

കുരിശിൻ്റെ വഴി 10 മുതൽ 15 വരെ സ്ഥലങ്ങളെക്കുറിച്ചുള്ള ധ്യാനം
മരണത്തെക്കാൾ ശക്തമാണ് സ്നേഹം. മരണത്തിൻ്റെ മേലുള്ള സ്നേഹത്തിൻ്റെ വിജയമാണ് ഉത്ഥാനം. (Love is stronger than death. The Triumph of Love over death is the Resurrection). അവസാന വാക്കല്ല മരണമെന്നും, ജീവിതമാണ് ഒടുവിൽ വിജയിക്കുന്നത് എന്ന് ബനഡിക്ട് പതിനാറാമൻ പാപ്പ പഠിപ്പിച്ചു.
10. യേശുവിൻ്റെ വസ്ത്രം ഉരിഞ്ഞെടുക്കുന്നു
കുരിശു യാത്ര ഗോഗുൽത്തായിൽ എത്തി. റോമൻ പടയാളികൾ അവൻ്റെ വസ്ത്രം ഉരിഞ്ഞെടുക്കുന്നു. കൊല്ലപ്പെടാൻ പോകുന്നവന് വസ്ത്രങ്ങൾ എന്തിനാണ്. അവർ അതു പകുത്ത് എടുക്കുന്നു. തുന്നലില്ലാത്ത അങ്കിക്കായി പകിടയെറിയുന്നു.
ശരീരമാണ് ഒരാളുടെ സ്വകാര്യത. അയാളുടെ മാത്രം കാര്യം. നഗ്നമാക്കപ്പെടുന്നത് അയാളുടെ ഡിഗ്നിറ്റി (dignity) യാണ്. ആദത്തിൻ്റെ നഗ്നത മറയ്ക്കാൻ ഇലകൾ തുന്നിയുടിപ്പിച്ചവനെ ആദത്തിൻ്റെ പിൻമുറക്കാർ തുണിയുരിഞ്ഞ് നിന്ദിക്കുന്നു. മരിക്കാൻ പോകുന്നവനിൽ അപമാനത്തിൻ്റെ അവസാന ആണിയും അടിക്കുന്നവർ.
ബോഡി ഷെയിമിംഗ് (Body Shaming) ഒക്കെ മോശമാണെന്ന് ചെറിയ തലമുറയെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. പണ്ടത്തെ പ്രധാന തമാശ അതായിരുന്നല്ലോ.
ഒരാളുടെ ജീവിതത്തെ വല്ലാതെ ഉലച്ചുകളയുന്ന ഒന്നാണ് ലജ്ജ - (Shame). കൗമാര പ്രായത്തിൽ ത്വക്കിൽ പിടിപ്പെട്ട ഒരു രോഗം കാരണം 12 വർഷമായി തന്നിലേക്കു തന്നെ ചുരുങ്ങി, സ്വയം ശപിച്ചും കുറ്റപ്പെടുത്തിയും കഴിയുന്ന ഒരു കുട്ടി. കൂട്ടുകാരുടെ കളിയാക്കൽ, വീട്ടുകാരുടെ കുറ്റപ്പെടുത്തൽ, നാട്ടിലെ അടക്കം പറച്ചിൽ. അത്രയും പോരേ. പൊതുവേ നാട്ടിൽ അത്രയും ഉന്നതമായ മാനസീക കരുത്തോ, സ്വയംമതിപ്പോ ഉള്ളവരല്ലല്ലോ നമ്മൾ. സ്വാഭാവീകമായും തകർന്നുപോകാവുന്ന അവസ് ഥ. അവളെ മനസ്സിലാക്കി സ്വീകരിക്കാനൊരുങ്ങുന്ന അയാൾ. അവളുടെ നഗ്നതയെ പൊതിഞ്ഞു പിടിക്കുകയാണ്.
രോഗം മൂലം, സ്വഭാവത്തിൻ്റെ പ്രത്യേകതകൾ നിമിത്തം, ദേശങ്ങളുടെ വ്യത്യാസം, സാമ്പത്തീക സ്ഥിതി, ജോലി, ബന്ധങ്ങളിലെ പാളിച്ച, ഭുതകാലത്തിലെ ഒരു കൈപ്പിഴ അങ്ങനെ എത്രയെത്ര കാരണങ്ങളാൽ പരിഹസിക്കപ്പെടുന്നവർ. നമ്മളോ, നമുക്കു ചുറ്റിലുമുള്ളവരോ ഒക്കെ ആ കൂട്ടത്തിൽ ഉണ്ടാകാം.
