എമ്മാവൂസ്


വീട്
പ്രഭോ വീടുവിട്ടലയുന്ന
കുട്ടി ഞാന്‍
വീടെന്നു നിനച്ചു കയറിയിറങ്ങിയ -
തൊരുപാടിടങ്ങള്‍.
ഒക്കെ പൊളിയായിരുന്നു.
മങ്ങിയ കണ്ണില്‍ തെളിയുന്നതാ
വീടുമാത്രം,
പണ്ടെന്നോ മനഃപൂര്‍വ്വം
മറന്നു കളഞ്ഞിടം.
നീ തന്നെ വീടും വഴിയും.
രണ്ടുപേര്‍ തിരികെ നടക്കുകയായിരുന്നു. കുറേ നാളായി കണ്ടതും കേട്ടതും വിശ്വസിച്ചതും ഒക്കെ കുറച്ചു ദിവസങ്ങളുടെ ഇടവേളയില്‍ നഷ്ടമായ പോലെ. മടക്ക യാത്രയില്‍ അവര്‍ സംസാരിച്ചതും അതു തന്നെയായിരുന്നു. സംസാരം ചിലപ്പോഴൊക്കെ തര്‍ക്കങ്ങളില്‍ എത്തി നിന്നു. ക്രിസ്തുവെന്ന് തങ്ങള്‍ കരുതിയിരുന്ന യേശുവിനെ കുറിച്ചായിരുന്നു അവരുടെ സംസാരം. യാത്ര എമ്മാവൂസിലേക്കു തന്നെ.
മതനേതാക്കള്‍ രാഷ്ട്രീയ നേതൃത്വത്തിന് ഏല്‍പ്പിച്ചു കൊടുത്ത് യേശുവിനെ വധിച്ചത് അവരെ സംബന്ധിച്ചിടത്തോളം ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അവര്‍ മൂന്നു ദിനം കാത്തിരുന്നതാവാന്‍ വഴിയില്ല. സാബത്ത് അവസാനിച്ച ശേഷം യാത്ര ചെയ്യാന്‍ കാത്തിരുന്നതാവാം. അപ്പോഴാണ് കൂട്ടത്തിലെ സ്ത്രീകള്‍ വിസ്മയകരമായ വാര്‍ത്തയുമായി വരുന്നത്. അവന്‍റെ ശരീരം അവിടെയില്ല. തങ്ങളോട് ദൈവദൂതര്‍ സംസാരിച്ചു, അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് പറഞ്ഞു എന്നും അവര്‍ പങ്കുവച്ചു. അവരുടെ കൂടെയുണ്ടായിരുന്ന വേറെ ചിലരും പോയി എങ്കിലും അവനെ മാത്രം കണ്ടില്ല. രാവിലെ ഉണ്ടായ ഇത്തരം സംഭവങ്ങള്‍ അവരുടെ യാത്രയെ വൈകിപ്പിച്ചതാവാം. ഇനിയും ഇവിടെ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്നും, കൂടുതല്‍ അപകടങ്ങള്‍ പിന്‍തുടര്‍ന്നേക്കാം എന്നും കരുതിയാവാം അവര്‍ എമ്മാവൂസിലേക്കു പോകുന്നത്.
വഴിയില്‍ വെച്ച് യേശു അവരെ കണ്ടെത്തി സംസാരിച്ച് ഒടുവില്‍ ഒപ്പമിരുന്ന് അപ്പം മുറിച്ച് അവരെ ശക്തിപ്പെടുത്തുന്നു. അവന്‍ ആരെന്ന് അവര്‍ തിരിച്ചറിഞ്ഞ നിമിഷം അവന്‍ അവരില്‍ നിന്നും മറഞ്ഞു. അവരാകട്ടെ അപ്പോള്‍ തന്നെ മടക്കയാത്ര നടത്തുന്നു. കൂട്ടത്തിലുള്ളവരോട് സദ് വാര്‍ത്ത അറിയിക്കാന്‍ തിടുക്കത്തില്‍ മടങ്ങിപ്പോകുന്നു. അവരുടെ മടക്ക യാത്രയില്‍ സംസാരിച്ച കാര്യങ്ങള്‍ എന്തൊക്കെയാവും. ഒരു പക്ഷേ നിശബ്ദരായി അവര്‍ ആ അനുഭവത്തെ വീണ്ടും വീണ്ടും ഉള്ളില്‍ ആവര്‍ത്തിക്കുകയും ആസ്വദിക്കുകയും ചെയ്യുകയായിരുന്നിരിക്കാം.
എമ്മാവൂസ് എന്ന വാക്കിന് ചുടുനീരുറവ (Hot Springs) എന്നാണര്‍ത്ഥം. ഇത്തരം ഉറവകള്‍ സൗഖ്യത്തിന്‍റെ മാര്‍ഗങ്ങളായി അക്കാലത്ത് കരുതിയിരുന്നു. എല്ലാ ദാഹങ്ങളെയും ശമിപ്പിക്കുന്ന ജീവജലമായ, മനുഷ്യന്‍റെ ആത്മ ശരീരങ്ങള്‍ക്ക് സൗഖ്യം പ്രദാനം ചെയ്യുന്ന ദിവ്യ ഔഷധമായ ക്രിസ്തുവിനെ കണ്ടെത്തുന്നതിന് ഇതിലും വലിയ ഏതു സാഹചര്യമാണ് വേണ്ടത്. അവര്‍ സൗഖ്യമുള്ളവരായി, ധൈര്യമുള്ളവരായി ആനന്ദത്തോടെ തിരിച്ചു നടക്കുന്നു. പാതിവഴിക്ക് ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഇടത്തേക്ക് തന്നെ.
