"ശിഷ്യത്വത്തില്‍ ത്യാഗമില്ല"
- ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
- May 10
- 4 min read

Key Takeaways:
The article argues that discipleship focuses on joyfully gaining Christ, not sacrificing the past.
The core message is: "There is no sacrifice in discipleship."
ചില യുവസന്ന്യാസികളുമായുള്ള അഭിമുഖങ്ങള്‍ നല്ല ഉദ്ദേശത്തോടെ അപ്ലോഡ് ചെയ്യപ്പെട്ടതു യുട്യൂബില്‍ കണ്ടിട്ടുണ്ട്. അവരില്‍ ചിലരൊക്കെ പരിചയക്കാരുമാണ്. എല്ലാ അഭിമുഖങ്ങളുടെയും ഒരു പൊതു നറേറ്റിവ് ഇതാണ്: നല്ല നിലയില്‍ ജീവിച്ചുവന്നവരായിരുന്നു അവര്‍. വലിയ ജോലി, വലിയ ശമ്പളം, വലിയ പ്രശസ്തി... എന്നാല്‍, ക്രിസ്തുവിന്‍റെ മുമ്പില്‍ ഇവയൊക്കെ തീര്‍ത്തും ചെറുതായി തോന്നിത്തുടങ്ങി... ഒടുക്കം അവര്‍ സന്ന്യാസത്തിന്‍റെ വഴി തെരഞ്ഞെടുത്തു. ഇപ്പോള്‍ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും ഉള്ളില്‍ ഹാപ്പിയാണ്.
അഭിമുഖം കൊടുത്ത യുവസന്ന്യാസികള്‍മാത്രമല്ല ഈയൊരു നറേറ്റിവ് പറയുന്നത്. ഒരു സെമിനാരിയെടുക്കുക. ഒരു ബാച്ചില്‍ പത്തു പേരുണ്ട്. ഒരാള്‍ പണ്ടു ഡോക്ടറോ എഞ്ചിനീയറോ ആയിരുന്നു. ബാക്കി ഒന്‍പതുപേര്‍ പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ കഴിഞ്ഞു വന്നവരാണ്. റെക്ടറച്ചന്‍റെ കണ്ണില്‍ കൂടുതല്‍ മെച്ചപ്പെട്ട "ദൈവവിളി" ആരുടേതാണ്?
നമ്മള്‍ വിശുദ്ധരെക്കുറിച്ചു പറയുമ്പോഴും അവര്‍ ഉപേക്ഷിച്ചുകളഞ്ഞ സുന്ദരമായ ഭൂതകാലത്തെക്കുറിച്ച് ഏറെ സംസാരിക്കുന്നു. ഉദാഹരണത്തിന് അസ്സീസിയിലെ ഫ്രാന്‍സിസ്. അയാളുടെ അപ്പന്‍റെ തുണിക്കച്ചവടവും ഫ്രാന്‍സിസ് കൈയെത്തിപ്പിടിക്കാന്‍ നോക്കിയ പെരുമയും സൗന്ദര്യവുമൊക്കെ നമ്മുടെ കഥകളില്‍ നിറയുന്നു. എന്നിട്ടും ക്രിസ്തുവിനുവേണ്ടി എല്ലാമുപേക്ഷിക്കാന്‍ അയാള്‍ തയ്യാറായെന്നും ആ ത്യാഗത്തെ നമ്മള്‍ കണ്ടുപഠിക്കണമെന്നും ഉദ്ബോധിക്കുന്നു.