അപരൻ്റെ ലജ്ജയെ മുതലെടുക്കുന്നവരുമുണ്ട്. പഴയ വീഴ്ചകളെ ഓർമ്മിപ്പിച്ച്, കുറ്റബോധത്തെ തട്ടിയുണർത്തി ലജ്ജിതരാക്കുന്നവർ. അപരൻ്റെ വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും അവഗണന കൊണ്ടും തലകുനിക്കേണ്ടി വരുന്നവർക്ക് ഇനി ഒ രു സുവിശേഷം ഉണ്ട്. ബോബി ജോസ് അച്ചൻ്റെ ഭാഷയിൽ പറഞ്ഞാൽ "യേശുവിന് നിങ്ങളെ നന്നായി പിടുത്തും കിട്ടും".
യേശു നമ്മുടെ നഗ്നതയെ ഏറ്റെടുത്തു. നമ്മുടെ അവസ്ഥ ഇതിലും നന്നായി മനസ്സിലാക്കാൻ കഴിയുന്ന മറ്റാരാണുള്ളത്. മനുഷ്യൻ്റെ അപമാനങ്ങളെപ്പോലും ആഴത്തിൽ അറിഞ്ഞ ദൈവം. മനുഷ്യൻ്റെ dignity യെ വീണ്ടെടുക്കാൻ മനുഷ്യനായി തീർന്നവൻ, മാനവ കുലത്തിൻ്റെ ലജ്ജയെ തുടച്ചു മാറ്റുന്നു. അപമാനിക്കപ്പെടുന്നവരുടെ വസ്ത്രമാണവൻ.
ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു( മത്താ. 25:36). ആരെയും അപമാനിക്കില്ല, അപമാനത്തിന് വിട്ടുകൊടുക്കില്ല എന്നൊക്കെയങ്ങു പരിശ്രമിച്ചാലോ? പൊതുവിടങ്ങളിൽ, സാമൂഹിക മാധ്യമ പരിസരങ്ങളിൽ - സൈബറിടങ്ങളിൽ ഒക്കെ മനുഷ്യർ അപമാനിതരാകുന്ന കാലമാണ്. ഒരു ഫോർവേഡ് വേണ്ട എന്നു വച്ച്, മോശമായ കമൻ്റുകൾ പോസ്റ്റ് ചെയ്യാതെ ഒക്കെ നോക്കിയാലോ?
മറ്റൊരാളുടെ പാളിച്ച നിങ്ങൾ അറിയാൻ ഇടയായാൽ, തെറ്റിനെ സംരക്ഷിക്കേണ്ട, പക്ഷേ ആളെ അപഹസിക്കാതിരിക്കുകയല്ലേ ഉചിതം. ഉറ്റവരുടെ കൂടെ നില്ക്കണം. ചിലപ്പോൾ നമ്മളും പരിഹസിക്കപ്പെട്ടേക്കാം എങ്കിലും. ഒന്നും അത്ര എളുപ്പമല്ല. ആശിക്കുകയെങ്കിലും ചെയ്യാം. ഒരു നാൾ നമുക്കും യേശുവിനെപ്പോലെ കരുണ കാട്ടാൻ കഴിഞ്ഞേക്കും.
എല്ലാം അറിഞ്ഞിട്ടും എല്ലാം പൊറുക്കുന്ന
ഒരു മാത്ര പോലും ലജ്ജിപ്പിക്കാത്ത
കുമ്പസാരക്കൂടു കണക്ക്
ഒരു മനസ്സു സ്വന്തമാക്കണം നമുക്ക്. (ഹൃദയവയൽ - ബോബി ജോസ് കട്ടിക്കാട് )

11. യേശു കുരിശിൽ തറയ്ക്കപ്പെടുന്നു
ഗാഗുൽത്താമലയിൽ നിഷ്‌കളങ്കനായ ഒരാൾ കൊലമരത്തിൽ ബന്ധിക്കപ്പെടുന്നു. ക ൈകാലുകൾ ആണികളാൽ മരത്തിൽ തറയ്ക്കുന്നു. പിന്നീട് അവൻ്റെ അടയാളമുദ്രകളായി ആ മുറിവുകൾ. തകർക്കാനായി, തീർക്കാനായി അവർ നല്കിയ ആ മുറിവുകൾ ഇപ്പോൾ തിരുമുറിവുകളാണ്. നെഞ്ചിലെ മുറിവു കൂടി ചേർത്ത് പഞ്ചക്ഷതങ്ങൾ.
അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്‌ടിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വജനത്തിൻ്റെ അടുത്തേക്കു വന്നു; എന്നാൽ അവർ അവനെ സ്വീകരിച്ചില്ല (യോഹ. 1:10-11). എന്ന് യോഹന്നാൻ്റെ സുവിശേഷത്തിൽ വായിക്കുന്നു. അഖിലാണ്ഡങ്ങളെ സൃഷ്ടിച്ചവൻ, അതിനു കാരണമായവൻ, തൻ്റെ സൃഷ്ടിയെ പുൽകാനായി കരങ്ങൾ നീട്ടുന്നു. സൃഷ്‌ടികൾ തങ്ങളെ മെനഞ്ഞുണ്ടാക്കിയ ആ കരങ്ങൾ ആണികളാൽ ബന്ധിക്കുന്നു. ആ കൈ പിൻവലിക്കാതെ അവരുടെ ഇംഗിതത്തിന് അവൻ വിട്ടുകൊടുക്കുന്നു.
മനുഷ്യനെന്ന നിലയിൽ ഘോരമായ വേദനയിലുടെ കടന്നുപോകുന്നു. ദൈവമെന്ന നിലയിൽ, കുഞ്ഞുമക്കൾ അപ്പൻ്റെ ദേഹത്ത് കുതിരകളിക്കണ പോലെ നിസാരമായി അതിനെ കണ്ടിട്ടുണ്ടാവുമോ? എന്താണ് ദൈവമനസ്സിൽ? അറിയില്ല.
നിയമപരമായ സാധുതയോടുകൂടിയും അല്ലാതെയും, പെണ്ണിനു വേണ്ടിയും മണ്ണിനു വേണ്ടിയും മണ്ണിലെ വസ്തുക്കൾക്കു വേണ്ടിയും എന്തിനേറെ ദൈവനാമത്തിലും, അങ്ങനെ എണ്ണമില്ലാത്ത കാരണങ്ങൾക്കു വേണ്ടി മനുഷ്യർ പരസ്പരം കൊന്നൊടുക്കിയത് എത്ര മാത്രമാണ്. എത്രമാത്രം നിഷ്‌കളങ്കരക്തം വീണു കുതിർന്ന ഭൂമിയാണിത്.
നിരവധി വധശിക്ഷകൾ നടന്ന ഭൂമിയിൽ ഒരാളുടെ മരണം നൂറ്റാണ്ടുകളായി ഇത്രമാത്രം സ്വാധീനം ചെലുത്താൻ കാരണമെന്താണ് . വിശ്വാസികളുടെ മാത്രം കാര്യമല്ല ഇത്. അവൻ്റെ മരണം ലോകത്തെ മുഴുവൻ ബാധിക്കുന്നുണ്ട്. നേരിട്ടോ പരോക്ഷമായോ. അവൻ്റെ മരണ പോലും മനുഷ്യന് ജീവൻ നല്കുന്നു.
കുരിശിലെ മരണം മാത്രമായി അവിടുത്തെ ബലിയർപ്പണം എന്ന നിലയിൽ കാണാനാകില്ല. അത് അവൻ്റെ സ്വയം സമർപ്പണത്തിൻ്റെ പൂർണ്ണതയാണ്. അവൻ്റെ മുഴുവൻ ജീവിതവും ഒരു ബലിയായിരുന്നു. കാലിത്തൊഴുത്തിലെ ജനനം മുതൽ കുരിശോളം ഉള്ള ജീവതം ബലിയും സമർപ്പണവുമായിരുന്നു. അപ്രകാരമുള്ള അവൻ്റെ ബലിയുടെ ക്ലൈമാക്സ് ആണ് കുരിശിൽ നിറവേറിയത്. അതിനൊപ്പം അവൻ്റെ ഉയർപ്പും ചേർത്തുള്ള അനുസ്മരണമാണ് / ഓർമ്മയാചരണമാണ ്, വി. കുർബാനയിൽ നടക്കുന്നത്, നടക്കേണ്ടത്.
