top of page

കുരിശിൻ്റെ വഴിയെ - 1

Writer: റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 30
5 min read

Updated: Apr 3

The image depicts a winding path with religious symbols, including crosses, a crown, and icons. Text reads "The Way of the Cross." Tan and dark hues dominate.

കുരിശിൻ്റെ വഴി 1 മുതൽ 6 വരെ സ്ഥലങ്ങളെ കുറിച്ചുള്ള ധ്യാനം.


ദൈവം മനുഷ്യനെ എത്ര അഗാധമായി സ്നേഹിക്കുന്നു എന്നതാണ് കുരിശിൻ്റെ വഴി പ്രാർത്ഥന നമ്മളെ ഓർമ്മിപ്പിക്കുന്നത്. ഞാൻ എത്ര അഗാധമായി സ്നേഹിക്കപ്പെടുന്നു എന്ന് നമ്മൾ ഒരോരുത്തരും ധ്യാനിക്കേണ്ട വഴിയാണിത്. നമ്മുടെ മുഴുവൻ ജീവിത യാത്രയും അലച്ചിലും കഷ്ടപ്പാടും മുറിവുകളും കണ്ണീരും കുരിശാരോഹണങ്ങളും മൃതാവസ്ഥകളും പ്രത്യാശ പൂർവ്വമായ ഉയിർപ്പ് അനുഭവങ്ങളും ഈ വഴിയിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്.


നമുക്ക് ഈ വഴിയിലൂടെ ബോധപൂർവ്വം നടക്കാം.


Stations of The Cross - Zachary Rollins
Stations of The Cross - Zachary Rollins

1. ഒന്നാം സ്ഥലം ഈശോ മരണത്തിന് വിധിക്കപ്പെടുന്നു

ഭൂമിയിലേക്കും വച്ച് ഏറ്റവും നിർമ്മലനായ ഒരാൾ, മറ്റുള്ളവരുടെ നന്മയല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്തയാൾ, മുഴുവൻ ജീവിതവും അപരനുവേണ്ടി നല്കിയ നിസ്വാർത്ഥനായ ഒരാൾ.

തന്നോട് യാതൊരു തെറ്റും ചെയ്തിട്ടില്ലാതിരിക്കെ പീലാത്തോസ് മരണത്തിന് വിധിക്കുന്നു.

അത്തരമൊരു വിധിക്കുവേണ്ടി ബഹളം കൂട്ടുന്ന മറ്റൊരു കൂട്ടം മനുഷ്യർ. അവർക്ക് അവനൊരു ബാധ്യതയാണ്. അവരുടെ സ്വൈര്യജീവിതത്തിന് ഒരു ശല്യമാണ്. പുരോഹിതരും പ്രമാണികളും ആ മരണവിധിക്കുവേണ്ടി മുറവിളികൂട്ടുന്നു. അടിമത്വത്തിൽ നിന്നും പുറത്തുവന്നതിൻ്റെ പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ സ്വർവ്വ അടിമത്വങ്ങളിൽ നിന്നും മോചിപ്പിക്കാൻ വന്ന യേശുവിനെ, തങ്ങളെ അടിമകളാക്കി വച്ചിരിക്കുന്ന റോമാക്കാർക്ക് ഏൽപ്പിച്ചു കൊടുക്കുന്ന ഒരു കൂട്ടം ആളുകൾ.


വിധി


നീ ഇങ്ങനെയാണ് അങ്ങനെയാണ്. നിനക്ക് ജീവിക്കാൻ അർഹതയില്ല. നീ തെറ്റുകാരനാണ്, കൊള്ളരുതാത്തവനാണ് /വളാണ്. അതുകൊണ്ട് നിനക്ക് അങ്ങനെ വേണം.


പീലാത്തോസ് തൻ്റെ തന്നെ വിധിയാണ് പറയുന്നത്. കൈകഴുകി മാറാൻ ശ്രമിക്കുന്നത് അതാണ്.


