

Key Takeaways:
This articleis on Pentecostal themes.
Article details Holy Spirit's role in creation, sustenance, common grace, and transforming the universe toward Christ.
Text discusses discerning the Spirit versus ego/false self, contrasting fear with unity.
പരിശുദ്ധാത്മാവിന് ലോകത്തിലെന്താ കാര്യം? എന്ന് പണ്ടൊരിക്കല്‍ ഒരാളെന്നോട് ചോദിച്ചിരുന്നു. ലോകം തിന്മയാണ് എന്ന ചിന്തയുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. 'അയ്യോ, അങ്ങേര്‍ക്ക് ആകെ കാര്യമുള്ളത് ലോകത്തില്‍ മാത്രമാണല്ലോ' എന്ന് ഞാനും തിരിച്ചടിച്ചിരുന്നു.
ഞാനന്ന് പറഞ്ഞു: ഒന്നാമതായി ആത്മാവിലൂടെയാണ് ദൈവം സൃഷ്ടി നടത്തുന്നത്. ബൈബിളിന്‍റെ രണ്ടാമത്തെ വചനത്തില്‍ത്തന്നെ അക്കാര്യം പറയുന്നുണ്ട്.
രണ്ടാമതായി, പരിപാലനയിലൂടെ ദൈവം ആത്മാവു വഴി ലോകത്തിലെ സര്‍വ്വ ചരാചരങ്ങളെയും നിലനിര്‍ത്തുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്നുണ്ട്. (സൃഷ്ടിച്ചിട്ട് ഓടിപ്പോയവനല്ല ദൈവം. ദൈവരാജ്യം ഭൂമിയില്‍ വരണം എന്നതാണ് ക്രൈസ്തവ ദര്‍ശനം. ദൈവം സ്നേഹമയിയായ ഭരണാധികാരിയായി ഓരോ ദിനവും ലോകത്തെ ഭരിക്കുന്നുമുണ്ട്).
മൂന്നാമതായി പൊതു കൃപ(Common Grace)നല്കി എല്ലാ മനുഷ്യരെയും - ക്രിസ്ത്യാനികളെ മാത്രമല്ല - എല്ലാമനുഷ്യരെയും ആത്മാവ് നന്മയിലും ജീവനിലും വളര്‍ത്തുന്നുണ്ട്.
നാലാമതായി, മാനവ ചരിത്രത്തെ 'വളഞ്ഞ വരകളിലൂടെ ഋജുവായി' മുന്നോട്ടു കൊണ്ടു പോകുന്നതും പരിശുദ്ധാത്മാവാണ്.
അഞ്ചാമതായി, തന്‍റെ ആദ്യജാതനായ, മാനവകുലത്തിന്‍റെ മുഴുവന്‍ ബ്ലൂ പ്രിന്‍റ് ആയ, ക്രിസ്തു എന്ന മാതൃകയിലേക്ക് പ്രപഞ്ചത്തെയും അതിലെ സര്‍വ്വതിനെയും നിരന്തരം പരിവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതും പരിശുദ്ധാത്മാവ് തന്നെ.
***
ദൈവത്തിന്‍റെയും പുത്രനായ ക്രിസ്തുവിന്‍റെയും ഒരേയരൂപിയാണ്, ശക്തിയും വ്യക്തിയുമായ പരിശുദ്ധാത്മാവ് എന്നാണ് വിശ്വാസം. ത്രിയേകദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്ന ക്രൈസ്തവര്‍ പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയെന്ന നിലയില്‍ സ്വീകരിക്കുന്നു, എന്നാണ് പറയുക. എന്നുവച്ചാല്‍, അവര്‍ അവളെ അറിയുകയും അവളുമായി വ്യക്തിപരമായ ബന്ധത്തിലായിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ക്രൈസ്തവ വിശ്വാസമനുസരിച്ച് പരിശുദ്ധാത്മാവ് എന്ന ശക്തി എല്ലാ ജീവാജീവജാലങ്ങളിലും ഓരോ അണുവിലും ഈ ഭൂമിയാകെയും നിറഞ്ഞിരിക്കുന്നു. 'സ്രഷ്ടാവാം ചൈതന്യമേ, നീ വന്ന് ഈ ഭൂമുഖത്തെ നവീകരിക്കണമേ' എന്നതാണ് ക്രൈസ്തവ പാരമ്പര്യത്തിലെ സുപ്രധാനമായ പ്രാര്‍ത്ഥനകളിലൊന്ന്. ആ വഴിക്ക് നോക്കുമ്പോള്‍, ശ്രീകുമാരന്‍ തമ്പി എഴുതി, എം. കെ. അര്‍ജുനന്‍ ഈണം നല്‍കി, നാമൊക്കെ വിദ്യാലയങ്ങളില്‍ പാടി പ്രാര്‍ത്ഥിച്ചിരുന്ന ആ പഴയ പ്രാര്‍ത്ഥന ഗാനം ശരിക്കും പരിശുദ്ധാത്മാവിനോടുള്ള ഒരു ഗാനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
'എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍റെയുള്ളില്‍ കുടിയിരിക്കേണമേ
എന്‍റെ പാദമിടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയ ചൊരിയേണമേ.
പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകം തരും ജ്ഞാനവും നീയല്ലോ
പുല്ലുമാടവും പൂമണി മേടയും
തുല്യമായ്ത്തരും ശക്തിയും നീയല്ലോ!
നല്ലബുദ്ധിയായ് എന്‍റെ മനസ്സിലും
നല്ല വാണിയായ് നാവിന്‍റെ തുമ്പിലും
നല്ല ചെയ്തിയായ് എന്‍ പിഞ്ചു കൈയ്യിലും
നന്മയായ് നീ നിറഞ്ഞിരിക്കേണമേ'
***
അപ്പസ്തോല പ്രവൃത്തികളുടെ പുസ്തകം നിറയെ പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളാണ്. പത്രോസ് തന്‍റെ കന്നി പ്രസംഗം അവസാനിപ്പിക്കുന്നത ്, 'ആ യേശുവിനെ ദൈവം ഉയര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിന് സാക്ഷികളാണ്. ദൈവത്തിന്‍റെ വലതുഭാഗത്തേക്ക് ഉയര്‍ത്തപ്പെടുകയും പിതാവില്‍ നിന്ന് പരിശുദ്ധാത്മാവിന്‍റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവന്‍ ഈ ആത്മാവിനെ വര്‍ഷിച്ചിരിക്കുന്നു. അതാണ് നിങ്ങളിപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്' എന്നുപറഞ്ഞ് പരിശുദ്ധാത്മാവിന് സാക്ഷ്യം വഹിച്ചു കൊണ്ടാണ് (2: 32-33).
പത്രോസും അപ്പസ്തോലന്മാരും ക്രിസ്തുവിനെ പ്രഘോഷിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് സാന്‍ഹെദ്രിന്‍ സംഘത്തിന് മുമ്പില്‍ നിര്‍ത്തപ്പെടുമ്പോള്‍ അവര്‍ പറയുന്നതും '... ദൈവം അവനെ നാഥനും രക്ഷകനുമായി തന്‍റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തി. ഈ സംഭവങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്ക് ദ ൈവം പ്രദാനംചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിന് സാക്ഷിയാണ്' (5:31, 32) എന്ന് പറഞ്ഞു കൊണ്ടാണ്. ആദ്യത്തെ രക്തസാക്ഷിയായ ഡീക്കന്‍ സ്തേഫാനോസും കൊല്ലപ്പെടുന്നതിന് മുമ്പുള്ള തന്‍റെ പ്രസംഗം അവസാനിപ്പിക്കുന്നത്: 'മര്‍ക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിചേദിതരേ, നിങ്ങള്‍ എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോട് മല്ലടിക്കുന്നു' (7:51) എന്നു പറഞ്ഞുകൊണ്ടാണ്!
***
ഒന്നോ രണ്ടോ അല്ല, 56 തവണയാണ് സുവിശേഷങ്ങളില്‍; 57 തവണയാണ് പരിശുദ്ധാത്മാവിന്‍റെ സുവിശേഷം എന്നറിയപ്പെടുന്ന അപ്പസ്തോല പ്രവൃത്തികളില്‍; 112 തവണയാണ് പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളില്‍; 36 തവണയാണ് ശേഷിക്കുന്ന പുതിയ നിയമ ഗ്രന്ഥങ്ങളില്‍ - പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍!