തറയ്ക്കപ്പെട്ട അവസ്ഥകൾ, മുറിവുകൾ ഒക്കെ ജീവിതയാത്രയിൽ അറിഞ്ഞും അറിയാതെയും പേറുന്നവർ നമ്മൾ. മുറിവേറ്റ ഒരുകരം തലയ്ക്കു മുകളിലുണ്ട് എന്നതാണ് ആശ്വാസം. പൊട്ടിയും തകർന്നും പോകാതെ ആ പൊൻകരം താങ്ങും എന്ന വിശ്വാസത്തിൽ ഈ കുരിശിൻ്റെ വഴി തുടരാം.
ഒരു ചെറിയ വീഡിയോ ക്ലിപ്പ്: ഒരു അന്യഗ്രഹ മനുഷ്യൻ (alien) ഭൂമിയിലെ മനുഷ്യൻ തമ്മിലുള്ള സംഭാഷണം ഈശോയിൽ എത്തുന്നു.
ഓ നിങ്ങളൊരു എലിയൻ ( Alien) ആണല്ലേ ? ആദ്യമായി കാണുകയാണ്.
അതേ. ഞാൻ അങ്ങു ദൂരെയുള്ള ഗ്രഹത്തിൽ നിന്നാണ്.
ഓ അപ്പോ നിങ്ങളെയും ജീസസ്സ് തന്നെയാണോ സൃഷ്ടിച്ചത്.
ഓ ജീസസ്സ്! എന്ത് നിങ്ങൾക്കും ജീസസ്സിനെ അറിയാമോ? ഞങ്ങളദ്ദേഹത്തെ ഒത്തിരി സ്നേഹിക്കുന്നു.
അപ്പോൾ നിങ്ങൾക്കും ജീസസ്സിനെ അറിയാമല്ലേ?
ആ പിന്നേ... വർഷത്തിൽ ഒരിക്കൽ ഞങ്ങളുടെ ഗ്രഹം സന്ദർശിക്കാറുണ്ട്.
വർഷത്തിൽ ഒരിക്കലോ? ഞങ്ങൾ അവൻ്റെ രണ്ടാം വരവ് എത്രനാളായി കാത്തിരിക്കുകയാണ്.
ഞങ്ങൾ എല്ലാ വർഷവും സ്പെഷ്യൽ കേക്കും കുക്കീസും ഒക്കെ ഉണ്ടാക്കി കാത്തിരിക്കും. ആദ്യ തവണ വന്നപ്പോൾ നിങ്ങൾ എന്താണ് നല്കിയത്?
ഉം.... .
ങേ.. എന്തുപറ്റി? എന്താണ് നിങ്ങളന്ന് അദ്ദേഹത്തോട് ചെയ്തത് ? എന്താണ് അദ്ദേഹം ഇപ്പോൾ വരാത്തത്?
ഉം.. ഉം.... ഞങ്ങൾ.... ഞങ്ങൾ അദ്ദേഹത്തെ കൊന്നു.
ങേ ...

12. യേശു കുരിശിൽ മരിക്കുന്നു
കുരിശിൽ തൂങ്ങി കിടക്കുമ്പോഴും അനുതപിക്കുന്ന പാപിക്ക് പറുദീസ നല്കുന്നു. പ്രിയപ്പെട്ടവരെ പരസ്പരം ഭരമേല്പ്പിക്കുന്നു. ദ്രോഹിക്കുന ്നവരുടെ അറിവില്ലായ്മകൾ പൊറുക്കണേ എന്ന് പ്രാർത്ഥിക്കുന്ന യേശു. നിനക്കല്ലാതെ ആർക്കു കഴിയും ദൈവമേ. ചെറിയ അളവിൽ അങ്ങനെയൊക്കെ ചെയ്യാൻ പരിശ്രമിക്കാൻ ഞങ്ങൾക്കു കഴിഞ്ഞേക്കും.