എന്നാല്‍, താന്‍ ഉപേക്ഷിച്ചു കളഞ്ഞ ഭൂതകാലമല്ല ഫ്രാന്‍സിസിന്‍റെ സംസാരങ്ങളിലും എഴുത്തുകളിലും നിറയുന്നത്, പിന്നെയോ അയാള്‍ ആഘോഷമാക്കിയ വര്‍ത്തമാന കാലമാണ്. പൗലോസ് ശ്ലീഹായുടെ പതിമൂന്ന് കത്തുകളില്‍ തന്‍റെ ഭൂതകാലത്തെക്കുറിച്ചുള്ള ആകെയുള്ള പരാമര്‍ശങ്ങള്‍ എല്ലാംകൂടി വിരലിലെണ്ണാവുന്നവയേയുള്ളൂ. അയാള്‍ക്കു പറയാനും എഴുതാനും ഉള്ളതു മുഴുവനും താന്‍ ശരീരത്തില്‍ ധരിച്ചിരിക്കുന്ന (ഗലാത്തിയര്‍ 3:27) ക്രിസ്തുവിനെക്കുറിച്ചാണ്. ഇതൊക്കെ ഗ്രഹിക്കാന്‍ സത്യത്തില്‍ എളുപ്പമാണ്. ധനാഢ്യയായ ഒരു പെണ്‍കുട്ടി ഒരു ഓട്ടോറിക്ഷക്കാരനെ പ്രണയിച്ച്, അയാളുടെകൂടെ ജീവിതം തുടങ്ങി, പത്തുകൊല്ലം കഴിഞ്ഞുവെന്നിരിക്കട്ടെ. അവളുടെ ചിന്തകളിലും വര്‍ത്തമാനങ്ങളിലും ഇനി കൂടുതലും നിറയുന്നത് എന്തായിരിക്കും: ഇറങ്ങിപ്പോന്ന ഭൂതകാലമോ, അതോ വര്‍ത്തമാന കാലത്തില്‍ അവള്‍ ജീവിക്കുന്ന പ്രണയമോ? എപ്പോള്‍ അവള്‍ താന്‍ ത്യാഗം ചെയ്ത ഭൂതകാലത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നുവോ, ആ നിമിഷം മുതല്‍ അവളുടെ നെഞ്ചിലെ പ്രണയം മങ്ങിത്തുടങ്ങി എന്നു നമുക്ക് അനുമാനിക്കേണ്ടിവരും.

ഇവിടെയാണു ദൈവരാജ്യത്തെക്കുറിച്ചുള്ള രണ്ടുപമകള്‍ ശ്രദ്ധേയമാകുന്നത്: വയലിലെ നിധിയും (മത്താ. 13:44) വിലയേറിയ രത്നവും (മത്താ. 14:45-46). രണ്ടുപമകളിലെയും വ്യക്തികളെക്കുറിച്ചു നാം വായിക്കുന്നത്, "തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ / ആ രത്നം വാങ്ങുന്നു" എന്നാണ്. ഈ ഉപമകളുടെ ഫോക്കസ് എന്തുപേക്ഷിച്ചു എന്നതിലല്ലല്ലോ, എന്തു കണ്ടെത്തി എന്നതിലല്ലേ? ഒരാള്‍ക്കു ലോട്ടറി അടിച്ചു എന്നു കരുതുക. പിന്നെയുള്ള അയാളുടെ സംസാരം മുഴുവന്‍ താന്‍ ലോട്ടറി വാങ്ങാന്‍ അഞ്ഞുറു രൂപാ മുടക്കി എന്നതിനെക്കുറിച്ചായിരിക്കുമോ, അതോ കൈവന്ന ഭാഗ്യത്തെക്കുറിച്ചായിരിക്കുമോ?
മത്തായിയുടെ സുവിശേഷത്തിലും തോമസിന്‍റെ സുവിശേഷത്തിലും മാത്രം കാണുന്ന ഉപമകളാണ് ഇവ രണ്ടും. മത്തായിയില്‍ ഒരുമിച്ചു കാണുന്ന ഈ ഉപമകള്‍ തോമസില്‍ രണ്ടിടത്തായിട്ടാണു നാം വായിക്കുന്നത് (തോമസ്. 109; 76). ഒരു വേള ഇവയൊരുമിച്ചു പറയപ്പെടാനും, മറ്റൊരു വേള ഇവ വെവ്വേറെ പറയപ്പെടാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. (കേള്‍വിക്കാരുടെ പ്രതികരണത്തിനനുസരിച്ചു നമ്മള്‍ പറയുന്ന കഥയിലും കാര്യത്തിലും നമ്മള്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്താറുണ്ടല്ലോ.) അതുകൊണ്ടാകാം ഈ രണ്ടു സുവിശേഷങ്ങളിലും ഇത്തരമൊരു വ്യത്യാസം നാം കാണുന്നത്.