***
ഭാരതീയമായ പ്രാപഞ്ചിക ധാരണയനുസരിച്ച്, സര്‍വ്വതും പഞ്ചഭൂതങ്ങളാല്‍ അഥവാ അഞ്ച് ഘടകങ്ങളാല്‍ നിര്‍മ്മിതമാണ്. ഭൂമി, വായു, അഗ്നി, വെള്ളം, ആകാശം എന്നിവയാണ് ആ പഞ്ചഭൂതങ്ങള്‍. ആകാശം എന്നത് (space) ഇടം ആണ്. 'ഭൂമി' എന്ന ഘടകത്തെ അതിന്‍റെ ദ്രവ്യഭാഗമായി കണക്കാക്കാം. ഏതൊരു വസ്തുവിനോ ജീവിക്കോ സ്പേസില്‍ മാത്രമേ ആയിരിക്കാനാവൂ. അഥവാ ഏതൊരു ജീവിക്കും അത് ഉള്‍ക്കൊള്ളുന്ന ഇടം ആവശ്യമാണ്. ഏത് 'കാര്യത്തിനും' ഏറ്റവും അടിസ്ഥാനം ആകാശവും ദ്രവ്യവും ആണ്. ആകാശം/ഇടം; ഭൂമി/ദ്രവ്യം എന്നിവക്കു പുറമേ അഗ്നി, വായു, ജലം എന്നിവയാണ് ഏറ്റക്കുറച്ചിലുകളോടെ സന്നിവേശിതമായ മൂന്ന് ഘടകങ്ങള്‍. പരിശുദ്ധാത്മാവിനെക്കുറിച്ച് പറയുമ്പോള്‍ യേശു ഉപയോഗിക്കുന്ന മൂന്ന് രൂപകങ്ങള്‍ ഈ മൂന്ന് ഘടകങ്ങളാണെന്ന് കാണുന്നത് നമ്മെ അതിശയിപ്പിക്കുന്നില്ലേ?! അഗ്നി, വായു, വെള്ളം:
അവയാകട്ടെ മൂന്ന് സ്വഭാവങ്ങളുള്ള മൂന്ന് രൂപരഹിതങ്ങളാണ്. വെള്ളം ഭൂമിയെ നനച്ചു കുതിര്‍ക്കാന്‍ യേശു ആഗ്രഹിക്കുന്നു, ഭൂമിയില്‍ തീയിടാന്‍ അവന്‍ ആഗ്രഹിക്കുന്നു, ഭൂമിയില്‍ കാറ്റ് അതാഗ്രഹിക്കുന്നിടത്തേക്ക് വീശുമെന്നും അവന്‍ പറയുന്നു!
***
പരിശുദ്ധാത്മാവിനെക്കുറിച്ച് പറയാനാണെങ്കില്‍ - തികച്ചും സ്നേഹവിരുദ്ധവും ക്രൂരവും വിഭജനോത്സുകവുമല്ലാത്ത യാതൊന്നിനെക്കുറിച്ചും, അത് പരിശുദ്ധാത്മാവില്‍ നിന്നല്ല എന്ന് പറയാനാവില്ല എന്നതാണ് സത്യം. എല്ലാം ഏകനായ പരിശുദ്ധാത്മാവിന്‍റെ വിവിധങ്ങളായ പ്രകാശനങ്ങളാണ്!
കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്‍റെ ദൈവശാസ്ത്ര അധ്യാപകന്‍ പറഞ്ഞതായി ഒരു സുഹൃത്ത് പങ്കുവച്ച ചിന്ത ഇങ്ങനെയാണ്: 'ജോസഫ് റാറ്റ്സിംഗര്‍ (വിശ്വാസ തിരുസംഘത്തിന്‍റെ അക്കാലത്തെ അധ്യക്ഷന്‍. പിന്നീട് മാര്‍പാപ്പ ആയപ്പോള്‍ ബനഡിക്റ്റ് XVIഎന്ന പേര് സ്വീകരിച്ചു) പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മാവ് വെളിപ്പെടുത്തുന്നതെന്തോ അതുതന്നെയായിരിക്കാം അദ്ദേഹം പറയുന്നത്. ലെയൊണാര്‍ഡൊ ബോഫ് (കര്‍ദിനാള്‍ റാറ്റ് സിംഗറാല്‍ നിശ്ശബ്ദനാക്കപ്പെട്ട, നിരവധി ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ബ്രസീലിയന്‍ വിമോചന ദൈവശാസ്ത്രജ്ഞന്‍) പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മാവ് വെളിപ്പെടുത്തുന്നതെന്തോ അതുതന്നെയായിരിക്കാം അദ്ദേഹം എഴുതുന്നതും'!