ഒരാൾ തന്നെത്തന്നെ വിധിക്കുന്നു

മറ്റുള്ളവരെ വിധിക്കുന്നു

വിധിക്കപ്പെടുന്നവർ നമ്മൾ

വിധിക്കാനായി ഏൽപ്പിച്ചു കൊടുക്കുന്നു


നമ്മൾ ജീവിതത്തിൽ സ്വന്തമായി വിധി കല്പ്പിക്കുന്നവരാണ്.


അവനവനെ കുറിച്ച്: ഞാൻ ശരിയാവില്ല,

എന്നെ എന്തിനു കൊള്ളാം.

എൻ്റെ ശരീരം പോരാ.....

എൻ്റെ സ്വഭാവം ശരിയാകുന്നില്ല,

ഞാൻ വഴക്കാളിയാണ്.

എനിക്കു സ്നേഹമില്ല,

ഞാൻ എന്തു ചെയ്താലും ശരിയാകില്ല.

എൻ്റെ എല്ലാ കാര്യങ്ങളും പൊളിയും.

ആർക്കും എന്നോട് താത്പര്യമില്ല.

അങ്ങനെ ഒരു നൂറു നൂറു വിധികൾ അവനവനെ കുറിച്ച് തന്നെ ഉള്ളിൽ ഉണ്ടാകാറില്ലേ?


മറ്റുള്ളവരെ വളരെ വേഗം വിധിക്കുന്നവരാണ് നമ്മൾ: ഒരാളെ കാണുമ്പോൾ തന്നെ എത്ര മാത്രം കാര്യങ്ങൾ നമ്മൾ അവരെപ്പറ്റി തീരുമാനിച്ചിട്ടുണ്ടാകും. പോസിറ്റീവ് or നെഗറ്റീവ്. ചിലരെപ്പറ്റി മറ്റാരെങ്കിലും പറഞ്ഞു കേട്ട കാര്യങ്ങൾ കൊണ്ട് വിധിച്ച് അവർക്ക് ഒരു കാലത്തും മാറ്റം ഉണ്ടാകില്ല എന്ന് എത്ര വേഗമാണ് തീർപ്പ് കൽപ്പിക്കുന്നത്. കൂട്ടുകാർ, കൂടെ ജീവിക്കുന്നവർ, അയൽക്കാർ, സമൂഹം, സഭാ സംവിധാനങ്ങൾ ഒക്കെ നമ്മുടെ വിധിക്ക് വിധേയമായ കാര്യങ്ങളാണ്. വിധികൊണ്ട് യാതൊരു മാറ്റവും വരുത്താൻ നമുക്കോ അവർക്കോ കഴിഞ്ഞിട്ടില്ല എങ്കിലും...


പലപ്പോഴും വിധി വാചകങ്ങൾ നേരിടേണ്ടി വരുന്നവരാണ് നമ്മൾ. എത്രമാത്രം വിധിക്കപ്പെട്ടിട്ടുണ്ട് നമ്മൾ.


മറ്റുള്ളവരെ വിധിക്ക് ഏൽപ്പിച്ചു കൊടുക്കുന്നവരുണ്ട്. ഈശോയെ മരണവിധിക്കായി പ്രമാണിമാർ റോമാക്കാർക്ക് ഏൽപ്പിച്ചു കൊടുത്ത പോല.

കാരണമില്ലാതെ, അറിയാത്ത കാര്യത്തിന്, ഒരു പരിചയവും ഇല്ലാത്തവരാൽ. സാമൂഹിക മാധ്യമങ്ങൾ വഴിയൊക്കെ വിധിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്.


യേശു പറഞ്ഞു വിധിക്കരുത് നിങ്ങളും വിധിക്കപ്പെടുകയില്ല...ആരെയും വിധിക്കാതെ കടന്നുപോയിട്ടും മനുഷ്യരാൽ മരണത്തിനു വിധിക്കപ്പെട്ട ഈശോ


ഈ വഴിയിൽ നില്ക്കുമ്പോൾ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം, തമ്പുരാനേ ആരെയും തകർക്കുന്ന വിധം വിധിക്കാതെ ജീവിക്കാൻ കഴിയണേ, കൃപതരണേ.