എന്തായിരിക്കും ആ മണിക്കൂറിൽ നിൻ്റെ മനസ്സിൽ കൂടി കടന്നു പോയിട്ടുണ്ടാവുക. സമാനമല്ലെങ്കിലും, വേദനയുടെ നേരം എൻ്റെ മനസ്സ് എത്ര കലുഷിതമാണ്. ചോദ്യം ചെയ്തും പരിഭവിച്ചും പരാതി പറഞ്ഞും കോപിച്ചും ശാപവാക്കുകൾ പറഞ്ഞുമൊക്കെ അതിനെ നേരിടാറുണ്ട് ഞങ്ങൾ.
കുരിശിലെ നിലവിളി കഠിനം തന്നെ. "ദൈവമേ എന്നെ കൈവിട്ടുവോ?" ഇക്കാലത്തിനിടയിൽ ഇങ്ങനെയൊരു നിലവിളി ഉള്ളിൽ ഉയരാത്ത എത്രപേർ നമുക്കിടയിലുണ്ട് നിസ് സഹായതയിൽ നിന്നാണ് നിലവിളികൾ ഉയരുന്നത്. ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയെ ആണല്ലോ നിസ്സഹായത എന്ന വാക്കു സൂചിപ്പിക്കുന്നത്. കുരിശിൽ തൂങ്ങി കിടക്കുന്നതിനേക്കാൾ നിസ്സഹായ അവസ്ഥ മറ്റെന്താണുള്ളത്. ദൈവത്തിനല്ലാതെ മറ്റാർക്കും സഹായിക്കാൻ കഴിയാത്ത അവസ്ഥയിൽ മറ്റാരെ വിളിച്ചു കരയണം. ആ കരച്ചിൽ അവൻ്റെ സങ്കടത്തെ ലഘൂകരിക്കുന്നു. അവൻ്റെ നിലവിളിക്ക് ദൈവം തീർച്ചയായും ഉത്തരം നല്കിയിട്ടുണ്ട്. ദൈവം നല്കുന്ന ഉത്തരങ്ങൾ എപ്പോഴും ദൃശ്യമാകണമെന്നില്ലല്ലോ. പിന്നെയവൻ പറഞ്ഞു: "പിതാവേ നിൻ്റെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. "
കുരിശിലെ നിലവിളി വേദനിക്കുന്ന എല്ലാ മനുഷ്യർക്കുമുള്ള പ്രാർത്ഥനയാണ്. ദൈവമേ നീ പോലും ഉപേക്ഷിച്ചോ. ആരൊക്കെ ഉപേക്ഷിച്ചാലും, ഉറ്റ വരും ഉടയവരും മുഖം തിരിച്ചാലും ഒരുനാളും ഉപേക്ഷിക്കുകയില്ല എന്നുറപ്പുള്ള ഒരേയൊരാൾ ദൈവമാണ്. അപ്പോൾ ദൈവത്തോടു കരയുകയും പരിഭവിക്കുകയും നിലവിളിക്കുകയുമൊക്കെയാവാം. എന്നാൽ ആ വൈകാരിക പ്രകടനങ്ങൾ മറ്റൊരു തലത്തിലേക്ക് നമ്മളെ എത്തിക്കേണ്ടതുണ്ട്. പിതാവേ നിൻ്റെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. എന്നു വെച്ചാൽ എനിക്കിതു സഹിക്കാൻ പറ്റാത്ത സങ്കടമാണ്; ഈ കുരിശും മുറിവുകളും ഭാരമേറിയതു തന്നെ. എങ്കിലും അങ്ങയുടെ മനസ്സിൽ ഒരു ഉത്തരമുണ്ടാകും എന്നു ഞാൻ കണ്ണും പൂട്ടി വിശ്വസിക്കുന്നു.
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നു എന്നാണല്ലോ(റോമാ 8 : 28) വി പൗലോസ് പറയുന ്നത്. ഈ മുറിവുകളെ തിരുമുറിവുകളാക്കാൻ, ഈ നിലവിളികൾ പ്രാർത്ഥനകളാക്കാൻ, ഈ സങ്കടങ്ങളെ ആനന്ദഗീതമാക്കാൻ അങ്ങേക്കു കഴിയുമല്ലോ, അങ്ങേക്കു മാത്രം. കരുത്താകണേ തമ്പുരാനേ.

