കുരിശിൻ്റെ വഴിയെ -2

Updated: Apr 3

കുരിശിൻ്റെ വഴിയെ - 1 (1-6)
കുരിശിൻ്റെ വഴി 7,8,9 സ്ഥലങ്ങളെ കുറിച്ചുള്ള ധ്യാനം
"നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍." ഹെബ്രാ. 4:15)
പരിഹാസശരമേറ്റു വീഴുന്നവർ നമ്മൾ. വീഴ്ചകളിൽ ചിരിക്കുന്നവരെ മാത്രമേ പലപ്പോഴും ചുറ്റും കാണാറുള്ളു. വീഴ്ചയുടെ മുറിവുകളേക്കാൾ വേദനിപ്പിക്കുന്നത് ചുറ്റുമുള്ളവരുടെ കളിയാക്കലുകൾ തന്നെ. ജീവിതം നിറയെ കരച്ചിലും വിലാപവും മാത്രമാണോ എന്ന് തോന്നിപ്പോകുന്ന ചിലർ. ആരുടെയും കണ്ണീർ അവൻ കാണാതെ പോകുന്നില്ല. ആരുടെയും കരച്ചിൽ കേൾക്കാതെയുമിരിക്കുന്നില്ല. ആരുടെയും വീഴ്ചയിൽ വിധിക്കുന്നുമില്ല. കണ്ണീർ തുടച്ച് വീണിടത്തുനിന്നും എഴുന്നേറ്റു തനിക്കൊപ്പം എത്താൻ അവൻ കാത്തുനില്ക്കുന്നു എന്ന സദ്വാർത്തയാണ് ഈ സ്ഥലങ്ങൾ.

7.ഈശോ കുരിശോടുകൂടി രണ്ടാം പ്രാവശ്യം വീഴുന്നു
വളരെ വഴുതലുള്ള പാതയിലാണ് നമ്മുടെ യാത്ര. കുരിശോടും അല്ലാതെയും വീണ്ടും വീണ്ടും വീഴുന്നവർ നമ്മൾ. ഇനി വീഴില്ല എന്ന് ഉറപ്പിച്ചു പറയാൻ ആർക്കാണ് കഴിയുക.
പൗലോസ് ശ്ലീഹയുടെ വാക്കുകൾ ഓർക്കാം: "ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ"(12).
പ്രത്യശ പകരുന്ന കാര്യം അടുത്ത വചനമാണ്.
"മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും" (1 കോറിന്തോസ് 10 : 12-13).
കൂടെയുള്ളവരുടെയും വീഴ്ചകളോട് കരുണ കാട്ടാം. വിധിക്കാതെ നോക്കാം. കൂടെ നിൽക്കാം. നമ്മുടെ വീഴ്ചയിൽ ദൈവം കൂടെ നില്ക്കുന്നതുപോലെ. അത്ര എളുപ്പമല്ല. വലിയ ഭാരം തന്നെയാണ്.
അഡിക്ഷൻസ് ഉള്ളവരെ ഓർക്കാം. പൈസ കൊടുത്ത് രോഗം വാങ്ങുന്നവരാണവർ. ലഹരി വസ്തുക്കൾ ഒരു പരിധി കഴിഞ്ഞാൽ അയാൾ അതിന് അടിമയാണ്. അതിനർത്ഥം അയാൾ രോഗിയായി. ഒരു തരം ചികിത്സകൊണ്ട് ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.
ചികിത്സകൊണ്ട് മാത്രം രക്ഷപ്പടെണമെന്നുമില്ല. ശക്തമായ വിൽപവർ വേണം, നല്ല പ്രാർത്ഥനയും ആത്മീയ ബലവും വേണം, സപ്പോർട്ടിംഗ് സിസ്റ്റം വേണം. എത്രപേർക്ക് അത് ഉണ്ടാകും? എല്ലാവരേയും നന്നായി വെറുപ്പിച്ചിട്ട് ഉണ്ടാകുമല്ലോ.
അടിമയാകാതെ നോക്കുക. സാഹചര്യങ്ങൾ എന്തായാലും, എത്ര കൂട്ടുകെട്ട് ആയാലും, സ്വന്തം ജീവിതത്തെ വിലമതിക്കുക, കുടുംബത്തെ വിലമതിക്കുക.
ബോധമുള്ളപ്പോൾ ഉറ്റവർക്കു താൻ നല്കുന്ന വലിയ കുരിശുകളെ, നിന്ദനങ്ങളെ ദുരിതങ്ങളെ, തിരസ്കരണങ്ങളെ ഓർക്കുക. എന്നിട്ട് ആ കുറ്റബോധത്തിൽ പതിവിലും വലിയ കുപ്പി വാങ്ങി കുടിച്ച് വീട്ടിലെത്തുക എന്നതല്ല. മറിച്ച് ഇങ്ങനെയൊക്കെ ആയിട്ടും ഇതുവരെയും കൂടെ നില്ക്കുന്ന ഉറ്റവരെ ഓർത്ത്, എല്ലാറ്റിലും ഉപരി ദൈവത്തെ ഓർത്തു നന്ദി പറയുക. തിരുത്താൻ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