റോമാക്കാര്‍ ജറുസലെം കീഴടക്കുമെന്നായപ്പോള്‍ യഹൂദര്‍ നിധികള്‍ പലയിടത്തും കുഴിച്ചിട്ടതായും അതു കണ്ടെടുക്കാന്‍ റോമാക്കാര്‍ പിന്നീടു പെടാപ്പാടു പെട്ടതായും ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യഹൂദ ചരിത്രകാരനായ ഫ്ളാവിയുസ് ജൊസേഫുസ് (എ. ഡി. 37-100) രേഖപ്പെടുത്തിയിട്ടുണ്ട്. ചാവുകടലിന്‍റെ തീരത്തെ ഖുംറാന്‍ ഗുഹകളില്‍ മൂന്നാമത്തേതില്‍നിന്നു കണ്ടെടുക്കപ്പെട്ട ചെമ്പു ചുരുള്‍ അക്ഷരാര്‍ത്ഥത്തില്‍ നിധികളുടെ ഒരു രേഖയാണ്. സ്വര്‍ണവും വെള്ളിയുമൊക്കെ ഗുഹയിലും പാടത്തും പാറയുടെ അള്ളിലും ശ്മശാന ഭൂമിയിലും എല്ലാം കുഴിച്ചിട്ടതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ഈ ചുരുളിലുള്ളത്. പറഞ്ഞുവന്നത് നിധി കുഴിച്ചിടുന്നത് അക്കാലത്തെ ഒരു രീതിയായിരുന്നു എന്നാണ്. ഒരാള്‍ താലന്തു മണ്ണില്‍ കുഴിച്ചിട്ടതിനെക്കുറിച്ച് നമ്മള്‍ താലന്തുകളുടെ ഉപമയില്‍ വായിക്കുന്നുമുണ്ടല്ലോ (മത്താ. 25:18, 25).
ഈ ചെറിയ രണ്ടുപമകള്‍ക്ക് പലവിധ വ്യാഖ്യാനങ്ങള്‍ പലരായി നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് ഇവ വ്യാഖ്യാനിക്കേണ്ടത് എന്നതു വചനത്തില്‍നിന്നുതന്നെ വ്യക്തമായ കാര്യമാണ്. രണ്ടുപമകളുടെയും തുടക്കത്തില്‍തന്നെ നമ്മള്‍ വായിക്കുന്നത് ഇവ രണ്ടും സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകളാണ് എന്നാണ്. ഇവ രണ്ടും യേശു പറഞ്ഞത് ശിഷ്യന്മാരോടാണ്. ഉപമകളെ വ്യാഖ്യാനിക്കുമ്പോള്‍ ഈ രണ്ടു വസ്തുതകളും നിര്‍ബന്ധമായും നമ്മള്‍ ഓര്‍മിക്കേണ്ടതാണ്.
വയലില്‍ ഒളിപ്പിച്ച നിധിയെക്കുറിച്ചുള്ള ഉപമയുമായി ബന്ധപ്പെട്ട് ഒരു ധാര്‍മിക പ്രശ്നം ചിലര്‍ ഉന്നയിച്ചു കണ്ടിട്ടുണ്ട്. നിധി കണ്ടെത്തിയ കാര്യം മറച്ചുവച്ചിട്ടാണ് അയാള്‍ വയല്‍ സ്വന്തമാക്കുന്നത്. പ്രത്യക്ഷത്തില്‍ ഈ കള്ളത്തരത്തിന് എതിരായി ഉപമയില്‍ നാം ഒന്നും കാണുന്നില്ല. അപ്പോള്‍ ഉപമ കള്ളത്തരത്തെ അനുകൂലിക്കുകയല്ലേ? നിധി ഒളിപ്പിച്ചത് വയലിന്‍റെ ഉടമ അല്ലെന്നതു വ്യക്തമാണല്ലോ. (അയാള്‍ക്ക് അതിനെക്കുറിച്ച് ഒരറിവുമില്ല.) അപ്പോള്‍ നിധി അയാളുടേതല്ല. അയാള്‍ക്ക് തന്‍റെ വയലിന്‍റെ മുഴുവന്‍ വിലയും കിട്ടുന്നുമുണ്ട്. അതായത് വയലിന്‍റെ ഉടമസ്ഥനോട് അതു വാങ്ങിയവന്‍ അനീതി ചെയ്തതായി അയാള്‍ക്കു തോന്നുന്നതേയില്ല. അതുകൊണ്ടാകണം കേള്‍വിക്കാര്‍ ആരെങ്കിലും അത്തരമൊരു ധാര്‍മിക പ്രശ്നം ഉന്നയിക്കുന്നതായി നാം വചനത്തില്‍ വായിക്കാത്തത്.