13 യേശുവിനെ കുരിശിൽ നിന്നും ഇറക്കി മാതാവിൻ്റെ മടിയിൽ കിടത്തുന്നു
ഞങ്ങൾക്കു വേണ്ടി മരണം ആസ്വദിച്ചവനേ... എന്നൊരു പ്രാർത്ഥന മലങ്കര ആരാധനക്രമത്തിൽ ദുഃഖവെള്ളിയാഴ്ച ചൊല്ലാറുണ്ട്. സൃഷ്‌ടികളായ നമുക്കു വേണ്ടി, സൃഷ്‌ടികളുടെ കൈയിൽ നിന്നും സ്രഷ്ടാവ് മരണം പുൽകുന്നു. ദൈവം മനുഷ്യൻ്റെ മരണത്തിൽ പോലും പങ്കുചേരുന്നു.
മരണത്തിൻ്റെ വേദനയും തീവ്രതയും 'ഭീകരതയും'(അങ്ങനെ പറയാമെങ്കിൽ) ഒക്കെ അനുഭവിക്കുന്നത് ഉറ്റവരാണ്. മരിച്ചു പോകുന്നവരല്ല; അവശേഷിക്കുന്നവരാണ് അത് അറിയുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടിലാണ് മരണത്തിൻ്റെ കൈയ്പ് അത്രയും ആഴത്തിൽ നമ്മൾ രുചിച്ചിട്ടുള്ളത്. ഇത്രയും കാലം മുറുകെ പിടിച്ചിരുന്ന കരം പെട്ടെന്ന് തണുത്തുറയുമ്പോൾ ഉള്ളിലുടെ പായുന്ന മിന്നൽ.
മക്കളുടെ മരണമൊക്കെ താങ്ങേണ്ടി വരുന്ന മാതാപിതാക്കൾ. മുഴുവൻ സ്വപ്നവുമായിരുന്ന കുട്ടി ഇല്ലാതാകുമ്പോൾ എങ്ങനെയവർ സഹിക്കും. അവശേഷിക്കുന്ന കാലം മരിച്ചുപോയവർക്കൊപ്പം ജീവനില്ലാതെ ജീവിച്ചു തീർക്കുന്നവരും കുറവല്ല. എന്തിനവർ മരിച്ചു എന്നുള്ള ചേദ്യത്തിന് എന്തെങ ്കിലും ഉത്തരം നൽകാൻ ആർക്കു കഴിയും.
മേരി തൻ്റെ മകനെ മടിയിൽ കിടത്തി അന്ത്യചുംബനം നല്കുന്നു. കഠിന ദുഃഖത്തിൻ്റെ, നിസ്സഹായതയുടെ, സമർപ്പണത്തിൻ്റെ ഒക്കെ ഒരു കണ്ണീർ ചിത്രം. മക്കളെ നഷ്‌ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാകുന്ന ഒരമ്മയെ കൂടി നമുക്കു നല്കിയാണ് യേശു വിടവാങ്ങിയത്.
എന്തിന് ഉറ്റവർ പോയി എന്നതൊരു ചോദ്യവും ഉത്തരവുമാണ്. ആ ചോദ്യത്തിലുടക്കി അവശേഷിക്കുന്ന കാലം നിരാശയിൽ തീർക്കുന്നത് ഓപ്ഷൻ എന്തായാലും നമുക്കുചിതമല്ല. എല്ലാറ്റിനും ഉത്തരമുള്ള ദൈവത്തിന് ഇതിനും ഉത്തരം ഉണ്ട് എന്നു വിശ്വസിച്ച് ശിഷ്ഠ ജീവിതം മുന്നോട്ടു കൊണ്ടു പോകണം. മരിച്ചവൻ എന്തായാലും തിരികെ വരില്ല, ഞാൻ അവൻ്റെയടുത്തേക്ക് പോകുകയേ ഉള്ളൂ എന്ന് പറഞ്ഞു മകൻ്റെ മരണത്തിൽ ആശ്വസിക്കുന്ന ദാവീദിനെ പഴയനിയമത്തിൽ നാം കാണുന്നുണ്ട്.
(കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു; ശരിതന്നെ. കര്‍ത്താവ് കൃപതോന്നി കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചെങ്കിലോ എന്നു ഞാന്‍ കരുതി.
