

ആ കെട്ടിടത്തിനു മുന്നില്‍ അവന്‍ കുറേ നേരമങ്ങനെ അതിശയത്തോടെ നിന്നു. ഗേറ്റ് കടന്ന്! മാളിന്‍റെ കോമ്പൌണ്ടില്‍ പ്രവേശിക്കുമ്പോള്‍ അവന്‍റെ മനസ്സ് ഭയം കൊണ്ട് പെരുമ്പറ പോലെ മുഴങ്ങാന്‍ തുടങ്ങി..കീറിയ യൂണിഫോം നിക്കറും, പല വര്‍ണ്ണത്തിലുള്ള ബട്ടന്‍സുകള്‍ കൊണ്ട് തുന്നി പിടിപ്പിച്ച മങ്ങിയ ഷര്‍ട്ടും, കൈയിലെ പുസ്തകസഞ്ചിയും, പിടിപാത്രത്തിലെ ഉച്ചക്കഞ്ഞിയും അവനെ മുഗള്‍ മാളിലേക്ക് കയറുന്നതില്‍ നിന്നും വിലക്കി കൊണ്ടിരുന്നു. സെക്യൂരിറ്റി കൊമ്പന്‍ മീശയെ ഒന്ന് പാളിനോക്കി, അയാള്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ രണ്ടും കല്പിച്ച് മാളിലേക ്ക് കയറി. അതുവരെ ഒരിക്കലും കാണാത്ത ആ ലോകം അവനെ കുറേ സമയത്തേക്ക് അത്ഭുത ലോകത്തേക്ക് ആനയിച്ചു..
'വല്യേച്ചീ..അയിനകത്തൊന്നു കാണണം..സിനിമേലൊക്കെ കാണാണ പോലെയാ..കേറണോടത്ത് തന്നെ ഒരു സാധനൊണ്ട്..തോക്കും,കത്തീം, കുന്തോക്കായി കേറ്യാല്‍ അപ്പ കണ്ട് പിടിക്കും..എന്തൂട്ടാ അയിന്‍റെ പേര്...'
'മെറ്റല്‍ ഡിറ്റക്ടര്‍ ആകും..' കട്ടിലില്‍ കിടന്ന് കാണാത്ത ലോകത്തെ കുറിച്ച് ചേച്ചി പറയുന്നത് കേട്ടപ്പോള്‍ അവന് അത് നേരിട്ട് കണ്ടതിനേക്കാള്‍ അത്ഭുതം തോന്നി. പിടിപാത്രത്തിലെ അവസാന കഞ്ഞിവെള്ളവും തളര്‍ന്ന് കിടക്കുന്ന ചേച്ചിക്ക് കോരിക്കൊടുത്ത് അവന്‍ അതിശയ ലോകത്തേക്ക് പോയ കഥ വിവരിക്കാന്‍ തുടങ്ങി..
'ആയിനകത്ത് കേറ്യാ ഓ..ഉള്ളം കോരണ തണവാ...ഉള്ളില് മുഴോന്‍ കണ്ണാടി ചില്ലാ, തറ മുഴോന്‍ മാര്‍വിളും...പിന്നെ വല്യേച്ചീ..സ്വര്‍ണ്ണക്കളറുള്ള ഒരു ചിക്കന്‍ വിക്കണ കട.. കെ.ഫ് സിന്ന് പേരായിട്ട്. ഒരച്ചാച്ചന്‍ കോട്ടും സൂട്ടും ഇട്ട് നിക്കണ പടംവെച്ച് അവടത്തെ മണം എന്‍റമ്മേ..കൊത്യാവും...കാശോള്ള പിള്ളാര് വന്ന് അവിടിരുന്ന് തിന്നണ കണ്ടപ്പോ വായീ വെള്ളം പൊങ്ങിയാ വന്നത്. അവരിക്ക് എന്‍റെ കൊതി കിട്ടീട്ടുണ്ടാകും..ഞാനൊരു ദെവസം വാങ്ങീ കൊണ്ടോരാം..ചേച്ചി കഴ്ച്ചിട്ടില്ലല്ലോ....'