നാം ഇവിടെ പരിഗണിക്കുന്ന ഉപമകളിലെ വയല്‍, നിധി, വയല്‍ വാങ്ങിയവന്‍, രത്നം, രത്ന വ്യാപാരി തുടങ്ങിയവ എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നു എന്ന ചോദ്യം അപ്രസക്തമാണ്. (ഈദൃശ ചോദ്യങ്ങള്‍ ഉപമയെ അലഗറിയായി തെറ്റിദ്ധരിക്കുന്നതുകൊണ്ട് ഉന്നയിക്കപ്പെടുന്നതാണ്.) പി.ഒ.സി ബൈബിളില്‍ ഈ ഉപമകള്‍ പല വാക്യങ്ങളിലായിട്ടാണല്ലോ കൊടുത്തിരിക്കുന്നത്. എന്നാല്‍ വചനത്തിന്‍റെ മൂലഭാഷയായ ഗ്രീക്കില്‍ ഈ രണ്ടുപമകളും ഓരോ വാക്യമാണ്. ഗ്രീക്കു ബൈബിളില്‍ കൊടുത്തിരിക്കുന്ന രീതിയില്‍ വചനഭാഗത്തെ ചുവടെ പരിഭാഷപ്പെടുത്തുകയാണ്: "വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധി കണ്ടെത്തുന്നവന്‍, അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നതുപോലെയാണ് സ്വര്‍ഗരാജ്യം. വീണ്ടും, നല്ല രത്നങ്ങള്‍ തേടുന്ന വ്യാപാരി, വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നതുപോലെയാണു സ്വര്‍ഗരാജ്യം" (മത്താ. 13:44-46)
ആവര്‍ത്തിക്കുന്നു: നാം പരിഗണിക്കുന്ന ഓരോ ഉപമയും ഒറ്റവാക്യത്തില്‍ പറയപ്പെട്ടതാണ്. മുകളില്‍ കൊടുത്തിരിക്കുന്ന നിധിയുടെ ഉപമമാത്രം ഒന്നുകൂടെ ശ്രദ്ധിച്ചു വായിക്കുക. വയലിനോടോ നിധിയോടോ വയല്‍ വാങ്ങിയവനോടോ ഒന്നുമല്ല സ്വര്‍ഗരാജ്യത്തെ ഉപമിച്ചിരിക്കുന്നത്, പിന്നെയോ ആ വാക്യത്തില്‍ പ്രസ്താവിക്കുന്ന മുഴുവന്‍ സംഭവത്തോടാണ്. ആ സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാവം സന്തോഷമാണ്. ആ സംഭവം യേശുവിന്‍റെ കേള്‍വിക്കാരില്‍ ഉളവാക്കുന്നതും അത്ഭുതവും സന്തോഷവുമാണ്. നിധി കണ്ടെത്തിയവന്‍ അതു സ്വന്തമാക്കാന്‍ തനിക്കുള്ളതെല്ലാം വില്‍ക്കുന്നത് ഒരു സ്വാഭാവിക പ്രതികരണമായേ ഏതൊരാളും മനസ്സിലാക്കൂ. ആ വില്‍ക്കലില്‍ ത്യാഗമെന്ന ഭാവം ആര്‍ക്കും കണ്ടെടുക്കാനാകില്ല. സമാനമായ രീതിയില്‍, യേശുവും അവന്‍റെ വാക്കുകളും ജീവിതശൈലിയും സ്വാഭാവികമായി അര്‍ഹിക്കുന്ന പ്രതികരണം അവയെ എങ്ങനെയും സ്വന്തമാക്കുക എന്നതാണ്. അതിനുവേണ്ടി കൊടുക്കേണ്ടിവരുന്ന ഒരു വിലയും സത്യത്തില്‍ വിലയേയല്ല. ഉപമയുടെ ഫോക്കസ് ഉള്ളതെല്ലാം വിറ്റു എന്നതിലല്ല, നിധി കണ്ടെത്തി എന്നതിലാണ്. ത്യാഗത്തെക്കുറിച്ചുള്ള ആധിയല്ല, കണ്ടെത്തിയതിന്‍റെ ആനന്ദമാണ് ഒരേയൊരു ഭാവം. പണ്ട് എന്തൊക്കെ താന്‍ ത്യജിച്ചു എന്നു പേര്‍ത്തും പേര്‍ത്തും പറയലല്ല ശിഷ്യത്വം, പിന്നെയോ അത് നെഞ്ചില്‍ തോന്നുന്ന നിറവാണ്.