മറ്റുള്ളവരെ വിധിക്കു വിട്ടുകൊടുക്കാതിരിക്കാൻ, അകാരണമായി, കരുണയില്ലാതെ വിധിക്കപ്പെടുന്ന മനുഷ്യർക്കൊപ്പം മനസ്സുകൊണ്ടെങ്കിലും നില്ക്കാൻ കരുത്തു തരണേ എന്ന് പ്രാർത്ഥിക്കാം.


ഒപ്പം സ്വയം വിധിക്കുന്ന ശീലത്തിൽ നിന്നുള്ള മോചനവും യാചിക്കാം.

ശരിയാണ് ഒത്തിരി തെറ്റുകളൊക്കെയുണ്ട്, എന്നാലും പാപികളോടും പാവപ്പെട്ടവനോടും കാരുണ്യം കാണിച്ചു ആരെയും വിധിക്കാതെ ചേർത്തു പിടിച്ച ഈശോയിൽ ആശ്രയിക്കാം. വിധികളൊക്കെ അവിടുത്തേക്ക് വിട്ടുകൊടുക്കാം.

ദൈവമേ അങ്ങയുടെ വിധികൾ കാരുണ്യം നിറഞ്ഞതാണെന്ന പ്രത്യാശയാണ് ഞങ്ങളുടെ ബലം. ഞങ്ങളെ വിധിക്കുമ്പോൾ ഞങ്ങളുടെ തെറ്റുകൾക്കു പിന്നിലെ കാരണങ്ങളെ കുറിച്ച് അങ്ങേക്ക് നല്ല ധാരണ ഉണ്ടല്ലോ. ഞങ്ങളുടെ ഉള്ളിലെ മുറിവുകൾ, ഞങ്ങൾ വഹിക്കുന്ന ഭാരങ്ങൾ, എകാന്തതയും രോഗവും ഒക്കെ.. നിൻ്റെ കരുണ ഞങ്ങളെ പൊതിയട്ടേ.


അങ്ങയുടെ കരുണ സ്വീകരിക്കുന്നവരെന്ന നിലയിൽ മറ്റുള്ളവരോടും കരുണ കാട്ടാൻ ഞങ്ങളെ പഠിപ്പിക്കണേ.


പലപ്പോഴും ഞങ്ങളുടെ വിധി പരിപൂർണ അറിവില്ലായ്മയിൽ നിന്നാണെന്ന് അങ്ങേക്ക് അറിയാമല്ലോ, ആ ഒരു പ്രകാശം, ശരിയായ അറിവ് ഞങ്ങൾക്കു നല്കണേ.


Face of Suffering Jesus

2. രണ്ടാം സ്ഥലം ഈശോ കുരിശു ചുമത്തപ്പെടുന്നു

മരണത്തിന് വിധിക്കപ്പെട്ട് കഴുമരം ചുമന്നുകൊണ്ട് കൊല ചെയ്യപ്പെടാനുള്ള ഇടത്തേക്ക് നയിക്കപ്പെടുന്ന യേശു.


കുരിശു വഹിച്ചു കൊണ്ട് പിന്നാലെ ചെല്ലുവാനാണ് അവൻ്റെ കല്പന.

ആർക്കാണ് കുരിശുകളോട് ഇത്ര താല്പര്യം. സ്ലീബാ , കുരിശ് എന്നൊക്കെ കേൾക്കുമ്പോൾ കുരിശു വരയ്ക്കാനും, കഴുത്തിൽ, പറ്റിയാൽ സ്വർണ്ണം കൊണ്ട് തന്നെ, ഒരു കുരിശ് തൂക്കിയിടാനും കുരിശും കുരിശടികളും സ്ഥാപിക്കാനും തീഷ്ണതയുള്ള ക്രൈസ്തവർക്ക് പക്ഷേ സ്വന്തം കുരിശ് എടുക്കുക എന്നത് പലപ്പോഴും വളരെ പ്രയാസമാണ്.


