പെസഹാ


പുറപ്പാടിന്റെ ജനതയാണ് യഹൂദ ജനത. പുറപ്പാട് സംഭവം അവരുടെ ചരിത്രത്തിലെ ഏറ്റവും മേഘമായ യാഥാർത്ഥ്യമായിരുന്നു. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെയും സ്വയം നിർണയത്തിന്റെയും വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്ര അവരുടെ ആത്മീയതയുടെ അടിസ്ഥാനമായിരുന്നു. പഴയ നിയമത്തിലെ നിർദ്ദേശപ്രകാരം പെസഹാവിരുന്ന് -Seder- ആചരിക്കേണ്ടത് അവരുടെ ഒഴിവാക്കാനാവാത്ത മതാചാരമായിരുന്നു. നീസാൻ മാസത്തിലെ 15-ാം തിയ്യതി ആലോഷിക്കേണ്ടത്. പക്ഷേ, തിരുനാളിന്റെ "Eve"- തലേ സായാഹ്നത്തിലാണ് പെസഹാ വിരുന്നാചരണം. ആചാരപരമായി പല ഭാഗങ്ങൾ ഉണ്ടായിരുന്നു പെസഹാവിരുന്നിന്. യഹൂദരുടെ ദേവാലയം CE 70-ൽ നശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് പല ആചാരങ്ങളും തുടരാനാവാത്തവിധം നിലച്ചുപോയി. യേശുവിൻ്റെ കാലത്തെ പെസഹാ ആചരണത്തെക്കുറിച്ച് നമുക്ക് ലഭ്യമായ അറിവുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്. എന്നിരുന്നാലും പൊതുവേ പറയപ്പെടുന്നത് ഇങ്ങനെയാണ്.
തിരുവചനം, ചരിത്രം, പാരമ്പര്യം (ആചാരങ്ങൾ), കയ്പിലകൾ, വീഞ്ഞ്, മധുരക്കുഴമ്പ്, പുളിയാത്ത അപ്പം, പെസഹാക്കുഞ്ഞാടിൻ്റെ ചുട്ടെടുത്ത മാംസം. ഇത്രയുമായിരുന്നു അത്താഴ വേളയിൽ ഉണ്ടായിരുന്നത്. ഇതിൽ തിരുവചനമായ സങ്കീർത്തനങ്ങളും വീഞ്ഞിൻ്റെ പാനപാത്രവും പല തവണ ആവർത്തിച്ചുവരും.
ചുരുക്കത്തിൽ ജറൂസലേം ദേവാലയം നിലനിന്ന കാലത്തെ പെസഹാവിരുന്നിൻ്റെ ഘടന ഇപ്രകാരമായിരുന്നു:
നീസാൻ മാസം 14 -ാം തിയ്യതി അസ്‌തമയത്തിനു മുമ്പായി കുടുംബാംഗങ്ങൾ എല്ലാവരും അത്താഴമേശക്കുചുറ്റും വന്നണയും. നാലുകാര്യങ്ങൾ ഓർത്തിരിക്കുക. കഷ്ടിച്ച് ഒരടി മാത്രം ഉയരമുള്ളതാണ് അവരുടെ മേശ. എല്ലാവരും അതിനു ചുറ്റും ചാഞ്ഞ് കിടക്കുകയാണ് ചെയ്യാറ്. കുടുംബനാഥനായിരിക്കും എല്ലാം ചെയ്യുന്ന കാർമ്മികൻ.
ഓരോ പാനപാത്രത്തിനും ഓരോ വിഭവത്തിനും പ്രത്യേകം പ്രത്യേകം കൃതജ്ഞതാസ്‌തോത്ര പ്രാർത്ഥന ഉണ്ട്.
ഒരു പാനപാത്രത്തിൽ വീഞ്ഞെടുത്ത് അതിൽ അല്പം വെള്ളം ഒഴിച്ച് ആചാരപരമായി മിശ്രണം ചെയ്താണ് മിശ്രണം നടത്തുന്നത്.
1 കുടുംബനാഥൻ ആദ്യമേ ദിവസത്തിനും തിരുനാളിനും ദൈവാനുഗ്രഹങ്ങൾക്കും വിശദമായി നന്ദി പറഞ്ഞ് പ്രാർത്ഥിക്കുന്നു.
2 വിശുദ്ധീകരണത്തിൻ്റെ പാനപാത്രം എന്നുവിളിക്കപ്പെടുന്ന ഒന്നാം പാനപാത്രത്തിൻ്റെ മിശ്രണം.
3 ഒന്നാം പാനപാത്രത്തിൻ്റെയും മധുരക്കുഴമ്പിൻ്റെയും കൃതജ്ഞതാസ്തോത്രം.
