽ പൗലോസ് ശ്ലീഹാ പറയുന്നതുകൊണ്ട് ആദം ചരിത്ര പുരുഷനും ആദത്തിൻറെ പാപം ചരിത്ര സംഭവമാണെന്നും വരുന്നില്ല. യേശുവിലൂടെ ദൈവം പ്രവർത്തിച്ച രക്ഷാകരസംഭവം എല്ലാ മനുഷ്യർക്കും രക്ഷയ്ക്കു നിദാനമായി ഭവിക്കുന്നു എന്ന വിശ്വാസത്യം മാത്രമാണ് പൗലോസ് ശ്ലീഹായുടെ പ്രബോധന ലക്ഷ്യം. "യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിൻറെ ഉദരത്തിൽ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലായിരിക്കും" (മത്താ 12, 40) എന്ന് യേശു പറഞ്ഞതിൽ നിന്ന് യോനാ ചരിത്രപുരുഷനും യോനായുടെ മത്സ്യത്തിനുള്ളിലെ താമസം ചരിത്രസംഭവുമാണെന്നു സിദ്ധിക്കുന്നില്ലല്ലോ. അതുപോലെ തന്നെയാണ് ആദത്തിൻറെ കാര്യവും.
ആദത്തിൻറെ പാപം വഴി പാപം ആദ്യമായി ലോകത്തിൽ പ്രവേശിച്ചു, പിന്നീട് എല്ലാ മനുഷ്യരും പാപം ചെയ്തു, അങ്ങനെ എല്ലാവരും പാപികളായി തീർന്നു, പാപത്തിന്റെ ശിക്ഷയായ മരണം എല്ലാവർക്കും അനുഭവപ്പെടുന്നു -ഇതാണ് 5: 12-ൽ പ്രകടമാകുന്ന പൗലോസ് ശ്രീഹായുടെ വീക്ഷണം. അന്നത്തെ യഹൂദർ ധരിച്ചിരുന്നതുപോലെ തന്നെ പൗലോസും, ശാരീരികമായ മരണത്തെ പാപത്തിനുള്ള ശിക്ഷയായിട്ടാണ് കരുതുന്നത്. ആദം പാപം ചെയ്തതുകൊണ്ട് എല്ല ാവർക്കും മരണം നേരിടുന്നുവെന്നല്ല, പിന്നെയോ എല്ലാവരും പാപം ചെയ്തതു കൊണ്ട് എല്ലാവർക്കും മരണവും അനുഭവപ്പെടുന്നുവെന്നത്രേ പൗലോസ് പറയുന്നത്.
"ഒരു മനുഷ്യൻറെ അനുസരണക്കേടിനാൽ അനേകർ പാപികളായി തീർന്നതുപോലെ'' എന്ന് 5:19-ൽ പറയുമ്പോഴും, ഒരു മനുഷ്യൻറെ അനുസരണക്കേട് മറ്റുള്ളവർക്ക് അവരുടെ സമ്മതമോ പ്രവൃത്തിയോ ഒന്നും കൂടാതെ പാപമായി തീർന്നുവെന്ന് അർത്ഥമില്ല. 5: 12-ൽ പറയുന്നതു പോലെ തന്നെ, അനേകർ പാപികളായെങ്കിൽ അത് അവരും വ്യക്തിപരമായി അനുസരണക്കേടു കാണിക്കയും പാപം ചെയ്യുകയും ചെയ്തതുകൊണ്ടത്രേ.
ആദത്തി ൻറെ പാപത്തിന് ആദ്യത്തെ പാപമെന്ന നിലയിലും ലോകത്തിലേക്ക് പാപത്തിനു പ്രവേശനം നൽകി എന്ന നിലയിലും മാത്രമേ, പൗലോസ് ശ്ലീഹായുടെ വീക്ഷണത്തിൽ. മറ്റുള്ളവരുടെ പാപവുമായി ബന്ധമുള്ളൂ. അല്ലാതെ, ആദത്തിന്റെ പാപം മറ്റു മനുഷ്യർക്കു പരമ്പരാഗതമായ ധാരണയിലുള്ള ഉത്ഭവപാപത്തിനു കാരണമായി എന്ന് പൗലോസ് വിവക്ഷിക്കുന്നില്ല. അങ്ങനെ കൃത്യമായി പറഞ്ഞാൽ, മേൽപ്പറഞ്ഞ ലേഖന ഭാഗത്ത് പൗലോസ് ശ്ലിഹ ഉത്ഭവപാപത്തെപ്പററി കാര്യമായി ഒന്നും തന്നെ പറയൂന്നില്ല.