'കഴിചിട്ടില്ല..പക്ഷെ കേട്ടിട്ടുണ്ട്..അതാണ് കെന്‍റക്കി ഫ്രയിട് ചിക്കന്‍..' അതിനൊക്കെ വല്യേ പൈസാകും കുട്ടാ..'
അവന്‍ വീണ്ടും അവള്‍ പറയുന്നത് കേട്ട് അതിശയപ്പെട്ടു. ചേച്ചിക്ക്എല്ലാത്തിനെകുറിച്ചും അറിയാം. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് ചേച്ചിക്ക് രോഗം വന്നത്.തളര്‍ന്ന് വീണു. പിന്നെ എഴുന്നേറ്റില്ല. അതോടൊപ്പം നിലം പതിച്ചത് ഒരു കുടുംബത്തെ ചുറ്റിപ്പറ്റി നിന്ന പ്രതീക്ഷകള്‍ ആയിരുന്നു. അവന്‍ വീണ്ടും കട്ടിലില്‍ കിടക്കുന്ന ചേച്ചിയോട് മുഗള്‍ മാള്‍ വിശേഷം പറഞ്ഞു. ദാരിദ്ര്യം വളര്‍ന്നു നില്‍ക്കുന്ന കൂരയുടെ കീഴിലിരുന്ന് അവന്‍ പറഞ്ഞ കഥകള്‍ അവള്‍ കേട്ടുകൊണ്ടിരുന്നു. ആ കഥകളില്‍ ഇടയ്ക്കിടെ കെ.എഫ്.സ ി. ചിക്കന്‍ ഒരു മോഹമായ് അവനില്‍ നിറഞ്ഞുനിന്നു..വൈകിട്ട് തൊഴിലുറപ്പ് പണിയും കഴിഞ്ഞ് അമ്മ വന്നപ്പോള്‍ അതേ മോഹം അവന്‍ തുറന്നു...
'കുട്ടാ..അതിനൊക്കെ വല്യേ പൈസാകും..ഇന്ന് അമ്മക്ക് കിട്ട്യ പൈസ ചേച്ചിക്ക് മരുന്ന് വാങ്ങാന്‍ പോലും തെകയൂല..അടുത്ത വിഷൂന് വാങ്ങാം...'
'എനിക്കല്ല അമ്മേ ചേച്ചിക്കാ. കെ.എഫ്.സി....ഞാന്‍ അത് കണ്ടില്ലേ..ചേച്ചിയെ കൊണ്ടോയി കാണിക്കാന്‍ പറ്റൂല..അതോണ്ട്...'
അ മ്മ ഒന്നും പറയാതെ അകത്തേക്ക് പോയി. എല്ലാം കൊണ്ടും ദൈവം തെറ്റി നില്‍ക്കുന്ന സമയം..ജരാനര ബാധിച്ച മേല്‍ക്കൂരയുള്ള വീട്, തളര്‍ന്നുപോയ മകള്‍, നശിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവ്, എട്ടും പൊട്ടും തിരിയാത്ത മകന്‍...അടുക്കളയിലേക്ക് കയറി അരിയിടുന്ന പാത്രം തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ കുറച്ച് അരിമണികള്‍ മാത്രം. സഞ്ചിയെടുത്ത് രണ്ടു മുഴിഞ്ഞ നോട്ടുകള്‍ എടുത്ത് മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കരിങ്കോട്ട വാരി ചാക്കില്‍ നിറക്കുന്ന അവന്‍റെ അടുത്തേക്ക്. സഞ്ചിയും വാങ്ങി അവന്‍ ഓടിപ്പോകുമ്പോള്‍ എതിരെ കുടുംബ നാഥന്‍ ഉത്തരവാദിത്തം ഇടറുന്ന കാലുകളില്‍ ഒതുക്കി നടന്നു വരുന്നു..
'മോള്‍ക്ക് മരുന്ന് വാങ്ങീട്ടില്ല..ഒരു നൂറ് രൂപ വേണം...'