എന്നാല്‍, ഇപ്പോള്‍ അവന്‍ മരിച്ചിരിക്കുന്നു. ഇനി ഞാന്‍ ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ എനിക്കു വീണ്ടും ജീവിപ്പിക്കാനാവുമോ? ഞാന്‍ അവന്‍റെ യടുക്കല്‍ ചെല്ലുകയല്ലാതെ അവന്‍ എന്‍റെയടുക്കലേക്കു വരികയില്ല. 2 സാമുവല്‍ 12 : 22-23)
ചെറുപ്പത്തിലുണ്ടായ പപ്പയുടെ മരണം ചിലപ്പോഴൊക്കെ സങ്കടം തരാറുണ്ട്. പെട്ടെന്നുള്ള പപ്പയുടെ വേർപാടിൽ ഉത്തരം ദൈവത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനറിയാതെ ഒന്നും സംഭവിക്കുകയില്ല. ഇപ്പോഴും എല്ലാ കാര്യങ്ങളിലും ആശ്വാസം കണ്ടെത്തുന്നത് ആ വാക്കുകളിൽ ആണ്. അന്നു കടന്നുപോയ അനുഭവം സമാനമായ അവസ്ഥയിൽ ഉള്ളവരെ മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാടിൽ മനംനൊന്തു നില്ക്കുന്നവരെ നന്നായി മനസ്സിലാകും. എങ്ങനെ അവർക്കൊപ്പം നിൽക്കണമെന്ന് വ്യക്തിപരമായ അനുഭവം എന്നെ സഹായിക്കുന്നു.
കിളിവന്നിരുന്നപ്പോഴും
പറന്നകന്നപ്പോഴും
ചെടിത്തണ്ടുലഞ്ഞു.
പണ്ടെഴുതിയ ഒരു ഹൈക്കുവാണ്.
മരണം ഉൾപ്പെടെയുള്ള എല്ലാ വേർപാടുകളും ചുറ്റുമുള്ളവരെ ഉലയ്ക്കുന്നതു തന്നെയാണ്. എന്നാൽ കാലം അത് ശാന്തമാക്കും. ചെടി തണ്ടു ശാന്തമാകുന്നപോലെ. സൗഖ്യത്തിനായി വിട്ടുകൊടുത്ത് കാത്തിരിക്കാം.
ഉറ്റവരുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്നവർക്കൊപ്പം നില്ക്കാം. സാന്നിധ്യം കൊണ്ടും പ്രാർത്ഥന കൊണ്ടും ബലപ്പെടുത്താം. വാക്കുകൾ തീരെ കുറച്ചു മതിയവിടെ.

14 യേശുവിനെ കല്ലറയിൽ സംസ്കരിക്കുന്നു
അത്രയും കാലം രഹസ്യമായി പിൻതുടർന്നിരുന്ന രണ്ടു പേർ അവന് ശ്രേഷ്ഠമായ ഒരു സംസ്‌കാരം നല്കാൻ എത്തുന്നു. നിക്കോദേമൂസും, അരിമത്തിയാക്കാരൻ ജോസഫും. കൊല്ലപ്പെടുന്ന കുറ്റവാളികൾക്ക് ഉചിതമായ സംസ്കാരം കിട്ടാത്ത കാലത്ത്, ദേശാധിപതിയുടെ അനുമതിയും വാങ്ങി സമൂഹത്തിലെ ഉന്നതരായവർ യേശുവിന് അന്തിമ യാത്രയൊരുക്കുന്നു. ഉന്നതമായ ഒരിടത്തു തന്നെ അവനെ സംസ്കരിക്കുന്നു. തന്നെത്തന്നെ ദാനമായി നല്കിയവൻ, എല്ലാം ദാനമായി സ്വീകരിച്ചു. കല്ലറ ഉൾപ്പെടെ.
ഈ സ്ഥലത്ത് സ്വന്തം മരണത്തെ ധ്യാനിക്കാം. എല്ലാം പൂർത്തിയായി എന്നു പറഞ്ഞു മരണത്തെ സ്വീകരിക്കാൻ എങ്ങനെയാകും നമുക്ക്. സഹോദരി എന്നു വിളിച്ച് മരണത്തെ സ്വാഗതം ചെയ്ത അസ്സീസിയിലെ വി. ഫ്രാൻസിസ്. സഹോദരി എന്നു പറയുമ്പോൾ, ഞാൻ ജനിച്ചപ്പോൾ തന്നെ എനിക്കൊപ്പം ജനിച്ച മരണം. ഒപ്പം, അപ്പൻ്റെയടുത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന സഹോദരി. പേടിക്കേണ്ട ഒന്നല്ല എന്നു തന്നെ. പൂർത്തീകരിക്കേണ്ട ദൈവ ഹിതങ്ങൾക്കു വിട്ടുകൊടുത്ത് കഴിയുന്ന വിധം ജീവിതം അതിൻ്റെ പൂർണതയിൽ ജീവിച്ച് എല്ലാം പൂർത്തിയായി. അത്ര പൂർണമൊന്നുമല്ല, എങ്കിലും എന്നെ നിനക്ക് നന്നായി അറിയാമല്ലോ. ആമേൻ.