അതെങ്ങനെ സാധിക്കും? ഒരാള്‍ പറയുന്നതില്‍ നിന്ന് തുലോം വ്യത്യസ്തവും മിക്കവാറും എതിര്‍ ദിശയിലുളളതുമായ കാര്യമാണ് മറ്റെയാള്‍ പറയുന്നത്! രണ്ടും പരിശുദ്ധാത്മാവില്‍ നിന്നാണ് വരുന്നത് എന്നുപറയുന്നത് എങ്ങനെയാണ്?
അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ രണ്ടു പേരും പ്രാര്‍ത്ഥിക്കുന്നത് അവരവരുടെ 'മുറി'കളിലിരുന്നാണ് (context). അവരിരുവരുടെയും ജാലകക്കാഴ്ചകള്‍ വ്യത്യസ്തമാണ്. അതിനാല്‍ അവര്‍ക്ക് ലഭിക്കുന്ന ദൈവാത്മാവിന്‍റ പ്രചോദനവും രണ്ടു ദിശയിലാകാം. ആത്മാവിനോട് ആത്മാര്‍ത്ഥതയും തുറവിയും ഉള്ളപക്ഷം, ദൈവ തിരുമുമ്പാകെ ഇരുവരും സ്വീകൃതരായിരിക്കും. എന്നാല്‍, ചരിത്രം ചിലപ്പോള്‍ ഒരാളിലൂടെ ഒഴുകുകയും മറ്റേയാള്‍ തിരസ്കൃതനാകുകയും ചെയ്തേക്കാം. ഒരുവേള ചരിത്രം രണ്ടു പേരെയും വിട്ട് മൂന്നാമതൊരാളിലൂടെ ഒഴുകാനും മതി! ആരായിരുന്നു പരിശുദ്ധാത്മാവിന്‍റെ സംപ്രീത കഥാപാത്രം എന്ന് ഭാവിചരിത്രത്തിനേ നിര്‍ണ്ണയിക്കാനാവൂ!
***
ഫ്രാന്‍സിസ്കന്‍ മിസ്റ്റിക് ആയി അറിയപ്പെടുന്ന അമേരിക്കന്‍ വൈദികന്‍ റിച്ചര്‍ഡ് റോര്‍ (Richard Rohr, OFM)ഏറെ ശ്രദ്ധേയനാണ്. തന്‍റെ നിരവധിയായ പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും നമ്മുടെ കാലത്ത് ക്രിസ്തുത്വത്തെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും ഏറെ പരിചിന്തനങ്ങള്‍ അദ്ദേഹം ലോകത്തിന് പകര്‍ന്നുനല്കിയിട്ടുണ്ട്. 'നന്മപ്പശ' എന്നാണ് നമ്മില്‍ വാഴുന്ന ആദിനാമത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. നമ്മിലെ: ശുദ്ധ ദൈവിക ദാനം; അന്തസ്ഥിത സാന്നിധ്യം; സുസ്ഥിരാവബോധം; കാന്തികകേന്ദ്രം; ദൈവനോക്കി യന്ത്രം; പ്രോഗ്രാം ലാംഗ്വേജ്; ദൈവിക ഡി.എന്‍.എ; സാര്‍വ്വത്രിക ആദ്യഫലം; ഹൃദയതപ്തത; ഒഴുകുന്ന കാട്ടരുവി; അജ്ഞാതമേഘം; ഹൃദയ പരിശോധകന്‍; പാവന സൗഖ്യം; ദൈവകണ്ണീര്‍; ദിവ്യാനന്ദം; തീവ്രപ്രണയി; ശ്വാസത്തിന്‍ ശ്വാസം; എന്നെല്ലാം അദ്ദേഹം പരിശുദ്ധാത്മാവിനെ വിശേഷിപ്പിക്കും. (Pure Gift of God, Indwelling Presence, Life of Jesus, Pledge and Guarantee, Eternal Praise, Inner Anointing, Reminder of the Mystery, Homing Device, Knower of All Things, Stable Witness, Overcomer of the Gap, Always Already Awareness, Compassionate Observer, Magnetic Center, God Compass, Inner Breath, Divine DNA)
***

നമ്മിലെ ഈഗോയെ മനസ്സിലാക്കുന്നത് പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതല്‍ വ്യക്തത നമുക്ക് പ്രദാനം ചെയ്യും. മാമ്മോദീസയെ ജ്ഞാനസ്നാനം എന്നാണ് നാം വിളിക്കുന്നത്. അവിടെ നാം കഴുകിക്കളയുന്നത് നമ്മുടെ അജ്ഞ ാനമാണ്. അജ്ഞാനം പാപമാണ്. അത് നമ്മുടെ സ്വാര്‍ത്ഥമായ 'ഈഗോ'യില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു.