എന്നാൽ, ''ഉത്ഭവപാപം" എന്ന പദം കൊണ്ട് അത്ഥമാക്കുന്ന യാഥാർഥ്യത്തെപ്പററി തൻറ ലേഖനങ്ങളിൽ,വിശിഷ്യാ റോമാക്കാർക്കെഴുതിയ ലേഖനത്തിൽ, പൗലോസ് ശ്ലീഹ പലയിടത്തും പറയുന്നുണ്ട്. സാധാരണമായി "പാപം" (ha hamartia) എന്നു പറയുമ്പോൾ പൗലോസ് ഉദ്ദേശിക്കുന്നത് പാപകരമായ ഏതെങ്കിലും ഒറ്റപ്പെട്ട പ്രവർത്തിയല്ല, പ്രത്യുത പാപത്തിന്റെ മൂർത്തീകരണം അഥവാ മൂർത്തി മൽഭാവം പൂണ്ടപാപത്തിൻറെ ശക്തിയാണ്. ഈ ശക്തി ലോകത്ത് പ്രവേശിക്കുവാൻ ഇടയാക്കിയത് ആദത്തിൻറെ പാപമത്രേ (5: 12). പാപത്തിൻറെ ഈ ശക്‌തി ലോകത്തെയാകമാനം ഗ്രസിച്ചിരിക്കയാണ്, ലോക ഭരണം നടത്തുകയാണ്. മനുഷ്യൻറെ സ്വതന്ത്രമായ തീരുമാനത്തിനും തിരഞ്ഞെടുപ്പിനും മുമ്പു തന്നെ ഈ ശക്‌തി ആന്തരികമായി അവനിൽ സ്വാധീനം ചെലുത്തുന്നു; "പാപത്തിലേക്ക" അതവനെ പ്രേരിപ്പിക്കുന്നു. മനുഷ്യനെ തൻറെ അടിമയാക്കാനുള്ള നിരന്തരമായ പരിശ്രമത്തിലാണ് പാപത്തിൻറ ഈ ശക്തി (റോമാ 6: 6,13-14, 23; 7: 8-9,11,14-25).
വികാരതീവ്രമായ ഭാഷയിലാണ് പാപത്തിൻറ ശക്തിയേയും അതിൻറെ നീരാളിപ്പിടിത്തത്തേയും പൗലോസ് വർണിക്കുന്നത്:
''ഞാൻ പാപത്തിന് അടിമയായി വില്ക്കപ്പെട്ട ഭൗതികനാകുന്നു. ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാൽ, ഞാൻ ഇച്ഛിക്കണതല്ല, വെറുക്കുന്നതാണ് ഞാൻ പ്രവർത്തിക്കുന്നത്... എന്നാൽ, ഇപ്പോൾ അങ്ങനെ പ്രവർത്തിക്കുന്നത് ഞാനല്ല, എന്നിൽ കുടികൊള്ളുന്ന പാപമാണ്... നന്മ ഇച്ഛിക്കാൻ എനിക്കു സാധിക്കും; എന്നാൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവൃത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തത് ഞാൻ ചെയ്യുന്നുവെങ്കിൽ, അത് ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ് അങ്ങനെ, നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന എന്നിൽത്തന്നെ തിന്മയുണ്ട് എന്നോരു തത്ത്വം ഞാൻ കാണുന്നു. എന്റെ അന്തഃരംഗത്തിൽ ഞാൻ ദൈവത്തിന്റെ നിയമമോർത്ത് ആഹ്ളാദിക്കുന്നു. അവയവങ്ങളിലാകട്ടെ, എൻ്റെ മനസ്സിൻറെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാൻ കാണുന്നു. അത് എൻറെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു. ഞാൻ ദുർഭഗനായ മനുഷ്യൻ! മരണത്തിന് അധീനമായ ഈ ശരീരത്തിൽ നിന്ന് എന്നെ ആരു മോചിപ്പിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു വഴി ദൈവത്തിനു സ്തോത്രം. ചുരുക്കത്തിൽ ഞാൻ എൻറെ മനസ്സുകൊണ്ട് ദൈവത്തിൻ്റെ നിയമത്തെ സേവിക്കുന്നു; എന്റെ ശരീരംകൊണ്ട് പാപത്തിന്റെ നിയമത്തെയും ." (റോമാ.14 25).