വിലയേറിയ രത്നത്തിന്‍റെ ഉപമയും ഇതേ സന്ദേശമാണു മുന്നോട്ടു വയ്ക്കുന്നത്. "സന്തോഷം" എന്ന വാക്ക് ഈ ഉപമയില്‍ കാണുന്നില്ലെന്നതു ശരിതന്നെ. ഒരമൂല്യരത്നം കണ്ണിലുടക്കിയ രത്ന വ്യാപാരിക്ക് അനുഭവപ്പെടുന്ന ഒരേയൊരു വികാരം സന്തോഷമാണെന്നതു പ്രത്യേകിച്ച് പറയേണ്ട ഒരു കാര്യമല്ലല്ലോ. തനിക്കുള്ളതെല്ലാം വില്‍ക്കുന്നത് ഒരു ത്യാഗമായി അയാളും പരിഗണിക്കുന്നതേയില്ല. ഉപമയുടെ കേള്‍വിക്കാരും അങ്ങനെ ചിന്തിക്കില്ല. ശിഷ്യന്മാര്‍ ക്രിസ്തുശിഷ്യത്വത്തെ കാണേണ്ടതും ഇതേ രീതിയിലാണ്.
രണ്ടുപമകളും ഒരേ കാര്യമാണു പറയുന്നത് എന്നതു ശരിതന്നെ. എങ്കിലും ചെറിയൊരു വ്യത്യാസം ഇവയ്ക്കിടയിലുണ്ട്. "ട്രെഷര്‍ ഹണ്ടിങ്" എന്ന കുട്ടികളുടെ കളിയില്‍ ഒരുപാട് അന്വേഷണത്തിനും അലച്ചിലിനും അവസാനമാണ് നിധി കണ്ടെത്തുന്നത്. എന്നാല്‍ ഉപമയില്‍ അയാള്‍ നിധി കണ്ടെത്തുന്നത് "ട്രെഷര്‍ ഹണ്ടിങ്" നടത്തിയല്ല, വളരെ അവിചാരിതമായിട്ടാണ്. എന്നു വച്ചാല്‍ അയാള്‍ അതിനുവേണ്ടി അന്വേഷിച്ചിറങ്ങിയതല്ല, നിനച്ചിരിക്കാതെ കണ്ണില്‍പെട്ടുപോയതാണ്. സമാനമായ രീതിയില്‍ ദൈവരാജ്യം നമ്മെ ചിലപ്പോള്‍ ആവേശിച്ചുകളയും, പൗലോസിന്‍റെ കാര്യത്തിലോ അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ കാര്യത്തിലോ ഒക്കെ സംഭവിച്ചതുപോലെ. എന്നാല്‍, രത്ന വ്യാപാരി അമൂല്യ രത്നത്തിനുവേണ്ടി വീടും നാടും വിട്ട് അലഞ്ഞവനാണ്. ഒരുപാട് വിയര്‍ത്തിട്ടാണ് അയാള്‍ക്ക് അയാള്‍ മോഹിച്ചതിന്‍റെ സമീപത്തെത്താന്‍ പറ്റുന്നത്. സമാനമായ രീതിയിലാണ് ചിലപ്പോള്‍ ചിലര്‍ക്കു ദൈവരാജ്യം കരഗതമാകുന്നത്. നിക്കൊദേമോസിന്‍റെ കാര്യത്തിലോ ഹിപ്പോയിലെ അഗസ്റ്റിന്‍റെ കാര്യത്തിലോ ഒക്കെ സംഭവിച്ചതുപോലെ.

മുന്‍പറഞ്ഞതു വ്യക്തമാക്കാന്‍ പ്രണയത്തിന്‍റെ കാര്യമെടുക്കാം. ഒരാള്‍ക്കു പ്രണയം ലഭിക്കുന്നത് ആദ്യ കാഴ്ചയില്‍തന്നെ പൊടുന്നനെയാണ്. വേറൊരാള്‍ക്ക് അതു ലഭിക്കുന്നത് ഒരുവളുടെ പിറകേ നാളുകള്‍ അലഞ്ഞിട്ടാണ്. എങ്ങനെയായാലും പ്രണയം സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തു വില കൊടുത്തും അതിനെ സ്വന്തമാക്കുക എന്നതാണ് ഒരേയൊരു മാര്‍ഗം. പ്രണയത്തിനു കൊടുക്കേണ്ടിവരുന്ന ഒരു വിലയും വിലയായി ആര്‍ക്കും ഒട്ടു തോന്നുകയുമില്ല. സമാനമാണ് ദൈവത്തിന്‍റെ കാര്യവും. നിങ്ങള്‍ എങ്ങനെ അവിടുത്തെ കണ്ടുമുട്ടുന്നു എന്നതു പ്രധാനപ്പെട്ടതല്ല. കണ്ടുമുട്ടിയാല്‍ കൊടുക്കേണ്ടിവരുന്ന വിലയൊന്നും വിലയല്ല. ചുരുക്കത്തില്‍ "ശിഷ്യത്വത്തില്‍ ത്യാഗമില്ല." പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ കാര്യത്തിന് കുറച്ചുകൂടി വ്യക്തത നല്‍കുന്നു: '... എന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്" (ഫിലിപ്പിയര്‍ 3 : 8).