8. കരഞ്ഞു കൊണ്ടു തൻ്റെ പിന്നാലെ വന്ന സ്ത്രീകളെ ഈശോ ആശ്വസിപ്പിക്കുന്നു
കരയുകയും മുറവിളി കൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും ജനക്കൂട്ടത്തിനൊപ്പം അവൻ്റെ പിന്നാലെ ഉണ്ടായിരുന്നു. "അവരുടെ നേരെ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലേം പുത്രിമാരേ, എന്നെ പ്രതി നിങ്ങൾ കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിൻ" (LK. 23:28).
കുരിശുയാത്രയിൽ യേശുവിന് സ്വാന്തനമേകിയത് കുറച്ചു സ്ത്രീകളായിരുന്നു. പീലാത്തോസിൻ്റെ ഭാര്യ ഈ നീതിമാൻ്റെ കാര്യത്തിൽ ഇടപെടരുത് എന്ന കുറിമാനം ഭർത്താവിന് അയയ്ക്കുന്നു.
കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയിൽ മാതാവും വെറോനിക്കയും ഈ സ്ത്രീകളും അവനു കൂട്ടു പോകുന്നു. കരുത്തരായ പുരുഷൻമാരൊക്കെ ദൂരെയായി അനുഗമിച്ചിട്ടുണ്ടാവും. വരും വരായ്കകളെ കുറിച്ചു ചിന്തിക്കാതെ പ്രിയപ്പെട്ടവരുടെ വേദനകളിലേക്കും ആവശ്യങ്ങളിലേക്കും എടുത്തു ചാടുന്ന സ്ത്രീ ഹൃദയം.
നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിൻ എന്നത് ഒരു ആശ്വാസ വചനമാണോ എന്നറിയില്ല.
സ്ത്രീയുടെ കരച്ചിൽ അവസാനത്തോളം നീളുന്നു. സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നകാലം തനിക്കു വേണ്ടിയുള്ള കരച്ചിൽ അവൾ ഉള്ളിലൊതുക്കുന്നു. പിന്നീട് മറ്റുള്ളവരെ പ്രതിയുള്ള കരച്ചിലാണ്. തുടക്കത്തിൽ കെട്ടിയോനെ പ്രതി. പ്രായമാകും തോറും മക്കളെ പ്രതി കരഞ്ഞു തുടങ്ങുന്നു. മിക്കവാറും അവളുടെ കൂടുതൽ കരച്ചിലും മക്കളെ പ്രതിയാണ്. അവളെ പ്രതിയുള്ള കരച്ചിലൊക്കെ എന്നോ ഉറഞ്ഞു പോയിരിക്കുന്നു.
കൂടെയുള്ള സ്ത്രീയുടെ - മകൾ, മരുമകൾ, ഭാര്യ, സഹോദരി, അമ്മ, കൂട്ടുകാർ... - കണ്ണുനീർ തുടയ്ക്കാൻ കഴിയട്ടെ. കണ്ണുനിറയാൻ ഇടയാക്കാതിരിക്കുക എന്നത് വലിയ കാര്യമാണ്.
ഒപ്പം നിശബ്ദമായി നിലവിളിക്കുന്ന ഒരാൾ ഉമ്മറത്ത് കസേരയിൽ പത്രം പിടിച്ച് ഇരുപ്പുണ്ട്. അയാൾ ഉറക്കെ കരഞ്ഞില്ലെങ്കിലും സങ്കടം അത്ര കുറവൊന്നുമില്ല. മറക്കേണ്ട. വാക്കുകളെക്കാൾ സാന്നിധ്യമായിരിക്കും ചിലപ്പോൾ വാചാലമാകുക. അടുത്തു ചെന്നിരുന്ന് ആ കരംപിടിച്ച്, പണ്ട് സർവ്വ ഭയങ്ങളെയും ഈ കരങ്ങൾ എങ്ങനെയകറ്റി എന്നൊക്കെ ഓർക്കാം.
നിൻ്റെ വേദനയുടെ വേളയിലും മറ്റുള്ളവരുടെ വേദന കാണുന്ന, അവർക്ക് ആശ്വാസമേകുന്ന യേശുവേ സ്വന്തം വേദനകൾ മാത്രം വലുതായി കാണുന്ന ഞങ്ങൾക്ക് മറ്റുള്ളവരുടെ സങ്കടങ്ങളിൽ അവർക്കൊപ്പം ചേർന്നുനിൽക്കാൻ കരുത്തു തരണേ.