നമ്മുടെ കർത്താവായ യേശുക്രിസ്തു വഴി ദൈവം നൽകുന്ന രക്ഷ സ്വീകരിക്കുന്നതിന് മുൻപ് ഓരോ മനുഷ്യനും തന്നിൽത്തന്നെ അനുഭവിപ്പെടുന്ന പാപത്തിൻറെ ശക്തിയേയാണ് പൗലോസ് ശ്ലിഹാ ഇപ്രകാരം ഭാവോജ്വലമായി വർണിക്കുന്നത്. പാപത്തിൻ്റെ ഈ ശക്തി ഒരു അടിമയുടെ മേൽ എന്ന പോലെ പുറമേ നിന്നു മാത്രമല്ല മനുഷ്യനിൽ സ്വാധീനം ചെലുത്തുന്നത്. മനുഷ്യൻറെ ഉള്ളിൽ, അവൻ്റെ അവയവങ്ങളിൽ, അവൻ്റെ മനസ്സിൽ വസിച്ചു കൊണ്ട്, പാപത്തിലേയ്ക്ക് അതവനെ ആകർഷിക്കുന്നു. ഈ ആകർഷണ വലയത്തിൽ നിന്നു സ്വയം രക്ഷപെടാൻ മനുഷ്യനു സാധിക്കയില്ല. എന്നാൽ ഈ ദുർഭഗ സാഹചര്യത്തിൽ ആയിരിക്കുന്ന മനുഷ്യന് നിരാശപ്പെടേണ്ടതില്ല. കാരണം യേശുക്രിസ്തുവിലൂടെ രക്ഷയുടെ വഴി അവനുവേണ്ടി വെട്ടിത്തുറക്കപ്പെട്ടിരിക്കുന്നു. ദൈവത്തിനു സ്തോത്രവും നന്ദിയും അർപ്പിച്ചുകൊണ്ട് ആ വഴി അവൻ സ്വീകരിക്കയേവേണ്ടൂ. ഇതാണ് പാപത്തിന്റെ ശക്‌തിയിലമർന്നു ഞെരിയുന്ന മനുഷ്യനു പൗലോസ് നൽകുന്ന സന്ദേശം.
നേരത്തെ പറഞ്ഞതുപോലെ, പാപത്തിൻ്റെ ശക്തിയെന്നു പറയുമ്പോൾ വ്യക്‌തിപരമായ ഏതെങ്കിലും പാപമല്ല പൗലോസ് ഉദ്ദേശിക്കുന്നത്. വ്യക്തിപരവും സ്വതന്ത്രവുമായ തീരുമാനത്തോടെ പാപകരമായ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിനു മുമ്പുതന്നെ പാപത്തിലേയ്ക്കു പ്രേരണ നൽകിക്കൊണ്ട് മനുഷ്യൻറ ഉള്ളിൽ വസിക്കുന്ന പാപത്തിൻറെ ഒരു ശക്തിയെയാണ് പൗലോസ് മനസ്സിൽ കാണുന്നത്. യേശുവിലൂടെ ദൈവം നൽകുന്ന രക്ഷയെ ഊന്നിപ്പറയുന്നതിനാണ് പാപത്തിൻറെ ഈ ശക്തിയേയും അതിൻറ പ്രവർത്തനത്തെയും ഇത്ര വിശദമായി പൗലോസ് വരച്ചുകാട്ടിയിരിക്കുന്നത്. യേശുവിനെ കൂടാതെ മനുഷ്യൻ പാപത്തിൻറെ ശക്തിയിലമർന്നവനാണ്. സ്വയം രക്ഷപെടാൻ അവനു സാധ്യമല്ല. എന്നാൽ, യേശുവിലുള്ള രക്ഷ സ്വീകരിച്ചവൻ പാപത്തിന്റെ ശക്തിയിൽ നിന്നു മോചിപ്പിക്കുന്നതായിരുന്നു (6: 2,14,18).യേശുവിലുള്ള രക്ഷയും പാപത്തിൻറെ ശക്തിയും വിരുദ്ധ ധ്രുവങ്ങളാണ്. യേശുവിലുള്ള രക്ഷ സ്വീകരിക്കുന്നതിനു മുമ്പു മനുഷ്യന്റെ -മനുഷ്യകുലത്തിൻറെ- അവസ്ഥയാണെന്നു പറയാം ഉത്ഭാവ പാപം' എന്ന പദം കൊണ്ട് അർത്ഥമാക്കുന്ന യാഥാർഥ്യം. യേശുവിലുള്ള രക്ഷയുടെ വിരുദ്ധ ധ്രുവമായിട്ടു വേണമെങ്കിലും അതിനെ മനസ്സിലാക്കാം.