അനുദിന ജീവിതത്തിൽ സംഭവിക്കുന്നതു തന്നെ നമ്മുടെ കുരിശ്. നമ്മുടെ ഇഷ്ടങ്ങൾക്കു വിപരീതമായി സംഭവിക്കുന്ന, കാര്യങ്ങളെ സംയമനത്തോടെ സ്വീകരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.


എനിക്ക് ജോലിക്കു പോകാൻ ഇഷ്ടമാണ്, പക്ഷേ കുട്ടികളെ നോക്കാൻ ഒരാൾ ജോലി വേണ്ടെന്നുവച്ചാലേ മതിയാകൂ. പിന്നെ എന്തു ചെയ്യാം. എന്നാ പിന്നെ അയാൾക്ക് പിള്ളേരെ നോക്കിയാൽ പോരേ.. ശരിയാണ് അങ്ങനെ എത്രയോ കുടുംബങ്ങൾ ഉണ്ട്. ഇവിടെ ചിലപ്പോൾ നിങ്ങളുടെ സാന്നിധ്യം ആയിരിക്കാം കുട്ടികൾക്ക് കൂടുതൽ ആവശ്യം. ദൈവം അതാവും ആഗ്രഹിക്കുന്നത്.


ഇത്രയൊക്കെ പ്രാർത്ഥിച്ചിട്ടും അതു കിട്ടുന്നില്ല. ഇതു മാറിപ്പോകുന്നില്ല, എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു....


കുരിശുകൾ വഹിക്കുക ഒട്ടും എളുപ്പമല്ല തന്നെ.


ഈശോ എങ്ങനെയാണ് കുരിശു വഹിച്ചത്? പിതാവേ നിൻ്റെ ഇഷ്ടം നിറവേറട്ടെ എന്ന്.


ഈശോ നമ്മളെ പഠിപ്പിച്ചതും, ദിവസവും പലവട്ടവും ആവർത്തിക്കുന്നതുമായ പ്രാർത്ഥന ഉണ്ടല്ലോ? സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ .. നിൻ്റെ ഇഷ്ടം സ്വർഗത്തിലെ പോല ഭൂമിയിലും നിറവേറണമേ.

സഭയിൽ അങ്ങനെയാകണമേ, പള്ളിയിൽ നിറവേറണമേ, അയൽക്കാരുടെ വീട്ടിൽ നിറവേറണമേ.. പക്ഷേ എൻ്റെ കാര്യം അങ്ങ് സാധിച്ചു തരണം. ഈ കുരിശ് ഒന്നു മാറ്റണം.

ഇയാളെപ്പോലെ ഒരു കുരിശു, ഇവളെപ്പോലെ ഒരു കുരിശുമതി തീരാൻ, ഈ ഒരു കാര്യം കൂടി സാധിച്ചാൽ മതി.. അല്ലേ?


കുരിശൊക്കെ ചുമന്നേ മതിയാകൂ., എങ്ങനെ ചുമക്കണം എന്നത് നമ്മുടെ തീരുമാനം. ഈശോയെപ്പോലെ ഇത് ദൈവഹിതമാണെങ്കിൽ ഞാൻ വഹിക്കും. ഇതു താങ്ങാനുള്ള കരുത്ത് അവിടുന്നു തരും. ഇതു വഹിക്കുന്ന ഞാൻ തനിച്ചല്ല, എനിക്കു വേണ്ടി കൂടി കുരിശു ചുമന്ന ഒരു ദൈവം കൂടെയുണ്ട്. അവന് എൻ്റെ അവസ്ഥ മനസ്സിലാകും എൻ്റെ വേദന മനസ്സിലാകും എന്നൊക്കെ പ്രാർത്ഥിച്ചും സ്വയം ബലപ്പെടുത്തിയും മുന്നോട്ടു പോയേ തീരൂ.