9.ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
കുരിശും കൊണ്ടുപോകുന്ന വേളയിൽ യേശു എത്ര പ്രാവശ്യം വീണിട്ടുണ്ടാകും? കൃത്യമായ ഉത്തരം സുവിശേഷങ്ങളിലില്ല. നമ്മുടെ ജീവിതത്തെ യേശുവിൻ്റെ കുരിശിൻ്റെ വഴിയോട് ചേർത്തു ധ്യാനിക്കാൻ വേണ്ടിയാവാം ഇങ്ങനെ മൂന്നു വീഴ്ചകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യ രണ്ടു വീഴ്ചകളും വ്യക്തിപരമായ വീഴ്ചകളെന്ന് നമ്മൾ ധ്യാനിച്ചു. ആത്മീയ ജീവിതത്തിൽ നിന്നുള്ള വീഴ്ചയും, ദുശ്ശീലങ്ങളിലേക്കുള്ള വീഴ്ചയും എന്ന നിലയിൽ നമ്മൾ കണ്ടു.
മൂന്നാമത്തെ വീഴ്ചയെ സമൂഹമെന്ന നിലയിലുള്ള വീഴ്ചയെന്നു കൂടി ധ്യാനിച്ചാലോ. സുവിശേഷമൂല്യങ്ങളിൽ നിന്നുമുള്ള സമൂഹത്തിൻ്റെ വീഴ്ച. ക്രിസ്തീയ പുണ്യങ്ങളായ സ്നേഹം, കരുണ, സഹാനുഭൂതി, ദീർഘക്ഷമ എന്നിവയ്ക്കൊക്കെ എന്തു സംഭവിച്ചു. ഒരു സമൂഹമെന്ന നിലയിൽ കുടുംബവും സഭയും, ഇടവകയും കൂട്ടായ്മകളുമൊക്കെ ധാർമ്മീകത ഉയർത്തി പിടിക്കുന്നതിൽ വീണു പോകുന്നുണ്ടോ?
ഈ വീഴ്ച കുറ്റവിചാരണയാക്കി മാറ്റേണ്ടതില്ല. സഭയുടെ, സമൂഹത്തിൻ്റെ വീഴ്ച എൻ്റേതു കൂടിയാണ്. ഞാനും അതിൽ ഉത്തരവാദിയാണ്. എഴുന്നേൽക്കാനുള്ള മികച്ച വഴി അസ്സീസിയിലെ ഫ്രാൻസിസിൻ്റെ വഴിയാണ്. സഭാ സംവിധാനങ്ങൾക്കെതിരെ വാളെടുത്ത് ഇറങ്ങാതെ, സ്വന്തം ജീവിതത്തെ സുവിശേഷം കൊണ്ട് ചെത്തിമിനുക്കി. അതു സഭയുടെ ചരിത്രത്തിലെ സുപ്രധാന തിരുത്തൽ ശക്തിയായി വളർന്നു. ആരെയും വിധിച്ചില്ല.
കൂടെയുള്ളവർ വീണുപോകുമ്പോൾ കരം പിടിച്ചുയർത്തേണ്ടവർ നമ്മൾ. വീണവനെ എഴുന്നേൽക്കാൻ അനുവദിക്കാത്ത വിധം വീണ്ടും ചവിട്ടാതെയുമിരിക്കാം. കുടുംബത്തിലും നമ്മൾ ഉൾപ്പെടുന്ന ചെറിയ സമുഹത്തിലും - ഇടവക, കുടുംബകൂട്ടായ്മ - എങ്ങനെയാണ് നമ്മുടെ ജീവിതം. മറ്റുള്ളവരെ വീഴ്ത്തുന്നവരാണോ, വീണവർക്കൊപ്പമാണോ നമ്മുടെ നിലപാട്?
നമ്മുടെ വീഴ്ചകളിൽ ഉപേക്ഷിക്കാത്ത, തള്ളിപ്പറയാത്ത എന്തിന് ഒന്നു തലകുനിക്കാൻ പോലും അനുവദിക്കാത്ത ആ പൊന്നുതമ്പുരാൻ്റെ മക്കളെന്ന നിലയിൽ വീണവരോടും വീഴുന്നവരോടും കരുണയുള്ളവരാകാം. വീണുപോയാൽ വേഗം എഴുന്നേറ്റ് ആ സന്നിധിയിലേക്കു മടങ്ങാം.
സമൂഹത്തെ വീഴ്ചയിൽ നിന്നും ഉദ്ധരിക്കുവാനുള്ള എൻ്റെ ശ്രമങ്ങളെ ബലപ്പെടുത്തണേ തമ്പുരാനേ. വീണ്ടും വീണ്ടുമുള്ള വീഴ്ചകൾ ഞങ്ങളെ നിരാശരാക്കുമ്പോൾ നിൻ്റെ സാന്നിധ്യം ഞങ്ങൾക്കു പ്രത്യാശയാകട്ടെ.

















































































