എന്താണ് നമ്മുടെ ഈഗോ? 'കപടനാട്യക്കാരേ' എന്ന് യേശു ഫരിസേയരെയും നിയമജ്ഞരെയും വിളിക്കുന്നുണ്ട്. പ്രസ്തുത അഭിസംബോധനയില്‍ നിന്നാണ് ഫാ. റോര്‍ 'ഈഗോ'യെക്കുറിച്ചുള്ള തന്‍റെ ചിന്ത തിടംപിടിപ്പിക്കുന്നത്. ഈഗോ കപട സ്വത്വമാണ് (false self). നമ്മുടെ കപട സ്വത്വം യഥാര്‍ത്ഥമായ നമ്മുടെ മഹത് സ്വത്വത്തെക്കാള്‍ ചെറുതാണ് (യോഹ. 8:34) അത് തന്നെത്തന്നെ സംരക്ഷിക്കുന്നതാണ് (തനിയെയിരിക്കുന്ന ഗോതമ്പുമണി: യോഹ. 12:24); നാര്‍സിസിസ്റ്റിക് ആണ് (തന്നെത്തന്നെ ത്യജിക്കല്‍: മത്താ. 16:24), സ്വയം ഒറ്റയായി പരിഗണിക്കുന്നതാണ് (റോമ. 14:7); മറ്റുള്ളവരെക്കാള്‍ വലുതായി കരുതലാണ് (തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍: ലൂക്ക 14:21); സ്വയം ലോകത്തിന്‍റെ കേന്ദ്രമായി കാണുന്നതാണ് (മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കാന്‍: മര്‍ക്കോ. 10:45). 'ഈഗോ' പരാജയഭീതി ഉള്ളതാണ് (ഭയപ്പെടേണ്ടാ: മത്താ. 10:31), മാറ്റത്തോട് വിമുഖത ഉള്ളതാണ് (മാനസാന്തരപ്പെടുവിന്‍: മത്താ. 3:2), വളര്‍ച്ചയെക്കാള്‍ സുസ്ഥിരതയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് (മര്‍ക്കോ. 4:26-32).
കപട സ്വത്വം നിഴല്‍-സ്വത്വമാണ്. നിഴല്‍ സ്വത്വം അതില്‍ത്തന്നെ തിന്മയല്ല. എന്നാല്‍, നിഴലിനെ അനുധാവനം ചെയ്യുന്നതുവഴി നാം തിന്മയുടെ വഴിയെ നടക്കുകയാണ്. നാം ചെയ്യുന്നത് നന്മയാണ് എന്നാണ് നാം കരുതുന്നത്. നിഴലിനെ യാഥാര്‍ത്ഥ്യമായി തെറ്റിദ്ധരിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നമാണത്. യേശുവിന് അക്കാര്യത്തില്‍ നല്ല വ്യക്തത ഉണ്ടായിരുന്നല്ലോ! അവന്‍ പാപികളെ വെറുത്തില്ല. കപട/നിഴല്‍ സ്വത്വമെന്ന പാപത്തിന്‍റെ വഴിയെ നടക്കുമ്പോഴും തങ്ങള്‍ നന്മയാണ് ചെയ്യുന്നത് എന്ന് സ്വയം അഹങ്കരിച്ചവരായ ഫരിസേയരെയും നിയമജ്ഞരെയുമാണ് അവന്‍ തിരുത്താന്‍ ശ്രമിച്ചത്.