സ്വയം കുരിശാകാതെ നോക്കണം, നമ്മുടെ പ്രവൃത്തിയും സ്വഭാവവും കൊണ്ട്. കുരിശു കൊടുക്കാതിരിക്കാനും ശ്രദ്ധവേണം. ഒന്നു കണ്ണടച്ച് ആലോചിച്ചേ , ഞാൻ ഒരു കുരിശാണോ? എൻ്റെ വീട്ടിൽ, ഭാര്യയ്ക്ക്, ഭർത്താവിന്, മക്കൾക്ക്, മാതാപിതാക്കൾക്ക്, സുഹൃത്തുക്കൾക്ക്, നാടിന്.


ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം: എങ്ങനെയാണ് ഒരാൾ അപരന് കുരിശാകുന്നത്.? സ്വഭാവം, പ്രവൃത്തി- മദ്യം, മയക്കുമരുന്ന്, സ്വന്തം കുടുംബം നോക്കാതെ മറ്റുള്ളവരുടെ കുടുംബം നോക്കാൻ പോകുന്നവർ....


ഇനി കുരിശാണെന്ന് സ്വയം തോന്നിയാൽ സങ്കടപ്പെടേണ്ട തിരികെ നടക്കാൻ, സ്നേഹത്തിലേക്ക് മടങ്ങി വരാൻ ഇനിയും വൈകിയിട്ടില്ല.


പക്ഷേ നിങ്ങൾക്ക് ഒരു രോഗം വരുന്നു - അത് വ്യക്തിപരമായി ഒരു കുരിശാണ്. എന്നാൽ ഞാൻ മറ്റുള്ളവർക്ക് ഒരു കുരിശാണല്ലോ എന്ന് ഒരു കാരണവശാലും ചിന്തിക്കരുത്. അങ്ങനെയൊരു കുറ്റബോധത്തിൻ്റെ ആവശ്യമില്ല.


കുരിശുയാത്ര മുന്നോട്ടു പോകുമ്പോൾ അനുദിന കുരിശുകളെ ക്ഷമാപൂർവ്വം വഹിക്കാനുള്ള കൃപ യാചിക്കാം. പിതാവേ ഇതാണ് അങ്ങയുടെ ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ. അനുദിന ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അങ്ങയുടെ ഹിതമായി എണ്ണാൻ പഠിപ്പിക്കണേ. അങ്ങറിയാതെ എൻ്റെ ജീവിതത്തിൽ യാതൊന്നും സംഭവിക്കുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു മുടിയിഴപോലും പൊഴിയില്ല എന്ന് ഈശോ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ.


Abstract figure in white with a purple sash kneels under a cross. Gold halo, Roman numeral III above. Gray background, somber mood.
Stations of The Cross - Zachary Rollins

3. ഈശോ കുരിശിനോടു കൂടെ ഒന്നാം പ്രാവശ്യം വീഴുന്നു


ദൈവപുത്രൻ വീണ വഴിയും യാത്രയുമാണിത്. എങ്കിൽ പിന്നെ ഞാൻ വീഴുന്നതിൽ എന്ത് അത്ഭുതമാണ് ഉള്ളത്.


ജീവിത ഭാരങ്ങൾ, ഭൗതീകമായ സാഹചര്യങ്ങൾ, വേദന, രോഗം, ആകുലത , ഏകാന്തത എന്തൊക്കെ കുരിശുകൾ. എത്രയോ തവണ വീണു പോകുന്നു. ഈ കുരിശുകൾ ഉപേക്ഷിച്ച് പോകാൻ കുതറുമ്പോഴും മുറുകുന്ന കയറുകൾ.


ചില തെറ്റുകൾ തിരുത്താൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ്. വീണ്ടും വീണ്ടും വീണു പോകുന്നവർ. വീണു പോയി എന്നതിനേക്കാൾ, വീണിടത്തുനിന്ന് എഴുന്നേൽക്കാനുള്ള പരിശ്രമം ആണ് പ്രധാനപ്പെട്ടത്.