4 ഈജിപ്തിലെ അടിമത്തത്തവും കഷ്ടതകളും ഓർത്തുകൊണ്ട്, ഫലങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ചേർത്തരച്ച ഹറോസെത് എന്നറിയപ്പെടുന്ന മധുരക്കുഴമ്പിൽ കയ്പുള്ള ഇലകൾ മുക്കി കുടുംബനാഥനും അദ്ദേഹത്തിനു ശേഷം മറ്റുള്ളവരും ഭക്ഷിക്കുന്നു.
5 ആദ്യം കുടുംബ നാഥനും പിന്നാലെ മറ്റുള്ളവരും വിശുദ്ധീകരണത്തിൻ്റെ ഒന്നാം പാനപാത്രത്തിൽ നിന്ന് കുടിക്കുന്നു.
6 വിടുതലിൻ്റെ പാനപാത്രം എന്നറിയപ്പെടുന്ന രണ്ടാം പാനപാത്രം നിറക്കലും മിശ്രണവും.
7 രണ്ടാം ചഷകത്തിനായുള്ള കൃതജ്‌ഞതാസ്‌തോത്രം.
8 നമ്മൾ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് കുട്ടികളിൽ ആരെങ്കിലും ഒരാൾ ചോദിക്കുന്നു. അതിനുത്തരമായി ഈജിപ്തിൽ നിന്നുള്ള തങ്ങളുടെ വിടുതലിൻ്റെ കഥ കുടുംബനാഥൻ എല്ലാവരോടുമായി പറയുന്നു.
9 വിടുതലിൻ്റെ പാനപാത്രം പങ്കിടുന്നു.
10 രക്ഷയുടെ പാനപാത്രം (സങ്കീ. 116:13) എന്നും അനുഗ്രഹത്തിൻ്റെ പാനപാത്രം (1 കോറി. 10:16) എന്നുമറിയപ്പെടുന്ന മൂന്നാം പാനപാത്രം നിറക്കലും മിശ്രണവും.
11 പുളിപ്പിക്കാത്ത അപ്പത്തിനും കുഞ്ഞാടിൻ്റെ മാംസത്തിനും കൃതജ്ഞതാസ്‌തോത്രം.
12 കുടുംബനാഥൻ തന്നെ അത് എല്ലാവർക്കുമായി എടുത്ത് നൽകുകയും എല്ലാവരും ഭക്ഷിക്കുകയും ചെയ്യുന്നു.
13 എല്ലാവരും ചേർന്ന് 114, 115 സങ്കീർത്തനങ്ങൾ ചൊല്ലുന്നു.
14 അനുഗ്രഹത്തിൻ്റെ പാനപാത്രത്തിന് കൃതജ്‌ഞതാസ്‌തോത്രം
15 മൂന്നാം ചഷകത്തിൽ നിന്ന് എല്ലാവരും ഓരോ മൊത്ത് കുടിക്കുന്നു.
16 സ്തുതിയുടെ പാനപാത്രം എന്നും പൂർത്തീകരണത്തിൻ്റെ പാനപാത്രം എന്നും അറിയപ്പെടുന്ന നാലാം ചഷകം നിറക്കലും മിശ്രണവും.
17 എല്ലാവരും ചേർന്ന് വലിയ ഹല്ലേൽ എന്നറിയപ്പെടുന്ന 116 മുതൽ 118 വരെ സങ്കീർത്തനങ്ങൾ ചൊല്ലുന്നു.
18 പൂർത്തീകരണത്തിൻ്റെ നാലാം പാനപാത്രമുയർത്തി ദൈവത്തിന് കൃതജ്‌ഞതാസ്‌തോത്രം.
19 എല്ലാവരും അതിൽനിന്ന് ഓരോ സിപ്പ് എടുക്കുന്നു.
20 എല്ലാവരും ചേർന്ന് സ്ത്രോത്രഗീതം ആലപിച്ച് വിരുന്ന് പൂർത്തിയാക്കുന്നു.
അക്കൊല്ലം തിരുന്നാൾ ശനിയാഴ്ചയായിരുന്നു. അപ്പോൾ പെസഹാ ഭക്ഷിക്കേണ്ടത് അതിൻ്റെ തലേനാളായ വെള്ളിയാഴ്ച സന്ധ്യയിലാണ്. യേശു കൊല്ലപ്പെടുന്നത് വെള്ളിയാഴ്ചയാണ്. അതായത് പെസഹാ ഭക്ഷിക്കേണ്ട വെള്ളിയാഴ്ചയുടെ തലേന്നാളായ വ്യാഴാഴ്ച സായാഹ്നത്തിലാണ് യേശു ശിഷ്യരോടൊപ്പം മുൻകൂട്ടി പെസഹാ ആചരിക്കുന്നത്. അതിനാൽ അത്താഴത്തിൻ്റെ മുഖ്യ ഘടകമായ പെസഹാ കുഞ്ഞാടിൻ്റെ മാംസം അന്ത്യത്താഴത്തിൽ ഉണ്ടായിരുന്നില്ല.