ഈ എമ്മാവൂസ് യാത്ര ഏതൊരു ശിഷ്യന്‍റെയും അനുഭവമാണ്. സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍, ദുരിതങ്ങള്‍ ഏറുമ്പോള്‍, ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളും അവസ്ഥകളും ഉണ്ടാകുമ്പോള്‍ നമ്മിലാരാണ് ഒരു മടക്കയാത്ര അല്ലെങ്കില്‍ മറ്റൊരിടം തേടി പോകാന്‍ ആഗ്രഹിക്കാത്തത്. സൗഖ്യം തരുമെന്നോ സ്വാന്തനം പകരുമെന്നോ സമാധാനവും സന്തോഷവും സംതൃപ്തിയും ലഭിക്കുമെന്നോ നമ്മള്‍ കരുതുന്ന എമ്മാവൂസുകള്‍ ( ചുടു നീരുറവകള്‍) എത്രയെണ്ണമുണ്ട്. അത്തരം ഇടങ്ങളിലേക്കുള്ള യാത്രയില്‍ പോലും അപരിചിതനെപ്പോലെ നമ്മളെ അനുഗമിക്കുന്ന ദൈവം. വാക്കുകൊണ്ടും സാന്നിധ്യം കൊണ്ടും അപ്പം കൊണ്ടും കണ്ണു തുറന്നു തരാന്‍ ശ്രമിക്കുന്ന സ്നേഹിതന്‍. ഉപേക്ഷിച്ചു പോകുന്നവരെയും പിന്നാലെ പോയി തിരികെ കൊണ്ടുവരാന്‍ ദൈവത്തിനേ കഴിയൂ. ഉപാധികളില്ലാതെ സ്നേഹിക്കാന്‍ എന്നാണ് മനുഷ്യര്‍ക്കാവുക. അത്രമേല്‍ 'ഇഷ്ട'പ്പെടുന്നവരെ ഒരു ഉപാധിയും ഇല്ലാതെ സ്നേഹിക്കാന്‍ എളുപ്പമാണ് (അതിനെ ഇഷ്ടമെന്നല്ലാതെ സ്നേഹമെന്ന് വിളിക്കാമെങ്കില്‍).
എമ്മാവൂസിലേക്ക് പോകുന്ന വഴി അവര്‍ സംസാരിച്ചത് യേശുവിനെ കുറിച്ചായിരുന്നു. അത്രയും തീവ്രമായി സംസാരിച്ചതുകൊണ്ട് ചിലപ്പോള്‍ അത് തര്‍ക്കിക്കുന്ന തരത്തില്‍ വരെ എത്തി. അത്രയും പാഷനേറ്റ് (Passionate) ആയി അനുഗമിച്ച ഒരു അനുഭവത്തെ നഷ്ടപ്പെട്ടവര്‍ ആയിരുന്നു അവര്‍. തന്‍റെ പന്ത്രണ്ടു പേരില്‍പ്പെട്ടവര്‍ അല്ലാതിരുന്നിട്ടും (ലൂക്ക. 24:33) അവരെ തേടി യേശു പോകുന്നത് നമുക്കുള്ള സുവിശേഷമാണ്. നമ്മുടെ സംശയങ്ങളിലേക്ക്, വിശ്വാസത്തിന്‍റെ, സ്നേഹത്തിന്‍റെ കുറവുകളിലേക്ക് ചുടുനീരുറവയായി അവന്‍ തേടിയെത്തും.
അവര്‍ വിട്ടു പോയത് സഹോദരങ്ങളുടെ സമൂഹത്തെ ആയിരുന്നു. അവനെ അനുഗമിച്ചവരുടെ, വിശ്വാസ, സമൂഹം. തിരിച്ചറിവുണ്ടാകുമ്പോള്‍ അവര്‍ വളരെ വേഗം അവരിലേക്കു മടങ്ങിവരുന്നു. ദൈവത്തോട് വ്യക്തിപരമായ ഒരു ബന്ധവും വിശ്വാസവും വളര്‍ച്ചയും അതിനു വേണ്ട അധ്വാനവും വളരെയധികം ആവശ്യമാണ് ക്രൈസ്തവ ജീവിതത്തില്‍. എന്നാല്‍ അതേപോലെ പ്രധാനപ്പെട്ടതാണ് ഒരുമിച്ചുള്ള നമ്മുടെ വിശ്വാസ ജീവിതം. യുഗാന്തംവരെ നിങ്ങളോടാപ്പം ഞാന്‍ ഉണ്ടായിരിക്കും എന്നു അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുന്നിടത്ത് ഞാന്‍ ഉണ്ട് എന്ന വചനം കൂടി മറക്കാതിരിക്കാം. വചനവും അപ്പവും മുറിക്കപ്പെടുന്നതും വിശ്വാസ സമൂഹത്തിലാണ്. ഒരുമിച്ചുള്ള ഒരു വിശ്വാസ യാത്ര പ്രധാനപ്പെട്ടതു തന്നെ. ആര്‍ക്കാണ് ഒറ്റയ്ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുക. പള്ളിയൊക്കെ അങ്ങനെയാണ് പ്രധാനപ്പെട്ട ഇടമായി മാറുന്നത്.
എമ്മാവൂസ്
റോണി കിഴക്കേടത്ത്
അസ്സീസി മാസിക ഏപ്രിൽ 2026

















































































