വീഴ്ച വ്യക്തിപരമാണ്. ഓരോരുത്തരും വീഴുന്നത് തനിയെ ആണ്. തെറ്റിലേക്കുള്ള വീഴ്ച എന്നതിനേക്കാൾ ആത്മീയ ജീവിതത്തിൽ നിന്നുള്ള വീഴ്ചയെ ശ്രദ്ധിച്ചാലോ.

ദൈവവുമായുള്ള വ്യക്തിബന്ധത്തിന് എന്തു സംഭവിച്ചു. what happened to your Personal relationship with God ?


ഭക്തി മാത്രമല്ല ആത്മീയത എന്ന അടിസ്ഥാന കാര്യവും ഓർക്കാം. ഭക്താഭ്യാസങ്ങൾ കൂടിയിട്ടും ആ കണക്ഷൻ ശരിയാകുന്നില്ല എങ്കിൽ പാളിച്ച മറ്റെവിടെയോ ആണ്. കണ്ടേത്തണ്ടതും പരിഹരിക്കേണ്ടതും വ്യക്തിപരമായ കാര്യമാണ്.


കുട്ടി വീഴുന്നത് അപ്പൻ്റെ കൈവിട്ട് തനിയെ ഓടിത്തുടങ്ങുമ്പോഴാണ്. തുടക്കം രസമാണ്. പിന്നെ നിയന്ത്രണം നഷ്ടപ്പെട്ട് തെറിച്ചു വീഴുന്നു. മുറിവുണ്ടാകുന്നു. ഓടി വന്ന് എടുക്കാൻ അപ്പൻ ഉള്ളത് അനുഗ്രഹം. അപ്പോൾ എവിടെ വച്ചാണ്, എന്നു മുതലാണ് ആ കരം വിട്ടുപോയത് എന്ന് കണ്ടെത്താം. തിരികെ പിടിക്കാം.


ഉത്സവ പറമ്പിലൂടെ അപ്പൻ്റെ കരം പിടിച്ചു നടക്കുകയാണ് മകൾ. പല വർണകാഴ്ചകൾ , കൗതുകവസ്തുക്കൾ, വിചിത്ര വേഷക്കാർ, തിക്കും തിരക്കും. അപ്പൻ്റെ കൈ ആ കുഞ്ഞുകൈകളിൽ മുറുകുന്നു. അവൾ പരിഭവം പറഞ്ഞു എൻ്റെ കുപ്പി വളകൾ ഉടയുന്നു. കൈമുറിയുന്നു, വേദനിക്കുന്നു.


ആ കൈ തട്ടിമാറ്റി ആൾക്കൂട്ടത്തിലേക്ക് തനിയെ ഓടിയാൽ അവൾക്ക് സന്തോഷം ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? തുടക്കത്തിൽ എല്ലാം വളരെ ആകർഷണീയവും സന്തോഷവും ആയിരിക്കും പിന്നെ ഭയം മാത്രം. അപ്പൻ്റെ കരത്തിലെത്തുവോളം.


ചിലപ്പോൾ നിയമങ്ങൾ നിയന്ത്രണങ്ങൾ ഒക്കെ പിടിമുറുക്കുന്ന പോലെയാണ്. നമ്മുടെ ഇഷ്ടങ്ങൾ ദൈവം സാധിച്ചു തരാത്ത സമയവും ഒക്കെ ഉണ്ട്. പിടിമുറുക്കുന്ന ദൈവം. അപ്പോൾ ആശ്വസിക്കാം, വളകൾ ഉടഞ്ഞാലും സാരമില്ല, പിടി നഷ്ടമായില്ലല്ലോ. ആ കരവലയത്തിലാണല്ലോ ഉള്ളത്.


വീഴ്ച എത്ര അഗാധമാണെങ്കിലും ഉയർത്തെഴുന്നേൽപ് സാധ്യമാണ്. അവൻ വീണത്, മുമ്പേ വീണുകിടന്ന നമ്മളുടെ സമീപമായിരുന്നു. എഴുന്നേറ്റപ്പോൾ നമ്മളെയും എഴുന്നേൽപ്പിച്ചു.