15. ഉത്ഥാനം
ഏതു കല്ലറകൾക്കാണവനെ മൂന്നു നാളുകൾക്കപ്പുറം പിടിച്ചു നിറുത്താനാവുക. അവൻ ഉയിർക്കുക തന്നെ ചെയ്യും.
അവൻ്റെ ഉയിർപ്പ് എൻ്റെ പ്രത്യാശയാണ്. ജീവിതത്തിൻ്റെ സമസ്ത മൃതാവസ്ഥകളിൽ നിന്നും എന്നെ ഉയിർപ്പിക്കുന്ന സ്നേഹം. മരണത്തെ അതിജീവിക്കുന്നത് സ്നേഹമാണ്. സ്നേഹമാണ് ഉത്ഥാനം. സ്നേഹത്തിലേക്കാണ് നമ്മൾ മരണകവാടത്തിലുടെ പ്രവേശിക്കുന്നതും. എല്ലാം സ്നേഹപൂർണ്ണമാക്കാനുള്ള ഇത്തിരി നേരമാണീ ജീവിതം. സ്നേഹപൂർണതയ്ക്കു വേണ്ടിയുള്ള അല്പനേരം. കുരിശു വഹിച്ചതും സഹിച്ചതും കലഹിച്ചതും കരഞ്ഞതും ഒക്കെ അതിലേക്കുള്ള വഴികൾ തന്നെ. മരണത്തേക്കാൾ ശക്തമായ സ്നേഹമായി ഉത്ഥിതൻ എന്നെ പൊതിയുന്നു. അവസാനത്തോളം കൂടെ വരുന്നു.
യേശുവിൻ്റെ ഉയിർപ്പിനെ കുറിച്ച് ആഴമുള്ള എന്നാൽ ലളിതമായ രീതിയിൽ വായിച്ചത് ബനഡിക്ട് പതിനാറാമൻ പാപ്പയുടേതായിട്ടാണ്. അദ്ദേഹത്തിൻ്റെ വാക്കുകളിൽ: മരണത്തെക്കാൾ ശക്തമാണ് സ്നേഹം. മരണത്തിൻ്റെ മേലുള്ള സ്നേഹത്തിൻ്റെ വിജയമാണ് ഉത്ഥാനം. (Love is stronger than death. The Triumph of Love over death is the Resurrection). അവസാന വാക്കല്ല മരണമെന്നും, ജീവിതമാണ് ഒടുവിൽ വിജയിക്കുന്നത് എന്ന് ബനഡിക്ട് പതിനാറാമൻ പാപ്പ പഠിപ്പിച്ചു.
ആ വാക്യങ്ങളുടെ ഇംഗ്ലീഷിലുള്ള പൂർണരൂപം ചുവടെ ചേർക്കുന്നു.
"Death is the end of the ability to love. But in Jesus, the act of his death was a supreme act of love... Love is stronger than death. This is the inner logic of the Resurrection. Because he was one with God, who is Love itself, he could not be held by death." (Jesus of Nazareth: Holy Week: From the Entrance into Jerusalem to the Resurrection (Chapter 9), published in 2011.)
The Resurrection "triggered" because Jesus transformed the violence of the Cross into a gift of self.
He says: "In his death, the 'yes' of his love is so strong that it transforms death itself. The Resurrection is not a simple return to our earthly life... it is the power of a love that can no longer be extinguished by death." (General Audience, Wednesday, April 11, 2012.)
ധ്യാനപൂർണമായ ദിവസങ്ങൾ നേരുന്നു.
കഴിഞ്ഞ ഭാഗങ്ങൾ വായിക്കാൻ
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.



