ശിഷ്യത്വത്തിലെ "സന്തോഷ"ത്തിന് നമ്മള്‍ ഒരുപാട് ഊന്നല്‍ കൊടുത്തത് തെറ്റിദ്ധാരണക്ക് വഴിവയ്ക്കില്ല എന്നു കരുതുന്നു. ശിഷ്യത്വം നിര്‍ബന്ധമായും "കുരിശിന്‍റെ വഴി"യാണെന്ന പാഠങ്ങള്‍ പുതിയ നിയമത്തിലുള്ളത് എണ്ണിയാല്‍ തീരില്ല. രണ്ടെണ്ണം മാത്രം ഇവിടെ ചേര്‍ക്കുന്നു: "എന്‍റെ സഹോദരരേ, വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍" (യാക്കോബ് 1 : 2). പരീക്ഷകളില്ലാതെ ശിഷ്യത്വമില്ലതന്നെ. "നമ്മുടെ വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശു ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് അവന്‍ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാല്‍, മനോധൈര്യം അസ്തമിച്ച് നിങ്ങള്‍ തളര്‍ന്നുപോകാതിരിക്കാന്‍വേണ്ടി, അവന്‍, തന്നെ എതിര്‍ത്ത പാപികളില്‍നിന്ന് എത്രമാത്രം സ ഹിച്ചെന്നു ചിന്തിക്കുവിന്‍. പാപത്തിനെതിരായുള്ള സമരത്തില്‍ നിങ്ങള്‍ക്ക് ഇനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല" (ഹെബ്രായര്‍ 12 : 2-4). അപ്പോള്‍, വിയര്‍ക്കാതെയും വിശക്കാതെയും ആര്‍ക്കും ശിഷ്യത്വം ജീവിച്ചു തീര്‍ക്കാനാകില്ല. എങ്കിലും പ്രണയം വന്നു വാതിലില്‍ മുട്ടുമ്പോള്‍ പരിണതഫലങ്ങള്‍ നോക്കാതെ ഒരാള്‍ ഇറങ്ങിപ്പോകുന്നതുപോലെ, ക്രിസ്തുവിന്‍റെ പിറകേ ശിഷ്യന്‍ മുന്‍പിന്‍ നോക്കാതെ അങ്ങിറങ്ങിപ്പോകുകയാണ്.
നിധിയുടെയും രത്നത്തിന്‍റെയും ഉപമകളെ ബ്രാക്കറ്റു ചെയ്തിരിക്കുന്നത് വിധിയെക്കുറിച്ചുള്ള രണ്ടു വചന ഭാഗങ്ങളാണ്: യുഗാന്തത്തില്‍ കളയും വിളയും വേര്‍തിരിക്കുന്ന വചനഭാഗവും (മത്താ. 13:36-43) വലയില്‍ പിടിക്കപ്പെട്ട മത്സ്യങ്ങളില്‍ മോശമായത് പുറത്തേക്ക് എറിയുന്ന വചനഭാഗവും (മത്താ. 13:47-49). അപ്പോള്‍ ദൈവത്തെ പിഞ്ചെല്ലണോ വേണ്ടയോ എന്നതൊരു ഓപ്ഷനേയല്ല. അവിടുന്ന് നിധിയാണ്; അതിനു കൊടുക്കേണ്ടിവരുന്ന ഒരു വിലയും വലിയ വിലയല്ല. ആ നിധിക്കെതിരേ പുറം തിരിയുന്നവര്‍ കൊടുക്കേണ്ടിവരുന്ന വില ഒട്ടു ചെറുതുമാകില്ല.
ശിഷ്യത്വത്തില്‍ ത്യാഗമില്ല
ഷാജി കരിംപ്ലാനില്‍
അസ്സീസി മാസിക മേയ് 2026

























