വ്യക്തികള്‍ മാത്രമല്ല, നിഴലിനെ യാഥാര്‍ത്ഥ്യമായി പരിഗണിക്കുന്ന വ്യക്തികള്‍ ചേര്‍ന്നുണ്ടാകുന്ന സംഘവും: അത് സമൂഹമാകട്ടെ, സമുദായമാകട്ടെ, സഭയാകട്ടെ, ഒക്കെ തിന്മയായി മാറാം. ആയവ വ്യക്തികളെക്കാള്‍ കൂടുതല്‍ മാരകമായിരിക്കുകയും ചെയ്യും. അക്കാരണത്താല്‍, മറ്റുള്ളവരെയും അവരുടെ പ്രവൃത്തികളെയും കുറിച്ച് എളുപ്പത്തില്‍ സാര്‍മ്മാര്‍ഗ്ഗികമായി വിധിപറയുന്ന ആളുകള്‍ വലിയ തോതില്‍ പല മതസമൂഹങ്ങളിലും ഉണ്ടായിരിക്കും. തങ്ങള്‍ പൂര്‍ണ്ണരാണ് എന്ന ചിന്തയും വംശീയതയും മിലിറ്ററിസവും അവരില്‍ നാം കാണുകയും ചെയ്യും. നമ്മുടെ സംഘത്തോട്, സമുദായത്തോട്, മതത്തോട്, രാഷ്ട്രീയ പാര്‍ട്ടിയോട് ഒക്കെ യോജിച്ചു പോകാത്തതെല്ലാം തിന്മയാണ്. അതെല്ലാം അപര സംഘത്തില്‍, അപര സമൂഹത്തില്‍, അപര സമുദായത്തില്‍, അപര മതത്തില്‍, അപര രാഷ്ട്രീയ പാര്‍ട്ടിയില്‍ കാണാം. അതുകൊണ്ടുതന്നെ മേല്പറഞ്ഞ അപരത്വങ്ങളെല്ലാം തിന്മയാണ്. അവര്‍ എതിര്‍ക്കപ്പെടേണ്ടവരും നശിപ്പിക്കപ്പെടേണ്ടവരും ആണ്. ഇത്തരം ചിന്തയാണ് യഥാര്‍ത്ഥ തിന്മ.
നമുക്ക് നമ്മുടെ നിഴലിനെ ഒഴിവാക്കാന്‍ ആവില്ല. ആകെ ചെയ്യാവുന്നത് നിഴല്‍ നമ്മെക്കൊണ്ട് കളിപ്പിക്കുന്ന കുരങ്ങുകളികളെ മനസ്സിലാക്കുക; അതിന്‍റെ കളികളില്‍ വീഴാതിരിക്കുക എന്നത് മാത്രമാണ്.
പ്രകാശത്തിലേക്ക് തിരിയുക എന്നതാണ് പ്രധാനം. സുവിശേഷങ്ങളില്‍, പ്രത്യേകിച്ച് യോഹന്നാന്‍റെ സുവിശേഷത്തില്‍, ഈയൊരു പ്രമേയം മുഖ്യമാണ്. ഒരു വ്യക്തിയോ സമൂഹമോ പരിശുദ്ധാത്മാവിനെതിരേ മറുതലിക്കുന്നു എന്നതിന്‍റെ അടയാളങ്ങളാണ് വ്യക്തിയിലോ സമൂഹത്തിലോ വളരുന്ന ഭയം; തങ്ങള്‍ അരക്ഷിതരാണെന്ന ചിന്തയും സ്വയം സുരക്ഷിതമാക്കാനുള്ള ത്വരയും; അന്യത്വബോധം; അപരവിദ്വേഷം; വിഭജനോത്സുകത എന്നിവയെല്ലാം.