വീണിടത്തു നിന്ന് എഴുന്നേൽക്കുകഎന്നതാണ് പ്രധാനം.



ഇനിയുള്ള മൂന്നു സ്ഥലങ്ങൾ( 4, 5, 6 ) കണ്ടുമുട്ടലുകളാണ്. ഈശോയെ ആശ്വസിപ്പിക്കുന്ന കണ്ടുമുട്ടലുകൾ

മാതാവ് അമ്മയായതുകൊണ്ട് വരുന്നു.

ശിമയോൻ നിർബന്ധിക്കപ്പെട്ടതുകൊണ്ട് കുരിശു ചുമക്കാൻ തുണയ്ക്കുന്നു.

വെറോനിക്ക അവളുടെ സ്നേഹം പ്രകടിപ്പിക്കുന്നു.


ഇതിൽ മൂന്നിലും നമ്മളുണ്ട്. ഇവർ മൂന്നും നമ്മളിൽ ഉണ്ട്.

Geometric art of two figures with halos, one carrying a cross, the other comforting. Blue background, gold "IV" in corner. Somber mood.
Stations of The Cross - Zachary Rollins

4. നാലാം സ്ഥലം ഈശോയും മാതാവും കണ്ടുമുട്ടുന്നു


ഉറ്റവരുടെ സങ്കടങ്ങളിൽ ഞാൻ എവിടെയാണ്. അവരുടെ രോഗം, വേദന, ഏകാന്തത - കുരിശുകൾ പേറുന്ന സമയം ഞാൻ അവരെ ശ്രദ്ധിക്കാറുണ്ടോ? പരിഗണന, സംസാരം സാന്നിദ്ധ്യം, കരുണ, വാക്കുകൾ നല്കിയിട്ടുണ്ടോ?

മാതാവ് തേടിയെത്തുകയാണ്. ഒരാളുടെ സങ്കടകാലത്ത്, പ്രത്യേകിച്ച് ഉറ്റവരുടെ, അവർ പറയാതെ തന്നെ കൂടെ നില്ക്കേണ്ടവരല്ലേ നമ്മൾ.


നമ്മുടെ സങ്കടകാലത്ത് നമ്മൾ ഉറ്റവരെന്നു കരുതുന്നവർ, നമ്മൾ സഹായിച്ചിട്ടുള്ളവർ ചിലപ്പോൾ കൂടെ ഉണ്ടായി എന്നു വരില്ല. അത്തരം മുറിവുകൾ, സങ്കടങ്ങൾ, ഒക്കെ അവരോടുള്ള ദേഷ്യമായി ഉള്ളിൽ ഉണ്ടോ?


നമുക്ക് പ്രാർത്ഥിക്കാം: കാരുണ്യവാനായ ഈശോയെ, നിൻ്റെ കുരിശിൻ്റെ വഴിയിൽ മാതാവ് തേടി വന്നത് എത്ര ആശ്വാകരമായിരുന്നു നിനക്ക്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ സങ്കട സമയങ്ങളിൽ, അവരുടെ കുരിശിൻ്റെ വഴിയിൽ തേടി ചെന്ന് ആശ്വസിപ്പിക്കാൻ ഞങ്ങളെ സഹായിക്കണേ. തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കാതെ തന്നെ അവരെ സഹായിക്കാൻ കൃപ തരണേ.


ഒപ്പം ഞങ്ങളുടെ കുരിശു വഴികളിൽ ഞങ്ങളുടെ പ്രിയപ്പെട്ടവർ ഞങ്ങളെ തുണച്ചില്ല എന്ന സങ്കടങ്ങൾ നിശേഷം മാറ്റിത്തരണേ. ഒരു നിമിഷം പോലും വിടാതെ ഉറ്റുനോക്കി നീ കൂടെ ഉണ്ടായിരുന്നല്ലോ. അതിൽപ്പരം എന്താണ് വേണ്ടത്.