ഉത്ഭവപാപം സഭയുടെ പാരമ്പര്യത്തിലും പ്രബോധനത്തിലും
അടുത്തതായി ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ പാരമ്പര്യവും ഔദ്യോഗിക പ്രബോധനവും അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. യേശുവിലൂടെ ദൈവം നൽകിയ രക്ഷയിലുള്ള വിശ്വാസത്തോളംതന്നെ പഴക്കമുണ്ടെന്നു ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ അവബോധനത്തിനും. എന്നാൽ, ആദ്യത്തെ നാലു നൂററാണ്ടുകളിൽ ഉത്ഭവപാപത്തെപ്പറ്റിയുള്ള സ്‌പഷ്ടമായ സൂചനകളോ രേഖകളോ ഒന്നും നാം കാണുന്നില്ല. ആദ്യ നൂറാണ്ടുകളിൽ പ്രായപൂർത്തിയായവരായിരുന്നു വിശ്വസിച്ച് മാമ്മോദീസാ സ്വീകരിച്ചിരുന്നത്. പയ്യെപ്പയ്യെ ശിശു മാമ്മോദീസാ പ്രചാരത്തിൽ വന്നതോടെ "പാപങ്ങളുടെ മോചനത്തിനായി" ശിശുക്കൾക്കു നൽകുന്ന മാമ്മോദീസായുടെ അർത്ഥവ്യാപ്തിയെപ്പറ്റി വിശ്വാസികൾ ചിന്തിച്ചു തുടങ്ങി. മാമ്മോദീസാവഴി വ്യക്തിപരമായ പാപങ്ങളിൽ നിന്നു മാത്രമല്ല, പാപത്തിൻറെ ശക്തിയുടെ അടിമത്തത്തിൽ നിന്നും അന്ധകാരത്തിൻറെ ആധിപത്യത്തിൽ നിന്നുമെല്ലാം (കൊളോ 1:13) മോചനം ലഭിക്കുന്നുവെന്ന ബോധ്യം സഭയിൽ രൂഢമൂലമായിരുന്നു. പെലേജിയൻ പാഷണ്ഡവാദികൾ (Pelagians) മാമ്മോദീസായെ എതിർത്തതും ഉത്ഭവ പാപത്തെപ്പറ്റിയുള്ള പരിചിന്തനത്തിനു കാരണമായി.
അഗസ്തീനോസ് പുണ്യവാനാണ് ആദ്യമായി ഉത്ഭവ പാപത്തെപ്പറ്റി സ്‌പഷ്‌ടമായി പറയുന്നത്. പെലേജിയൻ പാഷണ്ഡവാദികളുമായുള്ള വിവാദത്തിൽ ഉത്ഭവ പാപം, അദ്ദേഹത്തിന് അവസരോചിതമായ ഒരുപകരണം കൂടിയായിത്തീർന്നു. ഉത്ഭവപാപത്തിന് ഉപോൽബലകമായി അഗസ്തീനോസ് ഉപയോഗിച്ച വിശുദ്ധ ഗ്രന്ഥഭാഗം റോമാ 5:12-21 തന്നെയായിരുന്നു. ഇതിൽ സുപ്രധാന വാക്യമായ 5:12-ന് ശരിയായ ഒരു വ്യാഖ്യാനമല്ല അദ്ദേഹം നൽകിയത്. "ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം, എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു"എന്നതിലെ അടിവരയിട്ട ഭാഗത്തിന് ആഗസ് തീനോസിൻറെ വ്യാഖ്യാനത്തിൽ ഇങ്ങനെ മാറ്റം വന്നു: "ഒരുവനിൽ എല്ലാവരും പാപം ചെയ്തു. പാപം എല്ലാവരിലും വ്യാപിച്ചു. ഈ വ്യത്യാസം ആശയത്തിനു വരുത്തുന്ന വലിയ മാറ്റം വ്യക്‌തമാണ്. റോമാ 5:12-ൽ വന്ന വാക്കുകളുടെ ഈ വ്യത്യാസം പരമ്പരാഗതമായ രീതിയിൽ ഉത്ഭവപാപം മനസ്സിലാക്കുവാൻ കാരണമായി. അഗസ്തീനോസിൻറെ ഈ വ്യാഖ്യാനമാണ് പാശ്ചാത്യസഭയിൽ മുഴുവൻ പ്രചാരത്തിലായത്. വി. ഗ്രന്ഥത്തിൻറെ "വൂൾഗതാ" (Vulgate) പരിഭാഷയും "ഒരുവനിൽ എല്ലാവരും പാപം ചെയ്തു. എന്ന ഭാഷ്യമാണ് സ്വീകരിച്ചത്. വ്യാകരണപരമായി രണ്ടും സാധ്യമാണെങ്കിലും (eph hồ = because or in whom), "ഒരുവനിൽ'' എന്ന പരിഭാഷ തെറ്റാണെന്നത് ഇന്നു ബൈബിൾ പണ്ഡിതന്മാർ എല്ലാവരും തന്നെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ്.
ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയുണ്ടായത് 418-ൽ കാർത്തേജിൽ സമ്മേളിച്ച പ്രൊവിൻഷൽ കൗൺസിലിലാണ് (cfr. J. Neuner and J. Dupuis [ed]., The Christian Faith in the Doctrinal Documents of the Catholic Faith, TPI Banglore 1982, nos. 501;502). പാഷണ്‌ഡവാദികളുടെ തെറ്റായ ചില പ്രബോധനങ്ങളെ തിരുത്തുകയായിരുന്നു ഈ പ്രസ്താവനയുടെ ലക്ഷ്യം. ഒരു നൂറ്റാണ്ടിനു ശേഷം പെലേജിയൻ ചായ്വുള്ള ചിലർക്കെതിരെ (Semi-Pelagians) ഒറാൻജിൽ സമ്മേളിച്ച രണ്ടാമത്തെ പ്രൊവിൻഷൽ കൗൺസിൽ (529) വീണ്ടും ഉത്ഭവപാപത്തിൻറെ അസ്തിത്വത്തേയും സ്വഭാവത്തെയും സ്ഥിരീകരിക്കയുണ്ടായി (ibid. nos. 504:505) തെന്ത്രോസ് സുനഹദോസും (1546) മേൽപറഞ്ഞ കൗൺസിലുകളുടെ പ്രബോധനങ്ങളെ ആവർത്തിച്ചുറപ്പിച്ചു (ibid. nos. 508-513). ആദി മാതാപിതാക്കൾ ചരിത്ര വ്യക്‌തികളാണെന്നും അവരുടെ പാപം ചരിത്ര സംഭവമാണെന്നുമുള്ള ധാരണയിലാണ് ഈ ഔദ്യോഗിക പ്രസ്താവനകൾ ഉണ്ടായിട്ടുള്ളത്. അ തുപോലെ തന്നെ ''വുൾഗാത്ത'' പരിഭാഷയെയാണ് ഈ പ്രസ്‌താവനകൾ ആധാരമാക്കുന്നത്.
എന്നാൽ, കൗൺസിലുകളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളെ വ്യാഖ്യാനിക്കുമ്പോൾ, മാറ്റമില്ലാത്തതും എന്നും എല്ലാവരും സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതുമായ വിശ്വാസ സത്യത്തെ, അത് അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന മാധ്യമത്തിൽ നിന്നും വേർതിരിച്ചു കാണേണ്ടിയിരിക്കുന്നു. ആദ്യത്തേതും നാം അവശ്യം സ്വീകരിച്ചേ മതിയാവൂ. രണ്ടാമത്തേത്, അതായത് വിശ്വാസസത്യം ആവിഷ്കരിക്കാൻ ഉപയോഗിച്ചിരുന്ന മാധ്യമം. കാലികമായ പല സങ്കല്‌പങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്. ഈ സങ്കല്‌പങ്ങൾ മാറുന്നതനുസരിച്ച് മാധ്യമത്തിനും മാറ്റമുണ്ടാകാം. എന്നാൽ, അതു പ്രകാശിപ്പിക്കുന്ന വിശ്വാസസത്യം എന്നും നിലനില്ക്കും. എന്താണ് മാറ്റമില്ലാത്ത ഈ വിശ്വാസസത്യം എന്നതിനെപ്പറ്റി ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തലുള്ള ഒരു പരിചിന്തനമാണ് അടുത്തതായിട്ട് ആവശ്യമായിരിക്കുന്നത്.
(തുടരും )
ആദവും ഹൗവ്വായും ഉത്ഭവപാപവും: ഭാഗം-2
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, മെയ് 1989




