അതുമാത്രമല്ല യേശുവിൻ്റെ പെസഹായിൽ വ്യത്യാസപ്പെട്ടത്. പലകാര്യങ്ങളും അവിടെ വ്യത്യാസപ്പെട്ടു. സാധാരണ ഗതിയിൽ കുടുംബനാഥൻ കാർമ്മികൻ മാത്രമാണ്. എന്നാൽ, യേശു ആദ്യമേ ശിഷ്യരുടെ പാദങ്ങൾ കഴുകി ശുശ്രൂഷിയുമായി.
വിശുദ്ധീകരണത്തിൻ്റെ പാനപാത്രത്തിനും വിടുതലിൻ്റെ പാനപാത്രത്തിനും ശേഷം അപ്പം ഉയർത്തി കൃതജ്ഞത ചൊല്ലിയതിനു ശേഷം,
'ഇതെൻ്റെ മാംസമാകുന്നു. നിങ്ങൾ പങ്കിട്ട് ഭക്ഷിക്കുവിൻ' എന്നുപറഞ്ഞ് കുഞ്ഞാടിൻ്റെ മാംസത്തിനു പകരം അപ്പം മുറിച്ച് നല്കുകയാണ്.
അതിനുശേഷം അനുഗ്രഹത്തിൻ്റെ പാനപാത്രം നിറച്ച്, മിശ്രണം നടത്തി, എടുത്തുയർത്തി കൃതജ്ഞതാസ്‌തോത്രം ചൊല്ലിയതിനുശേഷം, 'ഇതെൻ്റെ രക്തമാണ്. നിങ്ങൾ ഇത് വാങ്ങി കുടിക്കുവിൻ' എന്നുപറഞ്ഞ് അതവർക്ക് നല്കുകയാണ്.
അതുമാത്രമല്ല, 'ദൈവരാജ്യത്തിൽ നവമായി പാനം ചെയ്യുവോളം താൻ മുന്തിരിയുടെ ഫലത്തിൽനിന്ന് കുടിക്കുകയില്ല' എന്ന് ഒരു പ്രസ്താവന കൂടി നടത്തുന്നുണ്ട് യേശു. വലിയ ഹല്ലേൽ (സങ്കീ. 116-118) ചൊല്ലിയശേഷം അവർ ഇറങ്ങിപ്പോകുന്നു. അതായത് പൂർത്തീകരണത്തിൻ്റെ പാനപാത്രം കുടിക്കാത മേശമേൽ അവശേഷിപ്പിച്ചിട്ടാണ് അവൻ പോകുന്നത്.
പോകുന്നതോ, ഒലിവുമലയിലെ ഗഥ്സെമെനിലേക്ക്. അവിടെ ഒറ്റ മാറി പ്രാർത്ഥിക്കുന്നത് പൂർത്തീകരണത്തിൻ്റെ ഈ പാനപാത്രം നീക്കിത്തരണമേ എന്നും. മൂന്നുവട്ടം പ്രാർഥിച്ചപ്പോഴേക്കും ആ പാനപാത്രം അവനെത്തേടി എത്തിയിരുന്നു. പൂർത്തീകരണത്തിൻ്റെ പാനപാത്രം കഷ്ടതയുടെ പാനപാത്രമാണ്. അങ്ങനെ അടുത്ത കുറേ മണിക്കൂറുകളിലൂടെ പൂർത്തീകരണത്തിൻ്റെ ആ പാനപാത്രം പൂർണ്ണമായും കുടിച്ചുതീർത്തു. കുരിശിൽ കിടന്നു കൊണ്ട് "എനിക്കു ദാഹിക്കുന്നു" എന്നവൻ നിലവിളിച്ച് പറയുന്നു. ഉടനെ ഒരു പടയാളി ഒരു ഞാങ്ങണമേൽ നീർപ്പഞ്ഞി ചുറ്റി വീഞ്ഞിൽ മുക്കി അവൻ്റെ ചുണ്ടോടടുപ്പിച്ചു. അങ്ങനെ നാലാം ചഷകം പൂർത്തിയാകുന്നു.
"It is finished"
"മൊത്തം പൂർത്തിയായി" എന്നുപറഞ്ഞ് അവൻ ആത്മാവിനെ സമർപ്പിച്ചു!
പൂർത്തിയായത് എല്ലാവരുമൊത്ത് ആരംഭിച്ച് ഒറ്റക്ക് പൂർത്തിയാക്കേണ്ടി വന്ന പെസഹ ആയിരുന്നു.
രക്തം തർപ്പണം ചെയ്ത് മാംസം ഭോജ്യമായിത്തന്ന പെസഹാക്കുഞ്ഞാട്!

















































































