പരിശുദ്ധാത്മ സാന്നിധ്യത്തിന്‍റെ അടയാളങ്ങളാവട്ടെ, 'നാം പലരെങ്കിലും ഒരു ശരീരമാണ്'; 'ധര്‍മ്മങ്ങള്‍ പലതെങ്കിലും ശരീരം ഒന്നാണ്'; 'അടിമയെന്നോ സ്വതന്ത്രനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല'; 'ഭവനമൊന്നാകെ ക്രിസ്തുവില്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു'; 'ക്രിസ്തുവിന്‍റെ ശരീരം വിഭജിക്കപ്പെട്ടിട്ടില്ല' എന്നിങ്ങനെയുള്ള ആഭിമുഖ്യങ്ങളും ബോധ്യങ്ങളും.
***
തന്‍റെ പരിശുദ്ധാത്മാവിനെ യേശു പരിചയപ്പെടുത്തുന്നത് നമുക്കുള്ള 'സഹായകന്‍' അഥവാ 'വക്കീല്‍' എന്ന നിലയ്ക്കാണ്. അയാള്‍ നമ്മളോടൊപ്പം യുഗാന്ത്യം വരെയും ഉണ്ടാകും എന്ന് യേശു വാക്കുതന്നിട്ടുണ്ട്. അയാള്‍ നമ്മുടെ ഉള്ളിലിരുന്ന് നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു എന്നാണ് പറയുന്നത്. അതായത് അന്ത്യ ന്യായവിധിക്ക് അണയുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കും എന്നൂഹിക്കാം. അതായത് വിധിയാളന്‍ ദൈവം; നമ്മുടെ കേസിന് വേണ്ടി കഷ്ടപ്പാടുകള്‍ സഹിച്ചതും എല്ലാ പശ്ചാത്തല ജോലികളും ചെയ്തതും ദൈവം തന്നെ; നമ്മുടെ കേസ് വാദിക്കുന്ന വക്കീലും ദൈവംതന്നെ. ദുഷിക്കുകയും പഴിപറയുകയും ചെയ്യുന്ന പ്രോസിക്യൂട്ടര്‍ മാത്രം പുറത്തുനിന്നുള്ളവന്‍ - ഷാത്താന്‍. അവനാകട്ടെ കേസ് അറിയില്ല. കാരണം, നമ്മെ അവന്‍ പൂര്‍ണമായി അറിയുന്നില്ല. കാരണം, അവന്‍ ഒരിക്കലും മനുഷ്യനായിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ നമ്മുടെ ബലഹീനതകള്‍ അവനറിയില്ല. അവന്‍റെ വാദങ്ങള്‍ പൊളിയും. ദൈവം കേസ് ജയിക്കും! നമുക്കുവേണ്ടി വാദിക്കുന്നത് പരിശുദ്ധാത്മാവാണ്.
***
പരിശുദ്ധാത്മാവിലൂടെയാണ് ദൈവം തന്‍റെ പുത്രന് അനുയോജ്യയായ മണവാട്ടിയെ ഒരുക്കുന്നത്. വാസ്തവത്തില്‍, അവള്‍ അവനില്‍ നിന്ന് എടുക്കപ്പെട്ടവള്‍ തന്നെ. അവന്‍റെ അസ്ഥിയുടെ അസ്ഥിയും അവന്‍റെ മാംസത്തിന്‍റെ മാംസവും! പക്വതയാര്‍ജ്ജിക്കുന്നതനുസരിച്ച് ബാല്യത്തിന്‍റേതായ അഴുക്കും കറകളും മാറ്റിയെടുത്ത്, അവളെ അണിയിച്ചൊരുക്കി സുന്ദരിയാക്കി വിവാഹമണ്ഡപത്തിലേക്ക് നയിക്കുന്നവന്‍ പരിശുദ്ധാത്മാവാണ്!
നമ്മുടെ മെന്‍ററും ബ്യൂട്ടീഷനും! (To read the English Version)
ലോകത്തെ കൂട്ടിയൊട്ടിക്കാന്‍ ഈ നന്മപ്പശ
ജോര്‍ജ് വലിയപാടത്ത്
അസ്സീസി മാസിക മെയ് 2026
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.
