Geometric art of two figures carrying a cross, one in white with halo, one in green. Blue background with Roman numeral V in top left.
Stations of The Cross - Zachary Rollins

5. ശിമയോൻ ഈശോയെ സഹായിക്കുന്നു


ഈശോയെ സഹായിക്കാൻ അയാൾ നിർബന്ധിതനാകുകയാണ്. എത്ര ദൂരം അയാൾ കൂടെ ഉണ്ടായിരുന്നു എന്ന് നമുക്കറിയില്ല.


മറ്റുള്ളവരുടെ വേദനകളിൽ കൂടെ നിൽക്കാൻ ചിലപ്പോൾ നമ്മൾ നിർബന്ധിതരാകാറുണ്ട്. പെട്ടുപോയി എന്ന് നമ്മൾ ഉള്ളിലെങ്കിലും പറയുന്ന അവസരങ്ങൾ. ജോലി സ്ഥലത്ത് വച്ച് ഒരാൾക്കൊപ്പം ഹോസ്പിറ്റലിൽ, അവരുടെ ഒരു ആവശ്യത്തിന് പോകേണ്ടി വരുന്നത്. ജോലി ഷിഫ്റ്റ് ഏറ്റെടുക്കേണ്ടി വരുന്നത്. അഡിക്ടഡായ ഒരാൾക്കൊപ്പം ജീവിക്കേണ്ടി വരുന്നത്, രോഗികളായ in laws- Parents etc. തുടങ്ങി എത്രയെത്ര സാഹചര്യങ്ങൾ. മറ്റുള്ളവരുടെ കുരിശിൽ പങ്കുചേരേണ്ടി വരുന്ന സാഹചര്യങ്ങൾ.


അത് കുറച്ചുകൂടി സ്നേഹത്തോടെ ചെയ്യാമായിരുന്നു എന്ന് ഇപ്പോൾ ചിന്തിച്ചിട്ട് കാര്യമുണ്ടോ? രണ്ടാമതൊരു അവസരം കൂടി ലഭിക്കാത്ത ഇത്തരം സന്ദർഭങ്ങളിൽ പരമാവധി നമ്മളെ അവർക്കു നല്കാൻ കഴിയണ്ടേ?

Abstract art of a person carrying a cross, meeting another person in red. Blue-gray background, yellow halo, and "VI" in the corner.

6. വേറോനിക്ക കർത്താവിൻ്റെ തിരുമുഖം തുടയ്ക്കുന്നു


ഇതാ സ്നേഹത്തിൻ്റെ ഉദാത്തമായ ഒരു പ്രകടനം. മുറിവേറ്റ്, കഴുമരം ചുമന്ന് മരണത്തിലേക്കു നടന്നുനീങ്ങുന്ന ഒരു മനുഷ്യനോടു തോന്നുന്ന സഹതാപം / കരുണ. അവനിൽ നിന്നും എന്തെങ്കിലും സ്വീകരിച്ച ഒരാൾ ആയിരിക്കണമെന്നില്ല അവർ. ഇതോരുപക്ഷേ കഥയായിരിക്കാം. ക്രിസ്തു എന്താണോ പഠിപ്പിത് അത്. ക്രിസ്തീയത എന്താണ് എന്നുള്ളതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണിത്.


അപരിചിതരോട് എത്ര അനുഭാവം പുലർത്തുന്നവരാണ് നമ്മൾ.

"ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു" എന്ന വചനം കൂടി ഓർക്കാം.


അപരിചിതരോട് പൊതുവേ നമുക്ക് ഭയമാണ്. എങ്കിലും അല്പം സൗമ്യമായെങ്കിലും നമുക്ക് പെരുമാറാൻ കഴിയും. എത്രയോ അപരിചിതർ വഴി യാത്രയിൽ നമുക്ക് മാലാഖമാരായി വന്നിട്ടുണ്ട്. അവരോടുള്ള കരുണ ദൈവത്തോടുള്ള സ്നേഹം തന്നെയാണ് എന്ന് ഓർക്കാം.


"ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തന്നത്."(മത്താ. 25:40)


bottom of page